Read Time:9 Minute

ഇന്ത്യ 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി (National Science Day) ആഘോഷിക്കുകയാണ്. 1928 ഫെബ്രുവരി 28-ന് രാമൻ പ്രഭാവം കണ്ടെത്തിയതിന്റെ ഓർമ്മയ്ക്കായാണ് ആ ദിനം തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ വർഷവും ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയമായി ഓരോ ആശയങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. “സുസ്ഥിര ഭാവിക്കായി ശാസ്ത്ര സാങ്കേതിക രംഗത്ത് സംയോജിത സമീപനം” എന്നതാണ് ഈ വർഷത്തെ പ്രമേയം.

ശാസ്ത്ര രംഗത്ത് ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ എവിടെ നില്ക്കുന്നു എന്നു നോക്കാൻ പറ്റിയ ഒരു സമയമാണിത്. ഗവേഷണ രംഗത്തെ വാർഷിക ചെലവിന്റെ കാര്യത്തിൽ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ന് ഇന്ത്യക്ക് 7-ാം സ്ഥാനമാണുള്ളത്. എന്നാൽ ഇതിനെ ദേശീയ ആഭ്യന്തര ഉത്പാദനവുമായി (GDP, Gross Domestic Product) താരതമ്യം ചെയ്താൽ 0.65% മാത്രമാണ്. വികസിത രാജ്യങ്ങൾ ജപ്പാൻ, ജർമ്മനി, യു.എസ്. എ. തുടങ്ങിയ രാജ്യങ്ങളിൽ ഇത് 3 ശതമാനത്തിനു മുകളിലാണ്.

ലോക ബാങ്കിന്റെ കണക്കനുസരിച്ച് 2008 ൽ ഇന്ത്യ ഗവേഷണ രംഗത്ത് ചെലവാക്കിയത് GDP യുടെ 0.859 ശതമാനമായിരുന്നു. അതിനുശേഷം അത് തുടർച്ചയായി കുറഞ്ഞു വരികയാണ്. 2014-ൽ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്ഥാനമേറ്റ ശേഷം അത് 0.7 ശതമാനത്തിനു മുകളിൽ പോയിട്ടില്ല. ശാസ്ത്ര സാങ്കേതിക രംഗത്തെ ശക്തിപ്പെടുത്തുന്നുവെന്ന് പറയുന്നവർ തന്നെ  അതിനുള്ള ഫണ്ട് കുറച്ചു കൊണ്ടു വരുന്ന കാഴ്ചയാണ് കാണുന്നത്.

കൂടാതെ, നമ്മൾ ചെലവാക്കുന്ന തുകയുടെ വിതരണമെടുത്താൽ ചില അസമത്വങ്ങൾ വ്യക്തമാകും. 2017-18 ൽ കേന്ദ്ര ഗവണ്മെന്റ് നൽകിയ തുകയുടെ കണക്ക്  നോക്കിയാൽ പ്രതിരോധ ഗവേഷണ സ്ഥാപനവും (DRDO) ബഹിരാകാശ വകുപ്പും (DoS) ആകെ ഫണ്ടിന്റെ പകുതിയിലധികം കരസ്ഥമാക്കി (DRDO – 31.6%, DoS – 19.0%) യത്. അതേ സമയം ആരോഗ്യ രംഗത്ത് ഗവേഷണം നടത്തുന്ന ICMR -ന് ലഭിച്ചത്  ആകെ ഫണ്ടിന്റെ 3.1 ശതമാനം മാത്രമാണ്.

ഇന്ത്യയിൽ ശാസ്ത്ര സാങ്കേതിക വിദ്യാരംഗത്ത് പ്രവർത്തിക്കുന്ന 38 പരീക്ഷണ കേന്ദ്രങ്ങൾക്ക് നേതൃത്വം നൽകുന്ന കാൺ സിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ടിയൽ റിസെർച്ചിന് കേന്ദ്ര ബജറ്റിലൂടെ ഒരു വർഷം ലഭിക്കുന്നത് ഏകദേശം 7000 കോടി രൂപയാണ്. അതായത് ഒരു ബില്യൺ ഡോളറിനു താഴെയുള്ള തുക. ഇതു വലിയ തുകയല്ലേ എന്നു ചിലർക്കു തോന്നാം. എന്നാൽ ഒരു ഉദാഹരണത്തിന് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസംഗ് ഇലക്ടോണിക്സ് ഗവേഷണത്തിന് ഒരു വർഷം ചെലവാക്കിയ തുക പരിശോധിച്ചാൽ അത് 19.5 ബില്യൺ യു.എസ്. ഡോളറിനു തുല്യമായ തുകയാണ്. അതായത് നമ്മുടെ 38 ഗവേഷണ സ്ഥാപനങ്ങൾക്കായി ആകെ ചെലവാക്കിയതിന്റെ ഏതാണ്ട് 20 ഇരട്ടി. കുത്തക കമ്പനികളായ ആപ്പിൾ, ഗൂഗിളിന്റെ ഉടമസ്ഥരായ അൽഫബെറ്റ്, ആമസോൺ തുടങ്ങിയവരൊക്കെ സാംസംഗിനേക്കാൾ കൂടുതൽ തുക ചെലവിടുന്നവരാണ്.

മറ്റൊരു ഉദാഹരണം പറഞ്ഞാൽ ഇന്ത്യയിൽ വൈദ്യ ഗവേഷണത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന് ഒരു വർഷം കേന്ദ്ര ബജറ്റിലൂടെ അനുവദിച്ചത്  ഏതാണ്ട് 2400 കോടി രൂപയാണ്. ഇത് കേൾക്കുമ്പോൾ വലിയ തുക ആണെന്നു തോന്നാം. എന്നാൽ ഇവിടെയും ചില താരതമ്യങ്ങൾക്ക് പ്രസക്തിയുണ്ട്. സ്വിസ്  ബഹുരാഷ്ട്ര മരുന്നു കമ്പനി നോവാർട്ടിസ് ഗവേഷണത്തിനായി ഒരുവർഷം ചെലവാക്കുന്നത് ഇതിൻറെ 30 ഇരട്ടി തുകയാണ്. ഇന്ത്യ ഔഷധ ഗവേഷണ രംഗത്തും മെഡിക്കൽ ഉപകരണ നിർമാണത്തിലും പിന്നിലാണെന്നു പറയുമ്പോൾ ഇതും ഓർക്കണം. ഈ രംഗങ്ങളിലെ മുടക്കു മുതലിൻ്റെ കാര്യത്തിൽ നമ്മൾ വളരെ പിന്നിലാണ്. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ രാജ്യത്തെ ജനങ്ങളിലേക്ക് സയൻസിന്റെ നേട്ടങ്ങൾ എത്തണമെങ്കിൽ നമ്മൾ ഗവേഷണ വികസന രംഗത്ത് ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്,ചെലവാക്കുന്ന തുക പലമടങ്ങായി വർദ്ധിക്കേണ്ടതുണ്ട്.

ശാസ്ത്ര സാങ്കേതിക രംഗത്ത് പല മേഖലകളേയും സംയോജിപ്പിച്ചു കൊണ്ട്  സംയോജിതമായ രീതിയിൽ ഗവേഷണം നടക്കണമെന്നാണ് ഇത്തവണത്തെ പ്രമേയം പറയുന്നതെങ്കിലും ഇക്കാര്യത്തിലുള്ള ട്രാക്ക് റിക്കാഡ് മോശമാണ്. നമ്മുടെ നാട്ടിൽ തന്നെ നോക്കിയാൽ ഓരോ വിളക്കും ഓരോന്നെന്ന രീതിയിൽ – റബ്ബറിനും കുരുമുളകിനും നെല്ലിനും – ഗവേഷണ കേന്ദ്രങ്ങളുണ്ട്. കൂടാതെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണം നടക്കുന്നു. എന്നാൽ സംയോജിത രീതിയിലുള്ള ഗവേഷണം പേരിനു പോലും കാണുന്നില്ല.

ചെലവാക്കുന്ന തുക കൂട്ടിയതു കൊണ്ടു മാത്രം നേട്ടങ്ങൾ താനേ വരികയില്ല.  തുക ഏതു രീതിയിൽ ഉപയോഗിക്കുന്നുവെന്നതും പ്രധാനമാണ്. ഉൾക്കാഴ്ചയുള്ള രാഷ്ട്രീയ നേതൃത്വം, സ്ഥിരതയുള്ള നയങ്ങൾ, സമഗ്രമായ ഗവേഷണ രീതി, തുടർച്ചയായ  പിന്തുണ ഇതൊക്കെ പ്രധാനമാണ്. ഉദാഹരണത്തിന് ഇന്ത്യ ബഹിരാകാശ രംഗത്ത്  കൈവരിച്ച നേട്ടങ്ങൾ പരിശോധിച്ചാൽ ജവഹർലാൽ നെഹ്രുവും തുടർന്നു വന്ന പ്രധാനമന്ത്രിമാരും നൽകിയ പിന്തുണ, വിക്രം സാരാഭായി തുടങ്ങി വെച്ചതും പിന്നീട് വന്നവർ പിന്തുടർന്നതുമായ നേതൃത്വം, സ്വീകരിച്ച തന്ത്രങ്ങൾ ഇവയൊക്കെ ഇക്കാര്യത്തിൽ പ്രധാനമായിരുന്നു. വേണമെന്നു വിചാരിച്ചാൽ നമുക്കിതൊക്കെ സാധിക്കും എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് ഇതു പോലെയുള്ള വിജയ കഥകൾ.

എങ്കിലും ശാസ്ത്ര സാങ്കേതിക രംഗത്തെ ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതി കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായി ഇന്ത്യ ചെലവാക്കുന്ന തുക ആഭ്യന്തര ദേശീയ വരുമാനത്തിന്റെ അനുപാതമെന്ന കണക്കിൽ നോക്കിയാൽ കുറഞ്ഞു വരികയാണ്. ശാസ്ത്ര രംഗത്തെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതിയാണ് ശാസ്ത്രാവബോധം. എന്നാൽ കുറച്ചു കാലമായി അതിനെ ഇല്ലാതാക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടന്നു കൊണ്ടിരിക്കുന്നു. ആരോഗ്യ രംഗത്ത് തട്ടിപ്പു രീതികൾ പ്രചരിപ്പിക്കൽ, ജ്യോതിഷം പോലുള്ള കപട ശാസ്ത്രങ്ങൾക്ക് കൊടുക്കുന്ന പ്രചാരം, രാസവളങ്ങൾക്കും ശാസ്ത്രീയ കൃഷിരീതികൾക്കുമെതിരെ നടക്കുന്ന ക്യാമ്പെയിനുകൾ മുതൽ ഗ‌വേഷണ സ്ഥാപനങ്ങളുടെ തലപ്പത്ത് രാഷ്ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന നിയമനങ്ങൾ ഇങ്ങനെ പ്രശ്നങ്ങൾ എണ്ണിയെണ്ണിപ്പറയാവുന്നവയാണ്. എങ്കിലും നിരാശ പ്രശ്നപരിഹാരമാവില്ല. നമ്മൾ മുന്നോട്ടു തന്നെ പോകണം.


ഡോ.എൻ.ഷാജി
എഡിറ്റർ ലൂക്ക സയൻസ് പോർട്ടൽ

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശാസ്ത്രദിന പ്രഭാഷണം – ഇന്ത്യയിലെ ശാസ്ത്രബോധത്തിന്റെ വികാസപരിണതികൾ
Next post ദേശീയ ശാസ്ത്രദിനം – സ്ലൈഡുകൾ സ്വന്തമാക്കാം
Close