Read Time:19 Minute
പ്രൊഫ. ഡി. രഘുനന്ദന്‍
പ്രസിഡന്റ് എ.ഐ‍പി.എസ്.എന്‍

സയന്‍സ് കോണ്‍ഗ്രസ്സിന്റെ ഒരനുബന്ധപരിപാടിയില്‍ സംസ്കൃതഗ്രന്ഥങ്ങളില്‍ നിന്ന് പെറുക്കിക്കൂട്ടിയ കാര്യങ്ങള്‍ വെച്ചവതരിപ്പിച്ച സിമ്പോസിയം ഭാരതീയ (ഹിന്ദു) സംസ്കാരത്തിലെ ശാസ്ത്ര സാങ്കേതികരംഗത്തെക്കുറിച്ചുള്ള ഒരു ഹൈന്ദവ കാഴ്ചപ്പാട് തുറന്നുകാണിക്കുന്ന ഒന്നായി മാറി.

2015 മാര്‍ച്ചില്‍ പൂനെയില്‍ നടന്ന നൂറ്റിരണ്ടാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ ഒരനുബന്ധപരിപാടിയായി പുരാതനഭാരതത്തിലെ ശാസ്ത്രസാങ്കേതികരംഗം എന്ന വിഷയത്തില്‍ ഒരു പ്രത്യേക സിമ്പോസിയം നടക്കുകയുണ്ടായി. സംസ്കൃതഗ്രന്ഥങ്ങളില്‍ നിന്ന് പെറുക്കിക്കൂട്ടിയ കാര്യങ്ങള്‍ അവതരിപ്പിച്ച ആ സിമ്പോസിയം ഭാരതീയ (ഹിന്ദു) സംസ്കാരത്തിലെ ശാസ്ത്രസാങ്കേതികരംഗത്തെക്കുറിച്ചുള്ള ഹൈന്ദവ കാഴ്ചപ്പാട് തുറന്നുകാണിക്കുന്ന ഒന്നായി മാറി. നേരത്തേ പ്രധാനമന്ത്രി തന്നെ നടത്തിയ അഭിപ്രായങ്ങളും, ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും മറ്റു ബുദ്ധിജീവികളും മാദ്ധ്യമങ്ങളും നടത്തിയ ശക്തമായ വിമ‍ശനങ്ങള്‍ ഉണ്ടായിരുന്നിട്ടുപോലും ഹിന്ദുത്വകാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന ദീനാനാഥ് ബത്രയുടെ പുസ്തകങ്ങള്‍ പ്രചരിപ്പിച്ചതും ഗുജറാത്ത് സ്ക്കൂളുകളില്‍ അവ പാഠപുസ്തകമാക്കിയതും പുരാതന ഇന്ത്യയിലെ ശാസ്ത്രസാങ്കേതിക നേട്ടങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രിമാരും ബ.ജെ.പി. നേതാക്കളും ആര്‍.എസ്.എസ് പോലുള്ള അനുബന്ധസംഘടനകളുടെ വക്താക്കളും പുറപ്പെടുവിച്ച അഭിപ്രായപ്രകടനങ്ങളും എല്ലാം ചേരുമ്പോള്‍ ഒരു ഹിന്ദുത്വ കാഴ്ചപ്പാടിന്റെ ഏകീകരണമായി വേണം കണക്കാക്കാന്‍. പുതുതായി കൈവരിച്ച ഭരണാധികാരത്തിന്റെ പിന്‍ബലത്തില്‍ സംഘപരിവാര്‍ ശക്തികളുടെ കരുതിക്കൂട്ടിയുള്ള ഒരു സംഘടിതശ്രമായി വേണം ഇതിനെ കാണാന്‍.

?????????????????????????????????

ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിനിടയില്‍ ഇമ്മാതിരി ഒരു സിമ്പോസിയം നടത്താമെന്നതും അതിന് അവിടെ കൂടിയിരുന്ന ശാസ്ത്രജ്ഞരില്‍ നിന്ന് യാതൊരുവിധ എതിര്‍പ്പും നേരിടേണ്ടിവന്നില്ല എന്നതും വലിയ അളവിലുള്ള ഒരു സന്ദേഹമാണ് നല്‍കുന്നത്.- പ്രത്യേകിച്ച് അവരില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ വക ഗവേഷണ- വിദ്യാഭ്യാസസ്ഥാപനങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍. ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ശാസ്ത്രസമൂഹം തങ്ങളുടെ രാഷ്ട്രീയ മേലാളന്മാരെ സാഷ്ടാംഗം നമിക്കാന്‍ തയ്യാറാകുന്നത് ആണവോര്‍ജ്ജം, വന്‍കിട ഡാമുകള്‍, ജനിതകമാറ്റം വരുത്തിയ വിത്തുകളും ഭക്ഷ്യവസ്തുക്കളും, വന്‍കിട വ്യവസായങ്ങളുടെ പരിസ്ഥിതി ആഘാതം എന്നിങ്ങനെ സമൂഹത്തെ ബാധിക്കുന്ന കാതലായ ചില ശാസ്ത്രസാങ്കേതികപ്രശ്നങ്ങളില്‍ അവരെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് ഇടയാക്കുന്നത്. അവരുടെ തീരുമാനങ്ങള്‍ ന്യായമായതും പക്ഷപാതരഹിതവും വിശ്വസനീയവും തെളിവുകളുടെ പിന്‍ബലമുള്ളതുമാണോ എന്ന സംശയം ബലപ്പെടുന്നു.

ഈ സംഭവവികാസങ്ങള്‍ സമകാലീന ഇന്ത്യയിലെ ശാസ്ത്രത്തിനും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ക്കും വ്യക്തമായ ഒരു അപകടാവസ്ഥ സംജാതമാക്കുന്നു.

ഈ സംഭവവികാസങ്ങള്‍ സമകാലീന ഇന്ത്യയിലെ ശാസ്ത്രത്തിനും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ക്കും വ്യക്തമായ ഒരു അപകടാവസ്ഥ സംജാതമാക്കുന്നു – ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ യുക്തിചിന്തയും ശാസ്ത്രീയമായ കാഴ്ചപ്പാടും വളര്‍ത്തിയെടുക്കുന്നതിലും അന്താരാഷ്ട്രമര്യാദകള്‍ക്കിടയില്‍ രാജ്യത്തിന്റെ ഭാവിയ്ക്കും ഈ നാടിന്റെ ജനാധിപത്യത്തിനും എല്ലാത്തിനുമുപരി അതിലെ യുവാക്കളുടെ അഭിലാഷങ്ങള്‍ക്കും അത് ഭീഷണിയായിരിക്കുന്നു.

ഈ സിമ്പോസിയത്തിലും അതിനു മുമ്പും പിമ്പും ഹിന്ദുത്വവാദികള്‍ വിചിത്രവും അവിശ്വസനീയവുമായ ഒട്ടേറെ അവകാശവാദങ്ങളും അവ സ്ഥാപിച്ചെടുക്കാലുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ടല്ലോ. ബി.സി.6000 – 7000 വര്‍ഷക്കാലങ്ങളില്‍ തന്നെ പുരാതന വേദകാലത്തു് ഇന്ത്യ വിമാനനിര്‍മ്മാണത്തിനുള്ള കഴിവുകളും വൈദഗ്ദ്ധ്യവും നേടിയിരുന്നു എന്ന് അവര്‍ പറയുന്നു. ( മറ്റു ഗ്രഹങ്ങളിലേയ്ക്കുപോലും യാത്രചെയ്യാനുതകുന്ന വിമാനങ്ങളുണ്ടായിരുന്നു വെന്നാണ് ഇതിഹാസങ്ങളേയും പുരാണങ്ങളേയും മറ്റും ചൂണ്ടിക്കാട്ടി അവര്‍ പറയുന്നത്). കൃത്രിമ ഗര്‍ഭധാരണവും കോശകാണ്ഡ സാങ്കേതികവിദ്യ വഴിയുള്ള അവയവ നിര്‍മ്മാണവുമെല്ലാം അവര്‍ക്കു വശമായിരുന്നു എന്ന് മഹാഭാരതത്തിലെ കര്‍ണ്ണന്റെ ജനനവും ഗര്‍ഭപാത്രത്തിന് വെളിയില്‍ വച്ചുള്ള കൗരവരുടെ പിറവിയുമൊക്കെ ഉദാഹരണമാക്കി അവര്‍ ജല്പിക്കുന്നു. ഇതിനെല്ലാം അപ്പുറമാണ് ആനയുടെ തല മനുഷ്യശരീരത്തില്‍ വച്ചുചേര്‍ക്കുന്ന പ്ലാസ്റ്റിക് സര്‍ജ്ജറിയും പൗരാണികര്‍ക്ക് അറിയാമായിരുന്നു എന്ന് ഗണപതിയെ ചൂണ്ടിക്കാട്ടിയുള്ള പ്രധാനമന്ത്രിയുടെ കുപ്രസിദ്ധമായ അവകാശവാദവും.

മാദ്ധ്യമങ്ങളും ഒട്ടേറെ ശാസ്ത്രജ്ഞരും ഈ അവകാശവാദങ്ങളെ പുച്ഛിച്ചു തള്ളിയിട്ടുണ്ട് വികസനവും മദ്ധ്യവര്‍ഗ്ഗഅഭിലാഷങ്ങളും ആഗോളവിപണിയില്‍ ഇന്ത്യയെ മുന്നോട്ടു നയിക്കുമെന്നുള്ള പ്രഖ്യാപനങ്ങള്‍ മുന്നോട്ടു വയ്ക്കുമ്പോള്‍ തന്നെ അതോടൊപ്പം ഇത്തരം പൊള്ളത്തരങ്ങള്‍ വിളിച്ചുപറയുന്നതിനെ കളിയാക്കുന്നുമുണ്ട്. എന്നാല്‍ ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും ധാര്‍ഷ്ട്ര്യം നിറഞ്ഞ പ്രതികരണങ്ങള്‍ കാണുമ്പോള്‍ ഇതു വെറും നേരമ്പോക്കല്ല എന്ന് മനസ്സിലാകും. ഇന്ത്യ നേരിടുന്ന ദുര്യോഗം ഇവിടെ അവസാനിക്കുന്നില്ല, തുടങ്ങുന്നതേ ഉള്ളു.

വര: സതീഷ്

ഈ അവകാശവാദങ്ങളെല്ലാം തെറ്റാണെന്നു മാത്രമല്ല, ചരിത്രപരമായി നിലനില്പില്ലാത്തവയുമാണെന്നും ഈ വാദഗതികള്‍ ശാസ്ത്രത്തിന്റെ രീതിയേയും ചരിത്രാലേഖനതത്വങ്ങളെയും അനുസരിക്കാത്തവയാണെന്നും കാണിക്കുന്നതിനാണ് ഈ ലേഖനത്തില്‍ അവയെ ഞാന്‍ വിശദമായ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നത്. കൂടുതല്‍ പ്രാധാന്യമര്‍ഹിയ്ക്കുന്നത് ഈ ഹിന്ദുത്വവാദഗതികളും ആണയിടലുകളും ചിലരുടെ ചിന്താവിഹീനമായ പ്രസ്താവങ്ങളുമല്ല, മറിച്ച് അവ സംയോജിതമായ ആഖ്യാനങ്ങളും സംഘടിതമായ ഒരു കാര്യപരിപാടിയുമാണെന്നതാണ്. ഇതിന് പതിവില്‍ കവിഞ്ഞ പ്രാധാന്യമുണ്ട്, കാരണം നിലവിലുള്ള വിദ്യാഭ്യാസപദ്ധതിയും പാഠപുസ്തകങ്ങളും മാറ്റി എഴുതുവാനും രാജ്യത്തെ വിദ്യാഭ്യാസ – ഗവേഷണ സ്ഥാപനങ്ങളുടെ സ്വഭാവം തന്നെ മാറ്റിമറിയ്ക്കുന്നതിനുമുള്ള ഡിമാന്റ് ഹിന്ദുത്വവാദികളില്‍ നിന്ന് ഉണ്ടായിവരികയും ഘട്ടം ഘട്ടമായി ഇപ്പോഴത്തെ സര്‍ക്കാര്‍ അതിന് സമ്മതം മൂളുകയും ചെയ്യുകയാണ്.

വ്യക്തമായതും അതേസമയം പരസ്പരബന്ധിതവുമായ ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഈ ആഖ്യാനങ്ങളില്‍ തിരിച്ചറിയാനാകും.

ആദ്യത്തേത് പ്രാചീനതയേക്കുറിച്ചുള്ള അവകാശവാദമാണ്. വൈദികസംസ്കാരമാണ് ലോകത്ത് ഏറ്റവും പഴക്കമുള്ളതെന്നും ശാസ്ത്രസാങ്കേതികരംഗത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്ന അറിവ് മറ്റെല്ലാ സംസ്കാരങ്ങളേക്കാളും മുമ്പേ ഉണ്ടായിരുന്നതാണെന്നും മിക്ക രംഗങ്ങളിലെയും മുന്നേറ്റം മറ്റെവിടത്തേക്കാളും മുമ്പേ തന്നെ നാം നേടിയിരുന്നുവെന്നും ആണ് അവകാശവാദം. ഇതിനൊക്കെയുള്ള തെളിവുകള്‍ കിടക്കുന്നത് വേദങ്ങളുള്‍പ്പെടെയുള്ള സംസ്കൃതകൃതികളിലാണ്, പ്രത്യേകിച്ച് ഋഗ് വേദത്തില്‍. സിമ്പോസിയത്തിലവതരിപ്പിച്ച പേപ്പര്‍ പ്രകാരം അതാണ് ലോകത്തിലെ ഏറ്റവും ആദ്യത്തെ കൃതി.

രണ്ടാമതായി, പൗരാണികത്വം കാണിക്കുന്നതുപോലെ ഇതു തികച്ചും തദ്ദേശീയമായ വിജ്ഞാനനിര്‍മ്മിതിയാണ്. അങ്ങനെ അത് സ്വാഭാവികമായ ഹൈന്ദവ (അതായത് ഇന്ത്യന്‍ ) സംസ്കാരത്തിന്റെ വരിഷ്ടത ഉറപ്പാക്കുന്നു. ഒരു ഡോക്ടര്‍ കൂടിയായ ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പൂനെ സയന്‍സ് കോണ്‍ഗ്രസ്സില്‍ പറഞ്ഞത് പൈത്തഗോറസ് തിയറവും ആള്‍ജിബ്രയും പോലുള്ള ഇന്ത്യന്‍ കണ്ടുപിടുത്തങ്ങള്‍ എടുക്കുവാന്‍ ഗ്രീക്കുകാരേയും അറബികളേയും നാം ഔദാര്യപൂര്‍വ്വം അനുവദിച്ചു എന്നാണ്.

മൂന്നാമതായി, മറ്റു വിശ്വാസങ്ങളുള്ള വിദേശ മതങ്ങള്‍ കൊള്ളയടിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തിരുന്നില്ലെങ്കില്‍ ഈ വരിഷ്ഠത നാം നിലനിര്‍ത്തിപ്പോന്നേനെ; എന്നിരുന്നാലും ഹൈന്ദവസംസ്ക്കാരത്തിന്റെ ഈ മാഹാത്മ്യം ഉറപ്പിച്ചുപറഞ്ഞുകൊണ്ട് അധീശത്വം നമുക്ക് തിരികെ പിടിക്കാന്‍ കഴിയും. ഭാവിയില്‍ മഹത്വമാര്‍ജ്ജിയ്ക്കാന്‍ ഉള്ള ഒരു ചവിട്ടുപടിയായി പുതിയൊരു സാംസ്ക്കാരിക- ദേശീയ അഭിമാനം ഉപയോഗപ്പെടുത്താം.

നാലാമതായി, ഇന്ത്യയുടെ പൗരാണിക ശാസ്ത്രസാങ്കേതിക മികവിനെ വക്രീകരിച്ച, പടിഞ്ഞാറന്‍ കാഴ്ചപ്പാടുള്ള മതാതീത നിര്‍മ്മിതിയാണ് ഇന്ത്യയിലും പുറത്തുമുള്ള ചരിത്രപരവും ബൗദ്ധികവുമായ സമകാലീന ധാരണകള്‍. അത് ഇന്ത്യന്‍ സംസ്ക്കാരം ശാസ്ത്രത്തിനു നല്‍കിയ സംഭാവനകളെ കുറച്ചുകാണിക്കുന്നു. പടിഞ്ഞാറന്‍ ചായ് വുള്ള ഇടതുബുദ്ധിജീവികള്‍ ഇത് മനപ്പൂര്‍വ്വം രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഹിന്ദുത്വവാദികള്‍ ഉറച്ച് വിശ്വസിക്കുകയും അധികം വൈകാതെ ശക്തമായി നടപ്പാക്കാന്‍ പോകുകയും ചെയ്യുന്നത് തെളിവുകള്‍ ഇല്ലെങ്കില്‍ പോലും അവരുടെ അവകാശവാദങ്ങള്‍ സത്യമാണെന്നാണ്. ആധുനിക ശാസ്ത്രം ശാസ്ത്രീയമല്ല എന്നാണ് സിമ്പോസിയത്തില്‍ ഒരു പ്രാസംഗികന്‍ പറഞ്ഞത്. പകരം ഹിന്ദുത്വവാദികള്‍ പറയുന്നത് മുഖവിലയ്ക്കുതന്നെ സ്വീകരിച്ചുകൊള്ളണം, കാരണം വിശുദ്ധഗ്രന്ഥളുടെ പിന്‍ബലത്തോടെയാണ് തങ്ങള്‍ അങ്ങനെ പറയുന്നത്.

ഒടുവില്‍ പറഞ്ഞ രണ്ടുകാര്യങ്ങള്‍ അവതരിപ്പിക്കുന്നത് ഉപകഥകളായിട്ടു മാത്രമാണ്. ആശയപരമായ കടന്നാക്രമണമെന്ന രീതിയിലുള്ള ഒരു കൂട്ടിച്ചേര്‍ക്കല്‍ വരാനിരിക്കുന്നതേ ഉള്ളു എന്നാണ് എനിയ്ക്ക് തോന്നുന്നത്.

പുരാതനത്വത്തിന്റെ അവകാശവാദം ചരിത്രപരമായി നിലനില്‍ക്കാത്തതാണെന്ന് തെളിയിക്കാം. ഹിന്ദുത്വ ആഖ്യാനങ്ങളുടെ പ്രധാന ഉരകല്ലായി വേദങ്ങളും സംസ്കൃത ഗ്രന്ഥങ്ങളും പൊക്കിപ്പിടിക്കുന്നവര്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മറ്റ് അറിവുകളെ മൂടി വയ്ക്കുന്നു. ജൈനരുടെയും ബുദ്ധമതത്തിന്റെയും സുപ്രധാനമായ സംഭാവനകളെ അവര്‍ അവഗണിക്കുന്നു. പാലിയിലും പ്രാകൃത് ലിപിയിലും രചിയ്ക്കപ്പെട്ട പണ്ഡിതോചിതമായ അവ വ്യത്യസ്ത കാഴചപ്പാടുകള്‍ ഉള്ളവയാണ്. മെസപ്പൊട്ടേമിയന്‍- ബാബിലോണിയന്‍, ഗ്രീക്ക്, റോമന്‍, അറബിക്-പേഴ്സ്യന്‍ , ചൈനീസ് തുടങ്ങിയ സംസ്കാരങ്ങള്‍ ശാസ്ത്രത്തെ വളരെയേറെ പുഷ്ടിപ്പെടുത്തുകയും അറിവിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പുരാതനത്വവാദം പഴയ കഥയാണ്. ഒന്നര നൂറ്റാണ്ടുകാലം മുമ്പ് ആരംഭിച്ച ദേശീയ പ്രസ്ഥാനം ആണ് അതിന്റെ തുടക്കം. കൊളോണിയല്‍ ഭരണത്തിനെതിരായ സമരത്തില്‍ ഇന്ത്യയുടെ പൗരാണികമായ അറിവുകളും നേട്ടങ്ങളും തുറന്നുകാണിയ്ക്കുന്നത് ആവശ്യമായിരുന്നു. എന്നാല്‍ അവ പാശ്ചാത്യരുടെ ശ്രദ്ധയില്‍ വന്നത് ഒട്ടേറെ വ്യാജ അവകാശവാദങ്ങള്‍ക്കും സാമൂഹ്യ ശാസ്ത്രജ്ഞരുടെ ഭാഷയില്‍ പറഞ്ഞാല്‍ പ്രാചീനവല്‍ക്കരണ ശ്രമങ്ങള്‍ക്കും കാരണമായി.

ഇന്ത്യയിലേയും മറ്റുരാജ്യങ്ങളിലേയും പണ്ഡിതലോകം പുരാതന ഇന്ത്യയിലെ ശാസ്ത്രത്തെ പുറത്തുകൊണ്ടുവരികയും ചര്‍ച്ചചെയ്യുകയുമുണ്ടായിട്ടുണ്ട്. ഹിന്ദുത്വവാദികള്‍ അത് “കണ്ടുപിടിച്ചു” എന്നു പറയുന്നത് കൊളംബസ് അമേരിക്കയെ “കണ്ടുപിടിച്ചു” എന്നു പറയുന്നതുപോലെ കളവാണ്.

ഇന്ത്യയുടെ യഥാര്‍ത്ഥ നേട്ടങ്ങള്‍ വളരെ മഹത്തരവും വ്യാപകമായി അംഗീകരിക്കപ്പെട്ടതും ആകയാല്‍ പുരാതന ഇന്ത്യയിലെ അറിവിനെ കണ്ടുപിടിക്കുകയോ അതിന് അയഥാര്‍ത്ഥമായ കാലപ്പഴക്കം ചാര്‍ത്തിക്കൊടുക്കുകയോ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയോ ചെയ്യേണ്ടകാര്യമില്ല. ദശാബ്ദങ്ങള്‍ക്കു മുമ്പുതന്നെയുള്ള ഡി.ഡി.കൊസാമ്പി, ഡി.പി.ചതോപാദ്ധ്യായ ജെ.ഡി.ബര്‍ണാല്‍ ജോസഫ് നീധാം എന്നിവരുടെ കൃതികളും ശാസ്ത്രത്തിലും ചരിത്രത്തിലും പ്രാവീണ്യമുള്ള സമകാലീന എഴുത്തുകാരായ ടി.ഐ.എഫ്.ആറിലെ എസ്.ജി. ദനി, യു.എസ്.എ. യിലെ കിം പ്ലോഫ്കര്‍ എന്നിവരുടെ ഗൗരവപൂര്‍ണ്ണമായ അക്കാദമിക കൃതികളും അര്‍ത്ഥമാക്കുന്നത് സ്വദേശീയവും മറ്റു സംസ്ക്കാരങ്ങളില്‍ നിന്നുമുള്ള നന്മയെ സ്വാംശീകരിച്ചുള്ളതുമായ പഴയകാല നേട്ടങ്ങള്‍ ഇപ്പോള്‍ ഏറെ അറിയപ്പെടുന്നതും അന്തര്‍ദ്ദേശീയമായി അഭിന്ദിക്കപ്പെടുന്നതുമാണ് എന്നാണ്.

എന്നാല്‍ ഈ കൃതികളെല്ലാം അനേകം ശ്രോതസ്സുകളില്‍ നിന്നുമുള്ള ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതും കര്‍ക്കശമായി തിട്ടപ്പെടുത്തിയതും മെച്ചപ്പെടുത്തലിനും തിരുത്തലുകള്‍ക്കുമായി തുല്യരായ പണ്ഡിതരുടെ പരിശോധനകള്‍ക്ക് നല്‍കപ്പെടുകയും ചെയ്തശേഷമാണ് എഴുതപ്പെട്ടത്. കാരണം ഗവേഷണമെന്നത് അങ്ങിനെയാണല്ലോ നടക്കേണ്ടത്. ഒരു അധികാരിയും അനിഷേദ്ധ്യമല്ല, ഒരു വാക്കും അവസാനവാക്കല്ല. കാരണം കൂടുതല്‍ മെച്ചപ്പെട്ടത് അടുത്ത മൂലയിലുണ്ടാകാം. ശാസ്ത്രത്തിന്റെ രീതികള്‍ സാര്‍വ്വലൗകികമാണ്, ശാസ്ത്രവും അങ്ങിനെ തന്നെ. ഹിന്ദുത്വവാദികളുടെ ആഖ്യാനങ്ങളിലെ തെറ്റിനെ മാത്രം കേന്ദ്രീകരിച്ചാല്‍ മാത്രമാകില്ല, ഈ അവകാശവാദങ്ങള്‍ എന്തുകൊണ്ട് തെറ്റാണെന്നതും അറിവിന്റെയും പ്രത്യേകിച്ച് ശാസ്ത്രത്തിന്റെയും വളര്‍ച്ചയ്ക്ക് വിമര്‍ശനാല്മകമായ ചിന്ത എന്തുകൊണ്ട് സുപ്രധാനമാകുന്നുവെന്നും മനസ്സിലാക്കണം. അന്ധമായ വിശ്വാസവും അധികാരികളെ അന്ധമായി അംഗീകരിക്കുന്നതും നമ്മളെ ഇരുട്ടില്‍ തപ്പുന്നവരാക്കും.


1.കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സംസ്ഥാന പ്രവര്‍ത്തകസംഗമത്തിന്റെ ഉദ്ഘാടന പ്രസംഗത്തിന്റെ സംഗ്രഹം, വിവ- ജി.ഗോപിനാഥന്‍

2. പോസ്റ്ററുകള്‍ക്ക് കടപ്പാട് : റാലി ഫോര്‍ സയന്‍സ് ഫേസ്ബുക്ക്  പേജ്

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ശാസ്ത്രം, ചരിത്രം, ഐതിഹ്യം – ഹിന്ദുത്വത്തിന്റെ കണ്ടെത്തല്‍

  1. ശാസ്ത്ര പ്രധിഭകൾ വേണ്ട രീതിയിൽ പ്രതികരിക്കാതിരുന്നത് ഉൾകൊള്ളാൻ കഴിയുന്നില്ല

Leave a Reply

Previous post ശാസ്ത്രം കെട്ടുകഥയല്ല
Next post ഭാരതീയ ശാസ്ത്ര പാരമ്പര്യം: മിത്തും യാഥാര്‍ഥ്യവും
Close