Read Time:5 Minute


ഹൈപ്പീരിയൺ

ജ്യോതിശ്ശാസ്ത്രജ്ഞരായ ജോർജ്ജ് ബോണ്ടും വില്യം ലാസലും ചേർന്ന് ശനിയുടെ ഉപഗ്രഹമായ ഹൈപീരിയണിനെ (Saturn VII) കണ്ടെത്തിയത് 1848 സെപ്തംബർ 19നായിരുന്നു. സൌരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ അതിന് ഗോളാകാരമല്ല ഉള്ളത്.

പൗലോ ഫ്രെയർ

വിദ്യാഭ്യാസ പ്രവർത്തകനും ചിന്തകനും ഗ്രന്ഥകാരനും, വിമർശനാത്മകവിദ്യാഭ്യാസപദ്ധതിയുടെ വക്താവുമായ ബ്രസീൽ സ്വദേശി പൗലോ ഫ്രെയറുടെ (Paulo Freire) 99-ആം ജന്മദിനം. 1921സെപ്റ്റംബർ19നായിരുന്നു അദ്ദേഹത്തിന്റെ ജനനം.

വിദ്യാഭ്യാസ പദ്ധതി പരിഷ്കാരവുമായി ബന്ധപ്പെട്ട ചിന്തകളിലൂടെയും ചർച്ചകളിലൂടെയും കേരളത്തിലും സുപരിതമാണ് അദ്ദേഹത്തിന്റെ നാമം. അത്തരം സംവാദങ്ങളിലും മറ്റ് ആശയവിനിമയങ്ങളിലും മറ്റ് ഏതൊരു വിദ്യാഭ്യാസ സൈദ്ധാന്തികനേക്കാളും സമൃദ്ധമായി ഇവിടെ പരാമർശിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്തിട്ടുള്ള വ്യക്തിയത്രേ അദ്ദേഹം. മർദിതരുടെ ബോധനശാസ്ത്രം, വിമർശനാവബോധത്തിനായുള്ള വിദ്യാഭ്യാസം, സ്വാതന്ത്ര്യത്തിനായുള്ള സാംസ്കാരിക പ്രവർത്തനം, ചോദ്യം ചെയ്യാനുള്ള പഠനം, പ്രതീക്ഷയുടെ ബോധനശാസ്ത്രം, നഗരത്തിന്റെ ബോധനശാസ്ത്രം എന്നിവയാണ് പ്രധാന കൃതികൾ. ഇതിൽ നഗരത്തിന്റെ ബോധനശാസ്ത്രം, ബ്രസീലിലെ സാവോപൗളോ സംസ്ഥാനത്തിലെ വിദ്യാഭ്യാസ മന്ത്രിയായി പ്രവർത്തിച്ചിരുന്ന കാലത്തെ(1989-91) അനുഭവങ്ങളെ അടിസ്ഥാനമാക്കി രചിച്ചതാണ്.
1997 മെയ് 2ന് അദ്ദേഹം അന്തരിച്ചു.


സുനിത വില്യംസ്

ബഹിരാകാശത്ത് ഏറ്റവും അധികം ദിവസം കഴിച്ചുകൂട്ടിയ (195 ദിവസം) വനിതയാണ് സുനിത വില്യംസിന്റെ ജന്മദിനമാണിന്ന്.  ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായി സുനിത 1965 സെപ്റ്റംബർ 19ന് ഓഹിയോവിലെ യൂക്ലിഡിലാണ് ജനിച്ചത്. ബഹിരാകാശയാത്രക്ക് നാസ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത വില്യംസ്. ആദ്യത്തേത് കല്പന ചൗള ആയിരുന്നു. സ്ലോവേനിയൻ വംശജ എന്ന നിലയിലും ഇവർക്ക് രണ്ടാം സ്ഥാനമാണുള്ളത്. എന്നാൽ മറ്റു പല കാര്യങ്ങളിലും ഇവർക്ക് ഒന്നാംസ്ഥാനമാണുള്ളത്: ഏറ്റവും കൂടുതൽ ദിവസം നീണ്ടുനിന്ന ബഹിരാകാശയാത്ര (195 ദിവസം); ഏറ്റവും കൂടുതൽ തവണ ബഹിരാകാശ നടത്തം (ഏഴ്); ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം (50 മണിക്കൂർ 40 മിനിറ്റ്).


ജയിംസ് വാഡൽ അലക്‌സാണ്ടർ

ടോപോളജി എന്ന ആധുനിക ഗണിതവിജ്ഞാനശാഖയുടെ ഉപജ്ഞാതാവായ ജയിംസ് വാഡൽ അലക്‌സാണ്ടറിന്റെ (James Waddell Alexander 1888-1971) ജന്മദിനം. സ്ഥലം എന്നർഥമുള്ള ടോപോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ടോപോളജി എന്ന പ്രയോഗത്തിൻെറ ജനനം. വൃത്തത്തെ വലിച്ചു നീട്ടി ദീർഘവൃത്തമാക്കാം. ഗോളത്തെ അമർത്തി കോഴിമുട്ടയുടെ രൂപത്തിലാക്കാം. സമചതുരത്തെ ശ്രദ്ധയോടെ ഒടിച്ച് (മുറിക്കരുത്) പഞ്ചഭുജവും ഷഡ്ഭുജവുമൊക്കെ ആക്കാം. ഇങ്ങനെ വലിച്ചോ, മുറിക്കാതെ ഒടിച്ചോ, പരത്തിയോ ഒക്കെ, പ്രധാനപ്പെട്ട ചില ഗുണധർമങ്ങൾ മാറാതെ, ഒരു രൂപത്തിൽനിന്ന് മറ്റൊരു രൂപത്തിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട പഠനങ്ങളും പ്രയോഗങ്ങളുമാണ് ടോപോളജിയുടെ മുഖ്യവിഷയം. കീറിമുറിച്ച് രൂപംമാറ്റൽ ടോപോളജിയല്ല.
മോബിയസ് തുണ്ട് (Möbius_strip) കടപ്പാട് വിക്കിപീഡിയ
ഇതൊരു മോബിയസ് തുണ്ട് ആണ്. നീളത്തിൽ കടലാസ് മുറിച്ചെടുത്ത് അതിന്റെ ഒരു തുമ്പ് ഒരുവട്ടം പിരിച്ച് രണ്ടു തുമ്പും ചേർത്ത് ഒട്ടിച്ചാൽ ഇത് കിട്ടും. രണ്ടു വശവും രണ്ടു നിറമായ കടലാസെങ്കിൽ കൂടുതൽ നന്ന്. കടലാസിന് രണ്ടു പ്രതലങ്ങളാണ്. നമുക്കിപ്പോൾ കിട്ടിയ മോബിയസ് തുണ്ടിന് ഒരു പ്രതലമേ ഉള്ളൂ (ഇക്കാര്യത്തിൽ, ഒരു വശമേ ഉള്ളൂ എന്നായാലും ശരിയാണ്.) ടോപോളജീയ പഠനങ്ങളിൽ പ്രാധാന്യമുള്ള ഒരിനമാണ് മോബിയസ് പ്രതലങ്ങൾ. ബാഹ്യരൂപത്തിനെക്കാൾ പ്രാധാന്യത്തോടെ വസ്തുക്കൾതമ്മിലുള്ള മറ്റു സാദൃശ്യങ്ങളെ വിലയിരുത്താൻ ടോപോളജി പ്രയോജനപ്പെടുത്താം. ഗണിതത്തിൽത്തന്നെ ധാരാളം ഉപയോഗങ്ങളുണ്ട് ടോപോളജിക്ക്. ഭൗതികം, പ്രപഞ്ചവിജ്ഞാനീയം, തുടങ്ങിയ ശാസ്ത്രമേഖലകളിലും വിവിധ എൻജിനീയറിങ് ശാഖകളിലും ഈ വിഷയം ഒട്ടേറെ പ്രയോഗിക്കപ്പെടുന്നുണ്ട്. (കുറിപ്പിന് കടപ്പാണ് പിആർ.മാധവപ്പണിക്കർ)
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശിവനാഗവേരല്ല, ഇത് കുതിരരോമവിര
Next post ശാസ്ത്രവിസ്മയം – പഠനപരിശീലനക്കളരി തത്സമയം കാണാം
Close