റഡോൺ മൂലകത്തെ പരിചയപ്പെടാം
വൈകാരിക സംഘട്ടനങ്ങളും അഭിപ്രായ ഭിന്നതകളും വിവാദങ്ങളും എല്ലാം നിറഞ്ഞതാണ് പല മൂലകങ്ങളുടെയും അണിയറ കഥകൾ. സംഭവബഹുലമായ കണ്ടെത്തലും നാമകരണ പ്രക്രിയയും കൊണ്ട് സമ്പന്നമാണ് റഡോൺ എന്ന മൂലകത്തിന്റെ ഉൽഭവം. 85അറ്റോമിക സംഖ്യയുള്ള ഈ മൂലകം ആവർത്തന പട്ടികയിൽ പതിനെട്ടാമത്തെ ഗ്രൂപ്പിൽ അലസവാതകങ്ങൾക്കൊപ്പം ആണ് സ്ഥിതി ചെയ്യുന്നത്. അലസൻ ആണെങ്കിലും മനുഷ്യജീവന് നിരന്തരം ഭീഷണി ഉയർത്താൻ കഴിവുള്ള മൂലകം ആണിത്.
ഏതാണ്ട് അര ഡസനോളം ഗവേഷകരുടെ പങ്കാളിത്തം ഉണ്ട് ഈ മൂലകത്തിന്റെ കണ്ടുപിടിത്തത്തിൽ. 1899 ൽ ക്യൂറി ദമ്പതികൾ റേഡിയം മൂലകത്തിന്റെ ഗവേഷണം നടത്തുന്ന സമയം റേഡിയത്തിന്റെ റേഡിയോ ആക്ടിവതയിൽ നിന്നും വിഭിന്നമായ ആക്ടീവതയുള്ള ഒരുതരം ഉദ്‌വമനം (എമിനേഷൻ-വാതക വിസർജനം) നടക്കുന്നതായി കണ്ടെത്തുന്നു. ഈ വാതകം ഏതാണ്ട് ഒരു മാസത്തോളം തുടർച്ചയായി റേഡിയോ ആക്ടീവത കാണിക്കുന്നതായും കണ്ടെത്തുന്നു.
ഇതേ വർഷം തന്നെ റുഥർഫോർഡ് , റോബർട്ട് ഓവൻസ് എന്നീ ഗവേഷകർ തോറിയം വീകിരണങ്ങൾ അളക്കുന്ന സമയം, മിനുട്ടുകളോളം റേഡിയോ ആക്ടീവത പ്രദർശിപ്പിക്കുന്ന ഒരു വാതക സാന്നിധ്യം അറിയുന്നു. അവർ ഇതിന് തോറിയം ഉദ്‌വമനം (Th Em) , എന്നു പേരിടുന്നു. 1900 ൽ ഫെഡറിച് ഡോൺ ഇത്തരമൊരു വാതകം റേഡിയം സംയുക്തങ്ങളിൽ നിന്നും ഉണ്ടാകുന്നുണ്ട് എന്ന് അറിയിക്കുന്നു. അതിന് അദ്ദേഹം റേഡിയം ഉദ്‌വമനം ( Ra Em – Radium emanation) എന്ന പേർ നൽകുന്നു. അടുത്തവർഷം തന്നെ റുഥർഫോർഡും ഹാരിയറ്റ് ബ്രൂക്സും ചേർന്ന് ഇത്തരം വാതകത്തിന്റെ റേഡിയോ ആക്ടിവത ഉറപ്പിക്കുകയും ഇതിന്റെ കണ്ടുപിടിത്തത്തിന് ക്യൂറി ദമ്പതികൾക്കാണ് അവകാശം എന്നും അഭിപ്രായപ്പെടുന്നു. 1903 ൽ ആക്ടീനിയം മൂലകത്തിൽ നിന്നും ഇത്തരം ഉദ്‌വമനം ഉണ്ടാകുന്നതായി ആൻഡ് ലൂയിസ് ദ ബിയോൺ കണ്ടെത്തുന്നു. 1904 ൽ ഈ റേഡിയോ ആക്ടീവ് ഉദ്‌വമനങ്ങൾക്ക് യഥാക്രമം എക്സ് റേഡിയോ, എക്സ് ടോറിയോ, എക്സ് ആക്ടിനോ എന്നീ പേരുകൾ നൽകപ്പെടുന്നു. ഏതാണ്ട് ഈ വർഷം തന്നെ ഈ ഉദ്വമനങ്ങളിൽ ഒരു മൂലകം ഒളിച്ചിരിക്കുന്നതായി വില്യം റാംസെ അഭിപ്രായപ്പെടുകയും ചെയ്തു. അഞ്ചുവർഷത്തിനുശേഷം റാംസയും റോബർട്ട് വൈറ്റില ഗ്രെയും ചേർന്ന് ഈ മൂലകം വേർതിരിക്കുകയും അതിന്റെ ദ്രവണാംഗം നിർണയിക്കുകയും ചെയ്യുന്നു. റേഡിയം ഉദ്വമനത്തിന് നിടോൺ എന്ന പേരും ഈ ഇടയ്ക്ക് ലഭിക്കുന്നു.
1923 ൽ IUPAC ആണ് റഡോൺ എന്ന പേര് നിശ്ചയിക്കുന്നത്. മൂലകത്തിന്റെ സ്ഥിരമായ ഐസോടോപ്പിന് (മാസ് 222) റഡോൺ എന്നും 219,220 മാസുകളുള്ള ഐസോടോപ്പുകൾക്ക് യഥാക്രമം ആക്ടിനോൺ, ടോറോൺ എന്ന പേരുകളും നിശ്ചയിക്കുന്നു. ഇത് രസതന്ത്ര മേഖലയിൽ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചത്. 1900 ൽ ഡോൺ കണ്ടെത്തിയത് റെഡോൺ മൂലകം അല്ല മറിച്ച് അതിൻറെ ഒരു ഐസോടോപ്പ് മാത്രമാണ് എന്ന് തെളിയുന്നു. ഇന്നും റെഡോൺ എന്ന നാമം കൊണ്ട് ഉദ്ദേശിക്കുന്നത് അതിൻറെ സ്ഥിരമായ ഐസോടോപ്പിനെയാണ്.
അന്തരീക്ഷത്തിലും ഗൃഹാന്തർഭാഗങ്ങളിലും പ്രകടമാകുന്ന റെഡോൺ സാന്നിധ്യം 1970 മുതൽ പഠനവിധേയമാണ്. ഭൂമിയിലുള്ള യുറേനിയം ലവണങ്ങൾ, ഫോസ്ഫേറ്റ് പാറകൾ, ഗ്രാനൈറ്റ് എന്നിവയിൽ കാണുന്ന റേഡിയം 226 ഐസോടോപ്പുകളിൽ നിന്നാണ് റഡോൺ പുറത്ത് കടക്കുന്നത്. ചുണ്ണാമ്പ് കല്ലിൽ നിന്നു പോലും ചെറിയതോതിൽ റെഡോൺ വിസർജനം സാധ്യമാണ്. പ്രതിവർഷം 2.4 ബില്യൺ യൂണിറ്റ് റഡോൺ ഭൂമിയിൽ നിന്ന് വിസർജിക്കപ്പെടുന്നു എന്നാണ് കണക്ക്. ഖനികളിലും, ഗുഹകളിലും, ഭൂഗർഭ ജലസ്രോതസ്സുകളിലും റെഡോൺ സാന്നിധ്യം കൂടുതലായിരിക്കും. എന്നാൽ സമുദ്രോപരിത വായുവിൽ ഇതിൻറെ അളവ് താരതമ്യേന കുറവായിരിക്കും. അന്തരീക്ഷത്തിലെ റെഡോൺ സാന്നിധ്യം അളക്കുന്നത് ബേക്കുറൽ പെർ ക്യൂബിക് മീറ്റർ എന്ന യൂണിറ്റിലാണ്. തുറന്ന അന്തരീക്ഷത്തിൽ ഒന്നുമുതൽ നൂറു വരെ യൂണിറ്റ് സാന്നിധ്യം ഉണ്ടാകാം. ഖനികളിലും ഭൂഗർഭ അറകളിലും വേണ്ടത്ര ജനവാതിലു കൾ ഇല്ലാത്ത കെട്ടിടങ്ങളിലും 20 മുതൽ 2000 യൂണിറ്റ് വരെ റഡോൺ സാന്നിധ്യം ഉണ്ടാകാം.
ഖനി ജീവനക്കാരിൽ കണ്ടുവരുന്ന പാരാസെൽസ് എന്ന രോഗം റഡോൺ സമ്പർക്കം മൂലം ആണ് എന്ന് തെളിഞ്ഞിട്ടുണ്ട്. ഭൂപ്രകൃതിയനുസരിച്ച് വിവിധ പ്രദേശങ്ങളിൽ വിവിധ തോതിൽ ആയിരിക്കും റഡോൺ സാന്നിധ്യം അനുഭവപ്പെടുക. റെഡോൺശ്വസനം പുകവലി പോലെ തന്നെ ശ്വാസകോശാർബുദത്തിന് കാരണമാകുന്നു. 21000 ശ്വാസകോശ രോഗികൾ മരിക്കുമ്പോൾ അതിൽ 2900 പേർ പുകവലിക്കാത്തവരാണ്. അന്തരീക്ഷ മലിനീകരണ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമ്പോഴും, റഡോൺ മൂലകത്തിന്റെ വിധ്വംസക വിക്രിയകൾ നാം കാണാതെ പോകുന്നു.