സീമ ശ്രീലയം
സാർസ്-കോവ്-2 വൈറസിലെ PLpro പ്രോട്ടീനിനെ പ്രതിരോധിക്കുന്ന ഒരു കൂട്ടം തന്മാത്രകളെയാണ് ഡോ. സ്കോട്ട് പെഗാന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ തിരിച്ചറിഞ്ഞിരിക്കുന്നത്.
കോവിഡിനെതിരായ വാക്സിനുകളും ഔഷധങ്ങളുമൊക്കെ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങളും മരുന്നു പരീക്ഷണങ്ങളുമൊക്കെ ത്വരിത ഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് യു.എസ്സിലെ ജോർജിയ യൂണിവേഴ്സിറ്റി ഗവേഷകർ. കോവിഡ് വൈറസ്സ് ആയ സാർസ്-കോവ്-2 വൈറസ്സിലെ PLpro പ്രോട്ടീനിനെ പ്രതിരോധിക്കുന്ന ഒരു കൂട്ടം തന്മാത്രകളെയാണ് ഡോ. സ്കോട്ട് പെഗാന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ തിരിച്ചറിഞ്ഞിരിക്കുന്നത്.

ആതിഥേയ കോശങ്ങളിൽ അതിവേഗം പെരുകാനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി തകർക്കാനുമൊക്കെ വൈറസ്സിനെ സഹായിക്കുന്നത് PLpro പ്രോട്ടീൻ ആണ്. അങ്ങനെയാണെങ്കിൽ ഈ പ്രോട്ടീനുകളെ തുരത്തുന്ന തന്മാത്രകൾ കണ്ടെത്താൻ കഴിഞ്ഞാലോ? ഈ സാധ്യതയുടെ ചുവടു പിടിച്ചായിരുന്നു ജോർജിയ യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞരുടെ ഗവേഷണം. അങ്ങനെയാണ് നാഫ്തലീൻ അധിഷ്ഠിത PLpro ഇൻഹിബിറ്ററുകൾക്ക് ഈ പ്രോട്ടീൻ ബ്ലോക്ക് ചെയ്യാനുള്ള കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത്. അമേരിക്കൻ കെമിക്കൽ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന ഇൻഫെക്ഷ്യസ് ഡിസീസസ് ജേർണലിലാണ് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2002-2003 കാലത്ത് സാർസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ സാർസ് വൈറസ്സിനെ പ്രതിരോധിക്കുന്ന രാസവസ്തുക്കൾ തേടിയുള്ള ഗവേഷണത്തിന്റെ ചുവടുപിടിച്ചാണ് ജോർജിയ സർവ്വകലാശാലാ ഗവേഷകർ പുതിയ ഗവേഷണം തുടങ്ങിയത്. പന്ത്രണ്ട് വർഷം മുമ്പ് സാർസ് വൈറസ്സിനെ പ്രതിരോധിക്കുന്ന ഒരു നിര സംയുക്തങ്ങളെ ഗവേഷകർ തിരിച്ചറിഞ്ഞിരുന്നെങ്കിലും പിന്നീട് സാർസ് വലിയ ഭീഷണിയാവാതിരുന്നതിനാൽ ഈ ഗവേഷണങ്ങൾ അധികം മുന്നോട്ടു പോയില്ല. എന്നാൽ സാർസ് വൈറസ്സിനെപ്പോലെയല്ല കോവിഡ്-19 വൈറസ്സ്. ഇതു കുറെ നാൾ കൂടി മനുഷ്യർക്കൊപ്പം ഉണ്ടാവുമെന്നാണ് പഠനങ്ങൾ നൽകുന്ന സൂചന. അതുകൊണ്ടു തന്നെ കോവിഡിനെ തുരത്താനുള്ള വാക്സിനുകളും ഔഷധങ്ങളും വികസിപ്പിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോൾ നടക്കുന്ന പല പരീക്ഷണങ്ങളിലും കോവിഡ് വൈറസ്സിലെ C3Lpro പ്രോട്ടീനിനെയാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ
PL-pro പ്രോട്ടീനിനെ ലക്ഷ്യം വയ്ക്കുന്ന തന്മാത്രകളുടെ കണ്ടെത്തൽ ഫലപ്രദമായ നൂതന ഔഷധങ്ങളുടെ സാധ്യതയിലേക്ക് വാതിൽ തുറന്നു കഴിഞ്ഞുവെന്ന് ജോർജിയ സർവ്വകലാശാല ഗവേഷകർ അവകാശപ്പെടുന്നു.

ജോർജിയ സർവ്വകലാശാലയിലെ സെന്റർ ഫോർ ഡ്രഗ് ഡിസ്കവറി ഡയറക്റ്റർ ആയ സ്കോട് പെഗാന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ സർവ്വകലാശാലയിലെ വിവിധ പരീക്ഷണ ശാലകളിലെ ഗവേഷകരും ഗവേഷക വിദ്യാർത്ഥികളും പങ്കാളികളായി. പെഗാൻ തന്റെ ലാബിൽ സാർസ് വൈറസ്സിന്റെയും കോവിഡ്-19 വൈറസ്സിന്റെയും PL- pro പ്രോട്ടീൻ ഘടകങ്ങൾ തമ്മിലുള്ള വ്യത്യാസം കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് വിശദമായിത്തന്നെ പഠിച്ചു.ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകർക്കുന്ന കാര്യത്തിൽ സാർസ് വൈറസ്സിന്റെ അത്ര ഭീകരമല്ല കോവിഡ് 19 വൈറസ് എന്ന് പെഗാൻ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് 19 മരണ നിരക്കും സാർസിനെക്കാൾ കുറവാണ്.

ഔഷധ രസതന്ത്രജ്ഞനായ ഡേവിഡ് ക്രിച്ച് PL- pro പ്രോട്ടീൻ ഇൻഹിബിറ്ററുകളുടെ പ്രവർത്തന രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുകയും കൂടുതൽ മെച്ചപ്പെട്ട തന്മാത്രകളുടെ ഡിസൈനിങ്ങിൽ നിർണ്ണായക പങ്കു വഹിക്കുകയും ചെയ്തു. റസ്പിറേറ്ററി വൈറസ് വിദഗ്ദ്ധനായ റാൽഫ് ട്രിപ്പ് നാഫ്തലീൻ അധിഷ്ഠിത ഇൻഹിബിറ്ററുകൾ വൈറസ്സുകളിൽ പരീക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. ഫാർമസ്യൂട്ടിക്കൽ, ബയോമെഡിക്കൽ വിദഗ്ദ്ധനായ ബ്രയാൻ ക്യുമ്മിങ് ആണ് ഈ തന്മാത്രകളുടെ വിഷ സ്വഭാവം സംബന്ധിച്ച പഠനങ്ങൾ നടത്തുകയും ഇത് ശരീരകോശങ്ങൾക്ക് ദോഷകരമല്ലെന്ന് തെളിയിക്കുകയും ചെയ്തത്. സാർസ്-കോവ്-2 വൈറസ്സിന്റെ പ്രവർത്തനത്തിന് അനുപേക്ഷണീയമായ പ്രോട്ടീനെ പ്രതിരോധിക്കുന്ന തന്മാത്രകളുടെ കണ്ടെത്തൽ കോവിഡിനെ തുരത്തുന്ന നൂതന ഔഷധങ്ങളുടെ രംഗപ്രവേശം വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
അധികവായനയ്ക്ക്
- https://news.uga.edu/promising-path-found-covid-19-therapeutics/
- https://pubs.acs.org/doi/10.1021/acsinfecdis.0c00168
അനുബന്ധ ലൂക്ക ലേഖനങ്ങള്‍
- പ്രതീക്ഷ നൽകുന്ന COVID – 19 ഔഷധ പരീക്ഷണങ്ങൾ
- കൊറോണ വൈറസ് – ഘടനയും ജീവചക്രവും
- കോവിഡ്19 – എത്ര വൈറസ് അകത്തു കയറുന്നു എന്നതു പ്രധാനം
- കോവിഡ് വൈറസിന്റെ എണ്ണവും രോഗവ്യാപനവും
- ജലദോഷം മുതൽ ന്യുമോണിയ വരെ – കൊറോണയുടെ വേഷപ്പകർച്ചകൾ
- കോവിഡ് നിയന്ത്രണത്തോടൊപ്പം ഗവേഷണവും കേരളത്തില്‍