
ഡോ. ഹസ്ന ഫാത്തിമ
Postdoctoral Research Associate, Laboratory of Translational Auditory Research,
Department of Communication Sciences and Disorders, Baylor University, Texas, United States

പ്രായമായ ആളുകൾ ഉള്ള വീടുകളിൽ അവരുടെ ഒപ്പം താമസിക്കുന്ന മക്കളുടെയും പേരക്കുട്ടികളുടെയും ഒരു സ്ഥിരം പരാതി ആണ് എത്ര ഉറക്കെ പറഞ്ഞാലും അവർക്ക് കേൾക്കാൻ കഴിയുന്നില്ല എന്നത്.

ഇതിന് പിന്നിലെ ശാസ്ത്രം എന്താണ്?
“അമ്മയ്ക്ക് ചിലതൊക്കെ നന്നായി കേൾക്കാം, അരി തിളയ്ക്കുന്ന ശബ്ദം വരെ കേൾക്കും, എന്നാൽ കാളിങ് ബെല്ലിന്റെ ശബ്ദം കേൾക്കില്ല, ഫോൺ റിങ് ചെയ്‌താൽ കേൾക്കില്ല!”
“പതിയെ പറഞ്ഞാൽ കേൾക്കുന്നില്ല എന്ന് പറഞ്ഞു ബഹളം! എന്നാൽ ഉറക്കെ പറഞ്ഞാൽ ‘ചെവി പൊട്ടുന്ന ഒച്ച’ എന്ന് പറഞ്ഞു ബഹളം!”
ഇതൊക്കെ പ്രായമായവരുടെ കേൾവിക്കുറവുമായി ബന്ധപ്പെട്ട സാധാരണ പരാതികളാണ്. ശരിക്കും എന്താണ് പ്രായമായവരുടെ കേൾവിക്കുറവ് മറ്റുള്ളവരെ കുഴപ്പിക്കാൻ കാരണം?
വാർധക്യ-സഹജമായ കേൾവിക്കുറവിനെ “പ്രെസ്ബൈക്യൂസിസ്” (Presbycusis) എന്ന് വിളിക്കുന്നു. നമ്മുടെ ചെവി എന്നത് പുറം ചെവി, മധ്യചെവി, ഉൾചെവി (കോക്ലിയ), കേൾവി നാഡികൾ, തലച്ചോറ് എന്നിവ ചേർന്ന ഒരു സങ്കീർണ്ണമായ സംവിധാനമാണ്. കോക്ലിയ ഏകദേശം മൂന്നര സെന്റിമീറ്റർ നീളമുള്ള ഒരു ചുരുണ്ട കുഴലാണ്. ഇതിൽ ആയിരക്കണക്കിന് കോശങ്ങൾ ഉണ്ട്, അവ ശബ്ദത്തെ ഇലക്ട്രിക്കൽ സിഗ്നലാക്കി മാറ്റുന്നു. ഈ കോശങ്ങൾ രണ്ട് തരത്തിലാണ്:
- നൃത്തം ചെയ്യുന്ന കോശങ്ങൾ (Outer Hair Cells): ഇവ തീരെ പതുക്കെയുള്ള ശബ്ദങ്ങൾ കേൾക്കാൻ സഹായിക്കുന്നു. പതിഞ്ഞ ശബ്ദതരംഗങ്ങൾ ഇവയിൽ എത്തുമ്പോൾ, ഈ കോശങ്ങൾ സാധാരണയിൽ അധികം പ്രതികരിക്കുന്നു (തുള്ളിച്ചാടുന്നത് പോലെ). ഇവയുടെ പ്രവർത്തനം കാരണം നമുക്ക് രഹസ്യം പറയുന്നതും, ഇലകൾ കാറ്റിൽ ഇളകുന്നതും പോലുള്ള ചെറിയ ശബ്ദങ്ങൾ കേൾക്കാൻ കഴിയും. എന്നാൽ ഈ കോശങ്ങൾ ഉച്ചത്തിലുള്ള ശബ്ദങ്ങളോട് ഇങ്ങനെ പ്രതികരിക്കാറില്ല. മാത്രവുമല്ല, ഉച്ചത്തിലുള്ള ശബ്ദങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു.
- ശബ്ദത്തെ ഇലക്ട്രിക്കൽ സിഗ്നലാക്കി മാറ്റുന്ന കോശങ്ങൾ: ഇവ ശബ്ദതരംഗങ്ങളെ ഇലക്ട്രിക്കൽ തരംഗങ്ങളാക്കി മാറ്റി, കേൾവി നാഡികളിലൂടെ തലച്ചോറിലേക്ക് അയയ്ക്കുന്നു. തലച്ചോറിൽ എത്തിയ ശേഷമാണ് നമ്മൾ ശബ്ദം കേൾക്കുന്നത്.
കോക്ലിയ വെറും മൂന്നര സെന്റിമീറ്റർ നീളമുള്ള ഒരു ചുരുണ്ട കുഴലാണ്. എന്നാൽ ഈ കുഴലിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ, ഭാരം, മുറുക്കം എന്നിവയുടെ തോതിൽ വ്യത്യാസമുണ്ട്. ഈ വ്യത്യാസം കാരണം, കോക്ലിയയെ ആയിരക്കണക്കിന് ചെറിയ ഭാഗങ്ങളായി വിഭജിക്കാം. ഇതിന്റെ ഫലമായി, കോക്ലിയയിൽ എത്തുന്ന ശബ്ദങ്ങൾ അവയുടെ ഫ്രീക്വൻസി (ആവൃത്തി) അനുസരിച്ച് വ്യത്യസ്ത ഭാഗങ്ങളിൽ പ്രോസസ്സ് ചെയ്യപ്പെടുന്നു.
കോക്ലിയയുടെ ഓരോ ഭാഗവും ഒരു പ്രത്യേക ഫ്രീക്വൻസിയുള്ള ശബ്ദത്തിന് പ്രതികരിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നു. കോക്ലിയയെ ഒരു ഫ്രീക്വൻസി മാപ്പ് ആയി കണക്കാക്കാം.
ഉദാഹരണത്തിന്, കോക്ലിയയുടെ ആരംഭത്തിൽ നിന്ന് ഏകദേശം 25 മില്ലിമീറ്റർ മുന്നോട്ടുള്ള ഭാഗം 500 Hz ഫ്രീക്വൻസിയുള്ള ശബ്ദങ്ങളോട് പ്രതികരിക്കുന്നു. ഈ ഭാഗത്തെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ, 500 Hz ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങൾ കേൾക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. എന്നാൽ മറ്റ് ഫ്രീക്വൻസികളിലുള്ള ശബ്ദങ്ങൾ കേൾക്കാൻ കഴിയും.
വാർധക്യ-സഹജമായ കേൾവിക്കുറവ് കോക്ലിയയുടെ ആരംഭത്തിൽ നിന്നും ഏകദേശം പത്തു മില്ലിമീറ്റർ വരെയുള്ള ഛേദങ്ങളെയും അവയിൽ നിന്നും തരംഗങ്ങൾ സ്വീകരിക്കുന്ന നാഡീവ്യൂഹത്തെയും ആണ് പൊതുവെ ബാധിക്കുക. കോക്ലിയയുടെ ഈ ഒരു ഭാഗത്തെ “base” എന്നാണ് വിളിക്കുക. ഉയർന്ന ആവൃത്തി അഥവാ “high frequency” ഉള്ള ശബ്ദങ്ങൾ ആണ് ഈ ഭാഗം പ്രതിനിധീകരിക്കുന്നത്.
അതിനാൽ, പ്രായം ചെന്നവരിലെ കേൾവിക്കുറവുള്ളവരിൽ ഭൂരിഭാഗം പേർക്കും ഇത്തരം ശബ്ദങ്ങൾ കേൾക്കാൻ ആണ് ബുദ്ധിമുട്ട്. അതേ സമയം, അവർക്ക് low frequency അഥവാ താഴ്ന്ന ആവൃത്തിയിൽ ഉള്ള ശബ്ദങ്ങൾ കേൾക്കാൻ കഴിയുകയും ചെയ്യും. ഇവിടെ frequency എന്നത് ശബ്ദത്തിന്റെ തോതുമായി പലപ്പോഴും നമ്മൾ തെറ്റിദ്ധരിക്കാറുണ്ട്. ചെണ്ട കൊട്ടുന്ന ശബ്ദത്തിന്റെ frequency താഴ്ന്ന ഗണത്തിൽ പെടുന്നു, എന്നാൽ അതിന്റെ തോത് വളരെ കൂടുതൽ ആണ്. കാളിങ് ബെല്ലിന്റെ ശബ്ദം, high frequency ആണ്, അതിന്റെ തോത് കൂടുതൽ ആണ്. സ്ത്രീകളുടെ സംസാരം പുരുഷന്മാരേക്കാൾ ഉയർന്ന ഫ്രീക്വൻസി ആണ്. കൈ കൊട്ടുന്ന ഉയർന്ന തോതിലുള്ള ഒരു low ഫ്രീക്വൻസി ശബ്ദം ആണ്.
ഇത് കൊണ്ടാണ് പ്രായമായവരിൽ പലപ്പോഴും ചില ശബ്ദങ്ങൾ കേൾക്കാനും എന്നാൽ ചിലത് അതേ തോതിൽ ഉച്ചത്തിൽ ആയിട്ടും കേൾക്കാൻ കഴിയാതെയും വരുന്നത്. ഇവരിൽ കേൾവിക്കുറവ് ഉണ്ടോ എന്നറിയാൻ ഉയർന്ന ആവൃത്തിയിലെ ശബ്ദങ്ങൾ കൊണ്ട് പരീക്ഷിച്ചാൽ ആണ് മനസിലാവുക. നമ്മൾ പലപ്പോഴും പിന്നിൽ നിന്ന് കൈകൊട്ടി നോക്കുമ്പോൾ ഇവർക്ക് കേൾക്കാമല്ലോ എന്ന് തോന്നുന്നത് അത് കൊണ്ടാണ്.
നമ്മുടെ സംസാരം എന്നത് ഉയർന്നതും താഴ്ന്നതുമായ ആവൃത്തികളിൽ ഉള്ള ശബ്ദങ്ങൾ ചേർന്നതാണ്. സ്വരാക്ഷരങ്ങളിൽ മിക്കവയും താഴ്ന്ന ആവർത്തിയിൽ ഉള്ളവയാണ്. വ്യഞ്ജനാക്ഷരങ്ങളിൽ ചിലത് താഴ്ന്ന ആവൃത്തിയും ചിലത് ഉയർന്ന ആവൃത്തിയും ആണ്. ഉദാഹരണത്തിന് “സ, ഷ, ശ, ഫ” ഇവയൊക്കെ ഉയർന്ന ആവർത്തിയിൽ ഉള്ള ശബ്ദങ്ങൾ ആണ്. ഈ ഉയർന്ന ഫ്രീക്വൻസി ശബ്ദങ്ങൾ സംസാരം മനസ്സിലാക്കാനുള്ള കഴിവിൽ നിർണായക പങ്ക് വഹിക്കുന്നു. അതിനാൽ, ഈ ശബ്ദങ്ങൾ നഷ്ടപ്പെടുന്നത് സംസാരം മനസ്സിലാക്കാനുള്ള കഴിവിനെ ഗണ്യമായി ബാധിക്കുന്നു.
ശബ്ദം കേൾക്കാൻ കഴിയുക എന്നതിന് അതിന്റെ തോത് ഒരു ഘടകം ആണ്. എന്നാൽ ആ ശബ്ദം എന്താണ് എന്ന് മനസിലാക്കണം എങ്കിൽ കോക്ലിയയിൽ ആ ഫ്രീക്വൻസി കൃത്യമായി മാപ്പ് ചെയ്യപ്പെടണം. നമ്മുടെ സംസാരത്തിന്റെ ചില ഭാഗങ്ങൾ വികലമായിട്ട് ആണ് പ്രായമായവരുടെ കോക്ലിയയിൽ മാപ്പ് ചെയ്യപ്പെടുക. അതിനാൽ നമ്മൾ എത്ര ഉറക്കെ പറഞ്ഞാലും ഈ വികലമായ ശകലങ്ങൾ കൂടുതൽ ഒച്ചയിൽ കേൾക്കാം എന്നല്ലാതെ അത് മനസിലാക്കാൻ കഴിയണമെന്നില്ല. മാത്രവുമല്ല, പ്രായമായവരിൽ കേൾവിക്കുറവ് കാരണം ഉണ്ടാവുന്ന ശബ്ദത്തിന്റെ കുറവ് പരിഹരിക്കാൻ മസ്തിഷ്‌കം ചില നഷ്ടപരിഹാര-പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഫലമായി ഉച്ചത്തിൽ ഉള്ള ശബ്ദങ്ങൾ അവർക്ക് അലോസരം ഉണ്ടാക്കുകയും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുകയും ആണ് ചെയ്യുക. കുട്ടികളുടെ ഒച്ചയൊന്നും ഇവർക്ക് സഹിക്കാൻ പറ്റാതെ വരുന്നത് ഇതുകൊണ്ടാണ്. കോക്ലിയയിലെ കോശങ്ങളുടെ കേടുപാടുകൾക്ക് പുറമെ പ്രായമാവുന്നത് കൊണ്ട് തലച്ചോറിൽ ഉണ്ടാവുന്ന പ്രവർത്തന-ക്ഷയം കാരണം ഭാഷ പ്രോസസ്സ് ചെയ്യുന്നതിലും വേഗം കുറയുന്നു. അക്ഷരങ്ങളുടെയും വാക്കുകളുടെയും ക്രമങ്ങളെ തിരിച്ചറിയുകയും അവയെ ഓർമയിൽ നിർത്തുകയും ചെയ്യാനുള്ള ക്ഷമതയും ഭാഷയുടെ പ്രോസസ്സിങ്ങിനു ആവശ്യമാണ്. അതിനാൽ ഓർമക്കുറവും ഈ പ്രശ്നങ്ങളെ വഷളാക്കുന്നു.
പ്രായമായവരുടെ കേൾവിക്കുറവിന്റെ പരിഹാരം ഉറക്കെ പറയുക എന്നത് അല്ല, എന്നാൽ കേടുവന്ന ഫ്രീക്വൻസികളിൽ ഉള്ള തരംഗങ്ങളുടെ മാത്രം ശക്തി കൂട്ടുന്നതും ചുറ്റുപാടും ഉള്ള അനാവശ്യ-ശബ്ദങ്ങളെ കുറയ്ക്കുന്നതും ഇവരുടെ ആയാസം കുറയ്ക്കും. ഡിജിറ്റൽ കേൾവി ഉപകരണങ്ങൾക്ക് (ഡിജിറ്റൽ hearing aids) ഇത്തരത്തിൽ പ്രത്യേക ഫ്രീക്വൻസികളെ മാത്രം ഉയർത്താനും ചുറ്റിനും ഉള്ള മറ്റു ഒച്ചപ്പാടുകളെ കുറയ്ക്കാനും കഴിയും. അതിനാൽ, കേൾവി പരിശോധന നടത്തി ശരിയായ ഉപകരണം തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്.
എന്നാൽ ഇതുമാത്രം പോരാ. അവരോട് ആശയ വിനിമയം നടത്തുന്നവർക്കും ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും:
- അവരോട് സംസാരിക്കുമ്പോൾ ക്ഷമയോടെയും സ്നേഹത്തോടെയും പെരുമാറുക.
- അവരുടെ മുഖത്തേക്ക് നോക്കി സംസാരിക്കുക. ഇത് അവരെ വാക്കുകൾ മനസ്സിലാക്കാൻ സഹായിക്കും.
- വാക്കുകൾ വ്യക്തമായി ഉച്ചരിക്കുക, നിർത്തി നിർത്തി സംസാരിക്കുക.
- പറഞ്ഞത് മനസ്സിലാകുന്നില്ലെങ്കിൽ, അത് തന്നെ ആവർത്തിക്കുന്നതിനു പകരം മറ്റു വാക്കുകൾ ഉപയോഗിച്ച് വീണ്ടും പറയുക.
- വാക്കുകൾ മനസ്സിലാകുന്നില്ലെങ്കിൽ, എഴുതിക്കൊടുക്കുകയോ ആംഗ്യങ്ങൾ ഉപയോഗിക്കുകയോ ചെയ്യാം.
പലപ്പോഴും “അമ്മയോട്/അച്ഛനോട് ഉറക്കെ പറഞ്ഞിട്ടും കാര്യമില്ല” എന്ന് തോന്നി നമ്മൾ പലതും പറയാതെ ഇരിക്കാറുണ്ട്. ഇത് കാരണം, പ്രായമായവർക്ക് വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയാതെ വരുന്നു. ഇത് അവരെ മാനസികമായി ബാധിക്കുകയും ചെയ്യുന്നു. പുതിയ പഠനങ്ങൾ പ്രകാരം, പ്രായമായവരിൽ കണ്ടുവരുന്ന വിഷാദം, ഒറ്റപ്പെടൽ, ഓർമക്കുറവ് എന്നിവയുടെ പിന്നിൽ കേൾവിക്കുറവ് മൂലമുള്ള ആശയവിനിമയപ്രശ്നങ്ങളാണ് ഒരു പ്രധാന കാരണം.
എല്ലാ വർഷവും മാർച്ച് മൂന്നു ലോക കേൾവി ദിനമായി World Health Organization (WHO)ആചരിച്ചു വരുന്നുണ്ട്. ഇത്തവണത്തെ പ്രമേയം “Empower yourself to make ear and hearing care a reality for all” എന്നാണ്.
അതെ, കേൾവിക്കുറവ് ഉള്ളവരുടെ ലോകത്തെ ആയാസരഹിതം ആക്കാൻ നമ്മുടെ മനോഭാവത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അടുത്ത തവണ പ്രായമായ ഒരു വ്യക്തി “ഒന്നും കേൾക്കുന്നില്ല” എന്ന് പരാതി പറയുമ്പോൾ കുറച്ചു കൂടി അവബോധത്തോടെ അവരെ മനസിലാക്കാൻ ശ്രമിക്കാം.
അധിക വായനയ്ക്ക്
