Read Time:27 Minute

പ്രൊഫ. വി.വിജയകുമാര്‍

നമ്മുടെ ശാസ്ത്രാവബോധം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ ശാസ്ത്രത്തിന്നുള്ളിലല്ല, മറിച്ച് നമ്മുടെ സാമൂഹികഘടനയിലായിരിക്കണം അന്വേഷിക്കേണ്ടത്. ശാസ്ത്രത്തിന്റെ സത്തയെ ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയുന്നില്ലെന്ന കാര്യത്തിന് നമ്മുടെ ശാസ്ത്രവിദ്യാഭ്യാസത്തിന്റെ ഘടനയും രീതിയും പ്രധാനപങ്കു വഹിക്കുന്നുണ്ട്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഏറെയും ശാസ്ത്രമോ, ശാസ്ത്രസാങ്കേതികവിദ്യയോ പഠിക്കുന്നവരാണ്. കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി ശാസ്ത്രപഠനത്തിന്റെ മേഖലയില്‍ വളരെ വലിയ വികസനം ആണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അമ്പതു വര്‍ഷക്കാലത്തിലേറെയായി കേരളത്തില്‍ ജനകീയശാസ്ത്രപ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആധുനികശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും നേട്ടങ്ങള്‍ വിവിധ ഉപഭോഗവസ്തുക്കളുടെ രൂപത്തില്‍ കേരളീയ മദ്ധ്യവര്‍ഗ്ഗജീവിതത്തിലെങ്കിലും ശക്തമായി ഇടപെടുന്നുമുണ്ട്. എങ്കിലും, ശാസ്ത്രസംസ്‌ക്കാരമോ ശാസ്ത്രാവബോധമോ മലയാളിജീവിതത്തിന്റെ ഭാഗമായിട്ടുണ്ടെന്നു പറയാനാകില്ല. ശാസ്ത്രാവബോധം നമ്മുടെ ഒരു പ്രവര്‍ത്തനത്തേയും നയിക്കാതാകുന്ന സ്ഥിതിയിലേക്കു നീങ്ങുകയാണെന്നു തന്നെ പറയണം. ശാസ്ത്രത്തിനു വേണ്ടി വാദിക്കുന്നവര്‍ പോലും ശാസ്ത്രീയതയിലോ ശാസ്ത്രത്തിന്റെ യുക്തിയിലോ നിന്നുകൊണ്ടല്ല ശാസ്ത്രവ്യവഹാരങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്നും കാണേണ്ടതാണ്. യുക്തിവാദത്തിന്റെയോ ശാസ്ത്രപ്രചരണത്തിന്റെയോ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശാസ്ത്രത്തെ കേവലസത്യമായി അവതരിപ്പിക്കുന്ന സ്ഥിതി വ്യാപകമാണ്. ശാസ്ത്രസിദ്ധാന്തങ്ങളെ കേവലസത്യങ്ങളായി കാണുന്ന സമീപനം തന്നെ ശാസ്ത്രീയമല്ലല്ലോ? ഈ സമീപനത്തില്‍ നില്‍ക്കുന്നവര്‍ മതാത്മകതയുടെയോ സത്യാത്മകതയുടെയോ വീക്ഷണങ്ങളെ ശാസ്ത്രത്തിനു കൂടി ബാധകമാക്കുകയാണ്. ഇവര്‍ സത്യവേദപുസ്തകത്തിനു പകരം ശാസ്ത്രപുസ്തകം വെയ്ക്കുന്നു. രണ്ടിനും തമ്മില്‍ വലിയ ഭേദങ്ങളില്ല. സത്യമെഴുതിയ പുസ്തകങ്ങള്‍. ഏതാണ് സത്യം എന്ന തര്‍ക്കം മാത്രം ബാക്കിയാകുന്നു. മതത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത വ്യവഹാരമായി ശാസ്ത്രം മാറുന്നു. ജനങ്ങള്‍ക്കിടയിലെ ശാസ്ത്രവ്യവഹാരങ്ങളില്‍ നിലനില്‍ക്കുന്ന മതാത്മകയുക്തിയെയാണ് ഇതു കാണിക്കുന്നത്. ശാസ്ത്രത്തെ സത്യമായി കാണുന്നവര്‍, ശാസ്ത്രത്തിന്റെ സന്ദേഹിക്കാനുള്ള ശേഷിയേയും അനിശ്ചിതമായ നില്‍പ്പിനേയും നിരന്തരം നവീകരിക്കാനുള്ള ത്വരയേയും ചിരവികസ്വരക്ഷമതയേയും നിഷേധിക്കുന്നു.

നമ്മുടെ ശാസ്ത്രാവബോധം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ ശാസ്ത്രത്തിന്നുള്ളിലല്ല, മറിച്ച് നമ്മുടെ സാമൂഹികഘടനയിലായിരിക്കണം അന്വേഷിക്കേണ്ടത്. ശാസ്ത്രത്തിന്റെ സത്തയെ ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയുന്നില്ലെന്ന കാര്യത്തിന് നമ്മുടെ ശാസ്ത്രവിദ്യാഭ്യാസത്തിന്റെ ഘടനയും രീതിയും പ്രധാനപങ്കു വഹിക്കുന്നുണ്ട്. ബോധനമാധ്യമത്തിന്റെ പ്രശ്‌നം പ്രധാനമായി വരുന്നതും ഇവിടെയാണ്. തങ്ങള്‍ക്ക് അന്യമായ ഒരു ഭാഷയിലെ ഗണങ്ങളും സാങ്കേതികപദങ്ങളും നിര്‍വ്വചനങ്ങളും കൊണ്ട് ചിന്തിക്കേണ്ടി വരുന്നവര്‍, പഠിക്കുന്ന വിഷയങ്ങളുടെ സംപ്രത്യയപരമായ(Conceptual) അടിസ്ഥാനങ്ങളെ ഗ്രഹിക്കാന്‍ കഴിയാത്തവരാകുന്നു.

ശാസ്ത്രവിദ്യാര്‍ത്ഥിക്ക് ശാസ്ത്രബോധം അന്യമാകുന്നതില്‍ ബോധനമാദ്ധ്യമം വലിയൊരു പങ്കു വഹിക്കുന്നുണ്ട്. ശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരിലേറെയും ശാസ്ത്രവ്യവഹാരങ്ങളുടെ ചരിത്രത്തേയും ദര്‍ശനത്തേയും കുറിച്ചു സംസാരിക്കാന്‍ താല്‍പ്പര്യമുള്ളവരല്ല. പലരും ഈ മേഖലകളെ കുറിച്ചു ചിന്തിക്കുന്നവരല്ല.
പാഠപുസ്തകങ്ങളില്‍ എഴുതി വച്ചിരിക്കുന്നവയെ കരിക്കുലത്തിന്നനുസരണം അവതരിപ്പിക്കുന്നതിലേറെ ഒന്നും തന്നെ നമ്മുടെ ക്ലാസ് മുറികളില്‍ സംഭവിക്കുന്നില്ല. ശാസ്ത്രബോധനമാദ്ധ്യമത്തെ കുറിച്ച് നമ്മുടെ അദ്ധ്യാപകര്‍ പുലര്‍ത്തുന്ന സമീപനവും ഉപേക്ഷയും വലിയ വിമര്‍ശത്തിനു വിധേയമാകേണ്ടതുണ്ട്. കേരളത്തിലെ സര്‍വകലാശാലകളിലേയും കലാലയങ്ങളിലേയും അദ്ധ്യാപകരോട് ശാസ്ത്രവിഷയങ്ങളുടേയും മാനവികശാസ്ത്രവിഷയങ്ങളുടേയും ബോധനമാദ്ധ്യമം മാതൃഭാഷയായ മലയാളമാക്കി മാറ്റുന്നതിനെ കുറിച്ച് ചോദിച്ചു നോക്കുക! വൈജ്ഞാനികവിഷയങ്ങളുടെ പഠനത്തിന് മലയാളം സമര്‍ത്ഥമായ ഒരു ഭാഷയല്ലെന്ന അഭിപ്രായമായിരിക്കും ഭൂരിഭാഗം പേരും നല്കുക. വൈജ്ഞാനികവിഷയങ്ങളുടെ പഠനത്തിന്നാവശ്യമായ സാങ്കേതികപദങ്ങളും മറ്റും മലയാളത്തിലില്ലെന്ന ന്യായീകരണം അവര്‍ പറയുന്നതും കേള്‍ക്കാം. ആംഗലഭാഷയില്‍ ഉപയോഗത്തിലുള്ള ഏതെങ്കിലും ഒരു സാങ്കേതികപദം എടുത്തു പറഞ്ഞ് ഇതിനോടു യോജിക്കുന്ന മലയാളപദം ഏതെന്ന് അവര്‍ ചോദിച്ചേക്കും. മലയാളഭാഷയിലെ ചില സാങ്കേതികപദങ്ങളെ എടുത്തുകാണിച്ച് അത് എത്രമാത്രം വിലക്ഷണമാണെന്ന് പറയും. എന്നാല്‍, എന്താണ് യഥാര്‍ത്ഥസ്ഥിതി? ഭാഷാപഠനത്തിലെ ഗൗരവമില്ലായ്മ നമ്മുടെ വിദ്യാര്‍ത്ഥികളെ മാത്രമല്ല, അദ്ധ്യാപകരേയും ഒരു ഭാഷയും നന്നായി കൈകാര്യം ചെയ്യാന്‍  കഴിവില്ലാത്തവരാക്കി മാറ്റിയിട്ടുണ്ട്. പഠിപ്പിക്കുന്ന വിഷയങ്ങള്‍ ഏതെങ്കിലും ഒരു മാനകഭാഷയില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്ന സ്ഥിതിയുണ്ട്. ഈ സ്ഥിതിയില്‍, പഠിച്ച കാര്യങ്ങള്‍ ഏതെങ്കിലും ഒരു ഭാഷയില്‍ ശരിയായ രീതിയില്‍ രേഖപ്പെടുത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കു കഴിയാത്തതില്‍ അത്ഭുതമില്ലല്ലോ?


കാര്യങ്ങളെ ശരിയായി ഗ്രഹിക്കുന്നതിന് ചിന്തിക്കുന്ന ഭാഷയും വിനിമയഭാഷയും ഒന്നായിരിക്കുന്നതും മാതൃഭാഷയില്‍ പഠിക്കുന്നതുമാണ് ഉചിതമെന്ന ധാരണ അന്താരാഷ്ട്രതലത്തില്‍ തന്നെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ആശയങ്ങളെ നമ്മുടെ വിദ്യാഭ്യാസപരിഷ്‌ക്കര്‍ത്താക്കളും അദ്ധ്യാപകരും അറിഞ്ഞതായി ഭാവിക്കുന്നില്ല.
മാതൃഭാഷ ജ്ഞാനിമപരമായ(epistemi)മേല്‍ക്കോയ്മയുള്ളതാണെന്ന സമീപനത്തില്‍ നിന്നുകൊണ്ടല്ല ഇവിടെ ഇക്കാര്യം പറയുന്നത്. അതില്‍ സത്താവാദപരമായ സമഗ്രാധിപത്യസ്വഭാവത്തിന്റെ ലാഞ്ഛനകളുണ്ട്. എന്നാല്‍, മാതൃഭാഷയ്ക്കു വേണ്ടി വാദിക്കുന്നതിലൂടെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ലഭ്യമാകേണ്ട ജനാധിപത്യാവകാശങ്ങളെ കുറിച്ചുള്ള ആശയം പ്രധാനമായിരിക്കുന്നു. എല്ലാ ജനവിഭാഗങ്ങളിലും വിജ്ഞാനമെത്തുന്നതിന് മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണ് അഭികാമ്യം.  മനുഷ്യാവകാശത്തെ കുറിച്ചുള്ള ഉന്നതമായ സങ്കല്‍പ്പനങ്ങളെ മാതൃഭാഷയ്ക്കു വേണ്ടി വാദിക്കുന്നവര്‍ കൂട്ടുപിടിക്കണം. പൊതുവിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തന്നെ അദ്ധ്യയനമാധ്യമം മലയാളത്തില്‍ നിന്നും മാറി ഇംഗ്ലീഷായി തീരുന്ന സ്ഥിതിയാണുള്ളത്. ഇത് രൂക്ഷമായ പ്രശ്‌നങ്ങള്‍ തന്നെ സൃഷ്ടിച്ചേക്കും. മലയാളഭാഷയിലെ വ്യവഹാരങ്ങള്‍ ഇടിയുകയും അതില്‍ ഇടപെടുന്നവരുടെ എണ്ണം കുറയുകയും ഭാഷ നാശത്തിലേക്കു നീങ്ങുകയും ചെയ്‌തേക്കാം. അതിലുപരി, വിജ്ഞാനം ശരിയായി ഗ്രഹിക്കുകയും പുതിയ ജ്ഞാനം ഉല്‍പ്പാദിപ്പിക്കുകയും വൈജ്ഞാനികവ്യവഹാരങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരുടെ  എണ്ണത്തിലും വലിയ ഇടിവുണ്ടാകും. നമ്മുടെ ദേശത്തിന്റെ ധൈഷണിക, ഭാവനാത്മകമേഖലകള്‍ വലിയ അപചയത്തിനു വിധേയമായേക്കാം.


വിദ്യാഭ്യാസത്തോടും വിജ്ഞാനത്തോടും കേരളത്തിലെ മദ്ധ്യവര്‍ഗ്ഗം പുലര്‍ത്തുന്ന ഒട്ടും ആശാസ്യമല്ലാത്ത സമീപനമാണ് ഈ വലിയ പ്രതിസന്ധിക്കു കാരണമാകുന്നത്. വിദ്യാഭ്യാസത്തെ  വിജ്ഞാനം ആര്‍ജിക്കുന്നതിനും അതിന്റെ ആഖ്യാനത്തിലൂടേയും വിമര്‍ശത്തിലൂടേയും എത്തിച്ചേരേണ്ട ലോകാവബോധത്തിനും ഉതകുന്ന മാര്‍ഗ്ഗമായി കേരളത്തിലെ മദ്ധ്യവര്‍ഗ്ഗം ഉള്‍ക്കൊള്ളുന്നില്ല. വിദ്യാഭ്യാസകാലത്ത് ഉയര്‍ന്ന മാര്‍ക്കു നേടുന്നതിനും വിദ്യാഭ്യാസാനന്തരം ഉയര്‍ന്ന വേതനമുള്ള ജോലി കിട്ടുന്നതിനുമുള്ള മാര്‍ഗ്ഗമായിട്ടു മാത്രമാണ് കേരളത്തിലെ മദ്ധ്യവര്‍ഗ്ഗം വിദ്യാഭ്യാസത്തെ കാണുന്നത്. അതുകൊണ്ട്, കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ വിദ്യയെ അര്‍ത്ഥിക്കുന്നവരല്ല: മറിച്ച്, മാര്‍ക്കര്‍ത്ഥികളോ ഉയര്‍ന്ന വേതനാര്‍ത്ഥികളോ മാത്രമാണ്. മുതലാളിത്തത്തിന്റെ അത്യന്തം ഉപയോഗമാത്രവാദപരമായ സമീപനമാണ് കേരളത്തിലെ വിദ്യാഭ്യാസമണ്ഡലത്തില്‍ നമുക്കു കാണാന്‍ കഴിയുക! പുതിയ വിജ്ഞാനത്തിന്റെ ഉല്‍പ്പാദനത്തിനോ അതുവഴി ഉണ്ടാകുന്ന സാമൂഹികനേട്ടങ്ങള്‍ക്കോ കേരളത്തിലെ ഉപരിമദ്ധ്യവര്‍ഗ്ഗം തല്‍പ്പരരാകുന്നില്ല. വിദ്യാഭ്യാസക്കച്ചവടത്തിലും നാണ്യവിളകൃഷിയിലും പണമിടപാടുകളിലും മറ്റും താല്‍പ്പര്യം കാണിക്കുന്ന ഇവര്‍ക്ക് വിദ്യാഭ്യാസരംഗം തന്നെ പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗ്ഗമാണ്. സേവനമേഖലകളെ ലാഭാധിഷ്ഠിതമായ പുന:സംഘടിപ്പിക്കുന്ന നവലിബറല്‍ നയങ്ങള്‍ ഈ വര്‍ഗ്ഗത്തിനു ത്വരകമാകുന്നു. കേരളത്തിലെ സര്‍വ്വകലാശാലകളിലും കലാലയങ്ങളിലും മറ്റും വിജ്ഞാനോല്‍പ്പാദനം നടക്കുന്നില്ലെന്നു മാത്രമല്ല, ഇവിടെ അദ്ധ്യാപനവൃത്തി ഒരു ദൂഷിതവലയത്തെ സ്ഥിരമായി നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗം മാത്രമായി മാറിത്തീരുകയുമാണ്. മൗലികമായ ചിന്തയേയോ പ്രവൃത്തിയേയോ സൃഷ്ടിക്കാന്‍ കഴിവില്ലാത്ത, നീചമായ അവസ്ഥയെ പുനരുല്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ദൂഷിതവലയത്തിന്റെ നിര്‍മ്മാണത്തില്‍ വരേണ്യവല്ക്കരണവും സ്വകാര്യവല്ക്കരണവും എന്നതുപോലെ ബോധനമാധ്യമവും വഹിക്കുന്ന പങ്ക് വലുതാണ്. അധിനിവേശഭാഷയോടുള്ള ദാസ്യമനോഭാവം ഇതോടൊപ്പം കൂട്ടിവയ്ക്കണം. 

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പോലുള്ള വിഷയങ്ങള്‍ കലാലയതലത്തില്‍ പോലും പഠനവിഷയമാകുന്നതിനു കേരളത്തിലെ മദ്ധ്യവര്‍ഗ്ഗത്തിന്റെ ഈ മനോഭാവം കാരണമാകുന്നുണ്ട്. ഇത്തരം പുത്തന്‍ പഠനവിഷയങ്ങള്‍ ഉപഭോഗവസ്തുക്കളെ കുറിച്ചു സംസാരിക്കുന്നതിനും പരസ്യങ്ങള്‍ വായിക്കുന്നതിനും ശേഷി നല്കുന്ന മാധ്യമം മാത്രമായി ഭാഷയെ ചുരുക്കിയെടുത്തിട്ടുണ്ട്.
ഇത്തരം പ്രവണതകള്‍ ആഗോളീകരണത്തിന്റേയും പുത്തന്‍ അധിനിവേശത്തിന്റേയും കോര്‍പ്പറേറ്റ് മൂലധനശക്തികളുടേയും താല്പര്യങ്ങള്‍ക്ക് അനുലോമമാണ്. കോര്‍പ്പറേറ്റുകളുടെ ഉല്പന്നങ്ങള്‍ക്ക് വിപണി ഉറപ്പിക്കാന്‍ ആംഗലത്തില്‍ പേശുന്ന ഏജന്റുമാരും തങ്ങളുടെ ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ കണ്ടും വായിച്ചും അതിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഉപഭോക്താക്കളും മതിയാകും, അല്ലാതെ ഭാഷയെ സര്‍ഗാത്മകമായി കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ ആവശ്യമില്ല എന്നാണവരുടെ ചിന്ത.

ആധുനികവൈജ്ഞാനികവ്യവഹാരങ്ങളുടെ സങ്കീര്‍ണ്ണതകള്‍ മലയാളഭാഷക്കു വഴങ്ങാത്തതാണെന്ന നിലപാട് എത്രമാത്രം യാഥാര്‍ത്ഥ്യത്തോട് അടുത്തുനില്ക്കുന്നതാണ്? ആംഗലഭാഷയില്‍ ശാസ്ത്രപുസ്തകങ്ങള്‍ എഴുതപ്പെടുന്നതിനും എത്രയോ മുന്നേ കലനത്തിന്റേയും ത്രികോണമിതിയുടേയും ഗണിതശാസ്ത്രനിയമങ്ങളെ വിശദീകരിക്കുന്ന മലയാളശാസ്ത്രപുസ്തകം; ജ്യേഷ്ഠദേവന്റെ യുക്തിഭാഷ, പ്രസിദ്ധീകൃതമായിരുന്നുവെന്നോര്‍ക്കുക! കാള്‍ക്കുലസ് ആദ്യമായി കണ്ടെത്തിയത് ആരാണ് എന്നതിനെ ചൊല്ലി, യൂറോപ്പില്‍ ലെബനിത്‌സും ന്യൂട്ടനും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളും തര്‍ക്കങ്ങളും നടക്കുന്നതിനു മുന്നൂറോളം വര്‍ഷങ്ങള്‍ക്കു മുമ്പ് സംഗമഗ്രാമമാധവന്‍ എന്ന കേരളീയന്‍ ഈ ഗണിതശാസ്ത്രശാഖയുടെ അടിസ്ഥാനപ്രമാണങ്ങള്‍ ആവിഷ്‌ക്കരിച്ചിരുന്നു. ഈ ആവിഷ്‌ക്കാരങ്ങളെ ഏറ്റവും സമര്‍ത്ഥമായി ക്രോഡീകരിച്ചവതരിപ്പിച്ച പുസ്തകമായ യുക്തിഭാഷ മലയാളഭാഷയിലാണ് എഴുതപ്പെട്ടതെന്ന കാര്യം നമ്മുടെ ചര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ടതാണ്. പണ്ഡിതഭാഷയായ സംസ്‌കൃതത്തെ ഉപേക്ഷിച്ച് മലയാളത്തില്‍ രചിക്കപ്പെട്ടു എന്നതോടൊപ്പം പദ്യത്തിലല്ല, ഗദ്യത്തിലാണ് അവ രചിക്കപ്പെട്ടതെന്നു കൂടി അറിയണം. 1520നും 1550നുമിടക്കായിരിക്കണം യുക്തിഭാഷ രചിക്കപ്പെട്ടതെന്നു കരുതണം. മനുഷ്യാലയചന്ദ്രിക എന്ന വാസ്തുവിദ്യാസംബന്ധിയായ പുസ്തകം രചിച്ച തിരുമംഗലത്ത് നീലകണ്ഠന്‍ ജ്യേഷ്ഠദേവന്റെ സമകാലികനായിരുന്നുവെന്നു കരുതപ്പെടുന്നു. ‘ദൃക്കരണ’യെന്ന പേരില്‍ ജ്യോതിശാസ്ത്രസംബന്ധിയായ ഒരു പുസ്തകവും ജ്യേഷ്ഠദേവന്‍ രചിച്ചിരുന്നതായി സി.എം. വിഷ് രേഖപ്പെടുത്തുണ്ട്. കേരള ഗണിതശാസ്ത്രവിദ്യാപീഠത്തിന്റെ അവസാനത്തെ ശാസ്ത്രജ്ഞനെന്നു കരുതാവുന്ന ശങ്കരശര്‍മ്മയെ സി.എം. വിഷ് കാണുന്നുണ്ട്. സദ്‌രത്‌നമാല എന്ന കൃതി ശങ്കരശര്‍മ്മ രചിച്ചതാണ്. വിഷിന്റെ പ്രബന്ധം പ്രസിദ്ധീകരിച്ചതിനു ശേഷം ആറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് ശങ്കരശര്‍മ്മ നിര്യാതനാകുന്നത്. കേരളത്തിലെത്തിയ ജസ്യൂട്ട് പാതിരിമാരിലൂടെയോ അവരോടൊപ്പമുണ്ടായിരുന്നവരിലൂടെയോ കേരളത്തിന്റെ ഗണിതം യൂറോപ്പിലേക്ക് പ്രചരിച്ചിട്ടുണ്ടാകാമെന്നു കരുതപ്പെടുന്നു. കേരളീയനായ ഗണിതശാസ്ത്രജ്ഞന്‍ ജോര്‍ജ് ഗീവര്‍ഗീസിന്റേയും മറ്റും പഠനങ്ങള്‍ ഈ കാര്യത്തിലേക്കു വിരല്‍ ചൂണ്ടുന്നതാണ്. കലനത്തിന്റെ സിദ്ധാന്തങ്ങളായിട്ടല്ല, പ്രായോഗികപ്രവര്‍ത്തനങ്ങളുടെയും ഗണിതക്രിയകളുടെയും രൂപത്തിലായിരിക്കണം ഇത് യൂറോപ്പിലെത്തിയതെന്നും കരുതുന്നവരുണ്ട്. യൂറോപ്പില്‍ കാല്‍ക്കുലസിന്റെ ആദ്യപാഠങ്ങള്‍ നിര്‍മ്മിച്ച  ഫെര്‍മെ, റോബര്‍വാല്‍, സാവലേരി എന്നിവരുടെ ജന്മവര്‍ഷങ്ങള്‍ ജ്യേഷ്ഠദേവന്റെ പുസ്തകത്തിനു ശേഷം അമ്പതു വര്‍ഷങ്ങള്‍ക്കുള്ളിലാണ്. ഗ്രിഗോറിയന്‍ കലണ്ടറിന്റെ രൂപീകരണത്തിലും സംഗമഗ്രാമമാധവന്റെ ഗണിതം സഹായിച്ചിട്ടുണ്ടാകാമെന്നു കരുതപ്പെടുന്നു.
ഇതോടൊപ്പം ചേര്‍ത്തു കാണേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്.  ലൂഥര്‍ ജര്‍മ്മനിയിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നതുവരെ ജര്‍മ്മന്‍ ഭാഷയ്ക്ക് ഒരു പുസ്തകഭാഷ ഉണ്ടായിരുന്നില്ല. ഇമ്മാനുവേല്‍ കാന്റിന്റേതാണ് ജര്‍മ്മനിയിലെ ആദ്യത്തെ ശാസ്ത്രപുസ്തകം. ലാറ്റിനില്‍ പഠിച്ചിരുന്ന ഐസക് ന്യൂട്ടനാണ് ഇംഗ്ലീഷില്‍ ആദ്യമായി ഒരു ശാസ്ത്രകൃതി രചിച്ചത്. ഒപ്ടിക്‌സ് എന്ന കൃതിയാണത്.[box type=”info” align=”” class=”” width=””]ന്യൂട്ടന്റെ പ്രസിദ്ധ കൃതിയായ പ്രിന്‍സിപ്പിയ ലാറ്റിന്‍ ഭാഷയിലാണ് എഴുതപ്പെട്ടത്. ന്യൂട്ടണ്‍ ജീവിച്ചിരുന്ന കാലത്തു പോലും ഇംഗ്ലണ്ടില്‍ പണ്ഡിതഭാഷയായി അംഗീകരിക്കപ്പെട്ടിരുന്നത് ലാറ്റിനായിരുന്നുവെന്ന് ഓര്‍ക്കുക! [/box] കൽക്കത്ത പ്രസിഡന്‍സി കോളേജില്‍ (തിരുവനന്തപുരം മഹാരാജാസ് കോളേജിലും)ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കാന്‍ ആരംഭിച്ചതിനു ശേഷമാണ് ഇംഗ്ലണ്ടിലെ പല പ്രമുഖ സര്‍വകലാശാലകളിലും അത് പഠിപ്പിക്കാന്‍ തുടങ്ങിയത് എന്ന വസ്തുത ഇംഗ്ലീഷുകാര്‍ തന്നെ ഇംഗ്ലീഷിനോടു കാണിച്ചിരുന്ന മമത എത്രമാത്രമായിരുന്നുവെന്നു വെളിപ്പെടുത്തുന്നുണ്ട്. ആധുനികതയുടെ കടന്നുകയറ്റവും മതാധികാരശക്തികള്‍ക്കേറ്റ പരാജയങ്ങളും ദേശീയതയെ കുറിച്ചുള്ള ആധുനികതയുടെ സങ്കല്പനങ്ങളുമാണ് ഇംഗ്ലീഷിനെ (ഷേക്‌സ്പിയറിനേയും) ‘കണ്ടെത്തുന്നതിന്’ ബ്രിട്ടീഷ് മുതലാളിവര്‍ഗ്ഗത്തെ സഹായിച്ചത്. [box type=”note” align=”” class=”” width=””]ഇംഗ്ലീഷില്‍ ആദ്യത്തെ ശാസ്ത്രകൃതി രചിക്കപ്പെടുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് മലയാളഭാഷയില്‍ വളരെ സുപ്രധാനമായ മൗലികഗവേഷണഫലങ്ങളെ ഉള്‍ക്കൊള്ളുന്ന ഗണിതശാസ്ത്ര, ജ്യോതിശാസ്ത്ര പുസ്തകങ്ങള്‍ രചിക്കപ്പെട്ടിരുന്നുവെന്നാണ് നാം ഇപ്പോള്‍ മനസ്സിലാക്കുന്നത്.[/box]സംഗമഗ്രാമമാധവന്റെ കണ്ടെത്തലുകള്‍ മാധവ-ലബനിറ്റ്‌സ് ശ്രേണി, മാധവ-ന്യൂട്ടന്‍ ശ്രേണി, മാധവ-ഓയ്‌ലര്‍ ശ്രേണി, മാധവ-ഗ്രിഗറി ശ്രേണി എന്നിങ്ങനെ അവയുടെ പില്ക്കാല ആവിഷ്‌ക്കര്‍ത്താക്കളുടെ പേരിനൊപ്പം ചേര്‍ത്ത് ലോകമെമ്പാടും അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ട്.


  കേരളസംസ്ഥാന രൂപീകരണത്തെ തുടര്‍ന്നുളള വര്‍ഷങ്ങളില്‍ മാതൃഭാഷയെ ബോധനമാദ്ധ്യമമാക്കി മാറ്റിയെടുക്കാനുളള ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 1962ല്‍ രൂപീകൃതമായ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റേയും 1968ല്‍ പ്രവര്‍ത്തനമാരംഭിച്ച കേരളാഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും നേതൃത്വത്തിലാണ് മിക്കവാറും ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കപ്പെട്ടത്. മലയാളത്തിലെ സാങ്കേതികപദങ്ങളുടെ പ്രശ്‌നത്തെ കുറിച്ച് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നു. മലയാളഭാഷാബോധനത്തിന് ആവശ്യമായ സാങ്കേതികപദങ്ങള്‍ എവിടെ എന്ന ചോദ്യം അധികാരികളില്‍ നിന്നും ഉയര്‍ന്നുവരുന്നതിനെ കുറിച്ച് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന എന്‍.വി.കൃഷ്ണവാരിയര്‍ പറയുന്നുണ്ട്. ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് എന്‍.വി. ഇങ്ങനെ പറഞ്ഞു. ‘സാങ്കേതികപദങ്ങളുടെ അഭാവവും  അശക്തിയും ചൂണ്ടിക്കാണിച്ച് അദ്ധ്യയനവും അദ്ധ്യാപനവും തുടര്‍ന്നാല്‍ സാങ്കേതികപദങ്ങളുണ്ടാവില്ല.”ഭാഷയുടെ രൂപത്തെ വ്യവസ്ഥാപിതമാക്കുന്നത് ലക്ഷണഗ്രന്ഥങ്ങളല്ലെന്നും വ്യവഹാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ശാസ്ത്രപഠനത്തിനുളള മാദ്ധ്യമമായി മലയാളം ഉപയോഗിക്കപ്പെട്ടുവരുന്നതേയുളളൂവെന്നു പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ശാസ്ത്രസാങ്കേതിക പദാവലികള്‍ നിര്‍മ്മിക്കപ്പെട്ടു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു വിജ്ഞാനശബ്ദാവലി പ്രസിദ്ധീകരിച്ചു. ആംഗലഭാഷയില്‍ നിന്നും മറ്റുമുളള നൂറുകണക്കിന് ശാസ്ത്രപുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മലയാളീകരണ പരിപാടികള്‍ ഒരു തരം സംസ്‌കൃതവല്ക്കരണത്തിലാണ് എത്തിച്ചേര്‍ന്നത്. ഈ സംസ്‌കൃതവല്ക്കരണം സ്വാഭാവികമായും എതിര്‍പ്പുകളെ ക്ഷണിച്ചുവരുത്തി. ഇതര ഭാഷകളില്‍ നിന്നു സ്വീകരിക്കുന്നതിനെ അപമാനമായി കാണുന്നതും സംസ്‌കൃതവല്ക്കരണം പോലുള്ള കൃത്രിമമായ കെട്ടിയേല്പിക്കലുകള്‍ക്കു വഴങ്ങുന്നതും ശരിയായ വഴികളല്ല. ഇക്കാര്യത്തില്‍, അതിര്‍ത്തികള്‍ നിശ്ചയിക്കുന്നത് പ്രായോഗികമായ ഇടപെടലുകളിലൂടെ മാത്രമേ സാദ്ധ്യമാകൂ. മലയാളത്തിലേക്കു ഇതര ഭാഷകളില്‍ നിന്നുളള വാക്കുകള്‍, ആംഗലത്തില്‍ നിന്നുള്ള വാക്കുകളും, കടന്നുവരുന്നതിനെ സ്വാഗതം ചെയ്യേണ്ടതുണ്ട്. ഇംഗ്ലീഷിന്റെ വികാസത്തിന് ലാറ്റിനും ഗ്രീക്കും ഇതര യൂറോപ്യന്‍ ഭാഷകളും വളരെ വലിയ സംഭാവനകള്‍ നൽകിയിട്ടുണ്ട്. ഇംഗ്ലീഷ് ഗണിതശാസ്ത്രപുസ്തകങ്ങളില്‍ പ്രതീകങ്ങളായി ഗ്രീക്ക് അക്ഷരങ്ങള്‍ ഉപയോഗിക്കുന്നത് ഇപ്പോളും തുടരുന്നു. ആ ഭാഷയിലെ വാക്കുകളിലേറെ ഭാഗവും മറ്റു ഭാഷകളില്‍ നിന്നു കടം കൊണ്ടവയാണ്. അല്ലെങ്കില്‍, ഇതര ഭാഷകളില്‍ ഉത്ഭവിച്ച് പരിവര്‍ത്തിതമായി സ്വീകരിക്കപ്പെട്ടവയാണ്. ആംഗലഭാഷയുടെ അയവുള്ള ഈ സ്വീകാര്യക്ഷമത മലയാളഭാഷക്കും സ്വായത്തമാക്കാന്‍ കഴിയും. സ്വീകരിക്കുന്ന വാക്കുകള്‍ മലയാളത്തിന്റെ ഗോത്രത്തില്‍ പെട്ട ഭാഷകളില്‍ നിന്നായാല്‍ കൂടുതല്‍ സ്വാഭാവികമാകും. മലയാളഭാഷയുടെ ശുദ്ധിക്കു വേണ്ടിയുള്ള വാദവും അതിന് വൈജ്ഞാനികവ്യവഹാരങ്ങളുടെ സങ്കീര്‍ണ്ണതകളെ ഉള്‍ക്കൊള്ളാനുള്ള കരുത്തില്ലെന്ന വാദവും ഒരേ ഫലങ്ങളെയാണു നല്കുന്നത്. ശുദ്ധമായ മലയാളം നിലനിൽക്കുന്നതേയില്ല. കൊടുക്കുകയും വാങ്ങുകയും പരസ്പരം പോഷിപ്പിക്കുകയും നിരന്തരം നവീകരിക്കുകയും പരിണമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഭാഷക്കു മാത്രമേ ജീവിതമുള്ളൂ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാൽസ്യം  – ഒരു ദിവസം ഒരു മൂലകം
Next post ആരാണ് ഇന്ത്യക്കാർ?-ജീനുകൾ പറയുന്ന കഥ വീഡിയോ കാണാം
Close