റോസെറ്റ ബഹിരാകാശ ദൗത്യം വിജയകരം. ചുര്യുമോവ്-ഗരാസിമെംഗോയെന്ന ധൂമകേതുവിനെ വലംവെച്ചുകൊണ്ടിരുന്ന റോസറ്റ എന്ന മനുഷ്യനിര്‍മ്മിത ഉപഗ്രഹം 2014 നവം. 12 ന് ഉച്ചയ്ക് 2.30 ന് ധൂമകേതുവിലേക്ക് നിക്ഷേപിച്ച ഫിലേയെന്ന ബഹിരാകാശ പേടകം രാത്രി 9.33 ന് ധൂമകേതുവില്‍ ഇറങ്ങി. ഇനി ധൂമകേതുവിന്റെ തലയില്‍ അള്ളിപ്പിടിച്ചിരുന്ന്, അതിനോടൊപ്പം ഫിലേ (മനുഷ്യന്‍) സൂര്യനിലേക്കുള്ള യാത്ര തുടരും. മാനവരാശിയുടെ മഹത്തായ മറ്റൊരു നേട്ടത്തിന് ചുക്കാന്‍ പിടിച്ച ശാസ്ത്രസമൂഹത്തിന് ലൂക്കയുടെ അഭിവാദ്യങ്ങള്‍…
റോസെറ്റ സ്റ്റോണ്‍ എന്നാണ് മുഴുവന്‍ പേര്. സ്റ്റോണ്‍ എന്നതിന്റെ വേരുകള്‍ കിടക്കുന്നത് ഈജിപ്ഷ്യന്‍ സംസ്കാരകാലത്ത്. പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളെ ശിലാഫലകങ്ങളില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനെ വിളിച്ചിരുന്ന സ്റ്റെലാ എന്ന വാക്കില്‍ നിന്നാണ് സ്റ്റോണ്‍ എന്ന വാക്കിന്റെ ഉത്ഭവം. ധൂമകേതുവിലിറങ്ങിയ ആദ്യ മനുഷ്യനിര്‍മ്മിത പേടകത്തിന്റെ വിക്ഷേപണ വാഹനം എന്ന ബഹുമതിക്ക് പാത്രമാകാനൊരുങ്ങുകയാണ് റോസെറ്റ.
67പി/ചുര്യുമോവ്-ഗരാസിമെംഗോ (67P/CG) എന്ന ധൂമകേതുവിലാണ് റോസെറ്റയെന്ന ബഹിരാകാശ വാഹനം “ഫിലെ” യെ നിക്ഷേപിക്കുന്നത്. ഭൂമിയിലെ ആദിമസംസ്കാരങ്ങളിലൊന്നിനെ ഊട്ടി വളര്‍ത്തിയ നൈല്‍ നദിയിലെ ഒരു ദ്വീപിന്റെ പേരാണ് ഫിലെ. സൗരയഥത്തിന്റെ ആദിമരഹസ്യങ്ങളും പേറി ഒഴുകി നടക്കുന്ന ഒരു ദ്വീപിലേക്കു ഏകയായി ഇറങ്ങിച്ചെല്ലാന്‍ ഒരുങ്ങിയിറങ്ങിയവള്‍ക്ക് ഇതിലും നല്ലൊരു പേരെന്ത്?
2004 ജൂണ്‍ 2നാണ് റോസെറ്റയെന്ന ബഹിരാകാശ വാഹനം 67പി/ചുര്യുമോവ്-ഗരാസിമെംഗോ (67P/CG) യെ തേടി ഭൂമിയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഈ വരുന്ന നവംബര്‍ 12ന് റോസെറ്റ അതിന്റെ ലക്ഷ്യം കണ്ടെത്തുകയാണ്. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 2.05ന് റോസെറ്റയില്‍ നിന്നും നിക്ഷേപിക്കുന്ന ഫിലെ പേടകം ധൂമകേതുവിനെ സ്പര്‍ശിക്കും. ചന്ദ്രനെയും ചൊവ്വയെയും പോലെ ഉയര്‍ന്ന ഗുരുത്വാകര്‍ഷണശേഷി ഇല്ലാത്ത വസ്തുവാണ് ധൂമകേതു എന്നതിനാല്‍ തെറിച്ചു പോകാതിരിക്കാന്‍ കാലുകള്‍ ഉപയോഗിച്ച് ഫിലെ അതിനെ അള്ളിപ്പിടിച്ചിരിക്കേണ്ടിവരും. പൂര്‍വ്വമാതൃകകളില്ലാത്ത ഈ ദൗത്യം വിജയിക്കും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ശാസ്ത്രജ്ഞര്‍. ഫിലെയെ നിക്ഷേപിച്ച ശേഷവും റൊസെറ്റോ ചുര്യുമോവ്-ഗരാസിമെംഗോയെ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും.
1970ല്‍ തന്നെ ഇത്തരം ഒരു ദൗത്യത്തെ കുറിച്ചുള്ള ആലോചനകള്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയിലെ ശാസ്ത്രജ്ഞര്‍ക്കിടയില്‍ തുടങ്ങിയിരുന്നു. എന്നാല്‍ 1985ല്‍ ജിയാകോബിനി-സിന്നര്‍ എന്ന ധൂമകേതു വന്നപ്പോഴാണ് ആദ്യമായി ഒരു ദൗത്യപേടകം ഒരു ധൂമകേതുവിനു നേരെ അയക്കുന്നത്. പിന്നീട് ഹാലിയുടെ ധൂമകേതു, ബോറെല്ലി, വൈല്‍ഡ്-2, ടെമ്പിള്‍-1, ഹാര്‍ട്‌ലി-2 എന്നീ വാല്‍നക്ഷത്രങ്ങളിലേക്കും ദൗത്യപേടകങ്ങള്‍ അയക്കുകയുണ്ടായി.
നാസ ക്രാഫ് എന്ന പേരിലും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി CNSR എന്ന പേരിലും ഓരോ ദൗത്യത്തിനു തുടക്കം കുറിച്ചു. 1992ല്‍ നാസ ചെലവുകള്‍ വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായി ഈ ദൗത്യം ഉപേക്ഷിച്ചപ്പോള്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ക്രാഫിന്റെ ലക്ഷ്യങ്ങള്‍ ഏറ്റെടുത്ത് അവരുടെ ദൗത്യത്തെ പുനഃക്രമീകരിച്ചു. അതിന്റെ ഇങ്ങേ തലക്കലെ കണ്ണിയാണ് റോസെറ്റ.
2004ല്‍ വിക്ഷേപിച്ചതിനു ശേഷം ചുര്യുമോവ്-ഗരാസിമെംഗോയിലേക്ക് പോകുന്ന പോക്കില്‍, റോസെറ്റ രണ്ടു ഛിന്നഗ്രഹങ്ങളെയും ചൊവ്വയെയും നിരീക്ഷിക്കുകയും ചിത്രങ്ങള്‍ അയക്കുകയും ചെയ്യുകയുണ്ടായി. പിന്നീട് ധൂമകേതുവിനെ കാത്ത് ചൊവ്വക്കും വ്യാഴത്തിനും ഇടയിലുള്ള അലസമായ സഞ്ചാരം. ഇതിനിടയില്‍ ഉപകരണങ്ങളെല്ലാം അടച്ചു വെച്ച് 31 മാസം നീണ്ട സുഷുപ്തി. തന്റെ ധൂമകേതുവിനെ ഇനി എത്തിപ്പിടിക്കാമെന്നായപ്പോള്‍ 2014 ജനുവരി 20ന് ഉറക്കമുണര്‍ന്ന് ലക്ഷ്യത്തിലേക്കുള്ള യാത്ര തുടര്‍ന്നു. 2014 ആഗസ്റ്റ് 6ന് ധൂമകേതുവിന്റെ സമീപത്തെത്തുകയും ഒരു ധൂമകേതുവിനെ പരിക്രമണം ചെയ്യുന്ന മനുഷ്യനിര്‍മ്മിത ഉപഗ്രമായി മാറുകയും ചെയ്തു. തുടര്‍ന്ന് ഈ ധൂമകേതുവിന്റെ നിരവധി ചിത്രങ്ങള്‍ ഇവള്‍ ഭൂമിയിലേക്കയക്കുകയുണ്ടായി. ഇതില്‍ നിന്നാണ് 67P എന്ന ധൂമകേതുവിന്റെ ആകൃതി ഒരു താറാവിനെ പോലെ ചെറിയ തലയും വലിയ ഉടലും ചേര്‍ന്ന രൂപത്തിലാണെന്ന് മനസ്സിലായത്. ഫിലെ ഇറങ്ങേണ്ട സ്ഥലം തീരുമാനിച്ചതും ഈ ചിത്രങ്ങളുടെ സഹായത്താലാണ്.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സൗരയൂഥത്തെ കുറിച്ചും വാല്‍നക്ഷത്രങ്ങളെ കുറിച്ചും ഇതുവരെയും അറിയാന്‍ കഴിയാത്ത നിരവധി വിവരങ്ങള്‍ പറഞ്ഞു തരാന്‍ ഫിലേക്കും റോസ്സെറ്റക്കും കഴിയും. ഫിലെ നവംബര്‍ 12 മുതല്‍ 2015 മാര്‍ച്ച് വരെ 67P ധൂമകേതുവിന്റെ തലയില്‍ അള്ളിപ്പിടിച്ചിരുന്ന് നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ നിരവധി വിവരങ്ങള്‍ ഭൂമിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കും. ഇതു വരെയും മറ്റൊരു ബഹിരാകാശ ദൗത്യവും ഇങ്ങനെ ചെയ്തിട്ടില്ല എന്നതുകൊണ്ടു തന്നെ ഇതു വളരെ പ്രധാനപ്പെട്ടതാകുന്നു. റോസെറ്റ പിന്നെയും ധൂമകേതുവിനെ വലംവെച്ചുകൊണ്ട് അതിന്റെ ദൗത്യം 2015 ഡിസംബര്‍ വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവംബര്‍ 12 ന് ഫിലെ 67P യിലിറങ്ങുകയും (75% വിജയസാദ്ധ്യതയാണ് ഇതിനു കണക്കാക്കിയിരിക്കുന്നത്) തുടര്‍ന്നും അതിന്റെ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്യുകയും ചെയ്യുകയാണെങ്കില്‍ സൗരയൂഥ ചരിത്രത്തിലെ ഒരു നാഴികക്കല്ലാവും അതെന്ന കാര്യത്തില്‍ സംശയം വേണ്ട.
[box type=”shadow” align=”aligncenter” ]റോസെറ്റയുടെ ദൗത്യം ഇതുവരെയുള്ള നിരീക്ഷണങ്ങളില്‍ നിന്നും ചുര്യുമോവ്-ഗരാസിമെംഗോ വാല്‍നക്ഷത്രത്തിന്റെ ഉപരിതലം കാര്‍ബ്ബണ്‍ തരികളാല്‍ സമൃദ്ധമാണെന്ന് മനസ്സിലായിട്ടുണ്ട്. പിന്നെ ഐസും ഉണ്ട്. ഖരരൂപത്തിലുള്ള ജലമാണല്ലോ ഐസ്. അതുകൊണ്ട് ജീവരൂപങ്ങള്‍ നിലനില്‍ക്കുന്നതിനാവശ്യമായ അടിസ്ഥാന ഘടകങ്ങള്‍ ധൂമകേതുവിലുണ്ട് എന്നു പറയാം.
ജൈവതന്മാത്രകള്‍, ന്യൂക്ലിക് ആസിഡുകള്‍, അമിനോ ആസിഡുകള്‍ എന്നിവക്കു വേണ്ടിയുള്ള അന്വേഷണങ്ങളാണ് ഇനിയുള്ള ദിവസങ്ങളില്‍ നടക്കാന്‍ പോകുന്നത്. ഇതിനെ തുടര്‍ന്ന് ഭൂമിയിലേക്ക് ജീവന്‍ എത്തിയതില്‍ വാല്‍നക്ഷത്രങ്ങള്‍ക്കുള്ള പങ്കിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകുമെന്ന് കരുതാം.മറ്റൊരു പ്രധാന അന്വേഷണം ജലത്തെ കുറിച്ചാണ്. വാല്‍നക്ഷത്രങ്ങളില്‍ ജലഹിമം ധാരാളം ഉണ്ടെന്നത് മുന്നേ അറിഞ്ഞ കാര്യമാണ്. എന്നാല്‍ ഇത് ഭൂമിയിലേതു പോലെ H2O ആയിട്ടാണോ എന്നുകൂടി അറിയേണ്ടതുണ്ട്. ഇത് ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയം അടങ്ങിയ ഘനജലം ആണ് എന്നൊരു സംശയവും ശാസ്ത്രജ്ഞര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും ചേര്‍ന്ന തന്മാത്രാരൂപമാണ് വാല്‍നക്ഷത്രങ്ങളില്‍ കാണുന്ന ജലത്തിനും ഉള്ളതെങ്കില്‍ വാല്‍നക്ഷത്രങ്ങളില്‍ നിന്നാണ് ഭൂമിയില്‍ ജലമെത്തിയത് എന്ന വാദത്തിനു ശക്തികൂടും.
വാല്‍നക്ഷത്രങ്ങള്‍ എന്നും ജ്യോതിശാസ്ത്രജ്ഞര്‍ കൗതുകത്തോടെ വീക്ഷിക്കുന്ന വസ്തുക്കളാണ്. 4.6 ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപം കൊണ്ടപ്പോള്‍ സൗരയൂഥം എങ്ങനെയായിരുന്നോ ആ അവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് ധൂമകേതുക്കളില്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് സൗരയൂഥത്തെ കുറിച്ചുള്ള പഠനത്തില്‍ ധൂമകേതുക്കള്‍ നിര്‍ണ്ണായക ഘടകങ്ങളാവുന്നു. 67Pധൂമകേതുവില്‍ ഇറങ്ങിയ ഫിലേ ആദ്യം ചെയ്യുക അതിലെ മൂലകങ്ങളേയും സംയുക്തങ്ങളെയും വേര്‍തിരിച്ചറിയുക എന്ന പ്രവര്‍ത്തിയായിരിക്കും. കാലങ്ങളായി മാറ്റമില്ലാതെ വര്‍ത്തിക്കുന്നവയാണ് ഇവയെങ്കില്‍ സൗരയൂഥത്തിന്റെ ബാല്യത്തെ കുറിച്ചുള്ള കുറെയേറെ വിവരങ്ങള്‍ നമുക്കു ലഭിക്കും.
പ്രധാനപ്പെട്ട മറ്റൊരു പ്രവര്‍ത്തി ധൂമകേതു സൂര്യനോടടുക്കുമ്പോള്‍ അതിലുണ്ടാവുന്ന രാസമാറ്റങ്ങളെ കുറിച്ചു പഠിക്കുക എന്നതാണ്. ഇതില്‍ നിന്ന് അതിലെ പദാര്‍ത്ഥങ്ങള്‍ ആദിമമായതാണോ അതോ സൂര്യന്റെ ചൂടിനാല്‍ രാസമാറ്റം സംഭവിച്ചതാണോ എന്നറിയാം. ആദ്യകാല സൗരയൂഥത്തിന്റെ ഫോസിലുകള്‍ തന്നെയാണോ യഥാര്‍ത്ഥത്തില്‍ വാല്‍നക്ഷത്രങ്ങള്‍ എന്നുറപ്പൂവരുത്താന്‍ ഇതിലൂടെ കഴിയും. മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അതിലൂടെ പിടിച്ചുകയറിയാല്‍ വര്‍ഷങ്ങള്‍ക്കു പിറകിലേക്കു സഞ്ചരിക്കാനുമാവും. [/box] [divider]
[author image=”http://luca.co.in/wp-content/uploads/2014/08/Shaji-Arkkadu.png” ] തയ്യാറാക്കിയത്: ഷാജി അരിക്കാട്
[email protected][/author]