Read Time:10 Minute
1957 ഒക്ടോബർ 4. സോവിയറ്റ് യൂണിയന്റെ ഭാഗമായ കസാക്കിസ്താനിലെ ബെയ്ക്കൂരിൽ ഒരു റോക്കറ്റ് വിക്ഷേപണം നടന്നു. ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്ഫുട്നിക് 1 ബഹിരാകാശത്തെത്തിക്കാനായിരുന്നു ആ വിക്ഷേപണം. 83കിലോഗ്രാമായിരുന്നു അതിന്റെ ഭാരം. അര മീറ്റർ വലിപ്പത്തിൽ ഗോളാകൃതിയിലുള്ള ഒരു കുഞ്ഞുപേടകം. മൂന്ന് ആഴ്ചക്കാലം ചെറിയ റേഡിയോ സിഗ്നലുകൾ ഭൂമിയിലേക്കയച്ചുകൊണ്ട് അത് ഭൂമിയെ ചുറ്റിക്കറങ്ങി. മൂന്നാഴ്ച കഴിഞ്ഞതോടെ അതിലെ ബാറ്ററി തീർന്നു. പിന്നെയും രണ്ടു മാസക്കാലത്തോളം ആ ചരിത്രപേടകം അതിന്റെ ഓർബിറ്റിൽ തുടർന്നു.
ലോകം മുഴുവൻ അത്ഭുതത്തോടെയാണ് സോവിയറ്റ് റഷ്യയുടെ നേട്ടത്തെ കണ്ടത്. ഏതാണ്ട് 250 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ ചുറ്റുന്ന ഒരു റേഡിയോനിലയം! ഭൂമിയുള്ള ആർക്കും ‘ബീപ് ബീപ്’ എന്നുള്ള ആ റേഡിയോ സിഗ്നൽ സ്വന്തം റേഡിയോ ഉപയോഗിച്ച് കേൾക്കാമായിരുന്നു. (– ബീപ്പ് ശബ്ദം കേൾക്കാം). റഷ്യയുടെ ഈ നേട്ടം അമേരിക്കയിലുണ്ടാക്കിയ കോലാഹലം ചെറുതൊന്നുമായിരുന്നില്ല. സാങ്കേതികപരമായി തങ്ങൾ കാലങ്ങളോളം പുറകിലായിപ്പോയി എന്നതായിരുന്നു അവരുടെ പ്രധാന സങ്കടം. സ്പുട്നിക് വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റിൽ ന്യൂക്ലിയാർ ആയുധങ്ങൾ ഘടിപ്പിച്ച് തങ്ങൾക്കുമേൽ പ്രയോഗിക്കുമോ എന്ന പേടി പടിഞ്ഞാറന് രാജ്യങ്ങളിൽ മൊത്തത്തിലുണ്ടായി. റഷ്യയ്ക്കു മുകളിലാവാൻ തങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും എന്ന ചിന്ത അമേരിക്കയെയും പൊതുവിൽ പടിഞ്ഞാറൻ രാജ്യങ്ങളെയും അലട്ടി. രാഷ്ട്രീയപരമായും സാമൂഹികപരവും ആയ പ്രതിസന്ധി ഉടലെടുത്തു. സ്പുട്നിക് ക്രൈസിസ് എന്ന പേരുതന്നെ ഉണ്ടായി! അമേരിക്കയും സോവിയറ്റ് റഷ്യയും തമ്മിലുള്ള ശീതസമരത്തിനും കാരണമായി സ്പുട്നിക്ക് എന്ന കുഞ്ഞുപേടകം!
സ്പുട്നിക്ക് 1 വിക്ഷേപിച്ച് ഒരു മാസം തികഞ്ഞപ്പോൾ സോവിയറ്റ് യൂണിയന് സ്പുട്നിക് 2 പേടകവും വിക്ഷേപിച്ചു. അതിലായിരുന്നു ഭൂമിയിൽനിന്നുള്ള ആദ്യ ജീവി ബഹിരാകാശത്തെത്തിയത്. ലെയ്ക്ക എന്ന നായ. അതോടെ അമേരിക്കയ്ക്ക് നിൽക്കളിയില്ലാതെയായി! നാസയുടെ ജനനംപോലും ഈ പ്രതിസന്ധിയുടെ ഫലമായിരുന്നു എന്നു പറയാം. അമേരിക്കയ്ക്ക് തങ്ങൾ സാങ്കേതികവിദ്യാപരമായി പുറകിലല്ല എന്നു തെളിയിക്കണം. ബഹിരാകാശഗവേഷണത്തിൽ തങ്ങളുടേതായ അടയാളപ്പെടുത്തലുകൾ വേണം. നാസയുടെ ജനനം അവിടെനിന്നായിരുന്നു. 1958ൽ നാസ രൂപീകൃതമായി. അതിനിടയിൽ അമേരിക്ക തങ്ങളുടെ ആദ്യത്തെ ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. 1958 ജനുവരി 31ന്. എക്സ്പ്ലോളർ 1 എന്നു പേരിട്ട ഈ പേടകം വിക്ഷേപിച്ചത് പക്ഷേ അമേരിക്കയുടെ ആർമി ബാലിസ്റ്റിക് മിസൈൽ ഏജൻസി ആയിരുന്നു. എന്നിരുന്നാലും മിലിറ്ററി ആവശ്യം എന്നതിലുപരി ശാസ്ത്രപരീക്ഷണമാണ് എക്സ്പ്ലോറർ 1 ലക്ഷ്യമിട്ടത്.
പിന്നീട് അമേരിക്കയും റഷ്യയും നിരവധി പര്യവേക്ഷണപരിപാടികൾക്കു തുടക്കം കുറിച്ചു. റഷ്യയ്ക്കായിരുന്നു ഇക്കാര്യത്തിൽ മുൻതൂക്കം. അമേരിക്ക ഭൂമിക്കു ചുറ്റും കളിക്കുമ്പോൾ റഷ്യ ഭൂമിയെ വിട്ട് ചന്ദ്രനിലേക്കുപോയി. ലൂണ 1 ന് ചന്ദ്രനിൽ ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിലും ചന്ദ്രന്റെ 6000കിലോമീറ്റർ അടുത്തുകൂടി കടന്നുപോയി. ലൂണ 2 ൽ അവർക്ക് ചന്ദ്രനിൽ ഇടിച്ചിറങ്ങാനായി. നാസ ഇതിനിടയിൽ പയനിയർ പേടകം വിക്ഷേപിച്ചു. ശുക്രനായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും അതിനു കഴിഞ്ഞില്ല. എന്നിരുന്നാലും പയനിയർ പേടകം ഇന്റർപ്ലാനറ്ററി പര്യവേക്ഷണങ്ങളുടെ തുടക്കമായിരുന്നു.
1961ൽ റഷ്യ ശരിക്കും ഞെട്ടിച്ചു. ആദ്യമനുഷ്യനെ ശൂന്യാകാശത്തെത്തിച്ച് ഭൂമിയെ ചുറ്റിക്കറങ്ങി. യൂറി ഗഗാറിനായിരുന്നു ആ മനുഷ്യൻ! അമേരിക്കയ്ക്കും റഷ്യയ്ക്കും ഒപ്പം പിന്നീട് കാനഡയും ഫ്രാൻസും ബഹിരാകാശപര്യവേക്ഷണങ്ങളുമായി കൂട്ടുചേർന്നു. ശുക്രന്റെയും ചൊവ്വയുടെയും ഒക്കെ അടുത്തുകൂടി പേടകങ്ങൾ യാത്ര നടത്തി.
ബഹിരാകാശഗവേഷണങ്ങൾ മുന്നേറിയതോടെ ഭൂമിക്കു പുറത്ത് മറ്റു ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമെല്ലാം ഒരിക്കൽ മനുഷ്യരുടെ കീഴിലാവും എന്ന് ഏവർക്കും ബോധ്യമായി. ഏതു രാജ്യത്തിനാവും അവിടെ അധികാരം എന്ന പ്രശ്നവും ഉയർന്നുവന്നു. അതോടെയാണ് ഇക്കാര്യത്തിൽ ഒരു അന്താരാഷ്ട്ര ഉടമ്പടിയുടെ ആവശ്യം ബോധ്യപ്പെടുന്നത്. ബഹിരാകാശശക്തികളായ അമേരിക്കയും റഷ്യയും പിന്നെ ബ്രിട്ടണും ചേർന്നാണ് ആദ്യം ഈ ഉടമ്പടിയിൽ ഒപ്പുവച്ചത്, 1967 ജനുവരിയിൽ. അതേ വർഷം ഒക്ടോബർ 10ന് ഉടമ്പടി പ്രാബല്യത്തിലുമായി. അതുപ്രകാരം ബഹിരാകാശം ആരുടെയും സ്വന്തമല്ല. ഭൂമിക്കു പുറത്തുള്ള ഒരു വസ്തുവിനും ആർക്കും അവകാശം ഉന്നയിക്കാൻ കഴിയില്ല. അവ എല്ലാവരുടേതുമാണ്. സമാധാനപരമായ ആവശ്യങ്ങൾക്കും ഗവേഷണങ്ങൾക്കുമായി ആർക്കും ബഹിരാകാശത്തെയും മറ്റു ജ്യോതിർഗോളങ്ങളെയും പ്രയോജനപ്പെടുത്താം. ബഹിരാകാശപര്യവേക്ഷണങ്ങളുടെ സമാധാനപരവും സഹകരണപരവുമായ യുഗത്തിന്റെ തുടക്കമായിരുന്നു ആ ഉടമ്പടി. ഔട്ടർ സ്പേസ് ട്രീറ്റി എന്ന മനോഹരമായ ഉടമ്പടി. ലോകത്തെ 109രാജ്യങ്ങൾ അതിൽ ഇപ്പോൾ ഒപ്പുവച്ചിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളും അതിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു.
സ്പുട്നിക് വിക്ഷേപിച്ചത് ഒക്ടോബര് 4ന്. ഔട്ടർ സ്പേസ് ട്രീറ്റി പ്രാബല്യത്തിൽ വന്നത് ഒക്ടോബർ 10ന്. സുപ്രധാനമായ ഈ രണ്ട് സംഭവങ്ങളെ കോർത്തിണക്കിയാണ് അന്താരാഷ്ട്ര ബഹിരാകാശവാരം ആചരിക്കുന്നത്. എല്ലാ വർഷവും ഒക്ടോബർ 4 മുതൽ 10വരെ ലോകവ്യാപകമായി കൊണ്ടാടുന്ന മഹത്തായ ഒരു ആചരണം. ബഹിരാകാശഗവേഷണം മനുഷ്യരുടെ നന്മയ്ക്കും വികാസത്തിനും വേണ്ടിയാണെന്ന് ഊന്നിപ്പറയുന്ന ഒരു ആചരണം.
ഉപഗ്രഹങ്ങൾ ജീവിതത്തെ മികവുറ്റതാക്കുന്നു എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ബഹിരാകാശവാരം ആചരിക്കുന്നത്. നിങ്ങളിപ്പോൾ ഈ ലേഖനം വായിക്കുന്നതിൽപ്പോലും ഉപഗ്രഹങ്ങളുടെ സഹായമുണ്ട്. ആശയവിനിമയവിസ്ഫോടനത്തിലൂടെ നമ്മുടെ ജീവിതം മെച്ചപ്പെടുത്തിയതിന് ഉപഗ്രങ്ങൾക്കുള്ള പങ്ക് ചെറുതല്ല. എത്രയോ മനുഷ്യജീവനുകളെ രക്ഷപ്പെടുത്തിയ പേടകങ്ങളാണ് ഭൂമിക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നതെന്നോ. കാലാവസ്ഥാമുന്നറിയിപ്പിലൂടെയും ടെലിമെഡിസിനിലൂടെയും ഉപഗ്രഹങ്ങൾ രക്ഷപ്പെടുത്തിയ മനുഷ്യർക്കു കണക്കില്ല.
ഉപഗ്രഹങ്ങളിലൂടെ കിട്ടുന്ന പല ഡാറ്റയും പരസ്പരം കൈമാറുന്നുണ്ട് രാജ്യങ്ങൾ തമ്മിൽ. അതിലൂടെ അനേകം മനുഷ്യരുടെ ജീവനും രക്ഷപ്പെടുന്നുണ്ട്. രാജ്യങ്ങള് തമ്മില് രാഷ്ട്രീയമായ വേര്തിരിവുകള് കാണും. പക്ഷേ ശാസ്ത്രത്തിന് അത്തരം അതിര്വരമ്പുകള് ഇല്ല. അതിര്വരമ്പുകളില്ലാത്തെ ശാസ്ത്രാഘോഷമാണ് ഓരോ സ്പേസ് വീക്കും!
Related
0
0