കാലാവസ്ഥാമാറ്റം ജൈവവൈവിധ്യത്തെ അതി ഗുരുതരമായി ബാധിക്കുമെന്ന് നാം കേൾക്കുന്നുണ്ട്. വംശനാശം സംഭവിക്കുന്ന ജീവികളെക്കുറിച്ചും, ചില ജീവികളുടെ എണ്ണം കുറഞ്ഞു വരുന്നതിനെക്കുറിച്ചും നാം ഉത്കണ്ഠപ്പെടാറുമുണ്ട്. ജൈവവൈവിധ്യത്തെക്കുറിച്ച് സാധാരണക്കാർക്ക് ഒരു സംശയം ഉണ്ടായേക്കാം. ഇത്രയൊക്കെ പറയാൻ മാത്രം ഇതിൽ എന്താണ് ഇരിക്കുന്നത്? ഒന്നോ രണ്ടോ ജീവികളുടെ വംശനാശം നമ്മുടെ പ്രകൃതിക്ക് എന്തു കുഴപ്പമാണ് ഉണ്ടാക്കാൻ പോകുന്നത്? ഇത് നമ്മുടെ ജീവിതത്തെ ബാധിക്കുമോ?
മേൽ സംശയങ്ങൾ ദൂരീകരിക്കുന്നതിന്, പോൾ എർലിച്ച് നിർദ്ദേശിച്ച ‘റിവറ്റ് പോപ്പർ ഹൈപ്പോതസിസ്'(rivet popper hypothesis) ഉപയോഗപ്രദമായിരിക്കും. ‘റിവറ്റ് പോപ്പർ സിദ്ധാന്തം’ വിശദീകരിക്കാൻ പോൾ എർലിച്ച് (Paul Ehrlich) ആവാസവ്യവസ്ഥയെ ഒരു വിമാനവുമായി താരതമ്യപ്പെടുത്തുകയുണ്ടായി. നിരവധി റിവറ്റുകൾ കൊണ്ടാണ് വിമാനത്തിന്റെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളത്. അദ്ദേഹം റിവറ്റുകളെ ആവാസവ്യവസ്ഥയിലെ സ്പീഷീസുകളുമായി താരതമ്യം ചെയ്തു. ചില റിവറ്റുകൾ മറ്റുള്ളവയേക്കാൾ പ്രധാനമാണെന്ന് അദ്ദേഹം കണ്ടു (ഉദാ: കീ സ്റ്റോൺ സ്പീഷിസുകൾ). കാരണം, അവ വിമാനത്തിന് ഘടനാപരമായി നിർണായകമായ ഭാഗത്ത് (പ്രധാന ആവാസവ്യവസ്ഥയുടെ ഭാഗമായി)ഉള്ളവയാണ്.
വിമാനത്തിൽ യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരനും വീട്ടിലേക്ക് കൊണ്ടുപോകാൻ ഒരു റിവറ്റ് വീതം മെമന്റോ ആയി എടുത്തുകൊണ്ട് പോകാൻ തുടങ്ങിയാൽ (ആവാസവ്യവസ്ഥയിൽ, ഒരു ജീവി ഇല്ലാതാവുന്നതിന് തുല്യം!), തുടക്കത്തിൽ, അത് ഫ്ലൈറ്റ് സുരക്ഷയെ ബാധിച്ചുവെന്ന് വരില്ല (ആവാസവ്യവസ്ഥയെയും!).
എന്നാൽ, കൂടുതൽ കൂടുതൽ റിവറ്റുകൾ നീക്കം ചെയ്യപ്പെട്ടു കൊണ്ടേയിരുന്നാൽ, ഒരു നിശ്ചിത കാലയളവു കൊണ്ട് വിമാനം അപകടകരമായി ദുർബലമാകും. കൂടാതെ, ഏത് ഭാഗത്തെ റിവറ്റ് നീക്കംചെയ്യുന്നു എന്നതും നിർണ്ണായകമാണ്. ഉദാഹരണത്തിന്, വിമാനത്തിന്റെ സീറ്റിലെ റിവറ്റുകളാണെങ്കിൽ സീറ്റ് ഇരുന്നു പൊകുമെന്നേയുള്ളൂ, വിമാനത്തിന്റെ സുരക്ഷയെ ബാധിക്കാനിടയില്ല. പക്ഷേ, ചിറകുകളിലെ റിവറ്റുകൾ നഷ്ടപ്പെടുന്നത് വിമാനത്തിനുള്ളിലെ സീറ്റുകളിലോ ജനലുകളിലോ ഉള്ള കുറച്ച് റിവറ്റുകൾ നഷ്ടപ്പെടുന്നതിനേക്കാൾ ഫ്ലൈറ്റ് സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായിരിക്കും!