സോളാര്‍ ഇംപള്‍സിന്റെ അവസാന ഘട്ടത്തിലെ യാത്ര ഈജിപ്തിലെ കെയ്റോയില്‍ നിന്നാണ് ആരംഭിച്ചത്. 24 ജൂലൈ ഞായറാഴ്ച യു.എ.ഇ സമയം പുലര്‍ച്ചെ 3.30 നാണ് കെയ്റോയില്‍ നിന്ന വിമാനം പറന്നുയര്‍ന്നത്. 48 മണിക്കൂറിലധികം സഞ്ചരിച്ചാണ് അബുദാബിയിലെ അല്‍ ബതീന്‍ വിമാനത്താവളത്തിലെത്തിച്ചേര്‍ന്നത്. വിമാനത്തിന്റെ പതിനേഴാമത്തെ യാത്രാഘട്ടത്തില്‍ 2,500 കിലോമീറ്ററാണ് വിജയകരമായി പറന്നത്.
2015 മാര്‍ച്ചിലാണ് വിമാനം അബൂദാബിയില്‍നിന്ന് ലോകപര്യടനത്തിനായി പുറപ്പെട്ടത്. ഒമാന്‍, ഇന്ത്യ, മ്യാന്‍മര്‍, ചൈന, ജപ്പാന്‍, അമേരിക്ക, സ്പെയിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ലോകപര്യടനം നടത്തിയത്. 500 മണിക്കൂറാണ് സോളാര്‍ ഇംപള്‍സിന്റെ ആകെ പറക്കല്‍ സമയം. സൗരോര്‍ജ്ജത്തില്‍നിന്നുള്ള വൈദ്യുതിയുപയോഗിച്ചാണ് വിമാനം ഇത്രയും മണിക്കൂറുകള്‍ യാത്ര ചെയ്തത്. 23000 അടിയാണ് വിമാനം പറന്ന കൂടിയ ഉയരം. മണിക്കൂറില്‍ 45 കിലോമീറ്ററിനും 90കിലോമീറ്ററിനും ഇടയിലായിരുന്നു സോളാര്‍ ഇംപള്‍സിന്റെ വേഗം. 40,000 കിലോമീറ്ററാണ് വിമാനം ലോകപര്യടനത്തിനായി സഞ്ചരിച്ചത്.
നിരവധി ലോകറെക്കോര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ടാണ് സോളാര്‍ ഇംപള്‍സിന്റെ ലോകസഞ്ചാരം അവസാനിക്കുന്നത്. ശാന്തസമുദ്രത്തിന് മുകളിലൂടെ രാവും പകലും തുടര്‍ച്ചയായി അഞ്ച് ദിവസങ്ങള്‍ പറന്നതാണ് ഇവയില്‍ ഏറ്റവും പ്രധാനം. ജപ്പാനില്‍നിന്ന് അമേരിക്കയിലെ ഹവായിയിലേക്കായിരുന്നു 8,924 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ സഞ്ചാരം. വൈമാനിക ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ പറക്കല്‍ എന്ന റെക്കോര്‍ഡാണ് ഇതിലൂടെ സോളാര്‍ ഇംപള്‍സ് നേടിയത്. ആന്‍ഡ്രേ ബോഷ്ബെര്‍ഗാണ് ഈ യാത്രയില്‍ വിമാനം പറപ്പിച്ചത്.
സോളാര്‍ ഇംപള്‍സിന്റെ ചിറകിന്റെ നീളം 72 മീറ്ററാണ്. ഒരു ബോയിംഗ് 747 വിമാനത്തിന്റെ ചിറകിനേക്കാള്‍ കൂടുതലാണിത്. 17000 സോളാര്‍ സെല്ലുകള്‍ ചിറകില്‍ പതിപ്പിച്ചിരിക്കുന്നു. പകല്‍ സമയത്ത് ഈ സോളാര്‍ പാനലുകളില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് വിമാനത്തിന്റെ ബാറ്ററി ചാര്‍ജ്ജുചെയ്യുന്നു. അതോടൊപ്പം പകല്‍ സമയത്ത് വിമാനം 23000 അടി ഉയരത്തിലെത്തുന്നു. രാത്രിയില്‍ ഉയരം കുറച്ച് 5000 അടിവരെയെത്തുന്നു അപ്പോള്‍ ബാറ്ററികളിലെ വൈദ്യുതിയുപയോഗിച്ച് വിമാനം പറക്കുന്നു. 30 കിലോമീറ്റര്‍ /മണിക്കൂറാണ് രാത്രിയില്‍ വിമാനത്തിന്റെ വേഗത. വൈദ്യുതി സംരക്ഷിക്കാനും കൂടിയാണ് ഈ വേഗതയില്‍ പറക്കുന്നത്. നല്ല സൂര്യപ്രകാശം ഉള്ള സമയങ്ങളില്‍ 90 കിലോമീറ്റര്‍ / മണിക്കൂറില്‍ വരെ സോളാര്‍ ഇംപള്‍സിന് പറക്കാന്‍ സാധിക്കും. ബര്‍ട്രാന്റ് പിക്കാര്‍ഡും ആന്ദ്രേ ബോഷ്ബെര്‍ഗ്ഗും ഒന്നിടവിട്ടാണ് 16 ഘട്ടങ്ങളിലായുള്ള സോളാര്‍ ഇംപള്‍സിന്റെ യാത്രനിയന്ത്രിച്ചത്.
സൗരോര്‍ജ്ജം പോലുള്ള പുനരുപയോഗ ഊര്‍ജ്ജസാദ്ധ്യതകളെ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുക എന്നതായിരുന്നു സോളാര്‍ ഇംപള്‍സ് ദൗത്യത്തിലൂടെ ബര്‍ട്രാന്റ് പിക്കാര്‍ഡും ആന്ദ്രേ ബോഷ്ബെര്‍ഗ്ഗും ലക്ഷ്യമിട്ടത്. 15 വര്‍ഷത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് സോളാര്‍ ഇംപള്‍സ് സാദ്ധ്യമായത്. ആദ്യസംരംഭമെന്ന നിലയില്‍ ഏറെ വെല്ലുവിളികള്‍ അതിജീവിച്ചാണ് സോളാര്‍ ഇംപള്‍സ് യാത്രയാരംഭിച്ചത്. ചൈനയിലെ കറങ്ങുന്ന കാറ്റുകള്‍ യാത്രയില്‍ ആഴ്ചകളോളമുള്ള താമസം വരുത്തി. പസഫിക്കിനുമുകളിലൂടെയുള്ള യാത്രയില്‍ ബാറ്ററികള്‍ വലിയരീതിയില്‍ ചൂടായത് ഹവായിയിലെ ഒരു വിമാനത്താവളത്തില്‍ മഞ്ഞുകാലം കഴിച്ചുകൂട്ടാനിടയാക്കി. ഈ ദൗത്യത്തിനായി ഏതാണ്ട് 20 മില്യണ്‍ യൂറോ സാമ്പത്തിക സമാഹരണവും സോളാര്‍ ഇംപള്‍സ് ടീമിന് ചെയ്യേണ്ടിവന്നു.
പുനരുപയോഗ ഊര്‍ജ്ജരംഗത്ത് അനേകം സാദ്ധ്യതകള്‍ തുറന്നിട്ടുകൊണ്ടാണ് സോളാര്‍ ഇംപള്‍സ് യാത്രയവസാനിപ്പിക്കുന്നത്. സൗരോര്‍ജ്ജം മാത്രം ഇന്ധനമാക്കിമാറ്റിയാണ് സോളാര്‍ ഇംപള്‍സ് ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്. സൗരോര്‍ജ്ജം കൊണ്ട് വിമാനം പറത്താന്‍വരെ കഴിയും എന്നത് ഗതാഗതമടക്കമുള്ള മേഖലയില്‍ കൂടുതല്‍ സംരംഭങ്ങള്‍ക്ക് സാദ്ധ്യത തുറക്കും എന്നത് നിശ്ചയം. കൂടുതല്‍ നല്ലതും പ്രകൃതിക്ക് ദോഷകരമാവാത്തതുമായ പുനരുപയോഗ ഇന്ധനരംഗത്തെ ഒരു വിപ്ലവത്തിന് തന്നെ സോളാര്‍ ഇംപള്‍സ് തുടക്കം കുറിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.