1. ലിയോനാർഡ് ഓയ്‌ലർ
ലിയോനാർഡ് ഓയ്‌ലറുടെ (Leonhard Euler 1707-1783) ചരമവാർഷികദിനമാണിന്ന്. ഓയ്‌ലറെക്കുറിച്ച് പ്രൊഫ. കെ. രാമകൃഷ്ണപ്പിള്ള എഴുതിയ കുറിപ്പ് വായിക്കാം.
കലനശാസ്ത്രം പൂർണതയിലേക്ക്
കലനശാസ്ത്രത്തിന്റെ (
പതിനെട്ടാം നൂറ്റാണ്ടിലെ വടവൃക്ഷം
പതിനെട്ടാം നൂറ്റാണ്ട് ഗണിതശാസ്ത്ര ചരിത്രത്തിലെ ഒരു സുവർണഘട്ടമാണ്. യുഗപ്രഭാവന്മാരായ ബർണൗലി സഹോദരന്മാർ ഈ കാലഘട്ടത്തിന് തുടക്കം കുറിച്ചു. പുതുതായി ആരംഭിച്ച ഗണിതശാസ്ത്ര പ്രസിദ്ധീകരണങ്ങളും സയൻസ് അക്കാദമികളും ഒരു വൈജ്ഞാനിക വിപ്ലവത്തിന് കളമൊരുക്കി. പ്രഗത്ഭരായ നിരവധി ഗണിതശാസ്ത്രജ്ഞർ യൂറോപ്പിലാകെ രംഗപ്രവേശം ചെയ്തു. അവരോരോരുത്തരും അവരവരുടെ നിലയിൽ മഹത്വമാർന്നവരായിരുന്നു. എങ്കിലും പതിനെട്ടാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഗണിതശാസ്ത്രജ്ഞൻ ആരെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളു – ലിയോനാർഡ് ഓയ്‌ലർ (Leonhard Euler).ഓയ്‌ലറുടെ ഗണിതഗവേഷണത്ത പതിനെട്ടാം നൂറ്റാണ്ടിലെ ശാസ്ത്രനഭസ്സിൽ പടർന്നുപന്തലിച്ച് ഒരുഗ്രൻ വടവൃക്ഷത്തോട് ഉപമിക്കാം. യുക്തിചിന്തയുടെ അഗാധതകളിലാണ് അതിന്റെ വേരുകൾ. ശുദ്ധഗണിതമാണ് അതിന്റെ തായ്ത്തടി. ഭൗതികം മുതൽ ശരീരശാസ്ത്രവും യുദ്ധതന്ത്രവും വരെയുള്ള അനുപയുക്ത ഗണിതമേഖലകളിൽ അതിന്റെ ഇലപ്പടർപ്പുകളും ശാഖോപശാഖകളും വ്യാപിച്ചു കിടക്കുന്നു. അദ്ദേഹം കൈവെയ്ക്കാത്ത മേഖലകളൊന്നുമില്ല. തുടങ്ങിയതൊന്നും അപൂർണമായി അദ്ദേഹം വിട്ടിട്ടില്ല. നൂറ്റിപ്പതിനെട്ടോളം തടിച്ച വാല്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടും അദ്ദേഹത്തിന്റെ മൗലിക സംഭാവനകൾ മുഴുവനായിട്ടില്ല. ആയുസ്സിന്റെ പകുതിയോടടുത്തുതന്നെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട ഒരു നിസ്സഹായനാണ് തന്റെ തിരക്കിട്ട ജീവിതത്തിനിടയിൽ ഇതെല്ലാം നേടിയതെന്ന് പറഞ്ഞാൽ ആരാണ് അത്ഭുതപ്പെടാത്തത്.
ബർണൗലിയുടെ കണ്ണിലുണ്ണി
1707-ൽ ഓയ്ലർ ജനിച്ചു. സ്വിറ്റ് സർലണ്ടിലെ ബേസലാണ് ജനനസ്ഥലം. പിതാവ് ഒരു പ്രൊട്ടസ്റ്റന്റ് വൈദികനായിരുന്നു. മാതാവ് ഒരു വൈദികന്റെ മകളും. പ്രാഥമിക വിദ്യാഭ്യാസം പിതാവിന്റെ മേൽ നോട്ടത്തിലാണ് നടന്നത്. മകനെ പഠിപ്പിച്ച് വൈദികജീവിതത്തിലേക്ക് കൊണ്ടുവരണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ജേക്കബ് ബർണൗലിയുടെ ഗണിതശാസ്ത്ര പ്രസംഗങ്ങളിൽ തൽപരനായിരുന്ന പിതാവ് ആ വിഷയത്തെപ്പറ്റി വീട്ടിൽ വെച്ച് പലപ്പോഴും ചർച്ച ചെയ്തുവന്നു. മകന്റെ പാഠ്യപദ്ധതിയിൽ ഗണിതശാസ്ത്രം കൂടി ഉൾപ്പെടുത്താനും ഇതു കാരണമായി. പിതാവിന്റെ ഗണിതാഭിമുഖ്യം പുത്രനിലേക്ക് വളരെവേഗം സംക്രമിച്ചു. അതിനെന്തെങ്കിലും തടസ്സമുണ്ടാക്കാൻ സ്നേഹനിധിയായ ആ പിതാവ് മുതിർന്നതുമില്ല. സർവകലാശാലയിൽ ചേരുവാനുള്ള പ്രായമാകുന്നതിന് മുമ്പുതന്നെ ഓയ്‌ലർ ബേസൽ സർവകലാശാലയിൽ പ്രവേശനം നേടി. മാനവിക വിഷയങ്ങളാണ് ഐച്ഛിക മായെടുത്തത്. പക്ഷേ, ജോൺ ബർണൗലിയുടെ ഗണിതശാസ്ത്ര പ്രസംഗങ്ങൾ കേൾക്കാൻ അദ്ദേഹം ഔത്സുക്യം കാണിച്ചു. ജോൺ ബർണൗലിക്ക് ബാലനായ ഓയ്‌ലറുടെ കഴിവ് മനസ്സിലാകാൻ അധികകാലം വേണ്ടിവന്നില്ല. ഒഴിവുദിവസങ്ങളിൽ തന്റെ വീട്ടിൽ വരുവാനും ഗണിതശാസ്ത്രപഠനം നടത്തുവാനും ബർണൗലി അവന് അനുവാദം നൽകി. ജോൺ ബർണൗലിയുടെ പുത്രന്മാരായ നിക്കോളാസും ഡാനിയലുമായി അടുത്ത സുഹൃത്ബന്ധം കെട്ടിപ്പടുക്കുന്നതിന് ഇതുകാരണമായി. പതിനേഴാം വയസ്സിൽ ഓയ്‌ലർ ബേസലിൽ നിന്ന് മാസ്റ്റർബിരുദം നേടുകയും ജോൺ ബർണൌലിയുടെ കണ്ണിലുണ്ണിയായിത്തീരുകയും ചെയ്തു. പത്താൻപതാം വയസ്സിൽ പാരീസ് അക്കാദമി “കപ്പലിലെ പായ്മരങ്ങൾ ഏതു വിധത്തിൽ സംവിധാനം ചെയ്താലാണ് കപ്പൽ ഏറ്റവും മെച്ചമായി ഓടിക്കാൻ കഴിയുന്നത്’ എന്നൊരു മത്സരപഠനം പ്രസിദ്ധീകരിച്ചു. ഈ മത്സരത്തിൽ ഓയ്ലറും പങ്കെടുത്തു. അദ്ദേഹത്തിന് രണ്ടാം സമ്മാനം നേടുവാനും കഴിഞ്ഞു. ഈ സംഭവം ഓയ്‌ലർക്ക് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തു.
കണ്ണുകാണാത്ത ഒരു കണക്കു ശാസ്ത്രജ്ഞൻ
ഗണിതശാസ്ത്ര ചരിത്രത്തിലെ ഒരു അത്ഭുത പ്രതിഭാസമാണ് ഓയ്‌ലർ. മധ്യവയസ്സ് കഴിഞ്ഞപ്പോൾതന്നെ കാഴ്ചശക്തി നഷ്ടപ്പെട്ട ഈ പ്രതിഭാധനന്റെ വിലപ്പെട്ട കണ്ടുപിടുത്തങ്ങൾ അധികവും അതിനുശേഷമാണ് രൂപംകൊണ്ടത്. ഒന്നും രണ്ടുമല്ല, കൂലംതകർത്ത് കുത്തിയൊലിക്കുന്ന മഹാപ്രവാഹം പോലെയായിരുന്നു അത്. ഡാനിയൽ ബർണൗലിയുടെ അടുത്ത സുഹൃത്തും ജോൺ ബർണൗലിയുടെ പ്രിയ ശിഷ്യനുമായിരുന്നു ഓയ്‌ലർ. സ്വന്തം പുത്രനായ ഡാനിയലിനോട് ഒടുങ്ങാത്ത പകയും വിദ്വേഷവും വച്ചുപുലർത്തിയിരുന്ന ജോൺ, ആരേയും അഭിനന്ദിക്കാനോ അംഗീകരിക്കാനോ തയ്യാറാകാതിരുന്ന ജോൺ, ആ ജോണിന്റെ കണ്ണിലുണ്ണിയായിരുന്നു ഓയ്‌ലർ! ജോണിന് സ്നേഹം തോന്നിയ ചുരുക്കം ചില ഗവേഷകരിൽ ഒരാളായിരുന്നത്ര ഓയ്‌ലർ. ദയാലുവും സംഭാഷണചതുരനും കൊച്ചുകുട്ടിയെപ്പോലെ നിഷ്ക്കളങ്കനുമായിരുന്ന ഓയ്ലർ ജോണിനെ ആകർഷിച്ചിരിക്കാം. പകയും വിദ്വേഷവും നിറഞ്ഞ ആ ഹൃദയത്തിൽ സ്നേഹത്തിന്റെ കൈത്തിരി കത്തിക്കാൻ ഓയ്‌ലർക്ക് കഴിഞ്ഞിരിക്കാം.
ഗവേഷണത്തിനായി കണ്ണുകളഞ്ഞു
ഈ സമയത്ത് ബേസൽ സർവകലാശാലയിൽ ഒരു പ്രൊഫസർ സ്ഥാനത്തിനുള്ള ഒഴിവു വന്നു. അത് നേടുവാൻ ഓയ്‌ലർ ശ്രമിച്ചെങ്കിലും കഴിവിനേക്കാൾ മറ്റു പലതിനും പ്രാധാന്യം നൽകിയ അധികാരികൾ അദ്ദേഹത്തിനത് നൽകിയില്ല. ഇത് ഓയ്ലറെ നിരാശനാക്കി. ഈ സമയത്ത് ഡാനിയൽ ബർണൗലി റഷ്യൻ തലസ്ഥാനമായ സെന്റ് പീറ്റേഴ്സ്ബർഗിലായിരുന്നു. അദ്ദേഹം റഷ്യൻ ഭരണാധികാരിയായിരുന്ന കാതറൈൻ ചക്രവർത്തിനിയെ പ്രേരിപ്പിച്ച് ഓയ്‌ലറെ റഷ്യൻ അക്കാദമിയിലേക്ക് ക്ഷണിച്ചു. 1727-ൽ ഓയ്‌ലർ സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് പുറപ്പെട്ടു. അദ്ദേഹം റഷ്യൻ മണ്ണിൽ കാലുകുത്തിയപ്പോഴേക്കും കാതറൈൻ ദിവംഗതയായിക്കഴിഞ്ഞിരുന്നു. 1730 വരെ കാര്യമായ ജോലിയോ വരുമാനമോ കൂടാതെ ഓയ്‌ലർ കഴിച്ചുകൂട്ടി. 1730-ൽ അദ്ദേഹത്തിന് ഭൗതികത്തിൽ പ്രൊഫസർ സ്ഥാനം ലഭിച്ചു. 1733-ൽ ഡാനിയൽ തിരിച്ചുപോയി. അദ്ദേഹമലങ്കരിച്ചിരുന്ന ഗണിതശാസ്ത്ര പ്രൊഫസർ സ്ഥാനം ഓയ്മർക്ക് നൽകപ്പെട്ടു. ആ വർഷം തന്നെ അദ്ദേഹം ഒരു സ്വിസ് വനിതയെ വിവാഹം ചെയ്തു. ഓയ്ലർ മറ്റെല്ലാം മറന്ന് ഗണിതഗവേഷണത്തിൽ വ്യാപൃതനായി. 1735-ൽ റഷ്യൻ ശാസ്ത്ര അക്കാദമിയിൽ ഗണിതത്തിലെ ഒരു പ്രശ്നം ചർച്ചാവിഷയമായി. അനേകമാസം പണിയെടുത്തെങ്കിലേ ആ പ്രശ്നം നിർധാരണം ചെയ്യാനാവു എന്നതായിരുന്നു പൊതുവായ അഭിപ്രായം. എന്നാൽ, മൂന്നുദിവസം കൊണ്ട് ഓയ്‌ലർ അത് ചെയ്തുതീർത്ത് എല്ലാവരേയും അത്ഭുതപ്പെടുത്തി. പക്ഷേ, ആ ജോലിയുടെ ആഘാതം അദ്ദേഹത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചു. അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരെണ്ണം നിർജീവമായിത്തീരുകയും ചെയ്തു. എങ്കിലും ഓയ്‌ലറുടെ ഗണിതശാസ്ത്രഗവേഷണത്തെ ഇത് കാര്യമായി ബാധിച്ചില്ല. അദ്ദേഹം അനവരതം പ്രവർത്തിച്ചുകൊണ്ടിരുന്നു. ഉപരിഗണിതത്തിൽ മൗലിക പ്രാധാന്യമുള്ള നിരവധി കണ്ടുപിടുത്തങ്ങൾ ഒന്നൊന്നായി പുറത്തു വന്നു. യൂറോപ്പിലാകെയുള്ള ഗണിതശാസ്ത്ര പ്രസിദ്ധീകരണങ്ങൾ ഓയ്മറുടെ ഗവേഷണപ്രബന്ധങ്ങളുമായാണ് ഓരോ മാസവും പുറത്തിറങ്ങിയത്.
ബർലിനിലേക്ക്
1841-ൽ പ്രഷ്യൻ ചക്രവർത്തിയായിരുന്ന മഹാനായ ഫ്രഡറിക് ബെർലിനിലേക്ക് ഓയ്ലറെ ക്ഷണിച്ചു. ഗണിതശാസ്തത്തിൽ ചക്രവർത്തിക്ക് വലിയ താൽപര്യമുണ്ടായിരുന്നില്ല. എല്ലാ രംഗങ്ങളിലെയും ഏറ്റവും പ്രഗത്ഭന്മാരായ ആളുകൾ തന്റെ കൂടെ ആയിരിക്കണമെന്ന നിർബന്ധത്തിന്റെ പേരിലാണ് ഓയ്ലർ ക്ഷണിക്കപ്പെട്ടത്. രാജകീയപദവിയും സുഖസൗകര്യങ്ങളും ഓയ്‌ലർക്ക് നൽകപ്പെട്ടു. ബർലിൻ അക്കാദമിയുടെ പ്രസിഡന്റായി അദ്ദേഹം നിയമിതനായി. 1766-വരെ ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ബർലിനിൽ കഴിച്ചുകൂട്ടി. 1760 -ൽ റഷ്യൻ സൈന്യം ജർമനി ആക്രമിച്ചു. പലതും കൊള്ളചെയ്തു കൂട്ടത്തിൽ ഓയ്‌ലറുടെ കൃഷിഭൂമിയും വീടും കൊള്ളയടിക്കപ്പെട്ടു. ഈ സംഭവം റഷ്യൻ ചക്രവർത്തിനിയായ എലിസബത്ത് രാജ്ഞിയിൽ അപരാധബോധവും പശ്ചാത്താപവുമുണ്ടാക്കി. അവർ ഓയ്‌ലറോട് മാപ്പുപറയുവാനും അദ്ദേഹത്തിന് നഷ്ടപരിഹാരം കൊടുക്കുവാനും ഒരു വൻതുക സമ്മാനമായി നൽകാനും തന്റെ സർവസൈന്യാധിപനോട് ആ ജ്ഞാപിച്ചു. ഈ ഒരു സംഭവം മതി ഓയ്‌ലർ അന്ന് എതമാത്രം ആദരിക്കപ്പെട്ടിരുന്നു. എന്നു മനസ്സിലാക്കുവാൻ.
1766-ൽ അദ്ദേഹം സെന്റ് പീറ്റേഴ്സ്ബർഗിലേക്കുപോയി. അധികം താമസിയാതെ അദ്ദേഹത്തിന്റെ മറ്റേ കണ്ണും നിർജീവമായി. പൂർണമായ അന്ധതപോലും ഓയ്‌ലറുടെ ഗവേഷണപ്രവർത്തനത്തിന് തടസ്സമായില്ല. അദ്ദേഹം സംസാരിക്കും. ശിഷ്യന്മാർ എഴുതിയെടുക്കും. അങ്ങനെ തുടർന്നു. അദ്ദേഹത്തിന്റെ “മനക്കണ്ണ്’ മാംസചക്ഷസ്സുകളേക്കാൾ ശക്തമായിരുന്നു. ശിഷ്യന്മാരിൽ ചിലർ എഴുതിച്ചെയ്ത കണക്കുകളിലെ തെറ്റുകൾ പോലും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നുവത്രേ. 1771-ൽ സെന്റ് പീറ്റേഴ്സ്ബർഗിൽ കടുത്ത അഗ്നിബാധയുണ്ടായി. അന്ധനായ ഓയ്മറും അഗ്നിയിൽപെട്ടുപോയി. പക്ഷേ, പീറ്റർ ക്രീം എന്ന സുഹൃത്ത് അഗ്നിജ്വാലകളിലേക്ക് ഓടിക്കയറി ആ നിസ്സഹായനായ അന്ധനെ രക്ഷിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങളും ഉപകരണങ്ങളും തുടങ്ങി വിലപ്പെട്ട പലതും കത്തിച്ചാമ്പലായി. പക്ഷേ, അദ്ദേഹത്തിന്റെ വിലയേറിയ കണ്ടുപിടുത്തങ്ങൾ കുറിച്ചിട്ടിരുന്ന നോട്ടുബുക്കുകൾ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.
മരണംവരെ ഗവേഷണം
എഴുപത്തിയാറാമത്തെ വയസ്സിൽ അന്ത്യ ശ്വാസം വലിക്കുന്നതുവരെ അദ്ദേഹം ഗവേഷണത്തിൽ വ്യാപൃതനായിരുന്നു. മധുരമായ പെരുമാറ്റവും ലളിതമായ വസ്ത്രധാരണവും വിനയംനിറഞ്ഞ സംസാരവും ഓയ്‌ലറുടെ പ്രത്യേകതകളായിരുന്നു. തികഞ്ഞ രസികനുമായിരുന്നു അദ്ദേഹം. ഈശ്വരനില്ലെന്നു വാദിക്കാനായി സെന്റ് പീറ്റേഴ്സ്ബർഗിലെത്തിയ ഒരു ഫ്രഞ്ചുപണ്ഡിതനെ “ബൈനോ – മിയൽ സിദ്ധാന്തം’ വിവരിച്ചു കേൾപ്പിച്ചിട്ട് – “അതുകൊണ്ട് ഈശ്വരനുണ്ട്” എന്നുപറഞ്ഞ് കളിയാക്കിയ ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ ഇഷ്ടപ്പെട്ടിരുന്നു. അവരുമായി തമാശ പറയുകയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിനോദം. അദ്ദേഹവുമായി സംസാരിക്കുന്ന ആർക്കും അദ്ദേഹത്തിൽ അസാധാരണത്വമൊന്നും തോന്നിയിരുന്നില്ല.
(കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഗണിതശാസ്ത്രത്തിലെ അതികായന്മാർ എന്ന പുസ്തകത്തിൽ നിന്നും)
2. ലിയോൺ ഫൂക്കോ
പ്രശസ്തനായ ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞൻ ലിയോൺ ഫൂക്കോവിന്റെ (Léon Foucault 1819-1869) ജനനം. ഫൂക്കോ പെൻഡുലത്തിന്റെ അവതരണത്തിലുടെ അദ്ദേഹം പ്രസിദ്ധനായി തീർന്നു. ഭൂമിയുടെ ഭ്രമണത്തെ വിശദീകരിക്കാൻ ഈ ഉപകരണം ഉപയോഗിക്കുന്നു. പ്രകാശത്തിന്റെ പ്രവേഗം ആദ്യമായളന്ന വ്യക്തി. എഡ്ഡി കറണ്ട്‌സ് കണ്ടുപിടിച്ചു. ജൈറോസ്‌ക്കോപ്പിന്റെ (Gyroscope) ഉപജ്ഞാതാവും അദ്ദേഹമാണ്.
ഫൂക്കോ പെൻഡുലം
ഭൂമിയുടെ കറക്കം തെളിയിക്കുന്ന ഒരു ലളിതമായ പരീക്ഷണമാണിത്. 1851 ലാണ് ഈ പെൻഡുലം ഉണ്ടാക്കിയത്. ഭൂമിയുടെ ഭ്രമണത്തിന്റെ ലളിതമായ, നേരിട്ടുള്ള തെളിവുകൾ നൽകുന്ന ആദ്യ പരീക്ഷണമായിരുന്നു അത്. ഇന്ന്, മ്യൂസിയങ്ങളിലും സർവ്വകലാശാലകളിലും ഫൗക്കോൾ പെൻഡുലങ്ങൾ പ്രമുഖ പ്രദർശനവസ്തുക്കളാണ്.
1851 ഫെബ്രുവരിയിൽ, പാരിസ് ഒബ്‌സർവേറ്ററിയിലെ മെരിഡിയനിൽ ഒരു ഫൗക്കോൾ പെൻഡുലം ആദ്യത്തെ പൊതു പ്രദർശനം നടന്നു. 28 കിലോഗ്രാം ഭാരമുള്ള ചെമ്പ് പൂശിയ ബോബ് 67 മീറ്റർ നീളമുള്ള ഒരു വയറിൽ പാരീസിലെ പാന്തിയോണിലെ ഡോമിൽ നിന്ന് കെട്ടിത്തൂക്കിയാണ് ഇത് നിർമ്മിച്ചത്. ഒരുമണിക്കൂറിൽ 11.3° ക്ലോക്ക് ദിശയിൽ പെൻഡുലത്തിന്റെ പ്രതലം തിരിയുന്നു. 31.8 മണിക്കൂറുകൾകൊണ്ട് പ്രതലം ഒരു പൂർണ്ണ തിരിച്ചിൽ പൂർത്തിയാക്കുന്നു. 1851 ൽ പാന്തിയോണിൽ ഉപയോഗിച്ച യഥാർത്ഥ ബോബ് 1855 ൽ കൺസെർവാറ്റിയോറെ ഡെ ആർട്‌സ് എറ്റ് മെറ്റിയേർസിലേക്ക് മാറ്റി. 50-ാം വാർഷികമായ 1902 ൽ ഒരു താത്കാലിക പെൻഡുലം സ്ഥാപിച്ചു.
1990കളിൽ മ്യൂസിയത്തിന്റെ പുനർനിർമ്മാണവേളയിൽ യഥാർത്ഥ പെൻഡുലം പാന്തിയോണിലേക്ക് മാറ്റി (1995 ൽ). 2000 ൽ മ്യൂസീ ഡെസ് ആർട്‌സ് എറ്റ് മെറ്റിയേർസ് വീണ്ടും തുറക്കുന്നതിനുമുൻപേ ഇത് തിരിച്ചുകൊണ്ടുപോയി. 6 ഏപ്രിൽ 2010 ൽ ബോബ് തൂക്കിയിട്ടിരുന്ന വള്ളിപൊട്ടി താഴെവീണു. ഇത് ബോബിലും മ്യൂസിയത്തിന്റെ തറയ്ക്കും പരിഹരിക്കാൻ പറ്റാത്ത കേടുപാടുണ്ടാക്കി. 1995 മുതൽ പാന്തിയോണിൽ ഈ പെൻഡുലത്തിന്റെ യഥാർത്ഥ പകർപ്പ് പ്രവർത്തിക്കുന്നുണ്ട്.
ജൈറോസ്‌കോപ്പ്(gyroscope)
വർത്തുള ആക്ക തത്ത്വങ്ങളുടെ (Principles of Angular Momentum) അടിസ്ഥാനത്തിൽ, വസ്തുക്കളുടെ വിന്യാസം അളക്കാനും നിലനിർത്താനും ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ജൈറോസ്‌കോപ്പ്(gyroscope). മെക്കാനിക്സിൽ ഏതു ദിശയിലേക്കും സ്വതന്ത്രമായി വിന്യസിക്കാൻ കഴിയുന്ന ഒരു അച്ചുതണ്ട് കേന്ദ്രമാക്കി കറങ്ങി കൊണ്ടിരിക്കുന്ന ദ്രവ്യമാനമായ ഒരു ഡിസ്കിനെനെയാണ് ജൈറോസ്‌കോപ്പ് എന്നു പറയാം. അതായത് ഇത്തരം ഡിസ്‌കുകൾ അവയുടെ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന അച്ചുതണ്ടിൽ വട്ടം തിരിയുകയും (ഭ്രമണം/gyration), അതേ അച്ചുതണ്ടിന്റെ തന്നെ ഏതു ദിശാവിന്യാസത്തിലും ഭ്രമണം തുടരുകയും ചെയ്യും.
കളിപ്പാട്ടം പമ്പരം(whirligig) ജൈറോസ്‌കോപ്പിന് നല്ലൊരു ഉദാഹരണമാണ്. പമ്പരം തറയിൽ വെച്ച് കറക്കി വിടുമ്പോൾ, പമ്പരത്തിന്റെ തറയിൽ തൊട്ടിരിക്കുന്ന തുമ്പറ്റം ഒരിക്കലും തറയിലെ ഒരു ബിന്ദു(point)വിൽ മാത്രമായി നിന്ന് കറങ്ങാറില്ല. അത് ചെറിയൊരു വൃത്താകാര പാതയിലായിരിക്കും സഞ്ചരിക്കുക. ക്രമേണ ഊർജ്ജം ക്ഷയിച്ച് ഭ്രമണവേഗത കുറയുമ്പോൾ ആ വൃത്തപാതയുടെ ആരം(radius) കുറഞ്ഞു വരികയും അവസാനം പമ്പരം വീഴുകയും ചെയ്യും. ഇവിടെ പമ്പരത്തിന് ദ്രവ്യമാനമായ ഒരു കോൺ(conical) ആകൃതിയാകയാൽ കറങ്ങുമ്പോൾ അത് മേൽപ്പറഞ്ഞ ഒരു ഡിസ്‌കിനെ പോലെ വർത്തിക്കുന്നു. പമ്പരം നാം കറക്കിവിടുമ്പോൾ കറങ്ങുന്നത് അതിന്റെ ദ്രവ്യകേന്ദ്ര(centre of mass)ത്തിലൂടെ കടന്നുപോകുന്ന അക്ഷത്തിലൂടെയാണ്. പമ്പരത്തിലെ നമ്മൾ കറക്കി വിടുന്ന ദണ്ഡും അതിന്റെ കൂർത്തമുനയും ചേർന്നതാണ് ഈ അക്ഷം. ഈ അക്ഷം ഏതു ദിശയിലേക്ക് ചരിഞ്ഞാലോ, സഞ്ചരിച്ചാലോ ഡിസ്‌കിന്റെ ഭ്രമണത്തിനു വ്യതിയാനമുണ്ടാകില്ല. ഇതു തന്നെയാണ് ജൈറോസ്‌കോപ്പിലും സംഭവിക്കുന്നത്. അതിനാൽ ഈ പ്രതിഭാസത്തെ ജൈറോസ്‌കോപ്പിക്ക് ഇഫക്ട് (gyroscopic effect) എന്നും വിളിക്കുന്നു.