ജനുവരിയിലെ പ്രധാന ആകാശവിശേഷം ലൗ ജോയ് ധൂമകേതുവിന്റെ ആഗമനം തന്നെയാണ്. ഈ മാസം മുഴുവന്‍ ഈ വാല്‍നക്ഷത്രം ആകാശത്തുണ്ടാവും. ജനുവരി ഒന്നിന് ഇതിന്റെ സ്ഥാനം ലിപ്പസില്‍ (മുയല്‍) ആണ്. ദിവസം മൂന്നു ഡിഗ്രി വീതം നീങ്ങി 7൹ ഇറിഡാനസിനു നേരെ എത്തുമ്പോഴാണ് ഇത് ഭൂമിയോട് ഏറ്റവും അടുത്താവുന്നത്. ഒരു ബൈനോക്കുലറോ ചെറിയ ദൂരദര്‍ശിനിയോ ഉണ്ടെങ്കില്‍ ഇതിനെ കണ്ടെത്താനാവും. തുടര്‍ന്നും ഇതേ ദിശയില്‍ തന്നെയാണ് ഇതിന്റെ സഞ്ചാരം. 13 ന് ഭരണി നക്ഷത്രത്തിനനുടുത്ത് ഇതിനെ കാണാം. മറ്റൊരു പ്രധാന സംഭവം ക്വാഡ്രാന്റിഡ് ഉല്‍ക്കാവര്‍ഷമാണ്. ജനുവരി 3, 4 തിയ്യതികളില്‍ ഇതു കാണാം.
ബുധനെ കണ്ടെത്താന്‍ ഈ മാസം വളരെ സൗരകര്യപ്രദമാണ്. സൂര്യാസ്തയത്തിനു ശേഷം ഇരുട്ടു പരക്കുന്നതോടു കൂടി പടിഞ്ഞാറന്‍ ചക്രവാളത്തില്‍ മകരം രാശിയില്‍ ബുധനെ കാണാന്‍ കഴിയും. ഈ മാസം 14നാണ് സൂര്യനു കിഴക്കോട്ട് ബുധന്‍ ഏറ്റവും കൂടുതല്‍ മാറിനില്‍ക്കുന്ന സമയം. ഈ ദിവസം സൂര്യന്‍ 6.48ന് അസ്തമിക്കും. ബുധനാകട്ടെ ഒരു മണിക്കൂറു കൂടി കഴിഞ്ഞ് 7.42നേ അസ്തമിക്കൂ.
ഇതേ സമയത്തു തന്നെ ശുക്രനേയും പടിഞ്ഞാറന്‍ ചക്രവാളത്തില്‍ കാണാന്‍ കഴിയും. 14മുതല്‍ ബുധന്‍ സൂര്യനോടടുക്കുകയും ശുക്രന്‍ സൂര്യനില്‍ നിന്നും അകന്നു പോകാന്‍ തുടങ്ങുകയും ചെയ്യും. ജനുവരി 22ന് ശുക്രന്‍ മകരം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്ക് കടക്കും.
ചൊവ്വയെയും ഈ മാസം മുഴുവനും രാത്രി ഒമ്പതു മണി വരെ കാണാന്‍ കഴിയും. ആദ്യത്തെ ആഴ്ച മകരം രാശിയിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുംഭം രാശിയിലും കാണാം.
വ്യാഴത്തെ കാണാന്‍ പറ്റിയ നല്ല അവസരമാണിത്. രാത്രി മുഴുവന്‍ ഈ ബൃഹത്‌ഗ്രഹത്തെ ചിങ്ങം രാശിയില്‍ ആകാശത്തു കാണാന്‍ കഴിയും. ഒരു ദൂരദര്‍ശിനിയിലൂടെ നോക്കിയാല്‍ ഗലീലിയന്‍ ഉപഗ്രഹങ്ങളെയും കാണാന്‍ കഴിയും. ശനിയെ രാവിലെ തെക്കു-കിഴക്കു ഭാഗത്ത് വൃശ്ചികം രാശിയില്‍ കാണാന്‍ കഴിയും.
[divider][author image=”http://luca.co.in/wp-content/uploads/2014/08/Shaji-Arkkadu.png” ] തയ്യാറാക്കിയത്: ഷാജി അരിക്കാട്
[email protected][/author]