ആകാശത്തിന്റെ ആഴമറിഞ്ഞ് ആസ്വദിക്കാൻ കഴിയുന്ന ഏക ജീവി മനുഷ്യനാണെന്നത് ഒരു വലിയ ഭാഗ്യം തന്നെയാണ്. കേരളത്തിൽ ജനുവരി, ഫെബ്രുവരി മാസങ്ങൾ വാനനിരീക്ഷണത്തിന് ഏറ്റവും പറ്റിയ കാലമാണ്. നിർഭാഗ്യവശാൽ ഒരു വൻ നഗരമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ നല്ല ഇരുട്ടുള്ള സ്ഥലങ്ങൾ കുറഞ്ഞുവരികയാണ്. പ്രകാശമലിനീകരണം ഏറെയില്ലാത്ത ഒരു കുന്നിൻപുറം കണ്ടെത്തി നിരീക്ഷണം തുടങ്ങണം. അതിനു സഹായിക്കുന്ന മേപ്പും മറ്റു വിവരങ്ങളും ലൂക്കയിലുണ്ട് (`ജനുവരിയിലെ ആകാശം‘ നോക്കുക). `സ്റ്റെല്ലേറിയം‘, `സ്‌ററാറിനൈറ്റ്’ തുടങ്ങിയ സോഫ്‌റ്റ്‌വെയറുകളും പുതിയതരം സെൽഫോണുകളിൽ ലഭ്യമാക്കാമല്ലോ. അപ്പോൾ ഏതൊരു ചെറിയ നക്ഷത്രത്തിന്റെ പോലും പേരും കണ്ടെത്താം.
നമ്മുടെ പൂർവികർ വലിയ ഭാവനയുളളവരായിരുന്നു. അവർ മാനം നിറയെ കഥകളും കഥാപാത്രങ്ങളും കൊണ്ടു നിറച്ചിരിക്കയാണ്. ജനുവരിയിൽ സന്ധ്യയ്‌ക്ക് തലയ്‌ക്കുമീതെ ഒരു പറക്കുന്ന കുതിരയുണ്ട് – ഗ്രീക്കുകാരുടെ പെഗാസസ് (ഇന്ത്യക്കാർക്ക് ഭാദ്രപഥം). ആ കുതിരപ്പുറത്തു പറന്നുചെന്നാണ് പെർസിയൂസ് എന്ന വീരൻ സെഫിയസ് രാജാവിന്റെയും കസിയോപ്പിയയുടെയും മകളും അതിസുന്ദരിയുമായ ആൻഡ്രോമിഡയെ സീറ്റസ് എന്ന ഭീകരജീവിയിൽ നിന്നു രക്ഷിച്ചത്. ഇപ്പറഞ്ഞ കഥാപാത്രങ്ങളെല്ലാം പെഗാസസിനു ചുറ്റുമായി ഇപ്പോഴുമുണ്ട്. മേപ്പു നോക്കി കണ്ടുപിടിക്കൂ. ഡൗൺലോഡ് ചെയ്യുന്ന നക്ഷത്രമാപ്പുകളിൽ കാണാത്ത കാര്യം നമ്മുടെ ജന്മനക്ഷത്രങ്ങളാണ്. അതിന് ലൂക്ക തന്നെ ആശ്രയം.
ഇപ്പോൾ സന്ധ്യാകാശത്തെ ഏറ്റവും ശ്രദ്ധേയമായ നക്ഷത്രഗണം `വേട്ടക്കാരൻ ഒറയൺ’ (Orion the hunter) ആണ്. വടക്കോട്ട് തലവെച്ച് നീണ്ടുനിവർന്ന് കിടക്കുന്ന ഒറയണിന്റെ അരയിലെ ബെൽറ്റിൽ നിന്ന് തൂങ്ങിക്കിടക്കുന്ന വാള് നേരെ തെക്കോട്ടാണ്. പണ്ട് കപ്പൽ യാത്രികർക്ക് വഴികാട്ടിയിരുന്നത് ഈ വാളാണ്. അതുകൊണ്ട് ഗ്രീക്ക് ഇതിഹാസകഥകളിൽ ഒറയൺ ഒരു പ്രധാന കഥാപാത്രമാണ്. സമുദ്രദേവനായ പോസിഡോണിന്റെ മകനാണ് ഒറയൺ. അയാളെ വെല്ലുന്ന ഒരു വേട്ടക്കാരൻ ഉണ്ടായിരുന്നില്ല. അയാളുടെ അന്ത്യത്തെക്കുറിച്ച് രണ്ടു കഥകളുണ്ട്. ഒന്ന് ഇതാണ്: ഒറയൺ ഒരുനാൾ വീമ്പടിച്ചത്രേ, ഭൂമിയിലെ സകല ജീവികളെയും തനിക്ക് വേട്ടയാടി കൊല്ലാൻ കഴിയുമെന്ന്. ഭൂമിദേവി ഗേയയ്‌ക്കു പേടിയായി. ഒറയണെ എങ്ങനെയെങ്കിലും വധിക്കണമെന്ന് അവർ തീരുമാനിച്ചു. ഒരു ഭീമൻ തേളിനെ – വൃശ്ചികത്തെ (Scorpius) – അതിനായവൾ നിയോഗിച്ചു. ഒറയൺ ഒരു കാളയുമായി (ഋഷഭം അഥവാ ഇടവം) മൽപ്പിടുത്തം നടത്തുന്ന സമയത്താണത് എത്തുന്നത്. ഇടതുകാലിന്റെ മടമ്പിൽ ആഞ്ഞുകുത്തി. ഒറയണിന്റെ വാളുകൊണ്ട് തേളിനും കിട്ടി ഒരു കുത്ത്. രണ്ടാളും തൽക്ഷണം മരിച്ചുവീണു. ഒറയണെ പോസിഡോൺ മാനത്ത് ഏറ്റവും ശ്രദ്ധേയമായ സ്ഥാനത്ത് പ്രതിഷ്‌ഠിച്ചു. ആകാശത്തിന്റെ മറുവശത്ത് തേളിനും കിട്ടി നല്ലൊരു സ്ഥാനം. ഇനി ഒരിക്കലും അവർ തമ്മിൽ കണ്ടുമുട്ടില്ല. ഒറയൺ അസ്‌തമിച്ചശേഷമേ വൃശ്ചികം ഉദിക്കൂ എന്നറിയാമല്ലോ.
രണ്ടാമത്തെ കഥ ഇതാണ്; ചന്ദ്രന്റെയും വന്യജീവികളുടെയും ദേവതയായിരുന്ന ആർട്ടെമിസ് സുന്ദരനായ ഒറയണിൽ അനുരക്തയായി. പക്ഷേ, ആർട്ടെമിസിന്റെ സഹോദരനായ അപോളോ അതിഷ്ടപ്പെട്ടില്ല. ഒരു ദിവസം ഒറയൺ കടലിൽ നീന്തിക്കളിക്കുമ്പോൾ അപോളോ ആർട്ടെമിസിനെയും കൂട്ടി ആ വഴി വന്നു. ദൂരെ മുങ്ങാങ്കുഴിയിട്ടു പൊങ്ങുന്ന ഒരു തല കാണിച്ചിട്ട് അതിൽ അമ്പെയ്‌ത് കൊള്ളിക്കാമോ എന്ന് അവളെ അപോളോ വെല്ലുവിളിച്ചു. ചതി അറിയാതെ ആർട്ടെമിസ് അമ്പെയ്‌തു. തിരമാലകൾ ഒറയണിന്റെ ജീവനറ്റ ശരീരം കരയ്‌ക്കണച്ചപ്പോൾ അവൾക്ക് വാവിട്ട് കരയാനേ കഴിഞ്ഞുള്ളൂ. വെള്ളികൊണ്ടു നിർമിച്ച തന്റെ ചന്ദ്രരഥത്തിലേറ്റി ഒറയണെ അവൾ മാനത്തെ ശ്രേഷ്‌ഠസ്ഥാനത്തു തന്നെ പ്രതിഷ്‌ഠിച്ചു. (ഇന്ത്യയിലായിരുന്നെങ്കിൽ ഇപ്പോഴും ഇവിടെ ഒറയൺ ക്ഷേത്രങ്ങൾ ഉയർന്നേനെ).
പ്രാചീന അറബികൾക്ക് ഒറയൺ അൽജൗസാ (മാനമധ്യത്തെ രൂപം) ആണ്. അൽബബാദൂർ (ശക്തൻ) എന്നും വിളിക്കും. അയാളുടെ വലിയ നായ, കാനിസ്‌മേജർ അവർക്ക് അൽകൽബ് അൽ ജബ്ബാർ (ഭീമന്റെ നായ) ആണ്. കാനിസ്‌മൈനർ അൽകൽബ് അൽഅസ്‌ഘറും (ചെറുനായ എന്നർഥം).
ഭാരതീയ ഇതിഹാസങ്ങളിൽ വേട്ടക്കാരൻ ഇല്ല. പകരം ഒന്നിലേറെ കഥാപാത്രങ്ങളാണ്. ഒറയണിന്റെ തല നമുക്ക് മൃഗശിരസ് (മകീര്യം) അഥവാ മാനിന്റെ തല ആണ്. ബെൽറ്റ് ത്രിമൂർത്തികളും. വാളിന്റെ സ്ഥാനത്ത് അമ്പ്. സിറിയസ് നക്ഷത്രം (കാനിസ് മേജറിന്റെ കണ്ണ്) മാനിനെ അമ്പെയ്യുന്ന കാട്ടാളൻ – മൃഗവേധൻ – ആണ്. കഥയിങ്ങനെ: ദേവേന്ദ്രൻ മാനിന്റെ വേഷം ധരിച്ച് രോഹിണിയെ പ്രാപിക്കാൻ പോകുന്നു. (സ്‌ത്രീകളോടുള്ള കമ്പത്തിൽ നമ്മുടെ ദൈവങ്ങളും ഗ്രീക്ക് ദൈവങ്ങളും തമ്മിലുള്ള സ്വഭാവസാമ്യം ശ്രദ്ധേയമാണ്). മാനിന്റെ തലയ്‌ക്കുനേരെ മൃഗവേധൻ ഒരമ്പുതൊടുക്കുന്നു. ദേവലോകത്തിന് നാഥനില്ലാതാകുമല്ലോ എന്ന് ഭയപ്പെട്ട് ത്രിമൂർത്തികൾ ഇടയ്‌ക്കു കയറി നിന്ന് അമ്പ് തടുക്കുന്നു. അമ്പിന്റെ ദിശ നേരെ വടക്കോട്ടാണ് എന്നതാണ് ഇതിന്റെ ജ്യോതിശ്ശാസ്‌ത്രപ്രാധാന്യം.
പ്രാചീന ബാബിലോണിയരും തുർന്നു ഗ്രീക്കുകാരുമാണ് മാനത്ത് നക്ഷത്ര ചിത്രങ്ങൾ വരയ്‌ക്കുന്നതിലും കഥകൾ മെനയുന്നതിലും ഏറെ താൽപ്പര്യം കാട്ടിയത്. അതിനു കാരണം അവർ ദീർഘദൂരം സഞ്ചരിച്ച് വ്യാപാരം നടത്തിയിരുന്നു എന്നതാണ്. മരുഭൂമികളും സമുദ്രവും താണ്ടി രാത്രികാലത്ത് സഞ്ചരിക്കുമ്പോൾ ദിക്കറിയാൻ അവർ ആശ്രയിച്ചത് മാനത്തെ നക്ഷത്രരൂപങ്ങളെയാണ്. ഓർത്തുവെക്കാനും മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കാനും രൂപങ്ങളും കഥകളും ഉപകരിക്കുമല്ലോ.
ഇന്നും കുഞ്ഞുങ്ങളെ ജ്യോതിശ്ശാസ്‌ത്രത്തിലേക്ക് ആകർഷിക്കാൻ ആകാശകഥകൾ ഉപകരിക്കും. ഇന്ത്യക്കാരുടെ സ്വന്തം സൃഷ്ടിയായ ജന്മനക്ഷത്രം, ഞാറ്റുവേല തുടങ്ങിയ ആശയങ്ങളും അവർക്കു പറഞ്ഞുകൊടുക്കണം. അന്ധവിശ്വാസങ്ങൾക്കു പകരം ഇതിന്റെയൊക്കെ പണ്ടുകാലത്തെ ഉപയോഗമാണ് പറഞ്ഞുകൊടുക്കേണ്ടത്. ഒപ്പം പുതിയ അറിവുകളും – ഒറയണിന്റെ വാളിന്റെ മധ്യത്തിലേക്ക് ടെലിസ്‌കോപ്പ് ഫോക്കസ് ചെയ്‌താൽ ഒറയൺ നെബുല കാണാം. അനേകം നക്ഷത്രങ്ങൾ ജനിച്ചു കഴിഞ്ഞ, ഇപ്പോഴും ജനിച്ചുകൊണ്ടിരിക്കുന്ന ഒരു നെബുലയാണത്. അടുത്തുതന്നെ പ്രസിദ്ധമായ കുതിരആലയും (Horse head Nebula) ഉണ്ട്. ആൻഡ്രോമിഡ ഗണം പെഗാസസിന്റെ വടക്കുകിഴക്കേ മൂലയിൽ നിന്ന് തുടങ്ങും. അതിൽ ആൻഡ്രോമിഡ ഗാലക്‌സിയെ കാണാം. ടെലിസ്‌കോപ്പിൽ നല്ല കാഴ്‌ച ആയിരിക്കും. കുഞ്ഞുങ്ങളെ ആകാശം പരിചയപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടത്തണം ഈ രണ്ടു മാസങ്ങളിൽ. ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങൾ പെരുകിവരുന്ന ഇക്കാലത്ത് ഈ പ്രവർത്തനത്തിന്റെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന് പറയേണ്ടതില്ലല്ലോ.