Read Time:9 Minute

കടലിലെ പരാഗണം

പരാഗണം കരയിൽ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസം ആയാണ് കണക്കായിരുന്നത്, എന്നാൽ പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് കരയിലെ സസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് സമുദ്രത്തിൽ പരാഗണം നിലനിന്നിരിക്കാം എന്നാണ്.

നവീൻ പ്രസാദ് അലക്സ് എഴുതുന്നു…

തേനീച്ചകൾ, ചിത്രശലഭങ്ങൾ, നിശാശലഭങ്ങൾ, ഹമ്മിംഗ് ബേർഡ്‌സ്, മറ്റ് തേൻ തേടുന്ന വന്യജീവികൾ എന്നിവ പരാഗണം നടത്തുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. ഇപ്പോൾ, ഈ വിഭാഗത്തിൽ ഒരു പുതിയ ജീവിവർഗത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ അത്ഭുതകരമായി സമുദ്രങ്ങളിൽ കണ്ടുവരുന്ന സസ്യങ്ങളെയും അൽഗകളെയും തഴച്ചുവളരാൻ സഹായിക്കുന്നു. പരാഗണം കരയിൽ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസം ആയാണ് കണക്കായിരുന്നത്, എന്നാൽ പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് കരയിലെ സസ്യങ്ങൾ രൂപപ്പെപ്പെടുന്നതിന് ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് സമുദ്രത്തിൽ പരാഗണം നിലനിന്നിരിക്കാം എന്നാണ്. ഫ്രാൻസിലെ സോർബോൺ യൂണിവേഴ്‌സിറ്റിയിലെ റോസ്‌കോഫ് മറൈൻ സ്‌റ്റേഷനിലെ മറൈൻ ബയോളജിസ്റ്റായ ഡോ. എമ്മ ലാവാട്ടിന്റെ(Dr. Emma Lavaut) നേതൃത്വത്തിൽ ഉള്ള ഗവേഷണസംഘമാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്. സമുദ്രങ്ങളിൽ വളരുന്ന ഒരു തരം ആൽഗകളായ ചുവന്ന കടൽപ്പായലിൽ പരാഗണം നടത്തുന്നതിന് ഐഡോട്ട ബാൾത്തിക്ക (Idotea balthica) എന്ന ചെറിയ ബഗ് പോലുള്ള ക്രസ്റ്റേഷ്യൻ ജീവിക്ക് കഴിയുമെന്ന് ഇവർ കണ്ടെത്തി.

ഐഡോട്ട ബാൾത്തിക്ക (Idotea balthica) – പച്ച നിറത്തിൽ കാണിച്ചിരിക്കുന്ന പരാഗബീജങ്ങൾ. ഐഡോട്ടയുടെ പുറംതൊലിയിൽ പറ്റിപ്പിടിച്ചിരിക്കുന്നു. ക്ലോസ്-അപ്പിൽ അവ അതിന്റെ കാലുകളുടെ അറ്റത്ത് ഒട്ടിപ്പിടിക്കുന്നതായി കാണാം. © Sebastien COLIN / Max Planck Institute For Biology / Station biologique de Roscoff / CNRS / SU / CC BY-NC-SA

ക്രസ്റ്റേഷ്യനുകൾ ഒരു വൈവിധ്യമാർന്ന ആർത്രോപോഡ് ടാക്‌സോൺ രൂപപ്പെടുത്തുന്നു. അതിൽ ഡെകാപോഡുകൾ (Decapods), വിത്ത്ചെമ്മീൻ (Seed shrimps) , ബ്രാഞ്ചിയോപോഡുകൾ (Branchiopods), മീൻ പേൻ (Fish lice), ക്രിൽ (Krill), റെമിപെഡെസ് (Remipedes), ഐസോപോഡുകൾ (Isopodes), ബാർനക്കിൾസ് (Barnacles), കോപ്പപോഡുകൾ (Copepods), ആംഫിപോഡുകൾ (Amphipods) എന്നിവ ഉൾപ്പെടുന്നു. മിക്ക ക്രസ്റ്റേഷ്യനുകളും സ്വതന്ത്രമായി ജീവിക്കുന്ന ജലജീവികളാണ്.

ആൺ ആൽഗകളുടെ പ്രതലങ്ങളിൽ പ്രത്യുൽപ്പാദന ഘടനകളാൽ നിറഞ്ഞിരിക്കുന്നു, ഇത് പശിമയുള്ള പദാർത്ഥമായ മസിലേജ് കൊണ്ട് പൊതിഞ്ഞ ബീജം ഉത്പാദിപ്പിക്കുന്നു. ഒരു ഐഡോട്ട് ആൺ ആൽഗകളിലൂടെ കടന്നുപോകുമ്പോൾ, ബീജം അതിന്റെ തോടിൽ ഒട്ടിപിടിക്കുന്നു. പിന്നീട് ഇതേ ഐഡോട്ട്ഏതെങ്കിലും പെൺ ആൽഗകളിലുടെ കടന്നുപോകുമ്പോൾ അവയുടെ താലസിൽ (thallus) ബീജം നിക്ഷേപിക്കുകയും അങ്ങനെ ആൽഗയുടെ പുനരുൽപാദനത്തെ സഹായിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ഐഡോട്ടകൾക്കും  ഗുണകരമാണ്. സമുദ്രത്തിലെ ശക്തമായ പ്രവാഹങ്ങളിൽ നിന്നുള്ള സംരക്ഷണമെന്ന നിലയിൽ ഐഡോട്ടകൾ ആൽഗകളിൽ പറ്റിപ്പിടിച്ചു രക്ഷപെടുകയും  ഈ സസ്യങ്ങളിൽ  വളരുന്ന ചെറിയ ജീവികളെ തിന്നുകയും ചെയ്യുന്നു. ഒരു കടൽപ്പായലും മൃഗവും തമ്മിൽ ഇത്തരത്തിലുള്ള ഒരു ഇടപെടൽ നിരീക്ഷിക്കപ്പെടുന്നത് ഇതാദ്യമാണ്.

ജൂലൈ 29, 2022 ലക്കം സയൻസ് ജേർണലിന്റെ കവർച്ചിത്രം

സയൻസ്” ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ, മൃഗങ്ങളുടെ മധ്യസ്ഥതയിലുള്ള പരാഗണം പരിണമിച്ചത് കരയിലല്ലാതെ വെള്ളത്തിനടിയിൽ ആണോ എന്ന ചോദ്യം ഉയർത്തുന്നു

ഈ പ്രാരംഭ കണ്ടെത്തലുകൾ, ആൽഗൽ ബീജസങ്കലനത്തിന്  ഉള്ള ഒരേയൊരു മാർഗം ജലമാർഗത്തിൽ ഉള്ളതാണ് എന്ന ധാരണ തിരുത്തുന്നു. സയൻസ്” ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ, മൃഗങ്ങളുടെ മധ്യസ്ഥതയിലുള്ള പരാഗണം പരിണമിച്ചത് കരയിലല്ലാതെ വെള്ളത്തിനടിയിൽ ആണോ എന്ന ചോദ്യം ഉയർത്തുന്നു. പരാഗണം വെള്ളത്തിനടിയിലും കരയിലും വ്യത്യസ്ത സന്ദർഭങ്ങളിൽ സ്വതന്ത്രമായി പരിണമിച്ചിരിക്കാനും സാധ്യതയുണ്ട്. ആൽഗകൾ 800 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് തന്നെ ഉണ്ടായിരുന്നവയാണ്, മൃഗങ്ങൾ മുഖേനയുള്ള  പാരഗണം കരയിലെ പരാഗണത്തിന്റെ ഉത്ഭവത്തിന് വളരെ മുമ്പുള്ളതാകാം.

മൃഗങ്ങളും ജലസസ്യങ്ങളും തമ്മിലുള്ള പ്രധാനപ്പെട്ടതും മുമ്പ് അറിയപ്പെടാത്തതുമായ ബന്ധങ്ങൾ അവയുടെ അതിജീവനത്തിൽ വളരെ പ്രധാനപ്പെട്ടത് ആണെന്ന് പുതിയ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ചുവന്ന ആൽഗകളുടെ കാര്യത്തിൽ, ഭൂരിഭാഗം പരാഗണവും നടക്കുന്നത് ആഴം കുറഞ്ഞ വേലിയേറ്റ കുളങ്ങളിലാണ്, അവിടെ മൃഗങ്ങളും അവ പരാഗണം നടത്തുന്നവയും തമ്മിലുള്ള അതിലോലമായ ബന്ധം മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, വികസനം എന്നിവയാൽ തടസ്സപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ ഐസോപോടുകളെയും മറ്റു കടൽ ജീവികളെയും സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണ്ടേയത് അത്യാവശ്യം ആണ്.


അധികവായനയ്ക്ക്

  1. (2022, July 28). A small crustacean acts as the sea’s bees. ScienceDaily. Retrieved August 16, 2022 from www.sciencedaily.com/
  2. E. Lavaut, M.-L. Guillemin, S. Colin, A. Faure, J. Coudret, C. Destombe, M. Valero. Pollinators of the sea: A discovery of animal-mediated fertilization in seaweed. Science, 2022; 377 (6605): 528 DOI: 10.1126/science.abo6661
Happy
Happy
44 %
Sad
Sad
0 %
Excited
Excited
22 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post കൊതുകുകൾക്കും ഒരു ദിവസം 
Next post Madhava School: A landmark in the History of Astronomy – LUCA TALK
Close