[dropcap]ചൊ[/dropcap]വ്വയില്‍ ഒരു കാലത്ത് ഉപ്പുതടാകങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പഠനം. ധാതുക്കള്‍ കലര്‍ന്ന വെള്ളം ബാഷ്പീകരിച്ചുപോയാല്‍ ആ ധാതുക്കള്‍ അവിടെ ബാക്കിയാവും. ചൊവ്വയുടെ ഉപരിതലത്തില്‍ ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വയില്‍ ഒരിക്കല്‍ ഉപ്പുതടാകങ്ങള്‍ ഉണ്ടായിരുന്നു എന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ഉപ്പ് എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് നമ്മുടെ കറിയുപ്പ് അല്ല കേട്ടോ. അത്തരം അവക്ഷിപ്തങ്ങളും ഉണ്ടാവാം. സള്‍ഫേറ്റുകളും കാര്‍ബണേറ്റുകളും ക്ലോറൈഡുകളും ഒക്കെയാണ് ക്യൂരിയോസിറ്റി എന്ന റോവര്‍ ചൊവ്വയില്‍ കണ്ടെത്തിയത്. അതില്‍ സള്‍ഫേറ്റ് സാള്‍ട്ടുകള്‍ ചിലയിടത്ത് കൂടുതലായി കണ്ടെത്തി. സള്‍ഫേറ്റ് ലവണം കലര്‍ന്ന വെള്ളം അവിടെ കെട്ടിക്കിടന്ന് വറ്റിപ്പോയപ്പോള്‍ ബാക്കിയാവതാവും ഇത്. ഭൂമിയില്‍ മരുഭൂമിയിലെ മരുപ്പച്ചകള്‍ക്കു സമാനമായി ചിലയിടങ്ങളില്‍ മാത്രമായി വെള്ളം കെട്ടിക്കിടന്നിരുന്നിരിക്കാന്‍ ഏറെ സാധ്യതയുണ്ട്. മിനറലുകളാല്‍ സമ്പന്നമായ ആ വെള്ളം വറ്റിയതോടെ ആ മിനറലുകള്‍ അവിടെ അടിഞ്ഞുകൂടി. നേച്ചര്‍ ജിയോസയന്‍സ് മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.ചൊവ്വയില്‍ ഒരു കാലത്ത് ഉപ്പു തടാകങ്ങള്‍ ഉണ്ടായിരുന്നു!
2012ല്‍ ചൊവ്വയില്‍ ഇറങ്ങിയ പരീക്ഷണശാലയാണ് ക്യൂരിയോസിറ്റി. ആറു ചക്രത്തില്‍ ഓടിനടന്നാണ് ചൊവ്വയെ പഠിക്കുന്നത്. ചൊവ്വയിലെ ഗെയില്‍ എന്ന ഗര്‍ത്തത്തിലാണ് ക്യൂരിയോസിറ്റി ഇറങ്ങിയത്. 150കിലോമീറ്ററോളം വലിപ്പമുള്ള ഈ ഗര്‍ത്തം ഒരു കാലത്ത് തടാകമായിരുന്നുവെന്നാണ് കരുതുന്നത്. 2015ല്‍ ക്യൂരിയോസിറ്റി ഡാറ്റയുപയോഗിച്ചുള്ള പഠനത്തില്‍ ഏറെക്കാലം ചൊവ്വയില്‍ തടാകങ്ങളും മറ്റും ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു.
ക്യൂരിയോസിറ്റി ഇറങ്ങിയത് ഏതാണ്ട് മുന്നുറ്റമ്പത് കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഉല്‍ക്ക ഇടിച്ചുണ്ടായ ക്രേറ്റര്‍ ആണെന്നാണ് കരുതുന്നത്. എന്തായാലും ചൊവ്വയില്‍ അക്കാലത്ത് വെള്ളമുണ്ടായിരുന്നത്രേ. ഉല്‍ക്കാപതനം മൂലമുണ്ടായ ഗര്‍ത്തത്തിലേക്ക് ഭൂഗര്‍ഭജലം അരിച്ചിറങ്ങാന്‍ തുടങ്ങി. മഴയും മഞ്ഞുരുക്കവും മൂലം ചുറ്റുവട്ടത്ത് ഒഴുകിയിരുന്ന വെള്ളവും ഇതിലേക്കുതന്നെ പതിച്ചു. വെള്ളം ഒഴുക്കിക്കൊണ്ടുവരുന്ന മണലും മറ്റും പതിയെ ഗര്‍ത്തത്തില്‍ നിറഞ്ഞു. പക്ഷേ ചൊവ്വ പിന്നീട് വരളാന്‍ തുടങ്ങി. അതോടെ വെള്ളമെല്ലാം വറ്റി കല്ലും മണലും മാത്രമായി. കാറ്റിലും മറ്റും പെട്ട് വരുന്ന പൊടിയും മറ്റും പതിയെ ഗര്‍ത്തത്തെ മൂടി. പിന്നീട് കുറെക്കാലം കഴിഞ്ഞ് ഗര്‍ത്തത്തിന്റെ അരികിലുള്ള മണ
ലിനെയും പൊടിയെയും കാറ്റ് മറ്റിടങ്ങളിലേക്ക് കൊണ്ടുപോയി. അതോടെ ഗര്‍ത്തത്തിന്റെ അടിഭാഗം വീണ്ടും കാണാറായി. അവശേഷിച്ചിരുന്ന ഭൂഗര്‍ഭജലം പുറമേക്ക് വന്ന് ബാഷ്പീകരിച്ചുപോയി. ഈ മേഖലയിലേക്കാണ് 2012ല്‍ ക്യൂരിയോസിറ്റി റോവര്‍ ഇറങ്ങി പര്യവേക്ഷണം തുടങ്ങിയത്. ചൊവ്വയില്‍ വെള്ളമൊഴുകിയിരുന്നതിന്റെ എല്ലാ സാധ്യതകളും ക്യൂരിയോസിറ്റിക്ക് കണ്ടെത്താനായി. ആ ഭാഗത്തെ മണ്ണിന്റെ പരിശോധനയില്‍നിന്നും ഒരു കാര്യംകൂടി ബോധ്യപ്പെട്ടു. സൂക്ഷ്മജീവികള്‍ക്ക് വളരാന്‍ സാധ്യതയുള്ള മണ്ണായിരുന്നു അത് ഒരു കാലത്ത്.
പല പല ലെയറുകളായി ചരിത്രം ഗയില്‍ ഗര്‍ത്തത്തില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഓരോയിടവും പരിശോധിക്കുമ്പോള്‍ അവിടത്തെ ചരിത്രം കുറെയൊക്കെ നമുക്ക് മനസ്സിലാവും. അങ്ങനെ മണ്ണടിഞ്ഞും വെള്ളമൊഴുകിയും ഉണ്ടായ പല പല അടരുകള്‍ ക്യൂരിയോസിറ്റിക്ക് കണ്ടെത്താനായി. ഒരു മാരുതിക്കാറിനോളം വലിപ്പമുള്ള ക്യൂരിയോസിറ്റിയില്‍ ഒരു പരീക്ഷണശാലതന്നെയുണ്ട്. അതില്‍ ചൊവ്വയിലെ സാമ്പിളുകള്‍ ഇട്ട് പരിശോധിക്കും. അതിന്റെ റിസല്‍റ്റ് ഭൂമിയിലേക്ക് അയയ്ക്കും. അങ്ങനെ സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരീക്ഷണങ്ങളാണ് ഇപ്പോള്‍ ചൊവ്വയില്‍ ഉപ്പുതടാകങ്ങളുടെ കഥ പറയുന്നത്.
അധിക വായനയ്ക്ക് : നേച്ചര്‍ ജിയോസയന്‍സ് മാസിക