ഡോ. എൻ ഷാജി
ഫിസിക്‌സ് അധ്യാപകൻ
ശനിക്ക് പുതുതായി 20 ഉപഗ്രഹങ്ങൾ കൂടി കണ്ടെത്തി. പുതിയ ഉപഗ്രഹങ്ങൾക്ക് നിങ്ങൾക്കും പേരിടാം
ശനി, വ്യാഴത്തെ പിന്നിലാക്കിയിരിക്കുന്നു. ശനിക്ക് പുതുതായി 20 ഉപഗ്രഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് ശനി സൗരയൂഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ ഒന്നാമതെത്തിയത്. ഇതോടെ ശനിയുടെ ഉപഗ്രഹങ്ങളുടെ എണ്ണം 82 ആയി. 79 ഉപഗ്രഹങ്ങളുമായി വ്യാഴം തൊട്ടുപിന്നിലുണ്ട്. ശനിക്ക് 82 ഉപഗ്രഹങ്ങളെ കൂടാതെ ധാരാളം ‘കുഞ്ഞുങ്ങൾ’ വേറെയുമുണ്ട്. പക്ഷേ അവ തീരെ ചെറിയവയാകയാൽ ഉപഗ്രഹങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഒക്ടോബർ 7-നാണ് ഇൻറർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ഈ കണ്ടപിടുത്തത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഹവായ് ദ്വീപു സമൂഹത്തിലെ മൗനാ കീ യിലുള്ള സുബാരു (Subaru) ടെലിസ്കോപ്പ് ഉപയോഗിച്ച് ഒരു സംഘം ശാസ്ത്രജ്ഞർ നടത്തിയ നിരീക്ഷണങ്ങളിലൂടെയാണ് ഇവയെ കണ്ടെത്തിയത്. അമേരിക്കൻ ശാസ്ത്രജ്ഞനായ സ്കോട്ട് ഷെപ്പേഡ് (Scott Sheppard) ആണ് ഈ പഠനങ്ങൾക്ക് നേതൃത്വം നൽകിയതു്. ഇത്രയും എണ്ണത്തെ ഒരുമിച്ചു കണ്ടെത്തുന്നത് തികച്ചും അത്ഭുതം തന്നെ. ഇവയെ സംബന്ധിച്ച് രസകരമായ മറ്റൊരു വിവരവും അവർ പുറത്തുവിട്ടിട്ടുണ്ട്. സാധാരണഗതിയിൽ ഒരു ഗ്രഹം സ്വയംഭ്രമണം ചെയ്യുന്ന ദിശയിലാണ് മിക്കവാറും ഉപഗ്രഹങ്ങളും മാതൃഗ്രഹത്തെ ചുറ്റി വരാറ്. എന്നാൽ ഇപ്പോൾ കണ്ടെത്തിയ 20-ൽ 17 എണ്ണവും തലതിരിഞ്ഞ ദിശയിലാണ് ശനിയെ ചുറ്റുന്നത്. ഇവയെല്ലാം വളരെ ചെറുതുമാണ്. ഇവയ്ക്കോരോന്നിനും ഏതാണ്ട് 5 കിലോമീറ്റർ മാത്രം വ്യാസമാണുള്ളത്. വളരെ പണ്ടെന്നോ തകർന്നു പോയ ഒരു വലിയ ഗ്രഹത്തിന്റെ അവശിഷ്ടങ്ങളാവാം ഈ ചെറുഗ്രഹങ്ങൾ.
ടെലിസ്കോപ്പുകൾ ഉപയോഗിച്ചുള്ള വാനനിരീക്ഷണം ആരംഭിക്കുന്നതു വരെ ഉപഗ്രഹമായി നമ്മുടെ ചന്ദ്രൻ മാത്രമാണ് അറിയപ്പെട്ടിരുന്നത്. 1610-ൽ ഗലീലിയോ തന്റെ ദൂരദർശിനിയിലൂടെ വ്യാഴത്തെ ചുറ്റുന്ന നാലു ഉപഗ്രഹങ്ങളെ കണ്ടെത്തി. പിന്നീടവ ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെട്ടു. ഗാനിമീഡ്, അയോ, യൂറോപ്പ, കലിസ്തോ എന്നിങ്ങനെവയാണവ അറിയപ്പെടുന്നത്. ഇതിൽ ഗാനാമീഡ് ആണ് സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം. വ്യാഴത്തിന്റെ മറ്റെല്ലാ ഉപഗ്രഹങ്ങളും ഈ ഗലീലിയൻ ഉപഗ്രഹങ്ങളെ അപേക്ഷിച്ച് തീരെ ചെറിയവയാണ്.
ഗലീലിയൻ ഉപഗ്രഹങ്ങൾക്കു ശേഷം പിന്നെ കണ്ടെത്തിയ ഉപഗ്രഹം ശനിയുടെ ടൈറ്റനാണ്. ചെറിയ ടെലിസ്കോപ്പുകളിലൂടെ തന്നെ ടൈറ്റനെ കാണാൻ കഴിയും. വ്യാഴത്തിന്റെയും ശനിയുടെയും അടുത്തുകൂടി കടന്നു പോയ വോയേജർ ബഹിരാകാശപേടകങ്ങൾ ധാരാളം ഉപഗ്രഹങ്ങളെ കണ്ടെത്തിയിരുന്നു. കൂടാതെ യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളുടെ ചുറ്റിലും ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇതുവരേയുള്ള അറിവനുസരിച്ചുള്ള ഉപഗ്രഹങ്ങളുടെ കണക്ക് താഴെ കൊടുക്കുന്നു.
- ബുധൻ – 0
- ശുക്രൻ – 0
- ഭുമി – 1
- ചൊവ്വ – 2
- വ്യാഴം – 79
- ശനി – 82
- യുറാനസ് – 27
- നെപ്ട്യൂൺ – 14
ഒരിക്കൽ ഗ്രഹമായി പരിഗണിച്ചിരുന്നതും പിന്നീട് കുള്ളൻഗ്രഹമായി (dwarf planet) തരംതാഴ്ത്തപ്പെട്ടതും ആയ പ്ലൂട്ടോക്ക് 5 ഉപഗ്രഹങ്ങളുണ്ട്.
പുതുതായി കണ്ടെത്തിയ ശനിയുടെ ഉപഗ്രഹങ്ങൾക്ക് നിങ്ങൾക്കും പേരിടാം…
2019 ഡിസംബർ 6 വരെ സമയമുണ്ട്..സന്ദർശിക്കുക : https://carnegiescience.edu/NameSaturnsMoons
വിശദവിവരങ്ങൾക്ക് വീഡിയോ കാണുക
അധികവായനയ്ക്ക്
One thought on “ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ വ്യാഴത്തെ പിന്നിലാക്കി ശനി”