1984 ഏപ്രിൽ 3, ഡൽഹിയിലെ ദൂരദർശൻ സ്റ്റുഡിയോയിൽ നിന്നുകൊണ്ട് ഇന്ത്യയുടെ അപ്പോഴത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, സല്യൂട്ട് 7 എന്ന റഷ്യൻ ബഹിരാകാശനിലയത്തിലുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമയുമായി സംസാരിക്കുന്നു.
ഇന്ദിരാ ഗാന്ധി: സ്ക്വഡ്രന്റ് ലീഡർ രാകേഷ് ശർമ, രാജ്യം മുഴുവനും നിങ്ങളെ ശ്രദ്ധിക്കുകയാണ്. ഇത് ഒരു ഐതിഹാസിക ചുവടുവെപ്പാണ്. ഈ ഒരു പ്രവർത്തനത്തിലൂടെ ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ നമ്മുടെ രാജ്യത്തിന് സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തങ്ങളോടെനിക്ക് ഒരുപാട് ചോദ്യങ്ങൾ ചോദിക്കണമെന്നുണ്ട്, എന്നിരുന്നാലും കുറച്ച് മാത്രമേ ചോദിക്കുന്നുള്ളൂ.
“മുകളിൽ നിന്ന് നോക്കുമ്പോൾ ഇന്ത്യ എങ്ങനെ ആണ് താങ്കൾക്ക് കാണാൻ കഴിയുന്നത്?”
രാകേഷ് ശർമ: ഒരുമടിയുമില്ലാതെ എനിക്ക് പറയാൻ കഴിയും, “സാരേ ജഹാം സേ അച്ഛാ (മറ്റേത് പ്രദേശത്തേക്കാളും മികച്ചത്)”.
ദൂരദർശൻ ടി.വി ചാനൽ വഴിയും റേഡിയോയിൽ ആകാശവാണി വഴിയും ഒരുപാട് ഇന്ത്യക്കാരെ അഭിമാനത്താൽ സന്തോഷിപ്പിച്ച ഒരു നിമിഷമായിരുന്നു അത്. ബഹിരാകാശത്തെത്തിയ പ്രഥമ ഇന്ത്യക്കാരനും, ഏക ഇന്ത്യക്കാരനും ആണ് രാകേഷ് ശർമ. 1984 ലെ ഈ ചരിത്ര ചരിത്ര സംഭവത്തെക്കുറിച്ച് കൂടുതൽ വായിക്കാം.
ഇന്റർകോസ്മോസ്
സമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങൾവെച്ച് നോക്കുമ്പോൾ 1980-കളിൽ സ്വന്തമായി ഒരു പേടകം ബഹിരാകാശത്തേക്ക് അയക്കുവാൻ മാത്രം ശക്തമായിരുന്നില്ല ഇന്ത്യ. എന്നാൽ 1969 ൽ ഐ.എസ്.ആർ.ഒ രൂപീകരിച്ചത് മുതൽ ബഹിരാകാശ പ്രവർത്തങ്ങളിൽ ഇന്ത്യ പല ലോകരാജ്യങ്ങളുടെയും സഹായത്താലും മറ്റും ചെറിയ ചുവടുവെപ്പുകൾ നടത്തിയിരുന്നു.
1967 ൽ ആണ് സോവിയറ്റ് യൂണിയൻ അഥവാ യു.എസ്.എസ്.ആർ ഇന്റർകോസ്മോസ് എന്ന പേരിൽ ഒരു വ്യത്യസ്ത ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചത്. ആ കാലത്ത് സോവിയറ്റ് യൂണിയനുമായി സൗഹൃദത്തിലുള്ള രഷ്ട്രങ്ങളെ അവരുടെ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങളിൽ സഹായിക്കുക എന്നതായിരുന്നു ഈ പദ്ധതി.
തുടക്കത്തിൽ തങ്ങളുടെ കൃത്രിമോപഗ്രഹ സാങ്കേതികവിദ്യ മറ്റു രാജ്യങ്ങൾക്ക് നൽകിയാണ് സോവിയറ്റ് യൂണിയൻ ഈ പദ്ധതി ആരംഭിച്ചതെങ്കിലും, പിന്നീട് ഇന്റർകോസ്മോസ് പദ്ധതി മനുഷ്യരെ വഹിച്ചുകൊണ്ട് ബഹിരാകാശത്തേക്ക് പോകുന്ന പദ്ധതിയായി മാറുകയാണുണ്ടായത്. 1978 നും 1988 നും ഇടയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 14 കോസ്മോനാട്ടുകളെ (അമേരിക്കൻ ബഹിരാകാശസഞ്ചാരിയെ ആസ്ട്രോനോട്ട് എന്നും റഷ്യൻ ബഹിരാകാശസഞ്ചാരിയെ കോസ്മോനവ്ട്ട് എന്നും വിളിക്കുന്നു) ഈ പദ്ധതിപ്രകാരം ബഹിരാകാശത്ത് എത്തിക്കാൻ സോവിയറ്റ് യൂണിയന് സാധിച്ചു.
1978 ൽ വ്ളാഡിമർ റമെക് (Vladimír Remek )എന്ന ചെക്കൊസ്ലൊവാക്യൻ ബഹിരാകാശസഞ്ചാരിയാണ് ഇന്റർകോസ്മോസ് പദ്ധതിയിലൂടെ ആദ്യമായി ബഹിരാകാശത്ത് പോയത്. ഇതേ വർഷംതന്നെ സോവിയറ്റ് യൂണിയൻ ഗവണ്മെന്റ് ഇന്ത്യയെ അടുത്ത ബഹിരാകാശ യാത്രയിൽ പങ്കുചേരാനുള്ള ക്ഷണവുമായി സമീപിച്ചിരുന്നെങ്കിലും ഇന്ത്യൻ ഗവണ്മെന്റ് അത് നിരസിക്കുകയാണുണ്ടായത്. ‘മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുക’ എന്ന പദ്ധതി തങ്ങളുടെ ബഹിരാകാശ പദ്ധതി കാഴചപ്പാടുകളിൽ നിന്ന് വ്യത്യസ്തമാണ് എന്നതായിരുന്നു ഇന്ത്യ സോവിയറ്റ് യൂണിയന്റെ ക്ഷണം നിരസിക്കാൻ കാരണമായത്. രാജ്യത്തിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാകുന്ന രീതിയിലുള്ള ബഹിരാകാശ പദ്ധതികൾ ആവിഷ്ക്കരിക്കുക എന്നതായിരുന്നു അക്കാലത്ത് ഇന്ത്യയുടെ ലക്ഷ്യം.
സോവിയറ്റ് യൂണിയനുമായി ചേർന്ന് നടത്തുന്ന ഈ പദ്ധതിയുടെ ഒരു ചിലവും ഇന്ത്യ വഹിക്കേണ്ടതില്ല, ഒപ്പം തന്നെ മനുഷ്യനെ ബഹിരാകാശഗത്ത് എത്തിച്ച രാജ്യങ്ങളിൽ ഒന്ന് എന്നിങ്ങനെ രണ്ട് നേട്ടങ്ങളാണ് ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നത്. പക്ഷെ തങ്ങളുടെ ലക്ഷ്യങ്ങൾ വേറെയാണ് എന്ന കാരണത്താൽ ഇന്ത്യ ഇതൊന്നും കാര്യമാക്കിയില്ല.
എന്നാൽ, 1980-ൽ സോവിയറ്റ് യൂണിയൻ ഗവൺമെന്റ് വീണ്ടും ഈ ക്ഷണവുമായി ഇന്ത്യയെ സമീപിച്ചു. അപ്പോഴത്തെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ആ ക്ഷണം സ്വീകരിക്കുകയും പ്രഥമ ഇന്ത്യക്കാരനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങാൻ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനോട് (ISRO) ആവശ്യപ്പെടുകയും ചെയ്തു.
രാകേഷ് ശർമ്മ
ബഹിരാകാശ യാത്രയ്ക്കായ് ഇന്ത്യ സോവിയറ്റ് യൂണിയനുമായി സഹകരിക്കാൻ തീരുമാനിച്ചു. ഇനിയുള്ള കടമ്പയെന്തെന്നാൽ ‘ആരെ ബഹിരാകാശത്തേക്ക് അയക്കും’ എന്നതാണ്. എഴുപത്തിയഞ്ച് കോടിയോളം വരുന്ന ഇന്ത്യക്കാരിൽ ഒരാളെ അതിനായ് കണ്ടെത്തുക എന്നത് ബഹിരാകശ യാത്രകളെ കുറിച്ച് കാര്യമായി ചിന്തിച്ചിട്ടപോലുമില്ലാത്ത ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായിരുന്നു. അതേ സമയം, ബഹിരാകാശ യാത്രികനെ തേടിയുള്ള തിരക്കിട്ട അന്വേഷണങ്ങൾ തുടങ്ങുമ്പോൾ തന്നെ “തങ്ങൾക്ക് ഇതിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിക്കില്ല” എന്ന വിവരം സ്‌പേസ് ഡിപ്പാർട്ടമെന്റ് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
കോസ്മോനോട്ടുകളെ പരിശീലിപ്പിക്കാനോ അവർക്ക് വേണ്ട സാങ്കേതിക സഹായം ചെയ്യാനോ മാത്രം കഴിവുള്ള ഒരു പരിശീലന കേന്ദ്രം 1980 ൽ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല എന്നത് ഒരു പ്രധാന പ്രശ്നമായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ കാലത്ത് ആകാശയാത്ര നടത്തി പരിചയമുള്ള ഏക വിഭാഗം ഇന്ത്യൻ വായു സേന (ഇന്ത്യൻ എയർഫോഴ്സ്) ആയിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രയ്ക്കായുള്ള വ്യക്തിയെ വായു സേനയിൽ നിന്ന് കണ്ടെത്താൻ ഇന്ത്യൻ ഗവണ്മെന്റ് തീരുമാനിച്ചു. ഈ പദ്ധതിയ്ക്ക് വേണ്ട എല്ലാ വിധകാര്യങ്ങളും നിയന്ത്രിക്കാൻ ISRO യുടെ അക്കാലത്തെ മേധാവിയായിരുന്ന സതീഷ് ധവാനെ പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തുകയും ചെയ്തു.
വർഷം 1982.! ബാംഗ്ലൂരിലെ ഇന്ത്യൻ എയർഫോഴ്സ് ക്യാമ്പിൽ ഇന്ത്യ ബഹിരാകാശ യാത്രയ്ക്കായി എയർഫോഴ്സ് അംഗങ്ങളിൽ നിന്ന് ആൾക്കാരെ തേടുന്നു എന്ന വാർത്തയറിഞ്ഞ് പലരും സ്വയം മുന്നോട്ട് വരുന്നു. അങ്ങനെ വിവിധ കാര്യങ്ങൾ പരിശോധിച്ചും മറ്റും ബഹിരാകാശ യാത്രയ്ക്കായ് 30 പേരടങ്ങുന്ന ഒരു ലിസ്റ്റ് എയർഫോഴ്സ് വിഭാഗം സ്‌പേസ് ഡിപ്പാർട്ടമെന്റിനും പ്രധാനമന്ത്രിയുടെ ഓഫീസിനും അയച്ചു. ശാരീരിക ക്ഷമത, മാനശാസ്ത്രപരമായ പരിശോധന, ആരോഗ്യ പരിശോധന എന്നിവയെല്ലാം നടത്തി ഒടുവിൽ നാല് പേരെ ഈ ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുകയും പരിശീലനത്തിനും മറ്റ് കൂടുതൽ പരിശോധനകൾക്കുമായ് ഇവരെ സോവിയറ്റ് യൂണിയനിലെ മോസ്കോയിലേക്ക് അയക്കാനും ധാരണയായി.
മോസ്‌കോയിൽ നടന്ന പല പരിശീലനങ്ങൾക്കും വിവിധ പരീക്ഷകൾക്കുമൊടുവിൽ നാല് പേരിൽ നിന്ന് രാകേഷ് ശർമ്മ, രവീഷ് മൽഹോത്ര എന്നീ രണ്ട് വ്യക്തികളെ അവസാനഘട്ട പരിശീലനത്തിനായി തെരഞ്ഞെടുത്തത്ത വിവരം സോവിയറ്റ് ബഹിരാകാശ വിഭാഗം ഇന്ത്യാ ഗവൺമെന്റിനെ അറിയിച്ചു.
ഇവർ രണ്ടുപേർക്കും ഇനിയുള്ള പരിശീലനം നടക്കുക സോവിയറ്റ് യൂണിയനിലെ സ്റ്റാർ സിറ്റി എന്ന പ്രദേശത്തു സ്ഥിതിചെയ്യുന്ന പരിശീലന കേന്ദ്രത്തിലാണ്. ഭൂഗുരുത്വമില്ലാത്ത (Zero Gravity) അവസ്ഥയിൽ കാര്യങ്ങൾ ചെയ്യാനുള്ള പരിശീലനം, ഉയരത്തിന് നിന്ന് കടലിൽ വീഴുമ്പോൾ ചെയ്യേണ്ടകാര്യങ്ങളെക്കുറിച്ചുള്ള പരിശീലനം, ഭക്ഷണ കാര്യങ്ങളിൽ വരുത്തേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ച്, റഷ്യൻ ഭാഷ പരിജ്ഞാനം, ബഹിരാകാശ ശാസ്ത്രത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ കാര്യങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ കഠിനമായ പരിശീലനമായിരുന്നു പിനീടുള്ള നാളുകളിൽ. പരിശീലനം അതിന്റെ അവസാന നാളുകളിലേക്ക് അടുക്കുമ്പോൾ 1984 ഏപ്രിൽ മാസം ഈ ദൗത്യം നടത്താമെന്ന രീതിയിൽ ഇന്ത്യൻ-സോവിയറ്റ് ഗവൺമെന്റുകൾ സംയുക്തമായി ബഹിരാകാശ ദൗത്യത്തിനായുള്ള സമയം പ്രഖ്യാപിച്ചു.
സോവിയറ്റ് യൂണിയനുമായുള്ള കരാർ പ്രകാരം ഒരു ഇന്ത്യൻ വംശജനെയാണ് ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാക്കുന്നത്. അവസാന ഘട്ടത്തിൽ ഏതെങ്കിലും പ്രശ്നങ്ങളാൽ ഒരു വ്യക്തിക്ക് മാറിനിൽക്കേണ്ടി വന്നാൽ പദ്ധതി മുടങ്ങരുത് എന്ന കാരണത്താലാണ് രണ്ടുപേർക്ക് പരിശീലനം നൽകിയത്. ഇനിയുള്ള വെല്ലുവിളിയെന്തെന്നാൽ രാകേഷ് ശർമ്മ, രവീഷ് മൽഹോത്ര എന്നിവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുക എന്നതാണ്.
പരിശീനം പൂർത്തിയാക്കിയ ഇവർ രണ്ടു പേരുടേയും വിവരങ്ങൾ സോവിയറ്റ് സ്‌പേസ് ഏജൻസി ഇന്ത്യാ ഗവൺമെന്റിന് അയച്ചു. രാകേഷ് ശർമ്മയെ പ്രഥമ ബഹിരാകാശ പദ്ധതിക്ക് തിരഞ്ഞെടുത്തതുകൊണ്ടുള്ള അറിയിപ്പായിരുന്നു ഇന്ത്യ ഗവണ്മെന്റിന്റെ മറുപടി . “തനിക്ക് നിരാശയുണ്ട്. എന്നാൽ ഇതിന്റെ പിന്നിലുള്ള കാരണം അറിയില്ല എന്നും; അത് എന്ത് തന്നെ ആയാലും താൻ കാര്യമാക്കുന്നുമില്ല” എന്നാണ് രവീഷ് മൽഹോത്ര ഇതിനോട് പ്രതികരിച്ചത്.
“അവർ രണ്ടുപേരും പരസ്പരം മത്സരബുദ്ധിയോടെ പരിശീലന ദിവസങ്ങളിൽ അധ്വാനിച്ചവരാണ്. എല്ലായിപ്പോഴും അവർ പരസ്പരം സഹായിച്ചു. പരിശീലന സമയത്തിന്റെ അവസാന ദിവസങ്ങളിലാണ് രാകേഷ് ശർമയെ തിരഞ്ഞെടുത്തതുകൊണ്ടുള്ള അറിയിപ്പ് ഞങ്ങൾക്ക് ലഭിക്കുന്നത്. എന്നാൽ, അതൊന്നും കാര്യമാക്കാതെ രവീഷ് രാകേഷിനെ കൂടുതൽ സഹായിക്കുന്നതാണ് ഞാൻ കണ്ടത്.” സ്റ്റാർ സിറ്റിയിലെ പരിശീലന കേന്ദ്രം മേധാവിയായിരുന്ന ജനറൽ ജോർജി ബെർഗോവിയുടെ (General Georgi Beregovoi) വാക്കുകളാണിത്.
സോയുസ് ടി-11
1984 ഏപ്രിൽ 3. സോവിയറ്റ് സമയം വൈകുന്നേരം 6.30 നാണ് (ഇന്ത്യൻ സമയം രാത്രി 9 മണി) വിക്ഷേപണ സമയം തീരുമാനിച്ചത്. സമയം വൈകുന്നേരമാവുമ്പോഴേക്കും വിക്ഷേപണത്തറിലേക്ക് ബഹിരാകാശ വാഹനം എത്തിച്ചു. സോയുസ് ടി-11 (Soyuz T-11) എന്ന ബഹിരാകാശ വാഹനമാണ് പ്രഥമ ഇന്ത്യക്കാരനെയും വഹിച്ചുകൊണ്ട് ബഹിരാകാശത്തേക്ക് പോകാൻ തയ്യാറായി നിൽക്കുന്നത്. മുൻകൂട്ടി നിഴ്ചയിച്ച സമയമാകുമ്പോൾതന്നെ രാകേഷ് ശർമ, യൂറി മൽഷെവ് (Yuri Malyshev) , ഗെന്നടി സ്‌ട്രെകാലോവ് (Gennady Strekalov) എന്നീ ബഹിരാകാശ യാത്രികർ സോയുസ് ടി-11 ന്റെയുള്ളിൽ അവരവരുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. രവീഷ് മൽഹോത്ര കൺട്രോൾ റൂമിൽ നിന്നുകൊണ്ട് രാകേഷ് ശർമ്മയ്ക്ക് മാനസിക ധൈര്യം പകരാനും ഒപ്പം വേണ്ട മറ്റെല്ലാ സഹായത്തിനായും തയ്യാറായി. ആയിരക്കണക്കിന് ഇന്ത്യക്കാർ ദൂരദർശൻ ചാനലിനുമുന്നിൽ ഈ അഭിമാന നിമിഷം കാണാൻ കാത്തിരിക്കുന്നു. വിക്ഷേപണത്തിനുള്ള സമയം എണ്ണിത്തുടങ്ങി..10-9-8-7-6-5-4-3-2-1-0 ! സോവിയറ്റ് സമയം വൈകുന്നേരം 6.38 ന് രാകേഷ് ശർമ്മയുൾപ്പെടുന്ന 3 ബഹിരാകാശ യാത്രികരെയും ഒപ്പം കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങളെയും വഹിച്ചുകൊണ്ട് സോയുസ് ടി-11 ബഹിരാകാശത്തേക്ക് കുതിച്ചുയർന്നു.
സല്യൂട്ട് 7 എന്ന റഷ്യൻ ബഹിരാകാശനിലയത്തിലേയ്ക്കായിരുന്നു സോയുസ് ടി-11 ന്റെ യാത്ര. സല്യൂട്ട് -7 ബഹിരാകാശ നിലയത്തിൽ 7 ദിവസം 21 മണിക്കൂർ 40 മിനുട്ട് രാകേഷ് ശർമ്മ ചിലവഴിച്ചു. ഈ ദിവസങ്ങളിൽ പ്രത്യേക മൾട്ടി-സ്പെക്ട്രൽ ക്യാമറ ഉപയോഗിച്ച് അദ്ദേഹം പകർത്തിയ ഇന്ത്യയുടെ ചിത്രങ്ങൾ പിന്നീട് പ്രകൃതി വിഭവങ്ങളെപറ്റിയുള്ള പല പഠനങ്ങൾക്കും സഹായമായിരുന്നു. ബയോ മെഡിസിൻ, റിമോട്ട് സെൻസിംഗ് എന്നിവ ഉൾപ്പെടെ 43 പരീക്ഷണാത്മക സെഷനുകളും, ശാസ്ത്രീയവും സാങ്കേതികവുമായ വിവിധ പഠനങ്ങൾളും ഈ ദൗത്യത്തിന്റെ ഭാഗമായി നടത്തുകയുണ്ടായി. ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുമായി ആദ്ദേഹം നടത്തിയ സംഭാഷണത്തിലെ “സാരേ ജഹാം സേ അച്ഛാ“ എന്ന വാക്യം വളരെ പ്രശസ്തിനേടിയിരുന്നു.
ശൂന്യാകാശത്തിലെത്തുന്ന ലോകത്തിലെ 138-മത്തെ സഞ്ചാരിയായിരുന്നു രാകേഷ് ശർമ്മ. ഇന്ത്യ ‘അശോകചക്രം’ ബഹുമതി നൽകി 1985 ൽ അദ്ദേഹത്തെ ആദരിച്ചു.
വീഡിയോ കാണാം