Thu. Jul 9th, 2020

LUCA

Online Science portal by KSSP

പ്ലാസ്റ്റിക് അരി കത്തുമോ ?

[author image=”http://luca.co.in/wp-content/uploads/2015/03/nishad.jpg” ]നിഷാദ് ടി.ആര്‍[/author]
wuchang
വുചാങ്ങ് അരി, കടപ്പാട് : guide.alibaba.com

അരിയാഹാരം കഴിക്കാത്ത മലയാളികള്‍ കൂടിവരുകയാണ്. എന്നാല്‍ അരിയാഹാരം കഴിക്കുന്നവരെ പോലും വിഢികളാക്കുന്നവര്‍ വര്‍ധിക്കുന്നുമുണ്ട് .  ചൈനാക്കാരുടെ ‘പ്ലാസ്റ്റിക്ക് കൊണ്ട് അരിയുണ്ടാക്കുന്ന യന്ത്രത്തെക്കുറിച്ചുള്ള’ എക്സ്‌ക്ലൂസീവ് വീഡിയോ അത്തരത്തിലൊന്നാണ്.  പ്ലാസ്റ്റിക്ക് അരിയെപ്പറ്റി ഒട്ടുമിക്ക പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ആശങ്കളുണര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഓണ്‍ലൈനിലും യാതൊരു പഞ്ഞവുമില്ല.

പരിമിതമായ വസ്തുതകള്‍ അതിലേറെ ഭാവനകള്‍

Ethnic Health Court  എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലെ റിപ്പോര്‍ട്ട് നോക്കൂ :

ഈ യന്ത്രമാണ് ഇപ്പോള്‍ നമ്മള്‍ മലയാളികളുടെ അന്നദാദാക്കള്‍. ഈ അരി നമ്മുടെ നാട്ടില്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്ന് നാം അറിയുമ്പോള്‍ തന്നെ ചൈനയില്‍ അനധികൃതമായി നിലനില്‍ക്കുന്ന ഈ വ്യവസായം 2011 മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചവയാണ്. “വുചാങ്ങ് റൈസ്” എന്നാണ് ഈ അരിയെ അവിടെ വ്യാപാരികള്‍ വിളിക്കുന്നത്‌.ആദ്യം. ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും പുഴുങ്ങി പൌഡര്‍ രൂപത്തിലാക്കുന്നു.. പ്ലാസ്റ്റിക് ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കി റെസിനും പോളിമറും വേര്‍തിരിയുന്നു ഈ ലായനിയില്‍ പൌഡര്‍ രൂപത്തിലുള്ള മാവ് ചേര്‍ക്കുന്നു. സാധാരണ അരിയേക്കാള്‍ ഇവയ്ക്ക് കടുപ്പം കൂടുതല്‍ ഉണ്ടാകും. നന്നായി തിളപ്പിച്ചാലും ഇവ സാധാരണ അരി പോലെ പേസ്റ്റ് രൂപത്തിലാകില്ല. കഞ്ഞിവെള്ളത്തില്‍ പാട പോലെ പ്ലാസ്റ്റിക് വേര്‍തിരിയും. പ്ലാസ്റിക് അരി കൊണ്ടുള്ള 3 കപ്പ്‌ ചോര്‍ കഴിക്കുന്നത്‌ ഒരു വലിയ പ്ലാസ്റിക് ബാഗ് കഴിക്കുന്നതിനു തുല്യം.
ഈ യന്ത്രത്തിലാണ് പൌഡര്‍ രൂപത്തിലുള്ള ഉരുളക്കിഴങ്ങ് / മധുരക്കിഴങ്ങ് പൌഡര്‍ പ്ലാസ്റ്റിക്കുമായി ചേര്‍ന്ന് അരിയായി മാറുന്നത്.. അരിയുടെ രൂപത്തില്‍ ഉണ്ടാക്കി വെള്ളത്തില്‍ തണുപ്പിച്ചു തിളങ്ങുന്ന അരിമണികളായി പുറത്ത് വരുന്നു.

യാതൊരുവിധ പരിശോധനയും കൂടാതെ എന്തൊക്കെയാണ് ഇവര്‍ തട്ടിവിട്ടിരിക്കുന്നതെന്നോ ! ഏഷ്യന്‍ രാജ്യങ്ങളില്‍ എവിടെയെങ്കിലും താമസിച്ചവര്‍ക്ക്  ‘വുചാങ്ങ്’ അരി വളരെ സുപരിചിതമായിരിക്കും. ഇന്ത്യയുടെ ബസ്മതി, തായ്‌ലാന്റ് കാരുടെ ജാസ്മിന്‍ റൈസ്, ജപ്പാന്‍ കാരുടെ കോഷി ഹികാരി, എന്നപോലെ ചൈനക്കാരുടെ ഒരു മുന്തിയ അരി ഇനമാണ് ‘വുചാങ്ങ്’.  സാധാരണ അരി ഇനങ്ങള്‍ കയറ്റുമതി ചെയ്യാത്ത ചൈന, ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന വിലപിടിപ്പുള്ള അരി ഇനമാണിത്. ഏറെക്കുറെ ബസ്മതി പോലെയാണ് വുചാങ്ങിന്റെ മണം. നന്നായി അടച്ചു പാകം ചെയ്താല്‍ ചോറിന് അരിയെക്കാളും മണമുണ്ടാകും. കോബയാഷി മാസ്റ്റര്‍ പറഞ്ഞതുപോലെ മലകളില്‍ നിന്നും സമുദ്രങ്ങളില്‍ നിന്നുമുള്ള പങ്കിനൊപ്പം ചോറ് തിന്നുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ സ്വന്തമായി മണവും രുചിയുമുള്ള അരി വളരെ പ്രാധാന്യമുള്ളത് തന്നെ.

ആര്‍ട്ടിഫിഷ്യല്‍ അരി ഉണ്ടാക്കുന്ന യന്ത്രം.
ഈ പ്രക്രിയയിലൂടെ
വുചാങ്ങ് / പ്ലാസ്റ്റിക് അരി ഉണ്ടാക്കുകയാണെന്നാണ്
ഈ വീഡിയോയിലെ ആരോപണം.

വുചാങ്ങ് വിലയേറിയ അരിയായതുകൊണ്ട് തന്നെ അതിന്റെ വ്യാജനും ചൈനയില്‍ സുലഭമാണ്. അതെ, വലിപ്പത്തിലും രൂപത്തിലുമുള്ള അരി ഇനങ്ങളില്‍ വുചാങ്ങിന്റെ സുഗന്ധം കൃത്രിമമായി ചേര്‍ത്താണ് വ്യാജ വുചാങ്ങ് സൃഷ്ടിക്കുന്നത്. എന്നാല്‍ ചൈനക്കു പുറത്ത് അത്തരം വ്യാജന്‍ കാണാറില്ല. ഇതാണ് വുചാങ്ങ് റൈസിന്റെ യഥാര്‍ത്ഥ കഥ. അപ്പോള്‍ പ്ലാസ്റ്റിക് അരിയുടെ മറ്റൊരു പേരാണ്  “വുചാങ്ങ് റൈസ്” എന്ന് പറഞ്ഞ് ഭയപ്പെടുത്തുന്ന, വുചാങ്ങിനെക്കുറിച്ച് സാമാന്യബുദ്ധിക്ക് നിരക്കാത്ത ഈ പരാമര്‍ശം‌ നടത്തുന്ന, ഈ എത്തിനിക് ഹെല്‍ത്തുകാരെ നാം എന്ത് വിളിക്കണം ?

mathrubhumi
പാരമ്പര്യമുള്ള പത്രങ്ങളും ഇത്തരം വാര്‍ത്തകള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്നു. മാതൃഭൂമിയില്‍ വന്ന വാര്‍ത്ത !

അപ്പോള്‍ ഇവരീപ്പറയുന്ന പ്ലാസ്റ്റിക് അരിയും വുചാങ്ങും ഒന്നല്ലെന്ന് ബോദ്ധ്യപ്പെടുമല്ലോ. ഇനി, “2011 മുതല്‍ ഇതു വാര്‍ത്തകളില്‍ ഇടം പിടിച്ചത് ” എന്ന പരാമര്‍ശം അടിസ്ഥാനപ്പെടുത്തി ഒന്നന്വേഷിക്കാം. അതാകിടക്കുന്നു  asianews.it എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ 2011 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത. ഈ വാര്‍ത്ത അപ്പാടെമലയാളത്തിലേക്കു പകര്‍ത്തിവച്ചപ്പോള്‍, ‘ഒരാള്‍ ഒരു മിനിട്ടില്‍ 42 ചൂടുള്ള പട്ടികളെ തിന്ന് ലോക റിക്കാര്‍ഡിട്ടു’ എന്ന്  മലയാളത്തിലെ ഒരു പത്രം Hot Dog തീറ്റമല്‍സര വാര്‍ത്ത കോപ്പിയടിച്ചതുപോലത്തെ ഒരു പ്രമാദമാണിതെന്ന് കണ്ടെത്താനായി. സാന്ദര്‍ഭികമായി ആ വാര്‍ത്തയില്‍ സൂചിപ്പിച്ച വുചാങ്ങ് അരി, അങ്ങനെ പ്ലാസ്റ്റിക്ക് അരിയുടെ പേരായി. പിന്നെ എത്തിനിക്ക് ഫുഡുകാരുടെ അനന്തമായ ഭാവനയും ചേര്‍ന്നാണ് ഈ വികല വാര്‍ത്ത പിറന്നതെന്നും പിടികിട്ടി.

[box type=”warning” ]WeeklyHK.com എന്ന ചൈനീസ് വിരുദ്ധ കൊറിയന്‍ ഗ്രൂപ്പ് പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ചൈനയില്‍ നിന്നുമുള്ള പ്ലാസ്റ്റിക് അരി എന്ന മിത്തിന്റെ ഉറവിടം. ഈ വാര്‍ത്തയെ ആധാരമാക്കി asianews.it എന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ കത്തോലിക്കാ പ്രസിദ്ധീകരണം പൊടിപ്പും തൊങ്ങലും വെച്ച് പടച്ചുവിട്ട വാര്‍ത്തയാണ് ഇന്ന് ഇന്റര്‍നെറ്റില്‍ വ്യാപകമായ ചൈനീസ് പ്ലാസ്റ്റിക് അരി എന്ന അസംബന്ധത്തിന്റെ അടിസ്ഥാനം.[/box]

WeeklyHK.com എന്ന ഒരു കൊറിയന്‍ വെബ്‌സൈറ്റ് 2011 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ മസാല പതിപ്പാണ്  asianews.it ന്റെ ഈ ‘ആധികാരികമായ’  വാര്‍ത്ത.  ഇതിലെ തമാശ WeeklyHK.com പ്രസിദ്ധീകരിക്കുന്നത് ഹോങ്ങ്‌കോങ്ങിലെ ചൈനാ വിരുദ്ധ കൊറിയന്‍ ഗ്രൂപ്പും, asianews.it  പ്രസിദ്ധീകരിക്കുന്നത്  റോമന്‍ കത്തോലിക്കാ PMIE മിഷണറിയുമാണ്.  ‘വത്തിക്കാന്റെ സംരക്ഷണയിലുള്ള, റോമന്‍ കാത്തലിക് സഭയുടെ കമ്യൂണിസ്റ്റ് വിരുദ്ധ ജിഹ്വ ‘ എന്നാണ്  asianews.it ന് മാധ്യമലോകത്തെ വിശേഷണം. WeeklyHK.com ന് ശേഷം ഈ വാര്‍ത്ത ആരും റിപ്പോര്‍ട്ടായി നല്‍കിയിട്ടില്ല, പുന:പ്രസിദ്ധീകരിച്ചവര്‍,  WeeklyHK.com ല്‍ വന്ന വാര്‍ത്തയായി asianews.it ന്റെ ഇഗ്ലീഷ് വാര്‍ത്ത കോപ്പിയടിച്ച് ഭാവന ആവശ്യത്തിന് ചേര്‍ത്ത് നല്‍കിയിരിക്കുകയാണ്.

ഇറക്കുമതിയോ കയറ്റുതിയോ ?

Nutritional_artificial_rice_Enriched_rice_extruder
കൃത്രിമ അരി

ഇനി ഇറക്കുമതി സംബന്ധിച്ച ചില വസ്തുതകള്‍. ഭാരതം ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമാണ്. കഴിഞ്ഞ വര്‍ഷം വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലേക്കുള്ള ഭക്ഷ്യ വിതരണ ശൃംഘലയിലുണ്ടായ തകരാറുകള്‍ മൂലം മ്യാന്മാറില്‍ നിന്നും ആ ഭാഗങ്ങളിലേക്ക്   അരി ഇറക്കുമതി ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു എന്നതൊഴിച്ചാല്‍ ഇന്ത്യുയുടെ അരി ഇറക്കുമതി ഏകദേശം പൂജ്യം എന്നു തന്നെ പറയാം.‌ അതേസമയം ആഭ്യന്തര ഉത്പാദനത്തിന്റെ ഇരട്ടിയോളം ഉപഭോഗമുള്ളതിനാല്‍ ചൈന ലോകത്തെ ഏറ്റവും വലിയ അരി ഇറക്കുമതി രാജ്യവുമാണ്. മേല്‍സൂചിപ്പിച്ച വുചാങ്ങ് പോലുള്ള വിലയേറിയ ഇനങ്ങള്‍ അല്ലാതെ സാധാരണ അരി കയറ്റുമതി ചെയ്യുന്നതിന് ചൈനയില്‍ നിയന്ത്രണവുമുണ്ട്. ഭാരതത്തില്‍ അരി ഇറക്കുമതി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മാത്രമേ നടക്കുന്നുള്ളൂ. സ്വര്‍ണ്ണക്കട്ടി മാതിരി വസ്ത്രത്തിനുള്ളില്‍ വച്ച് കള്ളക്കടത്തു നടത്താന്‍ പറ്റുന്ന ഒരു സാധനമല്ല ഈ അരി എന്നു പറയുന്ന സംഭവം. പിന്നെങ്ങനെയാണ് “പ്ലാസ്റ്റിക് അരി” ചൈനയില്‍ നിന്നും എത്തുന്നത് ?  ഇതില്‍ നിന്നും, ഇന്ത്യയില്‍ സാധാരണ ഉപയോഗത്തിനുള്ള അരി ചൈനയില്‍ നിന്നും വരുന്നു എന്ന വാദംതന്നെ നിലില്‍ക്കാത്തതാണെന്ന് കാണാം.

[box type=”note” align=”aligncenter” ]സാധാരണ സാഹചര്യങ്ങളില്‍ ഇന്ത്യ അരി ഇറക്കുമതി ചെയ്യുന്നുമില്ല, ചൈന വുചാങ്ങ് പോലുള്ള മുന്തിയ അരി ഇനങ്ങളല്ലാതെ സാധാരണ അരി കയറ്റുമതി ചെയ്യാന്‍ അനുവദിക്കുന്നുമില്ല. എങ്കിലും ചൈനയില്‍ നിന്നുമുള്ള അരി നാട്ടില്‍ സുലഭമാണെന്നാണ് ഇവരുടെ കണ്ടുപിടുത്തം ![/box]

ഇപ്പോള്‍ പ്രചരിപ്പിക്കുന്ന വീഡിയോകളില്‍ കാണുന്നത്  “കൃത്രിമ അരി” ഉണ്ടാക്കുന്ന യന്ത്രം തന്നെയാണ്. Twin Screw Extruder എന്ന വ്യാവസായിക യന്ത്രത്തില്‍ ചില മാറ്റം വരുത്തിയ Artificial Rice Extruder ആണ് അവയെല്ലാം. ഈ യന്ത്രങ്ങള്‍ ഉണ്ടാക്കുന്ന അരി ‘കൃത്രിമ അരി’ (Artificial Rice ) എന്ന വിഭാഗത്തില്‍ പെടും. മനസ്സിലാക്കേണ്ട സംഗതി, കൃത്രിമം, വ്യാജം എന്നീ വാക്കുകള്‍ രണ്ടും രണ്ടാണെന്നതാണ്. അരിയിലൂടെ ലഭ്യമല്ലാത്ത പോഷണങ്ങള്‍ കൂട്ടി ചേര്‍ത്തോ, അരി ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് സമാനഗുണങ്ങള്‍ ലഭ്യമാക്കുന്നതിനോ, ചില ഏഷ്യന്‍ രാജ്യങ്ങളില്‍ ഒനഗിരി, മുതലായ അരി വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനോ ആണ് കൃത്രിമ അരി ഉപയോഗിക്കുന്നത്. കൃത്രമമായി ഉണ്ടാക്കുന്നതുകൊണ്ടുതന്നെ സാധാരണ അരിയേക്കാളും വളരെ വില കൂടുതലാണ് കൃത്രിമ അരിക്ക്. സാധാരണ അരി ദഹിക്കാത്ത കുട്ടികള്‍ക്ക് മുതല്‍ അരിയിലെ എല്ലാ ഘടകങ്ങളും ഉപയോഗിക്കാന്‍ കഴിയാത്ത വൃദ്ധജങ്ങള്‍ക്ക് വരെ പല രീതിയിലുള്ള ഈ ‘പകരക്കാരന്‍ അരി’ ഒരു പോഷണ ഭക്ഷണം എന്ന വിഭാഗത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വാങ്ങാന്‍ പറ്റും. ചില രാജ്യങ്ങള്‍ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാനും കൃത്രിമ അരി പരിഗണിക്കുന്നു.  ഇതുണ്ടാക്കുന്നത് ഏതാണ്ട് എത്തനിക് ഫുഡുകാരുടെ വിവരണത്തിന് സമാനമായ രീതിയില്‍ കിഴങ്ങുകളുടേയും ധാന്യങ്ങളുടേയും, മറ്റ് പോഷകങ്ങളുടേയും ഘടകങ്ങള്‍ ഉപയോഗിച്ചുതന്നെയാണ്.

എന്നാല്‍ രസകരമായ വസ്തുത, ചൈനാക്കാര്‍ കയറ്റുമതി ചെയ്യുന്നത് അരിയേക്കാളും ഇത്തരം യന്ത്രങ്ങളാണെന്നതാണ്. ഇന്ത്യയില്‍ ഈ യന്ത്രങ്ങള്‍ ഇറക്കുമതി ചെയാന്‍ പ്രത്യേകിച്ച് വിലക്കുകളുമില്ല. ആലിബാബ മുതലുള്ള സൈറ്റുകളില്‍ നിന്നോ, ഇന്ത്യയിലെ തന്നെ ചില വിതരണക്കാരില്‍ നിന്നോ ആര്‍ക്ക് വേണമെങ്കിലും ഈ യന്ത്രങ്ങള്‍ വാങ്ങാം. പറഞ്ഞുവന്നത്, ശരിക്കും വ്യാജ അരി ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ എളുപ്പം അതുണ്ടാക്കുന്ന യന്ത്രം ഇറക്കുമതി ചെയ്യുന്നത് തന്നെയാണെന്നതാണ്. ഇന്ത്യയില്‍ ഇത്തരം യന്ത്രങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത് സാധാരണ അരിപ്പൊടിയും, വിലകുറഞ്ഞ ധാന്യപ്പൊടികളും, ചില സ്റ്റാര്‍ച്ചുകളും എസന്‍സുകളും ചേര്‍ത്ത് വ്യാജ ബസ്മതി, മുതലായ വിലയേറിയ അരിയിനങ്ങള്‍ നിര്‍മ്മിക്കാനാണ്.

[box type=”shadow” ]കൃത്രിമ അരി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അത് ഒരു പോഷണ ഭക്ഷണമാണ് (ന്യൂട്രീഷ്യസ് ഫുഡ്) സാധാരണ അരി കഴിക്കാന്‍ പറ്റാത്തവര്‍ക്കും, പ്രത്യേക പാചകാവശ്യങ്ങള്‍ക്കുമായി ഉരുളക്കിഴങ്ങില്‍ നിന്നും മറ്റുമുള്ള സ്റ്റാര്‍ച്ചുകളും മറ്റും ചേര്‍ത്ത് ഉത്പാദിപ്പിക്കുന്ന, താരതമ്യേന വിലകൂടിയ ആര്‍ട്ടി ഫിഷ്യല്‍ അരിയും പ്ലാസ്റ്റിക്കുമായി യാതൊരു ബന്ധവുമില്ല. അത്തരം അരി ഉത്പാദിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് മേല്‍കാണുന്ന വീഡിയോയിലുള്ളത്. ആ മെഷീന്റെ സമീപത്ത് വേറെന്തിനോ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് ചരട് ഇരിക്കുന്നുണ്ട് എന്നതൊഴിച്ചാല്‍  പ്ലാസ്റ്റിക്കിനെ നമുക്ക് ആ വീഡിയോയില്‍ പോലും കാണാനാവില്ല. [/box]

പ്ലാസ്റ്റിക്കോ പാടയോ ?

ഇനി ഇവര്‍  പറയുന്നപോലെ പ്ലാസ്റ്റിക് ചേര്‍ത്ത് അരിയുണ്ടാക്കുന്ന കാര്യം.  (അങ്ങനെ ഒരു പ്രക്രിയ ഉണ്ടെങ്കില്‍ അതിന്റെ സാധ്യതകളും പരിമിതികളും വേറെ കുറിപ്പില്‍ സൂചിപ്പിക്കാം. ഇവിടെ തുടരാനുള്ള സൗകര്യത്തിന് അത് അങ്ങനെ തന്നെയാണ് എന്ന് നമുക്കങ്ങ് കരുതാം)

ഈ വാര്‍ത്തയെ തുടര്‍ന്ന് കേരളത്തിലെ ഒട്ടുമുക്കാലും കഞ്ഞിക്കലങ്ങളില്‍ ഒരു ഭൂതം പ്രത്യക്ഷപ്പെട്ടു. ആരോപിതമായ ബ്രാന്റുകള്‍ കൂടാതെ, മിക്കവാറും എല്ലാ അരികളില്‍ നിന്നും പ്ലാസ്റ്റിക് എന്ന നിഷിദ്ധവസ്തു ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തുടങ്ങി. നിങ്ങളുടെ കഞ്ഞിക്കലത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കില്‍ പേടിക്കേണ്ട, ഏതെങ്കിലും പോളീഷ് ചെയ്ത അരി (Milled Rice) ആവശ്യത്തിന് കുതിര്‍ത്ത് വെയ്കാതെ വേണ്ടതിലധികം വേള്ളം ചേര്‍ത്ത് തിളനിലയിലും കറച്ചധികം നേരം അടുപ്പില്‍ തുറന്നു വച്ചാല്‍ മതി. എതാണ്ടൊക്കെ വെന്ത് കഴിയുമ്പോ ഉപരിതലത്തില്‍ വരുന്ന സാധനം തന്നെ ഈ പ്ലാസ്റ്റിക്ക് !

Rice_1
ഫോട്ടോയില്‍ അമര്‍ത്തിയാല്‍ വാര്‍ത്ത മുഴുവന്‍ വായിക്കാം. ഈ വാര്‍ത്തയില്‍ നിന്നു തന്നെ കേരളത്തിലെ അരിവ്യാപാരികള്‍ ചൈനയില്‍ നിന്നൊന്നും ഇറക്കുമതി ചെയ്യുന്നില്ലെന്ന് കാണാം. പക്ഷേ, അവര്‍ മറ്റെന്തൊക്കെയോ ഒളിക്കുന്നുണ്ടെന്നും വ്യക്തം

ഭീകരന്മാരായ കുഴപ്പക്കാര്‍ മുതല്‍, പരോപകാരികളായ സാധുജനങ്ങള്‍ വരെയുള്ള ഒരു വലിയ കുടുംബത്തിന്റെ പൊതുവേയുള്ള വിളിപ്പേരാണ് പ്ലാസ്റ്റിക് . പ്ലാസ്റ്റിക്കിന്റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഇപ്പോള്‍ ജൈവപ്പ്ലാസ്റ്റിക്കാണ് ഭക്ഷ്യ വസ്തുക്കള്‍ പൊതിയുന്നതു മുതല്‍ വിവിധ ആവശ്യങ്ങള്‍ക്ക് പ്രചാരം നേടി വരുന്നത്. ഈ ജൈവ പ്ലാസ്റ്റിക്കിന്റെ നിര്‍മ്മാണത്തിന് കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് അന്നജം. കഞ്ഞിക്കലത്തില്‍ പ്രത്യക്ഷപ്പെടുന്ന അതേ ചങ്ങാതി. തായ്‌ലന്റ്, ജപ്പാന്‍ മുതലായ അരിയുല്‍പ്പാദന രാജ്യങ്ങളില്‍ ഈ കഞ്ഞിക്കല പിശാചില്‍ നിന്നും ഫിലിം രൂപത്തിലുള്ള പ്ലാസ്റ്റിക് രൂപപ്പെടുത്തുന്ന ഗവേഷണങ്ങള്‍ പുരോഗമിക്കുന്നുണ്ട്. കഞ്ഞിക്കല പിശാചില്‍ നിന്നും കൂടുതല്‍ ദൃഢമായതും ഉയര്‍ന്ന താപ പ്രതിരോധമുള്ളതുമായ പ്ലാസ്റ്റിക് വികസിപ്പിക്കുന്നതില്‍ ഫിന്‍ലാന്റ്‌ വിജയിച്ചിട്ടുണ്ട്. വ്യാവസായികമായി ജൈവ പ്ലാസ്റ്റിക് നിര്‍മിക്കാന്‍ അന്നജത്തിന്റെ സ്രോതസ്സായി ഏറ്റവുമധികം ഇപ്പൊളുപയോഗിക്കുന്നത് ഉരുളന്‍കിഴങ്ങും ചോളവുമാണ്. എറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ഒരു വിള എന്ന നിലയിലാണ് അരിയിലെ അന്നജത്തിലേക്ക് ഇപ്പൊള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഭാവിയില്‍ അരിയും ജൈവ പ്ലാസ്റ്റിക്കിന്റെ  വലിയ സ്രോതസ്സായി മാറും. വലിയ ലബോറട്ടറിയൊന്നുമില്ലാതെ വീട്ടില്‍ത്തന്നെ അന്നജത്തില്‍ നിന്നും പ്ലാസ്റ്റിക് നിര്‍മ്മിക്കുന്ന പരീക്ഷണം നടത്താവുന്നതേയുള്ളൂ. ഇനി പരീക്ഷണമൊന്നും നടത്താന്‍ സമയമില്ലെങ്കില്‍ സാരമില്ല, നിങ്ങളൂടെ കഞ്ഞിക്കലത്തില്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്ന സാധനമാണ് ഏതാണ്ടൊക്കെ ജൈവ പ്ലാസ്റ്റിക്.

പ്ലസ്റ്റിക് അരി ഒരു വ്യാജ പ്രചാരണം തന്നെയാണ്. പക്ഷേ അരി വ്യാപാരത്തിലെ ഒരു തട്ടിപ്പാണ് ഈ പ്രതിഭാസത്തിന്റെ ശരിക്കുള്ള കാരണം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അരി ബ്രാന്റുകള്‍ Milling, Polishing എന്നീ പ്രക്രിയകള്‍ കുറച്ച് മാറ്റം വരുത്തിയാണ് ഉപയോഗിക്കുന്നത്. സാധാരണ, പോളീഷ് ചെയ്ത അരിയോടൊപ്പവും തവിടിന്റെ ഒരു ആവരണം (bran residue) കൂടി ഉണ്ടാവാറുണ്ട്. പക്ഷേ, വിപണിയില്‍ ലഭ്യമായ പോളീഷ് ചെയ്ത അരി പരിശോധിച്ചപ്പോള്‍  കാണാന്‍ കഴിഞ്ഞത് എന്റോസ്പെം എന്ന അരിയുടെ കെര്‍ണല്‍ മാത്രമാണ്. അതുകൊണ്ടാണ് അരിമണി തിളക്കവും മിനുമിനുപ്പും കാട്ടുന്നത്.  അധികമായി ഉരച്ചെടുക്കുന്ന ഈ Bran, Endosperm എന്നിവ അരിക്കമ്പനികള്‍ക്ക് അവരുടെ മറ്റ് അരി ഉല്‍പ്പന്നങ്ങള്‍ സമ്പുഷ്ടീകരിക്കാനും (Enrich), മറ്റ് ഉപോല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കുന്നുണ്ടാവും എന്ന് വ്യക്തം. ഉദാഹരണമായി ഇപ്രകാരം ഉരച്ചുമാറ്റുന്ന തവിട്, തവിടെണ്ണ (Rice Bran Wax) വേര്‍തിരിച്ച്‌ എടുക്കാനും നിറമുള്ള അരി ഉല്‍പ്പന്നങ്ങള്‍ക്ക് നിറം കൂട്ടാനും, സ്റ്റാര്‍ച്ച്, മറ്റ് ഇന്‍സ്റ്റന്റ് അരി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയിലും ഉപയോഗിക്കാം.

അരിയില്‍ എന്തോ മായം ചേര്‍ത്തു എന്നാണ് ജനങ്ങളുടെ പരാതി. ലാബ് പരിശോധനകളില്‍ എന്തെങ്കിലും ചേര്‍ത്തതായി കണ്ടെത്താനും കഴിയില്ല. അതിന് കാരണം ശരിക്കും ചേര്‍ക്കുന്നതല്ല എടുത്ത് മാറ്റുന്നതാണ് എന്നതാണ്. സ്വാഭാവിക ആവരണങ്ങള്‍ നഷ്ടമാകുന്നതോടെ സ്റ്റാര്‍ച്ച് വളരെ വേഗം തിളച്ച വെള്ളത്തില്‍ ലയിച്ചാണ് പ്ലാസ്റ്റിക് മാതിരിയുള്ള അവക്ഷിപ്തം പെട്ടെന്ന് ഉണ്ടാകുന്നത്. ഇത്തരത്തില്‍, പോഷക ഗുണം നഷ്ടപ്പെട്ട അരിയാണ് വില്‍ക്കുന്നത് എന്ന വസ്തുത മറച്ചുവെയ്ക്കാനാവണം പ്ലാസ്റ്റിക് അരി എന്ന ആരോപണംമുണ്ടായപ്പോള്‍ ശാസ്ത്രീയമായ വിശകലനം നല്‍കി ആശങ്ക അകറ്റാന്‍ കമ്പനികള്‍ മടിച്ചതും. പരിശോധനയില്‍ പ്ലാസ്റ്റിക് കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് തന്നെ അവര്‍ക്ക് അനാവശ്യമായ ആരോപണമായി തടിയൂരാനും കഴിയും.

[box type=”download” align=”aligncenter” ]സത്യത്തില്‍ പോളിഷിംഗ് പ്രക്രിയയിലൂടെ വന്‍കിട അരിക്കമ്പനികള്‍ അരിയിലെ തവിടിന്റെ ആവരണം ഏതാണ്ട് പൂര്‍ണ്ണമായും തന്നെ നീക്കം ചെയ്ത് കൈക്കലാക്കുന്നു. ഇങ്ങനെ സ്വാഭാവിക ആവരണം നഷ്ടപ്പെട്ട അരിയിലെ സ്റ്റാര്‍ച്ച് വളരെ വേഗം തിളച്ച് വെള്ളത്തില്‍ ലയിച്ച് പ്ലാസ്റ്റിക് പാടപോലുള്ള അവക്ഷിപ്തം ഉണ്ടാകുന്നു.[/box]

കോഴിക്കോട് പലഭാഗത്ത് നിന്നും ഏഴ് പ്രധാന അരി ബ്രാന്‍ഡുകള്‍ ഈ ലേഖകന്‍ വ്യക്തിപരമായി പരിശോധിക്കുകയുണ്ടായി. ഒന്നിലും എന്തെങ്കിലും റെസിനുകളോ, മറ്റ് അന്യ പദാര്‍ത്ഥങ്ങളോ കണ്ടെത്താന്‍ പറ്റിയിട്ടില്ല. എല്ലാം തന്നെ അയഡിന്‍ ടെസ്റ്റിലും‌ ഗ്രയിന്‍ ടെസ്റ്റിലും മികച്ച ഫലം തരുകയും ചെയ്തു.

[highlight]ഇനിയും കഞ്ഞിക്കലത്തിലെ ഭൂതം പ്പ്ലാസ്റ്റിക്കാണോ അന്നജമാണോ എന്ന് സംശയമുണ്ടെങ്കില്‍ അല്‍പ്പം അയഡിന്‍ ഒഴിച്ചുനോക്കൂ. അന്നജമാണെങ്കില്‍ അത് അയഡിന്‍ ചേര്‍ക്കുമ്പോഴേക്കും തവിട്ടുകലര്‍ന്ന കറുപ്പു നിറത്തിലേക്ക് മാറും. സാദാ പ്ലാസ്റ്റിക്കാണെങ്കില്‍ പ്രത്യേകിച്ച് നിറവ്യത്യാസമൊന്നും വരില്ല[/highlight]. കത്തിച്ചാല്‍ അരിയും കത്തും പ്ലാസ്റ്റിക്കും കത്തും അന്നജവും കത്തും. ഒരുപോലുള്ള ഹൈഡ്രോ കാര്‍ബണുകള്‍ എല്ലാം കത്തുമ്പോള്‍ ഏതാണ്ട് ഒരേ രീതിയില്‍ തന്നെയുള്ള മണവും പുറപ്പെടുവിക്കും. ഒരു പദാര്‍ത്ഥവും കത്തിച്ച് നോക്കിയല്ല എന്താണെന്ന് കണ്ടെത്തുന്നത്. പദാര്‍ത്ഥങ്ങള്‍ തിരിച്ചറിയാന്‍ തിരിച്ചറിയാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങളുണ്ട്. ഊഹാപോഹങ്ങള്‍ക്ക് പകരം അത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്. കേരളത്തിലെ പ്രധാന ഭക്ഷ്യധാന്യത്തെക്കുറിച്ച് കിംവദന്തികള്‍ പ്രചരിപ്പിച്ച് ജങ്ങളെ പരിഭ്രാന്തിയിലാക്കുന്നത് കുറ്റകൃത്യം തന്നെയാണ് .

[box type=”info” align=”aligncenter” ]

അല്പം അരിക്കഥ

ഈ അരി എന്നുപറയുന്ന കുഞ്ഞുമണി സുന്ദരന്‍ ഒരു സംഭവം തന്നെയാണ് . അന്നജം എന്ന കാര്‍ബോ ഹൈഡ്രേറ്റാണ് (കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവയുടെ സംയുക്തം) അരിക്കുള്ളിലെ ഊര്‍ജ്ജദാദാവ്. വര്‍ഷങ്ങളായ ശീലം കൊണ്ട് ‘റാപ്പിഡ് ബോയിലിങ്ങ്’ എന്ന പ്രാകൃതമായ രീതിയാണ് അരിയെ ചോറാക്കിമാറ്റാന്‍ നമ്മള്‍ ഇന്നും അവലംബിക്കുന്നത്. വേണ്ടതിലും അധികം വെള്ളം ചേര്‍ത്ത് തിളപ്പിച്ച്, അരി നന്നായി വേവിച്ചതിനു ശേഷം, വെള്ളം ഊറ്റിക്കളയുക എന്ന സംവിധാനമാണിത്. അരിയിലടങ്ങിയ അത്യാവശ്യം വേണ്ട ഗുണഗണങ്ങളൊക്കെ നഷ്ടപ്പെട്ടു എന്നുറപ്പുവരുത്താനുതകുന്ന രീതിയാണിത്. പോളീഷ് ചെയ്യാത്തതും, അധികം ചൂടും ധാരാളം ജലവും വേണ്ട ഉണങ്ങിയ അരികള്‍ക്കാണ് ഈ രീതി വേണ്ടത്. ചോറുണ്ടാക്കാന്‍ ഏറ്റവും മികച്ച രീതി ആഗിരണരീതിയാണ്. അതിനായി അരി വളരെ നന്നായി കഴുകണം. വെള്ളം നിറം മാറാത്തത് വരെ കഴുകണം എന്നാണ് ഏകദേശ ധാരണ. അധികമല്ലാത്ത വെള്ളത്തില്‍ അരി കൈകൊണ്ട് നന്നായി ഉരസ്സി വെള്ളം മാറ്റി മാറ്റി കഴുകാം. കഴുകിമാറ്റിയ വെള്ളം അടുക്കളത്തോട്ടത്തിന് നല്ല വളവുമാണ്. ഇനി കഴുകിയ അരി മുങ്ങുവോളം വെള്ളമൊഴിച്ച് കുതിരാന്‍ വയ്കണം. പോളീഷ് ചെയ്ത് വെളുപ്പിച്ച അരികള്‍ക്ക് ഏകദേശം അരമണിക്കൂറും കട്ടിയുള്ള, പൊട്ടാത്ത തവിട്ട് അരികള്‍ക്കും പുഴുങ്ങിയ അരിക്കും പന്ത്രണ്ട് മണിക്കൂറോളവും കുതിരാനായി വേണം. അരിക്കു തുല്യം വെള്ളമൊഴിച്ച് ആവി ചെറുതായി പുറത്ത് വരുന്നത് വരെ അത്യാവശ്യം ഭാരമുള്ള അടപ്പുകൊണ്ട് അടച്ച് ചെറിയ ചൂടില്‍ വേവിക്കണം. ആവി പുറത്തുവന്നാല്‍ അടപ്പു തുറക്കാതെ ചൂടില്‍നിന്നും മാറ്റിവച്ച് അര മണിക്കൂറോളം നീരാവി ആഗിരണം ചെയ്യാനുള്ള സമയം കൊടുക്കണം. അരി പ്രധാന ഭക്ഷണമായ എല്ലാ രാജ്യങ്ങളിലും ഈ രീതിയിലാണ് ചോറുണ്ടാക്കുന്നത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ചൂടാറാപ്പെട്ടി ഉപയോഗിച്ച് ചോറുണ്ടാക്കുന്നത് ഏതാണ്ട് ഈ രീതിയിലാണ്. പാചകരീതിക്ക് ഏറ്റവു യോജ്യമായ അരി തെരഞ്ഞെടുക്കുകയോ, അരിക്കു പറ്റുന്ന പാചകരീതി തെരഞ്ഞെടുക്കുകയോ ചെയ്യുന്നതാണ് അഭികാമ്യം. അന്നജം നഷ്ടപ്പെടാതെ പാകം ചെയ്യുന്നതാണ് ഉചിതം. അരിയുടെ ഗുണനിലവാരത്തില്‍ കുറവോ, മായം ചേര്‍ത്തിട്ടുണ്ട് എന്ന് ബോധ്യമാവുകയോ ചെയ്താല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിനൊപ്പം തന്നെ പ്രാധാന്യം ലാബ് പരിശോധനക്കയക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിന് നല്‍കണം.[/box]

വാല്‍ക്കഷണം :
അരിയാഹാരം കഴിക്കുന്ന പല രാജ്യങ്ങളിലും അരി ഭക്ഷണത്തിന്റെ ഭാഗം മാത്രമാണ് അല്ലാതെ ഭക്ഷണമേ അരിയല്ല. മൂന്ന് നേരം കുത്തിവെളുപ്പിച്ച അന്നജം പുഴുങ്ങിയൂറ്റി കഴിക്കുന്നത്  ആരോഗ്യത്തിന്  നന്നല്ല എന്ന ബോധ്യം അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികളും മനസ്സിലാക്കേണ്ടതാണ്.

[divider]

അവലംബം :
1. http://www.aaccnet.org/publications/cc/backissues/1966/Documents/Chem43_297.pdf
2. http://www.aaccnet.org/publications/cc/backissues/1968/documents/chem45_63.pdf
3. https://www.facebook.com/video.php?v=464281070391785
4. http://goo.gl/shfddC
5. http://www.asianews.it/news-en/Plastic-rice-made-in-Taiyuan-20751.html
6. http://en.wikipedia.org/wiki/AsiaNews
7. http://agricoop.nic.in/imagedefault/trade/Ricenew.pdf
8. http://www.clextral.com/technologies-and-lines/technologies-et-procedes/twin-screw-extrusion-technology/
11. http://en.wikipedia.org/wiki/Grain_quality
12. http://www.thejakartapost.com/news/2012/09/03/artificial-rice-reach-market.html
13. http://in.reuters.com/article/2014/09/19/india-rice-idINKBN0HE10W20140919
14. http://www.google.com/patents/US3620762
15. http://www.google.com/patents/US3628966
16. http://www.fao.org/economic/est/publications/rice-publications/rice-market-monitor-rmm/en/
17. http://pubs.acs.org/doi/abs/10.1021/jf60016a003
18. http://dx.doi.org/10.1006/jcrs.2001.0419
19. http://www.cabdirect.org/abstracts/19910742198.html
20. http://foodchem.net/publication/files/1999-03-01.pdf
21. http://en.wikipedia.org/wiki/Rice
22. http://www.knowledgebank.irri.org/step-by-step-production/postharvest/milling/commercial-rice-milling-systems
23. http://en.wikipedia.org/wiki/Bioplastic
24. http://www.pnas.org/content/106/51/21760.short
25. http://dx.doi.org/10.1016/S0144-8617(98)00016-2
26. http://www.ncbi.nlm.nih.gov/nuccore/GQ152092
27. http://en.wikipedia.org/wiki/Plastic
28. http://link.springer.com/article/10.1007%2FBF02254819
29. http://www.instructables.com/id/Starch-Plastic-20-Pressure-Cooker-Hacking/
30. http://www.nuffieldfoundation.org/practical-chemistry/making-plastic-potato-starch
31. http://dx.doi.org/10.5772/47751
32. http://www.plasticsnews.com/article/20140731/NEWS/140739973/bioplastic-created-using-rice-starch
33. http://www.rsc.org/Education/Teachers/Resources/Inspirational/resources/3.1.7.pdf
34. http://en.wikipedia.org/wiki/White_rice
35. http://dx.doi.org/10.1371/journal.pone.0015213

%d bloggers like this: