ക്ലോഡിയസ് ക്ലേവസ്
അലക്‌സാണ്ടർ ഫോൺ ഹംബോൾട്ട്
ഭൂമിയുടെ കാന്തിക സ്വഭാവത്തെപ്പറ്റി ആദ്യമായി പഠിക്കുകയും പരിസ്ഥിതി ശാസ്ത്രമെന്ന ശാഖയുടെ പിതാവായി അറിയപ്പെടുകയും ചെയ്യുന്ന ജർമ്മൻ ശാസ്ത്രജ്ഞനാണ് അലക്‌സാണ്ടർ ഫോൺ ഹംബോൾട്ട് (Alexander von Humboldt 1769 – 1859). ജിറാസിക് പിരിയഡിന് ആ പേര് നൽകിയതും ഇദ്ദേഹമാണ്. ലാറ്റിനമേരിക്കയിലെ സസ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ വിതരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ഭൗമജീവശാസ്ത്രം (biogeography) എന്ന ശാസ്ത്രശാഖയ്ക്കു തുടക്കം കുറിച്ചു. ശാസ്ത്രീയമായ ദീർഘകാല കാലാവസ്ഥാനിരീക്ഷണത്തിലൂടെ അന്തരീക്ഷവിജ്ഞാനത്തിനും(meteorology) രൂപം നൽകി.
തെക്കേ അമേരിക്കയും ആഫ്രിക്കയും പണ്ട് ഒരു ഭൂഖണ്ഡം ആയിരുന്നുവെന്ന് ആദ്യമായി പ്രവചിച്ചവരിൽ ഒരാളായിരുന്നു ഹംബോൾട്ട്. അന്ന് ലഭ്യമായിരുന്ന വിവിധ ശാസ്ത്ര, സാമൂഹ്യശാസ്ത്ര വിജ്ഞാനങ്ങളെ സംയോജിപ്പിച്ച് കോസ്‌മോസ് (Kosmos) എന്ന കൃതി അദ്ദേഹം രചിച്ചു. ഈ പുസ്തകങ്ങൾ പ്രപഞ്ചത്തിന്റെ എല്ലാ വസ്തുക്കളും തമ്മിൽ ബന്ധിപ്പിക്കപെട്ട കണ്ണികളാണെന്ന ഹംബോൾട്ടിന്റെ വിശ്വാസം അടിവരയിടുന്നു. മനുഷ്യനിർമ്മിത കാലാവസ്ഥാവ്യതിയാനം കണ്ടുപിടിക്കുകയും അതിന്റെ കാരണങ്ങൾ പഠിക്കുകയും ചെയ്ത ഹംബോൾട്ട് അവയെക്കുറിച്ച് 1800-ലും 1831-ലും എഴുതുകയുണ്ടായി. ഹംബോൾട്ട് സമുദ്രജലപ്രവാഹത്തിന് (Humboldt Current) ആ പേരിട്ടത് ഹംബോൾട്ടിന്റെ സംഭാവനകൾ മാനിച്ചാണ്.