ഡോ. മിഥുന്‍ സിദ്ധാര്‍ത്ഥന്‍
ജീവശാസ്ത്രചിന്തയുടെ സമകാലികചരിത്രത്തെ സർഗ്ഗാത്മമായ വിചാരസാഹസം കൊണ്ട് പ്രക്ഷുബ്ധമാക്കിയ ധിഷണാശാലിയാണ് സ്റ്റീഫൻ ജയ് ഗോൾഡ്. പരിണാമ സിദ്ധാന്തത്തിൽ നൽകിയ സവിശേഷ സംഭാവനകൾക്കൊപ്പം തന്നെ പ്രസക്തമാണ് ജ്ഞാനോല്പാദന പ്രകിയയുടെ രീതിശാസ്ത്രപരവും തത്വചിന്താപരവുമായ മണ്ഡലങ്ങളിൽ അദ്ദേഹം സൃഷ്ടിച്ച സൂക്ഷ്മമായ ഉൾക്കാഴ്ചകൾ.
ജീവശാസ്ത്രചിന്തയുടെ സമകാലികചരിത്രത്തെ സർഗ്ഗാത്മമായ വിചാരസാഹസം കൊണ്ട് പ്രക്ഷുബ്ധമാക്കിയ ധിഷണാശാലിയാണ് സ്റ്റീഫൻ ജയ് ഗോൾഡ്, അമേരിക്കൻ ഐക്യനാടുകളുടെ കോൺഗ്രസ്സ്, ജീവിച്ചിരിക്കുന്ന ഇതിഹാസം (living legend) എന്ന പദവി നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. വളരെ അപൂർവ്വമായി മാത്രം നൽകപ്പെടുന്ന ഈ ബഹുമതി വ്യവസ്ഥാവിരുദ്ധനായ ഒരു ചിന്തകനായും പ്രക്ഷോഭകാരിയായിപ്പോലും കരുതപ്പെട്ടിരുന്ന ഗോൾഡിന് ലഭിച്ചു എന്നത് അദ്ദേഹത്തിന്റെ ധൈഷണിക സംഭാവനകളുടെ മഹത്ത്വത്തെയാണ് രേഖപ്പെടുത്തുന്നത്.
പരിണാമ സിദ്ധാന്തത്തിൽ മൗലികമായ സംഭാവനകൾ ഉല്പാദിപ്പിച്ച ഗോൾഡിന്റെ പ്രാഥമികമായ പഠനവിഷയം പാലിയന്റോളജിയായിരുന്നു. ശാസ്ത്രത്തിന്റെ ചരിത്രത്തെക്കുറിച്ചും അതിന്റെ സാമൂഹ്യ മാനങ്ങളെക്കുറിച്ചും ഗൗരവമായ അന്വേഷണങ്ങളും ഗോൾഡ് നടത്തിയിരുന്നു. വംശീയതാ വിരുദ്ധ സമരങ്ങളിലും യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിലും പങ്കെടുത്തിരുന്ന ഗോൾഡ്, നിലവിലുണ്ടായിരുന്ന സമൂഹത്തിലെ പലവിധമായ അനീതികളെക്കുറിച്ചും അസമത്വങ്ങളെക്കുറിച്ചും ബോധവാനുമായിരുന്നു. അത്തരം അസമത്വങ്ങൾ (വംശീയമായ വേർതിരിവ്, ദരിദ്ര ജനവിഭാഗങ്ങളിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ തുടങ്ങിയവ) ജീവശാസ്ത്രപരമായ സ്വാഭാവികതയാണെന്ന് അനുമാനിക്കുന്ന സിദ്ധാന്തങ്ങളെ ശാസ്ത്രീയമായി പരിശോധിക്കുകയും വിമർശനവിധേയമാക്കുകയും ചെയ്യുന്നതിൽ ഗോൾഡ് ജാഗരൂകനായിരുന്നു.
പരിണാമ സിദ്ധാന്തത്തിൽ നൽകിയ സവിശേഷ സംഭാവനകൾക്കൊപ്പം തന്നെ പ്രസക്തമാണ് ജ്ഞാനോല്പാദന പ്രകിയയുടെ രീതിശാസ്ത്രപരവും തത്വചിന്താപരവുമായ മണ്ഡലങ്ങളിൽ അദ്ദേഹം സൃഷ്ടിച്ച സൂക്ഷ്മമായ ഉൾക്കാഴ്ചകൾ. കാൾ പോപ്പറിനെപ്പോലുള്ള ശാസ്ത്രത്തിന്റെ തത്വചിന്തകൾ നിർവ്വഹിച്ച രീതിയിലുള്ള വ്യവസ്ഥാപിതമായൊരു ദാർശനിക സംഭാവനയല്ല ഗോൾഡിന്റത്. പ്രാഥമികമായും അദ്ദേഹം ഒരു ശാസ്ത്രജ്ഞനായിരുന്നു. സവിശേഷ വസ്തുതകളുടെ ശാസ്ത്രീയ വിശകലനത്തിലൂടെ ലഭ്യമാവുന്ന ഉൾക്കാഴ്ചകളെ, ഉചിതമായ രീതിയിൽ സാമാന്യവൽക്കരിച്ചുകൊണ്ടാണ് ഗോൾഡ് ഈ മേഖലകളിൽ ഇടപെട്ടിരുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ജ്ഞാനശാസ്ത്രപരമായ സംഭാവനകൾ പലയിടത്തായി ചിതറിക്കിടക്കുന്ന ഒന്നാണ്.
ജ്ഞാനോല്പാദനത്തിന്റെ സാമൂഹ്യ സ്വഭാവം
ജ്ഞാനോല്പാദനം പ്രാഥമികമായും ഒരു മാനുഷികവൃത്തിയാണ് (Human Activity). അതുകൊണ്ടു തന്നെ അതിന് ഒരു സാമൂഹ്യ സ്വഭാവം ഉണ്ടായിരിക്കുകയും ചെയ്യും. ഒരു സമൂഹം അന്നോളം സമാഹരിച്ച ആർജ്ജിത വിജ്ഞാനത്തിന്റെയും ബോധപൂർവ്വമല്ലാതെ സ്വാംശീകരിച്ച ചില സാംസ്കാരിക മൂല്യങ്ങളുടെയും പശ്ചാത്തലത്തിലാണ് മനുഷ്യർ അറിവു നിർമ്മിക്കുന്ന പ്രക്രിയയിലേക്ക് കടന്നു വരുന്നത്. അതുകൊണ്ടു തന്നെ, ഈ പശ്ചാത്തലത്തിന്റെ സ്വാധീനം അവരുടെ ജ്ഞാനോല്പാദന പ്രക്രിയയിൽ പലയളവിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. എല്ലാത്തരം മുൻധാരണകളിൽ നിന്നും മുക്തമായ ശുദ്ധ ജ്ഞാനോല്പാദനം അഭികാമ്യമായ ഒരു ആശയമാണ്. പക്ഷേ മിക്കപ്പോഴും അത് അപ്രാപ്യവുമാണ്.
ശാസ്ത്രീയ അന്വേഷണങ്ങളെ സാമൂഹ്യപ്രവണതകൾ എങ്ങനെ സ്വാധീനിക്കുന്നു എന്നു ചൂണ്ടിക്കാണിക്കുന്നതിനൊപ്പം തന്നെ രീതിശാസ്ത്രപരമായ ചർച്ചകളിൽ ഉൾപ്പെടുത്താൻ സാധ്യമായ മാനവികമായ ജ്ഞാനസ്രോതസ്സുകളായ ഭാവന, Intution മുതലായവയുടെ പ്രാധാന്യം കൂടി ഗോൾഡ് ഇവിടെ വ്യക്തമാക്കുന്നുണ്ട്, ജ്ഞാനോത്പാദന പ്രക്രിയയിൽ നാം അനിവാര്യമായും മുന്നോട്ടുവെയ്ക്കേണ്ടുന്ന -ഗവേഷണപ്രശ്നത്തേയും (Research Question) വസ്തുതകളുടെ വിശകലനത്തെയും നിലവിലിരിക്കുന്ന സാമൂഹ്യധാരണകൾ എങ്ങനെയൊക്കെ സ്വാധീനിക്കാമെന്നതിന് ഗോള്‍ഡ് ഉപയോഗിച്ച ചില ജ്ഞാന സന്ദർഭങ്ങളെ നമുക്കിവിടെ പരിശോധിക്കാം.
കടപ്പാട് PAUL D STEWART / SCIENCE PHOTO LIBRARY
ക്രാനിയോമെട്രി
മസ്തിഷ്ക്കവും ബുദ്ധിയും ധിഷണപരമായ ശേഷികളെയും കുറിച്ചുള്ള ഈ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ അന്വേഷളുടെ ഒരു പ്രധാനരീതി ക്രാനിയോമെട്രി അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. തലച്ചോറിന്റെ വിവിധഭാഗങ്ങളുടെ വലിപ്പവുമായി ബന്ധപ്പെടുത്തി ഇത്തരം ശേഷികള്‍ വിലയിരുത്തുക എന്നതാണ് വിശാലമായ അർത്ഥത്തിൽ ഇതിന്റെ അടിസ്ഥാനാപരമായ ആശയം. തലയോട്ടിയുടെ ഉയർച്ച താഴ്ചകൾ മുതൽ കോർപ്പസ് കലോസത്തിന്റെ വിവിധ ഭാഗങ്ങളുടെ വലിപ്പം വരെ ഇത്തരം പഠനങ്ങൾ പരിശോധിക്കാറുണ്ട്. അത്തരമൊരു പഠനത്തെ ഗോൾഡ് പരിശോധിക്കുന്നു. റോബർട്ട് ബെന്നറ്റ് ബീൻ (Robert Bennett Bean) അമേരിക്കയിലെ കറുപ്പും വെളുപ്പും വർഗ്ഗക്കാരുടെ തലച്ചോറുകൾ താരതമ്യം ചെയ്തു. കൂടുതൽ കൃത്യമായി പറഞ്ഞാൽ കോർപ്പസ് കലോസത്തിന്റെ വിവിധ ഭാഗങ്ങളുടെ വലിപ്പം രണ്ടു ഗ്രൂപ്പിലും താരതമ്യം ചെയ്തു. ഉയർന്ന മാനസിക ധൈഷണിക ശേഷികൾ തലച്ചോറിന്റെ മുൻഭാഗത്താണ് സ്ഥിതി ചെയ്യുന്നത് എന്നത് ക്രാനിയോമെട്രിയുടെ അടിസ്ഥാന ധാരണകളിലൊന്നായിരുന്നു. അദ്ദേഹം കോർപ്പസ് കലാസത്തിന്റെ മുൻ വശത്തുള്ള ജെനു (Genu) വിന്റെയും പുറകുവശത്തുള്ള പ്ലീനിയത്തിന്റെയും നീളങ്ങൾ പരിശോധിച്ചു. അദ്ദേഹത്തിന്റെ കണ്ടെത്തൽ ഇങ്ങനെയായിരുന്നു; കറുത്ത വർഗ്ഗക്കാരിലും സ്ത്രീകളിലും ജനുവിന്റെ വലിപ്പം കുറവാണ്. അതുകൊണ്ട് തന്നെ അവരുടെ ധൈഷണിക പിന്നോക്കാവസ്ഥ ജീവശാസ്ത്രപരവു മായിരിക്കും. മാത്രമല്ല ഫ്രണ്ടൽ ബ്രയിൻ ഭാഗങ്ങൾ വെളുത്തവർഗ്ഗക്കാരിൽ കൂടുതൽ വലുതാണെന്നും കറുത്ത വർഗ്ഗക്കാരിൽ താരതമ്യേന ചെറുതാണെന്നും അദ്ദേഹം കണ്ടെത്തി. മാത്രമല്ല ഈ കാരണങ്ങൾ കൊണ്ട് കറുത്ത വർഗ്ഗക്കാർ മനുഷ്യനും ഒറാങ് ഉട്ടാനുമിടയിലുള്ള ഒരു കൂട്ടമായിരിക്കുമെന്നുകൂടി സിദ്ധാന്തിക്കാൻ അദ്ദേഹം മടിച്ചില്ല. (A Bean, Some Racial peculiarities of the brain, American Journal of Anatomy,519
ക്രാനിയോമെട്രി പഠനങ്ങളിലെ പ്രധാനപ്പെട്ട ഒരു ഏകകം തലച്ചോറിന്റെ മൊത്തത്തിലുള്ള വലിപ്പമാണ്. ബീനിന്റെ പഠനത്തില്‍ അദ്ദേഹം കണ്ടെത്തിയത് തലച്ചോറിന്റെ വലിപ്പത്തില്‍ രണ്ടു ഗ്രൂപ്പുകളും വലിയ വ്യത്യാസം ഇല്ല എന്നതാണ്. പ്രധാനപ്പെട്ട ഈ വസ്തുത, കോര്‍പ്പസ് കലോസത്തിന്റെ അളവുകളുടെ വ്യത്യാസത്തിനെ പ്രസക്തമാക്കുന്നുണ്ടെങ്കിലും അതില്‍ നിന്നും കറുത്തവര്‍ഗക്കാര്‍ ബുദ്ധിപരമായി പിന്നോക്കമാണ് എന്ന് സ്ഥാപിക്കാനുള്ള യുക്തിയെ ചോദ്യം ചെയ്യുന്നുണ്ട്. ബീന്‍ ഉന്നയിച്ച വാദം ഇതാണ്, അനാഥമായിക്കിടന്ന ശവശരീരങ്ങളാണ് അദ്ദേഹം പരിശോധന വിധേയമാക്കിയത്. കറുത്ത വര്‍ഗക്കാരെ അപേക്ഷിച്ച് താഴ്ന്ന സാമൂഹിക സാമ്പത്തിക നിലവാരത്തിലുള്ള വെളുത്ത വര്‍ഗക്കാര്‍ മാത്രമേ അങ്ങനെ മൃതശരീരം അനാഥമായി ഉപോക്ഷിക്കൂ. അവര്‍ക്ക് ഉയര്‍ന്ന ധൈഷണികശേഷികള്‍ കുറവാണ്. അവരുടെ തലച്ചോർ അതുകൊണ്ടു വലിപ്പം കുറഞ്ഞതുമായിരിക്കും എന്ന സാമാന്യ ധാരണയാണ് ഈ ശാസ്ത്രീയ അന്വേഷണത്തിന്റെ ഫലത്തെ വിശദീകരിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് എന്നു കാണാൻ സാധിക്കും. നമ്മുടെ കാലഘട്ടത്തിന്റെ ദീർഘ ദൂരത്തു നിന്ന് നോക്കുമ്പോൾ കാനിയാമെടിയുടെയും വംശീയമായ ശാസ്ത്ര നിഗമനങ്ങളുടെയും പ്രശ്നങ്ങൾ രീതിശാസ്ത്രപരമായ സൂക്ഷ്മതകൊണ്ട് അനായാസം പരിഹരിക്കാവുന്ന ഒന്നായി താന്നാം. പക്ഷേ അന്നത്തെ യാഥാർത്ഥ്യം ദൗർഭാഗ്യവശാൽ മറിച്ചായിരുന്നു. നിരന്തര നവീകരണക്ഷമമായ ശാസ്ത്രം അതു മറികടന്നു മുന്നേറി എന്നുള്ളതും ഇവിടെ ഓർക്കേണ്ടതുണ്ട്.
(ബീനിന്റെത് താരതമ്യേന എളുപ്പം കണ്ടുപിടിക്കാവുന്ന പിഴവുകളാണ്. കൂടുതൽ സൂക്ഷ്മമായി അന്വേഷണങ്ങൾ നിർവഹിച്ചിരുന്ന ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങളിൽ ഇത്തരം മുൻവിധി എങ്ങനെ അബോധപൂർവ്വം പ്രവർത്തിക്കുന്നു എന്ന് ഗോള്‍ഡ്- Mismeasure of Man, ല്‍ വിശദമായി എഴുതുന്നുണ്ട്. വിവരിക്കാൻ ഏറ്റവും അനായാസമായത് എന്ന കാരണം കൊണ്ടാണ്, ബീനിന്റെ ഉദാഹരണം ഇവിടെ ഉപയോഗിച്ചത്.)
Arther jensen ന്റെ IQ പഠനങ്ങളിൽ അദ്ദേ ഹത്തിന് IQ ഉം തലച്ചോറിന്റെ വലിപ്പവും തമ്മിൽ 0.30 എന്ന കറക്ഷൻ ലഭിച്ചു. IQ ഉം ഉയരവും തമ്മിൽ 0.25 എന്ന കോറിലേഷനും ലഭിച്ചു. ഈ പഠനങ്ങൾ നടക്കുന്നത് 1970 കളിലാണ്. (A.R. Jensen,Bias in mental testing Newyork: Freepress 1979) PP, 3, 61-62)
അദ്ദേഹം IQ-ഉം തലച്ചോറിന്റെ വലിപ്പവും തമ്മിലുള്ള ബന്ധം അനായാസം അംഗീകരിച്ചുകൊണ്ടും എന്നാല്‍ ഉയരവുമായുള്ള ബന്ധം അപ്രസക്തമാണ് എന്നുള്ള തരത്തിലുമാണ് നിഗമനം മുന്നോട്ടു വയ്ക്കുന്നത്. ശുദ്ധമായ വസ്തുത പരിശോധിച്ചാൽ രണ്ടിനും (മസ്തിഷ്ക്ക വലിപ്പത്തിനും, ഉയരത്തിനും) IQവുമായുള്ള കോറിലേഷൻ ഏറെക്കുറെ സമാനമാണ് (0.3, 0.25), മസ്തിഷ്ക്കവും ബുദ്ധുപരമായ കഴിവുകളും തമ്മിലുള്ള ജീവശാസ്ത്രപരമായ ബന്ധം അത്തരമൊരു നിരീക്ഷണത്തെ സാധൂകരിക്കുന്നുമുണ്ട്. അതേസമയം തന്നെ ഉയരവുമായി ഈ പഠനത്തിൽ ലഭിച്ച സമാനമായ കോറിലേഷൻ ഗവേഷകനും , ഒരുപക്ഷേ നമ്മളും, കൂടുതൽ പരിശോധിക്കാൻ ശ്രമിച്ചെന്നു വരില്ല. ശരീരവലിപ്പം മസ്തിഷ്ക്ക വലിപ്പത്തെ സ്വാധീനിക്കുന്നു എന്നത് വസ്തുതയാണ്. ശരീരവലിപ്പം IQ വുമായി കോറിലേറ്റു ചെയ്യുന്നു എന്നുള്ളത് ശരീര വലിപ്പത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾക്ക് (പോഷണം മുത ലായവ) IQ വുമായി സാധ്യമായേക്കാവുന്ന ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്കും അന്വേഷണങ്ങളിലേക്കും നമ്മെ നയിക്കേണ്ടതുണ്ട്. ദാരിദ്ര്യവും സാമൂഹ്യ പിന്നാക്കാവസ്ഥയും പോഷണത്ത ബാധിക്കുന്നതുകൊണ്ട് അത്തരം സംഗതികൾക്ക് ബുദ്ധിശക്തിയെ സ്വാധീനിക്കാൻ കഴിയും. ഈ സന്ദർഭത്തിൽ ഒരു സാങ്കല്പിക ഉദാഹരണം പരിഗണിക്കുക. സാമൂഹ്യ പിന്നോക്കാവസ്ഥ ഉള്ളതും ഇല്ലാത്തതുമായ രണ്ടു ഗ്രൂപ്പുകളുടെ IQ താരതമ്യം ചെയ്യുമ്പോൾ സാമൂഹ്യ പിന്നോക്കാവസ്ഥയുള്ള ഗ്രൂപ്പിന്റെ ശരാശരി കുറവാണ് എന്നു കിട്ടി. ഇ നിരീക്ഷണത്തെ വിശദീകരിക്കാൻ ശ്രമിച്ചു തുടങ്ങുമ്പോൾ നമ്മുടെ സാമൂഹ്യവും സാംസ്കാരികവുമായ ചില മുൻധാരണകൾ നാമറിയാതെ നമ്മുടെ വിശകലനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. IQ എന്ന മാനകം ബുദ്ധി ശക്തിയെ ഏറെക്കുറെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നു എന്നും ബുദ്ധി ശക്തി മസ്തിഷ്ക്കാധിഷ്ഠിതമാണ് എന്നും അതു പ്രാഥമികമായി നിർണ്ണയിക്കപ്പെടുന്നത് ജനിതകഘടനകള്‍ കൊണ്ടാണ് എന്നുമുള്ള തീർത്തും ശരിയായ ധാരണകളുടെ വെളിച്ചത്തിൽ നിന്നു മാത്രമേ ഇത്തരമൊരു നിരീക്ഷണത്തെ ശാസ്ത്രീയമായി വിശകലനം കഴിയൂ. പക്ഷെ സാമൂഹ്യമായ പിന്നാക്കാവസ്ഥ പലവിധ കാരണങ്ങളിലൂടെ ജീവശാസ്ത്രപരമായ ഘടകങ്ങളുടെ വികാസത്തെ സ്വാധീനിക്കുന്നു എന്ന താരതമ്യേന ലളിതമായ വസ്തുതക്ക് ആവശ്യാനുസരണമായ പരിഗണനകൊടുത്തുകൊണ്ട് ഈ വിശകലനം നിർവ്വഹിക്കുന്നതില്‍ നിന്നും ജീവശാസ്ത്ര നിർണ്ണയ വാദവും (Biological determinism) അതിന്റെ സാംസ്കാരിക സ്വാധീനവും നമ്മെ തടയാന്‍ സാധ്യതയുണ്ട്.
മുകളിൽ പറഞ്ഞ സാങ്കല്പിക ഉദാഹരണത്തിനും അതിന്റെ വിശകലനത്തിനും കൗതുകകരമായ ഒരു അനുബന്ധം ശാസ്ത്രത്തിന്റെ ചരിത്രത്തിലുണ്ട്. “The Bell Curve: Intelligence and class structure in American life) എന്ന 1994 ൽ പുറത്തിറങ്ങിയ പുസ്തകം (റിച്ചാര്‍ഡ് ഹർൺസ്റ്റെയിനും ചാൾസ് മുറെയും ചേർന്ന് എഴുതിയത്) ശ്രദ്ധ പിടിച്ചു പറ്റുന്നത്, വിഷയാന്വേഷണത്തിലും വിശകലനത്തിലും വന്നുപെട്ട വളരെ പ്രകടമായ മുന്‍ധാരണകളുടെയും പരിമിതികളുടെയും പശ്ചാത്തലത്തിലായിരുന്നു. അത്തരം ധാരണകളുടെ അടിസ്ഥാനത്തിൽ അവര്‍ നിർദ്ദേശിച്ച സാമൂഹ്യനയസമീപനങ്ങളും വിവാദപരമായിരുന്നു.
സാമുഹ്യസ്വാധീനത്തെക്കുറിച്ചുള്ള ഈ ആശയം ദീർഘമായി ചർച്ച ചെയ്തത് വേണ്ടെത്ര ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലാത്ത വസ്തുതകളെ രാഷ്ട്രീയ സാമ്പത്തിക നിലപാടുകളുടെ സാധൂകരണമായി ഉപയോഗിക്കുന്ന പ്രവണത ഇപ്പോഴും സജീവമാണ് എന്നതു കൊണ്ടാണ്. കേവലം നൂറ്റാണ്ടുകൾ മാത്രം പഴക്കമുള്ള മുതലാളിത്ത വ്യവസ്ഥയുടെ പ്രവണതകളാണ് അടിസ്ഥാനപരമായ മാനുഷിക സ്വഭാവ (Human nature) ങ്ങളുമായി പൊരുത്തപ്പെട്ട പോകുന്നതെന്നുള്ള അശാസ്ത്രീയമായ അവകാശവാദങ്ങൾ പല രൂപത്തിൽ ശാസ്ത്രീയമായ ആധികാരികത ഉള്ളവ എന്ന നിലക്ക് നമ്മുടെ സാമാന്യ ബോധത്തിൽ ഉൾച്ചേർന്നിരിക്കുന്നതായി കാണാൻ വിഷമമില്ല. അതുകൊണ്ടു തന്നെ വ്യവസ്ഥയെ മറികടന്നു പോകാനുള്ള അന്വേഷണങ്ങളെ ഇത്തരം കപടശാസ്ത്രീയ വാദങ്ങൾ കൊണ്ട് വഴിതിരിച്ചു വിടാനും കഴിയാറുണ്ട്. ഇതിന്റെ അർത്ഥം നാം ആഗ്രഹിക്കുന്ന അല്ലെങ്കിൽ ശരി എന്നു കരുതുന്ന സാമൂഹ്യ രാഷ്ട്രീയ നിലപാടുകൾക്ക് അനുസൃതമായി ശാസ്ത്രീയ വസ്തുതകളെ പരുവപ്പെടുത്തുക എന്നതല്ല. വസ്തുനിഷാമായ യാഥാർത്ഥ്യത്തെ അതേ രൂപത്തിൽ തന്നെ മനസ്സിലാക്കുന്നതിൽ നിന്നും നമ്മെ തടയാൻ അത്തരം നിലപാടുകളെ അനുവദിക്കുന്നത് ദുരന്തങ്ങൾ വരുത്തി വയ്ക്കും (ലൈസങ്കോയിസം പോലുള്ള അസംബന്ധങ്ങൾ). മറിച്ച് പുതിയ തരത്തിലുള്ള ഗവേഷണ പ്രശ്നങ്ങൾ (Research Question) ഉന്നയിക്കാനും നിലവിലുള്ള അന്വേഷണങ്ങളില്‍ വന്നു ഭവിച്ചേക്കാവുന്ന സാമൂഹ്യമായ മുൻവിധികളുടെ ശേഷിപ്പുകളെ ചിട്ടയായി പരിശോധിക്കാനുമായിരിക്കണം അത്തരമൊരു കാഴ്ചപ്പാട് നാമുപയോഗിക്കുന്നത്.
ശാസ്ത്രഭാവനയും സാംസ്കാരിക സ്വാധീനങ്ങളും
- ഓരോ കാലഘട്ടത്തിലും ശാസ്ത്രീയമായി വികസിപ്പിച്ചെടുക്കുന്ന പല ആശയങ്ങൾക്കും ആ കാലത്തെ സംസ്കാരവുമായും സാങ്കേതിക വിദ്യയുമായും ബന്ധമുണ്ടാകും. ന്യൂറോ ശാസ്ത്രജ്ഞനായ സ്റ്റീവൻ റോസ് മസ്തിഷ്കത്തെ കുറിച്ചുള്ള വിവിധ സങ്കല്പനങ്ങളെ സമകാലികമായ സാങ്കേതിക വിദ്യാവികാസവുമായി ബന്ധപ്പെടുത്തി. ഓര്‍മ്മയുടെ രൂപകങ്ങള്‍ (Metaphors of Memmory) എന്ന രീതിയില്‍ വിശകലനം ചെയ്യുന്നുണ്ട്. ഡെകാര്‍ത്തിയന്‍ കാലഘട്ടത്തില്‍ യന്ത്രം എന്ന രീതിയിലും ഷെറിംങ്ടണ്‍ ഒരു തറി എന്ന മാതൃകയിലും, പിന്നീട് ടെലഫോണ്‍ എക്സ്ചേഞ്ചിന്റെ വിവരവിനിമയ രീതികളോട് താരതമ്യപ്പെടുത്തിയും പല സമയങ്ങളില്‍ തലച്ചോറിനെ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കാള്‍ പ്രിബമിന്റെ ഹോളാണമിക് ബ്രയിന്‍ സിദ്ധാന്തങ്ങള്‍ ഹോളോഗ്രാം സാങ്കേതികവുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ കാലത്ത് കമ്പ്യൂട്ടറാണ് മസ്തിഷ്കത്തെ മനസ്സിലാക്കാന്‍ നാമുപയോഗിക്കുന്ന രൂപകം. കമ്പ്യൂട്ടേഷണല്‍ ന്യൂറോസയന്‍സ് അധിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പഠനശാഖയുമാണ്.
- ശാസ്ത്രമേഖലയിൽ പൊതുസമ്മതി നേടിയ ഒരാശയം പലപ്പോഴും യുക്തിരഹിതമെന്നു തോന്നുന്ന രീതിയിൽ പുതിയ വസ്തുതാന്വേഷണങ്ങളെ തടസ്സപ്പെടുത്താറുണ്ട്. പരിണാമസിദ്ധാന്തത്തിലെ പ്രബലമായ ഒരു കാഴ്ച്പ്പാടാണ് ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ചുള്ള കാഴ്ചപ്പാടാണ് ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ചുള്ള അതിജീവനത്തിനു വേണ്ടിയുള്ള മത്സരവും അതിൽ കൂടുതൽ അനുകൂലനങ്ങൾ സ്വായത്തമാക്കിയ ജീവികളുടെ പ്രത്യല്പാദനപരമായ വിജയവും തുടർച്ചയും.
മൈറ്റോകോൺഡിയയെ പറ്റിയുള്ള ലിൻ മാർഗ്ഗുലിസിന്റെ (Lynn Margulis) എന്റോസിംബയോട്ടിക് സിദ്ധാന്തം ഒരു സഹകരണാധിഷ്ഠിത സിംബയോട്ടിക് മോഡൽ മുന്നോട്ടു വച്ചപ്പോൾ അതിന്റെ ആദ്യകാല സ്വീകാര്യത പ്രയാസകരമാക്കിയത് നിലവിലുണ്ടായിരുന്ന ധാരണകളുമായി ഈ കാഴ്ചപ്പാടിനുണ്ടായിരുന്ന മൗലികമായ വിച്ഛേദമായിരുന്നു. പരിണാമ ശാസ്ത്രത്തിൽ അയവില്ലാത്ത വിധം ദൃഢമായ ചില നിലപാടുകൾ – ultradarwinism എന്ന കാഴ്ച്ചപ്പാടിന്റെ രൂപത്തിൽ പലരിലും ഉറച്ചുപോയതിന്റെ ഒരു പരിണിതഫലം കൂടിയായിരുന്നു ഇത്. എർത്ത് സിസ്റ്റംസ് സയൻസിൽ ജയിംസ് ലവ്ലോക്ക് മുന്നോട്ടുവച്ച ആശയങ്ങൾക്കും സമാനമായ പ്രതിസന്ധി നേരിടേണ്ടി വന്നു.
ഗോൾഡും പരിണാമശാസ്ത്രവും
പരിണാമത്തിൽ മാറ്റങ്ങൾ വളരെ പതുക്കെ ക്രമാഗതമായി മാത്രം നടക്കുന്നു എന്ന കാഴ്ചപ്പാടിനാണ് പ്രാമുഖ്യം. ഗ്രാഡുലിസം എന്നാണ് ഇത് അറിയപ്പെടുന്നത്. ഡാർവിന്റെ ജീവിതകാലഘട്ടത്തിലെ സവിശേഷ സാമൂഹ്യ സാഹചര്യങ്ങൾ മാറ്റത്തിന്റെ ഒരു മാതൃക എന്ന എന്ന നിലയ്ക്ക് “ഗ്രാഡുലിസം’ എന്ന സങ്കല്‍പത്തെ സാധ്യമാക്കാൻ സഹായിച്ചോ എന്ന് ഗോള്‍ഡ് നീല്‍സ് എല്‍ഡ്രഡ്ജിനോടൊപ്പം (Niles Eldredge) പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പരിശോധിക്കുന്നുണ്ട്.
എന്നാല്‍ ചില ഫോസിൽ തെളിവുകൾ മറ്റു തരത്തിലുള്ള പരിണാമ പ്രക്രിയകളുടെ സാന്നിധ്യത്തെ കുറിച്ചും സൂചിപ്പിക്കുന്നുണ്ട് എന്ന സിദ്ധാന്തം ഗോള്‍ഡ് നീൽസ് എൽ ഡ്രഡ്ജിനൊപ്പം Punctuated equilibrium എന്ന പേരില്‍ ആവിഷ്കരിക്കുകയുണ്ടായി.
ജീവിവര്‍ഗങ്ങള്‍ അനുകൂലനങ്ങളെ സമാഹരിച്ചുകൊണ്ടാണ് പരിണാമപ്രക്രിയയിൽ മുന്നോട്ടു പോകുന്നത്. ഈ കാഴ്ചപ്പാടിനെ ഗോള്‍ഡ് അഡാപ്റ്റേഷനിസ്റ്റ് പ്രോഗ്രാം എന്നു വിളിച്ചു. എന്നാല്‍. പ്രകൃതിനിർദ്ധാരണം തത്തിന്റെ എന്ന പരിണാമത്തിന്റെ പരമപ്രധാനമായ ചാലക ശക്തി കൂടാതെ മറ്റു ചില ഘടകങ്ങൾ കൂടി പരിണാമ പ്രക്രിയയിൽ സാധ്യമാണെന്ന് ഗോൾഡ് കണ്ടെത്തി. ജീവികളുടെ ഘടനാപരമായ പരിമിതികൾ പലപ്പോഴും പ്രകൃതിനിർദ്ധാരണത്തിനെ സ്വാധീനിക്കുന്നു എന്ന് ഗോൾഡ് സിദ്ധാന്തിച്ചു. (റിച്ചാർഡ് ലെവാണ്ടിനുമായി ചേർന്നുള്ള -പ്രബന്ധം.) കൂടാതെ മറ്റാവശ്യങ്ങൾക്കായി പരിണാമ പ്രക്രിയയിൽ വികസിച്ചു വന്ന അനുകൂലനങ്ങൾ തീർത്തും വ്യത്യസ്തമായ കാര്യങ്ങൾക്ക് ഉപയോഗപ്പെടുമെന്നും ഗോൾഡ് കണ്ടെത്തി. Exaptation എന്നാണ് ഇത്തരം അനുകൂലനങ്ങളെ ഗോൾഡ് വിശേഷിപ്പിച്ചത്.
പരിണാമത്തിന്റെ ജീൻ കേന്ദ്രീകൃതമായ ചില ധാരണകളോടും ഗോൾഡ് വിയോജിച്ചു. റിച്ചാർഡ് ഡോക്കിൻസിന്റെ വിശുതമായ പോപ്പുലർ സയൻസ് പുസ്തകങ്ങളിൽ ഈ ജീൻ കേന്ദ്രീകൃത കാഴ്ച്ചപ്പാട് ചിലപ്പോഴെങ്കിലും തീവമായ രൂപങ്ങളിൽ ആവിഷ്ക്കരിക്കപ്പെടുന്നുണ്ട്. ജീനുകൾക്ക് അവയുടെ പകർപ്പുകൾ സ്യഷ്ടിക്കാൻ വേണ്ടി മാത്രമുള്ള ‘lumbering robots’ ആയി ജീവികളെ വിശേഷിപ്പിക്കുന്ന ഡോക്കിൻസിന്റെ പ്രയോഗം പ്രസിദ്ധമാണ്. പ്രകൃതി നിർദ്ധാരണം നിരവധി തലങ്ങളിൽ നടക്കുന്നുണ്ട് എന്ന് ഗോൾഡ് വാദിച്ചു. ജീനുകളുടെയും ജീനോമിന്റെയും, കോശ പരമ്പരകളുടെയും സ്പീഷിസിന്റെയും തലത്തിൽ പ്രകൃതി നിർദ്ധാരണം പ്രവർത്തിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റു സിദ്ധാന്തങ്ങളുടെ കാര്യത്തിൽ വിയോജിച്ചപ്പോഴും ഗോൾ ഡിന്റെ ഈ കാഴ്ചപ്പാടിനോടു യോജിച്ചുകൊണ്ടാണ് എർണസ്റ്റ് മേയറും ജോൺ മെയാർഡ്സ്മിത്തും അടക്കമുള്ള പരിണാമ ശാസ്ത്രത്തിലെ പ്രമുഖർ പ്രതികരിച്ചത്.
പരിണാമശാസ്ത്രത്തിലെ ഗോൾഡിന്റെ സംഭാവനകൾ ഹ്രസ്വമായി ചർച്ച ചെയ്തത് അ ദ്ദേ ഹ ത്തിന്റെ ജ്ഞാനശാസ്ത്രസമീപനത്തിന്റെ സവിശേഷ പ്രയോഗമേഖലയായി അതിനെ കണക്കാക്കിക്കൊണ്ടാണ്. നൽകപ്പെട്ടതും അസന്ദിഗ്ദ്ധവുമായ ധാരണകളെപ്പോലും പുതിയ തെളിവുകളുടെ വെളിച്ചത്തിൽ പുനപരിശോധിക്കാനും വ്യത്യസ്തമായ വിശദീകരണ പദ്ധതികളിലൂടെ പുതിയ ഉൾക്കാഴ്ച്ചകൾ സൃഷ്ടിക്കാനുമാണ് ഗോൾഡ് ശ്രമിച്ചത്. Punctuated equilibrium എന്ന ആശയം Gradualism ത്തിന്റെ പൂർണ്ണമായ നിഷേധമല്ല. Gradualism പരിണാമപ്രക്രിയയെ വിശദീകരിക്കാൻ അനിവാര്യമാണ്. പക്ഷെ, ജിയോളജിക്കലായ സമയഗണനയുടെ അടിസ്ഥാനത്തിൽ ഫോസ്സിൽ തെളിവുകൾ പരിശോധിക്കുമ്പോൾ ഒരു സ്പീഷിസ് ദീര്‍ഘകാലം മാറ്റങ്ങളില്ലാതെ സ്ഥിരമായിരിക്കുകയും, മാറ്റങ്ങൾ വരുമ്പോ അതു വേഗത്തിൽ (സ്പീഷിസിന്റെ ജിയോളജിക്കല്‍ ചരിത്രവുമായി താരതമ്യം ചെയ്യുമ്പോൾ) സംഭവിക്കുകയും ചെയ്യുന്നതായി കാണാം എന്നതാണ് ‘Punctuated Equilibrium എന്ന സിദ്ധാന്തത്തിന്റെ കാഴ്ചപ്പാട്. സാമ്പ്രദായിക ചിന്തയുടെ അനുശീലനങ്ങളിൽ അലസമായിപ്പാവാതിരിക്കാനുള്ള ജ്ഞാനശാസ്ത്രപരമായൊരു ജാഗ്രത നിരന്തരം സൂക്ഷിച്ചതായിരുന്നു പരിണാമസിദ്ധാന്തത്തിൽ സർഗ്ഗാത്മകവും സമൃദ്ധവുമായ ഇടപെടലുകൾ നടത്താൻ ഗോൾഡിനു സാധിച്ചതിന്റെ കാരണം എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ജ്ഞാനമണ്ഡലങ്ങളുടെ ആപേക്ഷിക സ്വാച്ഛന്ദ്യവും സമന്വയവും
സമകാലിക ജീവശാസ്ത്രത്തിലെ മികച്ച ചിന്തകരിരൊരാളാണ് എഡ്വാർഡ് ഒ വിൽസൺ. അദ്ദേഹത്തിന്റെ “Consilience – the unity of knowledge’ എന്ന പുസ്തകത്തോടു പ്രതികരിച്ചു കൊണ്ട് ഗോൾഡ് നടത്തിയ പരാമർശങ്ങൾ ഇവിടെ പരിശോധിക്കുന്നത് പ്രസക്തമായിരിക്കും. ഏകീകൃതമായൊരു ജ്ഞാന വ്യവസ്ഥയാണ് വിൽസൺ വിഭാവനം ചെയ്യുന്നത്. അദ്ദേഹം എഴുതുന്നു.
“All tangible phenomena, from the birth of the stars to the workings of social institutes, are based an material processes that are ultimately reducible however long and tortous the sequence, to the laws of physics.” സാമൂഹ്യശാസ്ത്രങ്ങളുടെ അന്വഷണ വിഷയങ്ങളും ഈ രീതിയിൽ ആവിഷ്കരിച്ചെടുക്കാൻ സാധിക്കണമെന്നും വിൽസൺ ആഗ്രഹിക്കുന്നു. വിവിധ മേഖലകളിലെ ജ്ഞാനത്തെ സമന്വയിപ്പിച്ച് കൂടുതൽ വിശദീകരണ ശക്തിയും വൈപുല്യവുമുള്ള ഒരു ജ്ഞാനനിർമ്മാണത്തെ (Synthesis) ഗോൾഡ് അനുകൂലിക്കുന്നു. പരിണാമത്തിലെ മോഡേൺ സിന്തസിനെ അത്തരമൊരു ശ്രമ മായി ഗോൾഡ് മനസ്സിലാക്കുന്നുണ്ട്.
പക്ഷേ വിവിധ ജ്ഞാന മേഖലകളുടെ ആപേക്ഷികമായി സ്വാഛന്ദ്യം (Relative Autonomy) പ്രസക്തമാണ് എന്ന് ഗോൾഡ് കരുതി. Reductionism എന്നത് ശാസ്ത്രത്തിലെ വിലയേറിയ ഒരു രീതിശാസ്ത്രമാണെന്നംഗീകരിക്കുന്ന ഗോൾഡ് അമിതമായ റിഡക്ഷനിസം ചില സന്ദർഭങ്ങളിൽ ഉപകാരപ്രദമല്ല എന്നു ചൂണ്ടിക്കാണിച്ചു.
ഗോൾഡിന്റെ ധൈഷണിക സംഭാവനകളെ വളരെ ഉപരിപ്ലവമായി സ്പർശിച്ചു പോവാൻ മാത്രമേ ഇവിടെ സാധിച്ചിട്ടുള്ളൂ. ഗോൾഡിന്റെ മൗലിക കൃതികൾ വായിക്കുക എന്നത് ഏതൊരു ശാസ്ത്രവിദ്യാർത്ഥിക്കും തന്റെ കാഴ്ചപ്പാടുകളുടെ ചക്രവാളങ്ങൾ നിരന്തരം വികസിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രകിയയായിരിക്കും.