അരുൺ എസ്സ്
സൗരയൂഥത്തിലെ നിഗൂഢസ്വഭാവക്കാരനാരെന്നു ചോദിച്ചാൽ ആദ്യം മനസ്സിൽ വരുക യുറാനസ് ആയിരിക്കും. മറ്റു ഗ്രഹങ്ങളിൽ നിന്നും ഈ താരത്തിനെ വ്യത്യസ്തനാകുന്നത് സ്വന്തം അച്ചുതണ്ടിൽ ഉള്ള കറങ്ങൽ രീതിയും, വിചിത്ര കാന്തിക മണ്ഡലവും, അതീവ രഹസ്യമായ അന്തരീക്ഷവും, ആന്തരിക ഘടനയുമാണ്. തീർത്തും വിചിത്രമായി തോന്നുന്ന പല നിരീക്ഷണങ്ങൾക്കും, പഠനങ്ങൾക്കും വഴിതെളിച്ചിട്ടുള്ള ഈ വിരുതൻ ശാസ്ത്രലോകത്തിന് ഒരു പിടികിട്ടാപുള്ളിയാണ്. അനേകം രഹസ്യങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്ന ഈ ഗ്രഹം നമ്മുടെ സൂക്ഷ്മമായ പഠനങ്ങൾക്ക് അധികമൊന്നും നിന്നുകൊടുക്കാത്ത ആളാണ്. ഭൂമിയിൽ നിന്നും ഏകദേശം 20 AU അകലെ സ്ഥിതിച്ചെയ്യുന്ന ഈ ഗ്രഹം തന്റെ രഹസ്യങ്ങൾ ഒന്നും തന്നെ അങ്ങനെ തുറന്നു കാട്ടിയിട്ടില്ല. പക്ഷെ ഈ ഗ്രഹത്തിന് ഒരാൾക്കു മുമ്പിൽ തന്റെ ചില രഹസ്യങ്ങൾ വെളിപ്പെടുത്തേണ്ടി വന്നു . ആ ഒരാൾ ‘ മറ്റാരുമല്ല, ഭൂമിയുടെ എക്കാലത്തെയും Vintage Super hero Spacecraft ആയ വൊയേജര്‍ 2 (Voyager 2) ആണ്.
1986 ൽ ആയിരുന്നു Voyager 2 ന്റെ ഈ യുറാനസ് സന്ദർശനം. ദൗത്യത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഈ സന്ദർശനം അതീവ ഗൗരവത്തോടെയാണ് ശാസ്ത്രലോകം കണ്ടത്. അതിനാൽ തന്നെ യുറാനസിനെ പറ്റിയുള്ള പല സുപ്രധാന നിരീക്ഷണങ്ങളും, പഠന വിവരങ്ങളും വൊയേജര്‍ 2ല്‍ നിന്നും ലഭിച്ചു. തന്റെ ദൗത്യം ആരംഭിച്ചിട്ട് 43 വർഷമാകുമ്പോൾ വീണ്ടും വാർത്തകളിൽ വൊയേജര്‍ 2 സ്ഥാനം പിടിച്ചിരിക്കുകയാണ്. 34 വർഷം മുമ്പ് വൊയേജര്‍ 2ന്റെ യുറാനസ് സന്ദർശന വേളയിൽ ഉണ്ടായ ഒരു പ്രതിഭാസത്തെ പറ്റി അന്നു ഭൂമിയിലേക്ക് അയച്ച വിവരങ്ങളാണ് ഇന്ന് ശാസ്ത്ര സമൂഹത്തിൽ വാർത്തയാകുന്നത്. 34 വർഷം മുമ്പ് യുറാനസ് സന്ദർശന വേളയിൽ, സൗരവാതത്താൽ രൂപം കൊണ്ട ഒരു ഭീമൻ പ്ലാസ്മോയിഡ് (plasmoid) ലൂടെ Voyager 2 സഞ്ചരിച്ചു എന്ന കണ്ടെത്തലാണ് ചർച്ചക്ക് വഴി തെളിച്ചിരിക്കുന്നത്. വൊയോജര്‍ 2 ന്റെ magnetometer ലെ data കൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കവെയാണ് ഈ പുത്തൻ വിശേഷം എല്ലാവരും അറിയുന്നത്. ചെറിയ ഇടവേളയിലായി ഏറെ കൃത്യതരോടെ എടുത്ത magnetometer reading പരിശോധിക്കവേ കാന്തികതയിലുള്ള വ്യതിയാനം ദൃശ്യമായി. ഇതു പ്ലാസ്മോയിഡിന്റെ സാന്നിധ്യം മൂലമാണ് എന്ന് തുടർന്നുള്ള പഠനങ്ങൾ തെളിയിച്ചു.
ഇതിലിത്ര പുതുമയെന്തെന്നല്ലേ…? എന്നാൽ പുതുമയുണ്ട്; യുറാനസ്സിൽ നിന്നും രൂപം കൊള്ളുന്ന ഈ ഭീമൻ പ്ലാസ്മോയിഡ് ആദ്യമായാണ് ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. യുറാനസിന്റെ ഏറെ വിചിത്രമായ കാന്തിക മണ്ഡലമാണ് ഈ കണ്ടെത്തലിന് പ്രധാന്യം നൽകുന്ന മറ്റൊരു സവിശേഷത. ഈ ഗ്രഹത്തിന്റെ അച്ചുതണ്ട് അതിന്റെ ഭ്രമണ പ്രതലത്തിന് ഏകദേശം ലംബമായാണ് ഉള്ളത്. മാത്രവുമല്ല അതിന്റെ കാന്തിക ധ്രുവം ഈ അച്ചുതണ്ടിൽ നിന്നും 60° മാറിയാണ്. അതിനാൽ തന്നെ ഈ ധ്രുവം ഗ്രഹത്തിന്റെ കറക്കത്തിനനുസരിച്ച് അച്ചുതണ്ടിനു ചുറ്റുമായി കറങ്ങിക്കോണ്ടിരിക്കും.
പക്ഷെ മറ്റു ഗ്രഹങ്ങളിൽ ഇങ്ങനല്ല കാന്തികക്ഷേത്രം. മറ്റു ഗ്രഹങ്ങളിൽ കാന്തിക ധ്രുവങ്ങൾ അച്ചുതണ്ടിനോടു വളരെ അടുത്താണ്. ഈ കാരണത്താൽ അത്തരം ഗ്രഹങ്ങൾക്ക് ശക്തമാർന്ന കാന്തിക കവചമുണ്ട്; ഈ കവചം ഗ്രഹങ്ങളെ സൗരവാതത്തിൽ നിന്നും രക്ഷിക്കുന്നു. പക്ഷെ സ്ഥിരതയില്ലാത്ത കാന്തികക്ഷേത്രമുള്ള യുറാനസ് പലപ്പോഴും ഈ സൗരവാതത്തിൽപെട്ടു പോകുന്നു. ഈ സൗരവാതം യുറാനസിന്റെ അന്തരീക്ഷത്തിന്റെ 15 മുതൽ 55 ശതമാനം വരെ പിണ്ഡത്തിന്റെ ചോര്‍ച്ചക്ക് കാരണമാകുന്നു.
പൊതുവെ ഗ്രഹങ്ങളുടെ കാന്തിക ശക്തി സൗരവാതങ്ങളെ ചെറുക്കുമെങ്കിലും, ചില ശക്തിയാർന്ന സൗരവാതം ഈ കാന്തിക വലയങ്ങളെ തകർത്തേക്കാം. ഇത്തരത്തിൽ ഭേദിക്കപ്പെടുന്ന കാന്തികവലയം ഗ്രഹത്തിന്റെ എതിർ വശത്ത് എത്തിച്ചേരുന്നു. എതിർ വശങ്ങളിലെ വലയങ്ങൾ കൂട്ടിമുട്ടിയശേഷം പ്ലാസ്മോയിഡുകൾക്ക് രൂപം നൽകുന്നു. ഗ്രഹങ്ങളുടെ അന്തരീക്ഷത്തിൽ നിന്നും ചെറിയൊരു ഭാഗം അയോണുകളും മറ്റു കണങ്ങളും ഈ plasmoid ൽ കൂടെ ശൂന്യാകാശത്തേക്ക് പറത്തിക്കളയുന്നു.
ഈ പ്രതിഭാസം എല്ലാ ഗ്രഹങ്ങളിലും സംഭവിക്കാറുണ്ട്, അതുവഴി ഓരോ ഗ്രഹങ്ങളുടേയും അന്തരീക്ഷത്തിന്റെ ഒരു പങ്ക് നഷ്ട്ടമാകുന്നു. ഒരു നാൾ ഭൂമിയിലേതിനു സമാനമായ തിങ്ങിയ അന്തരീക്ഷം ഉണ്ടായിരുന്ന ചൊവ്വ ഇന്നു കാണുന്ന രീതിയിൽ ആകാൻ കാരണമായത് 4 ബില്യന്‍ വർഷമായി നടക്കുന്ന ഇത്തരം ചോർച്ചയാണ്. വ്യാഴത്തിന്റെ ഉപഗ്രഹമായ ലോ(Io) യിലും ശനിയുടെ ഉപഗ്രഹമായ Titan ലും ഇത്തരം ചോർച്ച നന്നായി നടക്കുന്നു.
ഇത് അവയിൽ മാത്രമല്ല, നമ്മുടെ ഭൂമിയിലും നടക്കുന്നുണ്ട്. ഒരു ദിവസം അന്തരീക്ഷത്തിൽ നിന്നും 90 tonne പദാർത്ഥങ്ങൾ എന്ന കണക്കിലാണ് ഈ ചോർച്ച ഭൂമിയിൽ നടക്കുന്നത്. ഇതു കേട്ട് പേടിക്കെണ്ട ; അടുത്ത നൂറു കോടി വർഷം കൂടെ ഈ അന്തരീക്ഷം ഭൂമിക്കൊപ്പം ഉണ്ടാകും. യുറാനസിൽ സംഭവിക്കുന്ന ഈ ചോർച്ച ആ ഗ്രഹത്തിന്റെ അന്തരിക ഘടനയെ തന്നെ മാറ്റിമറിക്കാം. ആ ഗ്രഹത്തിന്റെ നിഗൂഢ സ്വഭാവങ്ങളിൽ ഒരു പങ്ക് ഈ പ്രതിഭാസത്തിനും ഉണ്ടാകാം. ഇതിനെ പറ്റി വിശദമായി പഠിക്കാനും, ആ ഗ്രഹത്തിന്റെ എല്ലാ രഹസ്യങ്ങളും ചോർത്തിയെടുക്കാനും പുതിയ ഒരു ദൗത്യം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
യുറാനസിന്റെ അനേകം സവിശേഷതകൾ തന്നെയാണ് അതിനെ പറ്റി കൂടുതൽ പഠിക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുന്നത്. ഈ ഗ്രഹത്തിന്റെ ഉള്ളിൽ ജലത്തിന്റേയും, അമോണിയയുടേയും, മീഥെയ്ന്റെയും ഭീമൻ സമുദ്രം ഒളിഞ്ഞ് കിടപ്പുണ്ട് എന്നത് ഏറെ കൗതുകകരമായ കാര്യമാണ്. യുറാനസിന് ശനി ഗ്രഹത്തിനുള്ള പോലെ വളയങ്ങളും ഉണ്ട്. മറ്റു ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായി, ഭ്രമണ പ്രതലത്തിനു ലംബമായുള്ള യുറാനസിന്റെ equator-നു മുകളിലൂടെ ആണ് ഇതിന്റെ ഉപഗ്രഹങ്ങൾ ഭ്രമണം വെക്കുന്നത്. ഈ ഗ്രഹത്തിന്റെ രണ്ടു കാന്തിക ധ്രുവങ്ങൾ തമ്മിൽ ഒരു രേഖ വരച്ചാൽ ആ വര പോകുന്നത് ഗ്രഹത്തിന്റെ കേന്ദ്രത്തിൽ നിന്നും അല്പം മാറിയാണ് എന്നതും ഏറെ കൗതുകമാണ്. 34 വർഷം മുമ്പ്, വൊയേജര്‍ 2 അയച്ച Data-കൾ പരിശോധിച്ച ശാസ്ത്രജ്ഞരുടെ കണ്ണിൽപ്പെടാതെ പോയ വിവരങ്ങൾ, മറ നീക്കി പുറത്തു വരാൻ അനേകം വർഷങ്ങൾ എടുത്തുവെന്നത് ഏറെ നിരാശപ്പെടുത്തുന്ന ഒന്നാണ്.
യുറാനസിന്റെ പൂർണ്ണ ചിത്രം നൽകുന്ന പുത്തൻ ദൗത്യങ്ങൾക്കുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ NASA തുടങ്ങിയിട്ടുണ്ടാകും. ആ ദൗത്യം വൻ വിജയമാകുന്ന ദിവസത്തിനായി നമ്മുക്ക് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാം.
അധികവായനയ്ക്ക്