Snorkel എന്നു വിളിക്കുന്ന ഒരു റബ്ബർ കുഴൽ സംവിധാനം വായിൽ പിടിച്ചാണല്ലോ വെള്ളത്തിനടിയിലെ കാഴ്ചകൾ കാണാൻ ആളുകൾ കടലിലിറങ്ങുക. വെള്ളത്തിനടിയിൽ ഇളകിനടന്ന് തീറ്റതേടുന്നതിന് ഇടയിൽ മുകളിൽ വന്ന് ശ്വാസം എടുക്കുന്നതിനു പകരം സ്വന്തം ശരീരത്തിൽ ഇത്തരം ഒരു ട്യൂബ് സംവിധാനവുമായി ജീവിക്കുന്ന ഒരു പുഴു ഉണ്ട്. സിലിണ്ടാറാകൃതിയിലുള്ള ശരീരത്തിനേക്കാൾ നീളമുള്ള ഒരു ‘വാൽക്കുഴൽ’. അത് സൈഫൺ പോലെ ജലോപരിതലത്തിൽ പിടിച്ച് അതിലൂടെ ശ്വാസം കഴിക്കുകയാണ് ഈ പുഴു ചെയ്യുക. വെള്ളത്തിന് മുകളിൽ ഇടക്കിടെ പോയി ശ്വാസം കഴിക്കാൻ നിന്നാൽ വല്ല പക്ഷികളും കൊത്തിത്തിന്ന് കഥകഴിയാനുള്ള സാദ്ധ്യത ഇതു വഴി കുറഞ്ഞ് കിട്ടും. നീളൻ വാലിന്റെ അഗ്രം ജലോപരിതലത്തിൽ തന്നെ പിടിച്ച്, ഇവർ വെള്ളത്തിനടിയിൽ ഞെളിഞ്ഞ് പിളഞ്ഞ് പുളഞ്ഞ് ഓടിക്കളിക്കുന്നത് കണ്ടാൽ ഒരു ചുണ്ടെലിയേപ്പോലെ തോന്നും. അങ്ങിനെ ആണ് ഇവർക്ക് എലിവാലൻ പുഴുക്കൾ – Rat-tailed maggot -എന്ന മനോഹരമായ പേര് ലഭിച്ചത്.
നമ്മുടെ വീട്ടിലെ അടുക്കളയിൽ നിന്നൊഴുക്കിയ വെള്ളം കെട്ടിനിൽക്കുന്ന പുറത്തെ കുഴികളിലും വാഷ് ബേസിനിലെ വെള്ളം പറമ്പിലേക്ക് ഒഴുക്കിവിടുന്ന ചാലിലും ഒക്കെ സൂക്ഷിച്ച് നോക്കിയാൽ ഇവരെ ധാരാളം കാണാം.
പൊതുവെ പുഴുക്കളെ കാണുന്നത് നമുക്ക് അറപ്പാണ്. ‘പുഴുവരിച്ച” എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ചിലർക്ക് ഓക്കാനം വരും. ജീർണ്ണിച്ച മാംസത്തിലും മറ്റും ഈച്ചകൾ ഇട്ടുകൂട്ടുന്ന മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളാണല്ലോ പുഴുക്കൾ എന്ന് നമ്മൾ വിളിക്കുന്ന കുഞ്ഞ് ജീവികൾ. ഇവ കൂടാതെ ശലഭങ്ങളുടേയും വണ്ടുകളുടേയും ഒക്കെ ലാർവകളും നമുക്ക് പുഴുക്കളാണ്. പൂന്താനം പറഞ്ഞ പോലെ ചിലർ പുഴുവായി ജനിച്ച് ചാവില്ല. അത് ഇത്തരം ഇൻസെക്റ്റുകളുടെ ഒരു ജീവ ഘട്ടം മാത്രമാണല്ലോ. എന്തായാലും ചത്തളിഞ്ഞ ശരീരത്തിൽ നിന്നും നുരയ്ക്കുന്ന വെള്ള പുഴുക്കളെ കാണുമ്പോൾ ഓക്കാനം വരുന്നവരാണ് പലരും. (അത്തരത്തിൽ പുഴുക്കളെ വളർത്തി ‘പ്രോട്ടീൻ ‘ ഭക്ഷണം ആക്കി ലോകത്ത് പലയിടങ്ങളിലും വിൽപ്പന തകൃതിയായി നടക്കുന്ന കാര്യവും മറക്കണ്ട). ഈ പുഴുക്കൾ വളർച്ചാ ഘട്ടം കഴിയുമ്പോൾ പ്യൂപ്പേറ്റ് ചെയ്ത കുറച്ച് നാളുകൾക്ക് ശേഷം ഈച്ചയായി പാറി നടന്ന്, ഇണചേർന്ന്, മുട്ടയിടൽ പരിപാടി നടത്തി, സന്തതി പരമ്പര കെടാതെ നോക്കുകയാണല്ലോ ചെയ്യുന്നത്. നമുക്ക് ഓക്കാനം വരുന്നതൊന്നും അവരുടെ പ്രശ്നമല്ല.
നമ്മൂടെ അടുക്കള മാലിന്യങ്ങൾ കുന്നുക്കൂട്ടിയിട്ടാലും, പഞ്ചായത്തുകാർ വിതരണം ചെയ്ത പൈപ്പ് കമ്പോസ്റ്റിന്റെ കുഴലുകളിൽ നിന്നും പുറത്തേക്കും കുഞ്ഞൻ പുഴുക്കളുടെ സഞ്ചാരം കാണാം. ബ്ലാക്ക് സോൾജിയർ ഈച്ചകളാണ് (Hermetia illucens) നമ്മുടെ നാട്ടിൽ കൂടുതലായി ഇത്തരത്തിൽ മാലിന്യങ്ങളിലെ ‘പുഴു ‘ കാരണക്കാർ. ഈച്ചകൾക്ക് മുട്ടയിടാൻ അഴുകിയ വ്രണങ്ങളും ഇഷ്ടമാണ്. കിടപ്പ് രോഗികളുടെ ബെഡ് സോറുകൾ വൃത്തിയാക്കിയില്ലെങ്കിൽ അവിടെയും മുട്ടയിടും. അവ വിരിഞ്ഞ ലാർവകൾ അഴുകിയ വ്രണത്തിലെ മാംസഭാഗം തിന്ന് വളരും.
എന്നാൽ എലിവാലൻ പുഴുക്കൾ അത്തരം പുഴുക്കളേക്കാൽ വലുതും പ്രത്യേകതകൾ ഉള്ളവയും ആണ്. ഇവ നല്ല കൊഴുത്ത കഞ്ഞിവെള്ളവും അതുപോലെ കൂടിയ അളവിൽ അന്നജവും ഒക്കെ അടങ്ങിയ, കെട്ടിക്കിടക്കുന്ന ജൈവാംശഅഴുക്ക് വെള്ളത്തിലാണ് സാധാരണ കാണുക.
Eristalini, Sericomyiini എന്നീ വിഭാഗങ്ങളിലെ ഹോവർഫ്ലൈകളാണ് ഇത്തരം ഗ്ലൂക്കോസ് വെള്ളത്തിൽ മുട്ടയിടുന്ന വിരുതത്തികൾ. ആ മുട്ടകൾ വിരിഞ്ഞ് ഉണ്ടാകുന്നതാണ് എലിവാലൻ പുഴുക്കൾ. അന്റാർട്ടിക്ക ഒഴിച്ച് സർവ ഇടങ്ങളിലും, ഹിമാലയത്തിലടക്കം ഹോവർ ഫ്ലൈകൾ ഉണ്ട്. ഇവരെ കണ്ടാൽ, തേനീച്ചയെ രൂപത്തിൽ അനുകരിച്ചതായി തോന്നും. പൂക്കളിൽ നിന്ന് മറ്റൊന്നിലേക്ക് സധാ പാറിനടന്ന് കളിക്കുന്നത് കാണാം. തേനും പൂമ്പൊടികളും ശേഖരിക്കുന്ന ശീലം ഉള്ളതിനാൽ ഒരേ രീതിയിൽ തേനീച്ചകളോടൊപ്പം പരിണമിച്ച് ഉണ്ടായവയാണ് ഇവരും. ഇത്തരത്തിൽ ഹോവർ ഫ്ലൈകളേപ്പോലെ പല തരം ഈച്ചകളും രൂപത്തിലും പറക്കൽ രീതിയിലും ഒക്കെ തേനീച്ചകളെ മിമിക്ക് ചെയ്യുന്ന ശീലക്കാരാണ്. നമ്മൾ ഒറ്റ നോട്ടത്തിൽ തേനീച്ചകൾ എന്ന് കരുതുന്ന പലരും പൂന്തോട്ടങ്ങളിലെ മിമിക്രിക്കാരാവാം. കൂടാതെ ഇരപിടിയന്മാരെ ആശയക്കുഴപ്പം ഉണ്ടാക്കി പേടിപ്പിക്കാൻ കടന്നലുകളുടേതുപോലുള്ള ചില മഞ്ഞ വരകളും ചിലരുടെ ശരീരത്തിൽ ഉണ്ടാകും. തേനീച്ചകൾക്ക് രണ്ട് ജോഡി ചിറകുകൾ ഉള്ളപ്പോൾ ഹോവർ ഫ്ലൈകൾക്ക് ഒരു ജോഡി ചിറക് മാത്രമേ ഉണ്ടാകുകയുള്ളു. തേനീച്ചകളുടേതുപോലെ ഉരസിനും ഉദരത്തിനും ഇടയിൽ ശരീരത്തിന് ഇറുങ്ങിയ അരക്കെട്ട് രൂപവും ഇവർക്ക് ഇല്ല. ആൺ ഹോവർ ഫ്ലൈകൾ ജീവിതകാലം മുഴുവനും ഒരു പ്രത്യേക പ്രദേശം വിടാതെ അവിടെ തന്നെ കഴിയുകയാണ് ചെയ്യുക. സ്വന്തം ടെറിട്ടറിയിലേക്ക് വരുന്ന മറ്റ് ഈച്ചകളേയും ശലഭങ്ങളേയും കടന്നലുകളേയും ഒക്കെ ആക്രമിച്ച് ഓടിക്കാൻ ഇവർ ശ്രമിച്ച് കൊണ്ടിരിക്കും.
ഹോവർ ഫ്ലൈകൾ ഡ്രോണുകളെപ്പോലെ പൂക്കളുടെ അരികിൽ തേനുണ്ണാനും, പൂമ്പൊടികൾ കഴിക്കാനും വായുവിൽ ചിറകടിച്ച് നിൽക്കാൻ കഴിയുന്നവയാണ്. അതുകൊണ്ട് ഇവയെ ഡ്രോണീച്ചകൾ എന്നും വിളിക്കുന്നത്. Syrphidae കുടുംബത്തിൽ പെട്ട ഈച്ചയായ എരിസ്റ്റാലിസ് ടെനക്സ് ആണ് വളരെ സാധാരണമായി പലയിടങ്ങളിലും എലിവാലൻ പുഴുക്കളുടെ അമ്മമാരായി കാണുന്ന ഇനം.
മുട്ടവിരിഞ്ഞിറങ്ങുന്ന ലാർവകൾ രണ്ട് മൂന്ന് സെന്റീമീറ്ററിനടുത്ത് മാത്രമേ നീളമുണ്ടാകുകയുള്ളുവെങ്കിലും ഇവയുടെ വാല് അതിന്റെ എത്രയോ ഇരട്ടി നീളമുണ്ടാകും. ചിലപ്പോൾ അത് പത്ത് പതിനഞ്ച് സെന്റീമീറ്റർ വരെ നീളം വെച്ചേക്കും. കൂടിയ അളവിൽ, അടുക്കള മാലിന്യ വെള്ളം കെട്ടിക്കിടക്കുന്ന, ജൈവാംശമുള്ള, ഓക്സിജൻ അളവ് കുറവുള്ള അഴുക്ക് വെള്ളത്തിലും സോക്കേജ് പിറ്റുകളിലെ വെള്ളത്തിലും അൽപ്പം നീണ്ട രൂപമുള്ള പശപ്പറ്റുള്ള മുട്ടകൾ ഇവർ ഇട്ട് കൂട്ടും. ഈ ലാർവകൾ വെള്ളത്തിലെ ബാക്ടീരിയകളേയും മറ്റും ഭക്ഷണമാക്കി നമ്മെ സഹായിക്കുന്നുണ്ട്. ലാർവകൾ കുറച്ച് ദിവസം കൊണ്ട് വളർന്ന് പ്യൂപ്പയാകാൻ റെഡിയാകും. കരയിൽ കയറി പ്യൂപ്പാവസ്ഥയിൽ കിടക്കും.
ലാർവകളേപ്പോലെ നീളൻ സിലിണ്ടർ രൂപ ശരീരം തന്നെയാണ് പ്യൂപ്പയാകുമ്പോഴും ഉണ്ടാവുക. ബ്രൗൺ നിറവും ഉറപ്പും കടുപ്പവും കൂടെ ഉണ്ടാകും. വാൽ അതുപോലെ കാണും. പക്ഷെ ഒരു പ്രത്യേക തരത്തിൽ അഗ്രം മടങ്ങിക്കിടക്കുന്നുണ്ടാകും. തലകഴിഞ്ഞ ഭാഗത്ത് രണ്ട് കുഞ്ഞ് കൊമ്പുകൾ പോലുള്ള സംവിധാനം കൂടി ഉണ്ടാകും.
ചിലപ്പോഴൊക്കെ അപൂർവ്വമായി ഇത്തരം പുഴുക്കൾ അബദ്ധത്തിൽ മനുഷ്യരുടെ കുടലിലും എത്താറുണ്ട്. വളരെ ഗാഢമായ അഴുക്ക് വെള്ളത്തിൽ അതിജീവിക്കാനുള്ള അനുകൂലനങ്ങൾ പരിണാമഘട്ടങ്ങളിൽ ആർജ്ജിച്ചതിനാലാവാം മനുഷ്യരുടെ ആമാശയത്തിലെ ദഹനരസങ്ങളിലും ആസിഡിലും ഒന്നും ഇവയുടെ ലാർവകൾ ചത്ത് പോകാത്തത്. ഇത്തരം അവസ്ഥയ്ക്ക് Myiasis എന്നാണ് പറയുക. പ്രകടമായ ലക്ഷണങ്ങൾ ഒന്നും ചിലർക്ക് കാണിക്കാറില്ലെങ്കിലും , വയറുവേദന, ഓക്കാനം, ശർദ്ധി, മലദ്വാരത്തിൽ ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ ചിലർക്ക് ഉണ്ടാകും. ശുചിത്വക്കുറവിലൂടെ, ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്നതാവാം ഇവ. ആഫ്രിക്കയിൽ നിരവധി വർഷങ്ങൾ ഗവേഷണം നടത്തിയിരുന്ന ജർമൻ എന്റമോളജിസ്റ്റായ Fritz Konrad Ernst Zumpt വേറൊരു സാദ്ധ്യതകൂടി പറയുന്നുണ്ട്. വെളിയിടങ്ങളിൽ മലവിസർജ്ജനം ചെയ്യുമ്പോൾ മലത്തിന്റെ ആകർഷണത്താൽ എത്തുന്ന ഡ്രോണീച്ചകൾ മലത്തിലും ചിലപ്പോൾ മലദ്വാരത്തിലും മുട്ടയിടും. അവിടെ നിന്നും അവ മലാശയത്തിൽ എത്തി വിരിഞ്ഞ് മലം തിന്ന് വളരും. ശ്വാസം കഴിക്കേണ്ട എലിവാൽ മനുഷ്യരുടെ മലദ്വാരത്തിന് പുറത്തേക്ക് നീട്ടിയിട്ട് സുഖിച്ച് ജീവിക്കുകയും ചെയ്യുന്നതാവാം.
കെട്ടിക്കിടക്കുന്ന വെള്ളത്തിന് പകരം മനുഷ്യരുടെ ഉള്ളിലെ മലവെള്ളം എന്ന് മാത്രം! ശ്വാസമുട്ടാതെ സഹായിക്കാൻ എലിവാൽ കുഴലുള്ളപ്പോൾ – കുഴിയായാലെന്ത് കുടലായാലെന്ത്!
അനുബന്ധ ലേഖനം
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
വിജയകുമാർ ബ്ലാത്തൂരിന്റെ ലേഖനങ്ങൾ ഉൾപ്പെടുത്തി ലൂക്ക തയ്യാറാക്കിയ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം എന്ന ഇന്ററാക്ടീവ് ലൂക്ക സ്വന്തമാക്കാം. ഓരോ ജീവിയിലും തൊട്ട് വായിക്കാം.