1987 മുതൽ ഗ്രാമീണ വികസനത്തിനായി പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമാണ് ഐആർടിസി. അരികുവൽക്കരിക്കപ്പെട്ട ഗ്രാമീണജനങ്ങളുടെ സാമൂഹികജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണങ്ങൾക്കാണ് ഐആർടിസി പ്രാമുഖ്യം നൽകുന്നത്. നിത്യജീവിതത്തെ സ്വാധീനിക്കുന്ന സാങ്കേതികവിദ്യകളുടെ വികസനം, മാലിന്യപരിപാലനം, ജലപരിപാലനം, നൈപുണ്യവികസനപരിശീലനങ്ങൾ, പരിസ്ഥിതി സൌഹൃദ ഉൽപന്നങ്ങളുടെ നിർമാണവും വിതരണവും എന്നിങ്ങനെയുള്ള വിവിധ പ്രവർത്തനങ്ങളാണ് ഐആർടിസിയിൽ നടക്കുന്നത്. ഇപ്പോൾ ഐആർടിസി പാരിസ്ഥിതിക-സാമൂഹിക പ്രസക്തിയുള്ള സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ വൈജ്ഞാനിക മേഖലകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ നൽകുകയാണ്. ഓരൊ കോഴ്സിന്റെയും പാഠ്യപദ്ധതിയോടൊപ്പം സ്റ്റാർട്ടപ്പുകളുടെ സാധ്യതകൾ മനസിലാക്കുന്നതിനും വികസിപ്പിക്കുന്നതിനുമാവശ്യമായ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. കോഴ്സുകളിൽ ഉന്നതനിലവാരം പുലർത്തുന്നവർക്ക്, കേരളത്തിൽ വ്യാപിച്ചു കിടക്കുന്ന ഐആർടിസിയുടെ വിവിധ പ്രോജക്ടുകളിൽ പ്രവർത്തിക്കുന്നതിനുള്ള അവസരവും നൽകുന്നതാണ്. അതോടൊപ്പം സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനാവശ്യമായ സാങ്കേതിക സഹായവും സാങ്കേതികവിദഗ്ധരുടെ സേവനവും ലഭ്യമാക്കുന്നതാണ്.
10 കോഴ്സുകൾ
1.ഖരമാലിന്യ പരിപാലനം (solid waste management)
നഗരങ്ങളിലെ ഖരമാലിന്യങ്ങൾ, വൈദ്യശാസ്ത്രമേഖലയിലെയും വ്യാവസായികമേഖലയിലെയും മാലിന്യങ്ങൾ എന്നിങ്ങനെയുള്ള പാരിസ്ഥിതികപ്രശ്നങ്ങൾ ശാസ്ത്രീയമായി പരിഹരിക്കുന്നതിനുള്ള തദ്ദേശീയ സാങ്കേതികവിദ്യകൾ പഠിപ്പിക്കുക, തദ്ദേശസ്ഥാപനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാലിന്യപരിപാലന രീതികൾ പരിചയപ്പെടുത്തുക തുടങ്ങിയവയാണ് ഈ കോഴ്സിന്റെ പ്രധആന ലക്ഷ്യങ്ങൾ. ഖരമാലിന്യപരിപാലനരംഗത്ത് നാലു പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയമാണ് ഐആർടിസിയ്ക്കുള്ളത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒട്ടനവധി ഖരമാലിന്യപരിപാലന പദ്ധതികൾ ആവിഷ്കരിയ്ക്കുകയും പൂർണമായും വിജയിക്കുകയും ചെയ്ത ചരിത്രമാണ് ഐആടിസിയ്ക്കുള്ളത്. മികച്ച മാലിന്യപരിപാലന മാതൃകകൾ സൃഷ്ടിച്ചതിന് 3 തവണ സർക്കാരിന്റെ അംഗീകാരം (Centre of Excellence in Waste management (CEWM) നേടാൻ ഐആർടിസിയ്ക്ക് സാധിച്ചിട്ടുണ്ട്.
ഖരമാലിന്യപരിപാലനവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിന് അഭ്യസ്തവിദ്യരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ കോഴ്സിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. മൂന്നുമാസം കാലയളവുള്ള ഈ കോഴ്സിന്റ ഫീസ് 25000രൂപയാണ്.
2. ജല- മലിനജല പരിപാലനം; സാങ്കേതികതയും പ്രായോഗികതയും (Water & Wastewater Analysis, Treatment Technologies and Application)
ശുദ്ധജലത്തിന്റെ ലഭ്യതയാണല്ലൊ ഇന്ന് ലോകം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാനായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡിന്റെയൊ ലോകാരോഗ്യസംഘടനയുടെയൊ മാനദണ്ഡങ്ങളാണ് പരിഗണിക്കുന്നത്. തദ്ദേശീയ തലത്തിൽ തന്നെ ഇത്തരം ജലപരിശോധനാകേന്ദ്രങ്ങളുണ്ടാവുന്നത് ആരോഗ്യമുള്ള സമൂഹത്തിന് അനവാര്യമാണ്. അതുപോലെ ഫാക്ടറികളിലെയും ആശുപത്രിയടക്കമുള്ള മറ്റു സ്ഥാപനങ്ങളിലെയും മലിനജലത്തെ പരിചരിച്ച് മാലിന്യതീവ്രത പരമാവധി കുറച്ച് ഒഴുക്കികളയുന്നത് ജലമലിനീകരണമുയർത്തുന്ന പ്രശ്നങ്ങൾക്ക് ചെറിയൊരു പരിഹാരമായിത്തീരും. ഇത്തരത്തിൽ ജല- മലിനജല പരിചരണത്തിനും പരിചരണപ്ലാന്റുകൾ സ്ഥാപിക്കുന്നതിനുമാവശ്യമായ സാങ്കേതികജ്ഞാനം നൽകുക എന്നതാണ് ഈ കോഴ്സിന്റെ പ്രധാന ലക്ഷ്യം.
രസതന്ത്രം, എൻവിറോൺമെന്റ് സയൻസ് തുടങ്ങിയ മേഖലകളിലെ ബിരുദ- ബിരുദാനന്തര വിദ്യാർഥികൾക്ക് ഈ കോഴ്സിന് അപേക്ഷിക്കാം. 3 മാസമാണ് കോഴ്സ് കാലയളവ്.
3.ജിയൊ ഇൻഫൊർമാറ്റിക്സ് (Geoinformatics)
ജിയൊസ്പേഷ്യൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനതലം മുതൽ ഏറ്റവും പുതിയ തലം വരെ മനസിലാക്കാനും പരിശീലനങ്ങളിലൂടെ അവയുടെ പ്രായോഗികവശങ്ങൾ ആർജിക്കാനും വിദ്യാർഥികളെ പ്രാപ്തമാക്കുക എന്നതാണ് ഈ കോഴ്സിന്റെ ലക്ഷ്യം. ഒരു പ്രദേശത്തിന്റെ ഭൌതികസാഹചര്യങ്ങൾ മനസിലാക്കാനും ആ പ്രദേശത്തിന്റെ പുരോഗതിയ്ക്കാവശ്യമായ നിർദേശങ്ങൾ രൂപകൽപന ചെയ്യാനും GIS, റിമോർട്ട് സെൻസിംഗ് തുടങ്ങിയ സാങ്കേതികവിദ്യകളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഈ കോഴ്സിലൂടെ പരിചയപ്പെടുത്തുന്നു. കൂടാതെ GPS ഉപയോഗിച്ചുള്ള ഫീൽഡ് സർവെകൾ, വിവിധ ജിയൊസ്പേഷ്യൽ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള ദത്തവിശകലനങ്ങൾ, അസെറ്റ് മാപ്പിംഗ്, പ്രകൃതിദുരന്തനിവാരണ പദ്ധതികൾ, നീർത്തടവികസനപദ്ധതികൾ തുടങ്ങിയ ഒട്ടുമിക്ക സാധ്യതകളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നു.
ഏതു മേഖലയിലും ഉൾപ്പെടുത്താനാവുന്നതാണ് ജിയൊസ്പേഷ്യൽ സാങ്കേതികവിദ്യകൾ എന്നതിനാൽ തൊഴിലന്വേഷകർ, സയൻസ്, സോഷ്യൽ സയൻസ് തുടങ്ങിയ മേഖലകളിലെ ഗവേഷകർ എന്നിവർക്കെല്ലാം ഈ കോഴ്സിനു വേണ്ടി അപേക്ഷിക്കാം. 3 മാസമാണ് കോഴ്സ് കാലയളവ്.
4. പക്ഷിനിരീക്ഷണം; പക്ഷികളെ തിരിച്ചറിയലും അടിസ്ഥാന പക്ഷിശാസ്ത്രവും (bird watching: Bird Identification and Basic Ornithology)
പക്ഷിനിരീക്ഷണം, പക്ഷികളെ തിരിച്ചറിയൽ, പക്ഷിസർവെ, പക്ഷികളുമായി ബന്ധപ്പെട്ട ടൂറിസത്തിന്റെ സാധ്യതകൾ, പക്ഷിഗവേഷണം, ഫീൽഡ് ഗൈഡ് എന്നിങ്ങനെ പക്ഷികളുമായി ബന്ധപ്പെട്ട മേഖലകളിൽ പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുകയാണ് ഈ കോഴ്സിന്റെ പ്രാധാന ലക്ഷ്യം. പശ്ചിമഘട്ടത്തിലെ ധോണിമലനിരകളുടെതാഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഐആർടിസി ക്യാമ്പസും പരിസരവും പക്ഷിനിരീക്ഷണത്തിന് ഏറെ അനുയോജ്യമാണ്.
ഈ വിഷയത്തിൽ താൽപര്യമുള്ള ഡിപ്ലോമ, ബിരുദ- ബിരുദാനന്തര വിദ്യാഭ്യാസമുള്ളവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാം. 3 മാസമാണ് കോഴ്സ് കാലയളവ്.
5. സൌരോർജം, ഊർജസംരക്ഷണം, ഊർജസംരംഭങ്ങൾ (Solar Energy, Energy Conservation & Energy Enterprise)
പുനസ്ഥാപിത ഊർജത്തിന്റെ ആഗോള- പ്രാദേശിക പ്രസക്തിയെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നതാണ് ഈ കോഴ്സ്. പുനസ്ഥാപിത ഊർജത്തിന്റെയും ഊർജസംരക്ഷണത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തി തുടങ്ങാവുന്ന സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഐആർടിസി ഈ കോഴ്സ് ആരംഭിച്ചിരിക്കുന്നത്. ബഹുവൈജ്ഞാനിക മേഖലകളെ സംയോജിപ്പിച്ച് പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ കോഴ്സ് കൂടുതൽ ഗുണപ്രദമാണ്.
ഡിപ്ലോമ, ബിരുദ- ബിരുദാനന്തര വിദ്യാഭ്യാസമുള്ളവർക്ക് അപേക്ഷിക്കാം. 3 മാസമാണ് കോഴ്സ് കാലയളവ്.
6. മണ്ണ്-ജല പരിശോധന; ഉപകരണസംവിധാനങ്ങൾ (Soil, Water and Instrumentation)
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ബി ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ച ലബോറട്ടറിയാണ് ഐആർടിസിയുടെത്. മാലിന്യപരിപാലനം, ജലഗുണത, കൃഷി, സൂക്ഷ്മജീവശാസ്ത്രം തുടങ്ങിയ മേഖലയിലെ ഗവേഷണത്തിനും വികസനത്തിനും ഉപയോഗപ്രദമാകുംവിധമുള്ള സൌകര്യങ്ങളാണ് ലബോറട്ടറിയിലുള്ളത്. വ്യത്യസ്ത വൈജ്ഞാനിക മേഖലകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഗവേഷണപ്രവർത്തനങ്ങളാണ് ലബോറട്ടറിയിൽ നടക്കുന്നത്. മണ്ണ്- ജല പരിശോധനാരീതികൾ, പരിശോധനാ- ഉപകരണങ്ങൾ, മൈക്രൊബയോളജിക്കൽ സാങ്കേതികതകൾ എന്നിവയെക്കുറിച്ച് വ്യക്തമായ ഉൾക്കാഴ്ച നൽകുന്ന വിധത്തിലാണ് ഈ കോഴ്സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഡിപ്ലോമ, ബിരുദ- ബിരുദാനന്തര വിദ്യാഭ്യാസമുള്ളവർക്ക് അപേക്ഷിക്കാം. 3 മാസമാണ് കോഴ്സ് കാലയളവ്.
7. അതിസാന്ദ്ര മൽസ്യകൃഷി, വിപണനം, രോഗനിയന്ത്രണങ്ങൾ, (Intensive Fish farming, Diseases and Marketing)
ബയൊഫ്ലോക്, അക്വാപോണിക്സ്, പ്രോബയോടിക്സ് തുടങ്ങിയ നവസാങ്കേതികതകളിൽ അനേകവർഷത്തെ പ്രവർത്തനപരിചയമാണ് ഐആർടിസിയ്ക്കുള്ളത്. സർക്കാർ ധനസഹായം നൽകുന്ന നബാർഡിന്റെയും ബയോടെക്കിസ്ഥാന്റെയും ഈ രംഗത്തെ പദ്ധതികൾക്ക് പരിശീലനം നൽകുന്നത് ഐആർടിസിയാണ്. മൽസ്യകൃഷി ചെയ്യാനാഗ്രഹിക്കുന്നവർക്ക് വൻതോതിൽ മൽസ്യകൃഷി നടത്തുന്നതിനാവശ്യമായ സാങ്കേതികജഞാനം, രോഗനിയന്ത്രണജ്ഞാനം എന്നിവ നൽകുക, വിപണനം, മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം എന്നിവയ്ക്കാവശ്യമായ ദിശാബോധം നൽകുക എന്നിവയാണ് ഈ കോഴ്സിന്റെ പ്രധാന ലക്ഷ്യം.
മൂന്നുമാസമാണ് കോഴ്സിന്റെ കാലാവധി. പ്ലസ്ടു വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കും കർഷകർക്കും തൊഴിലന്വേഷകർക്കും ഈ കോഴ്സിന് അപേക്ഷിക്കാം.
8. നീർത്തട വികസനം (watershed development)
ഒരു നീർത്തടത്തിലെ ജലസ്രോതസുകളുടെ മിതമായ ഉപയോഗം, സംരക്ഷണം, പുനസ്ഥാപനം എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി നടത്തുന്ന വികസനപ്രവർത്തനങ്ങളാണ് നീർത്തട വികസനം. നീർത്തട വികസനരംഗത്ത് 20 വർഷത്തെ പ്രവർത്തന പരിചയമാണ് ഐആർടിസിയ്ക്കുള്ളത്. പരിമിതമായ ജലസ്രോതസുകളെ ശാസ്ത്രീയമായി പരിപാലിക്കുന്നതിനാവശ്യമായ നീർത്തട വികസന പദ്ധതികളെക്കുറിച്ചുള്ള വിജ്ഞാനം പകരുക, നീർത്തട വികസനവുമായി ബന്ധപ്പെട്ടു തുടങ്ങാവുന്ന സ്റ്റാർട്ടപ്പ് പദ്ധതികൾക്കുള്ള ആശയങ്ങളും സാങ്കേതിക സഹായവും നൽകുക എന്നിവയെല്ലാമാണ് ഈ കോഴ്സിന്റെ പ്രാഥമിക ലക്ഷ്യം.
4 ആഴ്ചയാണ് ഈ കോഴ്സിന്റെ കാലയളവ്. സയൻസ്, സോഷ്യൽസയൻസ്, എൻജിനിയറിംഗ് എന്നീ മേഖലകളിൽ ഡിപ്ലോമ, ബിരുദ- ബിരുദാനന്തര വിദ്യാഭ്യാസമുള്ളവർക്ക് അപേക്ഷിക്കാം.
9. ഉദ്യാന പരിപാലനവും കൂൺകൃഷിയും (Horticulture Nursery Management and Production of Mushroom)
ഉദ്യാനപരിപാലനത്തിനും കൂൺകൃഷി ചെയ്യുന്നതിനുമാവശ്യമായ ശാസ്ത്രീയ അറിവുകളും സാങ്കേതികവിദ്യകളും പകർന്നു നൽകുക എന്നതാണ് ഈ കോഴ്സു കൊണ്ട് ഉദ്ദേശിക്കുന്നത്. ശാസ്ത്രീയമായി വിത്തുമെത്തകൾ തയ്യാറാക്കുന്ന വിധം, മികച്ച തൈകളുടെ ഉൽപാദനം, ബഡിംഗ് ഗ്രാഫ്റ്റിംഗ് എന്നിങ്ങനെയുള്ള വിവിധ സസ്യപ്രജനനരീതികൾ, ശാസ്ത്രീയമായ നടീൽ, ജലസേചനം, കളനിയന്ത്രണം എന്നിവയെല്ലാം ഈ കോഴ്സിന്റെ പാഠ്യപദ്ധതിയിൽ ഉള്ളടങ്ങിയിരിക്കുന്നു. കൂൺവിത്ത് ഉൽപാദനത്തിലും കൂൺകൃഷിയിലും അനേകവർഷത്തെ പ്രവർത്തനപരിചയമാണ് ഐആർടിസിയ്ക്കുള്ളത്.
4 ആഴ്ചയാണ് ഈ കോഴ്സിന്റെ കാലയളവ്. പ്ലസ്റ്റൂ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കും കർഷകർക്കും തൊഴിലന്വേഷകർക്കും ഈ കോഴ്സിന് അപേക്ഷിക്കാം.
10. സോപ്പിന്റെയും മറ്റു ശുചീകരണ വസ്തുക്കളുടെയും നിർമാണം (Soap & Toiletries)
സോപ്പ്, സോപ്പുപൊടി, ഹാൻഡ് വാഷ് തുടങ്ങിയ ശുചീകരണ- സൌന്ദര്യവർധക വസ്തുക്കളുടെ നിർമാണ രീതി, വിപണന സാധ്യതകൾ തുടങ്ങിയവയാണ് ഈ കോഴ്സിന്റെ ഉള്ളടക്കം. ഈ മേഖലയിൽ സ്റ്റാർട്ടപ്പ് തുടങ്ങാനാഗ്രഹിക്കുന്നവർക്ക് നൂതനാശയങ്ങൾ നൽകുന്നതിനോടൊപ്പം സാങ്കേതികസഹായവും ഐആർടിസിയിൽ നിന്ന് ലഭ്യമാകുന്നതാണ്.
പ്ലസ്ടു വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കും അതിനു മുകളിൽ വിദ്യാഭ്യാസയോഗ്യതയുള്ളവർക്കും ഈ കോഴ്സിന് അപേക്ഷിക്കാം.
- Download the application form Click here
- Brochure of the IRTC Courses: Download