കടപ്പാട്: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് ബ്ലോഗ്.[/highlight]
ആദ്യഭാഗം | രണ്ടാംഭാഗം
ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രസ്ഥാനം 1983ല്‍ തുടങ്ങിവെച്ചു . കമ്പ്യൂട്ടറുകള്‍ സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കുന്നതു സാധ്യമാക്കാന്‍ ഞാനാഗ്രഹിച്ചു. അക്കാലത്തു് അതു് അസാധ്യമായിരുന്നു. കമ്പ്യൂട്ടര്‍ സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കണമെങ്കില്‍, പിന്നെ, ഓപ്പറേറ്റിങ്ങ് സിസ്റ്റമില്ലാതെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനാവില്ല. 1983ല്‍ എല്ലാ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളും കുത്തകാവകാശമുള്ളവയായിരുന്നു. അതുകൊണ്ടു് നിങ്ങളുടെ കമ്പ്യൂട്ടര്‍ ഉപയോഗപ്രദമാക്കാനായി നിങ്ങളൊരു ഓപ്പറേറ്റിങ്ങ് സിസ്റ്റം സ്ഥാപിച്ചുകഴിയുമ്പോള്‍ അതു് നിങ്ങളുടെ സ്വാതന്ത്ര്യം എടുത്തുകളയുന്നു. ഓപ്പറേറ്റിങ്ങ് സിസ്റ്റം വികസിപ്പിക്കുന്ന വ്യക്തിയെന്ന നലയില്‍, അതു മാറ്റാനൊരു മാര്‍ഗം എന്റെ മുന്നിലുണ്ടായിരുന്നു. ഞാനാകെക്കൂടി ചെയ്യേണ്ടതു് ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം വികസിപ്പിക്കുകയായിരുന്നു. അതിന്റെ കര്‍ത്താവെന്ന നിലയ്ക്ക് എനിക്കതിനെ നിയമപരമായിത്തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയറാക്കാമായിരുന്നു. അപ്പോള്‍ എല്ലാവര്‍ക്കും എന്റെ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചുകൊണ്ടു് സ്വാതന്ത്ര്യത്തോടുകൂടി കമ്പ്യൂട്ടര്‍ ഉപയോഗിക്കാമായിരുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഇന്നത്തെയത്ര വ്യക്തതയോടെ അതു് വിവരിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും കുത്തകാവകാശമുള്ള സോഫ്റ്റ്‌വെയറിലെ അനീതിയെക്കുറിച്ചു് ഞാന്‍ ബോധവാനായിരുന്നു. അതൊരു അനീതിയായി മിക്കവരും തിരിച്ചറിഞ്ഞിരുന്നില്ല എന്നു് ഞാന്‍ കണ്ടു. ഈ അനീതിയില്‍നിന്നു് ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കാനുള്ള കഴിവുകള്‍ എനിക്കുണ്ടായിരുന്നു എന്നുമാത്രമല്ല ഞാനതു് ചെയ്തില്ലെങ്കില്‍ മറ്റാരും ചെയ്യുന്നതിന്റെ ലക്ഷണവും കണ്ടില്ല. ഈ കര്‍മ്മത്തിനു് സാഹചര്യങ്ങള്‍ എന്നെ തെരഞ്ഞെടുത്തിരിക്കയാണു് എന്നാണതു് അര്‍ത്ഥമാക്കിയതു്. അതെന്റെ കടമയായിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമടങ്ങിയ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം വികസിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അതു് പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടങ്ങിയതാവണം. ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ നൂറായിരക്കണക്കിനു് പ്രോഗ്രാമുകളുണ്ടു് അവയോരോന്നും പ്രത്യേകമായ ഈ സ്വാതന്ത്ര്യത്തെ ബഹുമാനിക്കണം. നിങ്ങളുടെ സ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുന്ന ഒരെണ്ണം അക്കൂട്ടത്തിലുണ്ടെങ്കില്‍ അതിലൂടെ ആ മൊത്തം സിസ്റ്റം നിങ്ങളുടെ സ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുന്നു. അതുകൊണ്ടു് നൂറു ശതമാനവും സ്വതന്ത്ര പ്രോഗ്രാമുകളടങ്ങിയ ഒരു സിസ്റ്റം എനിക്കുണ്ടാക്കേണ്ടിയിരുന്നു. പിന്നീട് ഈ പ്രവൃത്തിയുടെ വേഗം തീര്‍ക്കാനായി മറ്റുള്ളവരെ കൂട്ടാന്‍ തീരുമാനിച്ചു. പ്രായോഗികമായി, യൂണിക്സ് പോലത്തെ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം തയാറാക്കാനും തീരുമാനിച്ചു. ആധുനികവും ജനപ്രിയവുമായ ഓപ്പറേറ്റിങ്ങ് സിസ്റ്റമായിരുന്നു യൂണിക്സ്. എന്നാലതു് കുത്തകാവകാശമുള്ളതായിരുന്നു. യൂണിക്സുപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്കു് സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നു. പക്ഷെ യൂണിക്സ് പോലത്തെ, അതേ രൂപകല്പനയും അതേ നിര്‍ദ്ദേശങ്ങളുമുള്ള, അതേ സാങ്കേതിക മേന്മകളുമുള്ള ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം ഞാന്‍ നിര്‍മ്മിച്ചാല്‍ എല്ലാ യൂണിക്സ് ഉപയോക്താക്കള്‍ക്കും അതിലേക്കു് എളുപ്പത്തില്‍ മാറാനാകുമായിരുന്നു, കാരണം അവര്‍ക്കു് എന്റെ സിസ്റ്റം യൂണിക്സ് പോലെത്തന്നെ ഉപയോഗിക്കാനാകുമായിരുന്നു. അതുകൊണ്ടു് ഞാനാ പ്രായോഗിക തീരുമാനമെടുത്തു. എന്നിട്ടു് ഞാനതിനു് തമാശയായിട്ടൊരു പേരുകൊടുത്തു. സിസ്റ്റത്തിന്റെ പേര് ഗ്നു (GNU) എന്നാണു്. അതിന്റെ സ്പെല്ലിങ്ങ് ജി-എന്‍-യൂ എന്നാണു്. സാധാരണഗതിയില്‍ നാമതിനെ നു എന്നാണു് ഉച്ചരിക്കുക. അതൊരു ചാക്രികമായ പൂര്‍ണ്ണരൂപമാണു്. യൂണിക്സല്ല ഗ്നു ( GNU’s not Unix) എന്നതാണു് അതിന്റെ പൂര്‍ണ്ണരൂപം. അപ്പോള്‍ ജി (G) എന്തിനെയാണു് പ്രതിനിധാനം ചെയ്യുന്നതെന്നു് ആരെങ്കിലും ചോദിച്ചാല്‍ അതു് ഗ്നുവിനെയാണു് (GNU) പ്രതിനിധാനം ചെയ്യുന്നതു്. പിന്നെ, പുനരാവര്‍ത്തനവുമായി ബന്ധപ്പെട്ട തമാശകള്‍ പ്രോഗ്രാമര്‍മാര്‍ക്കു് ഇഷ്ടമാണു്. പക്ഷെ. അതൊരു തമാശയാവണമെങ്കില്‍ അതിനു് രണ്ടു് അര്‍ത്ഥങ്ങള്‍ വേണം. എന്തുകൊണ്ടു് ഗ്നു (GNU) ആയി, അനുവോ ബ്‌നു ഫ്നുവോ സ്നുവോ ആയില്ല എന്നു ചോദിച്ചാല്‍, അവ പദങ്ങളല്ലാത്തതുകൊണ്ടു് എന്നാണു് ഉത്തരം. ആഫ്രിക്കയില്‍ ജീവിക്കുന്ന ഒരു മൃഗത്തിന്റെ പേരാണു് ഗ്നു. പറഞ്ഞതുപോലെ, ഇതു് ഒരു വീടന്വേഷിക്കുന്ന ആരാധ്യമായൊരു ഗ്നുവാണു് (ഗ്നുവിന്റെ ഒരു പതുപതുത്ത പാവയെ കാണിച്ചുകൊണ്ടു്). അങ്ങനെ, രണ്ടര്‍ത്ഥങ്ങളോടെ അതൊരു തമാശയാണു്. പക്ഷെ ഇതു് അതിനേക്കാള്‍ മെച്ചപ്പെട്ടതാണു്. നിങ്ങള്‍ ശ്രദ്ധിക്കണം, ഡിക്‌ഷ്ണറിയനുസരിച്ചു് ജി നിശബ്ദമാണു്, വാക്കിന്റെ ഉച്ചാരണം നു എന്നാണു്. ഓരോതവണയും നിങ്ങള്‍ക്കു് ന്യൂ എന്നെഴുതേണ്ടപ്പോള്‍ new എന്നെഴുതുന്നതിനുപകരം നിങ്ങള്‍ക്കതു് gnu എന്നെഴുതാം. അപ്പോളതും ഒരു തമാശയാകും. ഒരുപക്ഷെ അത്രനല്ലൊരു തമാശയാവില്ലായിരിക്കും. പക്ഷെ അത്തരം ഒരുപാടെണ്ണമുള്ളതുകൊണ്ടു് ആ പദത്തെ ചിരിയുമായി ബന്ധപ്പെടുത്താന്‍ നമുക്കാവുന്നുണ്ടു്. അതുകൊണ്ടു് ഏതു് പ്രോഗ്രാമിങ്ങ് പദ്ധതിക്കും യോജിച്ച പേരാണതു്. പക്ഷെ അതു് നമ്മുടെ പ്രോജക്ടിന്റെ പേരാകുമ്പോള്‍ ദയവുചെയ്തു് ജി ഉറച്ചുതന്നെ ഉച്ചരിക്കുക, നിഘണ്ടുവില്‍ പറഞ്ഞിരിക്കുന്നതു് അനുസരിക്കാതിരിക്കുക. കാരണം, ‘ഞാനുപയോഗിക്കുന്നതു് നു ഓപ്പറേറ്റിങ്ങ് സിസ്റ്റമാണു്’ എന്നു പറഞ്ഞാല്‍ നിങ്ങള്‍ ഒരു തെറ്റുവരുത്തിക്കഴിഞ്ഞു. നമ്മള്‍ വര്‍ഷമായി അതില്‍ പണിയെടുക്കാന്‍ തുടങ്ങിയിട്ടെന്നു മാത്രമല്ല, ഏതാണ്ടു് 23 വര്‍ഷമായി അതു് ഉപയോഗിച്ചുവരുന്നു. അതുകൊണ്ടതു് പുതിയതല്ല. പക്ഷെ അതു് ‘ഗ്നു’ തന്നെയാണു്. അതെപ്പോഴും ഗ്നു ആയിരിക്കും.
നിങ്ങള്‍ ഒഴിവാക്കേണ്ട മറ്റൊരു ഉച്ചാരണപ്പിശകുണ്ടു്. അതു് ‘ലിനക്സ്’ എന്നാണു് കേള്‍ക്കുക. പലരും അങ്ങനെയാണു് ഈ സിസ്റ്റത്തിന്റെ പേരുച്ചരിക്കുന്നതു്. സിസ്റ്റം ലിനക്സല്ല ‘ഗ്നു’ ആണു്. ഈ കുഴപ്പമെങ്ങിനെയാണു് ഉണ്ടായതു്? 1992ല്‍ ഞങ്ങള്‍ എട്ടുവര്‍ഷമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഗ്നു സിസ്റ്റത്തിന്റെ ഏതാണ്ടെല്ലാ ഭാഗവും ഞങ്ങളുടെ കൈവശമുണ്ടായിരുന്നു, ഒരു ആദ്യപതിപ്പാണെങ്കിലും. പക്ഷെ ഒരു പ്രധാന ഘടകം ഇല്ലായിരുന്നു. അതായിരുന്നു കാമ്പു് (kernel) – കമ്പ്യൂട്ടറിന്റെ വിഭവങ്ങള്‍ മറ്റു പ്രോഗ്രാമുകള്‍ക്കായി വീതിച്ചുകൊടുക്കുന്ന പ്രോഗ്രാം. കുത്തകാവകാശമുള്ള ഒരു കാമ്പു് തയാറാക്കിയിരുന്ന മിസ്റ്റര്‍ ടോര്‍വാള്‍ഡ്സ് അതു് ഫെബ്രുവരി 1992ല്‍ സ്വതന്ത്രമാക്കി. ലിനക്സ് സ്വതന്ത്ര സോഫ്റ്റ്‌വെയറായപ്പോള്‍ ഗ്നുവിലുള്ള വിടവിലേക്കു് ലിനക്സ് എന്ന കാമ്പിനെ യോജിപ്പിക്കാനും അങ്ങനെ ഒരു സമ്പൂര്‍ണ്ണ സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റം തയാറാക്കാനും സാധ്യമായി. അടിസ്ഥാനപരമായി അതു് ഗ്നുവാണു്. പക്ഷെ ലിനക്സും അടങ്ങുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഗ്നുവും ലിനക്സും ചേര്‍ന്ന സിസ്റ്റമായിരുന്നു. അതിനെ ഗ്നു അധികം ലിനക്സ് എന്നോ ഗ്നു/ലിനക്സ് എന്നോ വിളിക്കാം. അടിസ്ഥാനപരമായി അതു് ഗ്നുവാണു്, ലിനക്സും കൂടിയുണ്ടു് എന്നതാണു് കാര്യം. നിങ്ങളതിനെ ഗ്നു/ലിനക്സ് എന്നു വിളിച്ചാല്‍ ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും തുല്യമായ സ്ഥാനം നല്‍കുകയാണു്. നിങ്ങള്‍ സിസ്റ്റത്തിനെ, പലരും ചെയ്യുന്നതുപോലെ, ലിനക്സ് എന്നുമാത്രം വിളിച്ചാല്‍ മിസ്റ്റര്‍ ടോര്‍വാള്‍ഡ്സിനു മാത്രം അംഗീകാരം നല്‍കുകയും ഞങ്ങളുടെ അധ്വാനത്തിനു് അംഗീകാരം നല്‍കാതിരിക്കുകയുമാണു ചെയ്യുന്നതു്. അതു് നല്ലതല്ല. അതുകൊണ്ടു് ദയവുചെയ്തു് സിസ്റ്റത്തിനെ ഗ്നു+ലിനക്സ് എന്നു വിളിക്കാന്‍ ശ്രദ്ധിക്കുക. ഞങ്ങളുടെ പേരുകൂടി പറയുക, കാരണം ഞങ്ങളാണതു് തുടങ്ങിവച്ചതെന്നു മാത്രമല്ല അതിന്റെ വലിയഭാഗം ഞങ്ങളാണു് എഴുതിയതും.
പേരിനെക്കുറിച്ചുള്ള ഈ പ്രശ്നം പ്രധാനപ്പെട്ടതായിത്തീരുന്നു. ഞങ്ങള്‍ക്കു് അംഗീകാരം തരുന്നതിനേക്കുറിച്ചു മാത്രമല്ല ഇതു്, കാരണം അതത്രവളരെ പ്രാധാന്യമുള്ള കാര്യമല്ല. സിസ്റ്റം രചിച്ചതു് ആരാണെന്നു് ജനങ്ങള്‍ മറന്നുപോയാലും അതുതന്നെ സംഭവിക്കുമല്ലോ. പക്ഷെ നോക്കൂ, ഒരുപക്ഷെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതു് സംഭവിക്കില്ലായിരിക്കാം. പക്ഷെ, നോക്കൂ, ജനങ്ങള്‍ സിസ്റ്റത്തെ ലിനക്സ് എന്നു വിളിക്കുമ്പോള്‍ മിസ്റ്റര്‍ ടോര്‍വാള്‍ഡ്സ് ആണു് ഇതെല്ലാം 1991ല്‍ തുടങ്ങിയതു് എന്നു കരുതാം, അതു് സത്യമല്ലതാനും. 1991ല്‍ ടോര്‍വാള്‍ഡ്സ് ചെയ്തതു് കുത്തകാവകാശമുള്ള ഒരു കാമ്പു് തയാറാക്കുകയായിരുന്നു. സിസ്റ്റം മൊത്തമായി നിര്‍മ്മാണം തുടങ്ങിയതു് അതിനും വര്‍ഷങ്ങള്‍ക്കു് മുമ്പായിരുന്നു. എന്നാല്‍ അതാണു് ജനങ്ങള്‍ വിചാരിക്കുന്നതു് അതിനവര്‍ ഞങ്ങളുടെ അധ്വാനത്തിന്റെ ബലത്തില്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളില്‍നിന്നാണു് സിസ്റ്റമുണ്ടായതെന്നും അവര്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെന്താണു്? അദ്ദേഹം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ പിന്താങ്ങുന്നില്ല. അദ്ദേഹം അതിനോട് യോജിക്കുന്നില്ല. ‘ഓപ്പണ്‍ സോഴ്സ്’ എന്ന പദം ഉപയോഗിക്കുന്ന തികച്ചും വ്യത്യസ്ഥമായ ഒരു കാഴ്ചപ്പാടാണു് അദ്ദേഹത്തിന്റേതു്. പിന്നെ, അദ്ദേഹമാണു് സിസ്റ്റം ആരംഭിച്ചതു് എന്നു വിശ്വസിക്കുമ്പോള്‍, സിസ്റ്റം പൂര്‍ണ്ണമായും അദ്ദേഹത്തില്‍നിന്നു് അദ്ദേഹത്തിന്റെ വിശ്വാസങ്ങളില്‍നിന്നാണു് ഉണ്ടായതെന്നു് വിചാരിക്കുമ്പോള്‍ അവര്‍ നമ്മുടെ ആശയങ്ങള്‍ മറക്കാനും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പിന്തുടരാനും ശ്രമിക്കാം. ഇനി, എന്താണദ്ദേഹത്തിന്റെ ആശയങ്ങള്‍? അദ്ദേഹത്തിനു് കമ്പ്യൂട്ടിങ്ങ് രംഗത്ത് സ്വാതന്ത്ര്യം അര്‍ഹിക്കുന്നുവെന്നു് വിശ്വസിക്കുന്നില്ല. ഇതൊരു സുപ്രധാന കാര്യമായി അദ്ദേഹം തിരിച്ചറിയുന്നില്ല. സൌകര്യപ്രദവും വിശ്വസിക്കാവുന്നതും ആയിടത്തോളം കാലം കുത്തകാവകാശമുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനു് അദ്ദേഹത്തിനു് എതിര്‍പ്പില്ല. സ്വന്തം വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിനു് അദ്ദേഹത്തിനു് അവകാശമുണ്ടുതാനും. പക്ഷെ നമ്മുടെ സൃഷ്ടിയെ ഒരു ഉയരമുള്ള വേദിയാക്കിക്കൊണ്ടു് നമ്മുടെ കാഴ്ചപ്പാടുകളെ അദ്ദേഹം എതിര്‍ക്കുന്നതു് ശരിയല്ല. നമ്മുടെ സൃഷ്ടി അദ്ദേഹത്തിന്റേതായി ജനങ്ങള്‍ കാണുമ്പോള്‍ അതുതന്നെയാണു് സംഭവിക്കുന്നതു്. അദ്ദേഹം നമ്മുടെ കാഴ്ചപ്പാടുകളെ എതിര്‍ക്കുന്നു. അദ്ദേഹത്തിന്റേതെന്നു് ജനങ്ങള്‍ കരുതുന്ന ഈ സൃഷ്ടി നടത്താന്‍ നമ്മെ പ്രേരിപ്പിച്ച ആശയങ്ങളെ അദ്ദേഹം എതിര്‍ക്കുന്നു. അതുകൊണ്ടു് ഇതിന്റെ തെറ്റിനെ ജനങ്ങള്‍ കാണുന്നില്ല. ഇതു് അദ്ദേഹത്തിന്റെ സൃഷ്ടിയാണെന്നു് ജനങ്ങള്‍ വിശ്വസിക്കുമ്പോള്‍ ഇതിന്റെ സൃഷ്ടിക്കു കാരണമായ, ഇതു് ചെയ്യപ്പെടാന്‍ കാരണമായ ആശയങ്ങളെ അദ്ദേഹമെതിര്‍ക്കുകയാണെന്നു് അവര്‍ തിരിച്ചറിയുന്നില്ല. പക്ഷെ യഥാര്‍ത്ഥത്തില്‍ അങ്ങനെയാണു് സംഭവിക്കുന്നതു്. പിന്നെ ഇതു് വളരെ പ്രധാനപ്പെട്ടതാണു് കാരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാമെന്തിനെല്ലാം മൂല്യം കല്പിക്കുന്നു എന്നതിനെയാണു് നമ്മുടെ സ്വാതന്ത്ര്യം ആശ്രയിച്ചിരിക്കുന്നതു്. പൊതുവില്‍ പറഞ്ഞാല്‍, നിലനില്‍ക്കുന്ന സ്വാതന്ത്ര്യം സ്ഥാപിക്കണമെങ്കില്‍ ജനങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ നല്‍കിയാല്‍ മാത്രം പോര. കാരണം, അവര്‍ക്കതിനു് വിലയില്ലെങ്കില്‍ അവരതിനെ വിട്ടുകളയും. അവര്‍ക്കതു് നഷ്ടമാകും. സ്വാതന്ത്ര്യത്തിനു് വിലകല്പിക്കാന്‍ അവരെ പഠിപ്പിക്കണം. അതാണു് സോഫ്റ്റ്‌വെയര്‍ ലോകത്ത് ഇന്നു് ഏറ്റവുമധികം നഷ്ടമായിരിക്കുന്നതു്.
ഇനി പൊതുവായി പറഞ്ഞാല്‍, സ്വാതന്ത്ര്യം നിലനില്‍ക്കണമെങ്കില്‍ അതിനെ സംരക്ഷിക്കണം. അതു് എല്ലാക്കാലത്തും ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും സത്യമായിരുന്നിട്ടുണ്ടു്. പക്ഷെ ജീവിതത്തിന്റെ മറ്റു തുറകളില്‍ മനുഷ്യാവകാശത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ദശാബ്ദങ്ങളോ ശതാബ്ദങ്ങളോ ആയി നടക്കുന്നുണ്ടു്. എല്ലാവരും അര്‍ഹിക്കുന്ന മനുഷ്യാവകാശങ്ങള്‍ എന്തെല്ലാമാണെന്നു് തീരുമാനിച്ചു് അവ ലോകത്തെല്ലായിടത്തും പ്രചരിപ്പിക്കാനുള്ള സമയമായി. അപ്പോള്‍ ചിലപ്പോള്‍ മനുഷ്യാവകാശങ്ങളെ വിജയകരമായി പ്രതിരോധിക്കാന്‍ അവ മനുഷ്യരെ പ്രേരിപ്പിച്ചേക്കും. പക്ഷെ കമ്പ്യൂട്ടിങ്ങ് താരതമ്യേന പുതിയൊരു വിഷയമാണു്. ഇന്ത്യയിലെ മിക്ക ആള്‍ക്കാരും കമ്പ്യൂട്ടറുപയോഗിച്ചുതുടങ്ങിയിട്ടു് പത്തു വര്‍ഷത്തില്‍ കുറവേ ആയിട്ടുള്ളൂ എന്നാണെനിക്കു തോന്നുന്നതു്. ചില രാജ്യങ്ങളില്‍ തുടങ്ങിയിട്ടുമുണ്ടാവില്ല. ഏതായാലും ഒരു പ്രോഗ്രാം ഉപയോഗിക്കുമ്പോള്‍ ഒരാള്‍ അര്‍ഹിക്കുന്ന മനുഷ്യാവകാശങ്ങളേക്കുറിച്ചുള്ള ചര്‍ച്ച നടത്തി തീരുമാനത്തിലെത്താനുള്ള സമയമായിട്ടില്ല. പക്ഷെ വാസ്തവത്തില്‍ ആ ചര്‍ച്ച ഒരിക്കലും തുടങ്ങിയില്ല. മിക്കവാറും എല്ലാവരും കുത്തകാവകാശമുള്ള സോഫ്റ്റ്‌വെയറുപയോഗിച്ചുകൊണ്ടാണു് കമ്പ്യൂട്ടറുപയോഗിക്കാന്‍ തുടങ്ങിയതു്. അവര്‍ക്കറിയാവുന്ന മിക്കവരും എല്ലാവരും അതുതന്നെയാണു് ചെയ്തിരുന്നതും. മറ്റൊരു വഴി സാധ്യമാണെന്നു് അവരൊരിക്കലും കേട്ടില്ല. അതുകൊണ്ടു് കുത്തകാവകാശമുള്ള സോഫ്റ്റ്‌വെയറാണു് ന്യായമായ വഴി എന്നു് കൂടുതല്‍ ചിന്തിക്കാതെതന്നെ അവര്‍ അംഗീകരിച്ചു. അതുകൊണ്ടു് പ്രോഗ്രാമുപയോഗിക്കുമ്പോള്‍ എന്തെല്ലാം മനുഷ്യാവകാശങ്ങളാണു് ഉപയോക്താവ് അര്‍ഹിക്കുന്നതു് എന്നുള്ള ചോദ്യത്തിന്റെ ഉത്തരം നല്‍കാന്‍ അവര്‍ സോഫ്റ്റ്‌വെയറിന്റെ ഉടമസ്ഥരെ അനുവദിച്ചു. അവര്‍ ഫലപ്രദമായി ഉത്തരവിടുകയും ചെയ്തു, യാതൊന്നുമില്ലെന്നു്. അതായിരുന്നു അവരുടെ മറുപടി. അവര്‍ക്കിഷ്ടമുള്ള എന്ത് നിബന്ധനകളും അവര്‍ക്കു് നടപ്പാക്കാമെന്നും ഉപയോക്താക്കള്‍ക്കു് അവ സ്വീകരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാനാകൂ എന്നും അവര്‍ പ്രഖ്യാപിച്ചു. ഉത്തരം തള്ളിക്കളയണമെന്നു് ഉപയോക്താക്കള്‍ക്കു് ഒരിക്കലും തോന്നിയില്ല. അപ്പോള്‍ ആരാണു് ഈ ചര്‍ച്ച തുടങ്ങാന്‍ ശ്രമിക്കുന്നതു്? ഒരു ഉപയോക്താവില്‍നിന്നും ഒരിക്കലും എടുത്തുമാറ്റാന്‍ പാടില്ലാത്ത നാലു സ്വാതന്ത്ര്യങ്ങളുണ്ടെന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിലുള്ള ഞങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‍വെയറിനെ നിര്‍വചിക്കുന്ന നാല് സ്വാതന്ത്ര്യങ്ങളാണിവ:
എന്താവശ്യത്തിനും ഇഷ്ടമനുസരിച്ചു് പ്രോഗ്രാം പ്രവര്‍ത്തിക്കാനുള്ളതാണു് സ്വാതന്ത്ര്യം-പൂജ്യം (0). മൂലരൂപം പഠിച്ചു് പ്രോഗ്രാമിനെ നിങ്ങള്‍ക്കിഷ്ടമുള്ള വിധത്തില്‍ പ്രവര്‍ത്തിപ്പിക്കാനുള്ളതാണു് സ്വാതന്ത്ര്യം-ഒന്നു്. ഇഷ്ടമുള്ളപ്പോള്‍ പ്രോഗ്രാമിന്റെ യഥാര്‍ത്ഥ പകര്‍പ്പുകളുണ്ടാക്കി വില്‍ക്കുകയോ വെറുതെ കൊടുക്കുകയോ ചെയ്യാനുള്ളതാണു് സ്വാതന്ത്ര്യം-രണ്ടു്. നിങ്ങള്‍ മാറ്റം വരുത്തിയ പതിപ്പിന്റെ പകര്‍പ്പുകളുണ്ടാക്കി മറ്റുള്ളവര്‍ക്കു് നല്‍കാനും വില്‍ക്കാനുമുള്ളതാണു് സ്വാതന്ത്ര്യം-മൂന്നു്. ചെയ്ത തെറ്റിനുള്ള ശിക്ഷയായല്ലാതെ ആരില്‍നിന്നും എടുത്തുകളയാനാവാത്ത അവകാശങ്ങളാവണം ഇവ എന്നാണു് ഞങ്ങള്‍ പറയുന്നതു്. പക്ഷെ ഞങ്ങള്‍ ഈ ആശയങ്ങള്‍ ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ രണ്ടു് പ്രധാന തടസ്സങ്ങള്‍ നേരിടുന്നു. ആദ്യമായി ഗ്നു സിസ്റ്റത്തിന്റെ ഉപയോക്താക്കള്‍ക്കു് അവരുപയോഗിക്കുന്നതു് ഗ്നു സിസ്റ്റമാണെന്നറിയില്ല. അവര്‍ വിചാരിക്കുന്നു അതു് ലിനക്സ് ആണെന്നും അതു് 1991ല്‍ ലിനസ് ടോര്‍വാള്‍ഡ്സ് നിര്‍മ്മിച്ചതാണെന്നും അതു് അദ്ദേഹത്തിന്റെ ആശയങ്ങളില്‍നിന്നു വന്നതാണെന്നും. അതിന്റെ ഫലമായി ഗ്നു സിസ്റ്റം ഇഷ്ടപ്പെടുന്നവര്‍ പോലും അതിനെ അവഗണിക്കുന്നു. അതായതു് ഞങ്ങള്‍ പറയുന്നതു് അവര്‍ അവഗണിക്കുന്നു. അതുകൊണ്ടു് “ആ ഗ്നു തീവ്രവാദികള്‍ എഴുതിയ ഈ ലേഖനം ഞാനെന്തിനു വായിക്കണം? ഞാനൊരു ലിനക്സ് ഉപയോക്താവാണു്. ഞാനാ ആദര്‍ശത്തെ ആദരിക്കുന്നു, മിസ്റ്റര്‍ ടോര്‍വാള്‍ഡ്സിന്റെ പ്രായോഗിക ദര്‍ശനം” എന്നു് ആരെങ്കിലും പറയുമ്പോള്‍ അതൊരു വൈരുദ്ധ്യമാണു്. പ്രായോഗികം എന്നു പറയുമ്പോള്‍ പ്രധാനപ്പെട്ട ദീര്‍ഘകാല തീരുമാനങ്ങള്‍ ഹ്രസ്വകാലസൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ എടുക്കുക എന്നാണര്‍ത്ഥം. ഒരു സുപ്രധാനതീരുമാനമെടുക്കാന്‍ നല്ല മാര്‍ഗമാണതു് എന്നു ഞാന്‍ കരുതുന്നില്ല, പക്ഷെ അവര്‍ക്കു് അതു് ആദരിക്കപ്പെടാനുള്ള കാര്യമാണു്. അതുകൊണ്ടു് ഞങ്ങളുടെ പ്രവൃത്തിയുടെ പേരില്‍ അവര്‍ ടോര്‍വാള്‍ഡ്സിനെ ആദരിക്കുന്നതുകൊണ്ടു് ഞങ്ങള്‍ പറയുന്നതു് കേള്‍ക്കേണ്ടെന്നു് അവര്‍ തീരുമാനിക്കുന്നു. സിസ്റ്റം എവിടെനിന്നാണു് വന്നതെന്നു് അവര്‍ക്കറിയാമെങ്കില്‍, അതു് ലിനക്സിനോടൊപ്പം ചേര്‍ത്ത ഗ്നു സിസ്റ്റമാണെന്നു് അവര്‍ക്കറിയാമെങ്കില്‍, അതു് നിലനില്‍ക്കുന്നതുതന്നെ നമ്മുടെ ആദര്‍ശങ്ങള്‍ മൂലമാണെന്നു് അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍, ഒരുപക്ഷെ അവര്‍ നമ്മുടെ ആദര്‍ശങ്ങളെ അല്പംകൂടി ശ്രദ്ധിച്ചേനെ. അപ്പോള്‍ അവരവരുടെ സ്വാതന്ത്ര്യമര്‍ഹിക്കുന്നു എന്നു നമ്മള്‍ കണ്ടേനെ. അപ്പോള്‍ നമ്മള്‍ ജയിച്ചേനെ. പക്ഷെ മറ്റൊരു തടസ്സം കൂടിയുണ്ടു്. ഈയിടെയായി മുഖ്യധാരാ മാധ്യമങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനേപ്പറ്റി സംസാരിക്കാറില്ല. വിശേഷിച്ചു് യൂഎസ്സില്‍. ഇന്ത്യയില്‍ ചിലപ്പോഴൊക്കെ പറയാറുണ്ടു്. പക്ഷെ അമേരിയ്ക്കയില്‍ ‘ഓപ്പണ്‍ സോഴ്സ് ‘ എന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ അതിനെ മൂടിക്കളഞ്ഞു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിലുണ്ടായിരുന്ന, എന്നാല്‍ അതിനോടു യോജിപ്പില്ലാത്ത ടോര്‍വാള്‍ഡ്സ് ഉള്‍പ്പെടുന്ന ചിലര്‍ ചേര്‍ന്നു് 1998ല്‍ മെനഞ്ഞെടുത്ത പ്രയോഗമാണതു്. അവര്‍ക്കു് ധാര്‍മ്മികമായ കാര്യങ്ങള്‍ പറയാതെ നമ്മുടെ സോഫ്റ്റ്‌വെയറിനേക്കുറിച്ചു് സംസാരിക്കാനൊരു മാര്‍ഗം വേണമായിരുന്നു. ധാര്‍മ്മികപ്രശ്നങ്ങള്‍ മറവിയിലാണ്ടുപോകണമെന്നായിരുന്നു അവരുടെ ആഗ്രഹം – ‘നാലു സ്വാതന്ത്ര്യങ്ങള്‍ ആരെങ്കിലും നിങ്ങള്‍ക്കു് നിഷേധിക്കുന്നതു് തെറ്റാണോ’ തുടങ്ങിയ ധാര്‍മ്മികപ്രശ്നങ്ങള്‍. നിങ്ങളുപയോഗിക്കുന്ന സോഫ്റ്റ്‌വെയറിനെ നിയന്ത്രിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ടോ? ആ ചോദ്യങ്ങള്‍ ഒരിക്കലും ഉയര്‍ത്തപ്പെടരുതു് എന്നതായിരുന്നു അവരുടെ ആവശ്യം. മുമ്പുപയോഗിച്ചിട്ടില്ലായിരുന്ന പുതിയ പദംകൊണ്ടു് ഒരു പുതിയ സംവാദം ആരംഭിക്കാനും ഏതൊക്കെ ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയും ഏതെല്ലാം ഉപേക്ഷിക്കുകയും ചെയ്യണമെന്നു് തീരുമാനിക്കാനുമുള്ള അവസരം അവര്‍ക്കു് ലഭിച്ചു. അവര്‍ ധാര്‍മ്മികമായ അടിസ്ഥാനം മുഴുവനും കളഞ്ഞുകൊണ്ടു് പ്രശ്നത്തെ പ്രായോഗികസൗകര്യം മാത്രമായി അവതരിപ്പിച്ചു. അങ്ങനെ, ഓപ്പണ്‍ സോഴ്സിനെ ഏതാണ്ടു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റേതുപോലെതന്നെ നിര്‍വ്വചിച്ചു, മറ്റൊരു വിധത്തിലാണു് അവതരിപ്പിച്ചതെങ്കിലും. പക്ഷെ ഒരു പ്രോഗ്രാം ഓപ്പണ്‍ സോഴ്സ് അല്ലെങ്കില്‍ അതു് ശരിയല്ല എന്നവര്‍ പറയുന്നില്ല. അതു് സൗകര്യത്തിന്റെ പ്രശ്നമായി മാത്രമാണു് അവര്‍ അവതരിപ്പിക്കുന്നതു്. അതുകൊണ്ടു് ഒരു പ്രോഗ്രാം എങ്ങനെ ഓപ്പണ്‍ സോഴ്സ് ആക്കാം എന്നവര്‍ പറഞ്ഞുതരും, പക്ഷെ അതു് നിങ്ങളുടെ കടമയാണെന്നവര്‍ പറയുന്നില്ല. ഒരു പ്രോഗ്രാം വിതരണം ചെയ്യുകയാണെങ്കില്‍ അതില്‍ മാറ്റം വരുത്താനുള്ള ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതാവണമെന്നു് ഞങ്ങള്‍ പറയുമ്പോള്‍, അവര്‍ പറയുന്നു നിങ്ങള്‍ പ്രോഗ്രാം വിതരണം ചെയ്യുമ്പോള്‍ അതില്‍ മാറ്റം വരുത്താനുള്ള അനുവാദം ഉപയോക്താവിനു നല്‍കുന്നതാണു് നിങ്ങള്‍ക്കു് നല്ലതു് എന്നാണു്, കാരണം അവരതു് കുറേക്കൂടി മെച്ചപ്പെടുത്താന്‍ വഴിയുണ്ടു്. അവര്‍ക്കു് ധര്‍മ്മമെന്നതു് മൂലരൂപത്തിന്റെ ഗുണനിലവാരവും മറ്റു പ്രായോഗിക കാര്യങ്ങളുമാണു്. പക്ഷെ നിങ്ങള്‍ സ്വാതന്ത്ര്യത്തേക്കുറിച്ചു് സംസാരിച്ചില്ലെങ്കില്‍ സ്വാതന്ത്ര്യത്തിനു് വില കല്പിക്കാന്‍ നിങ്ങള്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നില്ല. “ഓപ്പണ്‍ സോഴ്സി”ന്റെയും ആ സംവാദത്തിന്റെയും ബലഹീനത അവിടെയാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനും ഒരുപക്ഷെ പ്രകാശനം ചെയ്യാനും ചിലയാള്‍ക്കാരെ അതു് പ്രേരിപ്പിക്കും. പക്ഷെ എന്തുകൊണ്ടാണതു് ധാര്‍മ്മികമായി പ്രാധാന്യമര്‍ഹിക്കുന്നതെന്നു് അവരെ പഠിപ്പിക്കില്ല. അതുകൊണ്ടു് ഉപരിപ്ലവമായി മാത്രമേ ആള്‍ക്കാരെ വിശ്വസിപ്പിക്കാനാകൂ. അതു് സമരംചെയ്യാന്‍ അര്‍ഹമായ കാര്യമാണെന്നു് അവര്‍ക്കു് കാട്ടിക്കൊടുക്കുന്നില്ല. പൊരുതാനുതകുന്ന ഒരു കാര്യവും അതു് കാണിക്കുന്നില്ല. അവര്‍ സൗകര്യം മാത്രമാണു് പ്രദര്‍ശിപ്പിക്കുന്നതു്. അതിന്റെയര്‍ത്ഥം സാങ്കേതികരംഗത്തുള്ളവരെയൊഴികെ ആരെയും അവര്‍ക്കു് ബോധ്യപ്പെടുത്താനാവില്ല. കോഡിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള അവരുടെ വാദം – അതു് നല്ലൊരു കാര്യമാണെന്നു് അവര്‍ക്കു് പ്രോഗ്രാമര്‍മാരെ വിശ്വസിപ്പിക്കാനായേക്കും, പക്ഷെ ഉപയോക്താക്കളെ വിശ്വസിപ്പിക്കാനാവില്ല. ഉപയോക്താക്കള്‍ക്കു് പറയാം, “ഓ ഒരു പ്രോഗ്രാം സൗകര്യപ്രദമാണോ അല്ലയോ എന്നു് എനിക്കുതന്നെ തിരിച്ചറിയാനാവും. അതുപയോഗിക്കുന്നതില്‍നിന്നു് എനിക്കുതന്നെ തീരുമാനിക്കാനാകും. അവരതു് എങ്ങനെയാണു് ചെയ്യുന്നതു് എന്നും മറ്റും അന്വേഷിക്കേണ്ടകാര്യം എനിക്കില്ല. ഞാനതു് ഉപയോഗിച്ചുനോക്കിയിട്ടു് അതു് സൗകര്യപ്രദമാണോ എന്നു് തീരുമാനിക്കും. അതു് വിശ്വസനീയമാണോ എന്നു് നോക്കും.” മറിച്ചു്, അവരുടെ സ്വാതന്ത്ര്യത്തേപ്പറ്റി നാം സംസാരിക്കുമ്പോള്‍ ആള്‍ക്കാര്‍ക്കു് മനസിലാകും, കൂടുതല്‍ സൗകര്യപ്രദവും വിശ്വസനീയവുമാണെങ്കിലും അസ്വതന്ത്രമായ പ്രോഗ്രാം അവരോടുചെയ്യുന്നതു് അപരാധമാണെന്നു് അപ്പോഴവര്‍ തിരിച്ചറിയും. പ്രശ്നമെന്തെന്നാല്‍ അക്കാലത്ത് പ്രസ്ഥാനത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരും ഓപ്പണ്‍ സോഴ്സിനെ പിന്തുണച്ചു എന്നതാണു്. മിക്ക കമ്പനികളും അവരെ അനുകൂലിക്കുകയും ചെയ്തു. അതുകൊണ്ടു് അവരെല്ലാം ഓപ്പണ്‍ സോഴ്സ് എന്ന പേരുപയോഗിക്കാന്‍ തുടങ്ങുകയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നു പറയാതിരിക്കുകയും ചെയ്തു. പിന്നെ മിക്ക മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ഓപ്പണ്‍ സോഴ്സ് എന്നു പറയാന്‍ തുടങ്ങി. അങ്ങനെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിസ്മൃതിയിലായിപ്പോയി. സത്യത്തില്‍ ഒരുപാടുപേര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടു് ഞാന്‍ ഓപ്പണ്‍ സോഴ്സിന്റെ അനുകൂലിയാണെന്നു് ധരിച്ചുവച്ചിട്ടുണ്ടു്. ഓപ്പണ്‍ സോഴ്സിനുവേണ്ടി ഞാന്‍ ചെയ്ത കാര്യങ്ങള്‍ക്കു് നന്ദി പറഞ്ഞുകൊണ്ടു് ഓരോ ആഴ്ചയും എനിക്കു് പല സന്ദേശങ്ങളും കിട്ടാറുണ്ടു്. നിങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണു്, ഞാന്‍ ഒരിക്കലും ഓപ്പണ്‍ സോഴ്സിനുവേണ്ടി യാതൊന്നും ചെയ്തിട്ടില്ല എന്നും എന്റെ കാഴ്ചപ്പാടുകളെ എതിര്‍ക്കുന്നവരുടെ മുദ്രാവാക്യമാണതു് എന്നുപറഞ്ഞ് മറുപടി അയയ്ക്കേണ്ടതായി വരുന്നു. ഓ അതെത്ര വേദനാജനകമാണെന്നോ! അതുകൊണ്ടു്, “ഞാന്‍ ഓപ്പണ്‍ സോഴ്സിന്റെ പിതാവാണെങ്കില്‍ അതു് എന്റെ അറിവോ സമ്മതമോ കൂടാതെ കവര്‍ന്നെടുത്ത ബീജമുപയോഗിച്ചു് കൃത്രിമ ബീജസങ്കലനം നടത്തിയതിലൂടെയാണു് ജന്മംകൊണ്ടതു്” എന്നു പറഞ്ഞുകൊണ്ടു് ഞാന്‍ പത്രാധിപന്മാര്‍ക്കു് കത്തെഴുതി. എന്നിട്ടു് എന്താണു് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രസ്ഥാനമെന്നും അതെന്തിനാണു് നിലകൊള്ളുന്നതു് എന്നും ഞാന്‍ വിശദീകരിച്ചു. അതാണു് കത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം. തെറ്റായ ലേഖനത്തില്‍ എന്തെല്ലാമാണു് വിട്ടുപോയതു് എന്നു് പ്രസിദ്ധീകരണത്തിന്റെ വായനക്കാരെ കാണിക്കാനാണതു്. പക്ഷെ എനിക്കു് ഒരു തമാശയോടെ തുടങ്ങാനാണിഷ്ടം, കാരണം ഒന്നാമതായി തമാശകള്‍ രസകരമാണു് പിന്നെ രണ്ടാമതായി എന്റെ കത്ത് പ്രസിദ്ധീകരിക്കാന്‍ അതു് പത്രാധിപരെ പ്രേരിപ്പിക്കാം. എന്തായാലും സ്വതന്ത്ര സോഫ്റ്റ്‌വെയറിനേപ്പറ്റിയും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആദര്‍ശത്തേപ്പറ്റിയും ജനങ്ങളെ ബോധ്യപ്പെടുത്താനായി എന്നാലാവുന്നതെല്ലാം ഞാന്‍ ചെയ്യുന്നുണ്ടു്. 1998നു ശേഷം, നമ്മുടെ സോഫ്റ്റ്‌വെയറിനേക്കുറിച്ചുള്ള ധാരണയും നമ്മുടെ ആദര്‍ശങ്ങളേക്കുറിച്ചുള്ള ധാരണയും തമ്മിലുള്ള ബന്ധം ഓപ്പണ്‍ സോഴ്സുകാര്‍ വേര്‍പെടുത്തിയതിനു ശേഷം, നമ്മളെന്തിനാണു് നിലകൊള്ളുന്നതു് എന്നതു് ജനങ്ങളെ പഠിപ്പിക്കാനായി കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നിട്ടുണ്ടു്. അന്നുമുതല്‍ ഞാനെന്റെ സമയം മുഴുവനും യാത്രകളിലും പ്രസംഗങ്ങളിലുമാണു് ചെലവഴിക്കുന്നതു്. വര്‍ഷത്തിന്റെ ഭൂരിഭാഗവും അങ്ങനെയാണു് ഞാന്‍ ചെലവഴിക്കുന്നതു്. പക്ഷെ ആവശ്യത്തിനു് ചെയ്യാന്‍ എനിക്കാവുന്നില്ല. കൂടുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ സംസാരിക്കേണ്ടിയിരിക്കുന്നു. പ്രസ്ഥാനത്തിനു് പ്രധാനപ്പെട്ട കാര്യമായ സംഭാവന നല്‍കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതാണു് ഏറ്റവും നല്ല മാര്‍ഗം. ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രഭാഷകനാവുക. പ്രായോഗിക സൗകര്യവും സാങ്കേതിക പ്രശ്നങ്ങള്‍ക്കുമപ്പുറം മറ്റുപലതും നഷ്ടപ്പെടാനുണ്ടെന്നു് ആദര്‍ശങ്ങളിലൂന്നിക്കൊണ്ടു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക.
നമുക്കു് പ്രോഗ്രാമര്‍മാരെയും തീര്‍ച്ചയായും വേണം. നിങ്ങള്‍ക്കു് പലതരത്തില്‍ ഞങ്ങളെ സഹായിക്കാനാകും. സൂചനകളുടെ ഒരു പട്ടികയ്ക്ക് gnu.org/help എന്ന വെബ്പേജ് നോക്കുക. പക്ഷെ കാര്യമെന്തെന്നാല്‍ പ്രോഗ്രാമറായാലേ ഞങ്ങളെ സഹായിക്കാനാകൂ എന്നു് അനുമാനിക്കാതിരിക്കുക. ഒരുവരി കോഡുപോലും എഴുതാതെ നിങ്ങള്‍ക്കൊരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകനാകാനാകും. പ്രസ്ഥാനത്തിനുവേണ്ടി മറ്റുതരത്തില്‍ വളരെയധികം ചെയ്യാന്‍ നിങ്ങള്‍ക്കാകും. അതുകൊണ്ടു്, “എനിക്കു് സംഭാവന ചെയ്യണമെന്നുണ്ടു്, പക്ഷെ ആദ്യം പ്രോഗ്രാമറാവണം” എന്നു് ചിന്തിക്കാതിരിക്കുക. നിങ്ങള്‍ വലിയൊരു പ്രോഗ്രാമറാവേണ്ടതില്ല. നിങ്ങളൊരു പ്രോഗ്രാമറേ ആവേണ്ടതില്ല. സംഭാവനചെയ്യാനുള്ള ഒരു മാര്‍ഗം മാത്രമാണതു്.
പുതിയ അപകടങ്ങള്‍ ഉയര്‍ന്നിട്ടുണ്ടു്. ഉദാഹരണമായി, പല വെബ്പേജുകളിലും ചില പ്രോഗ്രാമുകളുണ്ടു് അവയില്‍ മിക്കവയും സ്വതന്ത്രമല്ലതാനും. ഏതു് പ്രോഗ്രാമും സ്വതന്ത്രമോ അസ്വതന്ത്രമോ ആകാം. അതിനൊരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലൈസന്‍സാണുള്ളതെങ്കില്‍ അതു് സ്വതന്ത്ര സോഫ്റ്റ‌്‌വെയറാണു്. വെബ്പേജുകളില്‍ കാണുന്ന പ്രോഗ്രാമുകളെ സംബന്ധിച്ചും ഇതു് സത്യമാണു് പക്ഷെ അവ മിക്കതും അസ്വതന്ത്രമാണു്. മാത്രമല്ല, നിങ്ങളുടെ ബ്രൗസര്‍ അവ നിശ്ശബ്ദമായി കമ്പ്യൂട്ടറില്‍ സ്ഥാപിക്കുകയും ചെയ്യുന്നു. എന്നിട്ടതു് നിങ്ങളുടെ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിയെടുക്കാന്‍ തുടങ്ങുന്നു. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഒരു അസ്വതന്ത്ര പ്രോഗ്രാം പ്രവര്‍ത്തിക്കുന്നു എന്ന കാര്യം നിങ്ങളറിയുന്നതേയില്ലെന്നു മാത്രമല്ല, അവയില്‍ ചിലതെല്ലാം ദുഷ്ടവെയറാണുതാനും. ആള്‍ക്കാരെ അരോചകമായ തരത്തില്‍ പിന്തുടരാനായി രൂപകല്പന ചെയ്തവയാണു്. അതുകൊണ്ടു് ഞങ്ങള്‍ LibreJS എന്ന പ്രോഗ്രാം വികസിപ്പിച്ചു. അതു് ഫയര്‍ഫോക്സിനുള്ള ഒരു അനുബന്ധമാണു്. വെബ്‌പേജുകളിലുള്ള സ്വയം ഇന്‍സ്റ്റാളാവാന്‍ ശ്രമിക്കുന്ന എല്ലാ പ്രോഗ്രാമുകളെയും പരിശോധിച്ചു് അവ നിസ്സാരമാണോ സ്വതന്ത്രമാണോ എന്നു കണ്ടെത്തും. അങ്ങനെയെങ്കില്‍ അവ പ്രവര്‍ത്തിക്കാന്‍ LibreJS അനുവദിക്കും. പക്ഷെ ഒരു പ്രോഗ്രാം നിസ്സാരമല്ലാത്തതും സ്വതന്ത്രമല്ലാത്തതുമാണെങ്കില്‍ ഈ പേജില്‍ നിസ്സാരമല്ലാത്ത സ്വതന്ത്രവുമല്ലാത്ത പ്രോഗ്രാം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നു് അതു് സ്ക്രീനിലൂടെ നിങ്ങള്‍ക്കു് മുന്നറിയിപ്പു നല്‍കും. അതു് ഒരുകാര്യം കൂടി ചെയ്യും. ആ വെബ്‍സൈറ്റിന്റെ അധികാരിയ്ക്ക് ഒരു പരാതിയെഴുതിയയ്ക്കാന്‍ നിങ്ങളെ സഹായിക്കും. അതിനാണു് സമയമെടുക്കുന്നതു്. പിന്നെ, LibreJS നിങ്ങള്‍ക്കുവേണ്ടിയാണു് അതു് ചെയ്യുന്നതു്. പ്രവൃത്തിപരിചയത്തില്‍നിന്നു് അതു് അധികാരിയെ കണ്ടെത്തുന്നു. എന്നിട്ടു് വേഗന്നും എളുപ്പത്തിലും പരാതിയയ്ക്കാനായി ആ വിവരം നിങ്ങള്‍ക്കു് കാണിച്ചുതരുന്നു. സന്ദേശത്തിന്റെ ഭാഗമായി പ്രശ്നത്തേക്കുറിച്ചു് അതു് വിശദീകരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സൈറ്റ് എനിക്കു് ഉപയോഗിക്കാനായില്ല, കാരണം അതിനു് സ്വതന്ത്രമല്ലാത്ത ഒരു ജാവാസ്ക്രിപ്റ്റ് കോഡ് പ്രവര്‍ത്തിപ്പിക്കേണ്ടിയിരിക്കുന്നു എന്നു പറയാന്‍ ഒരു മിനിറ്റില്‍ താഴെ സമയമേ വേണ്ടൂ. ദയവുചെയ്തു് ഇതു് ശരിയാക്കൂ. അയയ്ക്കുക. ഇത്രയുമേ ചെയ്യാനുള്ളൂ. നിങ്ങള്‍ക്കു് ദിവസവും പത്തു വ്യത്യസ്ത വെബ്‌സൈറ്റുകളിലേക്കു് പരാതിയയ്ക്കാന്‍ പത്തു മിനിറ്റേ എടുക്കൂ. നമ്മുടെ പ്രസ്ഥാനത്തിലേക്കുള്ള ഒരു സംഭാവനയാകുമിതു്.
[divider][തുടരും]
- മൊഴിമാറ്റം : ഡോ. വി. ശശികുമാര്‍
- പരിഭാഷാ സഹായം: അനിവര്‍ എ അരവിന്ദ്
പകര്‍പ്പവകാശം : ഡോ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ (ക്രിയേറ്റിവ് കോമണ്‍സ് ആട്രിബ്യൂഷന്‍ നോ ഡെറിവേറ്റിവ്സ് – CC-BY-ND-4.0 – ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു ) ഉപയോഗിച്ച ചിത്രങ്ങള്‍ CC-BY-SA- 4.0 ലൈസന്‍സ് അനുസരിച്ചാണു പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതു് . പകര്‍പ്പവകാശം അതാതു ചിത്രങ്ങളില്‍ സൂചിപ്പിച്ചിരിയ്ക്കുന്നു