Read Time:12 Minute

Vaisakhan Thampi
വൈശാഖൻ തമ്പി

ഏത് ഭാഷയിലായാലും, സ്വതന്ത്രമായ നിലനില്പുള്ള ഏറ്റവും ചെറിയ യൂണിറ്റാണ് ഒരു വാക്ക്. നമ്മൾ പലതരം വാക്കുകൾ ഉപയോഗിക്കാറുണ്ട്. ചില വാക്കുകൾ ഒരേ ഭാഷയിൽ തന്നെ പല അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, കരി എന്നാൽ കരക്കട്ടയോ ആനയോ ആകാം. അതുപോലെ ചില വാക്കുകൾ പല ഭാഷകളിൽ പൊതുവായിട്ട്, പല അർത്ഥങ്ങളിൽ ഉപയോഗിക്കപ്പെടാറുമുണ്ട്. ഉദാഹരണത്തിന്, ‘കലം’ എന്ന വാക്ക് മലയാളത്തിലും ഹിന്ദിയിലും വ്യത്യസ്ത വസ്തുക്കളെയാണ് സൂചിപ്പിക്കുന്നത്.

ഇതൊക്കെ എല്ലാവരും എപ്പോഴും ശ്രദ്ധിക്കുന്ന കാര്യങ്ങൾ തന്നെയാണ്. എന്നാൽ പൊതുവേ അത്ര ശ്രദ്ധിക്കപ്പെടാത്ത ഒരുതരം അർത്ഥവ്യത്യാസമുണ്ട്. ഒരേ വാക്കിന്, ഒരു ഭാഷയിലെ സാധാരണ വ്യവഹാരത്തിലെ അർത്ഥവും, അതേ ഭാഷയിൽ ഒരു പ്രത്യേക വിജ്ഞാനമേഖലയിലുള്ള സാങ്കേതിക അർത്ഥവും തമ്മിലുള്ള വ്യത്യാസമാണത്. എല്ലാ മേഖലകളിലും ബാധകമാണെങ്കിലും, ഇവിടെ ഫിസിക്സിലെ ഒരു ഉദാഹരണമെടുക്കാം.

‘നല്ല ബലമുള്ള കമ്പി’ എന്നതൊരു പരസ്യവാചകമാണ്. അതായത്, അതൊരു പൊതുവ്യവഹാരമാകുന്നു. ഇനി അതിലെ ബലം എന്ന വാക്ക് ഒന്ന് പരിഗണിക്കാം. ഇത് മലയാളം മീഡിയത്തിൽ പഠിച്ച ആളുകൾ സ്കൂളിൽ പല തവണ പഠിച്ചിട്ടുള്ള ഒരു സാങ്കേതികപദം കൂടിയാകുന്നു. ന്യൂട്ടന്റെ ചലനനിയമത്തിൽ അസന്തുലിതമായ ബാഹ്യ’ബല’ത്തെ കുറിച്ചും, ആക്കവ്യത്യാസത്തിന് കാരണമാകുന്ന ‘ബല’ത്തെ കുറിച്ചുമൊക്കെ നാം പഠിച്ചതാണ്. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവർ അതേ വാക്ക് Force എന്നായിട്ട് പരിചയപ്പെട്ടു. അവർക്കും ഫോഴ്സിന്റെ മലയാളം പരിഭാഷ ബലം എന്നാണെന്ന് അറിയേണ്ടതാണ്. എന്നാൽ ആ ബലമാണോ, ‘ബലമുള്ള കമ്പി’യിലെ ‘ബലം’? ‘ബല’പ്പിച്ച് കെട്ടുന്നതിലെ ‘ബലം’? ആ ഫോഴ്സാണോ, ‘force’fully എന്നതിലെ force? അതാണോ മാർവൽ കോമിക്സിൽ പറയാറുള്ള ഫോഴ്സ്? അതാണോ റെയ്ക്കിയും ഹോമിയോപ്പതിയുമൊക്കെ പറയുന്ന ‘vital force’ ലെ ‘ഫോഴ്സ്’?

അല്ലേയല്ല. സയൻസിൽ അങ്ങനെ ഒരു വാക്കിനെ അയഞ്ഞ അർത്ഥത്തിൽ എടുത്ത് പ്രയോഗിക്കാൻ പറ്റില്ല. അവിടെ അർത്ഥം വളരെ കണിശമായതാണ്. ബലമുള്ള കമ്പി എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്ന ബലം എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇനി ഓർത്തുനോക്കൂ, ആ ബലം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വിശദീകരിക്കാൻ ശ്രമിച്ചാൽ നിങ്ങൾ എന്ത് പറയും? എളുപ്പത്തിൽ വളയാത്തത്, എളുപ്പത്തിൽ പൊട്ടാത്തത്, എളുപ്പത്തിൽ ഒടിയാത്തത്, എളുപ്പത്തിൽ ഞെരുക്കാൻ പറ്റാത്തത് എന്നിങ്ങനെ പലതും പറയാനാകും. ഇപ്പറഞ്ഞ ഒടിയലും, പൊട്ടലും, ഞെരുങ്ങലും വളയലും ഒക്കെ വെവ്വേറെ ഗുണങ്ങളാണ്. പക്ഷേ ബലം എന്ന വാക്കിന് ഇതിനെ എല്ലാം ധ്വനിപ്പിക്കാൻ കഴിയുന്നു. പൊതുവ്യവഹാരത്തിൽ ഇതൊരു നല്ല കാര്യമാണ്. അത് ആശയവിനിമയം എളുപ്പമാക്കുന്നു. കേൾക്കുന്ന എല്ലാവർക്കും വിശദീകരണമൊന്നുമില്ലാതെ അത് മനസ്സിലാവുമല്ലോ.

എന്നാൽ അതേ കമ്പിയെ ബലമുള്ള കമ്പിയാക്കാൻ ശ്രമിച്ച ഒരു മെറ്റീരിയൽ സയന്റിസ്റ്റിനോട് അതേപ്പറ്റി ചോദിച്ചാൽ അദ്ദേഹം ബലമെന്ന വാക്ക് ഉപയോഗിക്കാൻ സാധ്യതയില്ല. ആ കമ്പിയുടെ ഗുണങ്ങൾ അയാളെ സംബന്ധിച്ച് Rigidity modulus, Young’s modulus, tensile strength, Yield strength, Hardness, Stiffness, എന്നിങ്ങനെ പല വാക്കുൾ കൊണ്ട് മാത്രം പൂർണമാകുന്നത്ര സങ്കീർണമാണ്. സാധാരണവ്യവഹാരത്തിൽ ഇതെല്ലാം കൂടി ബലം എന്ന ഒറ്റവാക്കിൽ പറഞ്ഞുതീർത്തേക്കാം. പക്ഷേ കൂടിയ hardness ഉം വളരെ കുറഞ്ഞ stiffness ഉം ഉള്ള ഒരു വസ്തുവിനെ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ ആ വാക്ക് ഫലത്തിൽ ഉപയോഗശൂന്യമാകുമെന്ന് കാണാം. ഇതാണ് സയൻസിൽ സാങ്കേതികപദങ്ങളുടെ പ്രസക്തി.

ബലത്തിലേയ്ക്ക് മടങ്ങിവരാം. സ്കൂളിൽ ഫിസിക്സ് പുസ്തകത്തിൽ ബലം എന്ന സംഗതി പഠിക്കുന്നതിന് മുന്നേ തന്നെ നിങ്ങൾ ബലം എന്ന വാക്ക് പരിചയപ്പെട്ടിട്ടുണ്ട്. അക്കാരണം കൊണ്ട്, ക്ലാസ്സിൽ അതിനെ പറ്റി പഠിക്കുമ്പോഴും ‘ഓ ബലം! അതെനിക്കറിയാലോ’ എന്ന ചിന്തയോടെയാണ് നിങ്ങളത് പഠിച്ചതെങ്കിൽ, ഠിം! ഫിസിക്സിലെ ബലം നിങ്ങൾക്കവിടെ അന്യമായി. കാരണം നിങ്ങൾക്കറിയാവുന്ന ആ ‘ബല’മല്ല, ഫിസിക്സ് ക്ലാസ്സിൽ പഠിക്കാനുണ്ടായിരുന്ന ‘ബലം’. അതെന്താണെന്നതിന് കണിശമായ ഒരു നിർവചനം അവിടെത്തന്നെ പറയുന്നുണ്ട്. അസന്തുലിതമായി, പുറത്തുനിന്ന് (unbalanced and external) പ്രയോഗിക്കപ്പെട്ടാൽ വസ്തുവിന്റെ പ്രവേഗത്തെ (velocity) മാറ്റാൻ കഴിയുന്ന ഒരു ഭൗതിക അളവ് എന്നാണ് ബലത്തെ അവിടെ നിർവചിച്ചത്. അതാണ് ബലം, അത് മാത്രമാണ് ബലം. നിങ്ങൾ ഒരു മേശയെ തള്ളുമ്പോൾ, അവിടെ പ്രയോഗിക്കുന്ന ബലം മേശയുടെ സ്ഥാനം മാറ്റുന്നത് നമുക്ക് കാണാം. പക്ഷേ ബലം സത്യത്തിൽ മേശയുടെ velocity-യിലാണ് മാറ്റം വരുത്തുന്നത്. അതിന്റെ ഫലമായി അതിന്റെ സ്ഥാനം മാറുന്നു എന്നേയുള്ളൂ. തള്ളൽ എന്ന ദൈനംദിന അനുഭവത്തിൽ നിന്നും, സ്ഥാനമാറ്റത്തിനപ്പുറം പ്രവേഗമാറ്റം എന്ന പൊതുസവിശേഷത തിരിച്ചറിഞ്ഞതാണ് ഐസക് ന്യൂട്ടനെ നമ്മളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഭൂമിയുടെ ഗുരുത്വാകർഷണം ഒരു ബലം ആയി പരിഗണിച്ചതും ഇതേ ലോജിക്കിലാണ്. അത് പ്രയോഗിക്കപ്പെടുമ്പോൾ വസ്തുവിന്റെ പ്രവേഗത്തിലാണ് മാറ്റം വരുന്നത്. കമ്പി എളുപ്പത്തിൽ വളയ്ക്കാനാകുമോ എന്ന് ചോദിക്കുമ്പോൾ, നമ്മളവിടെ ഈ ‘ബല’ത്തെ കുറിച്ചല്ല പറയുന്നത്, Young’s modulus എന്നറിയപ്പെടുന്ന, മറ്റൊരു കണിശമായ നിർവചനമുള്ള അളവിനെ കുറിച്ചാണ്. അതിനുള്ളിൽ ‘ബലം’ എന്ന അളവും അടങ്ങിയിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷേ ബസ്സിൽ സീറ്റുണ്ട് എന്നതുകൊണ്ട്, സീറ്റല്ലല്ലോ ബസ്സ്!

ഫിസിക്സിൽ Force എന്ന വാക്കിന് തന്നെ അർത്ഥവ്യത്യാസമുള്ള വകഭേദങ്ങളുണ്ട്. ഉദാഹരണത്തിന്, പ്രവേഗം കൂട്ടുന്ന ബലത്തെ Thrust എന്നും, പ്രവേഗം കുറയ്ക്കുന്ന ബലത്തെ Drag എന്നുമാണ് വിളിക്കുന്നത്. മറ്റൊരു പ്രധാനപ്പെട്ട വകഭേദമാണ് Torque. ഒരു വസ്തുവിനെ കറക്കുന്ന ആവശ്യത്തിന് നിങ്ങൾ എത്രബലം പ്രയോഗിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് അത് എവിടെ ഏത് ദിശയിൽ പ്രയോഗിക്കുന്നു എന്നതും. ജനാലയുടെ വാതിൽപ്പാളി അടയ്ക്കുമ്പോൾ പാളിയുടെ അറ്റത്തും, വിജാഗിരിയോട് ചേർന്ന ഭാഗത്തും പിടിച്ച് തിരിക്കുന്നത് ഉണ്ടാക്കുന്ന വ്യത്യാസം ശ്രദ്ധിച്ചിട്ടില്ലേ? അവിടെ നിങ്ങൾ പ്രയോഗിക്കുന്നത് ടോർക്ക് ആണ്. അത് ബലം പോലെ തോന്നുമെങ്കിലും, ഒരു ഫിസിസിസ്റ്റിന് രണ്ടും വെവ്വേറെ അളവുകളാണ്.

സാങ്കേതികപദാവലികൾ സൂക്ഷ്മമായ അർത്ഥവ്യത്യാസത്തെ പോലും പരിഗണിച്ചുകൊണ്ടുള്ള, ഗൗരവകരമായ ആശയവിനിമയത്തിനാണ് ഉപയോഗപ്പെടുന്നത്. അതുകൊണ്ട് തന്നെ പൊതുവ്യവഹാരത്തിൽ അതിന്റെ ആവശ്യം വരില്ലായിരിക്കാം. എന്നാൽ ആഴത്തിലുള്ള വിശകലനത്തിന് അങ്ങനെ പോരാ. അതുകൊണ്ട് തന്നെ സാധാരണക്കാർക്ക് പരിചയമില്ലാത്ത അസംഖ്യം വാക്കുകൾ ഓരോ വിജ്ഞാനമേഖലയുടേയും സാങ്കേതികപദാവലിയിൽ ഉണ്ടാകും. 

മെഡിക്കൽ സയൻസൊക്കെ ശ്രദ്ധിച്ചാലറിയാം. ‘പോളിസൈത്തീമിയ റുബ്രാ വേര’ എന്നൊക്കെ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഉപയോഗിക്കുന്നത് ഡോക്ടർമാർക്ക് ഷോ-ഓഫിനല്ല. സാധാരണക്കാർക്ക് ചുമ്മാ ക്യാൻസർ എന്ന് പറഞ്ഞാൽ തീർക്കാവുന്ന വിഷയം ഡോക്ടറെ സംബന്ധിച്ച്, ഏത് അവയവത്തിന്റെ, ഏത് ഭാഗത്ത്, അതിന്റെ ഏത് പ്രവർത്തനവശത്തിൽ, ഏത് രീതിയിൽ ബാധിച്ചിരിക്കുന്ന ക്യാൻസർ എന്നൊക്കെ കൃത്യമായി പറയേണ്ട ആവശ്യമുണ്ട്. ഒരേ അവയവത്തിന്റെ, ഒരേ ഭാഗത്ത്, അതിന്റെ ഒരേ പ്രവർത്തനവശത്തെ ബാധിക്കുന്ന, എന്നാൽ വ്യത്യസ്ത രീതിയിൽ പ്രവർത്തിക്കുന്ന രണ്ട് തരം ക്യാൻസറുകൾ ഉണ്ടായേക്കാം. അങ്ങനെയെങ്കിൽ അവയ്ക്ക് ചികിത്സാരീതിയും മരുന്നും ഒക്കെ വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് Hodgkin lymphoma, Non-Hodgkin lymphoma എന്നിങ്ങനെ രണ്ട് രോഗങ്ങളുണ്ട്. ഇത് രണ്ടും ‘ക്യാൻസറു’കളാണ്. ഇത് രണ്ടും രക്തത്തെ ബാധിക്കുന്ന ‘ബ്ലഡ് ക്യാൻസറു’കളാണ്. രക്തത്തിൽ തന്നെ, വെളുത്ത രക്താണുക്കളെയാണ് ഈ രണ്ട് ക്യാൻസറുകളും ബാധിക്കുന്നത്. അതിൽ തന്നെ ബെയ്സോഫിൽ, ന്യൂട്രോഫിൽ, മോണോസൈറ്റ്, ലിംഫോസൈറ്റ് എന്നിങ്ങനെ പലതരം വെളുത്ത രക്താണുക്കളുണ്ട്. മേൽപ്പറഞ്ഞ രണ്ട് ക്യാൻസറുകളും, അതിൽ ലിംഫോസൈറ്റുകളെ തന്നെയാണ് ബാധിക്കുന്നത്. എന്നിട്ടും അവ വ്യത്യസ്ത രോഗങ്ങളാകുന്നു. അല്ലാതെ ‘ബ്ലഡ് ക്യാൻസറിന് ഇന്ന മരുന്ന്’ എന്ന മട്ടിലൊരു ചികിത്സാവിധി വൈദ്യശാസ്ത്രത്തിലില്ല. അവിടെ രോഗത്തിനെ സംബന്ധിച്ച വിശദമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു വാക്ക് തന്നെ ഉപയോഗിക്കേണ്ടിവരും. അങ്ങനെയാണ് മെഡിക്കൽ പദങ്ങൾ കുപ്രസിദ്ധമാംവിധം കടുകട്ടിയാവുന്നത്.

ചുരുക്കത്തിൽ, ഒരു വിഷയത്തിൽ ആഴത്തിലുള്ള അറിവ് കൂടുന്തോറും നിങ്ങളുടെ സാങ്കേതികപദാവലിയുടെ വലിപ്പവും കൂടും. സാങ്കേതികപദങ്ങളുടെ പ്രാധാന്യം മനസ്സിലായിട്ടില്ല എങ്കിൽ നിങ്ങൾക്കാ വിഷയവും മനസ്സിലായിട്ടില്ല എന്നർത്ഥം.


ലൂക്ക സംഘടിപ്പിക്കുന്ന Science In Action ശാസ്ത്രമെഴുത്ത് പരിപാടിയുടെ ഭാഗമായി എഴുതിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജിയോമിത്തോളജി – മിത്തുകളിലെ ഭൂശാസ്ത്രം !
Next post സ്വയം രോഗനിർണ്ണയം നടത്തുന്ന ഉപകരണങ്ങൾ
Close