Home » Scrolling News » ആറ്റോമിക് ക്ലോക്ക് ബഹിരാകാശത്തേക്ക്

ആറ്റോമിക് ക്ലോക്ക് ബഹിരാകാശത്തേക്ക്

നവനീത് കൃഷ്ണൻ

 

ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും കൃത്യതയേറിയ ആറ്റോമിക് ക്ലോക്ക് ഇന്ന് (ജൂണ്‍ 25) പരിക്രമണപഥത്തിലെത്തും. നാസ ഡീപ് സ്പേസ് ആറ്റോമിക് ക്ലോക്ക് എന്നാണ് ഇതിന്റെ പേര്.  ഒരു പരീക്ഷണദൗത്യമാണിത്. സ്പേസ്-എക്സ് എന്ന സ്വകാര്യബഹിരാകാശ കമ്പനിയുടെ ഫാല്‍ക്കണ്‍ ഹെവി എന്ന റോക്കറ്റിലാണ് ഇതിനെ പരിക്രമണപഥത്തിലേക്ക് എത്തിക്കുക.  ഇന്ന്  ഉച്ചയോടെ വിക്ഷേപണം നടക്കും.

ഹിരാകാശദൗത്യങ്ങളില്‍ ഏറ്റവും കൃത്യത വേണ്ട ഒരു കാര്യം സമയമാണ്. പ്രത്യേകിച്ചും ദീര്‍ഘദൂര ദൗത്യങ്ങളുടെ കാര്യത്തില്‍.  ദൂരം കൂടുംതോറും അവയിലേക്കുള്ള കമ്യൂണിക്കേഷന്റെ സമയവും കൂടും. ഒന്നോ രണ്ടോ പ്രകാശമണിക്കൂറുകള്‍ ഒക്കെ അകലെയാണെങ്കില്‍ ആകെ പൊല്ലാപ്പാണ്. അത്രയും മണിക്കൂറുകള്‍ കഴിയണം അവിടെനിന്നും ഒരു സിഗ്നല്‍ ഇവിടെയെത്താന്‍.

ഇതുമാത്രമല്ല പ്രശ്നം. വാഹനത്തിലെയും ഭൂമിയിലെയും സമയങ്ങള്‍ ഒരുപോലെ ആയിരിക്കണം. എന്നിരുന്നാലേ വിദൂരവസ്തുവിന്റെ കൃത്യമായ അകലെക്കൂടി പേടകത്തെ കൊണ്ടുപോകാന്‍ കഴിയൂ. സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന ക്വാര്‍ട്സ് വാച്ചുകള്‍ വളരെ കൃത്യത ഉള്ളവയാണ്. ഒരു മണിക്കൂറില്‍ ഇവ ഉണ്ടാക്കുന്ന വ്യത്യാസം ഒരു സെക്കന്റിന്റെ നൂറുകോടിയില്‍ ഒരു അംശമേ വരൂ. പക്ഷേ ആയിരം മണിക്കൂര്‍ കൊണ്ട് ഈ വ്യത്യാസം ഒരു മൈക്രോസെക്കന്‍ഡ് ആവും. അതായത് നമ്മളുടെ കണക്കും പേടകത്തിന്റെ കണക്കും തമ്മില്‍ ഒരു മൈക്രോസെക്കന്‍ഡിന്റെ വ്യത്യാസം!

Ytterbium Lattice Atomic Clock (10444764266)

വളരെ കൃത്യതയേറിയ സമയം കാണിക്കുന്നവയാണ് ആറ്റോമിക് ക്ലോക്കുകൾ. നമ്മള്‍ കണ്ടുപഴകിയ ക്ലോക്കുകളെ പോലെ അല്ല, സങ്കീര്‍ണ്ണമായ ഒരു യന്ത്രമാണത്. ആറ്റത്തിനുള്ളിലെ ഇലക്ട്രോണുകളുടെ ഊര്‍ജ്ജനിലകളെ പ്രയോജനപ്പെടുത്തിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

പേടകം എവിടെ എത്തി എന്ന് നമ്മള്‍ കണക്കുകൂട്ടുന്നത് ഇവിടെ നിന്നും ഉള്ള ഒരു സിഗ്നല്‍ പ്രകാശവേഗതയില്‍ സഞ്ചരിച്ച് പേടകത്തിലെത്തി, അവിടെ നിന്നും തിരിച്ച് ഭൂമിയിലെത്താന്‍ വേണ്ട സമയം അളന്നാണ്. പേടകത്തിലെയും ഭൂമിയിലെയും ക്ലോക്കുകള്‍ ഒരു പോലെ അല്ലെങ്കില്‍ ഈ അളവ് തെറ്റും! നേരത്തേ പറഞ്ഞ ഒരു മൈക്രോസെക്കന്‍ഡു കൊണ്ട് പ്രകാശം 300മീറ്റര്‍ സഞ്ചരിക്കും. അതായത് പേടകത്തിന്റെ സ്ഥാനം നമ്മള്‍ കരുതുന്നതില്‍നിന്നും 300മീറ്റര്‍വരെ മാറിയിട്ടുണ്ടാകാം.

ഇവിടെയാണ് ആറ്റോമിക് ക്ലോക്കുകളുടെ പ്രസക്തി. പേടകത്തില്‍ ഉള്ളത് ഒരു ആറ്റമിക് ക്ലോക്ക് ആണെങ്കില്‍ കൃത്യത വളരെയേറെ കൂടും. നാല് ദിവസത്തില്‍ ഒരു നാനോസെക്കന്‍ഡ് മാത്രമാണ് ആറ്റമിക് ക്ലോക്കില്‍ വ്യത്യാസം വരിക! പതിനൊന്നു വര്‍ഷത്തില്‍ വെറും ഒരു മൈക്രോസെക്കന്‍ഡിന്റെ വ്യത്യാസം. അതായത് 11 വര്‍ഷം സഞ്ചരിച്ച പേടകത്തിന്റെ സ്ഥാനം 300മീറ്റര്‍ കൃത്യതയോടെ നമുക്ക് അളക്കാനാവും!

വാല്‍ക്കഷണം-

നാസയുടെ തന്നെ മറ്റൊരു പരീക്ഷണദൗത്യവും ഇതിനൊപ്പമുണ്ട്. റോക്കറ്റില്‍ ഹരിത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ മനസ്സിലാക്കാനുള്ള ഒരു ദൗത്യമാണിത്. വിഷകരമല്ലാത്ത ഇന്ധനങ്ങള്‍ പരീക്ഷക്കുക എന്നതാണ് ലക്ഷ്യം. എന്നിരുന്നാലും ഈ രണ്ട് ദൗത്യങ്ങളില്‍ ആറ്റോമിക് ക്ലോക്കിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്.

Check Also

2019 ജൂലൈയിലെ ആകാശം

മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് 2019 ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. ശുക്രന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളും മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കുകതന്നെ ചെയ്യും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയുമുണ്ട് ഈ മാസത്തെ സന്ധ്യാകാശത്ത്. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്ന് നില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക.

Leave a Reply

%d bloggers like this: