സെപ്തംബര്‍ 7 നാണ് 2014RC എന്നു പേരുള്ള ഛിന്നഗ്രഹം ഭൂമിയ്ക്കടുത്തുകൂടി കടന്നുപോവുക. 40,000 കിലോമീറ്റര്‍ അകലെക്കൂടിയാണ് ഏതാണ്ട് 20 മീറ്ററോളം വലിപ്പമുള്ള ഈ ചങ്ങാതിയുടെ യാത്ര! ഇന്ത്യന്‍ സമയം രാത്രി 11.48നാണത്രേ ഭൂമിയോട് ഏറ്റവും അടുത്തെത്തുക. ഏതാണ്ട് ന്യൂസിലാന്‍ഡിന്റെ മുകളിലായിരിക്കും അപ്പോള്‍ ഛിന്നഗ്രഹം.
വെറും ഒരാഴ്ച മുന്‍പു മാത്രമാണ് 2014 RC എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തുന്നത്. അതായത് ആഗസ്റ്റ് 31ന്!!! അരിസോണ സര്‍വ്വകലാശാലയിലെ കാറ്റലിനെ സ്കൈ ഒബ്സര്‍വേറ്ററിക്കാരാണ് ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം ഹവായിയിലെ Pan-STARRS 1 ദൂരദര്‍ശിനി ഛിന്നഗ്രഹത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളിലെ കൂടുതല്‍ നിരീക്ഷണങ്ങള്‍ ഛിന്നഗ്രഹത്തിന്റെ പാത വ്യക്തമാക്കിത്തന്നു. ന്യൂസിലാന്‍ഡില്‍ നിന്നു നോക്കിയാലും നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയില്ല. അല്പം ശക്തിയേറിയ ടെലിസ്കോപ്പ് തന്നെ വേണ്ടിവരും ഈ ഛിന്നഗ്രഹത്തെ കാണണമെങ്കില്‍.
നമ്മുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്നും 36000 കിലോമീറ്റര്‍ ഉയരത്തിലാണ് നില്‍ക്കുന്നത്. ഈ ഛിന്നഗ്രഹം കടന്നുപോകുന്നത് 40000 കിലോമീറ്റര്‍ ഉയരത്തില്‍ക്കൂടിയും. ഉപഗ്രഹങ്ങള്‍ക്കോ ഭൂമിക്കോ ഒരു ശല്യവുമുണ്ടാക്കാതെയാണ് 2014RC യുടെ യാത്ര!
ഭൂമിയോട് ഏറ്റവുമടുത്തുകൂടി കടന്നുപോകുന്നതിനും വെറും ഒരാഴ്ച മുന്‍പു മാത്രമാണ് ഈ ഛിന്നഗ്രഹത്തെ നാം കണ്ടെത്തുന്നത്. ഇത്തരത്തിലുള്ള പല ഛിന്നഗ്രഹങ്ങളും ഭൂമിയ്ക്കടുത്തുകൂടി കടന്നുപോകാറുണ്ട്. വളരെയധികം വലിപ്പം കൂടിയവ ഭൂമിയില്‍ വന്നിടിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. 2014RC ഭൂമിയിലേക്കു വന്നിരുന്നെങ്കിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമായിരുന്നില്ല. നമ്മുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോഴുണ്ടാകുന്ന ഘര്‍ഷണത്തില്‍, അന്തരീക്ഷത്തില്‍ വച്ചുതന്നെ പൊട്ടിത്തെറിച്ചുപോകാനുള്ള സാധ്യതയാണ് കൂടുതല്‍.
[divider] [author image=”http://luca.co.in/wp-content/uploads/2014/09/Naveenath-Krishnan.jpg” ]തയ്യാറാക്കിയത് : ടോട്ടോച്ചാന്‍[email protected] [/author]