Read Time:24 Minute

ഡോ. പി. വി. പുരുഷോത്തമന്‍

പ്രപഞ്ചത്തെക്കുറിച്ചും അതില്‍ നടക്കുന്ന വിവിധ പ്രതിഭാസങ്ങളെക്കുറിച്ചും സൂക്ഷ്മമായ നിരീക്ഷണങ്ങളിലൂടെയും ചിട്ടയായ പരീക്ഷണങ്ങളിലൂടെയും മറ്റും എത്തിച്ചേര്‍ന്ന അറിവുകളുടെ സമാഹാരമാണ് ശാസ്ത്രമെന്ന് നമുക്കറിയാം. പ്രകൃതിപ്രതിഭാസങ്ങളെ ആദ്യമൊക്കെ അമ്പരപ്പോടെ വീക്ഷിച്ച ആദിമമനുഷ്യര്‍ പിന്നീട് അതിനുപിറകിലുള്ള കാരണങ്ങള്‍ തിരഞ്ഞു. പരിണാമപ്രക്രിയയുടെ ഭാഗമായി വികസിച്ചുതുടങ്ങിയ തലച്ചോറുപയോഗിച്ച് നടത്തിയ വിശകലനങ്ങളായിരുന്നു ഇതിന് അവരെ തുണച്ചതെന്ന് സാമാന്യമായി പറയാം. ആ വിശകലനങ്ങളിലൂടെ ഉണ്ടായിവന്ന പുതിയ തിരിച്ചറിവുകള്‍ തലച്ചോറിലെ നാഡീബന്ധങ്ങളായി തലമുറകളിലൂടെ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഓരോ പുതിയ അറിവും തലച്ചോറിന്റെ വിശകലനശേഷി കൂട്ടുകയും കൂടുതല്‍ സങ്കീര്‍ണമായ അറിവ് നിര്‍മിക്കാനുള്ള പ്രാപ്തി മനുഷ്യന് ലഭ്യമാക്കുകയും ചെയ്തു.

ഇത്തരം തിരിച്ചറിവുകള്‍ സമാഹരിക്കപ്പെട്ടാണ് ഇന്നത്തെ വിപുലമായ ശാസ്ത്രജ്ഞാനം രൂപപ്പെട്ടത്. അത് പരിശോധിച്ച്, ഉചിതമായവ തെരഞ്ഞെടുത്ത് യുക്തിപൂര്‍വം ക്രമീകരിച്ച്, സ്വയംബോധ്യപ്പടും വിധം കുട്ടികളില്‍ എത്തിക്കുകയാണ് ശാസ്ത്രബോധനത്തിലൂടെ അധ്യാപകര്‍ ചെയ്തുപോരുന്നത്. ഒപ്പം പുതിയ കാലം ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കുട്ടികളെ പര്യാപ്തരാക്കാനുള്ള കടമയും അവര്‍ ഏറ്റെടുത്തുപോരുന്നു.

ശാസ്ത്രപഠനം – ഊന്നല്‍ മേഖലകള്‍

ശാസ്ത്രപഠനത്തിന്റെ ഉള്ളടക്ക മേഖലകള്‍ പൊതുവില്‍ മാറുന്നില്ല. എന്നാല്‍ വിശദാംശങ്ങളില്‍ അവയ്ക്ക് പല മാറ്റങ്ങളും വരുന്നുണ്ട് എന്നതില്‍ സംശയമില്ല.

1. ശാസ്ത്രജ്ഞാനം

ലോകത്തെ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്ന പ്രാഥമികഘടകങ്ങള്‍ ആശയങ്ങള്‍ അഥവാ ധാരണകളാണ്. ധാരണകള്‍ എന്നത് സാമാന്യവത്കരിക്കപ്പെട്ട അറിവുകളാണ് (ഉദാ : ബലം, സാന്ദ്രത). ആ അറിവുകള്‍ കുട്ടികള്‍ അനുഭവങ്ങളിലൂടെ ഗ്രഹിക്കുകയും അവരുടെ സാമാന്യജ്ഞാനത്തിന്റെ ഭാഗമായി അവ മാറുകയും ചെയ്യേണ്ടതുണ്ട്. ധാരണകള്‍ ഉറച്ചുകഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളെ മനസ്സിലാക്കലും വിശദീകരിക്കലും എളുപ്പമായിത്തീരുന്നു. തുടര്‍ന്ന്  നിയമങ്ങളിലേക്കും തത്വങ്ങളിലേക്കും സിദ്ധാന്തങ്ങളിലേക്കും പ്രയാസം കൂടാതെ പ്രവേശിക്കാന്‍ കഴിയുന്നു. അതുകൊണ്ടുതന്നെ സ്‌കൂള്‍ ശാസ്ത്രപഠനത്തിന്റെ നല്ലൊരു ഭാഗം ധാരണകളുടെ വികസനവും  ചില നിയമങ്ങളുടെ രൂപീകരണവും ( ഉദാ : ന്യൂട്ടന്റെ ചലനനിയമങ്ങള്‍) ഏതാനും തത്വങ്ങളുടെ നിര്‍ധാരണവുമാണെന്നു (ഉദാ : ആര്‍ക്കിമെഡിസ് തത്വം) പറയാം.

2. ശാസ്ത്രത്തിന്റെ രീതി

ശാസ്ത്രത്തിന്റെ മുഖ്യസവിശേഷത അത് രൂപപ്പെടുന്ന രീതിയാണ്. ജീവിതത്തിന്റെ / അന്വേഷണത്തിന്റെ ഭാഗമായി പ്രശ്‌നങ്ങള്‍ തിരിച്ചറിയപ്പെടുന്നു. നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും മറ്റും ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ചില നിഗമനങ്ങളില്‍ എത്തിച്ചേരുന്നു. നിത്യജീവിതത്തിലെ ചെറിയ പ്രശ്‌നങ്ങള്‍ മുതല്‍ സാമൂഹ്യജീവിതത്തിലെ വലിയ പ്രശ്‌നങ്ങള്‍ക്കുവരെ പരിഹാരമുണ്ടാക്കാന്‍ ഈ രീതിശാസ്ത്രം നമ്മെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ കുട്ടികളെ പ്രായോഗികജീവിതത്തിന് പ്രാപ്തമാക്കുന്ന വിദ്യാഭ്യാസത്തില്‍ ശാസ്ത്രത്തിന്റെ രീതിശാസ്ത്രപഠനം പ്രധാനപ്പെട്ട ഒരു മേഖലയായി മാറുന്നു.

പ്രശ്‌നപരിഹരണമെന്ന വലിയ ശേഷിക്കുള്ളില്‍ നിരീക്ഷണം, താരതമ്യം തുടങ്ങിയവ ഒട്ടേറെ ചെറുശേഷികള്‍ ഉണ്ട്. പ്രൈമറിവിദ്യാഭ്യാസഘട്ടത്തില്‍ നിരീക്ഷണം, താരതമ്യംചെയ്യല്‍, തരംതിരിക്കല്‍ തുടങ്ങിയ അടിസ്ഥാനശേഷികള്‍ക്കും സെക്കന്ററിഘട്ടത്തില്‍  അപഗ്രഥനം, നിഗമനരൂപീകരണം, പ്രശ്ലപരിഹരണം, വിമര്‍ശനാത്മകചിന്ത എന്നീ ഉയര്‍ന്ന ശേഷികള്‍ക്കും ഊന്നല്‍ നല്‍കണം. ഇത് സാധ്യമാകണമെങ്കില്‍ പ്രവര്‍ത്തനങ്ങളിലൂടെയും പ്രക്രിയകളിലൂടെയും കടന്നുപോകുന്ന ശാസ്തരപഠനരീതി പിന്തുടരുക തന്നെ വേണം.

3. ശാസ്ത്രീയമനോഭാവം

ശാസ്ത്രം പഠിച്ചവരും അത് ഉയര്‍ന്നതലത്തില്‍ പ്രയോഗിക്കുന്നവരും പലപ്പോഴും വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും അശാസ്ത്രീയസമീപനങ്ങളെ ആശ്രയിക്കുന്നതു കാണാം. റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ തേങ്ങയുടക്കുന്ന ബഹിരാകാശ ശാസ്ത്രജ്ഞരും മക്കളുടെ കാര്യം വരുമ്പോള്‍ കുത്തിവെപ്പിന് വിസമ്മതിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും നമ്മുടെ സമൂഹത്തില്‍ ഉണ്ടാവുന്നത് ശാസ്ത്രം അവര്‍ക്ക് മറ്റേതൊരു ജ്ഞാനമേഖല പോലെയുമുള്ള ഉപജീവനമാര്‍ഗമാണ് എന്നതാണ്.

അതുകൊണ്ട് സ്‌കൂള്‍പഠന കാലത്തുതന്നെ കുട്ടികള്‍ക്ക് ഏതൊരു കാര്യവും തെളിവിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന മനോഭാവം ഉണ്ടാവണം. സിലബസില്‍ പെട്ടതും അല്ലാത്തതുമായ വിഷയങ്ങള്‍ ക്ലാസ്മുറിയില്‍ ശാസ്ത്രീയവിശകലനത്തിന് വിധേയമാക്കാന്‍ അധ്യാപകര്‍ ശ്രദ്ധവെക്കണം.

4. ശാസ്ത്രീയമായ മൂല്യബോധം

മൂല്യബോധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഏതൊരു അറിവിന്റെയും ശരിതെറ്റുകള്‍ തീരുമാനിക്കാനാവൂ. അറിവ് എന്ന നിലയില്‍ കൃത്രിമമ്യൂട്ടേഷന്‍ ശാസ്ത്രത്തിന്റെ സംഭാവനയാണ്. മനുഷ്യരാശിക്ക് പ്രയോജനപ്രദമായ രീതിയില്‍ നാമതിനെ ഉപയോഗിച്ചിട്ടുണ്ട്. അതേസമയം അതിന്റെ വിനാശകരമായ ഉപയോഗത്തിനെതിരെ ശാസ്ത്രജ്ഞര്‍തന്നെ നിലപാടെടുക്കുന്നത് ശാസ്ത്രത്തിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട ഉന്നതമായ മൂല്യബോധത്തിന്റെ അടിസ്ഥാനത്തിലാണ്.

ശാസ്ത്രപഠനം എങ്ങനെ?

പഠനത്തിന് ഓരോകാലത്തും ഓരോ രീതിയാണ് ഉപയോഗിച്ചിരുന്നത്. ആദ്യകാലങ്ങളില്‍ ശാസ്ത്രമെന്ന് വിശേപ്പിച്ച പല കാര്യങ്ങളും പൂര്‍ണമായും ശാസ്ത്രമായിരുന്നില്ല. ഋഷിപ്രോക്തങ്ങളായ അറിവുകള്‍ മന:പാഠമാക്കുകയാണ് വളരെക്കാലം ചെയ്തുപോന്നത്. നിരീക്ഷണത്തിന്റെയും സംവാദത്തിന്റെയും പ്രയോഗത്തിന്റെയും മറ്റും രീതികളും സമാന്തരമായി ഉണ്ടായിരുന്നു. എന്നാല്‍ കേട്ടുപഠിക്കുകയെന്ന രീതിക്കായിരുന്നു ഗുരുകുലങ്ങളില്‍ വളരെക്കാലം പ്രാമുഖ്യമുണ്ടായിരുന്നത്. അന്നത്തെ സാമൂഹ്യവ്യവസ്ഥയും ജ്ഞാനത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും അതിന് കാരണമായിരുന്നു. എന്നാല്‍ ദാര്‍ശനികരുടെ ഇടപെടലുകളും മന:ശാസ്ത്രത്തിന്റെ ആഗമനവും വളര്‍ച്ചയും പഠനരീതിയെ പുതുക്കിക്കൊണ്ടിരുന്നു. ഇന്ന് നാം കുട്ടികള്‍ അറിവ് നിര്‍മിക്കുന്ന രീതിശാസ്ത്രത്തെ മുന്നോട്ടു വെക്കുന്നു.

കുട്ടി നടത്തുന്ന ജ്ഞാനനിര്‍മിതിയെ മുന്നില്‍ നിര്‍ത്തിയതില്‍ സ്വിസ് ഗവേഷകനായിരുന്ന ജീന്‍ പിയാഷെയുടെ പങ്ക് വലുതാണ്. കുട്ടികളെ ‘ഏകാകിയായ ശാസ്ത്രജ്ഞന്‍’എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. പിയാഷെയുടെ കാഴ്ചപ്പാടില്‍ അധ്യാപകന്‍ കുട്ടികളുടെ പഠനത്തില്‍ ഇടപെടരുത്. അവശ്യഘട്ടങ്ങളില്‍ ചില നാമമാത്രസഹായങ്ങള്‍ ചെയ്താല്‍ മതി. എന്നാല്‍ അമേരിക്കക്കാരനായ ജെറോം ബ്രൂണര്‍ പഠനപ്രക്രിയയില്‍ ചുറ്റുമുള്ള ലോകത്തിനും അധ്യാപകര്‍ക്കും കുറേക്കൂടി സ്ഥാനം നല്‍കി. ഏതൊരു അറിവും ഉചിതമായ രീതിയില്‍ ക്രമപ്പെടുത്തി പറ്റിയ രീതിയില്‍ അവതരിപ്പിച്ചാല്‍ കുട്ടികളിലെത്തിക്കാനാവുമെന്ന് അദ്ദേഹം കരുതി. അതിനുള്ള പഠനഘട്ടങ്ങളും രീതിശാസ്ത്രവും നിര്‍ദേശിച്ചു.

ഇതിനെ കുറേക്കൂടി മുന്നോട്ടുകൊണ്ടുപോയത് റഷ്യന്‍ മന:ശാസ്ത്രജ്ഞനായ ലവ് വിഗോട്‌സ്‌കിയാണ്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളില്‍ പടുത്തുയര്‍ത്തിയ സാമൂഹ്യജ്ഞാതൃവാദം അധ്യാപകന് കുറേക്കൂടി ക്രിയാത്മകമായ സ്ഥാനം നല്‍കുന്നു. കൂടുതല്‍ അറിവുള്ള സമൂഹപ്രതിനിധി എന്ന നിലയില്‍ അധ്യാപകന്‍ കുട്ടിയെ പ്രചോദിപ്പിക്കുകയും കൈത്താങ്ങുനല്‍കി അന്വേഷണത്തിന്റെ വേഗത കൂട്ടുകയും ദിശ കൃത്യമാക്കുകയും ചെയ്യുന്നു. ആധുനികമായ സ്‌കൂള്‍ വിദ്യാഭ്യാസസംവിധാനത്തിന് വിഗോട്‌സ്‌കി നിര്‍ദേശിച്ച ഇടപെടല്‍ മാതൃകയാണ് അഭികാമ്യം. കുറഞ്ഞ സമയത്തിനുള്ളില്‍ വിദ്യാര്‍ഥിയെ അറിവിന്റെ ഉന്നതങ്ങളില്‍ എത്തിക്കാന്‍ ഈ രീതി പിന്തുടരുന്ന പുതിയ അധ്യാപകനു കഴിയും.

അന്വേഷണാത്മക പഠനത്തിന്റെ തലങ്ങള്‍

പഠനം അന്വേഷണാത്മകമാകണമെന്ന് ജ്ഞാതൃവാദം പൊതുവില്‍ പറയുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണാത്മക പഠനം(enquiry / inquiry learning) വികസിച്ചുവന്നത്. ഹീതര്‍ ബാഞ്ചിയും റണ്ടി ബെല്ലും ചേര്‍ന്നെഴുതിയ‘The many levels of Inquiry’എന്ന ലേഖനത്തില്‍ അന്വേഷണത്തിന്റെ നാല് തലങ്ങള്‍ വിശദീകരിക്കുകയുണ്ടായി..

1.ഉറപ്പിക്കല്‍ അന്വേഷണം(confirmation inquiry)

അധ്യാപകന്‍ ആദ്യം ഒരു ശാസ്ത്രഭാഗം പഠിപ്പിക്കുന്നു. ടീച്ചര്‍ തുടര്‍ന്ന് അന്വേഷണാത്മക ചോദ്യങ്ങളും അതിനുപയോഗിക്കേണ്ട പ്രക്രിയകളും വികസിപ്പിക്കുന്നു. ഈ വഴിയിലൂടെ പോയാല്‍ നേരത്തെ മനസ്സിലാക്കിയ ഉത്തരത്തില്‍ കുട്ടികള്‍ക്ക് എത്താനാവും. ഇവിടെ കുട്ടികള്‍ സ്വന്തമായി ചോദ്യങ്ങള്‍ നിര്‍മിക്കുകയോ പഠനരീതി വികസിപ്പിക്കുകയോ ചെയ്യുന്നില്ല. പകരം നിര്‍ദിഷ്ടമായ ചില പ്രക്രിയകള്‍ പരിചയപ്പെടുന്നു. നേരത്തെ പഠിച്ച കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പിക്കുന്നു. വിവരങ്ങള്‍ ശേഖരിക്കാനും അവ രേഖപ്പെടുത്താനും പഠിക്കുന്നു.

2. ക്രമീകൃത അന്വേഷണം(structured inquiry)

ഇവിടെ അധ്യാപിക അന്വേഷിക്കേണ്ട ചോദ്യങ്ങളും പിന്തുടരേണ്ട പ്രക്രിയയുടെ ഏകദേശരൂപവും നല്‍കുന്നു. കുട്ടികള്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ അതായത്, വിവരങ്ങളുടെ വിശകലനവും നിഗമനരൂപീകരണവും നടത്തുന്നു.

3. സഹായത്തോടെയുള്ള അന്വേഷണം(guided inquiry)

അധ്യാപിക അന്വേഷണചോദ്യമേ ഇവിടെ നല്‍കൂ. അന്വേഷണരീതി ആവിഷ്‌കരിക്കേണ്ടതും നടപ്പിലാക്കേണ്ടതും നിഗമനരൂപീകരണം നടത്തി അത് വിനിമയം ചെയ്യേണ്ടതുമായ ചുമതലകള്‍ പഠിതാവിനായിരിക്കും.

4. സ്വതന്ത്ര അന്വേഷണം(open/true inquiry)

ഇതില്‍ അന്വേഷിക്കേണ്ട ചോദ്യങ്ങള്‍ രൂപീകരിക്കുന്നതും പ്രക്രിയ നിശ്ചയിക്കുന്നതും പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് നിഗമനരൂപീകരണം നടത്തുന്നതും വിനിമയം ചെയ്യുന്നതുമെല്ലാം പഠിതാവ് സ്വന്തമായാണ്. അധ്യാപകര്‍ ആഗ്രഹിക്കേണ്ടത് തന്റെ കുട്ടികള്‍ ഒടുവില്‍ പറഞ്ഞ തലത്തിലേക്ക് എത്തിച്ചേരണമെന്നാണ്. അത് സാധിക്കണമെങ്കില്‍ ആദ്യരീതി തൊട്ട് മുകളിലേക്ക് ഘട്ടംഘട്ടമായി പഠിതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. കുറഞ്ഞപക്ഷം മൂന്നാമത്തെ രീതിയിലേക്കെങ്കിലും എത്തിച്ചേരുന്നതിനാവശ്യമായ പരിചയവും ശേഷികളും ലഭിക്കത്തക്കവിധം ശാസ്ത്രപഠനത്തെ രൂപകല്‍പന ചെയ്യേണ്ടതുണ്ട്.

എന്നാല്‍ ഇന്ത്യയില്‍ സ്‌കൂളിലെന്നല്ല, കോളേജില്‍ പോലും ‘തത്തമ്മേ പൂച്ചപൂച്ച’ രീതിയിലുള്ള പഠനമാണ് പ്രാക്റ്റിക്കല്‍ ക്ലാസിലുള്‍പ്പെടെ നടക്കുന്നത്. ഇത് മാറ്റാന്‍ ചില ശ്രമങ്ങള്‍ നിലവിലുള്ള പാഠ്യപദ്ധതിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടക്കുന്നുണ്ട് എന്നത് മറക്കുന്നില്ല. എന്നാല്‍ ഇവിടെപ്പോലും ശാസ്ത്രപ്രദര്‍ശനങ്ങളില്‍ അവതരിപ്പിക്കുന്ന പ്രോജക്റ്റുകള്‍ അധ്യാപകന്‍ രൂപകല്‍പനചെയ്ത് / എവിടെ നിന്നെങ്കിലും പകര്‍ത്തി, മിടുക്കരായ കുട്ടികളെ നേരത്തെ പഠിപ്പിച്ചുണ്ടാക്കുന്നതാണ്. ഇത്തരം പ്രോജക്റ്റുകളില്‍ മിക്കപ്പോഴും കുട്ടികള്‍ക്ക് യാതൊരു പങ്കുമില്ല.

ശാസ്ത്രപഠനവും വിവരസാങ്കേതികവിദ്യയും

വിവരസാങ്കേതികവിദ്യ പഠനത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഒരു കാലത്താണ് ഇന്ന് അധ്യാപകന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ്കാലത്ത് മറ്റു തരത്തിലുള്ള വിനിമയങ്ങള്‍ അസാധ്യമായതിനാല്‍ ഓണ്‍ലൈന്‍രീതി നമുക്ക് തുണയായി. ഇതിനാവശ്യമായ ശേഷികള്‍ പലതും അധ്യാപകര്‍ സ്വയവും അറിയുന്നവരുടെ സഹായത്തോടെയും സ്വായത്തമാക്കുന്നതിന് നാം സാക്ഷ്യംവഹിച്ചു. അധ്യാപകരുടെ കൂട്ടായ്മ ഉണ്ടാക്കുന്നതിനും സ്‌കൂള്‍ റിസോഴ്‌സ്ഗ്രൂപ്പ് ചേരുന്നതിനും രക്ഷാകര്‍ത്താക്കളെ കുട്ടിയുടെ പഠനവുമായി ബന്ധിപ്പിക്കുന്നതിലേക്ക് പി. ടി. എ. യോഗം നടത്തുന്നതിനും സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കാന്‍ പലരും പഠിച്ചു. ഈ അറിവും സാധ്യതയും കോവിഡ് അനന്തരകാലത്തും ഉപയോഗപ്പെടുമെന്നതില്‍ സംശയമില്ല.

ശാസ്ത്രപഠനത്തിലും സാങ്കേതികവിദ്യയ്ക്ക് ഒരു പങ്ക് വഹിക്കാനാവും. സാധാരണനിലയില്‍ നിരീക്ഷണവിധേയമല്ലാത്ത പലതും കാണിക്കാനും പല മേഖലകളിലും അധികവിവരങ്ങള്‍ ലഭ്യമാക്കാനും ഡിജിറ്റല്‍വഴിയിലൂടെ സാധിക്കും. വെര്‍ച്വല്‍ ലാബിന്റെ സങ്കേതം പഠനത്തില്‍ വഹിക്കാന്‍ പോകുന്ന പങ്ക് തള്ളിക്കളയാവുന്നതല്ല.

ശാസ്ത്രപഠനവും പുതിയ വിദ്യാഭ്യാസനയവും

ശാസ്ത്രപഠനത്തെ ആവേശോജ്ജ്വലം സ്വാഗതംചെയ്ത ഒരു വിദ്യാഭ്യാസനയമായിരുന്നു 1968 ല്‍ പുറത്തുവന്ന ആദ്യവിദ്യാഭ്യാസനയം. 1986 ലെ രണ്ടാമത്തൈ വിദ്യാഭ്യാസനയം വന്നപ്പോള്‍ ശാസ്ത്രത്തോടൊപ്പമോ അതിലധികമോ സാങ്കേതികവിദ്യയ്ക്കായി പ്രാധാന്യം. 2020 ലെ പുതിയ വിദ്യാഭ്യാസനയത്തില്‍ പഠനവിഷയങ്ങളുടെ കൂട്ടത്തില്‍ ഒന്നായിമാത്രം ശാസ്ത്രം വരുന്നു. അതിനപ്പുറം ശാസ്തരത്തെക്കുറിച്ചുള്ള പ്രത്യേക വിവരണങ്ങളോ ശാസ്ത്രപഠനം വഴി കുട്ടികളില്‍ വളര്‍ന്നുവരേണ്ട കഴിവുകളെയോ മൂല്യങ്ങളെയോ കുറിച്ചോ പ്രശ്‌നപരിഹരണം, വിമര്‍ശനാത്മകചിന്ത തുടങ്ങിയ ഉയര്‍ന്ന ശേഷികളെ കുറിച്ചോ നയത്തില്‍ ഊന്നിപ്പറയുന്നില്ല. എന്നാല്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റ സയന്‍സ് എന്നിവയൊക്കെ പഠിക്കേണ്ടതിനെക്കുറിച്ച് വലിയ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതായത് ശാസ്ത്രത്തെക്കാള്‍ സാങ്കേതികവിദ്യയാണ് പുതിയ വിദ്യാഭ്യാസനയത്തില്‍ പ്രാധാന്യം നേടിയിരിക്കുന്നത്.

വിഷയങ്ങളില്‍ ഏറെ ഊന്നല്‍ ഭാഷയ്ക്കാണ് ; വിശേഷിച്ചും സംസ്‌കൃതത്തിന്. സംസ്‌കൃതം പോലുള്ള ഭാഷകളിലൂടെ പരമ്പരാഗതമായ പലതും കുട്ടികളിലെത്തിക്കാം എന്നതാണ് അതിനു കാരണം. ഗണിതമാകട്ടേ മേല്‍പറഞ്ഞ സാങ്കേതികവിദ്യാപഠനത്തിന് അനിവാര്യമാണെന്നും നിരീക്ഷിക്കുന്നു. ശാസ്ത്രപഠനത്തെ സാങ്കേതികവിദ്യയിലെത്താനുള്ള പാലം മാത്രമായാണ് നയം തയ്യാറാക്കിയവര്‍ കാണുന്നത്.

അതേസമയം പരമ്പരാഗതമായ അറിവുകളില്‍ ഈ നയരേഖ ആവശ്യത്തിലേറെ ആവേശം കൊള്ളുന്നുണ്ട്. 64 ഭാരതീയകലകളില്‍ പലതരം ശാസ്ത്രങ്ങളുണ്ടെന്ന് അത് ഓര്‍മിപ്പിക്കുന്നു. അത്തരം കാമ്പസുകള്‍ ഉയര്‍ന്നുവരണമെന്ന് ആഗ്രഹിക്കുന്നു. പ്രാചീനഭാരതം ശാസ്ത്രമേഖലകളില്‍ അനവധി മുന്നേറ്റങ്ങള്‍ നേടിയിട്ടുണ്ടെന്നും അവ പഠനത്തില്‍ ഉള്‍ച്ചേര്‍ക്കണമെന്നുമുള്ള അഭിലാഷം പ്രകടിപ്പിക്കുന്നു. പ്ലാസ്റ്റിക് സര്‍ജറിയും വിമാനശാസ്ത്രവും കണികാപഠനവും നടത്തുമ്പോള്‍ ഗണപതിയും പുഷ്പകവിമാനവും കണാദനും അവതരിപ്പിക്കപ്പെടുമോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

പുതിയ കാലം, പുതിയ ചുമതലകള്‍

ശാസ്ത്രം ഒരു വിഷയമെന്ന നിലയില്‍ പഠിപ്പിക്കുന്നതില്‍ ശാസ്ത്രാധ്യാപകന്റെ ധര്‍മം തീരുന്നില്ല എന്നാണ് പുതിയ കാലം നമ്മെ ഓര്‍മിപ്പിക്കുന്നത്. കാലം മാറുന്നതിനനുസരിച്ച് പുതിയ വിഷയങ്ങള്‍ മനുഷ്യരാശിയുടെ മുന്നില്‍ എത്തുന്നുണ്ട്. കൊറോണ പോലുള്ള ഒരു മഹാമാരി നമ്മുടെ വഴിമുടക്കുമെന്ന് ആരും കരുതിയതല്ല. അന്ധവിശ്വാസങ്ങള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരെപ്പോലും ഇത്രകണ്ട് ബാധിക്കുമെന്ന് നാം പ്രതീക്ഷിച്ചതല്ല. ശാസ്ത്രജ്ഞാനം ഒരുവശത്ത് വികസിക്കുമ്പോള്‍ തന്നെയാണ് പശു ഓക്‌സിജന്‍ പുറത്തുവിടുന്നതിനെ കുറിച്ച് ‘വെളിപ്പെടുത്തലുകള്‍’ ഉണ്ടാവുന്നത്.

പുതിയ ലോകം എന്തിനെയും വിപണനമൂല്യം വെച്ചാണ് നോക്കിക്കാണുന്നത്. അതുകൊണ്ട് ശാസ്ത്രം മുന്നോട്ടുവെച്ച പ്രശ്‌നപരിഹരണരീതി വഴി കണ്ടെത്തുന്ന വില കൂടിയ സാങ്കേതികവിദ്യകള്‍ക്ക് ആവശ്യക്കാരുണ്ടാകും. എന്നാല്‍ ആ പ്രശ്‌നപരിഹരണരീതി ഉപയോഗിച്ച് സാധാരണക്കാരുടെ നിത്യജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലാഭകേന്ദ്രിതമായ സമ്പദ്‌വ്യവസ്ഥയ്ക്ക് താത്പര്യമുണ്ടാകില്ല. ശാസ്ത്രത്തിന്റെ രീതിയും വിമര്‍ശനാത്മകതയും ഉപയോഗിച്ച് മനുഷ്യന്‍ അവനെ വരിയുന്ന അനവധി അന്ധതകളെ ചോദ്യംചെയ്യുന്നതിനെ അംഗീകരിക്കാന്‍ ഭരണകൂടങ്ങള്‍ക്കും താത്പര്യമുണ്ടാകില്ല.

ശാസ്ത്രം സത്യാന്വേഷണത്തിന്റെ വഴിയിലെ കരുത്തുറ്റ ഉപകരണമാണ്. അതുപയോഗിച്ച് ശാസ്ത്രത്തിന്റെ തെറ്റായ ഉപയോഗങ്ങള്‍ക്ക് എതിരെ ഉള്‍പ്പെടെ പോരാടാനാവും. നവലിബറല്‍കാലത്ത് പ്രകൃതിയെ നശിപ്പിച്ചും ലാഭേച്ഛയോടെ ആവശ്യങ്ങളെയും ഉത്പന്നങ്ങളെയും കൃത്രിമമായി ഉത്പാദിപ്പിച്ചും മുതലാളിത്തം തേരോട്ടം നടത്തുകയാണ്. മതമൗലികത മനുഷ്യമസ്തിഷ്‌കത്തെ കീഴ്‌പെടുത്തുകയാണ്. പുതിയ വിദ്യാഭ്യാസനയം ശാസ്ത്രത്തിന്റെ മുനകുറയ്ക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്. യുക്തിയെ എല്ലാവിധത്തിലും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ സ്ഥാപിതതാത്പര്യങ്ങള്‍ തുടരുകയാണ്.

ശാസ്താധ്യാപകര്‍ അവരില്‍ അര്‍പ്പിതമായ ആ ഉത്തരവാദിത്തം തുടര്‍ന്നും നിര്‍വഹിക്കേണ്ടതുണ്ട്. ശാസ്ത്രജ്ഞാനം വികസിപ്പിക്കാനും ശാസ്ത്രത്തിന്റെ രീതിശാസ്ത്രം പരിചയിക്കാനും അത് മുന്നോട്ടുവെക്കുന്ന മൂല്യബോധമുപയോഗിച്ച് മാനുഷികമായ എന്തിനെയും വിശകലനം ചെയ്യാനുമുള്ള അവസരം കുട്ടികള്‍ക്ക് ഒരുക്കുക എന്നതാണത്.

ഈ അന്ധകാരത്തിനിടയിലും ഒരു തിരി കത്തിച്ചുവെക്കാന്‍ നമുക്കു കഴിയണം. എങ്കില്‍ എവിടെ വെച്ചെങ്കിലും എന്നെങ്കിലും ഒരാള്‍ മുന്നോട്ടുവന്ന് നിങ്ങള്‍ക്ക് കൈതന്നുകൊണ്ട് പറയും – താങ്കളാണ് എനിക്ക് ഒരു വഴി കാണിച്ചുതെന്ന്!


അധികവായനയ്ക്ക് :

  1. Branchi, H. Bell, R. (2008).’ The many levels of Inquiry’, Science and Children, 46(2), 26 – 29

 

Happy
Happy
27 %
Sad
Sad
18 %
Excited
Excited
9 %
Sleepy
Sleepy
45 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post Ask LUCA – സെപ്റ്റംബർ 5 ന് ആരംഭിക്കും
Next post ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ചരിത്രം – വീഡിയോ പരമ്പര
Close