നവനീത് കൃഷ്ണന്‍ എസ്
സൂര്യന്റെ ഏറ്റവും അടുത്തുനിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ടു
സൂര്യന്റെ ചിത്രങ്ങൾ. അതും സൂര്യനോട് ഏറ്റവും അടുത്തുനിന്ന് എടുത്തത്. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ഒരുമിച്ചുള്ള സംരംഭമായ സോളാർ ഓർബിറ്റർ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
2020 ഫെബ്രുവരിയിലാണ് ഈ സൂര്യനിരീക്ഷണപേടകം വിക്ഷേപിക്കുന്നത്. ചിത്രമെടുക്കുമ്പോൾ സൂര്യനിൽനിന്ന് 7 കോടി കിലോമീറ്റർ അകലെ ആയിരുന്നു സോളാർ ഓർബിറ്റർ. സൂര്യനോട് ഇതിലും അടുത്തുകൂടി മറ്റു പേടകങ്ങൾ കടന്നുപോയിട്ടുണ്ട്. എന്നാൽ സൂര്യനോട് അഭിമുഖമായ ഇടത്ത് ക്യാമറയോ മറ്റ് ഉപകരണങ്ങളോ ഉണ്ടായിരുന്നില്ല. അത്തരം സംവിധാനം ഉള്ള പേടകങ്ങളിൽ സൂര്യന്റെ ഇത്രയും അടുത്ത് എത്തിയ മറ്റൊരു പേടകം ഇല്ല.
സൂര്യന്റെ ധ്രുവങ്ങളുടെ ചിത്രം പകർത്തുക എന്നതും സോളാർ ഓർബിറ്ററിന്റെ ലക്ഷ്യമാണ്. സൂര്യനു ചുറ്റും ദീർഘവൃത്താകൃതിയിലുള്ള പാതയിലാണ് പേടകത്തിന്റെ സഞ്ചാരം. സൂര്യനോട് 4 കോടി കിലോമീറ്റർവരെ അടുത്തുചെല്ലാൻ പേടകത്തിനാവും. 209 കിലോഗ്രാമാണ് ഈ പേടകത്തിന്റെ ഭാരം. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള പത്ത് ഉപകരണങ്ങളാണ് ഇതിലുള്ളത്.
അധികവായനയ്ക്ക്