ജനുവരിയിലെ ആകാശം

[author title=”എന്‍. സാനു” image=”http://luca.co.in/wp-content/uploads/2016/12/Sanu-N.jpg”][/author]

 

വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ലമാസമാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ജനുവരി. കൊച്ചുകുട്ടികള്‍ക്ക് പോലും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരന്‍ എന്ന ഓറിയോണിനെ നമുക്ക് ജനുവരി മുതല്‍ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. ഗ്രഹങ്ങളില്‍ ശോഭകൊണ്ട് എളുപ്പം തിരിച്ചറിയാന്‍ കഴിയുന്ന, വെള്ളിനക്ഷത്രം എന്ന് പഴമക്കാര്‍ വിളിച്ചിരുന്ന ശുക്രന്‍ പടിഞ്ഞാറന്‍ ആകാശത്തങ്ങനെ തിളങ്ങി നില്‍പ്പുണ്ട്. കൂടെ തന്നെ ചൊവ്വയും. കാസിയോപ്പിയ, ഭാദ്രപഥം, ഇടവം, അശ്വതി, കാര്‍ത്തിക അങ്ങനെ നമ്മളെ വേഗത്തില്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്.

sky-map-january
                                                      ജനുവരിയിലെ ആകാശം

പ്രധാന നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തിലെ നക്ഷങ്ങളെ 12 നക്ഷത്രസമൂഹങ്ങളാക്കി വിഭജിച്ചിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും. സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം കുംഭം, മീനം, മേടം, ഇടവം രാശികളെ ജനുവരിയില്‍ നിരീക്ഷിക്കാൻ സാധിക്കും. തെക്ക്-പടിഞ്ഞാറുമുതല്‍ വടക്ക് കിഴക്കായാണ് സൂര്യപാത അഥവാ ക്രാന്തിപഥം ഈ മാസം കാണപ്പെടുന്നത്. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

ecliptic
രാശിചക്രം

സന്ധ്യയോടെ തന്നെ കുംഭം രാശി പടിഞ്ഞാറ് അസ്തമിച്ചു തുടങ്ങും. തെക്ക് പടിഞ്ഞാറേ ആകാശത്താണ് കുംഭം രാശിയുള്ളത്. കുംഭത്തിന് മുകളിലായി മീനം, മേടം, ഇടവം എന്നീ രാശികൾ യഥാക്രമം സ്ഥിതി ചെയ്യുന്നു. (നക്ഷത്രമാപ്പ് നോക്കുക.) സന്ധ്യയ്ക്ക് തലയ്ക്കുമുകളില്‍ അല്പം വടക്കുമാറി നീണ്ടുമെലിഞ്ഞ ഒരു ത്രികോണാകൃതിയില്‍ കാണപ്പെടുന്ന രാശിയാണ് മേടം. ചാന്ദ്രഗണമായ അശ്വതിയും ഇതു തന്നെയാണ്. അശ്വതിക്കും കിഴക്കായി സമഭുജത്രികോണാകൃയില്‍ കാണപ്പെടുന്ന മങ്ങിയ നക്ഷത്രങ്ങളുടെ കൂട്ടമാണ് ഭരണി. സന്ധ്യയ്ക്ക് നോക്കുന്നയാളുടെ തലക്കുമുകളില്‍ അല്പം വടക്ക് കിഴക്കായി കാണുന്ന തിളക്കമുള്ള ചുവന്ന നക്ഷത്രം ഉള്‍പ്പെടുന്ന നക്ഷത്രഗണമാണ് രോഹിണി. ഇംഗ്ലീഷിലെ V എന്ന അക്ഷരം തലതിരിച്ചു വച്ചതുപോലെയാണ് രോഹിണി കാണപ്പെടുന്നത്. രോഹിണിയിലെ തിളക്കമേറിയ ചുവന്ന നക്ഷത്രം അല്‍ദിബാരന്‍ (Aldebaran) എന്നറിയപ്പെടുന്നു. രോഹിണിയും അതിനു താഴെക്കാണുന്ന തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളും ചേര്‍ന്നാണ് ഇടവം രാശി. ഇടവം രാശിക്ക് കിഴക്കുമാറി മിഥുനവും അതിനും കിഴക്കായി കര്‍ക്കിടകവും രാശികള്‍ കാണപ്പെടുന്നു.

orion-and-other-constellations
വേട്ടക്കാരനും സമീപ നക്ഷത്രസമൂഹങ്ങളും

സൗരരാശികള്‍ കഴിഞ്ഞാല്‍ ജനുരിയില്‍ സന്ധ്യാകാശത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്ര സമൂഹമാണ് വേട്ടകാരന്‍ (Orion). ഇത് കിഴക്കന്‍ ചക്രവാളത്തിനു മുകളിലായി 7 മണിയോടെ പൂര്‍ണമായും ദൃശ്യമാകും. അടുത്തടുത്ത് വരിയായി കാണുന്ന മൂന്ന് നക്ഷത്രങ്ങളും അതിന് ഇരു ഭാഗത്തുമായി രണ്ടുവീതം പ്രഭയേറിയ നക്ഷത്രങ്ങളുമാണ് വേട്ടക്കാരന്റെ പ്രധാന നക്ഷത്രങ്ങള്‍. വേട്ടക്കാരന്റെ തോള്‍ഭാഗത്ത് കാണുന്ന, ഏറ്റവും തിളക്കമുള്ള ചുവന്ന നക്ഷത്രമാണ് തിരുവാതിര (Betelgeuse). വേട്ടക്കാരന്റെ രണ്ടാമത്തെ തോള്‍ ബല്ലാട്രിക്സ് (Bellatrix) (രണ്ടും വടക്ക് ദിശയില്‍). കാല്‍മുട്ടുകള്‍ റിഗല്‍ (Rigel), സെയ്ഫ് (Saiph) എന്നീ നക്ഷത്രങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുന്നു. വേട്ടക്കാരന്റെ വാള്‍ഭാഗത്തു് നടുവിലായി കാണുന്നത് ഒരു നെബുലയാണ് (Orion Nebula).  വേട്ടക്കാരന്റെ തലഭാഗത്തുള്ള മങ്ങിയ മൂന്ന് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് മകീര്യം എന്ന ചാന്ദ്രഗണം.

orion-a-directing-constellation
വേട്ടക്കാരനെ ഉപയോഗിച്ച് സമീപത്തുള്ള സിറിയസ് നക്ഷത്രത്തെയും രോഹിണി, കാര്‍ത്തിക എന്നീ നക്ഷത്രസമൂഹങ്ങളെയും തിരിച്ചറിയാം.

വേട്ടക്കാരന് തെക്ക് കിഴക്കായി കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് സിറിയസ് (Sirius). രോഹിണിയിലെ ചുവന്ന നക്ഷത്രം, വേട്ടക്കാരന്റെ ബെല്‍റ്റ് ഇവ ചേര്‍ത്ത് ഒരു രേഖ സങ്കല്പിച്ച് തെക്ക് കിഴക്ക് ഭാഗത്തേക്ക് നീട്ടിയാല്‍ സിറിയസിനെ കണ്ടെത്താം. സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രഭയോടെ കാണപ്പെടുന്ന നക്ഷത്രമാണ് സിറിയസ്. ധനുമാസം അവസാനം (ജനുവരി 14ഓടെ) പടിഞ്ഞാറ് സൂര്യന്‍ അസ്തമിക്കുന്ന സമയത്ത് കിഴക്ക് സിറിയസ് ഉദിച്ചുയരും. മകരവിളക്ക് ദിവസം സന്ധ്യയ്ക്ക് കിഴക്ക് ഉദിച്ചുയരുന്നതായി കാണുന്ന നക്ഷത്രം സിറിയസ്സാണ്. സിറിയസ് ഉള്‍പ്പെടുന്ന നക്ഷത്രസമൂഹമാണ് ബൃഹത്ശ്വാനന്‍. വേട്ടക്കാരന്റെ ബെല്‍റ്റ്, രോഹിണി എന്നിവ യോജിപ്പിച്ച് സങ്കല്‍പ്പിക്കുന്ന രേഘ വടക്ക് പടിഞ്ഞാറ് ദിശയില്‍ നീട്ടിയാല്‍ മുന്തിരിക്കുലപോലെയുള്ള നക്ഷത്രങ്ങളുടെ ഒരുകൂട്ടം കാണാം. ഏഴോ എട്ടോ നക്ഷത്രങ്ങളെ ഇതില്‍ കാണാന്‍ കഴിഞ്ഞേക്കും. ഈ നക്ഷത്രക്കൂട്ടമാണ് കാര്‍ത്തിക.

pegasus
ഭാദ്രപഥവും സമീപ നക്ഷത്രസമൂഹങ്ങളും

ഭാദ്രപഥം, പറക്കുംകുതിര എന്നൊക്കെ അറിയപ്പെടുന്ന നക്ഷത്രസമൂഹമായ പെഗാസസ് (Pegasus) ജനുവരിയില്‍ സന്ധ്യയ്ക്ക് തലയ്ക്കുമുകളില്‍ അല്പം വടക്ക് പടിഞ്ഞാറായി കാണപ്പെടുന്നു. ഇതിലെ നാല് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന് ആകാശത്ത് വലിയ ഒരു സമചതുരം തീര്‍ക്കുന്നു. ഇതില്‍ പടിഞ്ഞാറുള്ള രണ്ട് നക്ഷത്രങ്ങള്‍ ചേര്‍ന്ന് പൂരുരുട്ടാതി ,കിഴക്കുള്ള രണ്ടെണ്ണം ചേര്‍ന്ന് ഉത്രട്ടാതി എന്നീ ചാന്ദ്രഗണങ്ങള്‍ ഉണ്ടാകുന്നു. ഉത്രട്ടാതിയിലെ അല്‍ഫെരാട്സ് (Alpheratz) എന്ന നക്ഷത്രം യഥാര്‍ത്ഥത്തില്‍ ആന്‍ഡ്രോമിഡ നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ്. ഭാദ്രപഥത്തിനും കിഴക്കായാണ് ആന്‍ഡ്രോമിഡയുടെ സ്ഥാനം. M31 എന്ന ഗാലക്സിയെ (ആന്‍ഡ്രോമിഡ ഗാലക്സി) ടെലിസ്കോപ്പിന്റെ സഹായത്തോടെ ഈ ഭാഗത്ത് നിരീക്ഷിക്കാന്‍ സാധിക്കും.

cassiopeia
കാസ്സിയോപ്പിയയും സമീപ നക്ഷത്രസമൂഹങ്ങളും

വടക്കേ ആകാശത്ത്  ‘M’ എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന നക്ഷത്രസമൂഹമാണ് കാസിയോപ്പിയ. വടക്ക് കിഴക്ക് മാറി ഏകദേശം ഷഡ്ഭുജാകൃതിയില്‍ കാണുന്ന നക്ഷത്ര സമൂഹം ഓറിഗ. ഇതിലെ പ്രഭയേറിയ നക്ഷത്രമാണ് കാപ്പെല്ല. തെക്കുഭാഗത്ത് ചക്രവാളത്തോട് ചേര്‍ന്ന് കാണുന്ന പ്രഭയേറിയ നക്ഷത്രം കനോപ്പസ്. പപ്പിസ് എന്ന നക്ഷത്രസമൂഹത്തിന്റെ ഭാഗമാണിത്.

ഗ്രഹങ്ങള്‍

സൂര്യ-ചന്ദ്രന്മാർ കഴിഞ്ഞാൽ പ്രഭയേറിയ ഖഗോളവസ്തുവായ ശുക്രന്‍തന്നെയാണ് ഈ മാസം നമ്മുടെ ശ്രദ്ധയില്‍ വളരെ വേഗത്തില്‍ വരുന്ന ഗ്രഹം. പടിഞ്ഞാറേ ചക്രവാളത്തില്‍നിന്നും ഏകദേശം 450 മുകളിലായി സൂര്യാസ്തമനത്തോടെ തന്നെ ശുക്രനെ കാണാന്‍ കഴിയും. പടിഞ്ഞാറൻ ചക്രവാളത്തിൽ അല്പം ഇടതുമാറി(തെക്ക് മാറി)യാണ് ശുക്രനെ കാണാൻ കഴിയുക. ജനുവരി 2ന് ശുക്രനും ചന്ദ്രനും സംഗമിക്കുന്ന കാഴ്ച ആനന്ദകരമാണ്. ജനുവരി 12ന് ശുക്രന്‍ സൂര്യനില്‍ നിന്നും പരമാവധി അകലത്തില്‍ എത്തും. അന്നേദിവസം ശുക്രന്‍ സൂര്യനില്‍ നിന്നം 47.10 അകലത്തില്‍ എത്തും. തുടര്‍ന്ന് സൂര്യ സമീപത്തേക്ക് നീങ്ങും. ശുക്രനെ നീരീക്ഷിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. മാസത്തിന്റെ തുടക്കത്തില്‍ കുംഭം രാശിയില്‍ കാണപ്പെടുന്ന ശുക്രന്‍ ജനുവരി അവസാനത്തോടെ മീനം രാശിയിലേക്ക് നീങ്ങും. ശുക്രന് മുകളിലായി ചൊവ്വയെ കാണാം. ഇളം ചുവപ്പ് നിറത്തില്‍ ശോഭിക്കുന്ന ചൊവ്വയെ പ്രയാസംകൂടാതെ തന്നെ തിരിച്ചരിയാൻ സാധിക്കും. വ്യാഴം പുലർച്ചെ തലക്കുമുകളില്‍ ദൃശ്യമാകും. കന്നിരാശിയിലാണ് വ്യാഴത്തിന്റെ സ്ഥാനം. പുലര്‍ച്ചെ കിഴക്കേ ചക്രവാളത്തില്‍ ശനിയെ വൃശ്ചികം രാശിയിലും കാണാം. ബുധൻ സൂര്യസമീപമായതിനാൽ മാസാദ്യം തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ ജനുവരി 19 പുലര്‍ച്ചെ സൂര്യനില്‍ നിന്നും പരമാവധി അകലത്തില്‍ എത്തുന്നതിനാല്‍ ബുധനെ ആയാസം കൂടാതെ നിരീക്ഷിക്കാന്‍ സാധിക്കും.

ക്വാഡ്രന്റൈഡ്സ് ഉല്ക്കാ വര്‍ഷം.

ജനുവരി 3,4 തീയതികളില്‍ ക്വാഡ്രന്റൈഡ്സ് ഉല്ക്കാര്‍ഷം നിരീക്ഷിക്കാം. 2003 EH1 എന്ന വാല്‍നക്ഷത്രത്തിന്റെ അവശിഷ്ടങ്ങളാണ് ക്വാഡ്രന്റൈഡ്സ് ഉല്ക്കാ വര്‍ഷമായി പതിക്കുന്നത്. ഈ ഉല്ക്കാവര്‍ഷത്തിന്റെ പാരമ്യത്തില്‍ പരമാവധി 40 ഉല്‍ക്കകള്‍ വരെ വര്‍ഷിക്കപ്പെടാമെന്നാണ് പ്രതീക്ഷിക്കുന്നത്. ബു-വൂട്ടിസ് എന്ന നക്ഷത്രസമൂഹഭാഗത്തുനിന്നാണ് വര്‍ഷിക്കപ്പെടുന്നതെങ്കിലും ആകാശത്ത് എല്ലാ ഭാഗത്തുനിന്നും ഉല്കാവര്‍ഷം പ്രതീക്ഷിക്കാം. ജനുവരി ആദ്യ ആഴ്ചയില്‍ ചന്ദ്രന്‍ നേരത്തെ അസ്തമിക്കുന്നതിനാല്‍ നിരീക്ഷണം കൂടുതല്‍ എളുപ്പമാകും. അര്‍ദ്ധരാത്രിക്ക് ശേഷമാണ് കൂടുതല്‍ ഉല്കകള്‍ വര്‍ഷിക്കപ്പെടുന്നത്.

45P അഥവാ ഹോണ്ടമര്‍ക്കോസ്പജുസകോവ വാല്‍നക്ഷത്രം.

comet-45p
45p വാല്‍നക്ഷത്രം ജനുവരി 1 ന്റെ സ്ഥാനം. | കടപ്പാട് : theskylive.com

2017ലെ പുതുവര്‍ഷദിനങ്ങള്‍ വാനനിരീക്ഷകര്‍ക്ക് ആഹ്ലാദകരമാക്കാന്‍ 45P എന്ന വാല്‍നക്ഷത്രവും എത്തുന്നുണ്ട്. ജനുവരിയില്‍ അസ്തമനത്തിനുശേഷം പടിഞ്ഞാറേ ആകാശത്ത് ദൃശ്യമാകുന്ന വാല്‍ നക്ഷത്രമാൈണ് 45P അഥവാ ഹോണ്ടമര്‍ക്കോസ്പജുസകോവ. 1948ല്‍ ഈ വാല്‍നക്ഷത്രത്തെ കണ്ടെത്തിയ ജ്യോതിശാസ്ത്രജ്ഞരുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.1 എല്ലാ അഞ്ച് വര്‍ഷത്തിലും ആവര്‍ത്തിച്ചുവരുന്ന വാല്‍നക്ഷത്രമാണ് 45P. കാന്തിമാനം വളരെ കുറവായതിനാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പ്രയാസമാണ്. പൂര്‍ണമായും ഇരുട്ടുള്ള രാത്രിയില്‍ നല്ല കാഴ്ചയുള്ളവര്‍ക്ക് ഒരു പക്ഷേ കാണാന്‍ സാധിച്ചേക്കും. എന്നാല്‍ ശക്തമായ ഒരു ബൈനോക്കുലറിന്റെയോ ടെലസ്കോപ്പിന്റെയോ സഹായത്താല്‍ ഈ വിരുന്നുകാരനെ കാണാന്‍ കഴിയും. ജനുവരി ആദ്യദിവസങ്ങളില്‍ ഇത് മകരം നക്ഷത്രസമൂഹത്തിന്റെ ഭാഗത്തായിരിക്കും കാണുക.

c1gunhlveaaitzz
ജാപ്പാനീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തി ട്വിറ്റര്‍ ചെയ്ത 45p വാല്‍നക്ഷത്രത്തിന്റെ ഫോട്ടോ

ചിത്രങ്ങള്‍ക്ക് കടപ്പാട് : നക്ഷത്ര ആല്‍ബം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

അവലംബം

  1. perfscience.com

One thought on “ജനുവരിയിലെ ആകാശം

Leave a Reply