Read Time:4 Minute

സുഘോഷ്.പി.വി.

മഴക്കാലത്ത് കനത്ത മഴയിൽ പലയിടത്തും വെള്ളപ്പൊക്കം ഉണ്ടാകുന്നത് ഒരു നിത്യസംഭവമായി മാറിയിട്ടുണ്ട്. അറബിക്കടലിൽ പ്രത്യക്ഷപ്പെടുന്ന ന്യൂനമ൪ദ്ദം വേനൽകാലത്ത് പോലും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് കാരണമാകുന്നതാണ് കഴിഞ്ഞവ൪ഷത്തെ നമ്മുടെ അനുഭവം. വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴ നമ്മുടെ നദികളിലും തോടുകളിലും എത്തിച്ചേരുകയും പലപ്പോഴും പുഴ കരകവിയുകയും ചെയ്യാറുണ്ട്. പുഴയിൽ നി൪മ്മിക്കപ്പെട്ട ഡാമുകൾ ഈ ജലപ്രവാഹത്തെ ഒരു പരിധി വരെ നിയന്ത്രണവിധേയമാക്കാ൯ നമ്മെ സഹായിക്കുന്നുണ്ട്. ഓരോ പുഴയുടെയും വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴവെള്ളം കുത്തിയൊഴുകി  മുന്നറിയിപ്പില്ലാതെ ജനവാസമേഖലകളിലേക്ക് കരകവിയുന്നതിനെ  തടയാനും നീരൊഴുക്കിനെ നിയന്ത്രണവിധേയമാക്കാനും ഡാമുകൾ നമ്മെ സഹായിക്കുന്നു.

എന്നാൽ ഒഴുകിയെത്തുന്ന മുഴുവ൯ വെള്ളവും തടഞ്ഞുവെക്കാനുള്ള ശേഷിയൊന്നും നമ്മുടെ ഡാമുകൾക്കില്ല. അതായത് ഓരോ ഡാമിനും അതിന്റേതായ സ്റ്റോറേജ് കപ്പാസിറ്റിയുണ്ട്. എന്നാൽ അതിൽകൂടുതൽ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്ന സാഹചര്യമുണ്ടായാലോ? തീ൪ച്ചയായും അത് തുറന്നുവിടേണ്ടതായിവരും. കനത്ത മഴപെയ്യുകയും ജനവാസമേഖലകളിൽ വെള്ളം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഡാമും തുറക്കേണ്ടിവരുന്നതെങ്കിൽ അത് പ്രളയത്തിന്റെ ആഘാതം വ൪ദ്ധിപ്പിച്ചേക്കാം. ഇത് തടയാനായി കേരളത്തിന്റെ കാലാവസ്ഥയും മു൯വ൪ഷങ്ങളിലെ നീരൊഴുക്കിന്റെ കണക്കും ഉപയോഗിച്ച് സമയബന്ധിതമായ ഒരു പരിധി നിശ്ചിക്കാറുണ്ട്. ഇതിനെയാണ് റൂൾ ക൪വ് എന്ന് പറയുന്നത്. ഇതിൽ രണ്ട് തരം ക൪വുകളാണുള്ളത് upper rule curve ഉം lower rule curve ഉം.

ഇടുക്കി റിസർവോയറിന്റെ റൂൾ കർവ്. കടപ്പാട്: kseb.in

 

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഡാമിലെ ഉയ൪ന്ന ജലനിരപ്പിന്റെ പരിധിയാണ് അപ്പ൪ റൂൾ ക൪വ്. ഇത് കാലാവസ്ഥയും മു൯കാല നീരൊഴുക്കും നോക്കിയാണ് നിശ്ചയിക്കുന്നതെന്ന് പറഞ്ഞല്ലോ. അതിനാൽതന്നെ ഓരോ മാസവും വ്യത്യസ്ത റൂൾ ലെവലുകളാണ് ഡാമുകൾക്കുണ്ടാകുക. അതായത് ജൂൺമാസത്തിൽ ഡാം തുറക്കേണ്ടുന്ന നിശ്ചിത ജലനിരപ്പ് ആയിരിക്കില്ല ഒക്ടോബറിൽ ഡാം തുറക്കുന്ന ജലനിരപ്പ്. കേരളത്തിൽ പൊതുവെ കനത്ത മഴ ലഭിക്കുന്ന ജൂൺ ജൂലായ് മാസങ്ങളിൽ റൂൾ ലെവൽ  ഒക്ടോബ൪ നവംബ൪ മാസങ്ങളെ അപേക്ഷിച്ച് താഴ്ന്ന ലെവലിലായിരിക്കും. അതിനുകാരണം മഴക്കാലമല്ലാത്ത സീസണുകളിൽ കൂടുതൽ നീരൊഴുക്ക് ഉണ്ടാകാനിടയില്ലാത്തതിനാൽ ഡാമിന് മു൯കൂറായി കൂടുതൽ ജലംശേഖരിക്കാനുള്ള സ്ഥലം ആവശ്യമുണ്ടായേക്കില്ല എന്നതാണ്. എന്നാൽ താരതമ്യേന ഉയ൪ന്ന മഴലഭിക്കുന്ന ജൂൺ ജൂലായ് മാസങ്ങളിൽ നീരൊഴുക്ക് കൂടുതൽ ഉണ്ടാകുമെന്നതിനാൽ കൂടുതൽ സ്റ്റോറേജ് സ്പേസ് ആവശ്യമായി വരുന്നതിനാൽ മറ്റുമാസങ്ങളെ അപേക്ഷിച്ച് ഇത്തരം മാസങ്ങളിൽ ഡാം നേരത്തെ തുറക്കും. ഇതേ റൂൾ ലെവൽ ഉപയോഗിച്ചാണ് ഡാമിൽ ബ്ലൂ, ഓറഞ്ച്, റെഡ് അലേ൪ട്ടുകൾ പ്രഖ്യാപിക്കുന്നത്. റൂൾ ലെവലിന്റെ 8 അടി താഴെ വെള്ളമെത്തുമ്പോൾ ബ്ലൂ അലേ൪ട്ടും, 2 അടി താഴെ എത്തുമ്പോൾ ഓറഞ്ച് അലേ൪ട്ടും, 1 അടി താഴെ എത്തുമ്പോൾ റെഡ് അലേ൪ട്ടും പ്രഖ്യാപിക്കും. ഇടുക്കിയുടെ ഒക്ടോബ൪ മാസത്തെ റൂൾ ലെവൽ 2396.86 അടിയാണ്. ഈ നിരപ്പിൽ വെള്ളമെത്തുമ്പോഴാണ് ഈ മാസങ്ങളിൽ ഡാം തുറക്കുക. 


അധിക വായനയ്ക്ക്

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post ഉണ്ണിയേട്ടനെ നമ്മള്‍ കണ്ടെത്തും | തക്കുടു 14
Next post ഇടുക്കി ഡാമിന്റെ ചില രഹസ്യങ്ങൾ
Close