Read Time:19 Minute

Asif

ഡോ. മുഹമ്മദ് ആസിഫ് എം.

വീട്ടുവളപ്പിലെ കോഴി വളര്‍ത്തല്‍ വഴി മുട്ടയുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്ക് വരെ കോഴിമുട്ടകള്‍ കയറ്റി അയച്ചിരുന്ന സമൃദ്ധമായ ഒരു കാർഷിക ഭൂതകാലം കേരളത്തിനുണ്ടായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഇന്ന് ആര്‍ക്കും അത്ഭുതം തോന്നും. അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വരെ കോഴിമുട്ടയുല്‍പ്പാദനത്തില്‍ രാജ്യത്ത് ശ്രദ്ധേയമായ ഒരു സ്ഥാനം കേരളത്തിനുണ്ടായിരുന്നു. ലക്ഷക്കണക്കിന് മുട്ടകള്‍ മറുനാടുകളിലേക്ക് കയറ്റി അയച്ചിരുന്ന ഒരു മുട്ടമിച്ച സംസ്ഥാനമായിരുന്നു അന്ന് കേരളം. പ്രാദേശികമായി ശേഖരിച്ച മുട്ടകള്‍ സംഭരിച്ച് മറ്റു സംസ്ഥാനങ്ങളില്‍ എത്തിച്ചിരുന്നത് ട്രെയിനുകളിലായിരുന്നു. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന്‍, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവയെല്ലാം  1970 -1980 കാലഘട്ടത്തില്‍ മുട്ട കയറ്റുമതിക്ക് പേരുകേട്ട കേന്ദ്രങ്ങളായിരുന്നുവെന്ന് കേരളത്തിന്റെ കാർഷിക ചരിത്രത്തിന്റെ പിന്നിട്ട താളുകളിൽ കാണാം. ഗ്രാമീണ മേഖലയിലെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നായിരുന്ന വീട്ടുമുറ്റത്തെ മുട്ടക്കോഴി വളര്‍ത്തലായിരുന്നു അന്ന് നമ്മുടെ മുട്ടയുല്‍പ്പാദനത്തിന്‍റെ നട്ടെല്ല്. വീട്ടുമുറ്റത്തെ നാടന്‍ കോഴികൾക്കൊപ്പം ചെറിയ ലെയര്‍ (മുട്ടക്കോഴി) ഫാമുകളും മുട്ടയുല്‍പ്പാദനത്തിന് വേണ്ടി അന്ന് കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഗ്രാമങ്ങള്‍ അതിവേഗം നഗരങ്ങളാവുകയും, നെല്‍വയലുകള്‍ ഉള്‍പ്പെടെ കൃഷിഭൂമി കുറയുകയും കാര്‍ഷിക ജീവിതം കൈവെടിയുകയും , മലയാളിയുടെ തൊഴില്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്തതോടെ അടുക്കള മുറ്റത്തെ കോഴി വളര്‍ത്തലും ചുരുങ്ങി തുടങ്ങി. അടുക്കള മുറ്റത്തും, പുരയിടത്തിലും ചിക്കി ചികഞ്ഞ് ആഹാരം കണ്ടെത്തി വളര്‍ന്നിരുന്ന നാടന്‍ കോഴികള്‍ നാടുനീങ്ങിയതോടെ മുട്ടയുല്‍പ്പാദനവും കുറഞ്ഞു.സമൃദ്ധമായി  കോഴിമുട്ടയുല്‍പ്പാദിപ്പിച്ചിരുന്ന മുട്ടമിച്ച സംസ്ഥാനമായിരുന്ന കേരളം ഇന്ന് മുട്ടക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു മുട്ടകമ്മി സംസ്ഥാനമാണ്. പ്രതിദിനം ഒരു കോടി എന്ന കണക്കില്‍ പ്രതിവര്‍ഷം 300-350 കോടി വരെ മുട്ടകളാണ് അയല്‍സംസ്ഥാനങ്ങളില്‍ ഇന്ന് കേരളത്തിലെത്തുന്നത്. ഒപ്പം പ്രതിവര്‍ഷം 40 കോടി താറാവ് മുട്ടകളും അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്നു. മറുനാടന്‍ മുട്ടകള്‍ മലയാളികളുടെ തീന്‍ മേശകളില്‍ നിറയുമ്പോള്‍ പ്രതിവര്‍ഷം 650 കോടിയോളം രൂപയാണ് മുട്ട വിപണനത്തിലൂടെ കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്. ഒരു കാലത്ത് മുട്ടയുല്‍പ്പാദനത്തില്‍ നമുക്ക് പിന്നിലായിരുന്ന തമിഴ്നാടും, കര്‍ണ്ണാടകയും, ആന്ധ്രയും, തെലുങ്കാനയുമെല്ലാം അത്യല്‍പ്പാദനശേഷിയുള്ള കോഴിയിനങ്ങളും ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ സമ്മേളിച്ച വലിയ ഫാമുകളുമൊക്കെയായി മുട്ടയുല്‍പ്പാദനത്തില്‍ ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞിരിക്കുന്നു.

ഒരു വ്യക്തി അയാളുടെ ആരോഗ്യകരമായ ജീവിതത്തിന് വേണ്ടി പ്രതിവര്‍ഷം 180 മുട്ടകള്‍ എങ്കിലും കഴിച്ചിരിക്കണം എന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) നിര്‍ദ്ദേശിക്കുന്നത്. കുട്ടികള്‍ ആണെങ്കില്‍ 90 മുട്ടകളാണ് പ്രതിവർഷം കഴിക്കേണ്ടത്. ഈ കണക്ക് നമ്മുടെ ജനസംഖ്യയുമായി താരതമ്യം ചെയ്താല്‍ വര്‍ഷം 472 കോടി മുട്ടയെങ്കിലും സംസ്ഥാനത്തിന് ആവശ്യമുണ്ട്. എന്നാല്‍ ഇന്ന് നമ്മുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രതിവർഷം പരമാവധി 120 കോടി മുട്ടകള്‍ മാത്രമാണ് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത് . മുട്ട ആവശ്യകതയും, ആഭ്യന്തര ഉത്പാദനവും തമ്മില്‍ 352 കോടിയുടെ വിടവുണ്ട്. നമുക്ക് വേണ്ടത്ര ആഭ്യന്തര ഉല്‍പ്പാദനം ഇല്ലാത്ത ഇന്നത്തെ സാഹചര്യത്തില്‍ ഈ വിടവ് നികത്താനും, ആവശ്യം നിറവേറ്റാനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയല്ലാതെ മറ്റൊരു വഴിയും നമുക്ക് മുന്നിലില്ല. എന്നാല്‍ ആഭ്യന്തരഉല്‍പ്പാദനത്തിന് നമ്മൾ തയ്യാറാവുകയാണെങ്കില്‍ ഇനിയും ഏകദേശം 350 കോടി കോഴിമുട്ടയുടെ വിപണി പ്രതിവർഷം സംസ്ഥാനത്തുണ്ടെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍ കേരളത്തിന്‍റെ ഇന്നത്തെ പാരിസ്ഥിതികവും, സാമൂഹികവും ആയ സാഹചര്യങ്ങള്‍, തീറ്റയുല്‍പ്പെടെ പരിപാലന ചിലവ് എന്നിവ പരിഗണിക്കുമ്പോള്‍ ആന്ധ്രാ, തമിഴ്നാട് മാതൃകയിലുള്ള വന്‍കിട വാണിജ്യ മുട്ടക്കോഴി ഫാമുകള്‍ പ്രായോഗികമോ, ലാഭകരമോ അല്ല. മാത്രമല്ല വലിയ സാങ്കേതിക സൗകര്യങ്ങളും, വിപണിശൃംഖലയുമൊക്കെയായി ഇതിനകം വൻ വളര്‍ച്ച നേടിയ മറുനാടന്‍ മുട്ടയുല്‍പ്പാദനകുത്തകകളോട് മത്സരിക്കാന്‍ നമ്മുടെ സ്വദേശി ഫാമുകള്‍ക്ക് കഴിയണം എന്നുമില്ല. മുട്ടയുടെ വിലനിര്‍ണ്ണയത്തില്‍ അടക്കം ഇടപെടാനും നിയന്ത്രിക്കാനും ശേഷിയുള്ള കുത്തകകള്‍ ആണ് അവയോരോന്നും. അന്യസംസ്ഥാനങ്ങളിലെ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മുട്ടക്കോഴി, ബ്രോയിലർ ഫാമുകളിൽ ആന്റിബയോട്ടിക് മരുന്നുകളുടെ അശാസ്ത്രീയമായ ഉപയോഗം വ്യാപകമാണന്ന് തെളിയിക്കുന്ന സെന്റർ ഫോർ സയൻസ് എൻവയോൺമെന്റിന്റെതടക്കമുള്ള ( സി.എസ്.ഇ.) പഠനങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഓരോ ദിവസവും അതിർത്തികൾ കടന്ന് നമ്മുടെ അടുക്കളകളിൽ എത്തുന്ന ഈ മറുനാടൻ മുട്ടയും ഇറച്ചിയും ഉയർത്തുന്ന ആരോഗ്യ ഭീഷണികളെ കുറിച്ചും നാം ബോധവാന്മാരേവേണ്ടതുണ്ട്.

മുട്ടയുൽപ്പാദനത്തിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യം നമ്മെ ഒരിക്കൽ കൂടി ഓർമിപ്പിച്ചത് ഈ ലോക്ക് ഡൗൺ കാലമാണ്. ഈ ലക്ഷ്യം കൈവരിക്കാന്‍ മലയാളിക്ക് മുന്‍പില്‍ ഇനിയുള്ള ഒരേയൊരു വഴി ഒരു കാലത്ത് നമ്മെ മുട്ടമിച്ച സംസ്ഥാനമാക്കാന്‍ തുണച്ചിരുന്ന വീട്ടുമുറ്റത്തെ മുട്ടക്കോഴി വളര്‍ത്തല്‍ തന്നെയാണ്.

ഒരു വീട്ടില്‍ 5 കോഴികളെ എങ്കിലും വളര്‍ത്താനും ഒരു വീട്ടിലേക്കാവശ്യമായ മുട്ടയുല്‍പ്പാദിപ്പിക്കാനും, ശ്രമിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഈ ഘട്ടത്തിലാണ് പ്രസക്തമാകുന്നത്. സ്വന്തം വീട്ടുമുറ്റത്തും പറമ്പിലും 5-10 കോഴികളെ വളര്‍ത്തി സ്വദേശി കോഴിമുട്ടകള്‍ ഉത്പാദിപ്പിക്കാന്‍ ആര്‍ക്കും എളുപ്പം സാധിക്കും. ഗാര്‍ഹികാവശ്യങ്ങള്‍ക്കു ശേഷം അധികമുള്ള മുട്ട പ്രാദേശിക വിപണനവും നടത്താം. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന മുട്ട ശേഖരിച്ച് വിപണനം നടത്തുന്നതിനായി പ്രാദേശികതലത്തില്‍ കുടുംബശ്രീയുടേയും മറ്റും ആഭിമുഖ്യത്തില്‍ കൂട്ടായ്മകൾ രൂപീകരിക്കാവുന്നതുമാണ്.

വീട്ടുവളപ്പിലെ കോഴി വളര്‍ത്തല്‍ – അറിയേണ്ട പ്രായോഗിക മാര്‍ഗ്ഗങ്ങള്‍

അഞ്ച് മുതല്‍ പത്ത് വരെ കോഴികളെ വളര്‍ത്തുന്ന ചെറുകിട യൂണിറ്റുകളാണ് വീട്ടുമുറ്റത്തെ കോഴിവളര്‍ത്തലിന് അനുയോജ്യം. നാടന്‍ കോഴികളെ വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് തലശ്ശേരി കോഴി, നേക്കഡ് നെക്ക്, അസീല്‍, കരിങ്കോഴി, അരിക്കോഴി, തിത്തിരിക്കോഴി തുടങ്ങിയ പ്രാദേശികമായി ലഭ്യമായ കോഴിയിനങ്ങളെ വളര്‍ത്താനായി തിരഞ്ഞെടുക്കാം. വര്‍ഷത്തില്‍ 80 മുതല്‍ 100 മുട്ടകള്‍ ഇവയില്‍ നിന്നും ലഭിക്കും. അടയിരിക്കുന്നതിനും രോഗപ്രതിരോധ ശേഷിക്കുമെല്ലാം പേരുകേട്ടവരാണ് നമ്മുടെ നാടന്‍ കോഴികള്‍. മാത്രമല്ല നാടന്‍ കോഴിയുടെ ഇറച്ചിക്കും തവിടൻ മുട്ടക്കും മികച്ച വിപണിയും ഇന്നുണ്ട്. താരതമ്യേന ഉല്‍പാദനക്ഷമത കുറഞ്ഞ നാടന്‍ കോഴികള്‍ക്ക് പകരം അടുക്കള മുറ്റങ്ങൾക്ക് അനുയോജ്യമായ ഉല്‍പ്പാദനശേഷി കൂടിയ കോഴിയിനങ്ങളും ഇന്ന് ലഭ്യമാണ്. തവിട്ടും, കറുപ്പും, വെളുപ്പും കലര്‍ന്ന ഗ്രാമശ്രീ, വെളുപ്പില്‍ കറുത്തപുള്ളികളുള്ള ഗ്രാമലക്ഷ്മി ( ആസ്ട്രോവൈറ്റ്) , ഗ്രാമപ്രിയ, കൈരളി, കാവേരി, കലിംഗ ബ്രൗണ്‍, ഗിരിരാജ, വനരാജ തുടങ്ങിയ കോഴി ഇനങ്ങള്‍ അടുക്കളമുറ്റങ്ങള്‍ക്കു വേണ്ടി വികസിപ്പിച്ചവയാണ്. കേരള വെറ്ററിനറി സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത ഉയർന്ന തീറ്റപരിവര്‍ത്തനശേഷി, വളര്‍ച്ചാ നിരക്ക്, നാടന്‍ കോഴികളുമായുള്ള കൂടിയ സാമ്യത തുടങ്ങിയ ഗുണങ്ങളുള്ള ഗ്രാമശ്രീ കോഴികള്‍ വീട്ടുവളപ്പിലെ കോഴി വളർത്തലിന് ഏറ്റവും അനിയോജ്യമാണ്.

കടപ്പാട് ദേശാഭിമാനി

കാഴ്ചയില്‍ നാടന്‍ കോഴികളുടെ വര്‍ണ്ണവൈവിധ്യത്തോട് സാമ്യമുള്ളവയാണ് ഗ്രാമശ്രീ കോഴികൾ. നാടന്‍ കോഴിയുടെ മുട്ടയോട് സാദൃശ്യമുള്ളതും, തവിട്ട് നിറത്തോട് കൂടിയതും, മഞ്ഞക്കരുവിന് കടും മഞ്ഞ നിറമുള്ളയുമായ ഗ്രാമശ്രീ മുട്ടകള്‍ക്ക് മികച്ച വിപണിയാണുള്ളത്. മാത്രമല്ല ഇറച്ചിയ്ക്കും ഉത്തമമായ ഇനമാണ് ഗ്രാമശ്രീ കോഴികള്‍. സ്വദേശിയും വിദേശിയുമായ വിവിധ കോഴിയിനങ്ങള്‍ തമ്മില്‍ ജനിതകമിശ്രണം ചെയ്ത് ഉരിത്തിരിച്ചെടുത്ത ഈ സങ്കരയിനം കോഴിയിനങ്ങള്‍ എല്ലാം തന്നെ അഞ്ച്-അഞ്ചര മാസം പ്രായമെത്തുമ്പോള്‍ മുട്ടയിടല്‍ ആരംഭിക്കും. ഒരു വര്‍ഷം 190-220 മുട്ടകള്‍ വരെ ഇവയിൽ നിന്നും കിട്ടും. 72-74 ആഴ്ചകള്‍ (ഒന്നര വര്‍ഷം പ്രായം) നീണ്ടുനില്‍ക്കുന്ന ലാഭകരമായ മുടയുല്‍പ്പാദനകാലം കഴിഞ്ഞാല്‍ ഇവയെ ഇറച്ചിക്കായി വിപണിയില്‍ എത്തിക്കാം. അപ്പോള്‍ ഏകദേശം രണ്ട് കിലോയോളം ശരീരഭാരം കോഴികള്‍ക്കുണ്ടാവും.

കടപ്പാട് കേരള കൗമുദി

രണ്ട് മാസം പ്രായമെത്തിയ ആവശ്യമായ രോഗപ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കിയ മുട്ടക്കോഴി കുഞ്ഞുങ്ങളെ വളര്‍ത്താനായി വാങ്ങുന്നതാണ് അഭികാമ്യം. സർക്കാര്‍ അംഗീകൃത നഴ്സറികളില്‍ നിന്നോ, സര്‍ക്കാര്‍, സര്‍വ്വകലാശാല ഫാമുകളില്‍ നിന്നോ കോഴി കുഞ്ഞുങ്ങളെ വാങ്ങാം. വീട്ടുമുറ്റത്തും പറമ്പിലും അഴിച്ചുവിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് വലിയ പാര്‍പ്പിടസൗകര്യങ്ങള്‍ ഒന്നും തന്നെ വേണ്ടതില്ല. രാത്രി പാര്‍പ്പിക്കുന്നതിനായി തടിയും കമ്പിവലയും ഉപയോഗിച്ച് ലളിതമായ പാര്‍പ്പിടം പണിയാം. യഥേഷ്ടം കാറ്റും വെളിച്ചവും കടക്കുന്ന സുരക്ഷിതമായ കൂടുകൾ വേണം നിർമിക്കേണ്ടത്. ഒരു കോഴിക്ക് നിൽക്കാൻ കൂട്ടിൽ ഒരു ചതുരശ്രയടി സ്ഥല സൗകര്യം നല്‍കണം. 4 അടി നീളം 3 അടി വീതിയും 2 അടി ഉയരവും ഉള്ള ഒരു കൂട് പണിതാല്‍ 10-12 കോഴികളെ പാര്‍പ്പിക്കാം. തറനിരപ്പിൽ നിന്ന് രണ്ടടി എങ്കിലും ഉയരത്തിൽ വേണം കൂട് ക്രമീകരിക്കേണ്ടത്. ഓട്, ഓല, ഷീറ്റ് എന്നിവയിലേതെങ്കിലും കൊണ്ട് കൂടിന് മേൽക്കൂര ഒരുക്കാം. പുരയിടത്തില്‍ പൂർണമായും തുറന്ന് വിട്ട് വളര്‍ത്താന്‍ സൗകര്യമില്ലെങ്കില്‍ കൂടിന് ചുറ്റും നൈലോണ്‍/കമ്പിവല കൊണ്ടോ, മുള കൊണ്ടോ വേലികെട്ടി തിരിച്ച് അതിനുള്ളിൽ പകൽ തുറന്ന് വിട്ട് വളര്‍ത്താം. ഒരു കോഴിക്ക് പത്ത് ചതുരശ്രയടി സ്ഥലം എന്ന കണക്കില്‍ പത്ത് കോഴികൾക്ക് 100 ചതുരശ്ര അടി സ്ഥലം വേലികെട്ടിനുള്ളില്‍ നല്‍കണം. തീറ്റപാത്രങ്ങളും വെള്ളപാത്രങ്ങളും കൂട്ടിൽ തന്നെ ക്രമീകരിക്കാം. കോഴികൾക്ക് മുട്ടയിടുന്നതിനായി ഒരടി വീതം നീളത്തിലും വീതിയിലും അരയടി ഉയരത്തിലും കാർഡ് ബോർഡു കൊണ്ടോ മരം കൊണ്ടോ ഉള്ള നെസ്റ്റ് ബോക്സ് / മുട്ടപ്പെട്ടികൾ കൂട്ടിലോ വേലി കെട്ടിനുള്ളിലോ നിർമിക്കണം. നെസ്റ്റ് ബോക്സിനുള്ളിൽ വൈക്കോലോ ഉണക്കപ്പുല്ലോ ചകിരിയോ വിരിച്ച് വിരിപ്പൊരുക്കാം. അഞ്ച് കോഴികൾക്ക് ഒന്ന് എന്ന അനുപാതത്തിൽ വേണം നെസ്റ്റ് ബോക്സുകൾ ക്രമീകരിക്കേണ്ടത്. മുട്ട പൊട്ടാതെയും അഴുക്ക് പുരളാതെയും ശേഖരിക്കാൻ മുട്ടപ്പെട്ടികൾ സഹായിക്കും.

തീരെ സ്ഥല പരിമിതിയുള്ളവര്‍ക്ക് കോഴികളെ മുറ്റത്തോ, മട്ടുപ്പാവിലെ വളര്‍ത്തുന്നതിനായി ജി.ഐ. കമ്പിയില്‍ നിര്‍മ്മിച്ച തുരുമ്പെടുക്കാത്ത മോഡേണ്‍ കൂടുകളും ഇന്നുണ്ട്. കുടിവെള്ള സൗകര്യമൊരുക്കാൻ കൂടിന് മുകളില്‍ വാട്ടര്‍ ടാങ്ക്, ഓട്ടോമാറ്റിക്ക് നിപ്പിള്‍ ഡ്രിങ്കര്‍ സംവിധാനം, ഫീഡര്‍, എഗ്ഗര്‍ ചാനല്‍, കാഷ്ടം ശേഖരിക്കാൻ ട്രേ എന്നിവയെല്ലാം ഒരു കുടക്കീഴില്‍ ഉള്‍ക്കൊള്ളുന്നവയാണ് ഈ ഹൈടെക് കൂടുകള്‍. വിലയൊരല്പം കൂടുമെങ്കിലും ഏറ്റവും ചുരുങ്ങിയ സ്ഥലത്ത് കോഴികളെ വളര്‍ത്താം എന്നതും ദീര്‍ഘകാലം ഈട് നില്‍ക്കുമെന്നതും ഈ കൂടുകളുടെ പ്രത്യേകതയാണ്. അത്യുല്‍പ്പാദനശേഷിയുള്ള BV 380 പോലുള്ള കോഴിയിനങ്ങളാണ് ഹൈടെക് കൂടുകള്‍ക്ക് അനുയോജ്യം. പൂനയിലെ വെങ്കിടേശ്വര ഹാച്ചറി വികസിപ്പിച്ചെടുത്ത BV 380 കോഴികള്‍ വര്‍ഷത്തില്‍ 280-300 മുട്ടകൾ വരെയിടാൻ കഴിവുള്ളവയാണ്. സര്‍ക്കാര്‍ ഫാമുകളില്‍ നിന്നും, സ്വകാര്യ നഴ്സറികളില്‍ നിന്നും BV 380 കോഴികളെയും ലഭിക്കും.

ഒരു ദിവസം ഒരു കോഴിക്ക് വേണ്ടത് 100-120 ഗ്രാം വരെ തീറ്റയാണ് . വീട്ടിലെ മിച്ചാഹാരം, അടുക്കളയില്‍ നിന്നുള്ള ഭക്ഷ്യ അവശിഷ്ടങ്ങള്‍, വില കുറഞ്ഞ ധാന്യങ്ങള്‍, ധാന്യതവിട്, പിണ്ണാക്ക്, പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം വീട്ടുവളപ്പിലെ കോഴികള്‍ക്ക് ആഹാരമായി നല്‍കാം. ഒപ്പം മുറ്റത്തും, പറമ്പിലും, ചിക്കിചികഞ്ഞ് അവര്‍ സ്വയം ആഹാരം കണ്ടെത്തുകയും ചെയ്യും. അസോള, അഗത്തിച്ചീര, ചീര,ചെമ്പരത്തിയില തുടങ്ങിയ പച്ചിലകളും, തീറ്റപ്പുല്ലും അരിഞ്ഞ് കോഴികള്‍ക്ക് നല്‍കാം.

സങ്കരയിനം കോഴികള്‍ക്ക് മുട്ടയുല്‍പ്പാദനം മെച്ചപ്പെടുത്താന്‍ മുട്ടക്കോഴികൾക്ക് പ്രത്യേകമായുള്ള ലയര്‍ തീറ്റ 30-40 ഗ്രാം വരെ ദിവസവും നല്‍കാവുന്നതാണ്. ഹൈടെക്ക് കൂടുകളില്‍ പൂർണസമയം അടച്ചിട്ട് വളര്‍ത്തുന്ന BV 380 പോലുള്ള കോഴികളുടെ അത്യുല്‍പ്പാദനക്ഷമത പൂർണമായും കൈവരിക്കണമെങ്കില്‍ ദിവസം 100-120 ഗ്രാം ലയര്‍ തീറ്റ തന്നെ നല്‍കേണ്ടിവരും. അതുകൊണ്ട് തന്നെ അഴിച്ച് വിട്ട് വളർത്തുന്ന കോഴികളെ അപേക്ഷിച്ച് കൂട്ടിനുള്ളിലിട്ട് പരിപാലിക്കുന്ന കോഴികളെ വളർത്താൻ അല്പം ചിലവേറും. വീട്ടുമുറ്റത്ത് അഴിച്ച് വിട്ട് വളർത്തുന്ന കോഴികൾക്ക് ഓരോ രണ്ട് മാസത്തെ ഇടവേളയിലും വിരയിളക്കുന്നതിനായുള്ള മരുന്നുകൾ നൽകണം.മുട്ടയിടാന്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് (15-16 ആഴ്ച പ്രായം) കോഴിവസന്തക്കെതിരായ വാക്സിന്‍ കുത്തിവെയ്പ്പായി നല്‍കുകയും വേണം.

Happy
Happy
57 %
Sad
Sad
14 %
Excited
Excited
29 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇരുണ്ട ലോകങ്ങൾ തേടി യൂക്ലിഡ്
Next post കോവിഡ് – മാനവരാശിക്ക് ഏതായിരിക്കും മുന്നോട്ടുള്ള പാത?
Close