Read Time:65 Minute

കിഴക്കൻ ആഫ്രിക്കയിലെ അവാഷ്  (Awash) താഴ്‌വരയിൽ, ഇന്നത്തെ എത്യോപ്യയിൽ ഉൾപ്പെടുന്ന, ഒരു ചരിത്രാതീതവനപ്രദേശത്ത്  ഒരു കുറിയ പൗരാണിക ‘നാരി’ ശിലയായി മാറി. സാങ്കേതിക ഭാഷയിൽ ശിലീഭൂതമായിത്തീർന്നു, അതായത് ഫോസിലായി രൂപാന്തരപ്പെട്ടു.

ഏകദേശം 3.2 ദശലക്ഷം വർഷങ്ങൾക്ക് സംഭവിച്ച കാര്യമാണ്. ആരുടെയും ശാപഫലമാവാൻ വഴിയില്ല. എന്തായാലും അൻപത് വർഷങ്ങൾക്ക് മുൻപ്  ശാസ്ത്രജ്ഞരുടെ ‘സ്പർശത്താൽ’ നാരിക്ക് ഒരു ‘അപരജീവിതം’ കിട്ടി. കഴിഞ്ഞ അര നൂറ്റാണ്ട് കൊണ്ട് മനുഷ്യപരിണാമത്തിൻറെ മറഞ്ഞിരുന്ന ഏടുകൾ നമ്മോട് ചൊല്ലിത്തരുന്ന ‘ലൂസി’യെന്ന വ്യക്തിസത്തയായി പൗരാണികനാരി മാറി.

കണ്ടെത്തിയ കഥ

ഫോസിലുകളുടെ കാര്യത്തിൽ നമ്മൾ അറിയേണ്ട ഒരു കാര്യമുണ്ട്. പരിണാമകഥ അറിയാൻ പാകത്തിൽ അവ ഭൂമിയിലെവിടെയും അടുക്കി വച്ചിട്ടില്ല. പൗരാണിക ജീവികളിൽ ചിലത് മാത്രമാണ് അത്യപൂർവ്വമായി ഫോസിലുകളായി രൂപാന്തരപ്പെടുന്നത്. അവ കണ്ടെത്തുകയെന്നതും ‘ഭാഗ്യനിർഭാഗ്യങ്ങൾ’ പങ്ക് വഹിക്കുന്ന അതീവശ്രമകരമായ ദൗത്യമാണ്.

ഡൊണാൾഡ് ജോഹാൻസൻ

അമേരിക്കയിൽ നിന്നുള്ള പൗരാണിക നരവംശശാസ്ത്രജ്ഞനായ ഡൊണാൾഡ് ജോഹാൻസൻറെ (Donald Johanson)  നേതൃത്വത്തിലാണ് 1974 നവംബർ 24-ന് ലൂസിയെ കണ്ടെത്തിയത്. എഴുപതുകളുടെ ആദ്യപകുതിയിൽ ജോഹാൻസൺ ഇല്ലിനോയിസ് (Illinoise) സർവ്വകലാശാലയിൽ ഗവേഷകനായിരുന്നു. അവിടുത്തെ ബിരുദാനന്തര വിദ്യാർത്ഥിയായ ടോം ഗ്രേ (Tom Gray), ഫ്രഞ്ച് ജിയോളജിസ്റ്റായ മൗറിസ് തായബ് (Maurice Taieb) എന്നീ ഗവേഷണതല്പരരുമായി ചേർന്ന് 1974 – ൽ കിഴക്കൻ ആഫ്രിക്കയിൽ ഒരു പര്യവേക്ഷണത്തിനായി പുറപ്പെട്ടു. തൻ്റെ പി.എച്ച്.ഡി. ഗവേഷണ മേഖലയിൽ നിന്ന് വേറിട്ടൊരന്വേഷണം. വിദ്യാർത്ഥിയായ ടോം ഗ്രേയുടെ പ്രേരണയിലാണ് അതിനായിറങ്ങിയതെന്നത് കൗതുകകരമായ മറ്റൊരു കാര്യം. അവാഷ് താഴ്‌വരയിലെ അഫാർ ത്രികോണമെന്നറിയപ്പെടുന്ന (Afar Triangle) പ്രദേശങ്ങളിലായിരുന്നു പര്യവേക്ഷണം. അവിടെ, ഇന്നത്തെ എത്യോപ്യയിൽ പെടുന്ന ഹാദർ (Hadar) എന്ന സ്ഥലത്ത് വച്ചാണ് ലൂസിയെ ‘കണ്ടുമുട്ടിയത്’. 1974 നവംബർ 24-ന് രാവിലെ ചില പര്യവേക്ഷണ സ്ഥലങ്ങൾ മാപ്പ്  ചെയ്യുന്നതിനായി ഒരു ‘ലാൻഡ് റോവർ’ വാഹനം ഉപയോഗിച്ചിരുന്നു. പ്രഭാതത്തിൽ നീണ്ട് നിന്ന സർവേയ്ക്കും മാപ്പിംഗിനും ശേഷം, അവർ വാഹനത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അടുത്തുള്ള ഗല്ലിയിലൂടെ മറ്റൊരു വഴിയിൽ, വാഹനം നിർത്തിയിരുന്ന സ്ഥലത്തേക്ക് പോകാമെന്ന്  ജോഹാൻസൺ നിർദ്ദേശിച്ചു. അത് ഭാഗ്യവഴിയായി മാറി. ആ വഴിയിൽ ലൂസി കാത്ത് കിടക്കുന്നുണ്ടായിരുന്നു. ഏറെ മുമ്പോട്ട് പോകുന്നതിന് മുമ്പ് തന്നെ, വലത് കൈത്തണ്ടയിലെ ഒരസ്ഥി (ulna) കണ്ടെടുത്തു.  അത് ഒരു ഹോമിനിഡിൻ്റെതാണെന്ന് (hominid) സംഘം അനുമാനിച്ചു. അധികം താമസിയാതെ, തലയോട്ടിയുടെ പിൻഭാഗത്തെ അസ്ഥിയും (occipital bone) പിന്നീട് ഒരു തുടയെല്ലും (femur) കുറച്ച് വാരിയെല്ലുകളും (ribs) ഒരു ഇടുപ്പെല്ലും (pelvis) കീഴ്ത്താടിയെല്ലും (mandible) കണ്ടെടുത്തു. ദിവസങ്ങൾ നീണ്ടുനിന്ന ഖനനത്തിനും  തിരയലിനും തരംതിരിക്കലിനും ശേഷം നൂറുകണക്കിന് അസ്ഥിശകലങ്ങൾ കണ്ടെത്തി.കിട്ടിയവയിൽ 47 എണ്ണം ഒരു ചെറിയ ഫോസിൽ അസ്ഥികൂടമായി രൂപപ്പെടുന്നതായിരുന്നു.  ഒരു ഹോമിനിൻ (hominin) അസ്ഥികൂട ഭാഗമാണതെന്ന അനുമാനത്തിലേക്ക് പര്യവേക്ഷകർ എത്തി. ഒരൊറ്റ ‘വ്യക്തിയുടെ’ അസ്ഥികൂടത്തിൻ്റെ നാല്പത് ശതമാനത്തെയാണ് അത് പ്രതിനിധീകരിക്കുന്നത്. ജോഹാൻസണും ടീമിലെ മറ്റുള്ളവരും കണ്ടെത്താനാകുന്ന എല്ലാ ഫോസിൽ ശകലങ്ങളും ശേഖരിച്ചു. അവർ ഫോസിൽ ശകലങ്ങളുടെ കൃത്യമായ സ്ഥാനങ്ങൾ രേഖപ്പെടുത്തി, ശ്രദ്ധാപൂർവ്വം ഗവേഷണ ക്യാമ്പിലേക്ക് തിരികെ കൊണ്ടുപോകുകയും സൂക്ഷ്മമായി പഠിക്കുകയും ചെയ്തു. ലൂസിയുടെ ഫോസിൽ അസ്ഥികൂടത്തെ  AL 288-1 എന്നാണ് സാങ്കേതികമായി ലേബൽ ചെയ്തത്. Afar locality 288, അതായത് അഫാർ പ്രദേശത്തെ 288 -മത്തെ പര്യവേക്ഷണസ്ഥാനം. അവിടെ നിന്ന് കണ്ടെടുത്ത ആദ്യ ഫോസിൽ സാമ്പിൾ എന്നാണ് അർത്ഥമാക്കുന്നത്. ഫോസിലുകൾക്കിടയിലെ ഒരു ‘സെലിബ്രിറ്റി’യാണ് ലൂസി. പൊതുധാരണയിൽ നമ്മുടെയെല്ലാം ഒരു ‘മുതുമുത്തശ്ശി’യാണ് ഈ പൗരാണിക ‘നാരി’. പേര് കേൾക്കാത്തവർ ചുരുക്കം. വാസ്തവത്തിൽ, ‘ഹോമിനിൻ’ (hominin) വിഭാഗത്തിലെ ഈ സ്പീഷീസിൻറെ ശാസ്ത്രീയ നാമം സ്ഥാപിക്കപ്പെടുന്നതിന് വളരെ മുമ്പുതന്നെ അസ്ഥികൂടത്തെയും അത് പ്രതിനിധീകരിക്കുന്ന ജീവിവർഗത്തെയും ലോകമറിഞ്ഞിരുന്നു. ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട ഫോസിൽ കണ്ടെത്തലുകളിൽ ഒന്നായി ലൂസി മാറി. ചരിത്രാതീതകാലത്തെ ഭൂമിയെയും അതിലെ നിവാസികളെയും കുറിച്ച് ഈ പൗരാണിക ‘നാരി’ ഇപ്പോഴും നമ്മോട് പലതും പറയുന്നുണ്ട്.

മലാപ്പ ഹോമിനിൻ 1 (MH1) ഇടത്, ലൂസി (AL 288-1 (മധ്യഭാഗം), മലാപ ഹോമിനിൻ 2 (MH2) വലത്. Image compiled by Peter Schmid courtesy of Lee R. Berger, University of the Witwatersrand.

ലൂസി എന്ന പേര്

ഏറെക്കുറെ  പൂർണ്ണതയുള്ള, ഒരു മനുഷ്യ അസ്ഥികൂടം പോലെയുള്ള ഒന്നാണ് കണ്ടെത്തിയത്. എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തേക്ക് എത്തുന്ന ഒരു കണ്ടെത്തലായിരുന്നു അത്. ജോഹാൻസണും സംഘവും അതിയായ ആഹ്ളാദത്തിലായിരുന്നു. 1974 – നവംബർ 24 ൻറെ സായാഹ്നം അവർ ആഘോഷരാവാക്കി. “ലൂസി ഇൻ ദ സ്കൈ വിത്ത് ഡയമണ്ട്സ്” എന്ന ബീറ്റിൽസ് ഗാനം പലതവണ ആവർത്തിച്ച് കേട്ടു. അതിനിടയിൽ രാത്രിയിലെപ്പോഴോ അസ്ഥികൂടത്തിന് “ലൂസി” എന്ന പേര് നൽകാനുളള ആശയമുടലെടുത്തു. എന്തായാലും പേര് ഉറയ്ക്കുകയും ലൂസി ആതിവേഗം ലോക പ്രസിദ്ധയാകുകയും ചെയ്തു.

ഇപ്പോളെവിടെയാണ് ലൂസി 

അഡിസ് അബാബയിലെ നാഷണൽ മ്യൂസിയം ഓഫ് എത്യോപ്യയിലാണ് ‘യഥാർത്ഥ’ലൂസി ഇപ്പോഴുള്ളത്. അവിടുത്തെ പാലിയോആന്ത്രോപ്പോളജി ലബോറട്ടറിയിൽ പ്രത്യേകം നിർമ്മിച്ച സുരക്ഷിതമായ അറയിലാണ്  സൂക്ഷിച്ചിരിക്കുന്നത്. പൈതൃക പ്രദർശനത്തിൻ്റെ ഭാഗമായി 2007 മുതൽ 2013 വരെയുള്ള കാലയളവിൽ ലൂസി  യുണൈറ്റഡ് സ്റ്റേറ്റ്സിൽ പര്യടനം നടത്തിയിരുന്നു. പര്യടനം പക്ഷേ വിവാദമായിരുന്നു. ചില വിദഗ്ദ്ധർ പര്യടനത്തെ അപകടകരമായ ചൂതാട്ടമെന്ന് വിശേഷിപ്പിച്ചു. ലൂസി വളരെ വിലപ്പെട്ടതും, അങ്ങനെയൊരു യാത്രനടത്താൻ ദുർബലയുമാണെന്ന് നരവംശശാസ്ത്രജ്ഞർ വാദിച്ചു. അസ്ഥികൂടത്തിന് കേടുപാടുകൾ സംഭവിക്കുമോ എന്ന ആശങ്ക എത്യോപ്യൻ അധികൃതരും പ്രകടിപ്പിച്ചിരുന്നു. ഹോമിനിഡുകളുടേത്  ഉൾപ്പെടെയുള്ള പല ഫോസിലുകലും അത്യപൂർവമാണ്. അത് പോലെ സ്വതവേ  ദുർബലവും. അത് കൊണ്ട്  യഥാർത്ഥ ഫോസിലുകളിൽ നിന്ന് അവയുടെ മോൾഡുകൾ  നിർമ്മിക്കുകയും പിന്നീട് അവയുപയോഗിച്ച് വിശദമായ പകർപ്പുകൾ സൃഷ്ടിക്കുകയുമാണ് പതിവ്. ഇത്തരം വാർപ്പ്മാതൃകകൾ പഠനത്തിനും ഗവേഷണത്തിനും പ്രദർശനത്തിനും ഉപയോഗിക്കാം. ആരിസോണയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഒറിജിൻസിൽ (IHO) അവരുടെ കാസ്റ്റിംഗ് ആൻഡ് മോൾഡിംഗ് ലബോറട്ടറികളിൽ നിർമ്മിച്ച ലൂസിയുടെ അസ്ഥികളുടെ പകർപ്പുകൾ സൂക്ഷിച്ചിട്ടുണ്ട്.

‘മനുഷ്യകുല’ത്തിലെ പൂർവികഅംഗം- ഒരു ഹോമിനിൻ  

ലൂസിയെ ഹോമിനിൻ (hominin) ഉപകുടുംബത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹോമിനിനുകൾ (hominins) എന്ന് പറയുന്നത് ആധുനികമനുഷ്യരെയും, വംശനാശം സംഭവിച്ച എല്ലാ ഇതര‘മനുഷ്യരെയും’ അവരുടെ അടുത്ത പൂർവ്വികരെയും ചേർത്താണ്. മനുഷ്യരിലേക്ക് നയിക്കുന്ന ശാഖയുടെയും/ ഇന്നത്തെ ആൾക്കുരങ്ങുകളിലേക്ക് നയിക്കുന്ന ശാഖയുടെയും വേർപിരിയലിന് ശേഷം ഉത്ഭവിച്ച ജീവിവർഗ്ഗങ്ങളാണ് ഹോമിനിനുകൾ. ഹോമോ (Homo), ആസ്ത്രലോപിത്തേക്കസ് (Australopithecus), പരാന്ത്രോപ്പസ് (Paranthropus) ആർഡിപിത്തേക്കസ്  (Ardipithecus) തുടങ്ങിയ ജനുസ്സുകളിലെ (genus ) സ്പീഷീസുകൾ ഇതിലുൾപ്പെടുന്നു. ഹോമിനിഡുകൾ (hominids) എന്നാൽ ഹോമിനിഡേ (hominidae) കുടുംബത്തിൽ പെട്ടവർ. മുൻപറഞ്ഞ എല്ലാ ഹോമിനിനുകളും കൂടാതെ ഇപ്പോൾ നിലവിലുള്ള ആൾക്കുരങ്ങുകളും (ഗൊറില്ല, ചിമ്പാൻസി, ഒറംഗുട്ടാൻ എന്നിവയുൾപ്പെടെ), അവരുടെ അടുത്ത പൂർവ്വികരും ചേരുന്നതാണ്. എല്ലാ ഗ്രേറ്റ് ഏപ്സും (great apes) അടുത്ത പൂർവ്വികരുമെന്നാണ് പറയാറുള്ളത്. മനുഷ്യനും ഒരു ഗ്രേറ്റ് ഏപ് ഇനമാണ്. അതായത് എല്ലാ ഹോമിനിനുകളും ഹോമിനിഡുകളാണ്. പക്ഷേ മറിച്ചല്ല. ഹോമിനിൻ ജീവിവർഗ്ഗങ്ങൾ പല തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുമ്പോൾ തന്നെ അവയെ ഒരു ഗ്രൂപ്പായി നിർവചിക്കുന്ന സ്വഭാവസവിശേഷതകൾ പങ്കിടുന്നുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രകടമായത് ഇരു കാലിൽ നിവർന്ന് നടക്കുന്ന രീതിയാണ്. (bipedal locomotion).

ഹോമിനിഡേയുടെ പരിണാമ ബന്ധങ്ങൾ. കടപ്പാട്:nature

അപ്പോൾ ലൂസി നിവർന്നു നടന്നിരുന്നുവോ എന്നാണ് നമുക്ക് അറിയേണ്ടത്. ജോഹാൻസണും കൂട്ടരും ലൂസിയുടെ ഫോസിലൈസ് ചെയ്ത അവശിഷ്ടങ്ങൾ കണ്ടെത്തിയപ്പോൾ, ഏത് ജീവിവർഗ്ഗമാണെസ് അവർക്ക് അറിയില്ലായിരുന്നു. ഫോസിലുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം, നിവർന്നു നടക്കുന്ന ഒരു ഹോമിനിഡ് അതായത് ഹോമിനിൻ ആണെന്ന് ഗവേഷക സംഘം അനുമാനിച്ചു. ലൂസിയുടെ പിൻകാലിൻ്റെ ശിഥിലമായ അസ്ഥികൾ 1973-ൽ കണ്ടെത്തിയ മറ്റൊരു കാൽമുട്ട് സന്ധിയുമായി സാമ്യമുള്ളതായിരുന്നു. തന്നെയുമല്ല ഒരു ആധുനിക മനുഷ്യൻ്റെ അസ്ഥികൂടത്തിലെന്നപോലെ, ബൈപെഡലിറ്റിയിലേക്ക് (bipedality) വ്യക്തമായി വിരൽ ചൂണ്ടുന്ന മറ്റ് പല തെളിവുകൾ ലൂസിയുടെ അസ്ഥികകളിലുണ്ട്. തുടയെല്ല് മുട്ടിനോട് ചേരുന്ന താഴ്ഭാഗം നിവർന്ന് നടക്കുന്ന രീതിക്ക് അനുയോജ്യമായ നിരവധി സവിശേഷതകൾ കാണിക്കുന്നു. തുടയെല്ലിൻറെ തണ്ടിന് മുട്ടിൻ്റെ സന്ധി പ്രതലങ്ങളുമായി (condyles – കോണ്ടിലുകൾ)  ആപേക്ഷികമായി ഒരു ചരിവുണ്ട്, ഇത് ചലിക്കുന്ന സമയത്ത്  ഒരു കാലിൽ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. ഈ ആംഗിൾ കാരണം മുട്ടിൻ്റെ ചിരട്ടയ്ക്ക് (patella) സ്ഥാനഭ്രംശം സംഭവിക്കാതിരിക്കാൻ ചിരട്ടയിൽ ചുണ്ട് (patellar lip) പോലുള്ള ഭാഗമുണ്ട്. അത് പോലെ കോണ്ടിലുകൾ വലുതാണ്, അതിനാൽ നാല് കൈകാലുകളിൽ നിന്ന് രണ്ട് കാലുകളിലേക്ക് മാറുന്നതിൻ്റെ ഫലമായുണ്ടാകുന്ന അധിക ഭാരം കൈകാര്യം ചെയ്യാൻ അനുയോജ്യമാണ്. ഇടുപ്പെല്ല് (pelvis) ബൈപെഡലിറ്റിക്ക് ഉതകുന്ന അനവധി അനുകൂലനങ്ങൾ (adaptations)  കാണിക്കുന്നു. നിവർന്ന് നിൽക്കുന്നതും  (upright stance) ഓരോ കാൽവയ്പ്പിലും ഒരുകാലിൽ മാത്രം ശരീരത്തെ  സന്തുലിതമാക്കേണ്ടതിൻ്റെ ആവശ്യകതയും ഉൾക്കൊള്ളുന്നതിനായി മുഴുവൻ ഘടനയിലും അനുകൂലസവിശേഷതകൾ വന്ന് ചേർന്നിട്ടുണ്ട്. കണങ്കാലിലെ ടാലസ് (talus) എന്ന വലിയ അസ്ഥി, ഇരുകാൽ സഞ്ചാരത്തിൻ്റെ കാര്യക്ഷമതയ്ക്കായി പെരുവിരൽ മറ്റ് കാൽവിരലുകളുടെ ദിശയിൽ തന്നെ ബന്ധിപ്പിച്ചിരുന്നതിൻ്റെ തെളിവുകൾ കാണിക്കുന്നു. മരക്കൊമ്പുകളിൽ കാൽ വിരലുകൾ കൊണ്ട് പിടിച്ച് നിൽക്കാനുള്ള കഴിവ് ഇത് മൂലം കുറയുന്നു. സ്ഥിരമായ നിവർന്ന് നില്പിന്  ആവശ്യമായ നട്ടെല്ലിലെ വളവ് ഉണ്ടായിരുന്നതിൻ്റെ തെളിവുകൾ കശേരുക്കൾ കാണിക്കുന്നുമുണ്ട്. ലൂസിയെ ഹോമിനിൻ വിഭാഗത്തിലുൾപ്പെടുത്താൻ ശക്തമായ കാരണങ്ങളാണ് ഇവയെല്ലാം.

ലൂസിയുടെ ജീവിവർഗം അഥവാ സ്പീഷീസ് 

ലൂസിയെ കണ്ടെത്തിയതിന് ശേഷം ഏതാനും വർഷങ്ങൾക്കുള്ളിൽ, ഹാദറിൽ നിന്ന് നിരവധി ഹോമിനിൻ സ്പെസിമനുകൾ ലഭിച്ചു, എ.എൽ. 333 പ്രദേശത്തെ ശേഖരം ഇതിൽ ഉൾപ്പെടുന്നു. അതിൽ  കുറഞ്ഞത് പതിമൂന്ന് വ്യക്തികളുടെ അവശിഷ്ടങ്ങൾ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അതിനെ “ആദി കുടുംബം” എന്ന് വിളിക്കാറുണ്ട്.  1974 ൽ ടാൻസാനിയയിലെ ലെറ്റോലി (Letoile) എന്ന സൈറ്റിൽ നിന്ന് ഹാദറിൽ നിന്ന് കണ്ടെത്തിയതിന് സമാനമായ ഹോമിനിൻ ജീവിയുടെ ഫോസിൽ കാലടിപ്പാടുകൾ കണ്ടെത്തി. കൂടാതെ ലെറ്റോലിയിൽ തന്നെ മറ്റൊരിടത്ത് നിന്ന് ലീക്കിയും കൂട്ടരും ഇതേ സ്പീഷീസിൽ നിന്ന് തന്നെയുള്ള എൽഎച്ച് 4 എന്ന് വിളിക്കുന്ന ഒരു കീഴ്ത്താടിയെല്ല് കണ്ടെത്തി. ജോഹാൻസണും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകനായ ഡോ. ടിം വൈറ്റും കിഴക്കൻ ആഫ്രിക്കൻ ഫോസിലുകളുടെ ശേഖരം വളരെ ശ്രദ്ധാപൂർവം പഠിച്ചു, സ്പെസിമെനുകൾക്കിടയിലുള്ള വ്യതിയാനം സൂക്ഷ്മമായി വിശകലനം ചെയ്തു, കിഴക്കൻ ആഫ്രിക്കയിലെ ഫോസിലുകൾ ഒരു സ്പീഷീസിനെയാണോ അതോ ഒന്നിലധികം സ്പീഷീസുകളെയാണോ പ്രതിനിധീകരിക്കുന്നത് എന്നായിരുന്നു അന്വേഷണം. അവർ തങ്ങളുടെ നിഗമനങ്ങൾ ഒരു കൂട്ടം ഗവേഷകരുടെ മുമ്പാകെ അവതരിപ്പിക്കുകയും ചെയ്തു. മുമ്പ് കണ്ടെത്താത്ത, ഹോമിനിൻ ഇനത്തിൻ്റെ ഭാഗമാണ് ലൂസിയെന്ന് വ്യക്തമായി. 1978-ൽ ജോഹാൻസൺ പ്രഖ്യാപിച്ച ഓസ്ട്രലോപിത്തേക്കസ് അഫാറൻസിസ് (Australopithecus afarensis) എന്ന, പുതുതായി തിരിച്ചറിഞ്ഞ സ്പീഷീസ്.

ഒറ്റ അസ്ഥികൂടത്തിന്റെ ശകലങ്ങൾ 

AL 288-1 സൈറ്റിൽ നിന്ന് നൂറുകണക്കിന് ഹോമിനിൻ  അസ്ഥിശകലങ്ങൾ കണ്ടെത്തിയിരുന്നു, കൂട്ടത്തിൽ ഒറ്റ തനിപ്പകർപ്പ് പോലുമുണ്ടായിരുന്നില്ല. ഏറ്റവും ചെറിയ അസ്ഥിശകലത്തിൻറെ ഒരൊറ്റ തനിപ്പകർപ്പ് സാന്നിദ്ധ്യം പോലും ശേഖരം ഒരൊറ്റ അസ്ഥികൂടത്തിൻ്റെ ഭാഗങ്ങളാണെന്ന പരികല്പന റദ്ദ് ചെയ്യും. അവശിഷ്ടങ്ങൾ പല വ്യക്തികളിൽ നിന്ന് വരുന്നതാണെങ്കിൽ, ഒന്നിലധികം അസ്ഥികൂടകൂടങ്ങളിൽ നിന്നുള്ള ഫോസിൽ അസ്ഥികളും ഉണ്ടാകേണ്ടതാണ്. ഉദാഹരണമായി, പര്യവേക്ഷക സംഘം മൂന്ന് തുടയെല്ലുകളുടെ (femur)  ശകലങ്ങളോ  രണ്ട് കീഴ്ത്താടിയെല്ലുകളോ (mandibles) കണ്ടെത്തിയിരുന്നെങ്കിൽ, ഒന്നിലധികം വ്യക്തികകളുണ്ടെന്ന് സംശയമേതുമില്ലാതെ വ്യക്തമാക്കുമായിരുന്നു. അങ്ങനെയൊന്നും ലഭിച്ചിച്ചിട്ടില്ല. തന്നെയുമല്ല എല്ലുകളെല്ലാം ഒരൊറ്റ ഇനം, ഒരൊറ്റ വലുപ്പം, ഒരൊറ്റ വളർച്ചാ പ്രായം എന്നിവയുള്ള അസ്ഥികൂടത്തിൽ നിന്നാണ് വന്നിട്ടുള്ളത്. അതായത് ഒരു വ്യക്തിയുടെ അസ്ഥികൾ തന്നെ.

കൂടാതെ, നിറവും ടെക്സ്ചറും (texture) നിർണ്ണയിക്കുന്നതിൽ , ഫോസിലുകൾ രൂപപ്പെട്ട ഊറൽ നിക്ഷേപങ്ങളിൽ ഉണ്ടായിരുന്ന ധാതുക്കൾക്കും അവ കടന്നുപോയ കാലാവസ്ഥാ പ്രതിഭാസങ്ങൾക്കും സുപ്രധാനമായ പങ്കുണ്ട്. അതിനാൽ വ്യത്യസ്ത നിക്ഷേപങ്ങളിൽ വ്യത്യസ്ത സമയങ്ങളിൽ രൂപംകൊണ്ട ഒരു കൂട്ടം ഫോസിലുകൾ വ്യത്യസ്ത നിറങ്ങളും കാലാവസ്ഥയുടെ വ്യത്യസ്ത അടയാളങ്ങളും കാണിക്കും. എന്നാൽ കാഴ്ചയിൽ വളരെയധികം സാമ്യമുള്ള ഫോസിൽ ശകലങ്ങളാണ് ലൂസിയുടെ അസ്ഥികൂടത്തിൽ കണ്ടെത്തിയത്. അവിടെ നിന്ന് ലഭിച്ച അസ്ഥികളെല്ലാം ലൂസിയുടേത് തന്നെയെന്ന് ഉറപ്പിക്കാൻ ഈ തെളിവുകൾ സഹായിക്കുന്നു

ലൂസി ഒരു നാരി 

ഭാഗികമായ അസ്ഥികൂടത്തിൽ നിന്ന് ലിംഗ നിർണ്ണയം നടത്തുക അതീവ ദുഷ്കരമാണ്. മറ്റ് സമാന ഹോമിനിൻ ഫോസിലുകളുമായുള്ള താരതമ്യം ആവശ്യമാണ്. ഹാദറിൽ നിന്നും കിഴക്കൻ ആഫ്രിക്കയിലെ മറ്റിടങ്ങളിൽ നിന്നും ലഭിച്ച, സമാനകാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ഹോമിനിൻ ഫോസിലുകൾ ലൈംഗിക ദ്വിരൂപം (sexual dimorphism) കാണിച്ചിരുന്നുവെന്ന് മനസ്സിലാക്കിയിട്ടുണ്ട്.  ലൂസിയെ കണ്ടെത്തുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ് ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ ഹോമിനിൻ ഫോസിലുകളെ കുറിച്ച് ജോഹാൻസണ് അറിവുണ്ടായിരുന്നു. വലിപ്പവ്യത്യാസം വളരെ വ്യക്തമാണ്, വലിയ പുരുഷന്മാരും ചെറിയ സ്ത്രീകളും. ലൂസിയുടെ ഫോസിൽ ചെറിയവയുടെ ഗ്രൂപ്പിൽ വ്യക്തമായി ഉൾപ്പെടുന്നു. അതിനാൽ ലൂസി ഒരു സ്ത്രീയാണെന്ന് ജോഹാൻസനും കൂട്ടരും  അനുമാനിച്ചു. ഓസ്‌ട്രലോപിത്തേക്കസ് അഫറൻസിസ് എന്നറിയപ്പെടുന്ന ഹോമിനിൻ ലൈംഗിക ദ്വിരൂപസവിശേഷതയുള്ളതാണെന്ന് പിന്നീട് കണ്ടെത്തിയ ഫോസിലുകളുടെ വിശകലനങ്ങളും വ്യക്തമാക്കുന്നുണ്ട്. അത് പോലെ ലൂസിയുടെ  ഇടുപ്പെല്ലിൻ്റെയും (pelvis) നട്ടെല്ലിലെ അവസാന അസ്ഥിയുടെയും (sacram) ആകൃതി വസ്തികവാടാത്തിൻ്റെ (pelvis opening) വിസ്തൃതി സൂചിപ്പിക്കുന്നു. ഇതോടൊപ്പം മറ്റ്  സവിശേഷതകളും ലൂസി പെണ്ണാണെന്ന സൂചന നല്കുന്നു. തുടയെല്ലിൻ്റെ നീളത്തെ അടിസ്ഥാനമാക്കി, ശാസ്ത്രജ്ഞർ ലൂസിയുടെ ഉയരം കണക്കാക്കിക്കാക്കിയിട്ടുണ്ട് . അസ്ഥികൂടത്തിൻറെ കൂടുതൽ വിശകലനങ്ങളിൽ നിന്ന് ലൂസിക്ക് ഏകദേശം മൂന്നര അടി ഉയരവും 60 മുതൽ 65 പൗണ്ട് വരെ ഭാരവും ഉണ്ടായിരുന്നെന്നാണ് അനുമാനം.

എത്യോപ്യയിലെ നാഷണൽ മ്യൂസിയത്തിൽ ലൂസി

ലൂസിയുടെ കാലം

ഫോസിലുകളുടെ കാലപ്പഴക്കം നേരിട്ട് നിർണ്ണയിക്കുക ക്ഷിപ്രസാദ്ധ്യമല്ല. എന്നാൽ അവ വഹിക്കുന്ന പാറകളുടെ സ്വഭാവത്തിൽ നിന്ന് കാലനിർണ്ണയം നടത്താനാവും. അത്തരം നിക്ഷേപങ്ങളിൽ ചിലപ്പോൾ അഗ്നിപർവ്വത പ്രവാഹങ്ങളും ചാരവും അടങ്ങിയിട്ടുണ്ടാവും. അവ 40Ar/39Ar ഡേറ്റിംഗ് (Argon-Argon dating) സാങ്കേതികതയുപയോഗിച്ച് കാലനിർണ്ണയം നടത്താനാവും. ഉറൽ പാറയുടെ ഏതടരുകളിലാണ് ഫോസിൽ കാണപ്പെടുന്നത് എന്നതും കാലനിർണ്ണയത്തിന് സഹായിക്കുന്ന ഘടകമാണ്. പാലിയോമാഗ്നറ്റിക് (paleomagnetic), പാലിയൻ്റോളജിക്കൽ (paleontological), സെഡിമെൻ്റോളജിക്കൽ (sedimentological) പഠനങ്ങളുമായി താരതമ്യം ചെയ്ത് ഗവേഷകർക്ക് ഫോസിലുകളെ സാമാന്യം കൃത്യതയോടെ തന്നെ കാലികചട്ടക്കൂടിൽ ഉൾപ്പെടുത്താൻ കഴിയും. ഹോമിനിൻ അവശിഷ്ടങ്ങൾ കാണപ്പെടുന്ന ഊറൽ പാറകൾ നിറഞ്ഞ ഹാദർ പ്രദേശത്തെ മൂന്ന് തട്ടുകളായി തിരിക്കാറുണ്ട്. ഇവയിൽ ഏറ്റവും ഉയർന്ന തട്ടായ കാഡ ഹദർ (Kada Hadar or KH) അല്ലെങ്കിൽ കെ. എച്ച്. പ്രദേശത്താണ് ലൂസിയെ കണ്ടെത്തിയത്. ആവിടെ മുൻപറഞ്ഞ രീതികളിൽ നടത്തിയ പഠനത്തിൽ ലൂസിയുടെ ‘പ്രായം’  3.18 ദശലക്ഷം വർഷങ്ങൾക്ക് അല്പം താഴെയാണെന്നാണ് കണ്ടെത്തിയത് .

ലൂസിയുടെ പ്രായം 

മരണസമയത്ത്,  പ്രായപൂർത്തിയെത്തിയ ഒരു ‘ചെറുപ്പക്കാരി’യായിരുന്നു നമ്മുടെ ‘ലൂസിയമ്മൂമ്മ’. അതാണ് ഭാഗികമായ  അസ്ഥികൂടം നമ്മോട് പറയുന്നത്. ലൂസിയുടെ പ്രായത്തെക്കുറിച്ച് സൂചന നൽകുന്ന നിരവധി കാര്യങ്ങളുണ്ട്. പല്ലുകളും എല്ലുകളും അതിന് തെളിവാണ്. ലൂസിയുടെ വിസ്‌ഡം ടീത്ത് (wisdom teeth) എന്ന് വിളിക്കുന്ന അവസാനത്തെ അണപ്പല്ലുകൾ ( അതായത് മൂന്നാമത്തെ  മോളാർ (molar) ) പുറത്ത് വന്നിരുന്നു. എന്ന് മാത്രമല്ല, ഉപയോഗം മൂലം നേരിയ തോതിൽ തേയ്മാനവും അവയ്ക്ക് സംഭവിച്ചിട്ടുണ്ടായിരുന്നു. ഇത് ലൂസി പൂർണ്ണപ്രായപൂർത്തിയായതിൻ്റെ സൂചനയായി കണക്കാക്കാം. ആധുനിക മനുഷ്യസ്ത്രീകൾക്ക് (homo sapiens )

പൊതുവേ പതിനെട്ട് വയസ്സിൽ വിസ്ഡം റ്റീത്ത് വരികയും ജൈവശാസ്ത്രപരമായി പക്വത പ്രാപിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ  ചിമ്പാൻസികളിൽ, മൂന്നാമത്തെ മോളാർ വരുന്നത് സാധാരണയായി 11 വയസ്സിനും 13 വയസ്സിനും ഇടയിലാണ്. ഹോമിനിൻ ശിശുക്കളുടെയും കുട്ടികളുടെയും ഫോസിലൈസ് ചെയ്ത പല്ലുകളുടെയും അസ്ഥികളുടെയും വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ, ലൂസിയെപ്പോലുള്ള ഹോമിനിനുകൾ മനുഷ്യരെക്കാൾ വേഗത്തിൽ എന്നാൽ ചിമ്പാൻസികളേക്കാൾ സാവധാനത്തിൽ വളർച്ച പ്രാപിക്കുന്നുവെന്ന് മനസ്സിലിക്കിയിട്ടുണ്ട്. അതിനാൽ, മരിക്കുമ്പോൾ ലൂസിക്ക് 12 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുണ്ടായിരുന്നുവെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. അത് പോലെ തലയോട്ടിയിലെ അസ്ഥികളുടെ അഗ്രഭാഗങ്ങൾ  യോജിക്കുകയും വിടവുകൾ അടയുകയും ചെയ്തിരുന്നു. ഇത് അസ്ഥികളുടെ വളർച്ച പൂർത്തിയായിരുന്നതായി സൂചിപ്പിക്കുന്നു. അത് പോലെ ഇടത് ഓസ് കോക്സ (os coxa) അഥവാ ഇടുപ്പെല്ല് (hip bone),  കൈകാലുകളിലെ അസ്ഥികൾ എന്നിവയെല്ലാം പ്രായപൂർത്തിയെ സൂചിപ്പിക്കുന്നു. ഈ സൂചകങ്ങളെല്ലാം ഒരുമിച്ച് എടുത്താൽ, ലൂസി മരിക്കുമ്പോൾ ചെറുപ്പമായിരുന്നെങ്കിലും പൂർണ്ണപ്രായപൂർത്തിയായിരുന്നുവെന്ന് അനുമാനിക്കാം.

മെക്സിക്കോയിലെ നാഷണൽ മ്യൂസിയം ഓഫ് ആന്ത്രോപോളജിയിൽ പുനർനിർമ്മിച്ച ലൂസി

ലൂസിയുടെ രൂപം, നിറം  

ലൂസിയെ ജീവനോടെ കണ്ടവരാരുമില്ലല്ലോ? ആരും ചിത്രീകരിച്ച് വച്ചിട്ടുമില്ല. എങ്കിലും ചില ഏകദേശ അനുമാനങ്ങൾ സാദ്ധ്യമാണ്. അസ്ഥികളുടെ നീളവും വലിപ്പവും അടിസ്ഥാനമാക്കി ശാസ്ത്രജ്ഞർക്ക് ലൂസിയുടെ ഉയരവും ഭാരവും കണക്കാക്കാം. അൾട്രാവയലറ്റ് റേഡിയേഷൻ്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന മെലാനിൻ എന്ന പിഗ്മെൻ്റിൻ്റെ സാന്നിധ്യമാണ് പ്രധാനമായും ഇരുണ്ട ചർമ്മത്തിന് കാരണമാകുന്നത്. ഭൂമധ്യരേഖയ്‌ക്ക് സമീപം താമസിക്കുന്ന, ഉയർന്ന അളവിലുള്ള അൾട്രാവയലറ്റ് റേഡിയേഷൻ എക്സ്പോഷറിന് വിധേയരായ മനുഷ്യരിൽ ഇരുണ്ട പിഗ്മെൻ്റ് ഉള്ള ചർമ്മമാണ് കണ്ടുവരുന്നത്. പൗരാണിക ഹോമിനിനുകളിലും അങ്ങനെയാവാനാണ് പൂർണ്ണ സാദ്ധ്യത. ലൂസിയ്ക്കും ഇരുണ്ട ചർമ്മമായിരുന്നുവെന്ന്  നമുക്ക് അനുമാനിക്കാം. ശരീരഘടനയെക്കുറിച്ച് അറിവുള്ള കലാകാരന്മാർ ശാസ്ത്രജ്ഞരുമായി ചേർന്ന് ഫോസിൽ ഹോമിനിനുകളുടെ പുനർനിർമ്മാണങ്ങൾ സൃഷ്ടിക്കുന്നു. അവർ ഫോസിലുകളുടെ കാസ്റ്റുകൾ ഉപയോഗിക്കുന്നു, കളിമണ്ണിൽ നിന്ന് പേശികളും മാംസവും ഉണ്ടാക്കുന്നു, അവ പെയിൻ്റ് ചെയ്യുന്നു, മുടി ചേർക്കുന്നു. ശരീരം എത്രത്തോളം രോമാവൃതമായിരുന്നെന്ന് കൃത്യമായി പറയാൻ കഴിയില്ല. എങ്കിലും ചിമ്പാൻസികളേക്കാൾ കുറവും മനുഷ്യരേക്കാൾ അധികവും ആയിരുന്നിരിക്കാനാണ് സാദ്ധ്യത. ഹോമിനിഡുകളുടെ അസ്ഥികൂടങ്ങളുടെ കമ്പ്യൂട്ടർ മാതൃകളിൽ നിന്ന് ബാഹ്യരൂപം സൃഷ്ടിക്കുന്നരീതിയും അവലംബിക്കാറുണ്ട്.

അസ്ഥികൂടത്തിൻ്റെ ഒരു വാർപ്പിലെ പല്ലുകളുടെ കാഴ്ച (മ്യൂസിയം ഓഫ് ജനീവ)

ലൂസിയുടെ മരണം 

ലൂസിയുടെ മരണം എങ്ങനെയാണ് സംഭവിച്ചതെന്ന്  കൃത്യമായി അറിയില്ല. ഇടുപ്പെല്ലിൽ ഒരു മാംസഭുക്കിൻ്റെ പല്ലിൻ്റെ അടയാളമുണ്ട്. അത് സൂചിപ്പിക്കുന്നത് മരണശേഷമെങ്കിലും ശരീരം കടിച്ച് കീറിയിരുന്നു എന്നാണ്. ഇരപിടിയന്മാരായ മാംസഭുക്കുകളുടെയും ശവഭോജികളുടെയും അതല്ലാതെ മറ്റ് ആഹരിയ്ക്കൽ അടയാളങ്ങളൊന്നും തന്നെ പ്രകടമല്ല. സാധാരണഗതിയിൽ, ഇരപിടിയന്മാരാൽ കൊല്ലപ്പെടുകയും പിന്നീട് മറ്റ് മൃഗങ്ങൾ (ഹയനകൾ പോലുള്ളവ) ശവാവശിഷ്ടങ്ങൾ  തിന്നുകയും ചെയ്യുമ്പോൾ എല്ലുകളിൽ കടിക്കുകയും ചവക്കുകയും ഒക്കെ ചെയ്ത തെളിവുകൾ ഉണ്ടാവും. നീളമുള്ള അസ്ഥികളുടെ അറ്റങ്ങൾ പലപ്പോഴും കാണാതാകുന്നു, അവയുടെ തണ്ടുകൾ ചിലപ്പോൾ തകരുന്നു. ഇത് ഇരപിടിയനെ മജ്ജ ആഹാരമാക്കാൻ സഹായിക്കുന്നു. അങ്ങനെയൊന്നും കണ്ടെത്തിയിട്ടില്ല, നേരെ മറിച്ച് കണ്ടെത്തിയ ഒരടയാളം ഇടുപ്പെല്ലിൽ കാണുന്ന പല്ല് കയറിയ ചെറിയ തുളയാണ്. ഇതിനെ  പെരിമോർട്ടം (perimortem) പരിക്ക് എന്നാണ് വിളിക്കാറുള്ളത്. മരണസമയത്തോ അതിനടുത്തോ സംഭവിക്കുന്ന ഒന്ന്. മരിച്ചതിനുശേഷം അസ്ഥിയുടെ പുതുമ നഷ്ടപ്പെടുന്നതിന് മുൻപ് സംഭവിച്ചതാണെങ്കിൽ, അത് മരണവുമായി ബന്ധപ്പെട്ടിരിക്കില്ല. ഒരുപക്ഷേ ലൂസി മരത്തിൽ നിന്ന് വീണ് മരിച്ചതാവാം. അതിന് ശേഷം ഏറ്റ കടിയുടെ അടയാളമാവാം അത്. എന്ത് തന്നെയായാലും താഴ്‌വരയിലെ ഊറൽശിലാകണങ്ങൾ ശരീരത്തെ പൊതിഞ്ഞ് സംരക്ഷിച്ചു, അസ്ഥികൾ ഫോസിലായി മാറി.

കിഴക്കൻ ആഫ്രിക്കയിലെ അന്വേഷണങ്ങൾ  

കിഴക്കൻ ആഫ്രിക്കയിലെ കൊളോണിയൽ കാലഘട്ട  പര്യവേക്ഷണങ്ങളിൽ ഓസ്ട്രലോപിത്തേക്കസ് അഫാറൻസിസിൻറെ  (Australopithecus afarensis) ഫോസിൽ അവശിഷ്ടങ്ങൾ 1939-ൽ  കണ്ടെത്തിയിരുന്നു. പക്ഷേ അക്കാലത്ത് പര്യവേക്ഷകർ അത് തിരിച്ചറിയാൻ സാധ്യത തന്നെയില്ലായിരുന്നു. അങ്ങനെയൊരു സ്പീഷീസിൻറെ വർഗീകരണം അക്കാലത്ത് ചിന്തനീയമായിരുന്നില്ല. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സമാനമായ, കൂടുതൽ പൂർണ്ണമായ ഫോസിൽ കണ്ടെത്തലുകളുമായാണ്  അവയെ അക്കാലത്ത് ബന്ധപ്പെടുത്തിയത്.  “പ്രിയാന്ത്രോപ്പസ്” (Praeanthropus), “മെഗാന്ത്രോപസ്” ( Meganthropus) എന്നൊക്കെയാണ് തരംതിരിച്ചത്. പക്ഷേ അതൊന്നും കൃത്യമായ നിർവ്വചനമോ വർഗ്ഗീകരണമോ ആയിരുന്നില്ല. കൂടാതെ മനുഷ്യപരിണാമചരിത്രത്തെക്കുറിച്ചുള്ള വംശീയ സങ്കൽപ്പങ്ങളും പക്ഷപാതങ്ങളും നരവംശശാസ്ത്രമേഖലയെ സാരമായി ബാധിച്ചിരുന്ന കാലമായിരുന്നു അത്. ആഫ്രിക്കയിൽ നിന്നുള്ള ഫോസിലുകൾ മനുഷ്യ പരിണാമത്തിന് നേരിട്ട് പ്രസക്തമാണെന്ന്, അത് കൊണ്ട് തന്നെ പാശ്ചാത്യവിദഗ്ദ്ധർ പൊതുവെ കരുതിയില്ല. പകരം യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നുമുള്ള ഫോസിലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ താൽപ്പര്യപ്പെട്ടു.

“ഹാദർ ക്യാമ്പ്,” ആവാഷ് വാലി, എത്യോപ്യ കടപ്പാട്: Benjamin Reed

ആഫ്രിക്കയിലെ പലയിടങ്ങളിൽ നിന്നും ഇരുപതാം നൂറ്റാണ്ടിൽ അങ്ങനെ  ഹോമിനിൻ  ഫോസിലുകളുടെ കണ്ടെത്തലുകൾ ഉണ്ടായെങ്കിലും അവ നമ്മുടെ സ്വന്തം ജനുസ്സായ ഹോമോയുടെ (genus homo ) ഉത്ഭവത്തിന് അപ്രധാനമാണെന്ന് കരുതി കുറെക്കാലം നിരാകരിക്കപ്പെട്ടു. ഉദാഹരണത്തിന്, നരവംശശാസ്ത്രജ്ഞനായ റെയ്മണ്ട് ഡാർട്ട് 1924-ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് “ടാങ് ചൈൽഡ്” (Taung child ) എന്നറിയപ്പെടുന്ന  ഓസ്‌ട്രലോപിത്തെസിൻ (ഓസ്‌ട്രലോപിത്തേക്കസ് ജനുസ്സിൽ -genus Australopithecus – പെടുന്ന) തലയോട്ടി കണ്ടെടുത്തു. എന്നാൽ പ്രസ്തുത ഫോസിലിന് നമ്മുടെ പരിണാമ ചരിത്രവുമായി യാതൊരു ബന്ധവുമില്ലെന്നും നമ്മുടെ പൂർവ്വികരെ മറ്റിടങ്ങളിലാണ് കണ്ടെത്താൻ സാദ്ധ്യതയുള്ളതെന്നും മറ്റ് വിദഗ്ദ്ധർ ശഠിച്ചു; അതായത് യൂറോപ്പ് അല്ലെങ്കിൽ ഏഷ്യ. മനുഷ്യപരിണാമത്തിൽ ആഫ്രിക്കയുടെ പ്രാധാന്യം പുനർവിചിന്തനം ചെയ്യാൻ വിദഗ്ദ്ധർ പല പതിറ്റാണ്ടുകളെടുത്തു. പിന്നീട് ടാൻസാനിയയിൽ നിന്നുള്ള ഹോമോ ഹാബിലിസ് (homo habilis) പോലുള്ള കണ്ടെത്തലുകൾ, ആഫ്രിക്കയിൽ പലതും മറഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാക്കി.  ഹോമോ ഹാബിലിസ് (homo habilis) 1964-ൽ നാമകരണം ചെയ്യപ്പെട്ടു. അത് വരെ ഉണ്ടാകാതിരുന്ന വിധത്തിൽ ആഫ്രിക്കയിൽ മനുഷ്യോത്ഭവം തേടി പാലിയോ ആന്ത്രോപോളജിസ്റ്റുകൾ അന്വേഷണനിരതരായി. ഇത് ലൂസിയുടെ കണ്ടെത്തലിലേക്കും, ലൂസി ഉൾപ്പെടുന്ന ജീവിവർഗത്തെ തിരിച്ചറിയുന്നതിലേക്കും നയിച്ചു.

1974 നവംബറിൽ ലൂസിയെ കണ്ടെത്തിയതിൻ്റെ പിറ്റേന്ന്, ഡോൺ ജോഹാൻസൺ ആദ്യത്തെ അസ്ഥിയായ അവളുടെ കൈമുട്ട് എടുത്ത സ്ഥലം കൃത്യമായി പഠിക്കുന്നു.  കടപ്പാട്: Bobbie Brown

പാലിയോ ആന്ത്രോപോളജിസ്റ്റുകൾ അവരുടെ കാഴ്ചപ്പാടുകൾ മാറ്റാനും ഓസ്ട്രലോപിത്തെസിനുകളുടെ പ്രാധാന്യം അംഗീകരിക്കാനും, കൂടുതൽ ഫോസിലുകൾ കണ്ടെത്തേണ്ടി വന്നു. 1970കളോടെ, നരവംശശാസ്ത്രജ്ഞർ ഓസ്ട്രലോപിത്തേക്കസ് ജനുസ്സിൽ (genus) ഒറ്റ സ്പീഷീസല്ല, ഒന്നിലധികമുണ്ടെന്ന് തിരിച്ചറിയാൻ തുടങ്ങി. തലയോട്ടിയിലും കൈകാലുകളിലും ആൾക്കുരങ്ങുകളെപ്പോലെ  ചില സ്വഭാവസവിശേഷതകൾ ഉണ്ടായിരുന്നിട്ടും, ഈ ഓസ്ട്രലോപിത്തെസിനുകൾ നിവർന്നുനിൽക്കുകയും ഇരുകാലിൽ നടക്കുകയും ചെയ്തിരുന്നതായി അവയുടെ ഫോസിലുകൾ സൂചിപ്പിച്ചു. കിഴക്കൻ ആഫ്രിക്ക കൂടുതൽ പഠനങ്ങൾ നടത്തേണ്ട സ്ഥലമായി പര്യവേക്ഷകർ അടയാളപ്പെടുത്തി. വിശേഷിച്ച്, ഊറൽപ്പാറകൾ ധാരാളമായുള്ള, ജൈവവൈവിധ്യ സമ്പുഷ്ടമായ, വിള്ളൽതാഴ് വരകൾ നിറഞ്ഞ അഫാർ പ്രദേശം. തൽഫലമായി കൂടുതൽ ഫോസിലുകൾക്കായി ടാൻസാനിയയിലും എത്യോപ്യയിലും പല സംഘങ്ങൾ പര്യവേക്ഷണങ്ങളിൽ മുഴുകി.

ഡൊണാൾഡ് ജോഹാൻസണും മൗറീസ് തായിബ്, ഹദർ, എത്യോപ്യ, 1974 കടപ്പാട്: institute of Human Origins

പിന്നീട് വേഗത്തിൽ കണ്ടെത്തലുകൾ  ഉണ്ടായി. 1973-ൽ, മൗറിസ് തായിബ്, ഡൊണാൾഡ് ജോഹാൻസൺ, യെവ്സ് കോപ്പൻസ് (Maurice Taieb, Donald Johanson and Yves Coppens) എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഒരു കാൽമുട്ടിൻ്റെ സന്ധി കണ്ടെത്തി. ഏതാണ്ട് നമ്മളെപ്പോലെ തന്നെ നിവർന്ന് നടക്കാൻ കഴിഞ്ഞിരുന്ന ഹോമിനിൻ്റേതെന്നാണ് ഘടനയിൽ നിന്ന് വ്യക്തമായത്. അന്ന് വരെ വിദഗ്ദ്ധർ കരുതിയിരുന്നതിനേക്കാൾ വളരെ മുമ്പ് തന്നെ ഹോമിനിനുകൾ ഇരുകാലിൽ നടന്ന് തുടങ്ങിയിരുന്നുവെന്ന വ്യക്തമായ സൂചനയായിരുന്നു അത്. ഒരു വർഷത്തിന് ശേഷം ജോഹാൻസൻറെ സംഘം  AL 288-1, അതായത് ലൂസിയെ കണ്ടെത്തി. ഭാഗികമാണെങ്കിലും, ഈ സ്പീഷീസിൽ നിന്ന് ലഭിക്കുന്ന ആദ്യത്തെ അസ്ഥികൂടമാണിത്. പിന്നീട്  1975-ൽ, 13 വ്യക്തിഗത ഓസ്‌ട്രേലോപിത്തെക്കസ്  അഫാരറൻസിസ് അംഗങ്ങളെ  പ്രതിനിധീകരിക്കുന്ന 200-ലധികം അസ്ഥികളുടെ ഒരു ശേഖരം തന്നെ അവർ കണ്ടെത്തി. കൂട്ടമായി അവയെ  AL 333 എന്ന് ലേബൽ ചെയ്തു. ഒരേ സമയം മരിച്ചെന്ന് കരുതാവുന്ന നിരവധി മുതിർന്നവരുടെയും കുറച്ച് കുട്ടികളുടെയും ഫോസിൽ അവശിഷ്ടങ്ങളുടെ ഒരു കൂട്ടം. ഈ സ്പീഷീസിൻറെ വലിപ്പപരിധിയും സാമൂഹിക ജീവിതവും മനസ്സിലാക്കാൻ ഇത് നരവംശശാസ്ത്രജ്ഞരെ സഹായിച്ചു. അതിനുശേഷം 1976 -ൽ, മേരി ലീക്കിയുടെ (Mary Leakey ) നേതൃത്വത്തിലുള്ള മറ്റൊരു സംഘം, ടാൻസാനിയയിലെ ലെറ്റോലിയിൽ (Laetoli ) അഗ്നിപർവ്വത ചാരത്താൽ സംരക്ഷിക്കപ്പെട്ട പാറകളിൽ ഹോമിനിൻ കാലടിപ്പാടുകൾ കണ്ടെത്തി, ഒടുവിൽ അത് ഓസ്‌ട്രേലോപിത്തെക്കസ് അഫാറൻസിസിൻ്റേതെന്ന് വ്യക്തമായി. അത് പോലെ ഇതേ സ്പീഷീസിൽ നിന്ന് തന്നെയുള്ള ഒരു കീഴ്ത്താടിയെല്ലും കണ്ടെത്തി.

കിഴക്കൻ ആഫ്രിക്കയിലെ മറ്റ് പലയിടങ്ങളിൽ നിന്നും അഫാറൻസിസ് ഫോസിലുകൾ കണ്ടെത്തി. കൂടാതെ ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനദശകങ്ങളിൽ ഇങ്ങനെ കൂടുതൽ പുതിയ ഹോമിനിൻ ജീവിവർഗ്ഗങ്ങളെ  കണ്ടെത്തി. പിന്നീട് അത് തുടർന്നു. ഇന്ന് നമുക്ക് അറിയാവുന്ന അത്തരം പല സ്പീഷീസുകൾ ഉണ്ട്. എത്യോപ്യയുടെ അഫാർ മേഖലയിലെ വിവിധ സ്ഥലങ്ങൾക്ക് പുറമേ, കെനിയയിലെ കൂബി ഫോറയിൽ ( Koobi Fora ) നിന്നും കണ്ടെത്തലുകൾ ഉണ്ടായി. സെറസെനയ് അലെംസെഗെഡ് (Zeresenay Alemseged) 2000-ൽ കണ്ടെത്തിയ സെലം (Selam) എന്ന പേര് നൽകിയ  DIK -1-1 പോലെയുള്ളവ AL 288-1 നേക്കാൾ പൂർണ്ണവും വിശദവുമാണ്. അസ്ഥികളുടെ ഘടനയും അടയാളങ്ങളും സൂചിപ്പിക്കുന്നത് ഈ ഹോമിനുനുകൾ തറയിലും മരങ്ങളിലും സഞ്ചരിച്ചിരിക്കയും സമയം ചെലവഴിക്കയും ചെയ്തിട്ടുണ്ടാവുമെന്നാണ്. ഹിമയുഗത്തിൽ ഭൂമിയിലെ  കാലാവസ്ഥ തണുത്തതും വരണ്ടതുമായി മാറിയപ്പോൾ, മരങ്ങളുടെ സാന്ദ്രത കുറഞ്ഞഘട്ടത്തിലാണ് ഇതെന്നും അനുമാനിക്കാം.

ജീവനോടെ കണ്ടുമുട്ടിയിരുന്നെങ്കിൽ, ഓസ്‌ട്രേലോപിത്തെക്കസ് അഫാറൻസിസ് നമ്മെക്കാൾ ചെറുതായിരുന്നേനെ. ഉദാഹരണത്തിന്, ലൂസിക്ക് ജീവനോടെ ഏകദേശം 3 അടി 5 ഇഞ്ച് ഉയരം ഉണ്ടായിരുന്നെന്നാണ് അനുമാനം. എങ്കിലും ലൂസിയുടെ കൂട്ടരിൽ ചിലർക്ക്  4 അടി 11 ഇഞ്ച് വരെ ഉയരമുണ്ടായിരുന്നതായി കണക്കാക്കാം. പക്ഷേ അവരുടെ കൈകൾ നമ്മുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ നീളം കൂടിയതായിരുന്നു. വിരലുകളിലെ വളഞ്ഞ അസ്ഥികൾ വൃക്ഷശാഖകളിലും മറ്റ് വസ്തുക്കളിലും ചുറ്റിപ്പിടിക്കാൻ അനുയോജ്യവുമായിരുന്നു. ഉടലിൻറെ ആകൃതി പൂർണ്ണമായും മനുഷ്യരുടേത് പോലെയല്ലെങ്കിലും നിവർന്ന് നടക്കാൻ പാകത്തിലുള്ളത് തന്നെയായിരുന്നു. അത് പോലെ ആൾക്കുരങ്ങുകളുമായും മുൻകാലഹോമിനിനുകളുമായും താരതമ്യം ചെയ്യുമ്പോൾ അവരുടെ കോമ്പല്ലുകൾ ചെറുതായിരുന്നു. ഭക്ഷണം ചവച്ചരയ്ക്കാൻ അനുയോജ്യമായ അണപ്പല്ലുകളും ഉണ്ടായിരുന്നു. അവർ  പിൽക്കാല ഹോമിനിനുകളേക്കാൾ കൂടുതലായി സസ്യാഹാരികളായിരുന്നു എന്നാണ് അനുമാനം. എങ്കിലും പൂർണ്ണസസ്യഭുക്കുകൾ ആയിരുന്നില്ല.   ഇന്നത്തെ ചിമ്പാൻസികളെയും മറ്റ് വലിയ ആൾക്കുരങ്ങുകളെയും പോലെ, മാംസാഹാരം  ലഭ്യമാകുമ്പോൾ സ്വീകരിച്ചിട്ടുമുണ്ടെന്നാണ് അനുമാനം. അവഗണിക്കപ്പെട്ടിരുന്ന ഒരു ആദിമ ‘മനുഷ്യവർഗം’ (hominin) ഇത്തരം പുതിയ തെളിവുകളുടെ പിൻബലത്തിൽ വെളിച്ചത്തിലേക്ക് വന്നു.  3.9 മുതൽ 2.9 ദശലക്ഷം വരെ വർഷങ്ങൾക്ക് മുൻപ്, ഓസ്ട്രലോപിത്തേക്കസ് അഫാറൻസിസിസ് എന്ന  ‘മനുഷ്യപൂർവികർ’  കിഴക്കൻ ആഫ്രിക്കയിലെ വനപ്രദേശങ്ങളിൽ ജീവിച്ചിരുന്നു എന്നാണ് അനുമാനം. തീർച്ചയായും പൂർവകാല മൃഗങ്ങളോടും ജീവികളോടുമൊപ്പം. തേറ്റാപ്പല്ലുകളും (താഴേക്ക് നീണ്ട നിൽക്കുന്ന കോമ്പല്ല് ) മാർജ്ജാരവർഗ്ഗ ജീവികളും ( (saber toothed cats), വിചിത്രമായ കൊമ്പുകളുള്ള ആനകളും, പൗരാണിക കാണ്ടാമൃഗങ്ങളുമൊക്കെ അതേ ആവാസവ്യവസ്ഥകളിൽ.  വിഹരിച്ചിരുന്നിട്ടുണ്ടാവും.

നഷ്ടപ്പെട്ട കണ്ണി?

പലപ്പോഴും ഉയർന്ന് വരാറുള്ള ഒരു ചോദ്യമാണ് ആൾക്കുരങ്ങുകളും മനുഷ്യരും തമ്മിലുള്ള ‘നഷ്ടപ്പെട്ട കണ്ണി’യാണോ (missing link) ലൂസി എന്നത്. നഷ്ടപ്പെട്ട കണ്ണി എന്നത് എന്താണെന്ന് മനസ്സിലാക്കി മാത്രമേ ഈ ചോദ്യത്തിൻറെ സാംഗത്യം പരിശോധിക്കാനാവൂ. ‘നഷ്ടപ്പെട്ട കണ്ണി’ (missing link) എന്ന പരികല്പന പരിണാമ ചർച്ചകളിൽ ഇക്കാലത്ത് പൊതുവെ സ്വീകാര്യമല്ല. പരിണാമത്തെക്കുറിച്ചുള്ള ധാരണ പരിമിതമായിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ പദം ഉത്ഭവിച്ചത്. പരിണാമത്തെ ഒരു രേഖീയ പുരോഗതിയായി പരിഗണിക്കുന്നതിന് തുല്യമാണ് ഈ പ്രയോഗം. രണ്ട് വ്യത്യസ്ത സ്പീഷീസുകൾക്കിടയിലുള്ള വിടവ് പൂർണ്ണമായും നികത്തുന്ന ഒരൊറ്റ, തിരിച്ചറിയാവുന്ന ഫോസിൽ ഉണ്ടാവുമെന്ന അനുമാനത്തിനടയാക്കുന്ന പരികല്പനയാണ്. പരിണാമപ്രക്രീയ യഥാർത്ഥത്തിൽ അങ്ങനെയല്ല സംഭവിക്കുന്നത്. പരിണാമ വൃക്ഷത്തിൽ ഇടയിൽ വരുന്ന (intermediate) രൂപങ്ങളെ പ്രതിപാദിക്കാൻ ശാസ്ത്രജ്ഞർ ‘പരിവർത്തന ഫോസിൽ’ (transitional fossil) അല്ലെങ്കിൽ ‘അവസാന പൊതു പൂർവ്വികൻ’ (last common ancestor)  പോലുള്ള പദങ്ങളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പരിണാമം ഒരു രേഖീയ പ്രക്രീയയല്ല, നേരെ മറിച്ച് ഒരു ശാഖാ പ്രക്രിയയാണ്. അതായത് രണ്ട് ഗ്രൂപ്പുകൾക്കിടയിൽ ഒരു ‘കാണാതായ കണ്ണി’ മാത്രമല്ല, നിരവധി പരിവർത്തന ജീവിവർഗങ്ങളുണ്ട്. അത് പോലെ ഈ പരികല്പന തെളിവുകളുടെ അഭാവമുണ്ടെന്ന് ദ്യോതിപ്പിക്കുന്നുമുണ്ട്. ശാസ്ത്രജ്ഞർ ഇപ്പോഴും പരിണാമകടങ്കഥയുടെ ഒരു നിർണായക ഭാഗം തിരയുന്നുണ്ടെന്ന ധാരണ നൽകാം. വാസ്തവത്തിൽ, പരിണാമ ബന്ധങ്ങൾ തെളിയിക്കുന്ന ധാരാളം ഫോസിൽ തെളിവുകൾ ഇപ്പോൾ ലഭ്യമാണ്. ഇതരമേഖലകളിൽ നിന്നുള്ള തെളിവുകൾ വേറെയും.

പരിണാമത്തിൻ്റെ ശൃംഖല ദശലക്ഷക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുന്നതും നിരന്തരവുമാണ്. ഓസ്ട്രലോപിത്തേക്കസ് അഫാറൻസിസിനെ കണ്ടെത്തുകയും നിർവചിക്കുകയും ചെയ്തത് മനുഷ്യപരിണാമത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കി. ആൾക്കുരങ്ങിനെപ്പോലെയുള്ള ഒരു പൂർവ്വികൻ ഒരു കുതിച്ചുചാട്ടത്തിൽ  പെട്ടെന്ന് മനുഷ്യനെപ്പോലെയുള്ള ഒരു ജീവിയായി രൂപാന്തരപ്പെടുന്നില്ല. എന്നാൽ അസ്ഥികൂടത്തിൻ്റെ വിവിധ ഭാഗങ്ങൾ വ്യത്യസ്ത സമയങ്ങളിൽ മാറുന്നുവെന്ന വസ്തുതയ്ക്ക് ലൂസിയുടെ കണ്ടെത്തൽ  ഊന്നൽ നൽകി. അതിനാൽ, (ആൾ)കുരങ്ങുകളും മനുഷ്യരും തമ്മിലുള്ളപരിണാമബന്ധത്തിലെ  ‘നഷ്‌ടമായ കണ്ണി’ അല്ല ഓസ്‌ട്രലോപിത്തേക്കസ് അഫാറൻസിസ്.  എന്നാൽ കൂടുതൽ പുരാതനമായ, കൂടുതൽ (ആൾ)കുരങ്ങുപോലുള്ള ജീവികൾക്കും സമീപകാലത്തെ, കൂടുതൽ [ആധുനിക] മനുഷ്യനെപ്പോലെയുള്ള പൂർവ്വികർക്കും ഇടയിലുള്ള പ്രധാന പരിണാമ മധ്യസ്ഥരിൽ ഒന്നാണ് ഓസ്‌ട്രലോപിത്തേക്കസ് അഫാറൻസിസ്. ലൂസി ആ സ്പീഷീസിൽ നിന്ന് നമുക്ക് ലഭിച്ച ഉത്തമപ്രതിനിധിയും.

നമ്മുടെ പൂർവ്വികർ?

ലൂസിയെ കുറിച്ചുള്ള വലിയ ചോദ്യമാണ് ലൂസി നമ്മോട് എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നത്. പ്രധാനപ്പെട്ട  മനുഷ്യപൂർവ്വ ഹോമിനിനുകളിൽ (hominin) ഒന്നാണ്. ഓസ്ട്രലോപിത്തേക്കസ് അഫാറൻസിസ്. അവർ നമ്മുടെ പൂർവ്വകാല ബന്ധുവാണ് സംശയമില്ല. നമ്മൾ മിക്കവാറും ഈ കൈവഴിയുടെ നേർപിൻതുടർച്ചക്കാരാവാനുള്ള സാദ്ധ്യതയേറെയുണ്ട്. എന്നാൽ കൃത്യമായി അങ്ങനെ പറയാൻ തെളിവുകൾ പൂർണ്ണമല്ല. എന്തായാലും ആധുനികമനുഷ്യരുടെ ജൈവപരിണാമത്തിലെ ഒരു പ്രധാനകണ്ണിയെന്ന് പറയാം.

50 വർഷം മുമ്പ് ഡോൺ ജോഹാൻസൺ, അപ്പോൾ കുഴിച്ചെടുത്ത ഫോസിൽ പഠിക്കുന്നു. കടപ്പാട്: institute of Human Origins

ലൂസിയുടെയും മറ്റ് അഫാറൻസിസ്‌ ഫോസിലുകളുടെയും വിശകലനങ്ങൾ 1978-ൽ പുറത്ത് വന്നപ്പോൾ അത്  മനുഷ്യ പരിണാമത്തെക്കുറിച്ച് കർക്കശമായ പുനർവിചിന്തനത്തിന് കാരണമായി. ഓസ്‌ട്രലോപിതെസിനുകൾ യഥാർത്ഥത്തിൽ ‘ആദിമ മനുഷ്യകുലത്തിൽ’ പെടുന്നവർ തന്നെയായിരുന്നു. വിദഗ്ദ്ധർ മുമ്പ് കരുതിയിരുന്നതിനേക്കാൾ നമ്മുടെ പരിണാമചരിത്രത്തിൽ പ്രസക്തവുമാണ്. 20-ആം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ നരവംശശാസ്ത്രജ്ഞർ പലപ്പോഴും അനുമാനിച്ചിരുന്നത് തലച്ചോറിൻ്റെ വലിപ്പവും ( ബുദ്ധിയും ) വർദ്ധിക്കാനിടയാക്കിയ മാറ്റങ്ങൾ ആധുനിക മനുഷ്യരുടെ  (homo sapiens) ഉത്ഭവത്തിന് നിദാനമായ തുടക്ക പ്രക്രീയയാണെന്നായിരുന്നു. തലച്ചോറിൻ്റെ വികാസവും ഇരുകാലിൽ നടക്കാനുതകുന്ന മാറ്റങ്ങളും, ഉപകരണങ്ങൾ പ്രയോഗിക്കാൻ കഴിയുന്ന രീതിയിൽ കൈകളിലുണ്ടായ മാറ്റങ്ങളും ഏതാണ്ട് ഒരേ കാലയളവിലാണ് സംഭവിച്ചെതന്നായിരുന്നു അക്കാലത്തെ ധാരണ. ആവാസവ്യവസ്ഥയിലെ വ്യതിയാനങ്ങൾ കാരണം മരങ്ങളിൽ നിന്ന് പുൽമേടുകളിലേക്ക് പ്രധാന അധിവാസം മാറുന്നതോടൊപ്പം, ഏതാണ്ട് ഒരേ കാലയളവിൽ സംഭവിച്ച മാറ്റങ്ങൾ എന്നാണ് കരുതിയിരുന്നത്. പക്ഷേ തുടക്കം മസ്തിഷ്ക വളർച്ചയിൽ നിന്നാണെന്ന ധാരണയാണ്, ലൂസിയും പിന്നീട് കണ്ടെത്തിയ മറ്റ് ഫോസിൽ തെളിവുകളും ചേർന്ന്  തിരുത്തിയത്. കുറഞ്ഞത് മൂന്ന് ദശലക്ഷം വർഷങ്ങൾക്ക് മുമ്പെങ്കിലും മരങ്ങളിലൂടെ സഞ്ചരിക്കാൻ യോജിച്ച നീളമുള്ള കൈകളും വളഞ്ഞ വിരലുകളും നിലനിന്നിരുന്ന കാലത്ത് തന്നെ, ‘ആദിമമനുഷ്യപൂർവ്വികർ’ ഭൂമിയിൽ ഇരുകാലുകളിൽ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു. നമ്മുടെ ഹോമിനിൻ മുൻഗാമികൾ എങ്ങനെയായിരുന്നുവെന്നും അവ എങ്ങനെസഞ്ചരിച്ചു എന്നതിനെക്കുറിച്ചും ഉൾക്കാഴ്ച നൽകുന്ന ഓസ്ട്രലോപിത്തേക്കസ് അഫാറൻസിസ് ഒരു പരിവർത്തന ഫോസിലിൻ്റെ ഉത്തമ ഉദാഹരണമായി മാറി.

നാം ഇന്നേവരെ കണ്ടെത്തിയിട്ടുള്ള  ഹോമിനിൻ (hominin ) സ്പീഷീസുകളിൽ ആദ്യത്തേതോ അവസാനത്തേതോ ആയിരുന്നില്ല ലൂസിയുടെ കൂട്ടർ. അക്കാലത്ത് വേറെയും ഹോമിനിൻ സ്പീഷീസുകൾ ഉണ്ടായിരുന്നുവെന്നതിന് തെളിവുകൾ പിന്നീട് വന്നു. 4.18 – 2.0  ദശലക്ഷം വരെ വർഷങ്ങൾക്ക് മുമ്പ് വരെ നിലനിന്നിരുന്ന ഒരു ജനുസ്സാണ് ഓസ്ട്രലോപിത്തേക്കസ്. ഈ ജനുസ്സിൽ അഫാറൻസിസ്‌ കൂടാതെ പല സ്പീഷീസുകളെ കണ്ടെത്തിയിട്ടുമുണ്ട് ചിലതൊക്കെ അഫാറസൻസിൻറെ കാലയളവുമായി ഓവർലാപ് ചെയ്യുന്നവരുമാണ്. എല്ലാ ഉദാഹരണങ്ങളിലേക്കും കടക്കുന്നില്ല. അഫാറൻസിസ്‌ കൂടാതെ പല സ്പീഷീസുകളെ ഈ ജനുസ്സിൽ കണ്ടെത്തിയിട്ടുമുണ്ട്. എത്യോപ്യൻ പാലിയോ ആന്ത്രപ്പോളജിസ്റ്റായ യോഹനസ് ഹെയ്‌ലി സെലാസിയും  (Yohannes Haile-Selassie) സഹപ്രവർത്തകരും അഫാർ പ്രദേശത്ത് നിന്ന് തന്നെ കണ്ടെത്തിയ ഹോമിനിൻ ഫോസിലുകൾക്ക്  ലൂസിയോട് സാമ്യങ്ങൾ നിരവധിയാണെങ്കിലും തലയോട്ടിയുടെ ആകൃതിയിലും മുഖത്തെ അസ്ഥികളുടെയും പാദങ്ങളിലെ വിരലുകളുടെ ഘടനയിലും വ്യതിരിക്തത കാണമെന്നാണ് ഗവേഷകർ പറയുന്നത്. തന്നെയുമല്ല കെനിയാന്ത്രോപ്പസ് പ്ലാറ്റിയോപ്പ്, ഹോമോ  ജനുസ്സിലെ ആദ്യകാല മാതൃകകൾ എന്നിവയുടെയൊക്കെ ചില സവിശേഷതകൾ കാണാമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട്  3.3 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് എത്യോപ്യയിൽ ജീവിച്ചിരുന്ന ഈ മനുഷ്യ പൂർവ്വികർ  ഓസ്ട്രലോപിത്തേക്കസ് ഡെയിറെമെഡ ( Australopithecus deyiremeda) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഭാഗിക സാമ്പിളുകൾ  മാത്രമേ ലഭിച്ചിട്ടുള്ളൂ. ഓസ്ട്രലോപിത്തേക്കസ് അഫാറൻസിസിന്റെ അടുത്ത ബന്ധുവായി കണക്കാക്കപ്പെടുന്നു. ഇത് മറ്റൊരു സ്പീഷീസ് അല്ല അഫാറൻസിസ് തന്നെയാണെന്നും അതിൻറെ വിഭാഗത്തിൽ പെടുന്നതാവുമെന്നും വാദിക്കുന്ന നരവംശശാസ്ത്രജ്ഞരുമുണ്ട്.

1995-ൽ ദക്ഷിണാഫ്രിക്കയിലെ സ്റ്റെർക്ക്ഫോണ്ടെയ്‌നിലെ (Sterkfontein) ഗുഹാവ്യവസ്ഥയിൽ നിന്ന് കണ്ടെത്തിയ ഓസ്ട്രലോപിത്തേക്കസിന്റെ ഏതാണ്ട് പൂർണ്ണമായ ഫോസിൽ അസ്ഥികൂടത്തിന് നൽകിയ വിളിപ്പേരാണ് ‘ലിറ്റിൽ ഫൂട്ട്’. സ്പീഷീസ് അത്ര വ്യക്തമല്ല. മിക്ക ഗവേഷകരും ഇത് ഓസ്ട്രലോപിത്തേക്കസ് ആഫ്രിക്കാനസ് (Australopithecus africanus) ആയിരിക്കാമെന്ന് കരുതുന്നു. എന്നിരുന്നാലും, ചില ഗവേഷകർ ഇതിനെ ഓസ്ട്രലോപിത്തേക്കസ് പ്രോമിത്യൂസ് (Australopithecus prometheus)എന്ന് നാമകരണം ചെയ്തിട്ടുമുണ്ട്.പുതിയ ഡേറ്റിംഗ് സാങ്കേതികതയിലൂടെ 3.67 ദശലക്ഷം വർഷം പഴക്കമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അഫാരൻസിസ് പോലെ പഴക്കമുള്ളതാണ്. പാദത്തിൻറെയും കാൽ വിരലുകളുടെയും ഘടന നല്ല മലകയറ്റക്കാരാവാനുള്ള സാദ്ധ്യത കാണിക്കുന്നുണ്ട്.

ഏതാണ്ട് ഒരേ കാലയളവിലെ മറ്റ് ഹോമിനിൻ സ്പീഷീസുകളുടെ സാന്നിധ്യം മനുഷ്യപരിണാമത്തിൻറെ ഗതി സങ്കീർണ്ണമാക്കുന്നു എന്ന് പറയാം. അത് കൊണ്ട് സാദ്ധ്യത വളരെയധികമാണെങ്കിലും, ലൂസിയുടെ സ്പീഷീസിൽ നിന്ന് തന്നെയാണോ നമ്മുടെ ജനുസ്സായ ഹോമോ ഉരുത്തിരിഞ്ഞ് വന്നതെന്ന് പൂർണ്ണമായി ഉറപ്പിക്കാനാവില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ആലങ്കാരികഭാഷയിൽ പറഞ്ഞാൽ ലൂസി നമ്മുടെ ഒരു വല്യമ്മൂമ്മയാണോ വല്യമ്മായിയാണോ എന്ന് വളരെ കൃത്യമായി ഉറപ്പിക്കാനാവില്ല.

ലൂസിയുടെ പ്രശസ്തി 

ആധുനികമനുഷ്യലേക്കുള്ള ജൈവപരിണാമത്തിലെ ഒരു പ്രധാനകണ്ണിയായ  സ്പീഷീസിൽ നിന്ന് ലഭിക്കുന്ന ആദ്യത്തെ അസ്ഥികൂടമാണിത്. ഒറ്റപ്പെട്ട തലയോട്ടികൾ, മറ്റ് അസ്ഥിക്കഷണങ്ങൾ  എന്നിവയൊക്കെയിൽ നിന്നാണ് ആദ്യകാല ഹോമിനിനുകളെക്കുറിച്ച് അറിഞ്ഞിരുന്നത്. ലഭിച്ച ഫോസിലുകൾ അത്തരത്തിലുള്ളവയായിരുന്നു. എന്നാൽ അവയുമായി താരതമ്യം ചെയ്യുമ്പോൾ ലൂസി കൂടുതൽ പൂർണ്ണതയുള്ള ഫോസിലായിരുന്നു. ലൂസിയുടെ പ്രശസ്തിക്ക് ഒരു കാരണം  ഇതായിരുന്നു. ‘നമ്മുടെ പൂർവ്വികരെന്ന്’ പറയാവുന്ന, ഒരു പൗരാണിക ‘മനുഷ്യവംശത്തിലെ’ അംഗം അല്ലെങ്കിൽ മനുഷ്യസമാനജീവി. അതിൻറെ മൊത്തത്തിലുള്ള രൂപത്തെയും പൊക്കത്തെയും കുറിച്ച് ധാരണ നൽകാൻ കഴിയുന്ന ഒരു ഭാഗിക അസ്ഥികൂടം എന്നത് തന്നെ മികച്ച കണ്ടെത്തലായിരുന്നു. വിശേഷിച്ച്  ആദ്യകാല മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള ഇന്നത്തെ കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിന് മുമ്പുള്ള കണ്ടെത്തൽ എന്ന നിലയിൽ. മനുഷ്യ പരിണാമം പരിവർത്തനരൂപങ്ങളുടെ ആവിർഭാവവും അതിജീവനവും ഉൾപ്പെടുന്ന ക്രമാനുഗതമായ  ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രക്രിയയാണെന്ന ശാസ്ത്രീയ വീക്ഷണത്തെ ലൂസിയുടെ കണ്ടെത്തൽ പിന്തുണച്ചു.

പ്രശസ്തിക്കും ‘സെലിബ്രിറ്റി’ പദവിക്കും വേറെയും നിരവധി കാരണങ്ങളുണ്ട്. എത്യോപ്യക്കാർക്ക് ലൂസി അവരുടെ രാജ്യത്തിൻ്റെ പ്രതീകമാണ്. ലൂസി  ആഫ്രിക്കയിൽ നിന്നാണ് വന്നതെന്നതിലും ആഫ്രിക്ക മനുഷ്യരാശിയുടെ കളിത്തൊട്ടിലാണെന്നതിലും ആഫ്രിക്കൻ ജനതകൾ പൊതുവെ അഭിമാനിക്കുന്നു. ലൂസിയുടെ എത്യോപ്യൻ പേര് ഡിങ്കിനേഷ് (Dinkinesh) എന്നാണ്, “നിങ്ങൾ അത്ഭുതകരമാണ്” എന്നതിനെ വിവർത്തനം ചെയ്യാം. അഫാർ മേഖലയിലെ ആളുകൾ ലൂസിയെ “ഹീലോമാലി” (Heelomali) എന്ന് വിളിക്കുന്നു, അതിനർത്ഥം “അവൾ പ്രത്യേകതയുള്ളവളാണ്” എന്നാണ്. ലൂസിയുടെ കണ്ടെത്തൽ സമയത്ത്, പാലിയോആന്ത്രോപ്പോളജിയുടെ മേഖലയിലെ  ഒരു തിളങ്ങുന്ന നക്ഷത്രമായിരുന്നു ലൂസി. അന്ന് വരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമേറിയതും പൂർണ്ണവുമായ ഹോമിനിൻ അസ്ഥികൂടം. ആധുനിക മനുഷ്യമനുഷ്യരുടേത്  പോലെ വലിപ്പമുള്ള  മസ്തിഷ്കം പരിണമിക്കുന്നതിനുമുമ്പ് ഇരുകാലിൽ നിവർന്ന് നടക്കുന്ന രീതി പരിണമിച്ചു എന്നതിൻ്റെ തെളിവായിരുന്നു ലൂസി.

പിൻകുറിപ്പ് 

ലൂസിയും ലൂസിയുടെ സ്പീഷീസ് ആയ ഓസ്ട്രേലോപിത്തെക്കസ് അഫാറസൻസിസും പൊതുവെ  പരിചിതമായിക്കഴിഞ്ഞെങ്കിലും, പാലിയോ-ആന്ത്രോപോളജിസ്റ്റുകൾക്ക് ഇപ്പോഴും അറിയാത്തതും ജിജ്ഞാസയുള്ളതുമായ ഒരുപാട് കാര്യങ്ങൾ അവശേഷിക്കുന്നു. അവർ ഭൗമശാസ്ത്രപരമായി എവിടെയൊക്കെ വ്യാപിച്ചിരുന്നു എന്നതാണ് ഒരു കാര്യം. ബയോജോഗ്രാഫിക് പരിധി അറിയേണ്ടതുണ്ട് എന്ന് സാങ്കേതികമായി പറയാം. അവരുടെ ഫോസിലുകൾ തെക്ക് ടാൻസാനിയ വരെയും പടിഞ്ഞാറ് ഛാഡ് വരെയും കണ്ടെത്തിയിട്ടുണ്ട്, എന്നാൽ അവർക്ക്  കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിഞ്ഞിരുന്നോ? ഇത്രവിശാലമായ ഭൂമിശാസ്ത്രപരമായ ശ്രേണി സൂചിപ്പിക്കുന്ന ഒരു കാര്യം, അടഞ്ഞതും കാടുകൾ  നിറഞ്ഞതുമായ പ്രദേശങ്ങൾ മുതൽ കൂടുതൽ തുറന്നതും വരണ്ടതുമായ വിവിധ ആവാസവ്യവസ്ഥകളിൽ അവർ ജീവിച്ചിരുന്നതായാണ്. നമ്മൾ ഈ സ്പീഷീസിന് പേര് നൽകുകയും  ലൂസിയെ ഒരു പരിണാമ ചിഹ്നമായി ആഘോഷിക്കുകയും ചെയ്തു, എന്നാൽ നമ്മുടെ പുരാതന കുടുംബത്തിലെ ഈ അംഗങ്ങളെ നമ്മൾ ശരിക്കും മനസ്സിലാക്കാൻ തുടങ്ങിയിട്ടേയുള്ളൂ. ലൂസിയുടെ അസ്ഥികൂടം കണ്ടെത്തി 40 വർഷങ്ങൾക്ക് ശേഷം കിഴക്കൻ ആഫ്രിക്കയിൽ പുതിയ കണ്ടെത്തലുകളും അതോടൊപ്പം പുതിയ നിഗൂഢതകളും വെളിച്ചത്തുവരുന്നു. ഇത് തെളിയിക്കുന്നത് മനുഷ്യോത്ഭവത്തെക്കുറിച്ചുള്ള കഥ അവസാനിച്ചിട്ടില്ല എന്നാണ്.


റഫറൻസുകൾ

  1. Bernard Wood, The Lucy Fossil’s Extraordinary Journey to Becoming an Icon of Human Evolution, Scientific American, November 10, 2024 >>>
  2. Schrein, C. M. (2015) Lucy: A marvelous specimen. Nature Education Knowledge 6(7):2 >>>
  3. Ann Gibbons, Lucy’s world: Was Lucy the mother of us all? Fifty years after her discovery, the 3.2-million-year-old skeleton has rivals, Science, 4 Apr 2024 >>>
  4. Feldesman, M. R. & Lundy, J. K. Stature estimates for some African Plio-Pleistocene fossil hominids. Journal of Human Evolution 17, 583-596 (1988). >>>
  5. Jablonski, N. G. & Chaplin, G. The evolution of human skin coloration. Journal of Human Evolution 39, 57-106 (2000). >>>
  6. Johanson, D. C. & Edey, M. A. Lucy: The beginnings of humankind. New York, NY: Simon and Schuster (1981).

അധിക വായനയ്ക്ക്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലോസ് ഏഞ്ചൽസിലെ  കാട്ടുതീ : ഉത്തരവാദിത്തം ആർക്ക്?  
Close