Read Time:4 Minute

മഴപെയ്ത്, അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ മാറി തെളിഞ്ഞ ആകാശം ഇടയ്ക് ലഭിച്ചാല്‍ ജൂണ്‍മാസം ആകാശം നോക്കികള്‍ക്ക് സന്തോഷം പകരുന്നതാകും. ബൂഓട്ടീഡ് ഉൽക്കാവർഷം 27 ന് ദൃശ്യമാകും.
June-2015

പൊതുവെ നക്ഷത്രനിരീക്ഷകരോട് സഹകരിക്കുന്ന മാസമല്ല ജൂൺ. മേഘമാലകൾ കൊണ്ട് ആകാശമാകെ പൊതിഞ്ഞു വെച്ച് കുറച്ചു നേരമെങ്കിലും ഇതൊന്നു തുറന്നു കിട്ടിയെങ്കിൽ എന്ന് മാനംനോക്കികളെ കൊതിപ്പിക്കും. എങ്കിലും ഇടക്ക് കാർമുകിൽ പുതപ്പ് മാറ്റി ഇതാ ഇപ്പോൾ വേണമെങ്കിൽ നോക്കിക്കോ എന്നു പറയുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നു വേറെതന്നെയാണ്. മഴയിൽ കുതിർന്ന് അന്തരീക്ഷത്തിലെ പൊടിപടലങ്ങളെല്ലാം പോയി തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളെ ആസ്വദിക്കാൻ ഇതിൽപ്പരം നല്ല കാലം ഏതാണുള്ളത്?

ഈ മാസത്തെ ബൂഓട്ടീഡ് ഉൽക്കാവർഷം അവസരമൊത്താൽ കാണാം. 27നാണ് ഇതു കാണാൻ കഴിയുക. ബുധൻ, ശുക്രൻ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ ഈ മാസം കാണാൻ കഴിയും. മഴമേഘങ്ങൾ കനിയുകയാണെങ്കിൽ ബുധനെ നന്നായി കണ്ടാസ്വദിക്കാനും ഭാഗ്യമുണ്ടാവും. മറ്റൊരു മനോഹരദൃശ്യം ജൂൺ 20ന് വ്യാഴം, ശുക്രൻ, ചന്ദ്രൻ എന്നിവർ ചേർന്നു നടത്തുന്ന വട്ടമേശസമ്മേളനമായിരിക്കും. ഈ ദിവസം ഇവ മൂന്നും സൂര്യാസ്തമനത്തിനു ശേഷം പടിഞ്ഞാറേ ആകാശത്ത് മുഖാമുഖം നിൽക്കുന്നതു കാണാം. തുടർന്നുള്ള ദിവസങ്ങളിൽ വ്യാഴം, ശുക്രൻ എന്നിവ അടുത്തു വരുന്നതും അവസാനം ഇവ പരസ്പരം ഉരുമ്മി നീങ്ങുന്നതും ജൂൺ നമുക്കായി കാഴ്ചവെക്കുന്ന മനോഹരദൃശ്യങ്ങളിൽ ഒന്നായിരിക്കും.

M
ബുധനെ കാണാൻ ഏറ്റവും നല്ല അവസരമാണ് ഈ മാസത്തിൽ വരാനിരിക്കുന്നത്. ജൂൺ 24ന് ബുധൻ സൂര്യനിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്ക് ഏറ്റവും കൂടുതൽ അകന്നു നിൽക്കുന്ന സമയമാണ്. രാവിലെ 5മണിയോടു കൂടി എടവം രാശിയോടൊപ്പം ബുധൻ കിഴക്ക് ഉദിക്കും. സൂര്യപ്രകാശം മറക്കുന്നതുവരേക്കും ഇതിനെ കണ്ടുകൊണ്ടിരിക്കാം.

ശുക്രനെയും ഈ മാസത്തിൽ നന്നായി കാണാം. മാസാദ്യം സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പടിഞ്ഞാറൻ ആകാശത്തിൽ കർക്കടകം രാശിയിൽ ശുക്രൻ തിളങ്ങിനിൽക്കുന്നതു കാണാം. ഓരോ ദിവസം കഴിയുന്തോറും കർക്കടകത്തിൽ നിന്നും അകന്ന് ചിങ്ങത്തോട് അടുത്തുകൊണ്ടിരിക്കും. അവസാനത്തെ ആഴ്ചയിൽ  വ്യാഴത്തോട് അടുക്കുന്ന കാഴ്ച വളരെ മനോഹരമായിരിക്കും. മാസാവസാനം വ്യാഴവുമായി ചേർന്നു നിൽക്കുന്ന മനോഹരദൃശ്യം നമുക്കു സമ്മാനിച്ചു കൊണ്ടായിരിക്കും ജൂൺ നമ്മോട് വിട പറയുക.

mvjചൊവ്വ സൂര്യനോടു ചേർന്നു നിൽക്കുന്നതുകൊണ്ട് ഈ മാസം നമുക്കു കാണാൻ കഴിയില്ല. വ്യാഴത്തെയും ഈ മാസം നന്നായി കാണാം. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പടിഞ്ഞാറെ ആകാശത്ത് കർക്കടകം രാശിയിൽ വ്യാഴം തെളിഞ്ഞു വരുന്നതു കാണാം. 20-ാം തിയ്യതി ശുക്രനോടും പഞ്ചമി ചന്ദ്രനോടും ചേർന്ന് ഒരു ത്രികോണം സൃഷ്ടിക്കുന്നതും കാണാം. ശനിയേയും ഈ മാസം നന്നായി കാണാവുന്നതാണ്. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ കിഴക്ക് വൃശ്ചികം രാശിയിൽ ശനി തെളിഞ്ഞു വന്നിട്ടുണ്ടാകും.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ജൂൺ 4,5 തിയ്യതികളിൽ രാവിലെ കാണാൻ കഴിയും. 4-ാം തിയ്യതി രാവിലെ 5.21ന് വടക്കു പടിഞ്ഞാറു ദിശയിൽ നിന്നും ഉദിച്ച് 5.27ന് തെക്ക് അസ്തമിക്കും. 5-ാം തിയ്യതി രാവിലെ 4.31ന് വടക്കുഭാഗത്ത് ഉദിച്ച് 4.34ന് തെക്കു-കിഴക്ക് അസ്തമിക്കും.

[divider]

[author image=”http://luca.co.in/wp-content/uploads/2014/08/Shaji-Arkkadu.png” ] തയ്യാറാക്കിയത്: ഷാജി അരിക്കാട്
[email protected][/author]

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ചുടുനിണമൊഴുകുന്ന ഓപ്പ !
Next post മൗറീഷ്യസ് പ്രസിഡന്റായി ഒരു ശാസ്ത്രകാരി !
Close