Read Time:41 Minute

ഡോ. ജിജു.പി.അലക്‌സ്

കാർഷിക സർവകലാശാല, മണ്ണുത്തി

ശാസ്ത്രവും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള ബന്ധം തികച്ചും സങ്കീർണമാണ്. പരസ്പരാശ്ലേഷിതമായ നിലനിൽപ്പാണ് ഈ രണ്ട് മേഖലകൾക്കുമുള്ളത്. ഈ പാരസ്പര്യത്തിന്റെ സൂക്ഷ്മാംശങ്ങൾ വിശകലനം ചെയ്യുക അത്ര എളുപ്പമല്ല.

ബെസിമര്‍ പ്രക്രിയയിലൂടെ സ്റ്റീലിന്റെ ഉത്പാദനം 1914 കടപ്പാട് വിക്കിപീഡിയ
ശാസ്ത്രവും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള ബന്ധം തികച്ചും സങ്കീർണമാണ്. പരസ്പരാശ്ലേഷിതമായ നിലനിൽപ്പാണ് ഈ രണ്ട് മേഖലകൾക്കുമുള്ളത്. ഈ പാരസ്പര്യത്തിന്റെ സൂക്ഷ്മാംശങ്ങൾ വിശകലനം ചെയ്യുക അത്ര എളുപ്പമല്ല. ശാസ്ത്രത്തിന്റെ സാമൂഹികധർമത്തെക്കുറിച്ച് ഗഹനമായ ഗവേഷണം നടത്തുകയും എഴുതുകയും ഈ ദിശയിലുള്ള നിരവധി ചിന്താസരണികൾക്ക് പ്രാരംഭം കുറിക്കുകയും ചെയ്ത വിഖ്യാതനായ ജെ.ഡി.ബർണാൽ നിരീക്ഷിച്ചിരിക്കുന്നത് നോക്കുക:
”ആധുനികശാസ്ത്രത്തെ വിശകലനം ചെയ്യുന്നത് ദുഷ്‌കരമായ ജോലിയാണ്. ശാസ്ത്രവും വ്യവസായവും ഭരണകൂടവും സാമാന്യസംസ്‌കാരവും തമ്മിൽ നൂറ്റാണ്ടുകളായി വളർന്നുവന്നിട്ടുള്ള പരസ്പരബന്ധം അന്വേഷണവിധേയമാക്കാൻ തീരെ എളുപ്പമല്ല. അതിനു കഴിയണമെങ്കിൽ ശാസ്ത്രത്തെപ്പറ്റി സമഗ്രമായ ധാരണ മാത്രംപോരാ, ധനശാസ്ത്രവും ചരിത്രവും സാമൂഹികശാസ്ത്രവും കൂടി അറിഞ്ഞേതീരൂ.”
ജെ.ഡി.ബർണാൽ

ശാസ്ത്രവും സാങ്കേതികവിദ്യയും നമ്മുടെ കാലഘട്ടത്തിന്റെയത്രയും വികസിച്ചിട്ടില്ലാത്ത 1930 കളിലാണ് അദ്ദേഹം ഇതെഴുതിയതെന്ന് ഓർക്കണം. ഏതാണ്ട് എട്ടു ദശാബ്ദങ്ങൾ കഴിഞ്ഞ് ശാസ്ത്രവും സാങ്കേതികവിദ്യയും പലമടങ്ങ് വികസിതമായ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെത്തുമ്പോൾ ശാസ്ത്രവും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള ബന്ധം ഇഴപിരിച്ച് വിശകലനം ചെയ്യുക എത്ര ദുഷ്‌കരമായിരിക്കും!

ശാസ്ത്രവും സമ്പദ്‌വ്യവസ്ഥയും തമ്മിൽ അഭേദ്യമായ ബന്ധമാണ് നിലനിൽക്കുന്നതെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. മുതലാളിത്ത വികസനപ്രക്രിയ ശാസ്ത്രസാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയാണ് നടന്നുകൊണ്ടിരിക്കുന്നത്.
മുതലാളിത്ത വികസനപാതയിൽ ശാസ്ത്രം ഒരു വളർച്ചാത്വരകമായാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നതും യാഥാർത്ഥ്യമാണ്. ശാസ്ത്രത്തിന്റെ വികാസം മുതലാളിത്ത വളർച്ചയുടെ ഒരുപാധിയാണെന്നും, മുതലാളിത്തമാണ് ശാസ്ത്രത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ഏറ്റവും യോജിച്ച സാമ്പത്തിക വ്യവസ്ഥയെന്നുമുള്ള വാദം സജീവമായി ചർച്ചചെയ്യപ്പെടുകയാണല്ലോ. ശാസ്ത്രജ്ഞരും ശാസ്ത്രപ്രവർത്തകരുമൊക്കെ ഈ വിധത്തിൽ ചിന്തിക്കാനുമാരംഭിച്ചിട്ടുണ്ട്. മുതലാളിത്തവ്യവസ്ഥിതിയിലെ സഹജമായ മാത്സര്യബുദ്ധി ശാസ്ത്രത്തെ ബഹുദൂരം മുന്നോട്ടു പായിക്കുമെന്നാണ് വാദം. എന്നാൽ ശാസ്ത്രത്തിന്റെ അന്തിമമായ ലക്ഷ്യം യഥാർത്ഥത്തിൽ ഈ മുതലാളിത്തപ്രേരിതമായ മത്സരമാണോ?
മനുഷ്യപുരോഗതിയുടെ സുപ്രധാന അടയാളമെന്ന നിലയിൽ ശാസ്ത്രത്തിന്റെ ഉത്ഭവവും വളർച്ചയും ശ്രദ്ധാപൂർവം നിരീക്ഷിച്ചിട്ടുള്ളവരൊക്കെ വ്യത്യസ്തമായ അഭിപ്രായമാണ് പുലർത്തുന്നത്. മാനവികതയുടെ വളർച്ച എത്രമാത്രം സമഗ്രമായാണ് നാം വിഭാവനം ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചാണ് ശാസ്ത്രത്തിന്റെ പങ്കിനെക്കുറിച്ചും നമുക്ക് വീണ്ടുവിചാരം നടത്താൻ കഴിയൂ.

ജെ..ഡി.ബര്‍ണലിന്റെ ശാസ്ത്രത്തിന്റെ സാമൂഹികധര്‍മ്മം – പുസ്തകത്തിന്റെ കവര്‍ 1939

ശാസ്ത്രത്തിന്റെ സാമൂഹികധർമം
ശാസ്ത്രത്തിന്റെ സാമൂഹികധർമത്തെ കേവലമായ ഒന്നായി കാണരുത് എന്ന് ബർണാൽ പറയുന്നു. ശാസ്ത്രത്തിന്റെ വളർച്ചയോടൊപ്പം അദൃശ്യമായി രൂപംകൊണ്ട ഒന്നാണ് ഈ സാമൂഹികധർമവും. പ്രഭുക്കന്മാരുടെയോ മുതലാളിമാരുടെയോ താല്പര്യങ്ങൾക്കനുസൃതമായി മാത്രം സംഘടിപ്പിക്കപ്പെടുന്ന ഒന്നല്ല ശാസ്ത്രം. സാധാരണ ഗതിയിൽ എന്തെങ്കിലും ആകസ്മികമായി കണ്ടെത്തുന്ന വിജ്ഞാനതൃഷ്ണയുള്ള, അന്വേഷണപടുവായ ഒരു വ്യക്തിയുടെ നിരന്തരമായ ശ്രമങ്ങളെ വിവക്ഷിക്കുന്ന ഒരു പദമല്ല ഇന്ന് ശാസ്ത്രഗവേഷണം. കൂട്ടായ പ്രവർത്തനമാണ് അതിന്റെ അടിത്തറ. ഗവേഷണപ്രവർത്തനവും അതിന്റെ സംഘാടനവും ഭരണക്രമീകരണവുമൊക്കെ വളരെ വിശാലവും അന്താരാഷ്ട്രതലത്തിൽ വിന്യസിക്കപ്പെട്ടതുമാണ്. ഓരോ ശാസ്ത്രശാഖയിലും നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ശാസ്ത്രജ്ഞരുടെ പരീക്ഷണശാലകൾ മിക്കതും പരസ്പരം വിവരങ്ങൾ പങ്കുവയ്ക്കുകയും ഒരേ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങൾ യോജിച്ചു നടത്തുകയുമൊക്കെ ചെയ്യുന്നുണ്ട്.

ശാസ്ത്രം കൈകാര്യം ചെയ്യുന്ന കടമകൾ വളരെ വർധിച്ചിട്ടുണ്ട്. പുതിയ ലോകത്തിലേക്കുള്ള പ്രയാണം സുഗമമാക്കിയത് ശാസ്ത്രമാണ്. അത് സുസംഘടിതവും ലക്ഷ്യബോധമുള്ളതുമായ ഒരു സാമൂഹികപ്രവർത്തനമാണ്.

മനുഷ്യന്റെ ഏത് പ്രവർത്തനവും ആ പ്രവർത്തനത്തിന്റെ ഏതു ശാഖയും ശാസ്ത്രീയമായ പഠനത്തിന് അർഹമായ വിഷയമാണ്. ഇത് പ്രാവർത്തികമാക്കുന്നതിന് ഗവേഷകരുടെ സേവനം അത്യന്താപേക്ഷിതമാകുന്നു. ഇതിലൂടെ തനിക്കുചുറ്റമുള്ള പ്രകൃതിയുടെ സാഹചര്യങ്ങളെയൊക്കെ നിയന്ത്രിക്കുവാനുള്ള മനുഷ്യന്റെ ശേഷി വർധിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങൾ ഇതുമൂലം കൂടുതൽ ശാസ്ത്രത്തിൽ അധിഷ്ഠിതമാകുന്നു. ഉൽപാദനപ്രക്രിയയിൽ കൂടുതൽ സൂക്ഷ്മമായ തരത്തിൽ ശാസ്ത്രവും സാങ്കേതികവിദ്യയും ഇടപെടുന്നു. യഥാർത്ഥത്തിൽ സ്ഥിതിവിവരക്കണക്കുകളും ആധുനിക സാങ്കേതികവിദ്യയും ശാസ്ത്രീയമായും യുക്തിസഹമായും ആസൂത്രണം ചെയ്യപ്പെട്ട പദ്ധതികളുമാണ് ഇക്കാലത്തെ ഉൽപാദനപ്രക്രിയയെ നിയന്ത്രിക്കുന്നത്. വ്യാവസായികോല്പാദനപ്രക്രിയ ആത്യന്തികമായി ഉപഭോക്താവിന്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഒരു പ്രവർത്തനമായാണ് കാണപ്പെടുന്നത്. ഉൽപാദനത്തിന്റെ ഫലങ്ങൾ ആ പ്രവർത്തനത്തെ വീണ്ടും സ്വാധീനിക്കുന്നു.

മനുഷ്യന്റെ സാങ്കേതികവും ജീവശാസ്ത്രപരവും സാമൂഹികവുമായ മുന്നേറ്റത്തെ മുൻനിർത്തി, സമൂഹത്തിന്റെ കഴിവുകളെല്ലാമുപയോഗിച്ചുകൊണ്ടുള്ള ശാസ്ത്രീയഗവേഷണം സന്തുലിതവും സർവാശ്ലേഷിയും അയവുള്ളതുമായിരിക്കണം എന്നതാണ് സാമൂഹിക പ്രതിബദ്ധതയുള്ള ശാസ്ത്രഗവേഷണം എന്ന സങ്കല്പനത്തിന്റെ അടിസ്ഥാനതത്വം. ഒരു വികസിതസമൂഹമായി നിലനിൽക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. സുസംഘടിതവും ഏകീകൃതവുമായ ശാസ്ത്രഗവേഷണത്തിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന വികസനോന്മുഖമായ ഒരു ദേശീയ സമ്പദ്ഘടനയുടെ ആവശ്യകത പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ശാസ്ത്രത്തിന്റെ ഗുണഫലങ്ങൾ ഉപയോഗപ്പെടുത്തി സമൂഹം മുന്നേറുമ്പോൾ ശാസ്ത്രത്തിന്റെ വളർച്ചക്ക് സമൂഹം നടത്തേണ്ട നിക്ഷേപങ്ങളും സഹായങ്ങളും കൂടി ഗണ്യമായി വർധിപ്പിക്കേണ്ടതുണ്ട്.

ശാസ്ത്രത്തിന്റെ വളർച്ച
ശാസ്ത്രം ശാസ്ത്രത്തിനുവേണ്ടി മാത്രം നിലനിൽക്കുന്ന ഒന്നാണോ എന്നുള്ളത് ഇത്തരുണത്തിൽ പ്രധാനപ്പെട്ട ഒന്നാണ്. സത്യം കണ്ടുപിടിക്കുക എന്ന ഒരൊറ്റ ധർമമാണ് ശാസ്ത്രത്തിന്റേത് എന്ന കേവലവാദപരമായ സമീപനമാണ് ചിലർ സ്വീകരിച്ചിരുന്നത്. എന്നാൽ രണ്ടാമത്തെ സമീപനം ശാസ്ത്രം പ്രായോഗികപ്രവർത്തനങ്ങൾക്കുള്ള മാർഗം മാത്രമാണ് എന്നതാണ്. പ്രവൃത്തിയിലൂടെയേ ശാസ്ത്രത്തിന്റെ സാധ്യത തെളിയിക്കാനാവൂ എന്ന് സാരം.

പ്രാപഞ്ചികപ്രതിഭാസങ്ങൾ സംബന്ധിച്ച തത്വചിന്താധിഷ്ഠിതമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക എന്ന ലക്ഷ്യത്തിൽനിന്ന് ശാസ്ത്രത്തിനെ പ്രായോഗികതയുടെ പുതിയ ഭൂമികയിലേക്ക് മാറ്റാൻ ഏറെക്കാലം വേണ്ടിവന്നു. പ്രയുക്ത ശാസ്ത്രങ്ങളുടെ ആവിർഭാവത്തോടെ ശാസ്ത്രത്തിന്റെ പ്രായോഗികത കൂടുതൽ വ്യക്തമായി. ശാസ്ത്രകുതുകിയായ അന്വേഷകരുടെ കാലത്തിനുശേഷം വൈദഗ്ധ്യമുള്ള ശാസ്ത്രജ്ഞർ രംഗപ്രവേശം ചെയ്തു. പതിനേഴാം നൂറ്റാണ്ടിലാണ് കൂടുതൽ യുക്തിഭദ്രമായ ശാസ്ത്രപ്രവർത്തനം ആരംഭിക്കുന്നത്. ന്യൂട്ടന്റെ പഠനങ്ങൾ ശാസ്ത്രത്തിന് ഉറച്ച അടിത്തറയുണ്ടാക്കി. പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെ പരിമാണാത്മകമായും ഗണിതത്തിന്റെ അടിസ്ഥാനത്തിലും വ്യാഖ്യാനിക്കാൻ തുടങ്ങിയത് വലിയ മാറ്റങ്ങളാണ് ഈ രംഗത്ത് സൃഷ്ടിച്ചത്. പ്രപഞ്ചത്തിലെ സമസ്യകൾക്ക് ഇങ്ങനെ യുക്തിസഹമായും വസ്തുനിഷ്ഠമായും ഉത്തരങ്ങൾ കണ്ടെത്താമെന്ന് ബോധ്യമായതോടെ ശാസ്ത്രത്തിന്റെ സാമൂഹികപ്രസക്തിയും ഏറി. ശാസ്ത്രം ഒരു സാംസ്‌കാരികഘടകമായി മാറി എന്നു പറയാം.

എന്നാൽ ഇത്തരത്തിലുള്ള ശാസ്ത്രത്തിന്റെ പ്രഭാവത്തിനു പകരം കൂടുതൽ ജീവസ്സുറ്റ പ്രായോഗികശാസ്ത്രം ഉയർന്നുവരുന്നതിന് വീണ്ടും കാലതാമസമുണ്ടായി. ചെറുകിട നിർമാതാക്കളുടെ വർഗം കൂടുതൽ പ്രായോഗികമായ പ്രശ്‌നപരിഹാരങ്ങൾക്കായി ശാസ്ത്രത്തെ ഉപയോഗിച്ചുതുടങ്ങിയതോടെയാണ് ഈ മേഖലയിൽ ശാസ്ത്രത്തിന് പ്രാമുഖ്യം നേടാനായത്. ഇതുകാരണം പതിനെട്ടാം നൂറ്റാണ്ടിലെ ശാസ്ത്രമേഖലക്ക് തുടക്കം മുതലേ വ്യാവസായികവിപ്ലവവുമായി അടുത്തബന്ധം പുലർത്താൻ കഴിഞ്ഞിരുന്നു.
പരമ്പരാഗത കൈവേലക്കാരുടെ നിർമാണരീതികളെ തകർത്തെറിഞ്ഞ് പുതിയ നിർമാണരീതികൾ ആവിർഭവിച്ചുതുടങ്ങി. ഇതിന് ഉപോൽബലകമായി വർത്തിച്ചത് ശാസ്ത്രമായിരുന്നു. ആവിയന്ത്രത്തിന്റെ വരവ് ഈ ദിശയിലെ വൻമാറ്റങ്ങൾക്ക് നാന്ദികുറിച്ചു. ശാസ്ത്രത്തിന്റെ പരിധിയില്ലാത്ത പ്രയോഗസാധ്യതകളെക്കുറിച്ച് മുതലാളിമാരുടെയും വ്യവസായികളുടെയും സമൂഹത്തിന് ബോധ്യമായി.

പവര്‍ലൂമുകളും ആവിയന്ത്രങ്ങളും വ്യവസായികവിപ്ലവത്തിന്റെ ചാലകശക്തിയായി കടപ്പാട് വിക്കിപീഡിയ

വ്യവസായങ്ങളുടെ സഹായത്തോടെയാണ് ശാസ്ത്രത്തിന്റെ പിന്നീടുള്ള വളർച്ച സാധ്യമായത്. സർവകലാശാലകളിലെ അക്കാദമിക ശാസ്ത്രഗവേഷണം ഈ കാലഘട്ടത്തിൽ ഏതാണ്ട് നിശ്ചലാവസ്ഥയിലായിരുന്നത്രേ. വ്യവസായവിപ്ലവത്തിന് സ്ഥൈര്യം കൈവന്നപ്പോൾ ശാസ്ത്രത്തിന്റെ നില കൂടുതൽ ഭദ്രമാകുകയാണുണ്ടായത്. അത് നാഗരികതയുടെ അവിഭാജ്യഘടകവുമായി. വ്യവസായങ്ങൾക്ക് ശാസ്ത്രത്തിന്റെ സഹായമില്ലാതെ നിലനിൽക്കാൻ സാധ്യമല്ലാതെ വന്നു. അനുദിനം വളരുന്ന മത്സരം ഈ പരസ്പരബന്ധം കൂടുതൽ ദൃഢമാക്കി. എന്നാൽ ഈ വർധിച്ച ആവശ്യകത ശാസ്ത്രഗവേഷണത്തിൽ അത്ര പ്രതിഫലിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പൊതുമേഖലയിലുള്ള ഔദ്യോഗിക സ്ഥാപനങ്ങളിലെ ശാസ്ത്രഗവേഷണത്തിനോ ശാസ്ത്രപഠനത്തിനോ വേണ്ടത്ര ധനസഹായം നൽകാൻ ഈ വ്യവസായങ്ങൾ തയ്യാറായില്ല.

രണ്ടാം വ്യവസായ വിപ്ലവം – ജര്‍മനിയിലെ രാസവ്യവസായ ഫാക്ടറികള്‍ 1881 കടപ്പാട് വിക്കിമീഡിയ

എന്നാൽ ശാസ്ത്രത്തിന്റെ പ്രവർത്തനം സുസംഘടിതമാകുന്നതിന്റെ ആദ്യ സൂചനകൾ പത്തൊമ്പതാം നൂറ്റാണ്ടിൽ ദൃശ്യമായിത്തുടങ്ങി. വ്യക്തമായ ഒരു സ്ഥാപനമായി ശാസ്ത്രം വളർന്നു. ശാസ്ത്രപുരോഗതിയും സംഘാടനവും ലക്ഷ്യമാക്കി നിരവധി സംഘടനകൾ രൂപം കൊണ്ടു. ഓരോ ശാസ്ത്രശാഖയുടെയും വളർച്ച പരിപോഷിപ്പിക്കുന്നതിനുള്ള സൊസൈറ്റികളും വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ധനസഹായ സ്വരൂപണവുമൊക്കെ നടന്നു. എന്നാൽ ഈ മേഖലയൊന്നാകെ വ്യവസായവുമായി സക്രിയമായ ബന്ധം പുലർത്തിയിരുന്നില്ല എന്നാണ് ശാസ്ത്രചരിത്രകാരന്മാർ വിലയിരുത്തുന്നത്. ആശയങ്ങളുടെ സംഘട്ടനമായിരുന്നു പ്രധാനപ്പെട്ട ശാസ്ത്രപ്രവർത്തനമായി നടന്നിരുന്നത് എന്നും നിരീക്ഷിക്കപ്പെടുന്നു.
ഈ ഘട്ടത്തിൽ രാജ്യത്തിന്റെയോ വ്യവസായത്തിന്റെയോ നടത്തിപ്പിൽ ശാസ്ത്രജ്ഞർക്ക് ഒരു പങ്കുമുണ്ടായിരുന്നില്ല. അവർക്ക് ആ ഘട്ടത്തിലും ശാസ്ത്രവിജ്ഞാനത്തിലേ താത്പര്യമുണ്ടായിരുന്നുള്ളൂ. വ്യവസായികൾ ശാസ്ത്രജ്ഞരുടെ ഫലങ്ങൾ ഉപയോഗിച്ചുപോന്നിരുന്നുവെങ്കിലും അതിനനുസരിച്ചുള്ള പ്രതിഫലം അവർക്ക് ലഭിച്ചിരുന്നില്ല. പ്രവൃത്തിയുടെ ഫലങ്ങൾ സാമ്പത്തിക സംവിധാനത്തിനു വിട്ടുകൊടുത്തുകൊണ്ട് സ്വന്തം പ്രവർത്തനങ്ങളിൽ മാത്രം വ്യാപരിക്കാനായിരുന്നു ഭൂരിപക്ഷം ശാസ്ത്രജ്ഞരുടെയും താല്പര്യം.

വ്യവസായികവിപ്ലവത്തിന്റെ ആരംഭവും കോളനികളുടെ വ്യാപനവും കടപ്പാട്  വിക്കിപീഡിയ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശാബ്ദത്തോടെ നിർമാണമേഖലയുടെ വളർച്ച നിരവധി യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ബ്രിട്ടന്റെ ആധിപത്യം കുറേശ്ശെ നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. ജർമനിയും അമേരിക്കയും ഈ രംഗത്ത് എതിർക്കാനാവാത്ത ശക്തികളായി. സാമ്രാജ്യത്വം കയറ്റുമതിയുള്ള കോളനികളെ കയറ്റുമതിക്കുള്ള പുതിയ മേഖലകളായി കണ്ടെത്തി. ഉൽപാദന-ഗതാഗത സംവിധാനങ്ങളാണ് കോളനികളിലേക്ക് കൂടുതലായി കയറ്റി അയച്ചത്. ശാസ്ത്രത്തിന്റെ ശക്തമായ സഹായമില്ലാതെ ഇതു സാധിക്കുമായിരുന്നില്ല. ഇതുമൂലം ശാസ്ത്രത്തിന്റെ വിവിധ മേഖലകൾ വികസ്വരമായി. ബ്രിട്ടനൊഴികെയുള്ള മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഈ കുതിച്ചുചാട്ടം ദൃശ്യമായിരുന്നു. ജർമനിയിൽ വ്യവസായവത്കരണം തീവ്രമായി നടന്നു. വ്യവസായശാലകളോടനുബന്ധിച്ച് പരീക്ഷണശാലകൾ സ്ഥാപിതമായി. പുതിയ രാസസംയുക്തങ്ങളും, വെടിക്കോപ്പുകളും മറ്റ് രാസവസ്തുക്കളുമൊക്കെ ഉൽപാദിപ്പിക്കാനാരംഭിച്ചതോടെ ലോകകമ്പോളം ജർമനിയുടെ അധീനതയിലായി.

Operation Crossroads -ആണവപരീക്ഷണം1946-USA കടപ്പാട് വിക്കിപീഡിയ

യുദ്ധവും ശാസ്ത്രവും
ലോകമഹായുദ്ധങ്ങളാണ് ശാസ്ത്രത്തിന്റെ ചരിത്രത്തിലെ പരിവർത്തനഘട്ടം. എല്ലാവർക്കുമറിയാവുന്നതുപോലെ യുദ്ധങ്ങളുടെ അടിയന്തിരസ്വഭാവം സൃഷ്ടിച്ച സമ്മർദങ്ങളാണ് ശാസ്ത്രത്തിനെ കൂടുതൽ തീവ്രവും സുസംഘടിതവുമാക്കിയത്. യുദ്ധത്തിൽ പുതിയ ഉപകരണങ്ങൾ ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ ഭരണാധികാരികൾ സൈനികാവശ്യങ്ങൾക്കുള്ള ഗവേഷണങ്ങൾക്ക് കയ്യയച്ച് സഹായം നൽകാൻ എപ്പോഴും തയ്യാറായിരുന്നുതാനും.
യുദ്ധമേഖലകളിലാണ് ശാസ്ത്രജ്ഞരുടെ കൂട്ടായ പ്രവർത്തനമുണ്ടാകുന്നത്. ആയുധങ്ങളുടെ പ്രഹരശേഷിയും കൃത്യതയും കൂട്ടുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഓരോ രാജ്യത്തെയും ശാസ്ത്രസമൂഹങ്ങൾ മുഴുകിയതോടെയാണ് ശാസ്ത്രത്തിന്റെ വ്യാപാരങ്ങൾക്ക് കൂടുതൽ ശക്തിയുണ്ടായത്. കൂടുതൽ ശാസ്ത്രജ്ഞർ പ്രയുക്ത ശാസ്ത്രങ്ങളുടെ മേഖലയിൽ പ്രവർത്തിച്ചുതുടങ്ങി. ആധുനിക വ്യവസായവത്കൃത രാജ്യത്തിൽ ശാസ്ത്രത്തിന്റെ ധർമമെന്തെന്ന ചോദ്യത്തിന് കൂടുതൽ ബോധപൂർവമായ ഒരു വിശകലനത്തിന് യുദ്ധങ്ങൾ കാരണമായി.

ലോകരാജ്യങ്ങളിലെ ആണവപരീക്ഷണങ്ങളുടെ നാള്‍വഴികള്‍ 1945-1998 കടപ്പാട് വിക്കിപീഡിയ

ശാസ്ത്രം വ്യക്തിഗതമായ അന്വേഷണങ്ങളിൽ നിന്നുമാത്രം ഊർജം ഉൾക്കൊണ്ട് വികസിക്കേണ്ട ഒരു മേഖലയല്ലെന്നും അസംഘടിതമായ ഒരു മേഖലയായി ശാസ്ത്രത്തിന് നിൽക്കാൻ കഴിയില്ലെന്നും ബോധ്യമായി. ആധുനിക വ്യവസായവൽകൃത രാഷ്ട്രത്തിന്റെ നിലനിൽപ്പിന് യുദ്ധമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സംഘടിതശാസ്ത്രത്തിന്റെ പ്രവർത്തനങ്ങളെ ആശ്രയിച്ചേ തീരൂ എന്ന് വ്യക്തമായെങ്കിലും യുദ്ധാനന്തരം മിക്കപ്പോഴും ശാസ്ത്രത്തിന്റെ ശ്രദ്ധയും ഏകോപിത പ്രവർത്തനങ്ങളും ഒരു പ്രത്യേക ലക്ഷ്യത്തിലേക്കു കേന്ദ്രീകരിക്കാനുള്ള പ്രവണത കുറഞ്ഞുപോകുകയാണുണ്ടായത്. യുദ്ധകാലത്ത് ശാസ്ത്രജ്ഞസമൂഹം സേവനസന്നദ്ധരായെങ്കിലും യുദ്ധം കഴിയുമ്പോൾ നിയന്ത്രിതവും പ്രത്യേക ലക്ഷ്യത്തിലൂന്നിയുള്ളതുമായ പ്രവർത്തനരീതിയിൽ നിന്ന് വ്യതിചലിക്കുന്ന പ്രവണതയുണ്ടായി. ശാസ്ത്രഗവേഷണം വീണ്ടും അസംഘടിതവും വിവിധ അധികാരകേന്ദ്രങ്ങളുടെ വരുതിയിൽ പ്രവർത്തിക്കുന്നതുമായി മാറി. ഗവേഷണത്തിന് പല സ്രോതസ്സുകളിൽനിന്ന് ധനസഹായം ലഭിക്കാൻ തുടങ്ങി. ശാസ്ത്രത്തിന്റെ സ്വതന്ത്രമായ വളർച്ച സാധ്യമാണെന്ന് ശാസ്ത്രജ്ഞസമൂഹത്തിന് തന്നെ ബോധ്യപ്പെടുന്ന അവസ്ഥ സംജാതമായി. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ സവിശേഷ സാഹചര്യങ്ങളും ലോകത്ത് ആകമാനം ഉയർന്നുവന്ന സാമ്പത്തിക പ്രതിസന്ധിയും ഈ സ്വതന്ത്രമായ പുനർജീവനപ്രക്രിയ വീണ്ടും തടസ്സപ്പെടുത്തുകയാണുണ്ടായത്. അമേരിക്ക ഒഴികെയുള്ള രാജ്യങ്ങൾ ശാസ്ത്രഗവേഷണത്തിനായി നടത്തുന്ന നിക്ഷേപത്തിൽ അലംഭാവം കാണിച്ചു. യുദ്ധം തകർത്ത യുറോപ്യൻ രാജ്യങ്ങളിലോ അവയുടെ കോളനികളായ മൂന്നാം ലോകരാജ്യങ്ങളിലെ ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് വേണ്ട പ്രോത്സാഹനമുണ്ടായില്ല. ഈ പ്രതിസന്ധിക്കു മുമ്പുണ്ടായിരുന്ന സ്ഥിതി തുടരാനോ ഫലപ്രദമായി പ്രവർത്തിക്കാനോ ശാസ്ത്രത്തെ അനുവദിച്ചതുമില്ല.

ശാസ്ത്രപുരോഗതി : സോഷ്യലിസ്റ്റ് മാതൃക
എന്നാൽ ഇതേസമയം വിപ്ലവാനന്തര സോവിയറ്റ് യൂണിയനിൽ ഏറെ വ്യത്യസ്തമായ മറ്റൊരു ചിത്രമാണ് ഉരുത്തിരിഞ്ഞത്. മുതലാളിത്തത്തിന്റെ ഈ സന്നിഗ്ധ കാലഘട്ടത്തിൽ തന്നെ ഇവിടെ ശാസ്ത്രം ഉത്തരോത്തരം വളർച്ച നേടിക്കൊണ്ടിരിക്കുന്നു. ശാസ്ത്രത്തിന്റെ ഉപകാരപ്രദവും വിനാശകരവുമായ ഉപയോഗത്തിന്റെ വൈരുധ്യം തിരിച്ചറിഞ്ഞുകൊണ്ടും പ്രായേണ മനുഷ്യനന്മയ്ക്കായി ശാസ്ത്രത്തെ കഴിയാവുന്നിടത്തോളം ഉപയോഗിക്കുക എന്ന നിലപാടിലൂന്നിക്കൊണ്ടുള്ള വികസനതന്ത്രത്തിന്റെ ആവിഷ്‌കാരമാണ് സോവിയറ്റ് റഷ്യയിൽ അരങ്ങേറിക്കൊണ്ടിരുന്നത്. വിപ്ലവാനന്തര കാലഘട്ടത്തിലെ വികസന സങ്കീർണമായ പ്രശ്‌നങ്ങൾ മാറികടക്കുക എന്ന ദുഷ്‌കരമായ ലക്ഷ്യമാണ് അവർക്കുണ്ടായിരുന്നത്. ശാസ്ത്രത്തിന്റെ ഭൗതികവിഭവങ്ങൾ തുലോം കുറവായിരുന്ന സോവിയറ്റ് യൂണിയനിൽ പുനരുജ്ജീവനത്തിന്റെയും പുനർനിർമാണത്തിന്റെയും ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ശാസ്ത്രം വികസിച്ചത്. ഈ പുതിയ സമൂഹത്തിന്റെ നിർമിതിയിൽ ശാസ്ത്രത്തിന് നിർണായകമായ പങ്കുണ്ടായിരുന്നു. രാജ്യത്തിന്റെ പൊതുസ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശാസ്ത്രത്തെ പുനഃസംഘടിപ്പിക്കുന്നതിന് സവിശേഷമായ പദ്ധതികൾ അവരുടെ ആദ്യ പഞ്ചവത്സരപദ്ധതി മുതൽ ഉൾപ്പെടുത്തിയിരുന്നു. ശാസ്ത്രജ്ഞരുടെ എണ്ണത്തിലുള്ള വർധനയും ഭരണകൂടത്തിന്റെ ഉദാരമായ സാമ്പത്തിക സഹായവും ശാസ്ത്രവളർച്ചയിൽ കുതിച്ചുചാട്ടമുണ്ടാക്കി. പാശ്ചാത്യ-മുതലാളിത്ത രാജ്യങ്ങളിൽ ഇടക്കാലത്തുണ്ടായ പ്രതിസന്ധിയും മുരടിപ്പും ശാസ്ത്രത്തിന്റെ വളർച്ചയെയും ബാധിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നല്ലോ. എന്നാൽ ഈ പ്രതിസന്ധി സോവിയറ്റ് യൂണിയനിലെ ശാസ്ത്രവളർച്ചയിലുണ്ടായില്ല. വിജ്ഞാനനിർമിതിയിലും വൈവിധ്യവൽക്കരണത്തിലും ഏറെ മുന്നിൽ നിന്ന, വിഭവസമൃദ്ധിയനുഭവിച്ചിരുന്ന പാശ്ചാത്യരാജ്യങ്ങളോട് കിടപിടിക്കാൻ ദീർഘകാലമെടുത്തുവെങ്കിലും സോവിയറ്റ് ശാസ്ത്രത്തിന്റെ വളർച്ച അത്ഭുതാവഹമായിരുന്നു.

1964 ലെ സോവിയറ്റ് സയന്‍സ് മാഗസിന്റെ കവര്‍

സുനിശ്ചിതമായ ഉദ്ദേശലക്ഷ്യങ്ങളോടെ ശാസ്ത്രഗവേഷണം പുനഃസംഘടിപ്പിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്താൽ ഓരോ രാജ്യത്തെയും ശാസ്ത്രത്തിന്റെ വളർച്ചയിൽ വലിയ പുരോഗതി കൈവരിക്കാനാവും എന്നതിന്റെ ഉദാഹരണമായിരുന്നു സോവിയറ്റ് ശാസ്ത്രമേഖലയുടെ വളർച്ചയും വികാസവും.

ശാസ്ത്രത്തിന്റെ സംഘാടനത്തിലും പ്രയോഗത്തിലും ഏറെ മാറ്റങ്ങൾ വന്നിരിക്കുന്നു. സോവിയറ്റ് മാതൃക ശിഥിലമാകുകയും സോഷ്യലിസ്റ്റ് ചേരി തീരെ ദുർബലമാകുകയും ചെയ്തു. മൂന്നാംലോകരാജ്യങ്ങൾ ഏറെക്കുറെ അപ്പാടെ പുത്തൻ സാമ്പത്തിക പരിഷ്‌കാരങ്ങൾക്കും ഘടനാപരമായ മാറ്റങ്ങൾക്കും വിധേയമായിട്ടുണ്ട്. മനുഷ്യനന്മയിലൂന്നിയ രാഷ്ട്രപുനർനിർമാണം ലക്ഷ്യമാക്കിയോ തദ്ദേശീയ ശാസ്ത്രസംവിധാനങ്ങളെ പുനരുജ്ജീവിപ്പിച്ചോ നടത്തുന്ന ശാസ്ത്രത്തിന്റെ സംഘാടനമല്ല ഈ പുതിയ കാലത്തിന്റെ പ്രത്യേകത. മുതലാളിത്തത്തിന്റെ ശക്തമായ ഉപകരണവും ലാഭസ്രോതസ്സുമായി ശാസ്ത്രമേഖല മാറിയിരിക്കുന്നു. ഇതിന് കാരണമാകുന്ന സാഹചര്യങ്ങൾ സംക്ഷിപ്തമായി പരിശോധിക്കണം.

ശാസ്ത്രം, സാങ്കേതികവിദ്യ, ഉൽപാദനപ്രക്രിയ

ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വികസനം പരസ്പരബന്ധിതമാണ്. ശാസ്ത്രം വളർന്നില്ലെങ്കിൽ സാങ്കേതികവിദ്യ പരമ്പരാഗത കൈത്തൊഴിലുകളിൽ സ്തംഭിച്ചുനിൽക്കും. സാങ്കേതിക വിദ്യയില്ലെങ്കിൽ ശാസ്ത്രത്തിന്റെ ഗതിയും മറിച്ചാകില്ല. കരകൗശലവിദ്യകൾ പരമ്പരാഗതവും നിഗൂഢവുമാണ്. എന്നാൽ ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും കൂടുതൽ യുക്ത്യാധിഷ്ഠിതവും പ്രത്യക്ഷ സ്വഭാവമുള്ളതുമാണ്. മാത്രമല്ല, ആധുനികശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും സംഘടിത സ്വഭാവവുമുണ്ട്. സരളവും ലഘുവുമായ കാര്യങ്ങളിൽ നിന്ന് സങ്കീർണതയിലേക്ക് വളരുകയാണ് ശാസ്ത്രവും സാങ്കേതികവിദ്യയും ചെയ്യുന്നത്. വിജ്ഞാനത്തിന്റെ സ്വഭാവവും അതുതന്നെ. ശാസ്ത്രത്തിന്റെ ഇക്കാണുന്ന ഉപവിഭാഗങ്ങളും രീതിശാസ്ത്രങ്ങളുമൊക്കെ വികസിക്കുന്നതിനു മുമ്പുതന്നെ പ്രായോഗികശാസ്ത്രങ്ങൾ വികസിച്ചുകഴിഞ്ഞിരുന്നല്ലോ.. ഭക്ഷണം, കൃഷി, മൃഗങ്ങളെ മെരുക്കി വളർത്തൽ, ലോഹവിദ്യ, നെയ്ത്ത്, പാത്രനിർമാണം ഇവയൊക്കെ മുമ്പുതന്നെ വികസിച്ചുകഴിഞ്ഞിരുന്നു. ഇതിന്റെ പിന്നിലുള്ള യുക്തിയെയും കരവിരുതിനെയുമൊന്നും ശാസ്ത്രമെന്നോ സാങ്കേതികവിദ്യയെന്നോ വിവക്ഷിക്കുകയും ചെയ്തിരുന്നില്ല. പരമ്പരാഗതമായി കിട്ടിയ സിദ്ധികളോ മാന്ത്രികവിദ്യകളോ എന്ന നിലയിലായിരുന്നു ഇവയെ കണ്ടിരുന്നത്. ബലതന്ത്രത്തിന്റെയും വെടിക്കോപ്പുകളുടെയും കപ്പൽയാത്രകളുടെയും അധിനിവേശത്തിന്റെയുമൊക്കെ വളർച്ചയോടെയാണ് ശാസ്ത്രം വ്യവസായത്തിൽ പ്രസക്തമാകുന്നത്. എന്നാൽ കുറഞ്ഞ കാലയളവിൽ തന്നെ ശാസ്ത്രം വ്യവസായത്തിനു നൽകിയ സംഭാവനകളേക്കാൾ കൂടുതൽ വ്യവസായം ശാസ്ത്രത്തിന് സംഭാവന നൽകാൻ തുടങ്ങി.

ശാസ്ത്രഗവേഷണം ഉൽപ്പാദനത്തെ ഗണ്യമായി ബാധിക്കാൻ തുടങ്ങുന്നത് ഈ കാലഘട്ടത്തിലാണ്. യാഥാർത്ഥത്തിൽ ചെറുകിട ഉൽപ്പാദന ഏകകങ്ങളിൽ സാങ്കേതികവിദ്യ അത്ര സങ്കീർണമായിരിക്കില്ല. എന്നാൽ വൻതോതിലുള്ള ഉൽപാദനം വ്യാവസായികാടിസ്ഥാനത്തിൽ ആരംഭിക്കുന്നതോടെ ശാസ്ത്രത്തിന്റെ പ്രയോഗം അനിവാര്യമായിത്തുടങ്ങി. ഉൽപ്പാദനത്തിന്റെ തോത് വർധിക്കുക, അസംസ്‌കൃത പദാർത്ഥങ്ങൾ, സമയം എന്നിവ വെട്ടിക്കുറച്ച് ലാഭം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ നേടാൻ കൃത്യതയും വേഗതയും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി,

ഇതിനായി ഗവേഷണ പദ്ധതികൾ കൂടിയേ തീരൂ. ഒരു ഉല്പാദന പ്രക്രിയ മെച്ചപ്പെടുത്താനാണ് ആദ്യം ശാസ്ത്രം ഉപയോഗിക്കപ്പെടുന്നതെങ്കിൽ പിന്നീട് അതിനെ പൂർണമായി നിയന്ത്രിക്കാനാണ് ശാസ്ത്രം ശ്രമിക്കുക. ഇത് ഉൽപാദനത്തിലെ സർവ്വ ബന്ധങ്ങളെയും ഉപാധികളെയും ബാധിക്കുന്ന തരത്തിലേക്ക് വിപുലപ്പെടുന്നു. വിജ്ഞാനമാണ് ഈ പ്രക്രിയയുടെ നിയാമകഘടകം എന്ന സ്ഥിതിയിലെത്തുന്നു. വിജ്ഞാനത്തിന്റെ ഉടമസ്ഥാവകാശം കയ്യാളുന്നവർക്ക് പ്രത്യക്ഷമായും പരോക്ഷമായും ഉൽപാദനോപാധികളുടെ മേലും ഉൽപ്പാദന ബന്ധങ്ങളുടെ മേലും ആധിപത്യം കൈവരുന്നു.
മനുഷ്യക്ഷേമത്തിനുവേണ്ടി ശാസ്ത്രത്തെ ഉപയോഗിക്കുക എന്നതിൽ നിന്നും ലാഭത്തിനുവേണ്ടി ശാസ്ത്രത്തെ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുക എന്ന ബൃഹത്തായ പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കി വരുന്നത്. ലാഭം ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ശാസ്ത്രം വികസിക്കുമ്പോൾ ലാഭമുണ്ടാകാവുന്ന മേഖലകളിൽ മാത്രമായി ശാസ്ത്രത്തിന്റെ നിക്ഷേപം ചുരുങ്ങുന്നു. ലാഭം പെട്ടെന്നുണ്ടാക്കാൻ കഴിയാത്ത മേഖലകളിൽ ശാസ്ത്രഗവേഷണവും അതിനു വേണ്ട മുതൽ മുടക്കും കുറയുന്നതിന് പ്രത്യേകിച്ച് കാരണങ്ങൾ അന്വേഷിക്കേണ്ടതില്ല.

മത്സരാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വൻ കുത്തകകളാണ് ശാസ്ത്രത്തെ പ്രായോഗിക തലത്തിൽ നിയന്ത്രിക്കുന്നതെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. വിജ്ഞാനസൃഷ്ടി എന്ന പ്രക്രിയ ഏറിയപങ്കും ഇവരിൽ മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നു. അതുനടക്കുന്ന ശാസ്ത്രശാഖകളിലൊക്കെ ലാഭത്തിന്റെയും മൂലധനത്തിന്റെ വ്യാപനത്തിന്റെയും സാധ്യതകളുടെ അടിസ്ഥാനത്തിൽ മാത്രം ഗവേഷണം സംഘടിപ്പിക്കുന്ന അവസ്ഥകളുണ്ടാകുന്നു.
മറ്റു മേഖലകളിൽ ഗവേഷണം നടത്തുന്നതിനുള്ള സാധ്യതകൾ ഇവരുടെ ദയാവായ്പുകൊണ്ടുമാത്രം ലഭിക്കുന്ന ധനസഹായത്താൽ ഒതുങ്ങിപ്പോകുകയും ചെയ്യുന്നു.
വിജയിച്ച ഗവേഷണപദ്ധതികളുടെ പ്രയോജനം വൻകിട കുത്തകകൾക്ക് മാത്രം ലഭിക്കുന്ന അവസ്ഥ ഇങ്ങനെയാണ് സംജാതമാകുന്നത്. നവീന സാങ്കേതികവിദ്യകൾ പ്രാപ്യമല്ലാത്ത ചെറുകിട ഉൽപാദകർക്ക് ക്രമേണ രംഗം വിടേണ്ടിവരുന്നു. വൻ മുതൽമുടക്കിന് ത്രാണിയില്ലാത്തവർ മത്സരരംഗത്തു നിന്ന് അതിവേഗം പിന്തള്ളപ്പെട്ടു പോകും.

ലാഭാധിഷ്ഠിതമായി മാത്രം ശാസ്ത്രഗവേഷണം നടത്തുന്നത് വൻകിട കുത്തകകളുടെ ആധിപത്യം ശാസ്ത്രത്തിന്റെ ജനകീയവൽക്കരണത്തെ ഗണ്യമായി ബാധിക്കുന്നുവെന്ന് വ്യക്തമായിട്ടുള്ളതാണ്. ശാസ്ത്രവിജ്ഞാനം മാനവരാശിയുടെ പൊതുസ്വത്ത് എന്ന സങ്കൽപനം കമ്പോളാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ സുസാധ്യമല്ല. ഏവർക്കും പ്രയോജനപ്പെടുന്ന വിജ്ഞാനം ഉൽപ്പാദിപ്പിക്കാൻ മത്സരബുദ്ധിയോടെ മുന്നേറുന്ന ഉൽപ്പാദക കുത്തകകൾക്ക് താല്പര്യമില്ല. അങ്ങനെയായാൽ ഗവേഷണത്തിനുവേണ്ടി വരുന്ന മുതൽമുടക്കിന് വേണ്ടത്ര ലാഭമുണ്ടാക്കാൻ അവർക്കു ബൗദ്ധിക സ്വത്തവകാശം, ഗവേഷകർക്കുള്ള ഉയർന്ന പ്രതിഫലം എന്നിവയാണ് ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നത്. ഈ പ്രതിഫലവും പ്രോത്സാഹനവും കൂടുതൽ ലഭിക്കുന്ന മേഖലകളിൽ കൂടുതൽ ഗവേഷണ വികസസന പ്രവർത്തനങ്ങൾ നടക്കും. ഈ സംവിധാനങ്ങളെയും നിയന്ത്രിക്കുന്നത് ആത്യന്തികമായി ഗവേഷണത്തിൽ മുതൽ മുടക്കാണ്.

ശാസ്ത്രം സാമ്പത്തിക വളർച്ചക്ക് നൽകുന്ന സംഭാവനകൾക്ക് അനുരൂപമായി ഗവേഷണത്തിൽ പൊതുമേഖലയിൽ നിന്ന് നിക്ഷേപമുണ്ടാകാത്തിടത്തോളം ലാഭാധിഷ്ഠിതമായ, പ്രത്യേക താൽപര്യങ്ങൾ മാത്രം മുൻനിർത്തിയുള്ള ഗവേഷണ പദ്ധതികൾക്കും സ്ഥാപനങ്ങൾക്കും പ്രാമുഖ്യം ലഭിക്കും.

മാര്‍ച്ച് ഫോര്‍ സയന്‍സ് പോസ്റ്ററുകള്‍ കടപ്പാട് socialsciencespace.com

വർത്തമാനകാല ശാസ്ത്ര ഗവേഷണം : ചില നിരീക്ഷണങ്ങൾ

ആധുനിക ശാസ്ത്രഗവേഷണം സങ്കീർണവും വൻമുടക്കുമുതൽ ആവശ്യപ്പെടുന്നതുമാണ്. ലോകമെമ്പാടുമുള്ള സർവകലാശാലകളും ഗവേഷണസ്ഥാപനങ്ങളും സ്വകാര്യമേഖലയുടെ ധനസഹായത്തോടെയാണ് ആധുനികമായ ശാസ്ത്രസ്മരണകളിൽ ഗവേഷണം നടത്തുന്നത്.

കടപ്പാട് : visualcapitalist
ഗവേഷകശക്തികളായ അമേരിക്കയും ചൈനയും യൂറോപ്യൻ യൂണിയനും യഥാക്രമം അവരവരുടെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 2.74, 2.107, 1.64 ശതമാനം ഇങ്ങനെയാണ് ഗവേഷണത്തിനുവേണ്ടി ചെലവഴിക്കുന്നത്. ഇന്ത്യയാകട്ടെ 0.83 ശതമാനവും. ഈ തുകയുടെ 38.1 ശതമാനവും സ്വകാര്യമേഖലയുടെ സംഭാവനയാണ്.
ഇന്ത്യയിലെ തൊണ്ണൂറുശതമാനം പേറ്റന്റുകളും സ്വകാര്യമേഖലയിൽനിന്നുള്ള തുക കുത്തകകളുടേതാണ്. ഇതിൽ നിന്നുതന്നെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഈ രംഗത്തെ സംഭാവനയുടെ വ്യാപ്തി വ്യക്തമാണ്. സുപ്രധാന മേഖലകളിലെ ബൗദ്ധിക സ്വത്തവകാശം ഏറിയ പങ്കും സ്വകാര്യമേഖലയുടെ കൈവശമാണെന്നർത്ഥം. ഇതിനെ മറികടക്കുന്നതിന് വലിയതോതിൽ പൊതുഗവേഷണ മേഖലയെ നവീകരിക്കുകയും കൃത്യമായ ലക്ഷ്യബോധത്തോടെ പുനഃസ്ഥാപിക്കുകയുമാണ് മാർഗം. ഇന്ത്യയിലെ സർവകലാശാലകൾ, ഗവേഷണസ്ഥാപനങ്ങൾ എന്നിവയെ പ്രാഥമിക മേഖലകളിലെ പ്രശ്‌നപരിഹാരങ്ങൾക്കും ചെറുകിട സംരംഭകരുടെ സാങ്കേതികാവശ്യങ്ങൾ നിറവേറ്റുന്നതിനും ആരോഗ്യം, ശുചിത്വം, കൃഷി, ചെറുകിട വ്യവസായം, പരിസ്ഥിതി സൗഹൃദ ഉൽപ്പാദനം എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി പ്രേരിപ്പിക്കേണ്ടതുണ്ട്. ഇതിനായി വേണ്ടിവരുന്ന വലിയ മുതൽമുടക്കിന് ഗവേഷണത്തെ വിട്ടുകൊടുക്കുന്നത്, ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് പ്രതിബന്ധം സൃഷ്ടിക്കും. ചില സവിശേഷ മേഖലകളിൽ സ്വകാര്യ ഗവേഷകരുടെയും കുത്തകകളുടെയും പ്രവർത്തനങ്ങൾ പൊതുജനാരോഗ്യം മുൻനിർത്തി നിയന്ത്രിക്കാനും കഴിയണം. ശാസ്ത്രഗവേഷണത്തിന്റെ ഫലങ്ങൾ മാനവരാശിയുടെ പൊതുസ്വത്ത് എന്ന മുദ്രാവാക്യം ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെങ്കിലും പരിപൂർണമായി കമ്പോളമുക്തമായ ശാസ്ത്രഗവേഷണം എന്ന സങ്കല്പം ശാസ്ത്രത്തോളം പ്രായോഗികമാണോയെന്ന് ചർച്ചചെയ്യേണ്ടതുണ്ട്. എന്നാൽ ഭാഗികമായെങ്കിലും ശാസ്ത്രഗവേഷണത്തിന്റെ ഫലങ്ങൾ സൗജന്യമായോ ചെലവുകുറച്ചോ ഉപയുക്തമാക്കുന്നതിന്റെ ബദൽമാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ജനപക്ഷശാസ്ത്രഗവേഷണം എന്ന അജണ്ട പൂർവാധികം ശക്തമായി ഉന്നയിക്കേണ്ടിയിരിക്കുന്നു.

പൊതുമേഖലയിലെ ശാസ്ത്രഗവേഷണത്തിനുള്ള മൂലധനനിക്ഷേപം പലമടങ്ങ് വർധിപ്പിക്കുകയും ഗവേഷകരുടെ ശേഷി വർധിപ്പിക്കുകയും വേണം.
കൃത്യമായ വികസനലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള ബൃഹത്തായ ശാസ്ത്രഗവേഷണ പദ്ധതികൾക്ക് രൂപംകൊടുക്കണം. ശാസ്ത്രഗവേഷണത്തിന്റെ കുത്തകവത്കരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇത്തരത്തിലുള്ള പഠനങ്ങൾ അനിവാര്യമാണ്. ഈ ലക്ഷ്യം മുൻനിർത്തിയുള്ള നയരൂപീകരണത്തിന് സമ്മർദ്ദം ചെലുത്തുക എന്നതാണ് നമ്മുടെ വർത്തമാനകാല ചുമതല.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എരിതീയിൽ ഓസ്‌ട്രേലിയ
Next post ഇന്ന്‌ രാത്രിയില്‍ ഗ്രഹണം കാണാം
Close