ആഗസ്റ്റിലെ ആകാശം

അധികം കാഴ്ചകളൊന്നും ഒരുക്കി വെക്കാത്ത മാസമാണ് ഇത്. ഭൂമിയിലാണ് ഈ മാസം വസന്തം സൃഷ്ടിക്കുന്നത്. എങ്കിലും വാനനിരീക്ഷകരെ പൂർണ്ണമായും നിരാശരാക്കേണ്ട എന്നു കരുതിയാകണം മനോഹരമായ ഒരു ഉൽക്കാവർഷം ഈ മാസത്തേക്കു വേണ്ടി കരുതിവെച്ചത്.

star location map 2015 aug
ഈ മാസത്തെ പ്രധാന ആകാശക്കാഴ്ച പെർസീഡ്സ് ഉൽക്കാവർഷമാണ്. ആഗസ്റ്റ് 11,12,13 തിയ്യതികളിലാണ് ഇതു കാണാനാവുക. ഈ ദിവസങ്ങളിൽ അർദ്ധരാത്രിക്കു ശേഷം പെർസ്യൂസ് നക്ഷത്രരാശിയുടെ ദിശയിൽ നിന്നും ധാരാളം ഉൽക്കകൾ വീഴുന്നത് കാണാനാകും. സ്വിഫ്റ്റ് ടട്ടിൽ എന്ന ധൂമകേതു വഴിയിലുപേക്ഷിച്ചു പോയ അവശിഷ്ടങ്ങൾ ഭൂമിയുടെ ആകർഷണവലയത്തിൽ പെടുമ്പോഴാണ് പെർസീഡ്സ് ഉൽക്കാവർഷം ഉണ്ടാവുന്നത്. ഉൽക്കാവർഷങ്ങളിൽ വളരെ മനോഹരമായ ഒന്നാണിത്. നഷ്ടപ്പെടാതെ നോക്കുക.

ശനിയൊഴികെയുള്ള ഗ്രഹങ്ങളെല്ലാം സൂര്യനോടു ചേർന്നു നിൽക്കുന്നതുകൊണ്ട് ഈ മാസം അവയെ കാണാനാവില്ല. ശനിയെ വൃശ്ചികം രാശിയിൽ കാണാനാകും.  ഒരു ദൂരദർശിനിയിൽ കൂടി നോക്കുകയാണെങ്കിൽ വലയങ്ങൾ വളരെ ഭംഗിയിൽ കാണാനാകും.

scorpion august2015

വൃശ്ചികം നക്ഷത്രരാശിയാണ് ഈ മാസം സൂര്യനസ്തമിച്ചാൽ ആകാശത്തിനഴകേകുവാനുണ്ടാവുക. മനോഹരമായ നക്ഷത്രഗണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വൃശ്ചികം. പേരു സൂചിപ്പിക്കുന്നതു പോലെ തേളിന്റെ ആകൃതി കൃത്യമായി സങ്കൽപ്പിച്ചെടുക്കാൻ കഴിയുന്ന ഒരു ഗണമാണിത്. ഈ ഗണത്തിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമായ അന്റാറീസും അതിനപ്പുറത്തും ഇപ്പുറത്തുമുള്ള ഓരോ നക്ഷത്രങ്ങളെ കൂടി കൂട്ടിയാൽ നമ്മുടെ തൃക്കേട്ടയായി. അതിനു ശേഷം വാലറ്റം വരെയുള്ള നക്ഷത്രങ്ങളെ ചേർത്താണ് മൂലം എന്നു പറയുന്നത്. തലയിൽ കാണുന്ന അഞ്ചു നക്ഷത്രങ്ങളാണ് അനിഴം. വാലിനു തൊട്ടു വടക്കായി ബട്ടർഫ്ലയ് ക്ലസ്റ്റർ (M6), ടോളമി ക്ലസ്റ്റർ (M7) എന്നീ ഓപ്പൺ ക്ലസ്റ്ററുകൾ ഉണ്ട്. തൃക്കേട്ടയുടെ അടുത്ത് M4, അനിഴത്തിന്റെ തെക്കുകിഴക്കായി M80 എന്നീ ഗ്ലോബുലർ ക്ലസ്റ്ററുകളും ഉണ്ട്. ഒരു ദൂരദർശിനിയുടെ സഹായത്തോടെ ഇവയെ കണ്ടെത്താനാവും.
വൃശ്ചികത്തിന്റെ വാലിലൂടെ വടക്കോട്ട് നീണ്ടുകിടക്കുന്ന ക്ഷീരപഥവും മഴക്കാറും നിലാവും ഇല്ലാത്ത ആകാശത്ത് കാണാൻ കഴിയും.

Leave a Reply