Read Time:14 Minute
ഇക്ബാൽ ബി.
ഡോ. ബി. ഇക്ബാൽ

2019 ഡിസംബർ അവസാനം ചൈനയിലെ വൂഹാനിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ട് ഏഴുമാസവും ഇന്ത്യയിലാദ്യമായി 2020 ജനുവരി മുപ്പതിന് ചൈനയിൽ നിന്നും കേരളത്തിലെത്തിയ ഒരു വിദ്യാർത്ഥിനിയിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ആറുമാസമാവുമാവുന്നു. ലോകാരോഗ്യ സംഘടന രോഗകാരണമായ വൈറസിനെ സാർസ് കൊറോണവൈറസ് 2 എന്നും അതുണ്ടാക്കുന്ന പകർച്ചവ്യാധിയെ കോവിഡ് 19 (കൊറോണ വൈറസ് ഡിസീസ് 19) എന്നും നാമകരണം ചെയ്തു. ചൈനയിൽ നിന്നുതന്നെ 2002 ൽ ആരംഭിച്ച് 2003 ലെ കെട്ടടങ്ങിയ സാർസ് രോഗത്തിന് കാരണമായ സാർസ് കോറോണ വൈറസിനോട് സാമ്യമുള്ളത് കൊണ്ടാണ് വൈറസിന് സാർസ് കൊറോണവൈറസ് 2 എന്ന് പേരിട്ടത്. പുതുതായി ആവിർഭവിച്ച രോഗമായത് കൊണ്ട് കഴിഞ്ഞ ഏഴുമാസത്തെ അനുഭവത്തിൽ നിന്നും കോവിഡ് രോഗത്തിന്റെ സ്വഭാവം കൂടുതലായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

കോറാണാ വൈറസ് രോഗങ്ങളായ സാർസിൽ നിന്നും മെർസിൽ നിന്നും പലതരത്തിലും  വ്യത്യസ്ത സ്വഭാവം പ്രകടിപ്പിക്കുന്ന രോഗമാണ് കോവിഡ് 19. വ്യാപനനിരക്ക് കൂടുതലാണെന്നതിന് പുറമേ പകുതിയിലേറെ രോഗികളിലും രോഗലക്ഷണം പ്രകടിപ്പിക്കുന്നില്ലെന്ന പ്രത്യേകതയും കോവിഡിനുണ്ട്. രോഗം ബാധിക്കുന്ന 95 ശതമാനം പേരിലും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കില്ലെങ്കിലും 5 ശതമാനത്തിലാണ് രോഗം മൂർച്ചിക്കുന്നതും അതിൽ തന്നെ 1-2 ശതമാനം മരണമടയുന്നതും. പ്രായാധിക്യമുള്ളവരു, മറ്റ് അനുബ്വന്ധ രോഗമുള്ളവരുമാണ് മരണമടയാൻ സാധ്യതയുള്ളവർ എന്ന പ്രത്യേകതയും രോഗത്തിനുണ്ട്.

കേരളം നേരിട്ട വെല്ലുവിളികൾ

കേരളത്തിൽ കോവിഡ് രോഗത്തിന്റെ ഈ പ്രത്യേകതകളെല്ലാം വലിയ വെല്ലുവിളികളാണ് ഉയർത്തിയത്. ജനസാന്ദ്രതയും അപകടസാധ്യതയുള്ള ജനസമൂഹത്തിന്റെ എണ്ണവും വളരെ കൂടുതലായ സംസ്ഥാനത്ത് കോവിഡ് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. എന്നാൽ ആരോഗ്യവകുപ്പ് മുൻ കൂട്ടി സ്വീകരിച്ച കരുതൽ നടപടികൾ മൂലം ആദ്യ ഘട്ടങ്ങളിൽ കോവിഡിനെ നിയന്ത്രിച്ച് നിർത്താൻ കേരളത്തിന് കഴിഞ്ഞു. വൂഹാനിൽ നിന്നും വിദ്യാർത്ഥികൾ കേരളത്തിലെത്തിയത് മുതൽ അന്തർ സംസ്ഥന – വിദേശയാത്രകൾ നിരോധിച്ച ലോക്ക് ഡൌൺ വരെയുള്ള കാലത്തെ ഒന്നാം ഘട്ടമായും (ജനുവരി അവസാനം മുതൽ മാർച്ച് 25 വരെ) ലോക്ക് ഡൌൺ ലഘൂകരിച്ച് വിദേശത്തും നിന്നും മറ്റ് സംസ്ഥനങ്ങളിൽ നിന്നും ആളുകൾക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകിയ വന്ദേഭാരത് വരെയുള്ള കാലത്തെ (മെയ് നാലുവരെ) രണ്ടാം ഘട്ടമായും കണക്കാക്കാം. ഒന്നും രണ്ടും ഘട്ടങ്ങളിലായി 499 പേർക്കാണ് രോഗം ബാധിച്ചത്. മൂന്ന് പേർ മാത്രമാണ് മരണമടഞ്ഞത്. .

ലോക്ക്ഡൗൺ ലഘൂകരിച്ച് കൊണ്ട് കേന്ദ്രസർക്കാർ അന്തരാഷ്ട്ര വിമാനസർവീസും അന്തർസംസ്ഥന ട്രെയിൻ സാർവീസുകളും പുന:രാരംഭിക്കാൻ തീരുമാനിച്ച മെയ് നാലുമുതൽ കേരളം കോവിഡ് നിയന്ത്രണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നതോടെ വലിയ വെല്ലുവിളികൾ നേരിടാൻ തുടങ്ങി. ഒന്നാംഘട്ടത്തിൽ വിദേശരാജ്യങ്ങളിലും നിന്നും മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നതിനേക്കാൽ വളരെ ശക്തമാണ് ഇവിടങ്ങളിലെ കോവിഡ് വ്യാപന നിരക്ക്. മലയാളികൾ കൂടുതലായി വരാൻ സാധ്യതയുള്ള ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും മറ്റും കോവിഡ് രോഗം അതിവേഗം പടർന്ന് പിടിച്ച് കൊണ്ടിരിക്കയാണ്. മലയാളികൾ ഏറെ തിരികെ വരാൻ സാധ്യതയുള്ള ചെന്നൈ, മുംബൈ, ദൽഹി തുടങ്ങിയ നഗരങ്ങൾ കോവിഡ് ഹോട്ട് സ്പോട്ടുകളുമാണ്. സ്വാഭാവികമായും ഇവിടെ നിന്നെത്തുന്നവരിൽ രോഗബാധിതർ ഒന്നാംഘട്ടത്തിലേതിനേക്കാൾ വളരെ കൂടുതലാവുകയും മരണനിരക്ക് നേരിയ തോതിലാണെങ്കിലും വർധിക്കയും ചെയ്തു.

ക്ലസ്റ്റർ വ്യാപനം

ഇതിനിടെ കോവിഡിന്റെ മറ്റൊരു പ്രത്യേകതയും കേരളത്തിൽ രോഗവ്യാപനം വർധിപ്പിക്കുന്ന തരത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിന് കാരണമായി. രോഗം ബാധിക്കുന്ന കുറച്ച് പേരിൽ നിന്നും മറ്റു ഏതാനും പേരിലേക്ക് മാത്രം രോഗം പകരുന്ന രീതിയിലില്ല കോവിഡ് വ്യാപനം നടക്കുന്നത്.  രോഗം ബാധിച്ച ബഹുഭൂരിപക്ഷം പേരും മറ്റുള്ളവരിലേക്ക് രോഗം പകർത്തണമെന്നില്ല. എന്നാൽ അതേയവസരത്തിൽ വളരെ ചുരുക്കം പേരിൽ നിന്നും ഒട്ടനവധി പേരിലേക്ക് രോഗം പകരുന്ന അതിവ്യാപന രീതിയിലാണ് (Super Spread) രോഗം വ്യാപിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.. കമ്പോളങ്ങൾ, കടകൾ, സാമൂഹ്യ ചടങ്ങുകൾ എന്നിവയിൽ ആളുകൾ കൂട്ടത്തോടെ പങ്കെടുക്കുന്ന അതിവ്യാപന സംഭവങ്ങളാണ് (Super Spread Events) രോഗവ്യാപനം വർധിക്കുന്നതിനു കാരണമാവുന്നതെന്നും മനസ്സിലായിട്ടുണ്ട്.

നീപ്പയും പ്രളയവും ഒരുമാസക്കാലം വീതം നീണ്ടു നിന്ന പ്രതിസന്ധികളായിരുന്നു. എന്നാൽ കോവിഡിനെ നേരിടാൻ തുടങ്ങിയിട്ട് ഇപ്പോൾ ആറുമാസത്തിലേറെയാവുന്നു. അതിന്റെ ക്ഷീണവും ആലസ്യവും മടുപ്പും പലരേയും ബാധിച്ചിട്ടുണ്ട്. സ്വാഭാവികമായും ഈയൊരു മാനസികാവസ്ഥ ബ്രേക്ക് ദി ചെയിൻ ജീവിത രീതികൾ കർശനമായി പാലിക്കുന്നതിലുള്ള ഉദാസീനതയിലേക്ക് നയിച്ചതും അതിവ്യാപന സംഭവങ്ങൾ വർധിക്കാൻ കാരണമായി.

രോഗികളുടെ എണ്ണം കൂടുമ്പോൾ

ഇതിന്റെയെല്ലാം ഫലമായി സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ, ഉറവിടം കണ്ടെത്താൻ കഴിയാത്ത രോഗികൾ, എന്നിവരുടെയെല്ലാം എണ്ണത്തിൽ വലിയ വർധനയുണ്ടായി. മാത്രമല്ല ആരോഗ്യ പ്രവർത്തകരിലും രോഗംബാധ വർധിച്ച് വരുന്നു. ഈ സാഹചര്യത്തെ വിലയിരുത്തി കരുതൽ നടപടികൾ ശക്തമാക്കാനും ഉചിമായ ചികിത്സാ സംവിധാനങ്ങൾ സംഘടിപ്പിക്കാനുമാണ്. ഈ ഘട്ടത്തിൽ ശ്രമിച്ചുവരുന്നത്. ഗുരുതരമായ രോഗമുള്ളവരെ ചികിത്സിക്കാൻ ഐ.സി.യു, വെന്റിലേറ്റർ സൌകര്യമുള്ള കോവിഡ് ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിലായി സജ്ജമാക്കിയിട്ടുള്ള കോവിഡ് ആശുപത്രികളിലായി 8704 കിടക്കകളാണുള്ളത്. ഇവയിൽ നാലിലൊന്ന് കിടക്കകളിൽ (2747) മാത്രമാണ് രോഗികളുള്ളത്. കടുത്ത രോഗലക്ഷണമില്ലാത്തവരെ പരിചരിക്കുന്നതിനായുള്ള 101 കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങൾ ഇതിനകം സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്. ഇവിടെ ഇപ്പോൾ 12,801 കിടക്കകളാണുള്ളത്. പകുതി കിടക്കകൾ മാത്രമാണ് (5881) ഇതിനകം രോഗികളെ അഡ് മിറ്റ് ചെയ്യേണ്ടി വന്നിട്ടുള്ളത്. എങ്കിലും ഇനിയുള്ള ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കാൻ സാധ്യതയുണ്ടെന്ന അടിസ്ഥാനത്തിൽ കൂടുതൽ കോവിഡ് ആശുപത്രികളും കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങളും സ്ഥാപിക്കാൻ ഊർജ്ജിത ശ്രമം നടന്നു വരികയാണ്. രണ്ടാം ഘട്ടമായി 30,598 കിടക്കകളോടെ 229 ഉം മൂന്നാം ഘട്ടത്തിൽ 36, 400 കിടക്കകളോടെ പഞ്ചായത്തടിസ്ഥാനത്തിൽ 480 ഉം കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിച്ച് വരികയാണ്.

കേരളത്തിലുള്ള രോഗികളിൽ അറുപത് ശതമാനത്തിലേറെ രോഗലക്ഷണമൊന്നും പ്രകടിപ്പിക്കാത്തവരാണ് ഇവരെ വീടുകളിൽ തന്നെ താമസിച്ച് പരിചരിച്ചാൽ മതിയെന്ന് വിഗഗ്ധർ ഉപാധികളോടെ നിർദ്ദേശിച്ചിട്ടുണ്ട്. അപകടസാധ്യത വിഭാഗത്തിൽ പെടാത്തവരായ രോഗലക്ഷണമില്ലാത്തവരെ താമസസ്ഥാലത്തിന് തൊട്ടടുത്ത് ചികിത്സാകേന്ദ്രങ്ങളുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ വീട്ടിൽ തന്നെ കഴിയാൻ അനുവദിക്കാവുന്നതാണെന്നാണ് മറ്റ് പലരാജ്യങ്ങളിലേയും രീതികൾ പിന്തുടരുന്നവരുടെ അഭിപ്രായം. രോഗികളുടെ എണ്ണം അമിതമായി വർധിച്ചാൽ ഈ നിർദ്ദേശവും പരിഗണിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്.

ആരോഗ്യസംവിധാനങ്ങൾ സജ്ജമോ?

കോവിഡ് ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല സാമൂഹ്യ സാമ്പത്തി പ്രശ്നം കൂടിയാണ്. പല രാജ്യങ്ങളിലും മിക്ക സംസ്ഥാനങ്ങളിലും രോഗികൾക്ക് പൊതു ജനാരോഗ്യ സംവിധാനം ദുർബലമായത് കൊണ്ട് ചികിത്സക്കായി സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടിവരുന്നു. പല സംസ്ഥാനങ്ങളിൽ നിന്നും സ്വകാര്യ മേഖല ഈടാക്കുന്ന അമിത ചികിത്സാ ഫീസിനെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കയാണ്. രോഗികളും ബന്ധുക്കളും വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടുന്നത്. എന്നാൽ കേരളത്തിലാവട്ടെ സർക്കാർ ആശുപത്രികളിൽ പൂർണ്ണമായും സൊജന്യ ചികിത്സയാണ് നൽകുന്നത്. കോവീഡ് ആശൂപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും രോഗികൾക്ക് സൌജന്യ ഭക്ഷണവും നൽകുന്നു.

കേരളത്തിലെ സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സക്ക് സർക്കാരുമായി സഹകരിക്കുന്നുണ്ട്. കാരുണ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി കോവിഡ് കാലത്ത് കൂടുതൽ ആശുപത്രികൾ സർക്കാരുമായി കൈകോർത്ത് വരികയാണ്. കാസ്പ് ഗുണഭോക്താക്കൾക്കും സർക്കാർ റഫർ ചെയ്യുന്ന കോവിഡ് രോഗികൾക്കും എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ നിന്നും സൌജന്യ ചികിത്സ ലഭിക്കും. കോവിഡ് ചികിത്സക്ക് മാത്രമായി താൽക്കാലിക എം പാനൽമെന്റ് സൌകര്യം ആരംഭിച്ചിട്ടുണ്ട് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ജനറൽ വാർഡിൽ 2300 രൂപയും ഐ സിയു വിൽ 6500 രൂപയു7ം വെന്റിലേറ്റർ ഐ സി യു വിൽ 11,500 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മറ്റ് സംസ്ഥാനങ്ങളിൽ പലതിലും സർക്കാർ നിശ്ചയിച്ച് നിരക്കിലും വളരെ കൂടുതൽ പല സ്വകാര്യ ആശുപത്രികളും ഈടാക്കി രോഗികളെ കഷ്ടപ്പെടുത്തുന്നുണ്ട്. സർക്കാരുമായി പൂർണ്ണമായി സ്വകാര്യ മേഖല സഹകരിക്കുന്നത്കൊണ്ട് കേരളത്തിൽ ഇത് സംഭവിക്കില്ല.

മനുഷ്യവിഭവലഭ്യത

ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണത്തിലുണ്ടാവുന്ന വർധനവും ആരോഗ്യ പ്രവർത്തരിൽ വർധിച്ച് വരുന്ന രോഗവ്യാപനവും പരിഗണിച്ച് ആരോഗ്യ മനുഷ്യവിഭവ ലഭ്യത ഉറപ്പാക്കുക എന്ന ശ്രമകരമായ വെല്ലുവിളിയും ഏറ്റെടുക്കേണ്ടതുണ്ട്. ഇ എസ് ഐ, സഹകരണ മേഖല, ആയുഷ് എന്നീ വിഭാഗങ്ങളിൽ നിന്നും ആരോഗ്യ പ്രവർത്തകരെ കൊവിഡ് പരിചരണത്തിന് വിനിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അവശ്യാനുസരണം ദേശീയാരോഗ്യ മിഷനിലൂടെ താത്ക്കാലിക നിയമനം നടത്താനുമുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ബ്രേക്ക് ദി ചെയിൻ ജീവിതരീതികൾ ശക്തമായി പിന്തുടരുകയും അപകടസാധ്യതയുള്ളവർക്ക് ഐ സി യു പരിചരണം ഉറപ്പാക്കയും രോഗവ്യാപനവും മരണനിരക്കും നിയന്ത്രിക്കുകയും ചെയ്താൽ നമുക്ക് കോവിഡിനെ അതിജീവിക്കാൻ കഴിയും,

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മാർസ് 2020 വിക്ഷേപിച്ചു
Next post കൊറോണ തെയ്യം എന്ന മയിൽ ചിലന്തി
Close