1992 ലെ റിയോ ഭൗമഉച്ചകോടിയിൽ പ്രസംഗിച്ച 12 വയസ്സുകാരിയായ സെവേൺ സുസുകിയെ നിങ്ങൾക്കോർമ്മയുണ്ടോ ?. ഗ്രേത തുൺബർഗിന്റെ പ്രസംഗം കേൾക്കുമ്പോൾ സുസുകിയെ ഓർക്കാതിരിക്കുന്നതെങ്ങനെയാണ്?
[dropcap]സെ[/dropcap]വേണ്‍ സുസുകിയെ നിങ്ങളോര്‍ക്കുന്നുണ്ടോ? ലോകം മുഴുവന്‍ ഗ്രേത തുന്‍ബർഗ് എന്ന പതിനാറുകാരിയുടെ UN പ്രസംഗം ചര്‍ച്ച ചെയ്യുന്ന ഈ വേളയില്‍ നമ്മളോര്‍ക്കേണ്ട മറ്റൊരു പേരാണ് -സെവേണ്‍ കള്ളിസ് സുസുകി(Severn Cullis-Suzuki)യെന്നത്. കാനഡയില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുസുകി തന്റെ ഒന്‍പതാം വയസ്സില്‍ സുഹൃത്തുക്കളോടൊപ്പം Environmental Children’s Organization (ECO) എന്നൊരു സംഘടന രൂപീകരിച്ചു. ലോകജനതയെ പരിസ്ഥിതി പ്രാധാന്യത്തെ പറ്റി ഓര്‍മിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. 1992 ല്‍, പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ റിയോ ഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയില്‍ സുസുകി നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. ആ പ്രസംഗത്തിന് തൊട്ടടുത്ത വര്‍ഷം UNന്‍റെ Environment Program’s Global 500 Award സുസുകി നേടിയെടുക്കുകയും ചെയ്തു. “അഞ്ച് മിനിട്ട് നേരം ലോകത്തെ നിശ്ശബ്ദമാക്കിയ പെണ്ണ് ” എന്നറിയപ്പെടാന്‍ കാരണമായ ആ പ്രസംഗത്തില്‍ എന്തൊക്കെയായിരുന്നു അന്ന് സുസുകി പറഞ്ഞതെന്നറിയുമ്പോഴാണ്, ഗ്രേത തുന്‍ബര്‍ഗിനു നിലമൊരുക്കിയ വിപ്ലവകാരിയായ ആ വിദ്യാര്‍ഥിനിയെ നമ്മള്‍ തിരിച്ചറിയുക.
ഭൗമ ഉച്ചകോടിക്കെത്തിയ മുതിര്‍ന്നവരോട് “ഞാന്‍ എന്‍റെ ഭാവിക്ക് വേണ്ടിയാണ് പൊരുതുന്നത്” എന്ന് പറഞ്ഞാണ് സുസുകി പ്രസംഗമാരംഭിച്ചത്. “എന്റെ ഭാവി നഷ്ടപ്പെടുകയെന്നാല്‍ അതൊരു തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന പോലെയോ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഒരു പോയന്റ് നഷ്ട്ടപ്പെടുന്ന പോലെയോ അല്ല. വരാനിരിക്കുന്ന മുഴുവന്‍ തലമുറക്കും വേണ്ടിയാണ് ഞാനിവിടെ സംസാരിക്കുന്നത്, ലോകത്താകമാനം പട്ടിണി കിടന്ന് കരയുന്ന കുട്ടികള്‍ക്ക് വേണ്ടിയും, മറ്റൊരിടത്തേക്കും രക്ഷപ്പെടാന്‍ കഴിയാതെ ഭൂമിയില്‍ മരിച്ചു വീഴുന്ന എണ്ണമറ്റ മൃഗങ്ങള്‍ക്കും വേണ്ടിയാണു ഞാനിവിടെ സംസാരിക്കുന്നത്” എന്നാണ് സുസുകി അന്ന് പറഞ്ഞത്.
കാട്ടുമൃഗങ്ങളുടെ കൂട്ടങ്ങളും,മഴക്കാടും,പക്ഷികളും,പൂമ്പാറ്റകളുമെല്ലാം തന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ടെന്നും, വരാനിരിക്കുന്ന തലമുറക്ക് അതൊക്കെ അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാവുമോയെന്നു ഞാന്‍ സംശയിക്കുന്നുണ്ടെന്നും പറഞ്ഞ സുസുകി പിന്നീടൊരു ചോദ്യം ചോദിക്കുന്നു.
നിരവധിയായ പരിസ്ഥിതി പ്രശ്നങ്ങള്‍ അക്കമിട്ടു നിരത്തിയ ശേഷം സുസുകി പറയുന്ന ലോക പ്രശസ്തമായ വാചകമിതാണ്:
“എങ്ങനെ പരിഹരിക്കാം എന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍, നിങ്ങള്‍ തുടരുന്ന ഈ നശീകരണ പ്രവൃത്തികള്‍ ദയവായി നിര്‍ത്തലാക്കൂ.”
“ഇവിടെ നിങ്ങള്‍ പല രാജ്യങ്ങളുടെ,സ്ഥാപനങ്ങളുടെ,രാഷ്ട്രീയത്തിന്റെ പ്രതിനിധികളാവാം,പക്ഷേ യഥാര്‍ത്ഥത്തില്‍ നിങ്ങളൊക്കെ മാതപിതാക്കളോ,സഹോദരീ-സഹോദരങ്ങളോ ഒക്കെയാണ്.നിങ്ങളെല്ലാവരും ആരുടെയെങ്കിലുമൊക്കെ മക്കളാണ്.അതിര്‍ത്തികള്‍ക്കും ഭരണകൂടങ്ങള്‍ക്കുമപ്പുറം നമ്മളെല്ലാം ശ്വസിക്കുന്നത് ഒരേ വായുവാണ്, കുടിക്കുന്നത് ഒരേ വെള്ളമാണ്.നമ്മള്‍ യുദ്ധത്തിനു വേണ്ടി ചിലവഴിക്കുന്ന പണം പട്ടിണി മാറ്റുന്നതിനും പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടി മാറ്റി ചിലവഴിക്കുകയാണെങ്കില്‍ ഈ ഭൂമി എന്തു സുന്ദരമായേനെ?” എന്നു പറഞ്ഞ സുസുകി പ്രസംഗമവസാനിപ്പിക്കുന്നതിങ്ങനെയാണ്:
“നിങ്ങളുടെ പ്രവൃത്തികള്‍ എന്നെ കരയിപ്പിക്കുന്നു. നിങ്ങള്‍ പറയുന്നത്, മുതിര്‍ന്നവരായ നിങ്ങള്‍ ഞങ്ങളെ സ്നേഹിക്കുന്നുവെന്നാണ്.നിങ്ങളുടെ വാക്കും പ്രവൃത്തിയും ഒന്നാണെന്ന് തെളിയിക്കണമെന്ന് ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു.”
ഇരുപത്തേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആ പന്ത്രണ്ടുകാരിക്ക് ചെവി കൊടുക്കാതിരുന്നതുകൊണ്ടാണ്, അവളുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് ഇക്കഴിഞ്ഞ ദിവസം മറ്റൊരു പതിനാറുകാരിക്ക് അതേ കാര്യങ്ങള്‍ ആവര്‍ത്തിക്കേണ്ടി വന്നത്. ഗ്രേത തൂൺബർഗിന്റെ പ്രസംഗം കേള്‍ക്കുമ്പോള്‍ സുസുകിയെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെയാണ്?
1992 ലെ സെവേണ്‍ സുസുക്കിയുടെ പ്രസംഗം