Read Time:12 Minute
പഴയ പുസ്തകങ്ങളും ഡയറികളും ആഴ്ചപ്പതിപ്പുകളും ഒക്കെ പൊടി തട്ടി എടുത്തും തുറന്നു നോക്കിയും ദിവസം കളയുകയാവും ചിലർ. എന്തായാലും ഒരു സിൽവർ ഫിഷിനെ എങ്കിലും കാണാൻ ഭാഗ്യം കിട്ടാതിരിക്കില്ല. എഴുതിയത് : വിജയകുമാർ ബ്ലാത്തൂർ അവതരണം : അളക എം.

എന്തായാലും അതിനെ ഒന്ന് നിരീക്ഷിക്കാം എന്ന് തീരുമാനിക്കാം. വളരെ രസകരമാണ് പുസ്തകപ്പുഴുവിൻ്റെ ജീവിതകഥ അറിയുന്നത്. മലയാള പുസ്തകങ്ങളിലൊന്നും പുസ്തകപ്പുഴുവിനെ കുറിച്ച് വിവരങ്ങൾ കാണാൻ സാദ്ധ്യത കുറവാണ്.
അയലമീനിന്റെ നീലിമ തിളങ്ങുന്ന വെള്ളിനിറമുള്ള വാലൻ മൂട്ടകളെ പരിചയപ്പെടാം. പരൽമീനിനെ പോലെ ശരീരം വെട്ടിച്ച് കുലുക്കി ശരശരേന്ന് നിമിഷം കൊണ്ട് പുസ്തകത്താളിൽ നിന്ന് ഓടിയൊളിക്കുന്ന, ഒരിഞ്ചിനടുത്ത് മാത്രം നീളമുള്ള കുഞ്ഞു ജീവി. തലഭാഗത്ത് നിന്ന് താഴോട്ട് വീതികുറഞ്ഞ് കുറഞ്ഞ് വാൽ ഭാഗത്തേക്ക് കൂർത്ത് വരുന്ന – കാരറ്റ് പരന്നപോലെയുള്ള ശരീരമുള്ളവർ.. ശൽക്കങ്ങളും, വെള്ളിലോഹത്തിളക്ക ശരീരവുമുള്ള വാലന്മൂട്ടയ്ക്ക് ‘സിൽവർ ഫിഷ്’ എന്ന് പേരിട്ടയാളുടെ ഭാവനാവിലാസം സമ്മതിക്കാതെ വയ്യ. കൂടാതെ രസികൻ പേര് വേറെയും ഉണ്ട്. പുസ്തകപ്പുഴു. ഭാഷാപ്രയോഗത്തിൽ -പുസ്തകത്തിലും വായനയിലും മാത്രം മുഴുകിക്കഴിയുന്നവരെ കളിയാക്കി വിളിക്കുന്ന പേരാണ് പുസ്തകപ്പുഴു. വീട്ടിലും ഓഫീസിലും യാത്രയിലും സമയം കിട്ടിയാലുടൻ പുസ്തകം തുറക്കുന്നവർ എന്ന ഒരു പുച്ഛമുണ്ട് ഈ വിളിയിൽ. പ്രായോഗിക ജീവിതത്തെക്കുറിച്ച് ഒരു തരിമ്പും അറിയാത്ത, സാമാന്യ ബുദ്ധിയില്ലാത്ത, ഭാവനലോകത്ത് മാത്രം ജീവിക്കുന്നവർ എന്ന ധ്വനിയാണ് ഈ വിളിയിൽ ഉള്ളത്. അപകർഷത ഒളിച്ചുവെക്കാൻ പുസ്തക വിരോധികളുണ്ടാക്കിയ വിശേഷണപദം!
 
 
പുസ്കകപ്പുഴു എന്ന ഇരട്ടവാലന്‍ (Silver fish) L. saccharina കടപ്പാട് വിക്കിപീഡിയ

എന്നാൽ ‘സിൽവർ ഫിഷ്’ എന്ന് ഇംഗ്ളീഷിൽ പേരുവിളിക്കുന്ന, ഷഡ്പദങ്ങളുടെ കൂട്ടത്തിലെ ചിറകില്ലാത്ത നിർഭാഗ്യവാന്മാരാണ് ശരിയ്ക്കും ‘പുസ്തകപ്പുഴു’. ഇരട്ടവാലൻ, വാലൻ മൂട്ട എന്നൊക്കെ ഇതിനു വേറെയും പേരുകളുണ്ട്. തൈസനൂറ ( Thysanura ) വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇവയുടെ ശാസ്ത്ര നാമം ലെപിസ്മ സാക്കറിന ( Lepisma saccharina ) എന്നാണ്.

സ്റ്റാർച്ച്, പശകളിലെ ഡെക്സ്ട്രിൻ, ബുക്ക് ബൈൻഡിങ് ചെയ്യാനുപയോഗിക്കുന്ന കലിക്കോ, കടലാസ്, ഫോട്ടോകൾ, കോട്ടൺ തുണികൾ, കാർപറ്റുകൾ പെയിന്റുകൾ, പരുത്തി, പട്ട്, ലതർ, ലിനൻ, മുടി തുടങ്ങിയവ ഒക്കെ ഇവർ തിന്നും. അന്നജപ്രിയർ (സാക്കറിൻ) എന്ന അർത്ഥത്തിലാണ് ലെപിസ്മ സാക്കറിന എന്ന പേര് നൽകിയിരിക്കുന്നത്.
പുസ്തകങ്ങളും മറ്റു സാധനങ്ങളും തിന്ന് ദ്വാരമുണ്ടാക്കി നശിപ്പിക്കുന്ന ഇവരെ വെറും ശല്യക്കാരായി മാത്രമേ പൊതുവെ കണക്കാക്കുന്നുള്ളു. പക്ഷെ, വലിയ ഉപദ്രവങ്ങളൊന്നും ചെയ്യില്ലെങ്കിലും പുസ്തകങ്ങളും രേഖകളും ഒക്കെ തുളവീഴ്ത്തി നശിപ്പിക്കുന്ന ഇവരോട് പുസ്തകപ്രേമികൾക്ക് കടുത്ത വിരോധം ഉണ്ട്.

പേര് ഇരട്ടവാലൻ എന്നാണെങ്കിലും ഇവർക്ക് മൂന്നു വാലുണ്ട്. ഇടത്തോട്ടും വലത്തോട്ടും കൂടാതെ നേരെ പിറകിലോട്ടുമായി നീളൻ വാലുകൾ. തലയിൽ നീണ്ട രണ്ട് സ്പർശിനികൾ വേറെയും. ശരീരത്തിന്റെ നീളത്തിനൊപ്പം തന്നെ വാലിന്റെയും ആന്റിനയുടേയും നീളവുമുണ്ടാകും., ‘വെളിച്ചം ദുഖമാണുണ്ണി’ എന്ന വിശ്വാസിക്കുന്ന, ഇരുട്ട്പ്രേമികൾ ആണ് ഇവര്‍. തൈസനൂറിയ വിഭാഗത്തിലെ മറ്റ് ഷട്പദങ്ങളെല്ലാം കണ്ണില്ലാത്തവരാണെങ്കിലും പുസ്തകപ്പുഴുക്കൾക്ക് തലയിൽ രണ്ട് സംയുക്ത നേത്രങ്ങൾ ഉണ്ട്.

പുസ്തകപ്പുഴു തിന്ന പുസ്തകത്താള്‍ കടപ്പാട് വിക്കിപീഡിയ

ഇവയുടെ ഇണചേരൽ മൂന്നു ഘട്ടങ്ങളുള്ള ഒരനുഷ്ടാനചലനങ്ങൾ നിറഞ്ഞ വൻ ചടങ്ങ് പോലെ സമയദൈർഘ്യമുള്ള ഏർപ്പാടാണ്. ആദ്യം. ആണും പെണ്ണും മുഖാമുഖം നോക്കിനിൽക്കും. ആന്റിനകൾ വിറപ്പിച്ച് പരസ്പരം മുട്ടിച്ച്കളിക്കും ഇടയ്ക്ക് മുഖം തിരിയ്ക്കും പഴയപോലെ വീണ്ടും മുഖാമുഖം നോക്കിനിൽക്കും. അരമണിക്കൂർ നീളും ഈ ഒന്നാം ഘട്ടം. രണ്ടാം ഘട്ടത്തിൽ ആൺമൂട്ട പെണ്മൂട്ടയ്ക്ക് മുന്നിൽ നിന്നും പെട്ടന്ന് ഓടും. പിറകെ പിടിയ്ക്കാനായി പെണ്മൂട്ടയും ഓടും. പിള്ളേരുടെ കള്ളനും പോലീസും കളിപോലെയോ – ഒളിച്ചേ – കണ്ടേ കളി പോലെയോ അത് കുറേ നേരം തുടരും. മൂന്നാം ഘട്ടത്തിൽ ഇരുവരും ശരീരം ചേർത്ത് നിൽക്കും. പെൺ മൂട്ടയുടെ വാലിനൊപ്പം ആണ്മൂട്ട അതിന്റെ വാൽഭാഗം വിറപ്പിച്ച്കൊണ്ടിരിയ്ക്കും. ആൺ മൂട്ട സ്പേമാറ്റോഫോറുകൾ നിറച്ച ഒരു കുഞ്ഞു സഞ്ചി പെണ്മൂട്ടയ്ക്ക് മുകളിൽ പൊഴിച്ചിടുന്നു. അണ്ഡ ശേഖരണക്കുഴലിലൂടെ പെൺ മൂട്ട അവ ഉള്ളിലേക്ക് എടുക്കുകയും ബീജസങ്കലനം നടത്തുകയും ചെയ്യുന്നു.

പുസ്തകപ്പുഴുവിന്റെ ജീവിതചക്രം – Silverfish life-cycle കടപ്പാട് sciencephoto.com
 
പെൺ മൂട്ട കൂട്ടമായി മുട്ടയിടും. രണ്ടാഴ്ച മുതൽ രണ്ടു മാസം വരെ സമയമെടുക്കും ഇവ വിരിയാൻ വിരിഞ്ഞിറങ്ങുന്ന നിംഫുകൾ വെള്ള നിറമായിരിയ്ക്കുമെങ്കിലും ഇവ വളർച്ചയുടെ ഘട്ടങ്ങളിൽ തുടരെ ശരീരത്തിന്റെ പുറം പാളിപൊഴിച്ച് കൊണ്ടേ ഇരിക്കും. ഉറപൊഴിക്കൽ നടത്തുന്നതോടെ ചാരനിറത്തിലേക്കും തുടർന്ന് കടുത്ത തിളങ്ങുന്ന വെള്ളിലോഹ നിറവുമാകും. വളർച്ചാഘട്ടം 3 മാസം തൊട്ട് മൂന്ന് വർഷം വരെ എടുക്കും. പ്രായപൂർത്തിയാകൽ എന്ന ഒരു ഏർപ്പാടൊന്നും ഇല്ല. ജീവിതകാലത്ത് 17 മുതൽ 66 വരെ ഉറപൊഴിക്കൽ ഇവ നടത്തും. ചിലപ്പോൾ ഒറ്റവർഷം തന്നെ 30 ഉറപൊഴിക്കലുകൾ നടത്തിക്കളയും. ജീവിതകാലം മുഴുവനും ഉറപൊഴിക്കുന്ന സ്വഭാവം ഇവർക്ക് ഉണ്ട്. മറ്റ് പല ഷട്പദങ്ങളും വളർച്ച പൂർത്തിയാക്കിയാൽ പിന്നീട് ഉറപൊഴിക്കുകയില്ല. സ്വന്തശരീരഭാഗമായിരുന്ന പൊഴിച്ചിട്ട അവശിഷ്ടങ്ങൾ ഇവർ തന്നെ തിന്നും , അപകടം വന്ന് അംഗഭംഗം വന്ന സ്വജാതിയിൽ പെട്ടവരേയും ചിലപ്പോൾ തിന്നുകളയും. പുസ്തകപ്പുഴുക്കളുടെ ആയുർദൈർഘ്യവും പ്രവചനാതീതമാണ് .ഗ്ലൂക്കോസ് എത്രകിട്ടുന്നു എന്നതിനെ ആശ്രയിച്ച് വളർച്ചയും ഉറപൊഴിക്കലും നടക്കും. രണ്ട് വർഷം മുതൽ എട്ട് വർഷം വരെ ഇവ ജീവിയ്ക്കും.
പഴുതാരകൾ, എട്ടുകാലികൾ തുടങ്ങിയ ശത്രുക്കളിൽ നിന്ന് ശരീരം പുളച്ച് ശരം വേഗത്തിൽ ഓടി മറയാൻ ഇവർ വിദഗ്ധരാണ്. പ്രത്യേക രീതിയിലുള്ള ഓട്ടമാണിവർക്ക് ആദ്യം ജോറിൽ ഇത്തിരി ദൂരം ശരീരം പുളച്ച് ഓടും. പെട്ടന്ന് ബ്രേക്കിട്ടപോലെ ഒന്ന് നിൽക്കും , പിന്നെയും പഴയപോലെ ഓടും. പരന്ന സ്ഥലത്തുകൂടി മാത്രമെ അത്തരം വേഗത്തിൽ ഓടാൻ ആകൂ. ചുമരിലും ചരിഞ്ഞ പ്രതലങ്ങളിലും വേഗത്തിൽ ഓടിക്കയറാനുള്ള സൂത്രങ്ങളറിയില്ല.
Firebrat (Thermobia domestica) കടപ്പാട് വിക്കിപീഡിയ
ഭക്ഷണ കാര്യത്തിൽ അത്ര പിടിവാശിക്കാരല്ല ഇവർ. ഈർപ്പമുള്ള സാഹചര്യങ്ങളിൽ ഒരു വർഷം വരെ തീറ്റയില്ലതെ ജീവിയ്ക്കാനാകും. വാലന്മൂട്ടകളുടെ കൂട്ടത്തിൽ ഉള്ളവരാണ് ഫയർബ്രാറ്റുകൾ (Firebrats) ആകൃതിയിലും, ശീലങ്ങളിലും ഒക്കെ പുസ്തകപ്പുഴുക്കളോട് സാമ്യമുണ്ട് ഇവർക്കും. വീട്ടടുക്കളകളിലും ബേക്കറികളിലെ പൊള്ളുന്ന അപ്പക്കൂടുകൾക്കരികിലും, ഒക്കെയാണ് ജീവിക്കുക. ചൂടുള്ള വീട്ടിടങ്ങളിൽ കാണുന്നതിനാൽ Thermobia domestica എന്നാണ് ശാസ്ത്രനാമം. ബ്രൗൺ നിറമുള്ള ശൽക്കങ്ങൾ നിറഞ്ഞ ഇവയ്ക്ക് ഭക്ഷണത്തിന് ഒരു മുട്ടും ഉണ്ടാവില്ല. ചുട്ടെടുക്കും മുമ്പേ ആദ്യം ഇവരാണ് അപ്പക്കൂട്ടുകൾ രുചിച്ച് നോക്കുക എന്നർത്ഥം.
പക്ഷെ ഇക്കാലത്ത് പുസ്തകപ്പുഴുക്കൾ പുതിയ പുസ്തകങ്ങൾ ഉപേക്ഷിച്ചതുപോലെയാണുള്ളത്. പുതിയ കടലാസുകളിലെ കോട്ടിങ്ങുകളും മഷിയും ഒന്നും പണ്ടേപോലെ പിടിക്കുന്നില്ല. സ്റ്റാർച്ചില്ലാത്ത, സിന്തറ്റിക്ക് ബൈൻഡിങ്ങും വന്നതോടെ പാവങ്ങൾ കുഴഞ്ഞു. പുസ്തകപ്പുഴുക്കളുടെ പേര് മാറ്റേണ്ടിവരുമോ ആവോ.

Happy
Happy
76 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
6 %
Angry
Angry
0 %
Surprise
Surprise
18 %

Leave a Reply

Previous post നാരങ്ങയും കോവിഡും – വ്യാജസന്ദേശങ്ങള്‍ തിരിച്ചറിയാം
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 2
Close