മസ്‌തിഷ്‌കം
കേന്ദ്രനാഡീവ്യൂഹത്തിന്റെ ശീര്‍ഷഭാഗം. കശേരുകികളില്‍ ഇത് കപാലത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നു. സംവേദക ആവേഗങ്ങളെ അപഗ്രഥിക്കുകയും മാംസപേശികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ഈ ഭാഗമാണ്. ഉയര്‍ന്ന തരം കശേരുകികളില്‍ വികാരം, ചിന്ത ഇവയുടെയെല്ലാം ആസ്ഥാനവും ഇതാണ്. പല അകശേരുകികളുടെയും തലയിലുള്ള നാഡീവ്യൂഹത്തെയും ഇങ്ങനെ വിളിക്കും. മറ്റു സസ്‌തനികളെ അപേക്ഷിച്ച് മനുഷ്യ മസ്‌തിഷ്‌കത്തില്‍ സെറിബ്രല്‍ അര്‍ധഗോളങ്ങള്‍ പൂര്‍വാധികം വികസിച്ചിരിക്കുന്നതായി കാണാം. ഫ്രാണ്‍ടല്‍, പരൈറ്റല്‍, ഓക്‌സിപിറ്റല്‍ എന്നീ ദളങ്ങള്‍ അതിന്റെ ഭാഗങ്ങളാണ്.