Read Time:10 Minute

 

കഴിഞ്ഞ 20 കൊല്ലമായി അഫ്ഗാനിസ്ഥാനില്‍ സയന്‍സ് വളരുകയായിരുന്നു. എന്നാലിപ്പോള്‍ പല സയന്റിസ്റ്റുകളും ഗവേഷകരും പലായനം ചെയ്യുകയാണ്, ശേഷിക്കുന്നവര്‍ പീഡിപ്പിക്കപ്പെടുമോ എന്ന ആശങ്കയിലുമാണ്.

കാബൂൾ സർവകലാശാലയുടെ ലോഗോ കടപ്പാട്: Wikipedia

    മുമ്പ്, 1996 മുതല്‍ 2001 വരെ താലിബാന്‍ ഭരണത്തിലായിരിക്കുമ്പോള്‍ ശരിയത്തിന്റെ യാഥാസ്ഥിതികനിയമം ക്രൂരമായ രീതിയില്‍ നടപ്പാക്കിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങളുടെമേലുള്ള കടന്നുകയറ്റവും അഭിപ്രായസ്വാതന്ത്ര്യം  തടയലും അന്ന് സാധാരണമായിരുന്നു. എന്നാല്‍ 2001ല്‍ ആ ഭരണത്തെ പുറത്താക്കിയതിനു ശേഷം അന്താരാഷ്ട്രതലത്തിലുള്ള ധാരാളം ഫണ്ടുകള്‍ ലഭിക്കാന്‍ തുടങ്ങുകയും യൂണിവേഴ്സിറ്റികള്‍ ഉയിര്‍ത്തെഴുനേല്‍ക്കുകയും ചെയ്തു. ലോകബാങ്കും അമേരിക്കയുടെ അന്താരാഷ്ട്രവികസന ഫണ്ടും ദശലക്ഷക്കണക്കിന് ഡോളറുകള്‍ യൂണിവേഴ്സിറ്റികള്‍ക്ക് നല്‍കി. അദ്ധ്യാപകരെ വളര്‍ത്തിയെടുക്കുന്നതിനും ഗവേഷണങ്ങള്‍ക്കുമെല്ലാം ഇത് സഹായകമായി. 2010 നുശേഷം മൂന്നു ഡസന്‍ പൊതുമേഖലാ യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കപ്പെടുകയോ പുന:സ്ഥാപിക്കപ്പെടുകയോ ഉണ്ടായി. അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സഹായമുണ്ടായിരുന്ന ഉന്നതവിദ്യാഭ്യാസമന്ത്രാലയമാണ് ഇവയുടെ ചുമതല വഹിച്ചത്. സ്വകാര്യ മേഖലയില്‍ പത്ത് യൂണിവേഴ്സിറ്റികളും ഇക്കാലത്ത് തുടങ്ങി. പൊതു സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം 2001 ല്‍ 8000 ആയിരുന്നെങ്കില്‍ 2018 ല്‍ 1,70,000 ആയി വര്‍ദ്ധിച്ചു. അന്തര്‍ദ്ദേശീയ ജേണലുകളിലെ പ്രാതിനിദ്ധ്യം കുറവായിരുന്നെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ട പേപ്പറുകളുടെ എണ്ണം 2011 ലെ 71 ല്‍ നിന്ന് 2019 ഓടെ 258 ആയി.

സറെ യൂണിവേഴ്സിറ്റിയുടെ റേഡിയേഷൻ ലാബിലെ ഷക്കർഡോഖ് ജഫാരി കടപ്പാട്: Wikimedia Commons

    കാന്‍സര്‍ പഠനം മുതല്‍ ജിയോളജി വരെയുള്ള വിവിധ പഠനമേഖലകളിലെ പെണ്‍കുട്ടികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. എന്നാല്‍ ഇനി സയന്‍സിന്റെ കാര്യത്തിലും ഗവേഷണത്തിലും വലിയൊരു സ്തംഭനാവസ്ഥ ഉണ്ടാകുമെന്നാണ് ഇംഗ്ലണ്ടില്‍ സറേ യൂണിവേഴ്സിറ്റിയിയില്‍ ഒരു മെഡിക്കല്‍ ഫിസിസിസ്റ്റായി ജോലിചെയ്യുന്ന ഷക്കര്‍ഡോഖ് ജഫാരി  (Shakardokht Jafari) പറയുന്നത്.

സയന്റിസ്റ്റുകള്‍ അഫ്ഗാനിസ്ഥാനെ വളരെക്കാലം ഒരു തമോഗര്‍ത്തമായിട്ടാണ് കണക്കാക്കിയിരുന്നത് എന്നാണ് ഉന്നതപഠനത്തിനായി രാജ്യത്തിനു വെളിയില്‍ പോകേണ്ടിവന്ന അനേകരില്‍ ഒരാളായ നജിബുള്ള കാക്കര്‍ (Najibullah Kakar) പറഞ്ഞത്. അദ്ദേഹം 2014 ല്‍ തിരികെ വന്ന്, പ്ലേറ്റ് ടെക്ടോണിക്സ് പഠിക്കുന്നതിനായുള്ള രാജ്യത്തെ ആദ്യത്തെ സീസ്മിക് നെറ്റ്വര്‍ക്ക്  സ്ഥാപിക്കാന്‍ സഹായിച്ചു. 2019 ല്‍ നിയന്ത്രണങ്ങള്‍ ആരംഭിക്കുകയും ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്ര ദുഷ്കരമാവുകയും ചെയ്യുന്നതുവരെ അദ്ദേഹം ആ ജോലിയില്‍ വ്യാപൃതനായിരുന്നു. അഫ്ഗാനിസ്ഥാനില്‍ പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി കാണുവാനും മുന്നറിയിപ്പുകള്‍ കൊടുക്കുവാനും ഉതകുന്ന ഒരു സംവിധാനമുണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരടെയും ലക്ഷ്യം. എന്നാല്‍ കാബൂള്‍ വീണതോടുകൂടി അവരെല്ലാം ആശങ്കയിലാണ്. സഹപ്രവര്‍ത്തകരെ എങ്ങനെ പുറത്തുകടക്കാന്‍ സഹായിക്കാമെന്നതാണ് അദ്ദേഹത്തിന്റെ മുന്നിൽ ഇപ്പോഴുള്ള വെല്ലുവിളി.

https://www.scholarsatrisk.org/

    ന്യൂയോര്‍ക്കിലുള്ള സ്കോളേഴ്സ് അറ്റ് റിസ്ക് എന്ന സംഘടന പറയുന്നത് അഭയം തേടിയുള്ള അഞ്ഞൂറിലധികം അപേക്ഷകള്‍ ആഗസ്റ്റില്‍ മാത്രം ലഭിച്ചു എന്നാണ്. അതില്‍ ചിലര്‍ നിയമവിദഗ്ദ്ധരാണ്. താലിബാന്‍ വിവക്ഷിക്കുന്ന ശരിയത്ത് നിയമരീതിയുമായി ഒത്തുപോയില്ലെങ്കില്‍ നേരിടാനിടയുള്ള അടിച്ചമര്‍ത്തലാണ് അവരുടെ ഭീതി. സ്ത്രീകളായതുകൊണ്ടും സ്ത്രീപക്ഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതുകൊണ്ടും ഭീഷണി നേരിടുമെന്ന ഭയം ധാരാളം സ്ത്രീകള്‍ക്കുണ്ട്. സ്ത്രീകളെ പഠിപ്പിക്കുന്നതിനും സൂപ്പര്‍വൈസ് ചെയ്യുന്നതിനും ശിക്ഷിക്കപ്പെടാം എന്ന ഭയം പല പുരുഷന്മാരിലും ഉണ്ട്. പുറം നാടുകളില്‍ പോയി പഠിച്ചതും അന്തര്‍ദ്ദേശീയ ബന്ധവും മൂലം തങ്ങള്‍ ഹിറ്റ് ലിസ്റ്റില്‍ പെട്ടേക്കാം എന്ന ഭയമാണ് വേറെ ചിലര്‍ക്ക്.

സ്വതന്ത്ര ചിന്തയും അന്വേഷണാത്മകതയും ചോദ്യം ചെയ്യാനുള്ള ആർജ്ജവവും മാനവികതയും വച്ചുപുലര്‍ത്തുന്നു എന്നതിനാല്‍ ശാസ്ത്രരംഗത്തുള്ളവര്‍ നോട്ടപ്പുള്ളികളാകും എന്നു ഭയക്കുന്നു. പലരും ഒളിവില്‍ പോവുകയോ അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുകയോ ആണ്.

     ലോകമെമ്പാടുമുള്ള 164 സ്ഥാപനങ്ങള്‍ ഗവേഷകരെ സ്വീകരിക്കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ആളുകളെ പുറത്ത് എത്തിക്കുക എന്നത് ശ്രമകരമാണ്. എംബസികള്‍ പലതും അടച്ചു, കാബൂള്‍ എയര്‍പോര്‍ട്ട് അനിശ്ചിതത്വത്തിലാണ്. പലരും അഫ്ഗാനിസ്ഥാനില്‍ തന്നെ കുടുങ്ങിപ്പോകുമെന്ന് ഭയക്കുന്നു.

കാബൂളിലുള്ള അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് അഫ്ഗാനിസ്ഥാനിലെ സാലേഹ ബയാത്ത് ബിൽഡിംഗ് കടപ്പാട്: Wikipedia

  കാബൂളിലുള്ള അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് അഫ്ഗാനിസ്ഥാനില്‍ പ്രസിഡണ്ടായിരുന്ന കെന്നെത്ത് ഹോളണ്ട് (Kenneth Holland) പറയുന്നത് തങ്ങളുടെ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ അപായശങ്കയിലാണ് എന്നാണ്. 2016 ലെ ഭീകരാക്രമണത്തില്‍ അദ്ധ്യാപകര്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. അവിടെയുള്ള അഫ്ഗാനികളല്ലാത്ത 60 ജീവനക്കാരെ പുറത്തെത്തിച്ചുകഴിഞ്ഞു. പ്രാദേശികരായ 400 പേരില്‍ 20 പേരെ മാത്രമേ പുറത്തെത്തിക്കാനായുള്ളു. കൂടാതെ 800 വിദ്യാര്‍ത്ഥികളും ആയിരത്തിലേറെയുള്ള മുന്‍ വിദ്യാര്‍ത്ഥികളും ഭീകരവാദികളുടെ ലക്ഷ്യമാകാനിടയുണ്ട്.

കാബൂളിലുള്ള അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് അഫ്ഗാനിസ്ഥാനിൽ നിന്നുള് പഴയദൃശ്യം കടപ്പാട്  Kiana Hayeri/The New York Times/Redux/eyevine

വിദ്യാഭ്യാസ ശാസ്ത്ര രംഗത്തുള്ള നിരവധി ന്യൂനപക്ഷസമുദായക്കാരും ഭീഷണി നേരിടുന്നുണ്ട്. താലിബാന്‍ നേതാക്കളുള്‍പ്പെടെ ബഹുഭൂരിപക്ഷം അഫ്ഗാനികളും പഷ്ടൂണ്‍ വംശജരാണ്. എന്നാല്‍ ഹസാര വംശജനായ ഡോ. മുസാ ജോയ പറയുന്നത് ഇന്റര്‍നാഷണല്‍ ആറ്റമിക് എനര്‍ജി ഏജന്‍സിയുടെ സഹകരണത്തോടെ കാബൂളില്‍ ഒരു റേഡിയോതെറാപ്പി സെന്റര്‍ തുടങ്ങാനുള്ള തന്റെ ഉദ്യമം നടക്കാതെ പോകുമെന്നാണ്. മാത്രമല്ല കുടുംബത്തെ രക്ഷിക്കുന്നതെങ്ങനെ എന്നതും പ്രശ്നമാണ്. മറ്റുചിലയിടങ്ങളില്‍ കൊലപാതകങ്ങളാരംഭിച്ചു കഴിഞ്ഞു. അഫ്ഗാനിസ്ഥാന്‍ സയന്‍സ് അക്കാഡമിയിലെ ഉന്നതബിരുദം നേടിയ പലരും നാടുവിട്ടുകഴിഞ്ഞു. ഇവിടെ വിദ്യാഭ്യാസമുള്ള ആരും ബാക്കിയുണ്ടാകില്ല എന്നാണ് ഒരു അദ്ധ്യാപകന്‍ പറഞ്ഞത്. സംവിധാനമാകെ തകിടം മറിഞ്ഞിരിക്കുന്നു. അവിടെ 200 ഗവേഷകരും 160 ഓളം മറ്റുദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവര്‍ക്ക് രണ്ടുമാസമായി ശമ്പളമില്ല. താലിബാന്‍ ഫണ്ട് തടഞ്ഞതിനാലാണിത്.

അന്താരാഷ്ട്രസമൂഹം പുതിയ സര്‍ക്കാരിനെ അംഗീകരിക്കുമോ, സാമ്പത്തികസഹായം ലഭ്യമാകുമോ എന്നൊന്നും ആര്‍ക്കും അറിയില്ല. “ഞങ്ങള്‍ സമ്പത്തും ഊര്‍ജ്ജവും സമയവും ചെലവഴിച്ചത് ഞങ്ങള്‍ക്കും ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും നല്ലൊരു ഭാവി കരുപ്പിടിപ്പിക്കാനായിരുന്നു. എന്നാല്‍ അവര്‍ ഞങ്ങളുടെയെല്ലാം ജീവിതം തകര്‍ത്തിരിക്കുന്നു” എന്നാണ് ജോയ പറഞ്ഞത്. 


തയ്യാറാക്കിയത്: ജി.ഗോപിനാഥൻ

അവലംബം -Afghanistan’s terrified scientists predict huge research losses, Nature, 27th Aug 20201 – Report by Smriti Mallapaty.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Previous post ഇലക്ട്രിക് കാര്‍ ബാറ്ററികള്‍
Next post കോവിഡ് വാക്സിനുകളും രക്തക്കുഴലുകളിലെ ക്ലോട്ടിങ്ങുകളും
Close