ഒരു പക്ഷി തന്റെ ഗാനം മറന്നുപോയ ദുഃഖകരമായ ഒരു വാർത്ത അടുത്തിടെ കേൾക്കുകയുണ്ടായി. ദക്ഷിണ പൂർവ ഓസ്‌ട്രേലിയയിലെ വംശനാശ ഭീഷണി നേരിടുന്ന റീജന്റ് ഹണി ഈറ്റർ (honeyeater- Anthochaera phrygia) എന്ന പക്ഷി വിചിത്രമായരീതിയിലാണ്പാടുന്നത് എന്ന് കണ്ടുപിടിച്ചത് റോസ് ക്രേറ്റ്സ് (Ross Crates) എന്നൊരു പരിസ്ഥിതി ശാസ്ത്രജ്ഞനാണ്. സ്വന്തം പാട്ടുകൾക്ക് പകരം ഫ്രയർബേഡ് , കൂകൂ ഷ്രിക് എന്നീ പക്ഷികളുടെ പാട്ടുകൾ അനുകരിക്കാനാണത്രെ ആ പക്ഷി ശ്രമിച്ചത്. ഇതൊരു വിചിത്ര സ്വഭാവം എന്ന് കരുതി നിസ്സാരമായി കാണരുത്.
കാരണം സ്വാഭാവികമായ പാട്ടല്ല പാടുന്നതെങ്കിൽ ഇവയ്ക്ക് ഇണകളെ ആകർഷിക്കാൻ കഴിയില്ല. ഈ ഇനത്തിൽ പെടുന്ന 300 പക്ഷികൾ മാത്രമേ ലോകത്തു അവശേഷിച്ചിട്ടുള്ളൂ. എങ്കിൽ ഇണകളെ അന്യോന്യം ആകർഷിക്കാൻ കഴിയാതെ ഈ പക്ഷികൾക്ക് വംശനാശം സംഭവിക്കുകയേ ഉള്ളൂ…
എന്തുകൊണ്ടാണ് ഈ പക്ഷി സ്വന്തം പാട്ട് മറന്നുപോയത്?
സ്വന്തം ആവാസ സ്ഥാനം നഷ്ടപ്പെട്ട റീജന്റ് ഹണി ഈറ്റർ സ്വന്തം ഇനത്തിലുള്ള പക്ഷികൾക്കൊപ്പമല്ല മറ്റിനം പക്ഷികൾക്കൊപ്പമാണ് ജീവിക്കുന്നത്. അവയുടെ പാട്ടുകൾ പാടാനാണ് ശ്രമിക്കുന്നത്. സ്വന്തം ശബ്ദം തിരിച്ചറിയാനാവാതെ അസ്തിത്വം നഷ്ടപ്പെടുന്ന പക്ഷികളെ കാത്തിരിക്കുന്നത് വേദനാജനകമായ വംശനാശ ഭീഷണിയാണ്. ഇപ്പോൾ ഇവയെ സ്വന്തം പാട്ടു പഠിപ്പിക്കാനാണ് റോസ് ക്രേറ്റ്സ് ശ്രമിക്കുന്നത്. ജീവിവർഗങ്ങളുടെ നിലനിൽപും അവയുടെ ജീവപരിസരവും തമ്മിലുള്ള സൂക്ഷ്മ ബന്ധമാണ് നാമിവിടെ കണ്ടെത്തുന്നത് സ്വന്തം ഭാഷയും സംസ്കാരവും നഷ്ടപ്പെടുന്ന മനുഷ്യ സമൂഹങ്ങൾക്കും ഇതിൽ നിന്ന് പഠിക്കാൻ ഏറെ പാഠങ്ങൾ ഉണ്ടാവുമല്ലോ.