COURSE LUCA കാലവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം – കോഴ്സിന്റെ ആദ്യ ആഴ്ച്ചയിലെ ക്ലാസിന്റെ പഠനക്കുറിപ്പ്
CLASS 1 | Part 1-4 വീഡിയോകൾ കാണാം
ആമുഖം
ഇന്ന് ലോകം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നതും വരാനിരിക്കുന്ന കാലഘട്ടത്തിൽ അഭിമുഖീകരിക്കാൻ പോകുന്നതുമായ ഏറ്റവും വലതും സങ്കീർണ്ണവും പരിഹരിക്കാൻ ഏറെ പ്രയാസമുള്ളതുമായ പ്രശ്നമാണ് കാലാവസ്ഥാ വ്യതിയാനം. നമ്മുടെ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു എന്നതിനപ്പുറത്തേക്കു ഈ പ്രശ്നം നമ്മുടെ ആവാസ വ്യവസ്ഥയെയും സാമൂഹിക സാമ്പത്തിക മണ്ഡലങ്ങളെയും ഒരു പോലെ സാരമായി ബാധിച്ച് കൊണ്ടിരിക്കുന്നു. ഒരർത്ഥത്തിൽ മനുഷ്യന്റെയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടെയും സുസ്ഥിരമായ നിലനില്പിനെ തന്നെ കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നു.
ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നതും ഇതിനു കാരണം മനുഷ്യന്റെ പ്രവൃത്തികളാണ് (പ്രധാനമായും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന കാർബൺ ഡയോക്‌സൈഡ് ഉത്സർജ്ജനം ) എന്നതും വിവിധങ്ങളായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇന്ന് സംശയരഹിതമായും (unequivocal) തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്.1 നമ്മുടെ അന്തരീക്ഷത്തിന്റെയും സമുദ്രങ്ങളുടെയും ഭൗമോപരിതലത്തിന്റെയും എല്ലാം താപനില സംശയരഹിതമായും വർധിച്ചു കൊണ്ടേയിരിക്കുന്നു. കാലാവസ്ഥ വ്യവസ്ഥ (climate system) യിൽ ഉണ്ടായിട്ടുള്ള താപവ്യതിയാനത്തിന്റെ 91 ശതമാനവും സംഭവിച്ചതു നമ്മുടെ സമുദ്രങ്ങളിലാണ്.2 ഭൗമോപരിതലത്തിലുണ്ടായ താപനിലയിലെ വ്യത്യാസവും മഞ്ഞുരുകിയപ്പോൾ ഉണ്ടായ താപനഷ്ടവും അന്തരീക്ഷ താപനിലയിലുണ്ടായ വ്യത്യാസവും മൊത്തം താപ/ഊർജ്ജ വ്യതിയാനത്തിന്റെ കേവലം 5 ഉം 3 ഉം 1 ഉം (യഥാക്രമം) ശതമാനം മാത്രമാണ്. സമുദ്രങ്ങളുടെ മുകൾഭാഗത്തിന്റെ (0 -700m) താപനില 1970 കൾ മുതൽ വർധിച്ചിരിക്കുന്നു എന്നത് തീർത്തും ഉറപ്പുള്ള വസ്തുതയാണ് എന്ന് മാത്രമല്ല, ഈ താപവ്യതിയാനം സംഭവിച്ചിരിക്കുന്നത് മനുഷ്യന്റെ പ്രവൃത്തികൾ കൊണ്ടാണ് എന്നതും ഉറപ്പായി പറയാനും കഴിയും. ഇതിന്റെ ഭാഗമായി തന്നെ സമുദ്രങ്ങളിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു, ധ്രുവ പ്രദേശങ്ങളിലെ sea ice ന്റെയും glaciers ന്റെയും വിസ്താരവും വ്യാപ്തിയും കുറഞ്ഞു കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളും മനുഷ്യ പ്രവൃത്തികൾ കൊണ്ടാണ് എന്നത് ഏതാണ്ട് ഉറപ്പാണ്. ഇതിനെല്ലാം പുറമെ നമ്മുടെ സമുദ്രങ്ങൾക്കു സംഭവിച്ചിരിക്കുന്ന അസിഡിഫിക്കേഷൻ മനുഷ്യ പ്രവർത്തനങ്ങളിലൂടെ പുറം തള്ളിയ കാർബൺ ഡയോക്സൈഡ് മൂലമാണെന്ന് തീർത്തും ഉറപ്പുള്ള കാര്യമാണ്. ഉഷ്ണ തരംഗങ്ങളിലും (heat waves) വരൾച്ചയിലും (drought) ഉണ്ടായിക്കൊണ്ടിരിക്കുന്ന വർദ്ധനവ് പോലെ മറ്റു തീവ്ര കാലാവസ്ഥ/ദിനാവസ്ഥ (extreme events) യിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന വർധനവും ഒരു പരിധി വരെ മനുഷ്യ പ്രവൃത്തികൾ മൂലമാണെന്ന് കാണാൻ കഴിയും. കാലാവസ്ഥ പ്രവചനങ്ങൾ (climate projections) സൂചിപ്പിക്കുന്ന തരത്തിൽ തീവ്ര മഴയുടെ ആവൃത്തിയിലും (frequency) യിലും തീവ്രതയിലും (intensity) ഉണ്ടാവുന്ന മാറ്റങ്ങൾ പ്രാദേശികമായി വെള്ളപ്പൊക്ക സാധ്യത വർധിപ്പിച്ചേക്കാം.
കാലാവസ്ഥാ വ്യതിയാനം എന്നത് ദീർഘകാല ശരാശരി താപനില ഉയരുന്നതും അതിനെ തുടർന്ന് കാലാവസ്ഥ വ്യൂഹത്തിന്റെ മറ്റു ഘടകങ്ങളിലും ഉണ്ടാവുന്ന മാറ്റമാണ് എന്ന് ചുരുക്കത്തിൽ പറയാമെങ്കിലും ഇതിന്റെ പ്രത്യാഘാതങ്ങൾ ഇതിൽ ഒതുങ്ങുന്നില്ല. താപനില ഉയരുന്നതും മഞ്ഞുരുകുന്നതും തീവ്ര മഴയും ഉഷ്ണ തരംഗങ്ങളും വര്ധിക്കുന്നതുമെല്ലാം ഏതാനും പ്രത്യക്ഷ ഉദാഹരണങ്ങൾ മാത്രമാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം നമ്മുടെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്നു. നമ്മുടെ കൃഷിയെയും ഭക്ഷ്യ സുരക്ഷയെയും, ശുദ്ധജല ലഭ്യതയെയും നമ്മുടെ ആരോഗ്യത്തെയും ജൈവ വൈജാത്യത്തെയും എല്ലാം സാരമായി ബാധിക്കുന്നു. ഇതിനെല്ലാം പുറമെ നമ്മുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളെയാകെ അത് സാരമായി ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം യുദ്ധങ്ങൾക്ക് പോലും ഭാഗികമായെങ്കിലും കാരണമാവുന്നത് കാണാൻ കഴിയും.
എന്നാൽ ഇതിനിടയിലെല്ലാം തന്നെ നമ്മൾ പുറത്ത് വിടുന്ന കാർബൺ ഡയോക്സൈഡിന്റെയും ആഗോള താപനത്തിനു കാരണമാവുന്ന മീഥേൻ അടക്കമുള്ള മറ്റു ഹരിതഗൃഹ വാതകങ്ങളുടെയും ഉത്സർജ്ജനം കുത്തനെ കൂടിക്കൊണ്ടിരിക്കുക തന്നെയാണ്. എന്ന് വെച്ചാൽ കൂടുതൽ കൂടുതൽ താപനത്തിലേക്കും കാലാവസ്ഥ വ്യതിയാനത്തിലേക്കുമാണ് നമ്മൾ നടന്നടുക്കുന്നത് എന്ന് ചുരുക്കം. എന്നാൽ CO2 ഉത്സർജ്ജനം കുറക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മുടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട വൈദ്യുതി നിർമ്മാണത്തിന്റെയും ഗതാഗത സൗകര്യങ്ങളുടെയും മറ്റു വ്യവസായങ്ങളുടെയും ഭാഗമായാണ് ഈ കാർബൺ ഉത്സർജ്ജനം എന്നത് തന്നെ കാരണം. നമ്മൾ ഇക്കാലത്തിനിടക്ക് കൈവരിച്ച പുരോഗതിയും നിലവിൽ നമ്മുടെ നിലനില്പും വളരെയധികം ഫോസിൽ ഇന്ധങ്ങളുടെ ഉപയോഗത്തെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് പ്രശ്നത്തിന്റെ കാതൽ. പൂർണ്ണ സജ്ജമായ ബദൽ ഊർജ്ജമാർഗങ്ങൾ വരുന്നത് വരെ ഫോസിൽ ഇന്ധങ്ങളുടെ ആശ്രയത്വം ഇല്ലാതാക്കുക എന്നത് ഏതാണ്ട് അപ്രായോഗികമാണ്. ചുരുക്കത്തിൽ മനുഷ്യകുലം ഇതിനു മുൻപ് അഭിമുഖീകരിച്ചിട്ടില്ലാത്ത (unprecedented) തരം പ്രതിസന്ധിയാണ് കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ചിരിക്കുന്നത്.
ഈയൊരു പ്രതിസന്ധി മറികടക്കാൻ കാലാവസ്ഥ ശാസ്ത്രത്തിൽ ഗവേഷണം നടത്തുകയോ കാലാവസ്ഥ പ്രവചനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയോ ഒന്നും ചെയ്യാത്ത ഒരാൾ പോലും കാലാവസ്ഥയെ കുറിച്ചും കാലാവസ്ഥയിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റത്തെ കുറിച്ചും ഇക്കാലത്ത് അറിഞ്ഞിരിക്കേണ്ടതുണ്ട്. പൊതുജനങ്ങളുടെ കാലാവസ്ഥ (ശാസ്ത്ര) സാക്ഷരത കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കുന്നതിൽ വളരെ പ്രധാനമാണ്. കാലാവസ്ഥ (ശാസ്ത്ര) സാക്ഷരത എന്നതു പുതിയ കാലത്ത് ഒരു സമൂഹത്തിനു അവശ്യം ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണ്. ഈ ഒരു കോഴ്‌സിന്റെ ഉദ്ദേശ ലക്ഷ്യവും കാലാവസ്ഥ സാക്ഷരതയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സഹായിക്കുക എന്നതാണ്.
കാലാവസ്ഥ ശാസ്ത്ര സാക്ഷരത (Climate Science Literacy)
കാലാവസ്ഥയെ കുറിച്ചും അതിനുണ്ടാവുന്ന മാറ്റത്തെ കുറിച്ചും മനുഷ്യൻ കാലാവസ്ഥയിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും തിരിച്ചു കാലാവസ്ഥ മനുഷ്യനിലും സമൂഹത്തിലും ഉണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചും മനസ്സിലാക്കുന്നതാണ് കാലാവസ്ഥ (ശാസ്ത്ര) സാക്ഷരത3. കാലാവസ്ഥ സാക്ഷരത എന്നത് ശാസ്ത്ര സാക്ഷരതയുടെ ഭാഗമാണ്. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള സാക്ഷരത ക്ലൈമറ്റ് ആക്ഷൻ (both adaptation and mitigation) യാഥാർഥ്യമാകുന്നതിൽ സഹായിക്കും എന്ന് ‘high confidence’ ഓടു കൂടി Intergovernmental Panel on Climate Change (IPCC) അംഗീകരിച്ചിരിക്കുന്നു.4
കാലാവസ്ഥ സാക്ഷരതയുള്ള ഒരാൾക്ക്:
- കാലാവസ്ഥ വ്യൂഹത്തിന്റെ (Climate System) അടിസ്ഥാന തത്ത്വങ്ങളെ കുറിച്ച് -അറിവുണ്ടായിരിക്കും.
- കാലാവസ്ഥയെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകളെ എങ്ങനെ വിശകലനം ചെയ്യണം എന്ന അറിവുണ്ടായിരിക്കും.
- കാലാവസ്ഥയെ കുറിച്ചും കാലാവസ്ഥ മാറ്റത്തെ കുറിച്ചും അര്‍ത്ഥപൂര്‍ണ്ണമായ ആശയ വിനിമയം നടത്താൻ സാധിക്കും.
- കാലാവസ്ഥയെ ബാധിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് ഉത്തരവാദിത്ത പൂർണ്ണമായി ശാസ്ത്രീയ അറിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ (informed decisions) എടുക്കാൻ പറ്റും.
കാലാവസ്ഥ ശാസ്ത്രത്തിന്റെ 7 അടിസ്ഥാന തത്ത്വങ്ങൾ:
- ഭൂമിയുടെ കാലാവസ്ഥ വ്യൂഹത്തിന്റെ അടിസ്ഥാന ഊർജ്ജ സ്രോതസ്സ് സൂര്യനാണ്.
- കാലാവസ്ഥ നിയന്ത്രിക്കപ്പെട്ടിരിക്കുന്നത് ഭൗമ വ്യൂഹത്തിന്റെ വിവിധ ഘടകങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ പരസ്പരപ്രവർത്തനം അടിസ്ഥാനത്തിലാണ്.
- ഭൂമിയിലെ ജീവൻ കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. ജീവൻ രൂപപ്പെട്ടതും കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണ്. തിരിച്ചു ജീവൻ കാലാവസ്ഥയെയും സ്വാധീനിക്കുന്നു.
- പ്രകൃത്യാലുള്ളതും മനുഷ്യ-നിർമ്മിതവുമായ കാരണങ്ങളാൽ കാലാവസ്ഥ സ്ഥലകാലങ്ങളിൽ സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്നു.
- കാലാവസ്ഥ വ്യൂഹത്തെ കുറിച്ചുള്ള നമ്മുടെ അറിവുകൾ പുരോഗമിക്കുന്നത് തുടർച്ചയായ നിരീക്ഷണങ്ങളിലൂടെയും സൈദ്ധാന്തിക പഠനങ്ങളിലൂടെയും മോഡലിംഗിലൂടെയും ആണ്.
- മനുഷ്യ പ്രവൃത്തികൾ കാലാവസ്ഥയെ ബാധിക്കുന്നുണ്ട്.
- കാലാവസ്ഥാ വ്യതിയാനം ഭൗമ വ്യൂഹത്തെയും മനുഷ്യ ജീവിതത്തെയും ബാധിക്കും.
Important Climate Change Indicators:
മുകളിലെ ചിത്രത്തിൽ (ചിത്രം. 1) കാണിച്ചിരിക്കുന്നത് കാലാവസ്ഥ മാറ്റത്തെ കുറിക്കുന്ന ആറ് പ്രധാനപ്പെട്ട സൂചകങ്ങളിലെ മാറ്റമാണ്. കാലാവസ്ഥാ വ്യൂഹത്തിന്റെ (climate system) താപനമെന്ന് സാധാരണയായി നമ്മൾ പറയുന്നത് ആഗോള ശരാശരി ഭൗമോപരിതല താപനിലയിൽ (global mean surface temperature, GMST) ഉണ്ടാവുന്ന വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ്. വ്യവസായ-പൂർവ്വ കാലഘട്ടവുമായി (pre-industrial period) (1850-1900) താരതമ്യം ചെയ്യുമ്പോൾ, ഇന്ന് (2011-2020) GMST ഏതാണ്ട് 1.09°C കൂടിയിരിക്കുന്നു.
മറ്റൊന്ന് അന്തരീക്ഷത്തിൽ കൂടിവരുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവാണ്. മനുഷ്യ-നിർമ്മിത കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രധാന ഹേതുവായ കാർബൺ ഡയോക്സൈഡിന്റെ അളവ് 1850 ൽ 285 parts per million (ppm) ഉണ്ടായിരുന്നത് 2019 ൽ എത്തുമ്പോഴേക്കും 410 ppm ആയി കൂടിയിരിക്കുന്നത് കാണാം (ചിത്രം. 1). കരയും സമുദ്രവും ജൈവമണ്ഡലവും കൂടെ ആഗിരണം ചെയ്യുന്ന കാർബൺ ഡയോക്സൈഡിന്റെ അളവും നമുക്കറിയാവുന്ന പ്രകൃതിദത്തവും മനുഷ്യ-നിർമ്മിതവുമായ കാർബൺ ഡയോക്സൈഡ് ഉത്സർജ്ജനത്തിന്റെ അളവും കൂടെ ഒത്തു നോക്കിയാൽ നമ്മൾ ഇപ്പോൾ കാണുന്ന അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് മനുഷ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുന്നതു തന്നെയാണ് എന്ന് കാണാൻ പറ്റും.
ഇത്തരത്തിൽ ജലചംക്രമണത്തിലും (hydrological cycle, ഭൗമോപരിതലവും അന്തരീക്ഷവും തമ്മിലുള്ള ജലത്തിന്റെ കൈമാറ്റങ്ങൾ) സാരമായ മാറ്റങ്ങളുണ്ടാവുന്നുണ്ട്. ജലചംക്രമണം കുടുതൽ ശക്തിപ്പെടുന്നതായാണ് കാണുന്നത്. ഇത് തീർച്ചയായും മഴയിലും മാറ്റങ്ങൾ ഉണ്ടാക്കും. പക്ഷെ ഈ തരത്തിൽ മഴയിൽ പ്രാദേശികമായി ഉണ്ടാവുന്ന മാറ്റത്തിന്റെ പാറ്റേൺ, ഉപരിതല താപനിലയിൽ പ്രാദേശികമായി ഉണ്ടാവുന്ന മാറ്റത്തിന്റെ പാറ്റേണിൽ നിന്നും തികച്ചും വ്യത്യസ്തമാണ് (ചിത്രം. 1). മാത്രവുമല്ല മഴയുടെ അന്തർ-വാർഷിക (inter-annual) വ്യതിയാനവും താരതമ്യേന കൂടുതലാണ്. ഉത്തരാർദ്ധഗോളത്തിലെ മിതശീതോഷ്ണ മേഖലകളിൽ (temperate regions) ശരാശരി മഴ കൂടുകയും എന്നാൽ വരണ്ട ഉപ-ഉഷ്ണമേഖലാ പ്രദേശങ്ങളിൽ (subtropics) ശരാശരി മഴയുടെ അളവ് സമീപകാല ദശകങ്ങളിൽ കുറയുകയുമാണ് ചെയ്യുന്നത്.
മഞ്ഞുമണ്ഡലത്തിലും (cryosphere, മഞ്ഞും (snow) permafrost ഉം കടലിലെ മഞ്ഞുപാളികളും (sea-ice) കരയിലെ മഞ്ഞുപാളികളും (glaciers) ഒക്കെ അടങ്ങുന്ന ലോകമാകമാനമുള്ള തണുത്തുറഞ്ഞ ഭാഗം) ദ്രുത പരിവർത്തനങ്ങൾ അനുഭവപ്പെടുന്നു. മഞ്ഞുരുകുന്നതിന്റെ വേഗത കൂടുകയും മഞ്ഞുമണ്ഡലം ചുരുങ്ങി കൊണ്ടിരിക്കുകയും ചെയ്യുന്നു. ചിത്രത്തിൽ കാണുന്നത് പോലെ ഇക്കഴിഞ്ഞ ഏതാനും ദശകങ്ങളിലാണ് കരയിലെ മഞ്ഞുപാളികളുടെ ഏറ്റവും കുറഞ്ഞ അളവ് രേഖപ്പെടുത്തിയിരിക്കുന്നത് (ചിത്രം. 1).
1970 കൾ മുതൽ ആഗോള സമുദ്രത്തിന്റെ താപനില സ്ഥിരമായി വർധിച്ചുവരികയാണ്. ചിത്രത്തിൽ കാണുന്നത് പോലെ സമുദ്രങ്ങളുടെ താപ ഉള്ളടക്കം (heat content) സ്ഥിരമായി കൂടിക്കൊണ്ടിരിക്കുന്നു. 1971 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ ഏതാണ്ട് 0.28 to 0.55 yotta joule (1024 J) താപ ഉള്ളടക്കം കൂടിയിരിക്കുന്നു (ചിത്രം. 1).
സമുദ്രങ്ങളുടെ താപനത്തിൽ ഉണ്ടായ വർദ്ധനവിന്റെയും കരയിലെ ഹിമാനികളും മഞ്ഞുപാളികളും ഉരുകുന്നതിന്റെയും ഫലമായി, 1900 മുതൽ 2018 വരെയുള്ള കാലയളവിൽ ആഗോള സമുദ്രനിരപ്പ് 0.20 മീറ്റർ ഉയർന്നിരിക്കുന്നതായും കാണാം (ചിത്രം. 1). 1960 കൾക്ക് ശേഷം സമുദ്രജലനിരപ്പ് ഉയരുന്നതിന്റെ ആക്കം കൂടുന്നതും ശ്രദ്ധേയമാണ്.
ചുരുക്കി പറഞ്ഞാൽ, മേല്പറഞ്ഞ പ്രധാനപ്പെട്ട ആറ് കാലാവസ്ഥ സൂചകങ്ങളിലെയും മാറ്റം, ഏതാനും വർഷങ്ങളുടെ ഇടവേളകളിൽ ഉണ്ടാവുന്ന പ്രകൃതി ദത്തമായ വ്യതിയാനങ്ങളെ (natural variability) മറികടന്നു വ്യതിരിക്തമായി തന്നെ കൂടി കൊണ്ടിരിക്കുന്നു. ഇത് തീർച്ചയായും കാലാവസ്ഥ വ്യൂഹത്തിൽ തുടർന്ന് കൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ വ്യാപകമായ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. മുകളിലെ ചിത്രത്തിൽ നമ്മൾ കണ്ടത് വ്യാപകമായ ഈ മാറ്റത്തിന്റെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്.
ശരാശരി കാലാവസ്ഥയിലും തീവ്ര ദിനാന്തരീക്ഷവസ്ഥയിലും/കാലാവസ്ഥയിലും ഉണ്ടാവുന്ന മാറ്റങ്ങളിലെ വ്യത്യാസം.:
ചിത്രം 2 ൽ കാണിച്ചിരിക്കുന്നത് ഭാവിയിൽ ലോകത്ത് താപനിലയും മഴയും അതിന്റെ ശരാശരിയിലും തീവ്രതയിലും എങ്ങനെ മാറുന്നു എന്നുള്ളതാണ്. വിവിധ കാലാവസ്ഥ പ്രതിഭാസങ്ങളുടെ ആവൃത്തിയിലും തീവ്രതയിലും ഉണ്ടാവുന്ന മാറ്റങ്ങളിൽ മനുഷ്യ-നിർമ്മിത കാലാവസ്ഥ വ്യതിയാനത്തിനു കാര്യമായ പങ്കുണ്ട് എന്ന് നമ്മൾ നേരത്തെ കണ്ടു. എന്നാൽ ചില കാലാവസ്ഥ പ്രതിഭാസങ്ങളുടെ (variable or phenomenon) പ്രത്യേകതയനുസരിച്ച് അതിന്റെ ശരാശരിയിലും അതിന്റെ തീവ്ര പ്രകടനത്തിലും (extreme event) കാലാവസ്ഥാ വ്യതിയാനം ചെലുത്തുന്ന സ്വാധീനം വ്യത്യസ്തമാവാറുണ്ട്. താപനിലയുടെ കാര്യത്തിൽ ശരാശരിയിലും തീവ്രതാപനിലയിലും കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാവുന്ന മാറ്റങ്ങളുടെ പാറ്റേൺ പ്രാദേശികമായി ഏതാണ്ട് ഒരു പോലെയാണ് (ചിത്രം. 2). എല്ലായിടത്തും ശരാശരി താപനിലയും തീവ്രതാപനിലയും കൂടുകയാണ്. എന്നാൽ, മഴയുടെ കാര്യം അംങ്ങനെയല്ല. ശരാശരി മഴയിൽ ഉണ്ടാവുന്ന മാറ്റവും തീവ്ര മഴയിൽ ഉണ്ടാവുന്ന മാറ്റവും പ്രാദേശികമായി പലപ്പോഴും വ്യത്യസ്തമാണ്. ഒന്നാമതായി താപനിലയിൽ നിന്ന് വ്യത്യസ്തമായി ശരാശരി മഴ എല്ലായിടത്തും കൂടുകയല്ല ചെയ്യുന്നത്, മറിച്ച് കൂടുന്ന സ്ഥലങ്ങളും കുറയുന്ന സ്ഥലങ്ങളും കാണാൻ പറ്റും (ചിത്രം. 2). എങ്കിലും ലോക ശരാശരി കൂടുക തന്നെയാണ്. എന്നാൽ പല സ്ഥലങ്ങളിലും ശരാശരി കൂടുകയോ കുറയുകയോ ചെയ്യുന്ന പാറ്റേണിലല്ല തീവ്ര മഴ മാറുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ശരാശരി മഴ കുറയുന്ന സ്ഥലങ്ങളിൽ പോലും തീവ്ര മഴ കൂടുന്നതായി കാണാൻ പറ്റും. ഇത് പ്രാദേശികമായി adaptation measures എടുക്കുന്ന കാര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്.
നിർവചനങ്ങൾ
IPCC
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ശാസ്ത്രവസ്തുതകൾ വിലയിരുത്താനുള്ള ഐക്യരാഷ്ട്ര സഭയുടെ ഒരു സംഘടനയാണ് IPCC (Intergovernmental Panel on Climate Change)
ആഗോള താപനം (Global warming)
ഒരു അടിസ്ഥാനകാലയളവിനെ അപേക്ഷിച്ച് ആഗോള ഉപരിതല താപനിലയിൽ ഉണ്ടാവുന്ന വര്ധനവിനെയാണ് സാമാന്യമായി ആഗോള താപനം എന്ന് പറയുന്നത്. അടിസ്ഥാനകാലയളവിലെ താപനില കണക്കാക്കുമ്പോൾ അന്തർവാർഷിക മാറ്റങ്ങളുടെ സ്വാധീനം ഇല്ല എന്ന് ഉറപ്പു വരുത്താനായി 30 വർഷത്തെയെങ്കിലും ശരാശരിയാണ് എടുക്കേണ്ടത്. സാധാരണ നിലയിൽ അടിസ്ഥാനകാലയളവായി എടുക്കുന്നത് 1850 – 1900 എന്ന കാലഘട്ടമാണ്. ലോകം മുഴുവൻ സാമാന്യം കവറേജ് ഉള്ള observations ആദ്യമായി ഉണ്ടാവുന്നത് ഈ കാലഘട്ടത്തിലാണ് എന്നതാണ് ഈ കാലയളവ് സ്വീകരിക്കാനുള്ള കാരണം.
കാലാവസ്ഥ (Climate)
ലളിതമായി പറഞ്ഞാൽ കാലാവസ്ഥ (climate) അന്തരീക്ഷസ്ഥിതിയുടെ (weather) ശരാശരിയാണ്. കൂടുതൽ കണിശമായി പറഞ്ഞാൽ അന്തരീക്ഷ സ്ഥിതി നിർണയിക്കുന്ന പ്രസക്തമായ അളവുകളുടെ മാസങ്ങൾ മുതൽ ആയിരക്കണക്കിന് അല്ലെങ്കിൽ ദശലക്ഷക്കണക്കിന് വർഷങ്ങൾ വരെയുള്ള കാലയളവിലെ മാറ്റവും ശരാശരിയും ഉൾപ്പെടുന്ന സ്ഥിതി വിവരക്കണക്കാണ് കാലാവസ്ഥ. കാലാവസ്ഥ കണക്കാക്കാൻ ലോക അന്തരീക്ഷശാസ്ത്ര സംഘടന (WMO) നിർവചിച്ചതും പൊതുവേ സ്വീകരിക്കപ്പെട്ടതുമായ ശരാശരി കാലയളവ് 30 വർഷമാണ്. താപനില, മഴ, കാറ്റ് എന്നീ ഭൗമോപരിതല ഡേറ്റകളാണ് കാലാവസ്ഥ വ്യവസ്ഥയെ വിശദീകരിക്കാനായി സാധാരണ ഉപയോഗിക്കുന്നത്.
കാലാവസ്ഥാ മാറ്റം (Climate change)
കാലാവസ്ഥ വ്യവസ്ഥയുടെ വിവിധ ഘടകങ്ങളുടെ ശരാശരിയിലോ വ്യതിയാനത്തിലോ (variability) ഉണ്ടാകുന്നതും ദീർഘകാലത്തേക്ക്, സാധാരണ പതിറ്റാണ്ടുകളോ അതിൽ കൂടുതലോ, നീണ്ടുനിൽക്കുന്നതുമായ, സ്റ്റാറ്റിസ്റ്റിക്കൽ ടെസ്റ്റുകൾ ഉപയോഗിച്ച് തിരിച്ചറിയാവുന്ന മാറ്റമാണ് കാലാവസ്ഥാ മാറ്റം. കാലാവസ്ഥ വ്യവസ്ഥയുടെ സ്വാഭാവിക ആന്തരിക പ്രക്രിയകൾ മൂലമോ സൗരചക്രങ്ങളുടെ മോഡുലേഷനുകൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, മനുഷ്യ പ്രവർത്തികൾ മൂലം അന്തരീക്ഷത്തിന്റെ ഘടനയിലോ ഭൂവിനിയോഗത്തിലോ ഉണ്ടാകുന്ന നിരന്തരമായ മാറ്റങ്ങൾ തുടങ്ങിയ ബാഹ്യ കാരണങ്ങൾ മൂലമോ കാലാവസ്ഥാ മാറ്റം സംഭവിക്കാം.
ആന്ത്രപോജനിക്/ മനുഷ്യനിർമ്മിതം (Anthropogenic)
മനുഷ്യ പ്രവർത്തികൾ മൂലം ഉണ്ടാകുന്നത്.
ഹരിതഗൃഹ വാതകങ്ങൾ – Greenhouse gases (GHGs)
റേഡിയേഷൻ ആഗിരണം ചെയ്യുകയും പുറത്തുവിടുകയും ചെയ്യുന്ന പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ അന്തരീക്ഷത്തിലെ വാതക ഘടകങ്ങൾ. ആഗിരണം ചെയ്യുകയും പുറത്തുവിടുകയും ചെയ്യുന്ന റേഡിയേഷൻ ഭൂമിയുടെ ഉപരിതലം, അന്തരീക്ഷം, മേഘങ്ങൾ എന്നിവ പുറത്തുവിടുന്ന റേഡിയേഷന്റെ സ്പെക്ട്രത്തിനുള്ളിൽ വരുന്ന തരംഗദൈർഘ്യം ഉള്ളവയാണ്. ഇത് ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്നു. ജലബാഷ്പം (H2O), കാർബൺ ഡൈ ഓക്സൈഡ് (CO2), നൈട്രസ് ഓക്സൈഡ് (N2O), മീഥെയ്ൻ (CH4), ഓസോൺ (O3) എന്നിവയാണ് ഭൂമിയുടെ അന്തരീക്ഷത്തിലെ പ്രാഥമിക ഹരിതഗൃഹ വാതകങ്ങൾ. സൾഫർ ഹെക്സാഫ്ലൂറൈഡ് (SF6), ഹൈഡ്രോഫ്ലൂറോകാർബണുകൾ (HFCs), ക്ലോറോഫ്ലൂറോകാർബണുകൾ (CFCകൾ), പെർഫ്ലൂറോകാർബണുകൾ (PFCകൾ) എന്നിവ മനുഷ്യനിർമ്മിത ഹരിതഗൃഹ വാതകങ്ങളിൽ ഉൾപ്പെടുന്നു. മനുഷ്യനിർമ്മിത ഹരിത ഗൃഹവാതകങ്ങളിൽ പലതിനും ഓസോൺ നശീകരണശേഷി ഉള്ളതിനാൽ അവർ മോൺട്രിയൽ പ്രോട്ടോകോൾ പ്രകാരം നിയന്ത്രിച്ചിട്ടുണ്ട്.
ഹരിതഗൃഹ പ്രഭാവം (Greenhouse Effect)
ജലബാഷ്പം, കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, വായുവിലെ മറ്റ് ചില വാതകങ്ങൾ എന്നിവയുടെ സാന്നിധ്യം മൂലം ഭൂമിയുടെ ഉപരിതലവും ട്രോപോസ്ഫിയറും (അന്തരീക്ഷത്തിന്റെ ഏറ്റവും താഴ്ന്ന പാളി) ചൂടാകുന്നതാണ് ഹരിതഗൃഹ പ്രഭാവം.
കാലാവസ്ഥാ വ്യവസ്ഥ (Climate system)
അന്തരീക്ഷം (atmosphere), ജലമണ്ഡലം (hydrosphere), ഹിമമണ്ഡലം (cryosphere), സ്ഥലമണ്ഡലം (lithosphere), ജൈവമണ്ഡലം (biosphere) എന്നീ അഞ്ച് പ്രധാന ഘടകങ്ങളും അവ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങളും ഉൾപ്പെടുന്നതാണ് കാലാവസ്ഥാ വ്യവസ്ഥ. കാലാവസ്ഥാ വ്യവസ്ഥയുടെ ആന്തരിക പ്രവർത്തനങ്ങളുടെ സ്വാധീനത്താലും അഗ്നിപർവ്വത സ്ഫോടനങ്ങൾ, സൗര വ്യതിയാനങ്ങൾ, ഭൂമിയുടെ ഓർബിറ്റിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, അന്തരീക്ഷത്തിന്റെ ഘടനയിലും ഭൂവിനിയോഗത്തിലും മനുഷ്യ പ്രവർത്തികൾ കാരണം ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവ കാരണവും കാലാവസ്ഥാ വ്യവസ്ഥ കാലക്രമേണ മാറുന്നു.
ആഘാതങ്ങൾ (Impacts)
കാലാവസ്ഥ ദുരന്തങ്ങൾ (extreme weather/climate events) ഉൾപ്പെടെയുള്ള കാലാവസ്ഥ സംബന്ധമായ അപകടങ്ങളുടെയും (climate-related hazards) അവയോടുള്ള എക്സ്പോഷറിന്റെയും (exposure) വൾനറബിലിറ്റിയുടെയും (vulnerability) പ്രതിപ്രവർത്തനങ്ങൾ കൊണ്ടുണ്ടാകുന്ന അനന്തരഫലങ്ങളാണ് ആഘാതങ്ങൾ. ആഘാതങ്ങൾ സാധാരണയായി മനുഷ്യജീവൻ, ഉപജീവനമാർഗങ്ങൾ, ആരോഗ്യം, ക്ഷേമം, ആവാസവ്യവസ്ഥകൾ, ജീവജാലങ്ങൾ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ആസ്തികൾ, സേവനങ്ങൾ, ആവാസവ്യവസ്ഥ സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ബാധിക്കുന്നു. ആഘാതങ്ങളെ അനന്തരഫലങ്ങൾ (consequences or outcomes) എന്നും വിളിക്കാറുണ്ട്, ഇവ പ്രതികൂലമോ പ്രയോജനകരമോ ആകാം.
അനോമലികൾ (Anomalies)
കാലാവസ്ഥാ വ്യതിയാന പഠനങ്ങളിൽ, കേവല താപനിലയേക്കാൾ പ്രാധാന്യമുള്ളത് താപനിലയിലെ അനോമലികൾക്കാണ്. ശരാശരി അല്ലെങ്കിൽ അടിസ്ഥാന താപനിലയിൽ നിന്നുള്ള വ്യത്യാസമാണ് അനോമലി താപനില. സാധാരണ മുപ്പതോ അതിലധികമോ വർഷത്തെ താപനില ഡേറ്റയുടെ ശരാശരി ആയാണ് അടിസ്ഥാന താപനില കണക്കാക്കുന്നത്. പോസിറ്റീവ് അനോമലി നിരീക്ഷിച്ച അടിസ്ഥാന താപനിലയെക്കാൾ ചൂട് കൂടുതലായിരുന്നു എന്ന് സൂചിപ്പിക്കുമ്പോൾ നെഗറ്റീവ് അനോമലി സൂചിപ്പിക്കുന്നത് അടിസ്ഥാന താപനിലയെക്കാൾ തണുപ്പായിരുന്നു എന്നാണ്. കേവല താപനിലയുടെ ശരാശരി കണക്കാക്കുമ്പോൾ, സ്റ്റേഷന്റെ സ്ഥാനമോ ഉയരമോ പോലുള്ള കാര്യങ്ങൾ ഡാറ്റയെ സ്വാധീനിക്കും (ഉദാ. ഉയർന്ന പ്രദേശങ്ങൾക്ക് താഴ്ന്ന പ്രദേശങ്ങളേക്കാൾ തണുപ്പായിരിക്കും, നഗരപ്രദേശങ്ങളിൽ ഗ്രാമപ്രദേശങ്ങളേക്കാൾ ചൂട് കൂടുതലായിരിക്കും). എന്നാൽ അനോമലികൾക്ക് ഇത്തരം ഘടകങ്ങൾ അത്ര നിർണായകമല്ല. ഉദാഹരണത്തിന്, ഒരു പർവതത്തിന്റെ മുകളിലെയും അടുത്തുള്ള താഴ്‌വരയിലെയും വേനൽക്കാല താപനില ശരാശരിയേക്കാൾ തണുത്തതായിരിക്കാം, എന്നാൽ രണ്ട് സ്ഥലങ്ങളിലും കേവല താപനില തികച്ചും വ്യത്യസ്തമായിരിക്കും. മോണിറ്ററിംഗ് നെറ്റ്‌വർക്കിൽ നിന്ന് സ്റ്റേഷനുകൾ ചേർക്കുമ്പോഴോ നീക്കം ചെയ്യുമ്പോഴോ നഷ്‌ടപ്പെടുമ്പോഴോ ഉള്ള പ്രശ്‌നങ്ങൾ കുറയ്ക്കാനും അനോമലികൾ ഉപയോഗിക്കുന്നു.
വിവര്‍ത്തനത്തിന് കടപ്പാട് : സുനന്ദ എൻ
അടിക്കുറിപ്പുകൾ
- “AR6 Synthesis Report: Climate Change 2023 – IPCC.” https://www.ipcc.ch/report/ar6/syr/. Accessed 21 May. 2023.Based on scientific understanding, key findings can be formulated as statements of fact or associated with an assessed level of confidence using the IPCC calibrated language. The IPCC calibrated language uses five qualifiers to express a level of confidence: very low, low, medium, high and very high, and typeset in italics, for example, medium confidence. The following terms are used to indicate the assessed likelihood of an outcome or a result: virtually certain 99–100% probability, very likely 90–100%, likely 66–100%, more likely than not >50–100%, about as likely as not 33–66%, unlikely 0–33%, very unlikely 0–10%, exceptionally unlikely 0–1%. Additional terms (extremely likely 95–100%; more likely than not >50–100%; and extremely unlikely 0– 5%) are also used when appropriate. Assessed likelihood is typeset in italics, e.g., very likely. This is consistent with AR5 and the other AR6 Reports.
- “AR6 Climate Change 2021: The Physical Science Basis – IPCC.” https://www.ipcc.ch/report/sixth-assessment-report-working-group-i/. Accessed 26 May. 2023.
- “What is Climate Science Literacy?.” https://www.climate.gov/teaching/what-is-climate-science-literacy. Accessed 21 May. 2023.
- “Special Report on the Ocean and Cryosphere in a Changing … – IPCC.” https://www.ipcc.ch/srocc/. Accessed 21 May. 2023.
പ്രധാനപ്പെട്ട ലിങ്കുകൾ
- https://www.pnas.org/doi/10.1073/pnas.0812721106
- https://www.ipcc.ch/report/ar6/wg1/figures/chapter-1/figure-1-4/
- https://www.ipcc.ch/report/ar6/wg1/chapter/chapter-11/#faq-11-1-figure-1#
- https://www.youtube.com/watch?v=8auMIfF50Ng&t=5s
- https://www.youtube.com/watch?v=AmSovbt5Bho
- https://www.youtube.com/watch?v=sK4qz-h8o1M
- https://www.youtube.com/watch?v=bRmiEr-zREE&t=5s
- https://ourworldindata.org/ghg-emissions-by-sector
- https://ourworldindata.org/annual-co2-emissions
- https://ourworldindata.org/contributed-most-global-co2#:~:text=The%20USA%20has%20emitted%20most,over%20the%20last%20266%20years.
- https://ourworldindata.org/co2-by-income-region
- https://downloads.globalchange.gov/Literacy/climate_literacy_lowres_english.pdf
- https://www.climate.gov/news-features/climate-qa/if-carbon-dioxide-hits-new-high-every-year-why-isn%E2%80%99t-every-year-hotter-last