Read Time:11 Minute

[author title=”ജോയ് സെബാസ്റ്റ്യന്‍” image=”http://luca.co.in/wp-content/uploads/2016/07/Joy-Sebadtian.jpg”]ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലെ ടെക്ജെന്‍ഷ്യ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ ആണ് ലേഖകന്‍[/author]

അടുത്തിടെയായി വാർത്തയിൽ നിറഞ്ഞിരിക്കുകയാണല്ലോ പിക്കാച്ചു പിടുത്തം എന്ന മൊബൈൽ കളി. പിക്കാച്ചുവിനെ പിടിക്കാൻപോയി അപകടത്തിൽ ചാടിയ വാർത്തകളും ധാരാളം കേൾക്കുന്നുണ്ട്. എന്താണ് പിക്കാച്ചു, എങ്ങിനെയാണ് അതിന് വാർത്താ പ്രാധാന്യം വന്നത് ? ഇതേ പറ്റിയുള്ള ലേഖനം വായിക്കൂ …

Pokemon

[dropcap][/dropcap]

ഴിഞ്ഞ ഒന്ന് രണ്ട് ആഴ്ചയായി എവിടെ നോക്കിയാലും പികാച്ചുവിനെ  പിടുത്തം തന്നെ. എങ്കില്‍ ഒരു കൈ നോക്കിക്കളയാം എന്ന് വിചാരിച്ചാണ് നെറ്റില്‍ മുങ്ങിതപ്പിയത്. ഐ ഒ എസ്  ആപ്പ് സ്റ്റോറിലും  ഗൂഗിള്‍  പ്ലേ  സ്റ്റോറിലും  പല തവണ  പരതി. അവിടെയെല്ലാം പികാച്ചു കഥാപാത്രമായ പോക്ക്മോന്‍ ഗോ  എന്ന  ഗയിം എങ്ങിനെ കളിക്കാം  എന്നതിന്‍റെ  വിഡിയോ  പാഠങ്ങളും സമാന പേരുകള്‍  ഉള്ള മറ്റ് ആപ്പുകളും  മാത്രം . പക്ഷെ ഫേസ്ബുക്ക്‌ സുഹൃത്തുക്കള്‍  ഒക്കെ പിക്കാച്ചുവിനെ  പിടിക്കാന്‍  കറങ്ങി നടക്കുന്നതിന്‍റെ വിവരണങ്ങളും  ചിത്രങ്ങളും ഒക്കെ അപലോഡ് ചെയ്യുന്നുണ്ട് .  ആപ്പ് സ്റ്റോറില്‍  കയറി നോക്കിയപ്പോള്‍  നിങ്ങളുടെ  രാജ്യത്ത്  ഇപ്പോള്‍ ലഭ്യമല്ല,  യു എസ് സ്റ്റോറിലോ, ന്യൂസീലാണ്ട്  സ്റ്റോറിലോ  പോയി നോക്കൂ  എന്നാണ് കാണിക്കുന്നത്. ഒരു വിധത്തില്‍ യു എസ് ആപ്പ്സ്റ്റോറില്‍ ഉപയോഗിക്കാവുന്ന  ഒരു  അക്കൌണ്ട്  ഉണ്ടാക്കി  ആപ്പ്  ഇന്‍സ്ടാള്‍  ചെയ്തു . ആന്‍ഡ്രോയിഡില്‍ പക്ഷെ ഇത്ര ബുദ്ധിമുട്ടില്ല . ഇന്ത്യയില്‍  പ്ലേ സ്റ്റോറില്‍ ഇല്ലെങ്കിലും  എപികെ  ഫയല്‍ നെറ്റില്‍ ഡൌണ്‍ലോഡ്  ചെയ്യാന്‍  ലഭിക്കും. അതെടുത്ത്  ഇന്‍സ്ടാള്‍  ചെയ്‌താല്‍ മതി.

PokemonGoഗയിം  കളിച്ചു  തുടങ്ങിയപ്പോള്‍  അല്ലെ  രസം.  പിക്കാച്ചുവിനെ  പിടിക്കാന്‍ ഞാന്‍  കറങ്ങി നടക്കുന്നത്  എന്‍റെ നാട്ടിലും ചുറ്റുവട്ടത്തും  തന്നെ. ഞാന്‍  നില്‍ക്കുന്ന സ്ഥലം തന്നെയാണ്  സ്ക്രീനില്‍  കാണുന്നത്. വാതില്‍ക്കലെ  റോഡില്‍ കൂടി  നടന്നു ഞാന്‍   എന്‍റെ  വീട്ടുമുറ്റത്ത്  എത്തി , സ്ക്രീനിലെ  ഭൂപടത്തില്‍  ഇപ്പോള്‍  എനിക്ക് പിക്കാച്ചുവിനെ കാണാം. പിക്കാച്ചുവിനെ കണ്ടയിടത്തെക്ക് ഞാന്‍   തിരിഞ്ഞതും  എന്‍റെ  മൊബൈല്‍ ഫോണിലെ ക്യാമറ ഓണ്‍ ആയി, സ്ക്രീനില്‍ ഉണ്ടായിരുന്ന ഭൂപടം മാറി, എന്‍റെ വീട്ടുമുറ്റം സ്ക്രീനില്‍ തെളിഞ്ഞു . ദാ ഇരിക്കുന്നു പിക്കാച്ചു, വീട്ടുമുറ്റത്തെ മാവിന്‍റെ  മണ്ടയ്ക്ക് . കയ്യില്‍ ഉള്ള പോക്ക്മോന്‍  പന്ത്‌ വച്ച് ഒരേറ്. പിക്കാച്ചു  എന്‍റെ സഞ്ചിയില്‍.

[box type=”info” align=”” class=”” width=””]യഥാര്‍ത്ഥലോകം, ഗയിം സ്ക്രീനില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് പോക്മോന്‍ ഗോയെ (Pokémon (ポケモン Pokemon?, /ˈpoʊkeɪˌmɒn ) ഇത്ര ജനപ്രിയം ആക്കുന്നത്. പോക്ക്മോന്‍ ഗയിമുകളുടെ ഉപജ്ഞാതാക്കള്‍ ആയ നിയാന്റിക് ലാബ്സിന്റെ തന്നെ ഇന്ഗ്രെസ്സ് എന്ന ഗെയിമിലൂടെ വര്‍ഷങ്ങളായി ശേഖരിച്ച ജിയോ ലോക്കഷന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണ് പോക്ക്മോന്‍ ഗോ പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ഗെയിം തുടങ്ങിയിട്ട് സഞ്ചരിക്കുകയെ വേണ്ടൂ. വഴിയില്‍ എവിടെയെങ്കിലും വച്ച് പിക്കാച്ചുവിനെയും കൂട്ടരെയും കണ്ടു പിടിക്കാം. ലോകത്തിന്‍റെ ഏതു ഭാഗത്തും പികാച്ചു ഉണ്ടാകാം. പികാച്ചു അടുത്തുണ്ടെങ്കില്‍ ഫോണ്‍ ചെറുതായി വൈബ്രേറ്റ്‌ ചെയ്യും . കുട്ടികളുടെ ‘ചൂടും തണുപ്പും’ കളിയിലെ സൂചനകള്‍ പോലെ. [/box]

പിക്കാച്ചു ആരാണെന്നല്ലേ? വിഡിയോ  ഗെയിമുകളിലും ആനിമേഷന്‍  സിനിമകളിലും  ഒക്കെ  കഥാപാത്രമായി പ്രത്യക്ഷപ്പെട്ട സാങ്കല്‍പ്പിക  ജീവിവര്‍ഗ്ഗം  ആണ്  പോക്ക് മോന്‍, ആ വര്‍ഗ്ഗത്തിലെ  ഏറ്റവും  പ്രശസ്തനായ സ്പീഷിസ്  ആണ് പികാച്ചു . ജപ്പാന്‍, ചൈന തുടങ്ങിയ പ്രദേശങ്ങളില്‍ കാണുന്ന പ്രത്യേകതരം എലിയുടെ രൂപമാണ് പിക്കാച്ചുവിന് പ്രചോദനമായതത്രേ. പികാച്ചുവിനെ വഴിയില്‍ നിന്ന്  പിടികൂടി  നിങ്ങള്‍ക്ക് പരിശീലിപ്പിക്കാം . അവരെ ഉപയോഗിച്ച് മറ്റുള്ളവരുമായി അടികൂടാം.  ഗയിമില്‍ ഉപയോഗിച്ചിരിക്കുന്ന  പോക്ക്മോന്‍  ഷോപ്പും  മറ്റുള്ളവരുമായി കളിക്കാര്‍  ഏറ്റുമുട്ടുന്ന പോക്ക്മോന്‍  ജിമ്മും ഒക്കെ നിങ്ങളുടെ ചുറ്റുവട്ടത്തുള്ള പ്രധാന സ്ഥാപനങ്ങളോ ജംഗ്ഷനുകളോ പാര്‍ക്കുകളോ  ഒക്കെ  ആവാം. ഇങ്ങനെ പോകുന്ന വഴിയില്‍ പിക്കാച്ചുവിനെ കൂടാതെ ഗെയിമില്‍ ഇണക്കിച്ചേര്‍ത്തിട്ടുള്ള മറ്റ് ജീവികളെയും കളിക്കാരന് പിടികൂടാനും പരിശീലിപ്പിക്കാനും കഴിയും. പിക്കാച്ചുവാണ് ഇവയില്‍ ഏറെ ശ്രദ്ധനേടിയ കഥാപാത്രമെന്ന് മാത്രം.

Pikachu
പിക്കാച്ചു

ഓഗ്മെന്റഡ്  റിയാലിറ്റിയും  (Augmented Reality) ജിയോലൊക്കേഷനും  കൌശലത്തോടെ മിശ്രണം  ചെയ്താണ് ഈ ഗെയിം  സാധ്യമാക്കിയിരിക്കുന്നത്. ചുറ്റുപാട് നിന്നുമുള്ള  കാഴ്ച, ശബ്ദം, ലഭ്യമാക്കാവുന്ന മറ്റ്  വിവരങ്ങള്‍  എന്നിവ ഇന്പുട്ട്  സംവിധാനത്തിന്‍റെ  സഹായത്തോടെ റിയല്‍ ടൈമില്‍  ഒരു ആപ്ലിക്കേഷന്റെ ഭാഗമാക്കി മാറ്റുന്ന  സാങ്കേതികവിദ്യയാണ് ഓഗ്മെന്റഡ്   റിയാലിറ്റി. കുറെ കാലമായി ഈ വാക്ക് സാങ്കേതികലോകത്ത്  സജീവമാണ്  എങ്കിലും  അത്ര  വ്യാപകമായി  ഗയിമുകളില്‍ ഉപയോഗിക്കുന്നത് ഇപ്പോഴാണ് എന്ന് തോന്നുന്നു. പല മൊബൈല്‍  ആപ്ലിക്കേഷനുകളും ഇപ്പോള്‍ തന്നെ  ഓഗ്മെന്റഡ്  റിയാലിറ്റി ഉപയോഗിച്ച്  പ്രവര്‍ത്തിക്കുന്നുമുണ്ട്. ഉദാഹരണത്തിന്  ഒരു തെരുവിലൂടെ നിങ്ങള്‍  യാത്ര  ചെയ്യുമ്പോള്‍ തെരുവിന് ഇരുവശവും  ഉള്ള സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന  തരത്തില്‍ പല ബിസിനസ് ആപ്ലിക്കേഷനുകളും ഓഗ്മെന്റഡ്  റിയാലിറ്റിയുടെ  സാധ്യതകള്‍  ഉപയോഗിക്കുന്നവയാണ്. നാം  നില്‍ക്കുന്ന  സ്ഥാനവും  ആ സ്ഥലത്തെ  അവശ്യവിവരങ്ങള്‍ ശേഖരിച്ചിട്ടുള്ള ഒരു  ഡാറ്റബേസും  ആണ് ഇതിലെ പ്രധാന ഘടകങ്ങള്‍. ലൊക്കേഷന്‍ വിവരങ്ങള്‍ ജി പി എസ് ഉപയോഗിച്ച് കണ്ടെത്തി നിരന്തരമായി ഡാറ്റബേസുമായി  സംവദിച്ചാണ് ഇത്തരം ആപ്ലിക്കേഷനുകള്‍  പ്രവര്‍ത്തിക്കുക.  ക്യാമറ ഓണ്‍ ചെയ്ത് ഒരു കെട്ടിടത്തിനു നേരെ കാണിക്കുമ്പോള്‍  അവിടെ പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍  ചൂണ്ടിക്കാണിക്കുന്ന തരത്തില്‍ ആണ് മിക്ക ആപ്ലിക്കേഷനുകളും  പ്രവര്‍ത്തിക്കുന്നത്. സ്ഥാനനിര്‍ണ്ണയത്തിലെയും  ശേഖരിക്കപ്പെട്ട വിവരങ്ങളിലെയും കൃത്യത ഇത്തരം ആപ്പുകളുടെ  വിജയത്തില്‍ നിര്‍ണ്ണായകം ആണ് .

നിങ്ങളുടെ പ്രദേശത്ത് ജിപിഎസ് വഴി വ്യക്തമാകുന്ന വസ്തുക്കളെ അപഗ്രഥിച്ച് അവയില്‍ പിക്കാച്ചുവിനെയും കൂട്ടരെയും ഒരുക്കിവെയ്കുകയാണ് ഈ ഗെയിമില്‍ ചെയ്യുന്നത്. ഫോണില്‍ ക്യാമറ, ജിപിഎസ്, സെന്‍സറുകള്‍ എന്നിവയിലൂടെ കളി നടക്കുന്ന സ്ഥലം വീക്ഷിക്കുന്ന നിങ്ങളുടെ യഥാര്‍ത്ഥ ചുറ്റുവട്ടത്തിനൊപ്പം കളിക്കാരും കഥാപാത്രങ്ങളും മൊബൈലില്‍ വിര്‍ച്വലായി സൃഷ്ടിക്കപ്പെടുകയാണ്. അതായത്, പിക്കാച്ചുവിനെ ഗെയിം കമ്പനി അവിടെ കൊണ്ടുവന്ന് സ്ഥാപിച്ചതല്ല, മറിച്ച് ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാദ്ധ്യതകളുപയോഗിച്ച് പ്രത്യേകതരം സാഹചര്യങ്ങളില്‍  റാന്‍ഡാം  ആയി   പിക്കാച്ചുവിനെയും കൂട്ടരെയും ഫോണ്‍ പോലുള്ള ഉപകരണങ്ങളില്‍ കാണിക്കുന്നതിനുള്ള പ്രോഗ്രാം ചെയ്ത് വെച്ചിരിക്കുന്നതാണെന്ന് ചുരുക്കം.

[box type=”note” align=”” class=”” width=””]പോക്ക്മോന്‍ ഗോ ഇപ്പോള്‍ ഒരു ട്രെന്‍ഡ് സെറ്റര്‍ ആണ് . കൂടുതല്‍ ഗയിമുകളും ആപ്ലിക്കേഷനുകളും ഇതിന്റെ ചുവട് പിടിച്ച് ഉടനെ തന്നെ പുറത്തിറങ്ങും . വിര്‍ച്വല്‍ ലോകത്ത് അഭിരമിച്ചിരുന്ന കമ്പ്യുട്ടര്‍ ഗെയിംകളിക്കാര്‍ ഇത്തരം ഗയിമുകളിലൂടെ യഥാര്‍ത്ഥ ലോകത്തേക്ക് തിരിച്ചിറങ്ങുകയാണ്. പക്ഷെ മൊബൈല്‍ സ്ക്രീനില്‍ നോക്കി കൊണ്ടാണെന്ന് മാത്രം. [/box]

എല്ലായിടങ്ങളും   വിര്‍ച്വല്‍ ലോകം കയ്യടക്കി തുടങ്ങിയ ഈ കാലത്ത് അത് ഒരു  ശുഭവാര്‍ത്തയാണ് . ഇത്തരം ഗയിമുകളുമായി മനുഷ്യര്‍  വഴിയില്‍ കണ്ടുമുട്ടും,  പാര്‍ക്കിലും മറ്റ് പൊതുവിടങ്ങളിലും സംഗമിക്കും . ഗെയിമിലെ കഥാപാത്രങ്ങളിലൂടെ വീണ്ടും സംവദിക്കും.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പൂക്കുല വയനാട്ടില്‍ വിരിഞ്ഞു
Next post ക്യു.ആർ. കോഡ് ഡീകോഡിങ്ങ്
Close