

ശാസ്ത്രവും ഞാനും – ശാസ്ത്രത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ആനന്ദം
ഡോ. ജയന്ത് നാര്‍ലിക്കര്‍
പരിഭാഷ – ചന്ദ്രബാബു വി.
എൻ ബി റ്റി പ്രസിദ്ധീകരിച്ച ശാസ്ത്രവും സമൂഹവും എന്ന പുസ്തകത്തിൽ നിന്ന്. Science and Me—The Excitement of Doing Science എന്ന ലേഖനത്തിന്റെ പരിഭാഷ
കച്ചവടമനോഭാവം വിദ്യാഭ്യാസ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്ന കാലത്ത് ചില കാര്യങ്ങള്‍ ആദ്യമേ വ്യക്തമാക്കേണ്ടതുണ്ട്. അറിവിന് വേണ്ടിയുള്ള ദാഹമാണ് ശുദ്ധശാസ്ത്രത്തിനുള്ള പ്രചോദനം. ഇന്നത്തെ നാഗരികതയുടെ മുഖ്യധാരയായി വര്‍ത്തിക്കുന്ന ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഉപരിഘടനയ്ക്ക് അടിത്തറ പാകിയതും അറിവിന് വേണ്ടിയുള്ള ഈ ദാഹം തന്നെയാണ്. പ്രകൃതിയിലെ ദുരൂഹതകള്‍ മനസ്സിലാക്കാന്‍ വേണ്ടി പണ്ഡിതന്മാര്‍ നടത്തിയ പഴക്കം ചെന്നതും തുടര്‍ച്ചയുള്ളതുമായ പ്രവര്‍ത്തനങ്ങളുടെ സ്വാഭാവികമായ വികാസമാണ് ഇന്നത്തെ ശുദ്ധശാസ്ത്രം എന്ന കാര്യം നാം എടുത്തു പറയേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പരമമായ അറിവ് തേടാൻ ശ്രമിച്ച നമ്മുടെ പഴയ സന്ന്യാസിമാര്‍ ഏറെ യാതനകള്‍ സഹിച്ചുകൊണ്ടാണ് പരമമായ ആനന്ദം എന്ന ലക്ഷ്യം കൈവരിച്ചിരുന്നത്. ശാസ്ത്രജ്ഞന്മാരും സത്യത്തിന് വേണ്ടിയുള്ള അന്വേഷണത്തില്‍ സമാനമായ കഷ്ടപ്പാടിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒരു പ്രശ്നത്തിന്റെ പിടികിട്ടാത്ത ഉത്തരം അന്വേഷിക്കുമ്പോള്‍ നാം ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. നമ്മുടെ അസ്ഥിക്കുള്ളില്‍ തന്നെ ആ പ്രശ്നത്തിന്റെ പരിഹാരം നിലനില്ക്കുന്നുണ്ട്. അതു കണ്ടെത്തുമ്പോള്‍ നാം പരമമായ ആനന്ദം അനുഭവിക്കുന്നു.

ശാസ്ത്രത്തിന്റെ ചരിത്രത്തിലുടനീളം നമ്മെ ഏറെ പ്രചോദിപ്പിക്കുന്ന നിരവധി ശാസ്ത്രജ്ഞന്മാരുടെ പേരുകളുണ്ട്. തീര്‍ച്ചയായും അവരും ഈ ക്ലേശങ്ങളുടെയും ആനന്ദത്തിന്റെയും ചക്രങ്ങളിലൂടെ സഞ്ചരിച്ചവരാണ്. ഏതാനും ഉദാഹരണങ്ങള്‍ പരിശോധിക്കുന്നത് പ്രയോജനപ്രദമായേക്കാം.
ഇവിടെ ഏതാനും ശാസ്ത്രജ്ഞന്മാരുടെ പേര് വളരെ അശ്രദ്ധമായി ഞാൻ തെരഞ്ഞെടുത്തതാണ്. എന്നിട്ടും അവരെല്ലാം ഞാന്‍ പഠിച്ച സര്‍വകലാശാലയുടെ ഭാഗമായി പ്രവര്‍ത്തിച്ചവരാണ് എന്നത് യാദൃച്ഛികമാണ് – കേംബ്രിഡ്ഡ് സര്‍വകലാശാലയുടെ. ഞാന്‍ തെല്ലും അതിശയോക്തിയോടെ പറയുന്നതല്ല, ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ ഇത്രയും നീണ്ട പാരമ്പര്യം ലോകത്ത് മറ്റൊരു സ്ഥാപനത്തിനും ഇല്ല എന്ന് തന്നെ പറയാനാകും.

ഐസക് ന്യൂട്ടണ്‍
ഐസക് ന്യൂട്ടണ്‍ ജനിച്ചിട്ട് ഇപ്പോള്‍ 350 വര്‍ഷം കഴിഞ്ഞു. ഇന്ത്യയില്‍ മേഘനാഥ സാഹയുടെയും സത്യേന്ദ്രനാഥ ബോസിന്റെയും ജന്മശതാബ്ദി വൈകാതെ നാം ആഘോഷിക്കുമ്പോൾ, ഒരു ശാസ്ത്രജ്ഞന്റെ 350)ം ജന്മവാര്‍ഷികം ആഘോഷിക്കുന്നത് സങ്കല്പിച്ചു നോക്കൂ.
അസാധാരണമായ പ്രതിഭയുടെയും അതിവിചിത്രമായ കഠിനാധ്വാനത്തിന്റെയും ഒരു ചേരുവയായിരുന്നു ന്യൂട്ടൺ. സയന്‍സിനെ സംബന്ധിച്ച കെട്ടുകഥകളില്‍ സാധാരണ പറഞ്ഞുകേള്‍ക്കാറുള്ള ഒന്നാണ്, വീട്ടിനടുത്തുള്ള ഒരു തോട്ടത്തില്‍ വെറുതെ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തലയില്‍ ഒരു ആപ്പിള്‍ വീണെന്നും അപ്പോഴാണ് ഗുരുത്വാകര്‍ഷണത്തിന്റെ വിപരീതവര്‍ഗനിയമം അദ്ദേഹം കണ്ടെത്തിയത് എന്നും. ഈ കഥ ന്യൂട്ടന്റെ കഴിവുകളോടും അദ്ദേഹത്തിന്റെ മുന്‍ഗാമികളായ കെപ്ലറോടും ഗലീലിയോയോടും ജ്യോതിശ്ശാസ്ത്ര ചരിത്രത്തോടും ചെയ്യുന്ന തികഞ്ഞ അനീതിയില്‍ കുറഞ്ഞ ഒന്നുമല്ല എന്ന് പറയേണ്ടിയിരിക്കുന്നു.
ഇന്നത്തെ ഏറ്റവും പരിഷ്ക്കൃതമായ ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് വിപരീത വര്‍ഗനിയമം അനുമാനിക്കാനാവുന്ന വിധം ആപ്പിള്‍ വീഴുമ്പോഴുള്ള ത്വരണം കൃത്യമായി അളക്കുക എന്നത് അസാധ്യമല്ല എങ്കിലും അത് വളരെ പ്രയാസകരമായ സംഗതിയാണ്. ആപ്പിള്‍ വീഴുന്നതില്‍ നിന്നല്ല ഗ്രഹങ്ങളുടെയും ചന്ദ്രന്റെയും ചലനങ്ങള്‍ മനസ്സിലാക്കാനുള്ള പരിശ്രമത്തില്‍ നിന്നാണ് ഈ വിപരീത വര്‍ഗനിയമം ആവിഷ്കരിച്ചത്. കെപ്ലറുടെ നിയമങ്ങള്‍ ന്യൂട്ടണ് അറിയാമായിരുന്നു. ഗ്രഹങ്ങളുടെ സഞ്ചാരപാത കണക്കാക്കാനുള്ള ഒരു ഗണിതശാഖ അദ്ദേഹം കണ്ടെത്തി. കാല്‍ക്കുലസ് എന്ന പേരിലാണ് ആ ശാഖ ഇന്ന് അറിയപ്പെടുന്നത്. നോബൽ സമ്മാന ജേതാവായ ജ്യോതിശ്ശാസ്ത്രജ്ഞൻ പ്രൊഫ. എസ്.ചന്ദ്രശേഖർ ന്യൂട്ടന്റെ പ്രിന്‍സിപ്പിയയയിലുള്ള നിര്‍ദേശങ്ങള്‍ മുഴുവൻ പരിശോധിച്ച ആളാണ്. മിക്കവാറും എല്ലാ സന്ദർഭങ്ങളിലും മൂന്ന് നൂറ്റാണ്ട് മുമ്പുള്ള ന്യൂട്ടന്റെ നിര്‍ധാരണങ്ങള്‍ തന്റെ ആധുനിക കാലത്തെ നിര്‍ധാരണങ്ങളേക്കാള്‍ എന്തുകൊണ്ടും ഗംഭീരമാണെന്നാണ് പ്രൊഫ.എസ്.ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാൽ അദ്ദേഹം അഭിമുഖീകരിച്ച ക്ലേശങ്ങളെക്കുറിച്ചൊന്നും നമുക്ക് ലഭിച്ച ‘പ്രിൻസിപ്പിയ’ എന്ന ഗ്രന്ഥത്തിൽ കാണാനാവുകയില്ല. ന്യൂട്ടന്റെ ജീവചരിത്രങ്ങള്ളിൽ ചിലത് ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെ ഭാഗമായി അദ്ദേഹം കടന്നുപോയ സഹനങ്ങളെക്കുറിച്ചുള്ള ചില സൂചനകള്‍ നല്കുന്നുണ്ട് .
അദ്ദേഹത്തിന്റെ സമകാലികര്‍ ന്യൂട്ടണെ എങ്ങനെ നോക്കിക്കണ്ടു എന്നത് താഴെ കൊടുത്തിട്ടുള്ള സൂചനകളില്‍ നിന്ന് വ്യക്തമാകും.
“ഭക്ഷണം കഴിക്കാനായി ഹാളിലെത്തിയപ്പോള്‍ അദ്ദേഹം തന്നെപ്പോലും ശ്രദ്ധിക്കാത്ത മട്ടിലായിരുന്നു. ഭക്ഷണം വല്ലതും കഴിക്കുന്നതിന് മുമ്പേ അദ്ദേഹത്തിന്റെ വസ്ത്രം അഴിഞ്ഞുവീണിരുന്നു. വലിയ മേലങ്കി അണിയുന്ന ദിവസങ്ങളില്‍ അദ്ദേഹം കോളേജില്‍ പോകുന്നതിന് പകരം സെന്റ് മേരീസ് പള്ളിയിലേക്കാണ് പോവുക. അല്ലെങ്കില്‍ ചിലപ്പോൾ ആ വസ്ത്രവുമായി ഡിന്നര്‍ ഹാളിലേക്ക് പോകും. സ്വന്തം ചേമ്പറില്‍ സുഹൃത്തുക്കളെ ശ്രദ്ധിക്കാനുണ്ടാകുമ്പോള് അദ്ദേഹം വീഞ്ഞുകുപ്പിയെപ്പറ്റി പഠിക്കാന്‍ തുടങ്ങും. തലയില്‍ ഒരു ചിന്ത വന്നാല്‍, തന്റെ സ്നേഹിതരെയെല്ലാം മറന്ന് അദ്ദേഹം കടലാസിൽ തന്നെ നോക്കിയിരിക്കുമായിരുന്നു.”
– പി.സ്റ്റുക്കലേ
“അദ്ദേഹം എപ്പോഴും പഠനത്തിലായിരിക്കും. വളരെ വിരളമായേ ആരെയെങ്കിലും കാണാൻ ചെല്ലാറുള്ളൂ. അദ്ദേഹത്തിനും സന്ദര്‍ശകര്‍ തീരെ കുറവായിരിക്കും. രണ്ടോ മൂന്നോ പേര് ഒഴികെ. കെയ്സിലെ മിസ്റ്റർ എല്ലിസ്, ട്രിനിറ്റിയിലെ മിസ്റ്റര്‍ ലോഗം, രസതന്ത്രജ്ഞനായ മിസ്റ്റര്‍ വിഗാനി എന്നിവരുടെ സൗഹൃദത്തില്‍ അദ്ദേഹം ഏറെ ഉന്മേഷവും സന്തോഷവും കണ്ടെത്തിയിരുന്നു. അദ്ദേഹം സവാരിക്കോ, നടക്കാനോ, പന്ത് കളിക്കാനോ പോകാറില്ല. എന്തെങ്കിലും വ്യായാമങ്ങളിലോ വിനോദങ്ങളിലോ ഏര്‍പ്പെടുന്നതായും എനിക്ക് മനസ്സിലാക്കാനായിട്ടില്ല. പഠിക്കാനുള്ള സമയം നഷ്ടപ്പെട്ടുകൂടാ എന്ന് മാത്രമാണ് എപ്പോഴും ചിന്തിച്ചിരുന്നത്. പഠനത്തെ അദ്ദേഹം എന്നും ഏറെ പ്രിയതരമായി കണ്ടു. അദ്ദേഹം തന്റെ മുറി വിട്ട് അധികം പുറത്തിറങ്ങിയിരുന്നില്ല. സ്കൂളില്‍ പഠിക്കുന്ന കാലത്തും ആളില്ലാതെ ക്ലാസ്സില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന സമയത്തും ഒഴികെ. വിശേഷദിവസങ്ങളിൽ അല്ലാതെ ഭക്ഷണഹാളില്‍ പോലും അദ്ദേഹം ചുരുക്കമായേ പോകാറുള്ളൂ. ആരും ശ്രദ്ധിക്കുന്നില്ല എന്നുറപ്പാണെങ്കില്‍, എല്ലാറ്റിലും അദ്ദേഹം വളരെ അലസനായിരുന്നു. ഷൂസ് ധരിക്കുന്നതിലും കാലുറ ധരിക്കുന്നതിലും മേല്‍ വസ്ത്രം ധരിക്കുന്നതിലും മുടി ചീകുന്നതിലുമെല്ലാം ഈ അലസത കാണാമായിരുന്നു. ”
– ഹംഫ്രി ന്യൂവണ്‍
ഇതാണ് എന്റെ ആദ്യ ഉദാഹരണം. ഇനി രണ്ടു നൂറ്റാണ്ടിന് ശേഷമുള്ള രണ്ട് മഹാന്മാരായ ശാസ്ത്രജ്ഞരെക്കുറിച്ച് പറയാം. കെല്‍വിനും മാക്‌സ്‌വെലും.


കെൽവിനും മാക്‌സ്‌വെലും
കെല്‍വിന്‍ പ്രഭു ആദ്യകാലത്ത് തോംസണ്‍ എന്ന കുടുംബപ്പേരില്‍ ആയിരുന്നു അറിയപ്പെട്ടിരുന്നത്. തോംസണും മറ്റൊരു യുവാവായ പാര്‍ക്കിന്‍സണും കാംബ്രിഡ്ജിലെ പരീക്ഷയില്‍ ഉയര്‍ന്ന റാങ്കിന് വേണ്ടി മത്സരിക്കുമായിരുന്നു. ഒടുവില്‍ പരീക്ഷയില്‍ പാര്‍ക്കിന്‍സണ്‍ ഒന്നാമതായും തോംസണ്‍ തൊട്ടടുത്തായും വന്നു. ബാക്കിയുള്ളവരെല്ലാം വളരെ പിന്നിലും. പരീക്ഷയില്‍ പ്രയാസമേറിയ ഒരു ചോദ്യം ഉണ്ടായിരുന്നു. അവര്‍ രണ്ടുപേര്‍ മാത്രമാണ് ആ ചോദ്യത്തിന് ശരിയായ ഉത്തരമെഴുതിയത്. ചോദ്യപേപ്പര്‍ വിലയിരുത്തിയ അധ്യാപകന് അവരുടെ ഉത്തരങ്ങളിലെ സമാനത കണ്ട് അതില്‍ എന്തെങ്കിലും കൃത്രിമം നടന്നോ എന്ന് സംശയം തോന്നി. ഒരാള്‍ മറ്റേയാളുടെ ഉത്തരം അതേപടി പകര്‍ത്തി എഴുതിയതായിരിക്കുമോ? അധ്യാപകൻ ആദ്യം പാര്‍ക്കിന്‍സണെ സംശയനിവൃത്തി വരുത്താനായി വിളിച്ചു വരുത്തി.
“എങ്ങനെയാണ് പ്രയാസകരമായ ഈ ചോദ്യത്തിന് നീ ഉത്തരം കണ്ടെത്തിയത്?” അധ്യാപകന്‍ പാര്‍ക്കിന്‍സണോട് ചോദിച്ചു.
“ഞാന്‍ ചിലപ്പോഴെല്ലാം ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ വായിക്കാറുണ്ട് സർ. ഈയിടെ ഒരു ലേഖനത്തില്‍ ഈ ചോദ്യത്തിനുള്ള ഉത്തരം വിശദീകരിച്ചത് ഞാൻ കണ്ടിരുന്നു.” പാര്‍ക്കിന്‍സണ്‍ ആ പ്രസിദ്ധീകരണത്തിന്റെ പേരും പറഞ്ഞു.
ആ പ്രസിദ്ധീകരണത്തിൽ നിന്ന് തന്നെയാണ് അധ്യാപകൻ അധ്യാപകൻ ആ ചോദ്യം കണ്ടെത്തിയത്‍ എന്നതിനാൽ അദ്ദേഹം ഏറെ സന്തുഷ്ടനായി. സിലബസിന് പുറത്തുള്ള കാര്യങ്ങള്‍ കൂടി വായിക്കുന്നതിന് കുട്ടിയെ പ്രത്യേകം ചുമലിൽ തട്ടി അഭിനന്ദിക്കുകയും ചെയ്തു. പാര്‍ക്കിന്‍സണെ പറഞ്ഞുവിട്ട ശേഷം അധ്യാപകൻ തോംസണെ വിളിച്ചുവരുത്തിയശേഷം കുറച്ച് കടുപ്പിച്ചാണ് ചോദ്യം ചെയ്തത്. “നീ എങ്ങനെയാണ് ആ ചോദ്യത്തിന്റെ ഉത്തരമെഴുതിയത് എന്ന് എന്നോട് പറയണം. പാര്‍ക്കിന്‍സണ്‍ ആ ചോദ്യത്തിന് ഉത്തരം എഴുതിയത് ഒരു ഗവേഷണ പ്രസിദ്ധീകരണത്തില്‍ കണ്ടതിനാലാണ് എന്ന് എന്നോട് പറഞ്ഞു. നീയും ഇനി അവിടെ നിന്ന് തന്നെ ആ ഉത്തരം കിട്ടി എന്ന് പറയരുത്.”
“ഇല്ല സര്‍.”
ഭാവിയിലെ കെല്‍വിൻപ്രഭു ആയ ആ വിദ്യാർഥി പറഞ്ഞു.
“സർ, ഞാനാണ് ആ ലേഖനം എഴുതിയത്.” വിദ്യാര്‍ഥിയുടെ ബുദ്ധിനിലവാരം വളരെചുരുങ്ങിയ ആ മറുപടിയിൽ തന്നെ ഉണ്ടായിരുന്നു.
ജയിംസ് ക്ലാര്‍ക്ക് മാക്സ്‌വെലും വിദ്യാർഥി ആയിരുന്ന കാലത്ത് ഇതുപോലെ ഒന്നാം റാങ്ക് മോഹിച്ച ആളായിരുന്നു. തികഞ്ഞ ആത്മവിശ്വാസമുള്ളതിനാല്‍ സെനറ്റ് ഹൗസില്‍ വെച്ച് പരീക്ഷാഫലം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുക പോലും ചെയ്തില്ല. പകരം തന്റെ പരിചാരകന്റെ വശം ഒരു നിര്‍ദേശം കൊടുത്തയച്ചു. “രണ്ടാമത് വന്നത് ആരാണെന്ന് മാത്രം അന്വേഷിക്കുക.” തന്റെ എതിരാളികളില്‍ രണ്ടാമതായി വരുന്നത് ആരാണെന്നറിയാന്‍ അയാള്‍ക്ക് ആകാംക്ഷയുണ്ടായിരുന്നു.
പരിചാരകന്‍ വൈകാതെ മടങ്ങിവന്നു. “പറയൂ ആരാണ് രണ്ടാമത് വന്നത് ?” മാക്‌സ്‌വെല്‍ ചോദിച്ചു. “നിങ്ങളാണ് സര്‍.” പരിചാരകന്‍ മറുപടി പറഞ്ഞു. പരീക്ഷയിൽ ഒന്നാമനായില്ല എന്നതില്‍ തോംസണെപ്പോലെ മാക്‌സ്‌വെല്ലും നിരാശനായിരിക്കണം. പക്ഷേ അവര്‍ രണ്ടുപേരും ശാസ്ത്രഗവേഷണത്തിന്റെ നെറുകയിലെത്തി. വൈദ്യുതി, കാന്തികത, താപഗതികത എന്നിവയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ അവരില്‍ നിന്നാണ് ഉണ്ടായത്. ശാസ്ത്രജ്ഞന്റെ ജീവിതത്തിൽ അവസാന വിശകലനത്തില്‍ എടുത്തു പറയേണ്ടത് മൗലികമായി അവർ എന്തുചെയ്തു എന്നതാണ്. പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയില്ല എന്നതിന്റെ പേരില്‍ എല്ലാം നഷ്ടമായി എന്ന് കരുതരുത്. കഠിനാധ്വാനത്തിലൂടെ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുകയും, എന്നാല്‍ ശാസ്ത്രഗവേഷണത്തില്‍ യാതൊരു മികവും നേടാനാകാതെ പോയവരുടെ പേരുകളും എനിക്ക് പറയാനാകും.
പാർക്കിൻസൺ പില്ക്കാലത്ത് തൻറെ ജീവിതത്തിൽ എന്താണ് ചെയ്തത്? മാക്സ് വെല്ലിനെ രണ്ടാം സ്ഥാനക്കാരനാക്കിയ ആ ഒന്നാം റാങ്കുകാരൻ പിന്നീട് എന്താണ് നേട്ടമുണ്ടാക്കിയത്? ആർക്കുമറിയില്ല.

ബ്രിയാൻ ജോസഫ്സൺ
ഇനി ഈ നൂറ്റാണ്ടിലേക്ക് വരാം. കേംബ്രിഡ്ജില്‍ എന്റെ സഹപാഠി ആയിരുന്ന ഒരു പ്രതിഭയുടെ കഥ പറഞ്ഞുതരാം. ഗണിതജ്ഞനായ ബെസിക്കോവിച്ച് തയ്യാറാക്കിയ ലിസ്റ്റില്‍ പേര് കണ്ടപ്പോള്‍ തൊട്ട് ഞങ്ങള്‍ക്ക് ജോസഫ്‌സണെ അറിയാം.
പ്രയാസമേറിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടുപിടിക്കുന്നവരുടെ പേരുകള്‍ ആയിരുന്നു ആ ലിസ്റ്റില്‍. ബെസിക്കോവിച്ച് യഥാസമയം ആ പേരുകള്‍ ഫാക്കല്‍റ്റി നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുമായിരുന്നു. ജോസഫ്‌സണ്‍ ഒരു തികഞ്ഞ ശാസ്ത്രജ്ഞന്‍ ആകുമെന്നാണ് ഞങ്ങളെല്ലാം കരുതിയിരുന്നത്.
ബിരുദധാരിയാകുന്നതിന് മുമ്പേ തയ്യാറാക്കിയ ഒരു ഗവേഷണ പ്രബന്ധത്തില്‍ ഐന്‍സ്റ്റീന്റെ സാമാന്യ ആപേക്ഷികതാ നിയമം സാധൂകരിക്കുന്ന ഒരു പരീക്ഷണത്തില്‍ ഗുരുതരമായ ഒരു പിശകുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പ്രബന്ധം പ്രസിദ്ധീകരിച്ചതിന്റെ ഫലമായി ആ പരീക്ഷണം കര്‍ശനമായ ഉപാധികളോടെ ചെയ്തുനോക്കി ഫലം ശരിയാണ് എന്ന് ഉറപ്പിക്കുകയുണ്ടായി.
ഊര്‍ജതന്ത്രത്തിന്റെ മേഖലയിലായിരുന്നു ആ പ്രബന്ധം. ഗണിതജ്ഞനില്‍ നിന്ന് ഊര്‍ജതന്ത്രജ്ഞന്‍ എന്ന നിലയിലേക്കുള്ള ജോസഫ്‌സന്റെ മാറ്റം ഇവിടെയാണ് തുടങ്ങിയത്. ഇന്ന് ഊര്‍ജതന്ത്രത്തിന്റെ മേഖലയില്‍ താഴ്ന്ന ഊഷ്മാവിലെ ഊര്‍ജതന്ത്രത്തെക്കുറിച്ച് പഠിക്കുന്ന എല്ലാവര്‍ക്കും ജോസഫ്സണ്‍ സന്ധികള്‍ (Josephson Junctions) എന്ന അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തെക്കുറിച്ച് അറിയാം. ആ കണ്ടുപിടുത്തം അദ്ദേഹത്തെ നോബല്‍ സമ്മാനത്തിന് അര്‍ഹനാക്കുകയും ചെയ്തു. ഗവേഷണ വിദ്യാര്‍ഥി ആയിരിക്കെ കാവന്‍ഡിഷ് ലാബില്‍ നിന്നാണ് അദ്ദേഹം ഇത് കണ്ടുപിടിച്ചത്. മഹാന്മാരായ ശാസ്ത്രജ്ഞന്മാരുടെ ഈ ഉദാഹരണങ്ങള്‍ പറഞ്ഞതിന് ശേഷം ഞാന്‍ ഇനി താഴേക്ക് വരാം. ശാസ്ത്രത്തിന്റെ മേഖലയില്‍ ജോലി ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ച ചില അനുഭവങ്ങള്‍ പറയാം. ഇത് എന്റെ ആദ്യകാലത്തെ അനുഭവങ്ങളാണെന്നതിനാല്‍ സ്കൂൾവിദ്യാര്‍ഥികളായ നിങ്ങള്‍ക്ക് ഇത് ഇഷ്ടമാകുമെന്ന് ഞാന്‍ കരുതുന്നു.
വിത്തുവിതയ്ക്കല്‍
എന്റെ കുട്ടിക്കാലത്തെ ഓര്‍മകളില്‍ മൂന്നാം ക്ലാസ്സിലെ ഒരു അനുഭവം പറയാം. എന്റെ ക്ലാസ് അധ്യാപകന്‍ എല്ലാവരോടുമായി ചോദിച്ചു. “നിങ്ങളുടെ അച്ഛന്‍ എന്തു ചെയ്യുന്നു?”
ബനാറസ് ഹിന്ദു സര്‍വകലാശാലാ ക്യാമ്പസിലുള്ള സ്കൂളായിരുന്നതിനാല്‍, മിക്കവാറും എല്ലാ കുട്ടികളും സര്‍വകലാശാലാ ജീവനക്കാരുടെ മക്കളായിരുന്നു. അച്ഛന്‍ ഒരു പ്രൊഫസര്‍ ആണെന്ന് ഞാന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.
“എന്തിന്റെ പ്രൊഫസര്‍?” അധ്യാപകന്‍ ചോദിച്ചു.
എനിക്കറിയുമായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം തന്നെ എനിക്ക് പറഞ്ഞുതന്നു.
“നിന്റെ അച്ഛന്‍ ഗണിതശാസ്ത്ര പ്രൊഫസര്‍ ആണ്.”
ഉത്തരം മുഴുവനായി അറിയില്ലല്ലോ എന്ന തോന്നല്‍ പെട്ടെന്ന് ഇല്ലാതായി. അച്ഛന്റെ വിഷയം എനിക്ക് കൂടുതല്‍ ഇഷ്ടമായിത്തോന്നി.
ഞാന്‍ ഈ സംഭവം പറയുന്നത് എനിക്ക് ആദ്യകാലത്ത് ഗണിതത്തോട് ഇഷ്ടം തോന്നാനുള്ള കാരണം എന്റെ അച്ഛന്‍ നിര്‍ദേശിച്ചതുകൊണ്ടോ ‘നീ അച്ഛനെപ്പോലെ ഒരു ഗണിതജ്ഞനാകണം’ എന്ന് മറ്റുള്ളവര്‍ പറഞ്ഞത് കൊണ്ടോ അല്ല. കുട്ടികളെ ബോധപൂര്‍വമായോ അല്ലാതെയോ അവരുടെ മാതാപിതാക്കളുടെ നേട്ടങ്ങളെപ്പറ്റി എടുത്തുപറഞ്ഞ് സമ്മര്‍ദത്തിലാക്കുന്ന അനുഭവങ്ങള്‍ എനിക്കും പരിചിതമാണ്.
എനിക്ക് ഗണിതവും ശാസ്ത്രവും ഇഷ്ടമാണെന്ന കാര്യം എന്റെ അച്ഛന്‍ മനസ്സിലാക്കിയിരുന്നു. സമ്പന്നമായ കഥകളും കുസൃതിക്കണക്കുകളും പ്രഹേളികകളുമെല്ലാം പറഞ്ഞുതന്ന് ഗണിതത്തിന്റെ സര്‍ഗാത്മകമായ മേഖലകൾ അദ്ദേഹം പരിചയപ്പെടുത്തിത്തന്നു. ഒന്നുകില്‍ അതെല്ലാം അദ്ദേഹം നേരിട്ടു പറഞ്ഞുതരും. അല്ലെങ്കില്‍ അത്തരത്തിലുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ എനിക്ക് തരും. എന്നെയും എന്റെ സഹോദരനെയും പരീക്ഷണങ്ങള്‍ ചെയ്യാന്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ക്യാമ്പസിലുള്ള ഞങ്ങളുടെ വീട്ടില്‍ എനിക്കും സഹോദരനും കളിക്കാനായി ഒരു രസതന്ത്ര പരീക്ഷണശാലയ്ക്കുള്ള ഇടം കൂടി ഉണ്ടായിരുന്നു. അക്കാലത്ത് മറ്റ് സര്‍വകലാശാലകളില്‍ നിന്നുള്ള അധ്യാപകര്‍ വന്ന് ഞങ്ങളുടെയൊക്കെ വീടുകളില്‍ വന്നു താമസിക്കുന്ന പതിവുണ്ടായിരുന്നു. എന്‍.ആര്‍.റാംബിഹാരി, എ.സി.ബാനര്‍ജി, വൈദ്യനാഥസ്വാമി തുടങ്ങിയ ഗണിതാധ്യാപകര്‍ വന്ന് താമസിച്ചിട്ടുണ്ട്. അവര്‍ സംസാരിച്ചത് മുഴുവനായി മനസ്സിലായില്ലെങ്കിലും അവരുടെ സംസാരത്തിന്റെ ആകെക്കൂടിയുള്ള അന്തരീക്ഷം ഗണിതത്തെക്കുറിച്ച് വലിയൊരു പരിവേഷം നല്കുന്നതായിരുന്നു.
വളര്‍ച്ച
എന്നില്‍ മത്സരബുദ്ധി വളര്‍ത്തിയ നിര്‍ണായകമായ ഒരു സംഭവം ഉണ്ടായത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. എന്റെ ഒരു അമ്മാവന്‍ ഞങ്ങളോടൊപ്പം താമസിച്ചുകൊണ്ട് ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ എം.എസ് സി ഗണിതം പഠിക്കാന്‍ വന്നു. മോറേശ്വര്‍ ഹുസുര്‍ബസാര്‍ എന്നാണ് അമ്മാവന്റെ മുഴുവന്‍ പേര്. ഞാന്‍ അദ്ദേഹത്തെ മോറുമാമ എന്നാണ് വിളിച്ചിരുന്നത്. വളരെ സമര്‍ഥനായ വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം. ബോംബെ സര്‍വകലാശാലയി്‍ നിന്ന് നല്ല നിലയില്‍ ബി.എസ് സി പാസായി. (പിന്നീട് അദ്ദേഹം പ്രൊഫസറും ബോംബെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ഡയറക്ടറുമായി.)
കണക്ക് ചെയ്യാന്‍ എനിക്ക് ഇഷ്ടമാണെന്ന് മോറുമാമയ്ക്ക് മനസ്സിലായി. അച്ഛന്‍ എനിക്കും എന്റെ സഹോദരനും ഞങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് എഴുതാനും ചിത്രം വരയ്ക്കാനുമായി ചുമരില്‍ രണ്ട് ബ്ലാക്ക് ബോര്‍ഡുകള്‍ നിര്‍മിച്ചത് അദ്ദേഹം ശ്രദ്ധിച്ചു. ഇടയ്ക്കെല്ലാം അദ്ദേഹം ഈ ബോര്‍ഡില്‍ ഒരു ഗണിതപ്രശ്നം അല്ലെങ്കില്‍ കുസൃതിക്കണക്ക് എഴുതുമായിരുന്നു. ‘ജെ.വി.എൻ’ നുള്ള വെല്ലുവിളി എന്ന ശീര്‍ഷകത്തോടെ. ഞാന്‍ ഉത്തരം കണ്ടെത്തുന്നതുവരെയോ അല്ലെങ്കില്‍ ഞാന്‍ അതിന്റെ ഉത്തരം എന്തെന്ന് ചോദിക്കുന്നത് വരെയോ ആ ചോദ്യം അവിടെത്തന്നെ ഉണ്ടാകുമായിരുന്നു. (അങ്ങനെ ചോദിക്കേണ്ടി വന്നത് വളരെ ചുരുക്കമായിരുന്നു എന്ന് ഞാന്‍ സന്തോഷത്തോടെ പറയട്ടെ.)
മോറുമാമയുടെ ചോദ്യങ്ങള്‍ സ്കൂള്‍ സിലബസിന് പുറത്തുള്ളവ ആയിരുന്നു. അവ നമ്മുടെ കാരണങ്ങള്‍ വിശകലനം ചെയ്യാനും എളുപ്പത്തില്‍ ഉത്തരം കണ്ടെത്താനും സഹായിക്കുന്നവ ആയിരുന്നു. ആ ചോദ്യങ്ങള്‍ ഗണിതത്തില്‍ ഒളിഞ്ഞു കിടക്കുന്ന പല സൂചകളും മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു. എന്റെ ഏറ്റവും വലിയ ഖേദം ആ ചോദ്യങ്ങളൊന്നും ഞാന്‍ സൂക്ഷിച്ചുവെച്ചില്ല എന്നതാണ്. എങ്കിലും പ്രയാസകരമായ ചോദ്യങ്ങള്‍ നല്കുന്ന വെല്ലുവിളി ഏറ്റെടുക്കാനുള്ള ഒരു മനോഭാവം എന്നില്‍ വളരാന്‍ അത് കാരണമായിത്തീര്‍ന്നു.
സ്കൂളില്‍ എനിക്കുണ്ടായിരുന്ന ചില അധ്യാപകരും എന്നെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട് എന്ന് ഞാന്‍ സൂചിപ്പിക്കട്ടെ. ചിലപ്പോള്‍ മോറുമാമ തന്ന ചോദ്യങ്ങള്‍ ഞാൻ സ്കൂളില്‍ കൊണ്ടുപോകാറുണ്ട്. എന്റെ ഗണിതാധ്യാപകനായ മിസ്റ്റര്‍ പാണ്ഡേ ഉത്തരം കിട്ടിയില്ലെങ്കില്‍ പോലും ആ ചോദ്യങ്ങളെപ്പറ്റി എന്നോട് ചര്‍ച്ചചെയ്യാന്‍ സമയം കണ്ടെത്തിയിരുന്നു.
വിദ്യാര്‍ഥികളുടെ എണ്ണവും സിലബസിലെ പാഠങ്ങളുമെല്ലാം കൂടുതലായതിനാൽ ഇക്കാലത്ത് കുട്ടികളോട് ഗണിതത്തിന്റെ ഇടവഴികളെപ്പറ്റി സംസാരിക്കാന്‍ എത്ര അധ്യാപകര്‍ക്ക് കഴിയും? വളരെ പ്രയാസമുള്ള ഒരു വിപരീത സിദ്ധാന്തത്തിന് തെളിവ് കണ്ടുപിടിക്കാനായി വളരെയേറെ സമയം ചെലവഴിക്കേണ്ടിവന്ന ഒരനുഭവം ഞാന്‍ ഓര്‍ക്കുന്നു. “പാദകോണിന്റെ സമഭാജികള്‍ തുല്യമാണെങ്കില്‍ ആ ത്രികോണം ഒരു സമപാര്‍ശ്വത്രികോണമായിരിക്കും.” (‘റസൊണന്‍സ്’ മാസികയുടെ വായനക്കാരില്‍ ഈ ചോദ്യത്തിന്റെ ഉത്തരം അറിയാത്തവര്‍ക്ക് അത് കണ്ടുപിടിക്കാൻ പരിശ്രമിക്കാം. സമപാര്‍ശ്വത്രികോണത്തിന്റെ പാദകോണുകളുടെ സമഭാജി തുല്യമെന്ന് എളുപ്പം തെളിയിക്കാം. എന്നാൽ അതിന്റെ വിപരീതമാണ് തെളിയിക്കേണ്ടത്.)
ചില പുസ്തകങ്ങളുടെ പേരുകള്‍ കൂടി ഞാന്‍ ഇവിടെ സൂചിപ്പിക്കട്ടെ. ‘മെന്‍ ഓഫ് മാത്തമെറ്റിക്സ്’, ‘ദി വേള്‍ഡ് ഓഫ് മാത്തമെറ്റിക്സ്’, ‘ലിവിങ്ങ് ബയോഗ്രഫീസ് ഓഫ് ഗ്രേറ്റ് സയന്റിസ്റ്റ്സ്’ തുടങ്ങിയ പുസ്തകങ്ങള്‍ എന്റെ മനസ്സിനെ പ്രചോദിപ്പിക്കുകയും പ്രതിഭാശാലികളുടെ നിരാശകളെപ്പറ്റിയെല്ലാം മനസ്സിലാക്കിത്തരികയും ചെയ്തിട്ടുണ്ട്. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ വിവരിച്ച കഥകള്‍ നമുക്ക് പറഞ്ഞു തരുന്നത്, സയന്‍സ് കാണാതെ പഠിക്കാനുള്ള ഒരു മുഷിഞ്ഞ വിഷയമല്ലെന്നും അത് സാഹസകരമായ പ്രവര്‍ത്തനങ്ങളുടെ വലിയൊരു അരങ്ങാണെന്നുമാണ്. ശാസ്ത്രജ്ഞന്മാർക്കും അഹന്തയും മുന്‍വിധികളും ഉണ്ടാകുമെന്ന് നാം അറിയണം. അവരും വല്ലപ്പോഴുമൊക്കെ അബദ്ധങ്ങള്‍ ചെയ്യാറുണ്ട് എന്നും നാം മനസ്സിലാക്കിയിരിക്കണം. എന്നാൽ സയന്‍സിന് സ്വയം തിരുത്തുന്ന സംവിധാനമുണ്ട്. ആത്യന്തികമായി അത് ശരിയായ ഉത്തരത്തില്‍ എത്തിച്ചേരുക തന്നെ ചെയ്യും. സയന്‍സിന്റെ വഴിക്ക് എത്തിച്ചേരാന്‍ എനിക്കുണ്ടായ ഏറ്റവും വലിയ പ്രചോദനം അതായിരുന്നു.
തീരുമാനമെടുക്കല്‍
ഗണിതത്തോട് ഇഷ്ടമുള്ളപ്പോള്‍ തന്നെ എനിക്ക് ഊര്‍ജതന്ത്രത്തോടും വലിയ ഇഷ്ടം തോന്നി എന്നത് എന്നെ പ്രയാസപ്പെടുത്തിയിരുന്നു. വല്ലപ്പോഴും ചില രസകരമായ കുരുക്കഴിക്കല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നല്ലാതെ എന്റെ സ്കൂള്‍ സിലബസ് അത്രയൊന്നും ആവേശം നല്കുന്നതായിരുന്നില്ല. പ്രകൃതിയുടെ നിയമങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പഠിക്കുന്നതിന്റെയും അനുഭവിക്കുന്നതിന്റെയും ആവേശം എനിക്ക് പറഞ്ഞുതരാനില്ല. അതിനാല്‍ ഊര്‍ജതന്ത്രമാണ് എനിക്ക് പ്രിയപ്പെട്ട രണ്ടാമത്തെ വിഷയം. ഒപ്പം സംസ്കൃതത്തോടും ഇഷ്ടം വളര്‍ന്നു.
സംസ്കൃതത്തോടുള്ള ഇഷ്ടം വളര്‍ന്നതിന് ഞാന്‍ എന്റെ മരിച്ചുപോയ അമ്മയോടും മോറുമാമയോടും ഏറെ കടപ്പെട്ടിരിക്കുന്നു. കാളിദാസനെയും ഭവഭൂതിയെയും എനിക്ക് പരിചയപ്പെടുത്തിത്തന്നത് എന്റെ അമ്മയാണ്. ആ ഭാഷയുടെ ശക്തിയും സൗന്ദര്യവും മനസ്സിലാക്കിയാല്‍ മാത്രമേ അവരെപ്പോലുള്ള സാഹിത്യ പ്രതിഭകളുടെ രചനകള്‍ ഒരാള്‍ക്ക് ആസ്വദിക്കാനാകൂ.
സംസ്കൃതത്തിലെ എളുപ്പം വിശദീകരിക്കാനാകാത്ത സാഹിത്യ അഭ്യാസങ്ങളും പ്രഹേളികകളുമാണ് മോറുമാമ എനിക്ക് പരിചയപ്പെടുത്തിത്തന്നത്.
നമ്മുടെ സര്‍വകലാശാലകളിലെ പഠന സമ്പ്രദായം, സയന്‍സ് വിദ്യാര്‍ഥികളെ സംസ്കൃതം കൂടി പഠിക്കാന്‍ അനുവദിക്കുന്ന വിധത്തില്‍ അയവുള്ളതാക്കണം എന്ന് ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു. പക്ഷേ എൻറെ കാര്യത്തിലും അതുണ്ടായില്ല. മെട്രിക്കുലേഷന്‍ കഴിഞ്ഞ ശേഷം എന്തു പഠിക്കണമെന്ന് ഞാന്‍ തന്നെ തീരുമാനിക്കണമായിരുന്നു. സംസ്കൃതം പഠിക്കണമെങ്കിൽ ശാസ്ത്രേതര വിഷയങ്ങൾ മാത്രമേ പഠിക്കാൻ കഴിയൂ.
ഇന്റര്‍മീഡിയറ്റ് (12 ാം ക്ലാസ്; ഹയര്‍സെക്കന്ററി) സയന്‍സ് പരീക്ഷയുടെ അവസാനമാണ് എന്തു തീരുമാനിക്കണം എന്ന പ്രശ്നം എനിക്ക് മുന്നിൽ വന്നത്. ബനാറസ് ഹിന്ദു സര്‍വകലാശാലയ്ക്ക് ദേശീയതലത്തില്‍ തന്നെ മതിപ്പുള്ള ഒരു എഞ്ചിനീയറിങ്ങ് കോളേജുണ്ട്. (ഇപ്പോള്‍ അത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഭാഗമാണ്). കാര്യമായി ശ്രമിച്ചാലേ അവിടെ അവിടെ ചേരാന്‍ കഴിയുമായിരുന്നുള്ളൂ. ഐ.എസ്സ്സി പരീക്ഷില്‍ ഞാന്‍ നന്നായി പ്രതീക്ഷിച്ചതിനാൽ എഞ്ചിനീയറിങ്ങിന് ചേരുക എന്നതായിരുന്നു എന്റെ താല്പര്യങ്ങളില്‍ ഒന്ന്.
ബനാറസ് ഹിന്ദു സര്‍വകലാശായിലെ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ഥികള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഒരു വാര്‍ഷിക പ്രദര്‍ശനം കാണാന്‍ പോയത് ഞാന്‍ ഓര്‍മിച്ചു. എല്ലാ വര്‍ഷവും ഞാന്‍ പ്രദര്‍ശനം കാണാറുണ്ട്. യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ സമര്‍ഥമായ വഴികളൊക്കെ ആസ്വദിക്കാറുമുണ്ട്.
പൊതുജനങ്ങള്‍ക്കാുള്ള പ്രദര്‍ശനം കാണാന്‍ പോയപ്പോള്‍ കോളേജിലെ ചില അധ്യാപകര്‍ വന്ന് എന്നെ സ്വീകരിക്കുകയും അടുത്ത വര്‍ഷം ഞാനവിടെ വിദ്യാര്‍ഥിയായി ചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറയുകയും ചെയ്തു.
എന്നാൽ ഞാന്‍ നേരത്തെതന്നെ തീരുമാനം എടുത്തിരുന്നു. ഗണിതവുമായി ബന്ധപ്പെട്ട ശാസ്ത്രശാഖകളോട് എനിക്ക് വലിയതോതില്‍ അടുപ്പമുണ്ടായിരുന്നതിനാല്‍ എഞ്ചിനീയറിങ്ങിന് ചേരുന്ന കാര്യം എന്റെ മനസ്സില്‍പ്പോലും കടന്നുവന്നിരുന്നില്ല. ആര്‍ക്കുമറിയാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക എന്നത് മോറുമാമയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനേക്കാള്‍ ആവേശം തരുന്നതുമായിരുന്നു. മോറുമാമയുടെ ചോദ്യങ്ങളുടെ ഉത്തരം ഏറ്റവും ചുരുങ്ങിയത് ഒരാള്‍ക്കെങ്കിലും അറിയുമല്ലോ. അച്ഛന്‍ അത്തരം ചോദ്യങ്ങളുമായി പെരുമാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നിരവധി പേജുകളിലായി നീണ്ട കണക്കുകൂട്ടലുകള്‍ നടത്തി അതെല്ലാം ഇരിക്കുന്ന കസേരയുടെ തൊട്ടുതാഴെ തറയില്‍ ഇടുന്നതും കണ്ടിട്ടുണ്ട്.
ഭാവിയെക്കുറിച്ചുള്ള എന്റെ ആസൂത്രണങ്ങള്‍ എന്നെ കേംബ്രിഡ്‌ജില്‍ ബിരുദത്തിന് ചേർത്താലോ എന്ന് ആലോചിക്കാന്‍ പ്രേരിപ്പിച്ചു. അവിടെ ഒരാളുടെ യഥാര്‍ഥ ശേഷി വിലയിരുത്തപ്പെടുന്നതായി എനിക്ക് തോന്നി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ബുരുദമെടുത്തശേഷം അവിടെ ശ്രമിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. കേംബ്രിഡ്‌ജില്‍ വളരെ നല്ല നിലയില്‍ ജോലി ചെയ്ത അച്ഛനും അതേ അഭിപ്രായമായിരുന്നു.
കേംബ്രിഡ്‌ജിലേക്കു വന്ന വഴി
രണ്ട് തടസ്സങ്ങള്‍ മുന്നിലുണ്ടായിരുന്നു. കേംബ്രിഡ്ജില്‍ പ്രവേശനം കിട്ടുക എന്നത് പ്രയാസകരമായിരുന്നു. വെറുതെ ഒരു ബി.എസ് സി ബിരുദം നേടുക മാത്രം മതിയായിരുന്നില്ല. ഇന്ത്യന്‍ സര്‍വകലാശാലകളുടെ വിദ്യാഭ്യാസ നിലവാരം 1950 കളിലേതിനേക്കാള്‍ പോലും താഴെയാണെന്നതായിരുന്നു പുറമെ നിന്നുള്ളവരുടെ വിലയിരുത്തല്‍. പ്രവേശനം കിട്ടിയാല്‍ തന്നെ, സാമ്പത്തികച്ചെലവും വലിയൊരു പ്രശ്നമായിരുന്നു. ഭാഗ്യവശാല്‍ അനുകൂലമായ കുറേ ഘടകങ്ങള്‍ എനിക്ക് സഹായകമായി. ബി.എസ്.സി പരീക്ഷയില്‍ എനിക്ക് കിട്ടിയ ഒന്നാം റാങ്കിനൊപ്പം അച്ഛന്റെ നേട്ടങ്ങളും പ്രാഥമികമായ അര്‍ഹത നേടിത്തരാന്‍ സഹായകമായി. എങ്കിലും കോഴ്‌സുകളുടെ സംയോജനപദവി (അഫിലിയേഷന്‍ സ്റ്റാറ്റസ്) എനിക്ക് നിഷേധിച്ചത് കൊണ്ട് രണ്ട് വര്‍ഷത്തിന് പകരം മൂന്ന് വര്‍ഷം പഠിച്ചാലേ ഡിഗ്രി കിട്ടൂ എന്നായി. കാരണമെന്തെന്നോ? ബോംബെ സര്‍വകലാശാലയുടെ ബി.എസ്.സി ബിരുദം ഈ പദവിക്ക് അംഗീകരിച്ചിരുന്നുവെങ്കിലും ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ബി.എസ്.സി.ക്ക് അംഗീകാരം ഉണ്ടായിരുന്നില്ല. അതിനാൽ മൂന്ന് വര്‍ഷത്തെ കോഴ്സിനാണ് എനിക്ക് പ്രവേശനം കിട്ടിയത്.
പ്രശസ്തമായ ജെ.എന്‍.ടാറ്റാ എന്‍ഡോവ്‌മെന്റ് സ്കോളര്‍ഷിപ്പ് കിട്ടിയതിനാല്‍ സാമ്പത്തിക പ്രയാസം പരിഹരിക്കാനായി. ഇവിടെയും എന്റെ കുടുംബചരിത്രം സഹായകമായി. അച്ഛന്‍ നേരത്തെ ജെ.എന്‍.ടാറ്റയുടെ സ്കോളര്‍ഷിപ്പ് കിട്ടിയ ആളായിരുന്നു. എന്നിട്ടും എന്‍ഡോവ്‌മെന്റ് സമിതിയുടെ ചെയര്‍പേഴ്‌സണും ഗൗരവക്കാരിയുമായ മിസ്സിസ് പിറോജ.ജെ.വേശുഗറുടെ മുന്നില്‍ പ്രയാസമേറിയ അഭിമുഖപരീക്ഷയും നേരിടേണ്ടിവന്നു. പരീക്ഷയില്‍ എന്നെ കടത്തിവിട്ടെങ്കിലും ഒരു താക്കീത് തരാന്‍ അവര്‍ മറന്നില്ല. നേരത്തെ ടാറ്റാ സ്കോളര്‍ഷിപ്പ് നേടിയവരുടെ മക്കളിൽ പലരും നല്ല നിലയില്‍ ഓക്സ്‌ഫോര്‍ഡിലും കേംബ്രിഡ്‌ജിലും പഠനം പൂര്‍ത്തിയാക്കിയില്ലെന്നാണ് അവര്‍ പറഞ്ഞത്. അതുകൊണ്ട് അമിതമായ ആത്മവിശ്വാസം പാടില്ലെന്ന് അവര്‍ ഉപദേശിച്ചു. ഈ ഉപദേശത്തെ ഞാന്‍ ഏറെ വിലമതിച്ചു.
ആ അവസരത്തില്‍ വന്ന മറ്റൊരു തൊഴില്‍ സാധ്യതയെക്കുറിച്ചുകൂടി പറഞ്ഞുകൊണ്ട് ഞാന്‍ ഈ വിവരണം അവസാനിപ്പിക്കാം. കേംബ്രിഡ്ജിലെ സീനിയര്‍ റാങ്ക്‌ളര്‍ പദവി അലങ്കരിച്ച മിസ്റ്റര്‍ ആര്‍.പി.പരൺജ്പൈയെ ഒരിക്കല്‍ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു.
“ഗണിതബിരുദം നേടിക്കഴിഞ്ഞ ശേഷം, ഐ.എ.എസ്സിന് പോകുമോ?” കേംബ്രിഡ്ജ് ബിരുദം ഇന്ത്യന്‍ അഡ്‌മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള ആദ്യ പടവാണെന്ന അക്കാലത്തെ പൊതുധാരണയ്ക്കനുസരിച്ചായിരുന്നു ഈ ചോദ്യം. മഹാനായ ആര്‍.പി.പി. (ആർ.പരൺജ്പൈ) കേംബ്രിഡ്‌ജിലായിരുന്നപ്പോള്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അദ്ദേഹം അധ്യാപകന്റെ തൊഴിലാണ് തെരഞ്ഞെടുത്തത്.
പരണ്‍ജ്പൈയോടുള്ള എന്റെ ഉത്തരം സംശയാതീതമായിരുന്നു. “ഇല്ല സര്‍. അധ്യാപനത്തിന്റെയും ഗവേഷണത്തിന്റെയും മേഖലയിലുള്ള ഒരു തൊഴിലാണ് ഞാന്‍ തിരഞ്ഞെടുക്കുക.”

