ശ്രീനിധി കെ.എസ്.
ഗവേഷക, ഐ ഐ ടി ബോംബൈ & മൊണാഷ് യൂണിവേഴ്സിറ്റി, ഓസ്ട്രേലിയ
ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം
ലോകജനസംഖ്യ 2022 നവംബർ 15ന് 800 കോടി പിന്നിടും. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹികകാര്യ വകുപ്പിന്റെ (Department of Economic and Social Affairs) കീഴിലുള്ള ജനസംഖ്യ വിഭാഗം (Population Division) ആണ് ഇത് നിർണ്ണയിച്ചിരിക്കുന്നത്. 2030ഓട് കൂടി ജനസംഖ്യ 850കോടിയിലും 2050ഇൽ 970 കോടിയിലും എത്തും എന്നാണു കണക്കാക്കുന്നത്. 2080ഇൽ 1040 കോടിയിൽ എത്തുന്ന ജനസംഖ്യ 2100 വരെ ഏതാണ്ട് അതേ നിലയിൽ തുടരും. ഭൂമിയുടെ വർത്തമാനവും ഭാവിയും എല്ലാം മാറ്റി എഴുതിയ ഏക സ്പീഷിസിന്റെ സംഘബലം എന്ന നിലയിൽ മനുഷ്യചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഇതിനെ കണക്കാക്കാം. ജനങ്ങൾക്കിടയിലെ വൈവിധ്യത്തെ ആഘോഷിക്കേണ്ട സമയമാണ് ഇത് എന്നാണ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ പറഞ്ഞത്.
ഓരോ രാജ്യങ്ങളിലെയും സെൻസസ് വിവരങ്ങൾ, ജനന-മരണ രജിസ്ട്രേഷൻ വിവരങ്ങൾ, വിവിധ രാജ്യങ്ങൾക്കിടയിൽ നടക്കുന്ന പലായനങ്ങളുടെ കണക്കുകൾ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ജനസംഖ്യ വിഭാഗം നിഗമനങ്ങളിൽ എത്തുന്നത്. ഇത് വരെയുള്ള ജനസംഖ്യകണക്കുകളുടെ പ്രവണതയും വരും കാലങ്ങളിൽ വിവിധ രാജ്യങ്ങളുടെ കണക്കുകളിൽ ഉണ്ടാവാൻ ഇടയുള്ള മാറ്റങ്ങളെ കുറിച്ചുള്ള അനുമാനങ്ങളും (assumptions) ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഭാവിയിലെ കണക്കുകളുടെ രൂപരേഖ (projection) ഉണ്ടാക്കുന്നത്.
മരണനിരക്ക് വലിയരീതിയിൽ കുറഞ്ഞതാണ് ഇത് വരെയുള്ള ജനസംഖ്യാവർദ്ധനവിന്റെ ഒരു പ്രധാനകാരണം. ആരോഗ്യമേഖലയിലെ മുന്നേറ്റങ്ങൾ ആണ് നമ്മുടെ ആയുസ്സ് കൂട്ടുന്നതിൽ പ്രധാന സഹായി എന്ന് പ്രത്യേകം പറയേണ്ടല്ലോ. 2019ഇൽ ആഗോളതലത്തിൽ ശരാശരി ആയുർദൈർഘ്യം 72.8 വയസ്സ് വരെ ആയിരുന്നു – 1990കളേക്കാൾ 9 വർഷങ്ങൾ കൂടുതൽ. കണക്കുകൂട്ടലുകൾ ശരിയാവുകയാണെങ്കിൽ 2050 ആകുമ്പോഴേക്കും മനുഷ്യരുടെ ശരാശരി ആയുസ്സ് 77.2 വയസ്സ് വരെ ആകും. അതായത്, ശരാശരി കണക്ക് നോക്കിയാൽ, ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യരേക്കാൾ കൂടുതൽ ആയുസ്സ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഉണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ചെറിയ പ്രായങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം വലിയ രീതിയിൽ കുറഞ്ഞു വരുന്നു. ‘ഇന്നത്തെ പോലെയല്ല, പണ്ടുള്ളവർ എല്ലാം നൂറും നൂറ്റിപ്പത്തും വരെ ഒക്കെ പയറു പോലെ ജീവിക്കുമായിരുന്നു.’ എന്ന് കേൾക്കുമ്പോൾ ഇനി ഡാറ്റ വച്ച് മറുപടി പറയുമല്ലോ?
1804
100 കോടി
1804
1927
200 കോടി
1927
1959
300 കോടി
1959
1974
400 കോടി
1974
1987
500 കോടി
1987
1998
600 കോടി
1998
2011
700 കോടി
2011
2022
800 കോടി
2022
ആയുർദൈർഘ്യം കൂടുന്നത് കൊണ്ട് തന്നെ മുതിർന്ന ജനങ്ങളുടെ ശതമാനത്തിലും വരുംകാലങ്ങളിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ ലോകജനസംഖ്യയുടെ 10 ശതമാനം പേരും 65 വയസിനു മുകളിൽ ഉള്ളവർ ആണ്. 2050ഇൽ അത് അന്നത്തെ ജനസംഖ്യയുടെ 16 ശതമാനം ആകും എന്നാണു കണക്ക് കൂട്ടുന്നത്. അന്ന് 5 വയസ്സിൽ താഴെയുള്ളവരുടെ ശതമാനത്തിന്റെ ഏകദേശം ഇരട്ടിയോളം വരും ഇത്. മുതിർന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ അവരുടെ ക്ഷേമത്തിനായി പദ്ധതികൾ ആവിഷ്കരിക്കാൻ ഐക്യരാഷ്ട്രസഭ നിർദേശിക്കുന്നുണ്ട്.
മരണനിരക്ക് കുറയുകയും ആയുർദൈർഘ്യം കൂടുകയും ചെയ്യുമ്പോൾ ജനസംഖ്യാപെരുപ്പം നിയന്ത്രിക്കണമെങ്കിൽ പ്രത്യുൽപാദനനിരക്ക് നിയന്ത്രണത്തിലാകണം. അക്കാര്യത്തിലും ഏറെക്കുറെ ശുഭകരമാണ് കണക്കുകൾ. ജനസംഖ്യ കൂടുതൽ ഉള്ള പല രാജ്യങ്ങളിലെയും പ്രത്യുൽപാദനനിരക്ക് കുറച്ചു നാളുകളായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 1950കളിൽ ആഗോളതലത്തിൽ ഒരു സ്ത്രീക്ക് ശരാശരി 5 കുഞ്ഞുങ്ങൾ എന്ന നിരക്ക് ആയിരുന്നു എങ്കിൽ 2021ഇൽ അത് 2.3 കുഞ്ഞുങ്ങൾ എന്ന നിരക്കിൽ എത്തിയിട്ടുണ്ട്. നിലവിൽ ഒരു സ്ത്രീക്ക് ശരാശരി 2.1ൽ താഴെ കുഞ്ഞുങ്ങൾ ഉള്ള പ്രദേശങ്ങളിൽ ആണ് ലോകജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും ഉള്ളത്. അതായത് കുറച്ചധികം വർഷങ്ങൾ മുമ്പോട്ട് നോക്കിയാൽ ഈ പ്രദേശങ്ങളിലെ ജനസംഖ്യ ഏറെക്കുറെ സന്തുലിതമായിരിക്കും. അത് ആഗോളജനസംഖ്യയെ നിയന്ത്രിക്കാൻ വലിയ രീതിയിൽ സഹായിക്കുമല്ലോ. 2050ഓടെ ആഗോളതലത്തിൽ പ്രത്യുൽപാദനനിരക്ക് സ്ത്രീക്ക് 2.1 എന്ന നിലയിലേക്ക് എത്തും എന്നാണു പ്രതീക്ഷ. പ്രത്യുൽപാദനനിരക്കിലെ കുറവ് കൊണ്ട് തന്നെ ഏകദേശം 61 രാജ്യങ്ങളിലെ ജനസംഖ്യ 2050നുള്ളിൽ ഒരു ശതമാനത്തിലേറെ കുറയും എന്നാണു കണക്ക് കൂട്ടുന്നത്.
ജനസംഖ്യാ പെരുപ്പത്തെക്കുറിച്ചുള്ള വലിയ ഭയം വേണ്ട
നമ്മൾ 800 കോടി എത്തിയെങ്കിലും ജനസംഖ്യാ പെരുപ്പത്തെക്കുറിച്ചുള്ള ഭയം കുറച്ചെങ്കിലും മാറ്റിവെക്കാം എന്നാണു വിദഗ്ധർ പറയുന്നത്. ജനസംഖ്യയിൽ ആകെ കാണുന്നത് വർദ്ധനവാണെങ്കിലും 1950കൾക്ക് ശേഷം അതിന്റെ വേഗത ഇത്തിരി കുറഞ്ഞിട്ടുണ്ട്. നിലവിലെ കണക്കുകൂട്ടലുകൾ അനുസരിച്ച് 2080 മുതൽ 2100 വരെയുള്ള വർഷങ്ങളിൽ ജനസംഖ്യയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടാകാൻ ഇടയില്ല. ജനാധിപത്യപരമായ രീതിയിൽ ഫലപ്രദമായി ജനസംഖ്യയെ നിയന്ത്രിക്കൽ അസാദ്ധ്യമല്ല എന്ന് വിദഗ്ധർ അനുമാനിക്കുന്നു. പക്ഷെ, ജനസംഖ്യപെരുപ്പത്തിന് സഡൻ ബ്രേക്ക് ഇടാൻ സാധിക്കില്ല എന്നതാണ് വാസ്തവം. അതിനു തലമുറകളുടെ കാലതാമസം എടുക്കും. ഉദാഹരണത്തിന്, കഴിഞ്ഞ കുറെ കാലം ആയി ഉണ്ടായിട്ടുള്ള പെരുപ്പത്തിന്റെ ഫലമാണ് ഇനി ഏതാനും ദശകങ്ങളിൽ ഉണ്ടാകാൻ പോകുന്ന പെരുപ്പം. അതായത് കഴിഞ്ഞ കുറെ ദശകങ്ങളിലായി സൃഷ്ടിക്കപ്പെട്ട കുഞ്ഞുങ്ങൾ ആണ് നിലവിലും വരും ദശകങ്ങളിലും പ്രത്യുൽപാദനത്തിനു കഴിവുള്ള, തയ്യാറായ, യുവാക്കളുടെ കൂട്ടം. പ്രത്യുൽപാദനനിരക്ക് കുറഞ്ഞു വരുന്ന സാഹചര്യം ആയിട്ട് കൂടി, സമീപഭാവിയിൽ ജനസംഖ്യ പെരുകുന്നതിനു കാരണം ഈ വലിയ യുവജനസംഖ്യയാണ്.
ജനപ്പെരുപ്പം വിവിധ രാജ്യങ്ങളിൽ, വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത രീതിയിൽ ആണ്.
2022ഇലും ഏറ്റവും ജനസംഖ്യ കൂടുതൽ ഉള്ള പ്രദേശങ്ങൾ ഏഷ്യയിൽ തന്നെ ആണ്. ചൈനയും ഇന്ത്യയും തന്നെ ആണ് ഇതിലേക്ക് പ്രധാനമായും സംഭാവന ചെയ്തിരിക്കുന്നത്. ഏകദേശം 145 കോടിയിൽ അധികം ജനങ്ങളുമായി മുന്നിൽ നിൽക്കുന്ന ചൈനയുടെ തൊട്ടു പുറകിൽ ഏതാണ്ട് 141കോടി ജനങ്ങളുമായി ഇന്ത്യ ഉണ്ട്. ഇപ്പോഴത്തെ പെരുപ്പത്തിന്റെ പ്രവണത വച്ച് അടുത്ത വർഷം തന്നെ, 2023ഓടെ, ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യ ചൈനയെ മറികടക്കും എന്ന് കണക്കുകൾ കാണിക്കുന്നു.
വികസനം ഏറ്റവും കുറഞ്ഞ, Least Developed Countries (LDC) പട്ടികയിൽ വരുന്ന 46 രാജ്യങ്ങളിൽ ആണ് പെരുപ്പത്തിന്റെ നിരക്ക് ഏറ്റവും കൂടുതൽ ഉള്ളത്. അതേ സമയം, ഈ പട്ടികയിലെ രാജ്യങ്ങളിൽ ആയുർദൈർഘ്യം ആഗോളശരാശരിയേക്കാൾ 7 വർഷത്തോളം പുറകിൽ ആണ്. പെരുപ്പം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ പരിസ്ഥിതിപ്രശ്നങ്ങളെ നേരിടാനും സാമൂഹിക സാമ്പത്തിക-വികസനം സാധ്യമാകാനും ഉള്ള ഈ രാജ്യങ്ങളുടെ ശ്രമങ്ങൾ കൂടുതൽ കഠിനമാകും.
ചില ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ-കരീബിയൻ രാജ്യങ്ങളിൽ കൗമാരക്കാരുടെ ഇടയിൽ ഉള്ള പ്രത്യുൽപാദനനിരക്ക് വളരെ അധികമാണ്. 2021ഇൽ 1.33 കോടി കുഞ്ഞുങ്ങൾ ജനിച്ചത് 20 വയസ്സിൽ താഴെ ഉള്ള അമ്മമാർക്കാണ്. ഈ സമയത്ത് ആകെ നടന്ന ജനനങ്ങളുടെ 10% വരും ഇത്. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിനും സാമൂഹികപുരോഗതിക്ക് ഒന്നാകെയും വലിയ ഭീഷണിയാണ് ഈ പ്രവണത.
ആയുർദൈർഘ്യവും ജനനനിരക്കും മാത്രമല്ല മറ്റ് രാജ്യങ്ങളിലേക്കുള്ള ജനങ്ങളുടെ പലായനങ്ങളും പല രാജ്യങ്ങളിലെയും ജനസംഖ്യയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഒരു രാജ്യത്തിൻറെ ജനസംഖ്യയെ സ്വാധീനിക്കുന്ന വലിയ രണ്ട് ഘടകങ്ങൾ ആണ് ജനന-മരണനിരക്കിലെ വ്യത്യാസവും (ആകെ ജനനങ്ങളുടെ എണ്ണം – ആകെ മരണങ്ങളുടെ എണ്ണം) കുടിയേറ്റ-പലായനവ്യത്യാസവും (രാജ്യത്തേക്ക് കുടിയേറി വന്നവരുടെ എണ്ണം – മറ്റ് രാജ്യത്തേക്ക് പലായനം ചെയ്തവരുടെ എണ്ണം). 2000-2020 കാലഘട്ടത്തിൽ, ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ, ഇതിലെ രണ്ടാമത്തെ ഘടകം ആദ്യത്തേതിനെ മറികടന്നു. ഈ രാജ്യങ്ങളിലെ ജനസംഖ്യയിൽ ജനന-മരണനിരക്കിലെ വ്യത്യാസം കാരണം 6.62 കോടി വർദ്ധനവ് ഉണ്ടായപ്പോൾ കുടിയേറ്റ-പലായനവ്യത്യാസം കാരണം 8.05 കോടി വർദ്ധനവ് ഉണ്ടായി. ആഗോളജനസംഖ്യയെ ബാധിക്കില്ലെങ്കിലും അതാത് രാജ്യങ്ങളുടെ ജനസംഖ്യയെയും അത് വഴി സുസ്ഥിരവികസനത്തെയും വലിയ രീതിയിൽ അന്താരാഷ്ട്ര പലായനങ്ങൾ ബാധിക്കും.
കോവിഡും ജനസംഖ്യയും
COVID-19 മഹാമാരിയും ജനസംഖ്യയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടാകും എന്നാണു വിലയിരുത്തൽ. 2019ൽ നിന്നും 2021 ആയപ്പോഴേക്കും ആയുർദൈർഘ്യത്തിൽ ഉണ്ടായ ഇടിവ് (72.8വയസ്സിൽ നിന്നും 71 വയസ്സിലേക്ക്) പ്രധാനമായും മഹാമാരിയുടെ അനന്തരഫലമാണെന്ന് കരുതുന്നു. യാത്രാനിരോധനം അന്താരാഷ്ട്രകുടിയേറ്റങ്ങളെ സ്വാധീനിച്ചതും ഒരു പ്രധാനഘടകമാണ്. വിവിധരാജ്യങ്ങളുടെ സാമ്പത്തിക-സാമൂഹിക അവസ്ഥയും COVID-19 വ്യാപനവും എല്ലാം അനുസരിച്ച് വ്യത്യസ്തരീതിയിലാണ് ഇതെല്ലാം ജനസംഖ്യയെ ബാധിച്ചത്.
ജനസംഖ്യയുടെ ദ്രുതഗതിയിലുള്ള പെരുപ്പം സുസ്ഥിരവികസനത്തെ പ്രതികൂലമായി ബാധിക്കും എന്നതിൽ തർക്കമില്ല. പിന്നോക്കവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന കാര്യത്തിൽ വിഭവങ്ങളുടെ അപര്യാപ്തതയും ഉപഭോഗത്തിലെ അസമത്വവും തടസ്സം നിൽക്കും. കാർബൺ പുറന്തള്ളലും ആഗോളതാപനവും നിയന്ത്രിക്കുന്നത് കൂടുതൽ ശ്രമകരമാകുകയും ചെയ്യും. എന്നാൽ, നിരക്കുകൾ പതിയെ ശുഭകരമായി മാറി വരുന്ന സാഹചര്യത്തിൽ ജനസംഖ്യയെ നമ്മൾ ഭയപ്പെടേണ്ടതില്ല, മറിച്ചു പക്വതയോടെ നേരിടുകയാണ് ചെയ്യേണ്ടത്. നിലവിൽ പ്രത്യുല്പാദനനിരക്ക് കൂടിയ ഇടങ്ങളിൽ അത് ക്ഷമയോടെ നിയന്ത്രണവിധേയമാക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിലൂടെയും ലിംഗസമത്വബോധം നിർമ്മിക്കുന്നതിലൂടെയും അത് സാധിക്കും എന്നാണു പല രാജ്യങ്ങളിൽ നിന്നുമുള്ള തെളിവുകൾ കാണിക്കുന്നത്. ഓരോ പ്രദേശങ്ങളുടെയും സാമ്പത്തിക-സാമൂഹിക പരിതഃസ്ഥിതിക്കനുസരിച്ച് നയരൂപീകരണം നടത്തുകയും പ്രയോഗത്തിൽ വരുത്തുകയും വേണം. അതോടൊപ്പം, പാരിസ്ഥിതികനീതിയിലും ശാസ്ത്രബോധത്തിലും അടിസ്ഥാനപ്പെടുത്തിയുള്ള വിഭവങ്ങളുടെ ശ്രദ്ധാപൂർവമുള്ള പങ്കിടൽ ആണ് നമ്മൾ എണ്ണൂറ് കോടി ജനങ്ങൾ അടിയന്തിരമായി പഠിച്ചെടുക്കേണ്ടത്.
അധികവായനയ്ക്ക്
- ലോക ജനസംഖ്യാമീറ്റർ
- United Nations Department of Economic and Social Affairs, Population Division (2022). World Population Prospects 2022: Summary of Results. UN DESA/POP/2022/TR/NO.
- .https://www.un.org/
- World Population Prospects 2022