Read Time:5 Minute

Opah_6സസ്തനികളെ, പക്ഷികളെ, ഉഷ്ണരക്തം പേറുന്ന ജീവികളെ, ഉഷ്ണരക്തത്തിന്റെ കുത്തക നിങ്ങള്‍ക്ക് മാത്രമല്ല, അതില്‍ മത്സ്യങ്ങളും പെടുന്നു. ഉഷ്ണരക്തകുടുംബത്തിലെ പുതിയ അംഗത്തെ മനുഷ്യര്‍ പരിചയപ്പെട്ടിരിക്കുന്നു. ഓപ്പ (Opah) അഥവാ ചന്ദ്രമത്സ്യമാണ് കക്ഷി. മത്സ്യജീവശാസ്ത്രജ്ഞര്‍ കണ്ടെത്തിയ,  ശരീരത്തിലാകമാനം ഉഷ്ണരക്തം ചംക്രമണം ചെയ്യാന്‍ കഴിവുള്ള ലോകത്തെ ആദ്യ മത്സ്യമാണ് ഓപ്പ. ആഴങ്ങളിലെ തണുപ്പില്‍ ഉഷ്ണരക്തം ഉത്പാദിപ്പിക്കുവാനും നിലനിര്‍ത്തുവാനും സാദ്ധ്യത കുറവാകയാല്‍ മത്സ്യങ്ങള്‍ക്ക് അതിനുള്ള കഴിവില്ലെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്.

ചൂര, സ്രാവ് തുടങ്ങിയ ചില മത്സ്യങ്ങള്‍ക്ക് തങ്ങളുടെ ശരീരത്തിന്റെ ചിലഭാഗങ്ങളില്‍ – പേശികള്‍, കണ്ണുകള്‍, തലച്ചോറ് തുടങ്ങിയ ചിലയിടങ്ങളില്‍ ചൂടുത്പാദിപ്പിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ ഇവയ്കുപോലും ശരീരത്തിന്റെ പ്രധാന ഭാഗമായ ഹൃദയം പോലുള്ള ഇടങ്ങളെ ചൂടുപിടിപ്പിക്കാനായി ഇടയ്കിടയ്ക്ക്, ആഴക്കടലിന്റെ കൊടും തണുപ്പില്‍ നിന്നും ജലോപരിതലത്തിലേക്ക് വരേണ്ടിവരുന്നു. എന്നാല്‍ ഓപ്പയ്ക് തന്റെ തലയുടെ തൊട്ടുപിന്നിലായി കാണപ്പെടുന്ന ചിറകുകള്‍ (pectoral fin) തുടര്‍ച്ചയായി വീശി ശരീരത്തിനുള്ളില്‍ ചൂടുത്പാദിപ്പിക്കാന്‍ കഴിയും. ചുറ്റുമുള്ള ജലത്തേക്കാള്‍ 4-5 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവ് ഇപ്രകാരം തന്റെ പേശികളില്‍ നിലനിര്‍ത്തുന്നതിന് ഈ മത്സ്യത്തിന് കഴിയുന്നു. ചെകിളകളുടെ പ്രത്യേക രൂപഘടന, ശരീരാന്തര്‍ഭാഗങ്ങളില്‍ നിന്നും വരുന്ന വരുന്ന ഉഷ്ണരക്തമുപയോഗിച്ച് ചെകിളകളുടെയ ശ്വസന തലത്തില്‍ നിന്നും തിരിച്ചെത്തുന്ന ശീതരക്തത്തെ ചൂടാക്കുവാന്‍ സാഹായിക്കുന്നുവെന്ന് ഓപ്പകളുടെ ഉഷ്ണരക്തം സംബന്ധിച്ച പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നാഷണല്‍ ഓഷ്യാനിക്ക് ആന്‍ഡ് അറ്റമോസ്ഫെറിക്ക് അഡ്മിനിസ്ട്രേഷന്റെ (NOAA) കാലിഫോര്‍ണിയയിലെ സൗത്ത് വെസ്റ്റ് ഫിഷറീസ് സയന്‍സ് സെന്ററിലെ മത്സ്യ ജീവശാസ്ത്രജ്ഞന്‍ നിക്കോളാസ് വെഗ്നര്‍ സാക്ഷ്യപ്പെടുത്തുന്നു.

opah measurement
ചിത്രങ്ങള്‍ക്ക് കടപ്പാട് : NOAA

ഉഷ്ണരക്ത ജീവികളായ പക്ഷികള്‍, സസ്തനികള്‍  തുടങ്ങിയവയ്ക്  (Endotherm) ചുറ്റുമുള്ള അന്തരീക്ഷത്തില്‍ നിന്നും വ്യത്യസ്ഥമായ സ്ഥിരമായ താപം ശരീരത്തിനുള്ളില്‍ നിലനിര്‍ത്താനുള്ള കഴിവുണ്ട്. എന്നാല്‍ മത്സ്യങ്ങളെ പോലെ ശീതരക്തമുള്ളവയ്ക്  ( Ecotherm) ഇത് സാധിക്കില്ല. ശരീരത്തില്‍ ഇളം ചുവപ്പ് നിറത്തോടെ ചെറിയ വെള്ളപ്പൊട്ടുകളും കടും ചുവപ്പ് നിറമുള്ള ചിറകുകകളുമുള്ള  ഓപ്പ മത്സ്യത്തിന് ദീര്‍ഘവൃത്താകൃതിയില്‍ ഒരു കാര്‍ടയറിന് സമാനമായ രൂപഘടനയാണുള്ളത്. ഈ പ്രത്യേക ശരീരഘടന ശരീരത്തിനുള്ളില്‍ ഉത്പാദിപ്പിക്കുന്ന താപം പുറത്തേക്ക് പോകുന്നതിനെ തടയുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ശരാശരി 90 കിലോ തൂക്കം വരുന്ന  ഇവ കടലിലെ 50 മുതല്‍ 400 മീറ്റര്‍ വരെ ആഴങ്ങളില്‍ കണവ തുടങ്ങിയ മത്സ്യങ്ങളെ വേട്ടയാടി ജീവിക്കുന്നു.

ശീതരക്തമുള്ള മറ്റ് മത്സ്യങ്ങളേക്കാള്‍ വേഗത്തില്‍ നീന്താനും പ്രതികരിക്കാനും കണ്ണ്, തലച്ചോര്‍ തുടങ്ങിയവയെ പ്രവര്‍ത്തിപ്പിക്കാനും ഓപ്പകള്‍ക്ക് കഴിയുന്നത് അവയുടെ ഉഷ്ണരക്ത സ്വഭാവംമൂലമാണെന്ന് ഗവേഷകര്‍ കരുതുന്നു. കാലിഫോര്‍ണിയന്‍ തീരങ്ങളില്‍ കാണപ്പെടുന്ന ഇവയെ ടാഗ് ചെയ്ത്  (ഗവേഷണത്തിനായി മത്സ്യങ്ങളെ അടയാളപ്പെടുത്തുന്ന രീതി) അവയുടെ ശരീരത്തിന്റെ ഊഷ്മാവ്, ജീവിക്കുന്ന ആഴം തുടങ്ങിയവ അളന്ന് മറ്റു മത്സ്യങ്ങളുമായി താരതമ്യം ചെയ്താണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനങ്ങളിലെത്തിയത്. ദി ജേണല്‍ ഓഫ് സയന്‍സിലാണ് ഇതു സംബന്ധമായ പഠനം പ്രസിദ്ധീകരിച്ചത്.
[divider]

അവലംബം : സൗത്ത് വെസ്റ്റ് ഫിഷറീസ് സെന്റര്‍ ന്യൂസ്

തയ്യാറാക്കിയത്
[author image=”http://luca.co.in/wp-content/uploads/2015/05/LEENA.jpg” ]ലീന ഡെന്നീസ്
[email protected][/author]

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post ബ്ലാക് ഹോള്‍ – മെയ്_18
Next post ജൂണിലെ ആകാശവിശേഷങ്ങള്‍
Close