കേൾക്കാം
1986 ൽ സാലിം അലി തേക്കടി സന്ദർശിക്കാനെത്തി. ആ സന്ദർശനത്തിന് ചരിത്രപരമായ ഒരു പ്രാധാന്യം ഉണ്ടായിരുന്നു. തേക്കടിയിൽ സാലിം അലിയുടെ സന്ദർശനത്തിന്റെ അൻപതാം വാർഷികം ആയിരുന്നു അത്.
1936 ലാണ് അദ്ദേഹം തേക്കടി ആദ്യമായി സന്ദർശിക്കുന്നത്. എന്നാൽ ഈ സന്ദർശനം അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണായകമായ പഠന പര്യവേക്ഷണത്തിൽ ഒന്നായി മാറി. കേരളത്തിലെ പക്ഷികൾ എന്ന പ്രഖ്യാതമായ പുസ്തകത്തിന്റെ ജനനവും ഈ സന്ദർശനത്തിന്റെ തുടർച്ചയായിട്ടാണ്.
അന്ന് ദൂരദർശൻ കേരളത്തിൽ പ്രവർത്തനമാരംഭിച്ചിട്ട് രണ്ട് വർഷം തികയുന്നതേയുള്ളു. അതുകൊണ്ട് തന്നെ ഈ സന്ദർശനം റെക്കോർഡ് ചെയ്യുന്നത് ഞങ്ങൾക്ക് ഏറെ പ്രധാനമായിരുന്നു.
രാവിലെ ഞങ്ങൾ തടാകത്തിന്റെ കരയിൽ അദ്ദേഹത്തെ കാത്ത് നിൽക്കുകയാണ്. വലിയ ഉത്സാഹത്തോടെയാണ് ഞങ്ങൾ കാത്തുനിൽക്കുന്നത്. എത്രയോ കാലമായി കാണാൻ കാത്തിരിക്കുന്ന വ്യക്തിയാണ്. അപ്പോഴതാ വരുന്നു, വളരെ ചെറിയ ഒരു മനുഷ്യൻ. കാക്കി നിറത്തിലുള്ള ഒരു പാന്റും പച്ച നിറത്തിലുള്ള അയഞ്ഞ കുപ്പായവും തലയിൽ പതിഞ്ഞിരിക്കുന്ന തൊപ്പിയും മുഖത്ത് വലിയ കുസൃതിച്ചിരിയുമായി സാലിം അലി വരുന്നു. ക്യാമറ തയ്യാറാണ്, ഞങ്ങൾക്ക് വേണ്ടി ഇന്റർവ്യൂ ചെയ്യാൻ നിയുക്തനായ എം എ പാർത്ഥസാരഥി വലിയ വിനയത്തോടെ പറഞ്ഞു.
ഞങ്ങളെ സാകൂതം നോക്കി സാലിം അലി ചോദിച്ചു.
ആനയേയും തയ്യാറാക്കി നിർത്തിയിട്ടുണ്ടോ?
വലിയ പൊട്ടിച്ചിരിയിൽ ആ പ്രഭാതം പൂത്തുവിടർന്നു.
സാലിം അലിയുടെ പക്ഷികൾക്ക് വേണ്ടിയുള്ള 35 ഭാഷണങ്ങൾ ‘കിളിമൊഴി’ എന്നപേരിൽ മലയാളികൾക്ക് പ്രിയങ്കരിയായ പ്രകൃതി ശാസ്ത്രജ്ഞ എസ് ശാന്തി വിവർത്തനം ചെയ്ത് വി.സി.ബുക്സ് അദിതി എഡിഷൻസ് ഇറക്കിയ പുസ്തകം ഇപ്പോൾ എന്റെ മുന്നിലിരിക്കുന്നു. അപ്പോഴാണ് ഏകദേശം 45 വർഷം മുൻപുള്ള ഈ സംഭവം എന്റെ ഓർമ്മയിലേക്ക് വന്നത്.
ഞങ്ങളുടെ തലമുറയുടെ വലിയ ആരാധനാപാത്രമായിരുന്നു സാലിം അലി. പക്ഷിനിരീക്ഷണം പ്രകൃതി പഠനത്തിന്റെ ആദ്യ പാഠമായിരുന്നു ഞങ്ങൾക്ക്. ഈ രംഗത്ത് ഞങ്ങളുടെ ബൈബിൾ ആയിരുന്നു സാലിം അലി എഴുതിയ കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം.
91 വർഷം നീണ്ടുനിന്ന ജീവിതത്തിൽ സാലിം അലിയുടെ അതിതീവ്ര പ്രണയമായിരുന്നു പക്ഷികളുടെ ജീവിതവും ശാസ്ത്രവും. ഓർണിത്തോളജി അല്ലായിരുന്നെങ്കിൽ ഏത് രംഗത്തായിരിക്കും താങ്കൾ പ്രവർത്തിക്കുക എന്ന ചോദ്യത്തിന് ആർക്കിയോളജി എന്ന് അദ്ദേഹം ഞങ്ങളുടെ ഇന്റർവ്യൂവിൽ ഉത്തരം പറഞ്ഞ കാര്യം ഞാൻ ഓർക്കുന്നു. എന്നാൽ ആ രണ്ടാം പ്രണയത്തിലേക്ക് അദ്ദേഹത്തതിന് പോകേണ്ടിവന്നില്ല. അക്കാലത്ത് ഓർണിത്തോളജി വലിയ താത്പര്യം സൃഷ്ടിക്കുന്ന ഒരു പഠനമേഖലയായിരുന്നു. ഇന്ത്യൻ ഓർണിത്തോളജിയുടെ പിതാവാവായി കരുതപ്പെടുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകനായ എ ഓ ഹ്യൂം ആയിരുന്നു എന്നതും ഒരുപക്ഷേ ഇതിനൊരു ഉത്തേജനം ആയിരുന്നേക്കാം.
എന്തായാലും ഇന്ത്യയിൽ ഈ രംഗത്തെ പ്രധാന പഠിതാവും ഗവേഷകനും പ്രചാരകനുമായി മാറി സാലിം അലി. 1941 മുതൽ 1980 വരെ ആകാശവാണിയിലൂടെ അദ്ദേഹം ചെയ്ത റേഡിയോ പ്രഭാഷണങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. അഞ്ച് വിഷയങ്ങളായി തരംതിരിച്ച 35 പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. പക്ഷി നിരീക്ഷണം, പക്ഷികളുടെ ഋതുക്കൾ, പക്ഷികളെക്കുറിച്ചുള്ള പഠനം, വംശനാശ ഭീഷണി നേരിടുന്ന പക്ഷികൾ, ഇന്ത്യയിലെ വന്യപ്രകൃതി എന്നീ അഞ്ച് വിഷയങ്ങൾ.
നമ്മൾ തുടക്കത്തിൽ കാണുന്നതുപോലെ വലിയൊരു ഫലിതപ്രിയനാണ് സാലിം അലി. എല്ലാ പ്രഭാഷണത്തിലും ഈ തമാശ നിറഞ്ഞുനിൽക്കുന്നുണ്ട്.
‘തുടക്കത്തിലൊക്കെ മുഷിഞ്ഞ പരുക്കൻ കാക്കി വസ്ത്രങ്ങൾ ധരിച്ച് ഒരു ഗാരേജ് മെക്കാനിക്കിനെപ്പോലെ തന്നെ കാണുമ്പോൾ ആളുകൾക്ക് അനുകമ്പയാണ് തോന്നിയിരുന്നത്’ എന്ന് അദ്ദേഹം സ്വയം കളിയാക്കി ചിരിക്കുന്നു. കുറ്റിച്ചെടികളിലും മരപ്പൊത്തുകളിലും രഹസ്യമായി ഒളിഞ്ഞുനോക്കി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു വിചിത്ര മനുഷ്യൻ വല്ല വിദേശ ചാരനും ആയിരിക്കുമോ എന്ന് സംശയിച്ചവരും ഉണ്ടത്രേ.
ഇങ്ങനെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്? പണമുണ്ടാക്കാനുള്ള പണിയല്ല എന്ന് തീർച്ച. പിന്നെ എന്താണ് പ്രചോദനം?
നമുക്ക് എത്രപേർക്ക് നാം കാണുന്ന പക്ഷിയെ തിരിച്ചറിയാൻ പറ്റും? കേൾക്കുന്ന പാട്ട് ഏത് പക്ഷിയുടേത് എന്ന് തിരിച്ചറിയാൻ പറ്റും? ലക്ഷ്യമില്ലാതെ അലയുമ്പോൾ അപ്രതീക്ഷിതമായി നാം നേരത്തെ കണ്ട ഒരു പക്ഷിക്കൂടിന്റെ ഉടമയെ കാണുന്നു. അല്ലെങ്കിൽ എന്നോ കേട്ട് ഇഷ്ടപ്പെട്ട പാട്ട് പാടുന്ന ഒരു പക്ഷിയെ നേരിട്ട് കാണുന്നു. അവയുടെ സവിശേഷമായ ചില സ്വഭാവങ്ങൾ നേരിട്ട് കാണുന്നു. അവർണനീയമായ ആഹ്ളാദമാണ് ഇത് നമ്മളിൽ ഉണർത്തുന്നത്. ആരോഗ്യകരമായ ആനന്ദവും സംതൃപ്തിയും നൽകുന്ന മറ്റൊരു വിനോദം വേറെയില്ല എന്നാണ് അദ്ദേഹം പറയുന്നത്. നൂറോളം മണിക്കൂർ ഇങ്ങനെ ഒളിച്ചിരുന്ന് നിരീക്ഷിക്കുമ്പോൾ കിട്ടുന്ന സന്തോഷത്തിന്റെ അനുഭവം മറ്റൊന്നിനും പകരം നൽകാനാവില്ല എന്നാണ് അദ്ദേഹം എഴുതുന്നത്.
പക്ഷികളുടെ സാമൂഹിക ജീവിതം പഠിക്കുന്നതിൽ നിന്ന് മനുഷ്യരുടെ സാമൂഹിക ജീവിതത്തെക്കുറിച്ചും ചില പാഠങ്ങൾ നമ്മൾ പഠിക്കും. ഏത് സമൂഹത്തിലും പരസ്പരമുള്ള കൂട്ടായ്‌മ, സഹകരണം, സ്നേഹം എന്നിവയൊക്കെ പ്രധാനമാണ് എന്ന് നമ്മൾ തിരിച്ചറിയും. മനുഷ്യരിൽ എന്നപോലെ ഇവിടെയും കൂട്ടംതെറ്റി പോകുന്നവരും ‘തല്ലുകൊള്ളികളും’ ഉണ്ടാവും. അത്തരക്കാർക്ക് തെറ്റിന് ശിക്ഷ കൊടുക്കുന്ന രീതികളുമുണ്ട്.
പക്ഷികൾക്കിടയിൽ പ്രേമവും വിവാഹവും ഭവനനിർമ്മാണവും കുടുംബവുമൊക്കെയുണ്ടോ? മണിക്കൂറുകൾ ഇവർക്കിടയിൽ ഒളിച്ചുപാർത്ത് സാലിം അലി കണ്ടുപിടിക്കുന്ന കഥകൾ നമ്മളെ വിസ്മയിപ്പിക്കുകയും ചിലപ്പോൾ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യും. കൂടുകൾ പണിത് ഇണയ്‌ക്കായി കാത്തുനിൽക്കുന്ന ആൺകുരുവികളും തുടർന്ന് പരിശോധനയ്ക്കായി പറന്നെത്തുന്ന പെൺ കുരുവികളും ഇഷ്ടപ്പെടുന്ന കൂട്ടിൽ ഇരുവരും ദമ്പതിമാരായി പാർക്കുന്നതുമൊക്കെ ഒളിച്ചിരുന്നുകാണുന്നതിന്റെ കൗതുകം സാലിം അലി സരസമായി വിവരിക്കും.
ഇവരുടെ നിർമ്മാണ രീതികൾ, സാമൂഹിക ജീവിതം എന്നിവയിൽ നമുക്ക് ഇപ്പോഴും തിരിച്ചറിയാൻ കഴിയാത്ത ധാരാളം കാര്യങ്ങളുണ്ട്. തൂക്കണാം കൂടുകളിൽ ഒട്ടിച്ചുവയ്ക്കുന്ന കുഞ്ഞുതുള്ളി മണ്ണിന്റെ ഉപയോഗം എന്ത് എന്ന് ഇപ്പോഴും നമുക്ക് അറിയില്ല. അതേപോലെ തന്നെ ആറ്റക്കുരുവികൾ മിന്നാ മിന്നികളെ കൂട്ടിൽ ഒട്ടിച്ചുവച്ച് വൈദ്യുതിക്ക് പകരം ഉപയോഗിക്കും എന്നിങ്ങനെയുള്ള അന്ധവിശ്വാസങ്ങളെ അദ്ദേഹം കളിയാക്കുന്നുമുണ്ട്.
പക്ഷികളെക്കുറിച്ച് മാത്രമല്ല ഈ പുസ്തകത്തിൽ സാലിം അലി വിവരിക്കുന്നത്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധവും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ പ്രാധാന്യവുമൊക്കെ വിവിധ പ്രഭാഷണങ്ങളിൽ അദ്ദേഹം വിശദീകരിക്കുന്നു. ഒരുഭാഗത്ത് വിള കൊയ്യാറായ ധാന്യങ്ങളെ തീറ്റയാക്കി കർഷകർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പക്ഷികൾ ഇതേ വിളകൾ വളർന്നുവരുമ്പോൾ അവയുടെ കീടങ്ങളെ ഭക്ഷിച്ച് എത്രമാത്രം കർഷകരെ സഹായിക്കുന്നു എന്നും മനസ്സിലാക്കണം എന്ന് അദ്ദേഹം എഴുതുന്നു.
വംശനാശം വന്ന ജീവികളുടെ പഠനം പ്രകൃതിയെക്കുറിച്ചുള്ള നമ്മുടെ അറിവിനെ എത്രമേൽ അഗാധമാക്കുന്നു എന്ന് ഗ്രേറ്റ് ഇന്ത്യൻ കണ്ടാമൃഗത്തിന്റെ ഉദാഹരണം കാട്ടി അദ്ദേഹം വിശദീകരിക്കുന്നു. ഇപ്പോൾ പശ്ചിമ ബംഗാളിലേയും ആസ്സാമിലേയും നേപ്പാളിലേയും ചില വന്യമൃഗ സങ്കേതങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോയ ഈ വലിയ ജീവി ഒരുകാലത്ത് ഇന്നത്തെ പെഷവാർ തൊട്ട് കിഴക്ക് ഗംഗാ സമതലങ്ങൾ വരെയും അവിടെനിന്ന് ആസ്സാം വരെയും വ്യാപിച്ചിരുന്നു. ഈ കാണ്ടാമൃഗത്തിന് ജീവിക്കാൻ നനവാർന്ന പുല്ലുകൾ വളരുന്ന ചതുപ്പുകാടുകൾ വേണം. ഇന്ന് വരണ്ട മരുഭൂമിയായി മാറിയ ഈ പ്രദേശം ഒരു കാലത്ത് ആർദ്രവും നനവുള്ളതുമായിരുന്നു. ഈ ചതുപ്പുകളിൽ ജീവിച്ചിരുന്ന പിങ്ക് തലയുള്ള താറാവും 1930 കളോടെ അന്യം നിന്നുപോയി. മനുഷ്യൻ പ്രകൃതിയിൽ വരുത്തുന്ന ഏത് മാറ്റത്തിനും ദീർഘകാല സ്വഭാവമുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാവും എന്ന് മനസ്സിലാക്കി വേണം ഏത് പ്രവൃത്തിക്കും മുൻകൈയെടുക്കാൻ എന്ന് സാലിം അലി പറയുന്നു.
അതിമനോഹരവും സരസവുമായ ഭാഷയാണ് സാലിം അലി പ്രഭാഷണത്തിൽ ഉപയോഗിക്കുന്നത്. അതേ മനോഹാരിത ശാന്തിയുടെ തർജ്ജമയ്ക്കുമുണ്ട്.
‘സൂര്യപ്രകാശത്തിൽ തിളങ്ങുന്ന അമൂല്യ രത്നങ്ങൾ പോലെ അവ പൂവിൽനിന്ന് പൂവിലേക്ക് പാറിപ്പറന്നു കളിക്കുന്നു’ എന്നും ‘ഫാൻ ടെയിൽ പാറ്റപിടിയൻ പക്ഷിയുടെ ഇക്കിളിപ്പെടുത്തുന്ന ഉല്ലസിത രാഗാലാപനം’ എന്നുമൊക്കെ വായിക്കുമ്പോൾ അവർക്കൊപ്പം പറക്കുന്നതുപോലെ നമുക്കും തോന്നും.
പരിസ്ഥിതിയിലും മനുഷ്യരുടെയും മറ്റ് ജീവി വർഗങ്ങളുടെയും ഭാവിയിലും താത്പര്യമുള്ള എല്ലാവരും പ്രത്യേകിച്ച് കുട്ടികൾ ഈ പുസ്തകം ശ്രദ്ധയോടെ വായിക്കണം എന്ന് ഞാൻ സ്നേഹപൂർവ്വം നിർബന്ധിക്കുകയാണ്.
എസ്. ശാന്തി
ജന്തുശാസ്ത്രത്തിൽ ഡോക്റ്ററേറ്റ്. പ്രകൃതി സംരക്ഷണ വിദ്യാഭ്യാസം, വന സംരക്ഷണം, പോഷകാഹാര സുരക്ഷ, പരിസ്ഥിതി പുന:സ്ഥാപനം, ആദിവാസികളുടെ കാർഷിക സംസ്കാരത്തിന്റെ യും പരമ്പരാഗത വിത്തിനങ്ങളുടെയും അറിവുകളുടെയും വൈവിധ്യ സംരക്ഷണം എന്നിവയാണ് പ്രവർത്തന മേഖലകൾ. ട്രീ വാക്ക് തിരുവനന്തപുരം കോർഡിനേറ്റർ . കേരള മഹിളാ സമാഖ്യാ സൊസൈറ്റി, കുടുംബശ്രീ, സാക്ഷരതാ മിഷൻ എന്നീ സ്ഥാപനങ്ങളിൽ റിസോഴ്സ് പേഴ്സൺ ആയി പ്രവർത്തിക്കുന്നു. ഇൻറ്റാക്ക്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന സർവ്വവിജ്ഞാന കോശ ഇൻസ്റ്റിറ്റ്യൂട്ട്, സീക്ക്, പൂർണ്ണോദയ എന്നീ സ്ഥാപനങ്ങൾ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂചീമുഖി, തളിര് എന്നീ മാസികകളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. ഇ മെയിൽ: santhibelhaven @yahoo.co.in
കിളിമൊഴി
പക്ഷികൾക്ക് വേണ്ടി 35 ഭാഷണങ്ങൾ
സാലിം അലി
എഡിറ്റർ: താരാ ഗാന്ധി , പരിഭാഷ: എസ് ശാന്തി
അദിതി / വീ സീ തോമസ് എഡിഷൻസ്