മഴമേഘങ്ങൾ സഹകരിക്കുകയാണെങ്കിൽ ഈ മാസവും നമുക്ക് അത്താഴത്തിനു മുമ്പു തന്നെ ആകാശഗംഗയുടെ മനോഹാരിത ആസ്വദിക്കാം. കാസിയോപ്പിയ, സിഗ്നസ്, അക്വില, വൃശ്ചികം എന്നീ താരാഗണങ്ങളെ തഴുകി നീങ്ങുന്ന ആകാശഗംഗയെ ഇരുട്ടു പരക്കുന്നതോടെ തന്നെ കാണാനാകും. ഗ്രീക്ക് മിത്തോളജിയിലെ ഒരു കഥയനുസരിച്ച് ഒറിയോണിന്റെ ശത്രുവായ വൃശ്ചികം (scorpio) തന്നെയായിരിക്കും സൂര്യാസ്തമനത്തിനു ശേഷമുള്ള ഏറ്റവും നല്ല കാഴ്ച. പ്രഭാതത്തിൽ ഒറിയോണിനെയും കാണാൻ കഴിയും. ശത്രുക്കളായതുകൊണ്ടാവാം ഇവ എതിർദിശകളിലായത്.
ഒരു ദൂരദർശിനിയോ നല്ലൊരു ബൈനോക്കുലറോ കൊണ്ട് സിഗ്നസ് രാശിയിൽ തിരഞ്ഞാൽ ജാക്വിസ് ധൂമകേതുവിനെ കണ്ടെത്താം. സൂര്യനെ ചുറ്റി തിരിച്ചു പോകുന്ന ഇത് ഒരു ദീർഘകാല ധൂമകേതുവാണ്. ഈ മാസം 23൹ തുലാവിഷുവം- രാപ്പകലുകൾ തുല്യമാകുന്ന ദിവസം.
സൂര്യനോട് വളരെ അടുത്ത് നിൽക്കുന്നതുകൊണ്ട് ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങളെ ഈ മാസം കാണാൻ പ്രയാസമായിരിക്കും. ചൊവ്വയെ രാത്രി 10.30 വരെയും ശനിയെ രാത്രി 9.45 വരെയും തുലാം രാശിയിൽ കാണാം. വ്യാഴത്തെ രാവിലെ കർക്കടകം രാശിയിലും കാണാം. 27൹ ചൊവ്വ ചുവന്ന നക്ഷത്രമായ വൃശ്ചികത്തിലെ കേട്ട നക്ഷത്രത്തിനോട് വളരെ ചേർന്നു നിൽക്കും. ഇതിലേതാണ് ചൊവ്വ എന്നു സംശയം തോന്നിക്കുന്ന അത്ര സാമ്യമുണ്ട് കാഴ്ചയിൽ ഇവ തമ്മിൽ. 29൹ ശനി, ചൊവ്വ, ചന്ദ്രൻ എന്നിവയുടെ സംഗമവും നടക്കും.
വ്യാഴത്തെ രാവിലെ കർക്കിടകം രാശിയിൽ കാണാം. ഒരു ടെലിസ്കോപ്പുണ്ടെങ്കിൽ മേഘവലയങ്ങളും പ്രസിദ്ധമായ ചുവന്ന പൊട്ടും ഗലീലിയൻ ഉപഗ്രഹങ്ങളെയും കാണാൻ കഴിയും. 11൹ നാലു ഗലീലിയൻ ഉപഗ്രഹങ്ങളും വ്യാഴത്തിന്റെ കിഴക്കു ഭാഗത്ത് വരിയായി നിൽക്കുന്നതു കാണാം.
[divider][author image=”http://luca.co.in/wp-content/uploads/2014/08/Shaji-Arkkadu.png” ] തയ്യാറാക്കിയത്: ഷാജി അരിക്കാട്
[email protected][/author]
സിഗ്നസ് രാശി ഏതു ഭാഗത്തു വരും ?
ചിത്രത്തിൽ ജായര എന്ന പേരിൽ കൊടുത്തിരിക്കുന്ന ഗണമാണ് സിഗ്നസ്. ഭാദ്രപദത്തിനു പടിഞ്ഞാറൂ ഭാഗത്ത്. ലൂക്കക്ക് വേണ്ടി തയ്യാറാക്കിയ ചിത്രത്തിൽ സിഗ്നസ് എന്നു തന്നെയാണ് കൊടുത്തിരുന്നത്. മറ്റൊരു ആവശ്യത്തിനു വേണ്ടി തയ്യാറാക്കിയ ചിത്രം മാറിപ്പോയതാ.